Sunday, January 22, 2012

ജലബാഷ്പങ്ങള്‍

വര്‍ഷം ഏതെന്നറിയില്ല ,സമയവും
ഋതുവേതെന്നറിയില്ല ,
അറിയാവുന്നതൊന്നുമാത്രം
ജീവന്റെ തുടിപ്പുമായി

കാലത്തിന്റെ ചിറകിലേറി
 നീ പറന്നുപോകുന്നതും നോക്കി ,
 അസ്തമയ സൂര്യന്റെ ചുവപ്പില്‍
നിറം മങ്ങിയ
ഒരു കരിയില കിളിയാണ് ഞാന്‍....

കനലുകള്‍ എരിഞ്ഞടങ്ങിയ
ചിതയില്‍ നിന്നും
ഒരു ഫീനിക്സ് പക്ഷിയായ്
പറന്നുയരാന്‍ ഞാന്‍ യവന കഥയിലെ
കാല്‍പനിക കഥാപാത്രവുമല്ലല്ലോ.

വീനസിന്റെ സൌന്ദര്യവും
സുര ചക്ഷകങ്ങളുടെ ലഹരിയുമായി
എന്നെ മയക്കാന്‍ വന്ന
സ്വര്‍ലോക സുന്ദരി അല്ലായിരുന്നു നീ.

രതിയുടെ ചെറിപ്പഴങ്ങളില്‍

കന്മദം ചാലിചെഴുതുന്ന
സുവര്‍ണ്ണ രാവുകള്‍
നീ എനിക്കേകിയുമില്ല...

ആരാധനയുടെ കൊട്ടാരതെരുവുകളില്‍
ആര്‍പ്പുവിളിയുടെ മയിലാട്ടം നടത്തുന്ന
ആകരസൌഷ്ടവം
എനിക്കുമില്ലായിരുന്നുവല്ലോ.

പിന്നെ .. എവിടെയാണ് നിനക്ക് പിഴച്ചത്?
കാല്പനികമായ
ഏത് മോഹവലയമാണ്,
ഏതു കാന്തിക മേഖല ആണ്
നിന്നെയും എന്നെയും ബന്ധിച്ചത്?

വിടര്‍ന്നു നില്ക്കുന്ന താമരയെ
ഉച്ച സൂര്യന്‍ ഒളികണ്ണാല്‍
ഒരിക്കലും നോക്കിയിരുന്നില്ല.
കാരണം അതിന്റെ മൃദുവായ
ഇതളുകള്‍ വാടുന്നത് കാണുവാന്‍
ആദിത്യന് ആകുമായിരുന്നില്ല.

ആമ്പലിന്റെ സൌന്ദര്യത്തില്‍
വിണ്‍ചന്ദ്രിക ഒരിക്കലും
മുഖം കറുപ്പിച്ചില്ല
തനിക്കു സൌരഭ്യമില്ല
എന്ന തിരിച്ചറിവാല്‍ തന്നെ .

നീ നടന്നു പോയ വഴിത്താരകളില്‍
ഗന്ധമില്ലാതെ വിടര്‍ന്നു നിന്ന
പുഷ്പങ്ങള്ക് ഞാനൊരു പേരിട്ടു.
നിന്റെ പേര്...!
അവിശ്വസനീയം
അവയൊക്കെയും സുഗന്ധവാഹികളായി.
നിന്റെ മണം....!

വസന്തം ശലഭങ്ങല്ക് മേല്‍ വിതറിയ
വര്‍ണ്ണങ്ങളൊക്കെ
ഇല പൊഴിയുന്ന ഋതു മാറി വന്നപ്പോള്‍
വിരസതയുടെ, വേര്‍പാടിന്റെ
ചിതലരിച്ച നരച്ച
പെന്‍സില്‍ ചായങ്ങളായി മാറി.

ഇനിയും രാവുകള്‍ വന്നേക്കാം...!
ഇനിയും പ്രഭാതങ്ങളില്‍
തുഷാരബിന്ദുക്കള്‍ തണുവിന്റെ
അലിവു പുതചേക്കാം..!

എന്നാല്‍ നിനക്ക് ഞാനും
എനിക്ക് നീയും നല്‍കിയ
ഈ കനിവിന്റെ,
സ്നേഹത്തിന്റെ ഊഷരത ,
പുതുമഴയുടെ മണ്ണിന്റെ മണം
മയക്കുന്ന നിന്റെ നിശ്വാസങ്ങളെ
ഇനി ആര് തിരികെ തരും.?

ഈ രാവിന്റെ ഇരുളിമയില്‍
കൂട് കൂട്ടുന്ന നിശാഗന്ധി പൂക്കളുടെ
കൂട്ടുകാരെ നിങ്ങള്‍ പറയു.
ചൊരിയുന്ന പ്രകാശത്തിന്റെ
ധവളിമയില്‍ കണ്ണുകള്‍ മങ്ങി
ഇരുളിന്റെ കാളിമയെ കൂട്ട് വിളിക്കുന്ന
എന്റെ ഹൃദ്യമിടുപ്പിനെ ,
ഒരു കൊച്ചു തീക്കാറ്റിനാല്‍
ഊതി അണക്കുവിന്‍...!

ഒരു കൊച്ചു തളികയാല്‍
ഒരു കുമ്പിള്‍ വെള്ളം കൊണ്ടെന്റെ
ചിതയുടെ അവസാന കനലും
 അണച്ച് തരുവിന്‍.

നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന
ഒരേ ഒരു സല്‍കര്‍മ്മം
എന്റെ കാര്യത്തില്‍ അത് മാത്രമാകുന്നു...
അല്ലെങ്കില്‍ ഞാന്‍
അതില്‍ കൂടുതലൊന്നും തന്നെ അര്‍ഹിക്കുന്നുമില്ല.

-----------------------------BGN
 

No comments:

Post a Comment