Sunday, January 22, 2012

ഒറ്റപ്പെട്ടു പോയവര്‍ ................ചെറു കഥ


ഇരുമ്പഴികള്‍ക്ക് പിന്നിലെ ഇരുട്ടിലെ തണുപ്പിനു കടിനത ഏറി വന്നു. അശോകമരച്ചോട്ടിലെന്ന പോലെ സീത ആ ഇരുളില്‍ മറ്റൊരിരുളായി പകച്ചിരുന്നു.
ഇത് തന്റെ അവസാന രാത്രിയാണ് ഈ കല്‍ തുറങ്കിലെ.
നാളെ, നാളെയുടെ പ്രഭാതത്തില്‍ സൂര്യ കിരണങ്ങളെ എതിരേല്‍ക്കാന്‍ ഞാന്‍ പുറത്തിറങ്ങേണ്ടി വരും.
എനിക്ക് മോചനം....!
എത്ര മടുപ്പിക്കുന്ന ഒരു അവസ്ഥ ആണത് ...
എന്തിനാണ് എനിക്കൊരു മോചനം..? എന്തില്‍ നിന്നുമാണ് മോചനം..?
ഇവിടെ എനിക്ക് സമാധാനമായി ഉറങ്ങാമായിരുന്നു. വയറു നിറച്ചു അല്ലെങ്കിലും ആഹാരം ഉണ്ടായിരുന്നു. ചെറിയ പണികള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷെ, പുറംലോകത്തിലേക്ക് നാളെ ഞാന്‍ പാദം വലിച്ചു വയ്കുന്നത് എന്ത് ഉണ്ടായിട്ടാണ്?
സീതയ്ക്ക് പിന്നെയും ആരോടൊക്കെയോ പക തോന്നി. ഒരു കൊല കൂടി ചെയ്തു വീണ്ടും ഇങ്ങോട്ട് തന്നെ വന്നാലോ എന്നവള്‍ ചിന്തിച്ചു പോയി.
കൊല....! ആ വാക്ക് ഓര്‍ക്കവേ അവള്‍ ഒന്ന് ഞടുങ്ങി. വര്‍ഷങ്ങള്‍ക്കു മുന്നിലെ ആ ഇരുണ്ട രാത്രിയിലേക്ക്‌ അവളുടെ ഓര്‍മ്മകള്‍ അറിയാതെ ഓടിയെത്തി.
ഇത് പോലെ തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത്.
അസ്ഥികളെ തണുപ്പിക്കുന്ന ഇരുളിന്റെ, തണുപ്പിന്റെ കരിമ്പടത്തിലൂടെ ഒരു ചേരയെ പോലെ വരിഞ്ഞു മുറുകിയ കൈകള്‍....
പിടഞ്ഞെഴുന്നെല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കാതുകള്‍ക്കരികെ പരുക്കന്‍ സ്വരം തറഞ്ഞിറങ്ങി.
"ഒച്ചയുണ്ടാക്കരുത് കൊന്നു കളയും"
കുറച്ചു നാളുകളായി മനസ്സില്‍ കൊണ്ട് നടന്ന ഭയത്തിന്റെ തേരട്ടകള്‍ , അത് യാതാര്ത്യമായി തന്റെ മനിയാകെ അരിച്ചു കയറുന്നത് അവള്‍ അറിഞ്ഞു.
മനസ്സിലെ വിഗ്രഹത്തിനു ഉടവ് പറ്റിയിട്ടു കാലം ഒത്തിരി ആയി. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ കടന്നു കയറ്റം.
"മൃഗമേ.... മാറിപ്പോ "
അലര്‍ച്ചയോടെ ഇരുളിലെക്കയാളെ തൊഴിച്എറിയുക ആയിരുന്നു. ഇത് വരെ അനുഭവിച്ച യാതനകളുടെ വന്യ ശക്തിയാകം അവളെ ഉഗ്ര രൂപിണി ആക്കിയത്.
തപ്പി തടഞ്ഞു മുറിയിലെ വെളിച്ചം തെളിയിച്ചപ്പോള്‍ ഉരിഞ്ഞു പോയ മുണ്ട് വാരി ചുറ്റി മുറിയുടെ മൂലയില്‍ ഒരു മൂര്‍ഖനെ പോലെ അയാള്‍
മനോജിന്റെ അച്ഛന്‍... തന്റെ ഭര്‍തൃപിതാവ് .
അയാള്‍ പിന്നെയും മുന്നോട്ടു വന്നു.
അടക്കി പിടിച്ച വാക്കുകള്‍ തീയായി ചിതറി.
" കഴുവേറീ മോളെ മര്യാദക്ക് എന്നെ അനുസരിക്കുന്നത നിനക്ക് നല്ലത്."
" ഒരു കുറവും ഇല്ലാതെ നിനക്കിവിടെ കഴിയാം..."
" അടുത്തേക്ക്‌ വരരുത്..." അവളുടെ വാക്കുകള്‍ക്ക് ഉള്‍ക്കയുടെ ശക്തി ഉണ്ടായിരുന്നു.
" എടീ നീ എന്ത് കണ്ടാണ്‌ നിഗളിക്കുന്നെ? അവനെയോ കാലനെടുത്തു. നിനക്കോ പോകനിടവുമില്ല "
അവള്‍ ബധിരയെ പോലെ നിന്ന് വിറച്ചു.
ശരിയാണ്. വീട്ടുകാരെ മുഴുവന്‍ ധിക്കരിച്ചു കൊണ്ട് എല്ലാ സൌഭാഗ്യങ്ങളും ത്യേജിച്ചു ഒരു ഓട്ടോക്കാരന്റെ പിന്നാലെ ഇറങ്ങി തിരിച്ചപ്പോള്‍ എഴുതി തള്ളിയതാണ് ഉഗ്ര പ്രതാപിയായ അച്ഛനും മകനും കൂടി. അതെ ഇവിടുന്നു ഇറങ്ങിയാല്‍ എവിടെ പോകാനാ...?
" അച്ചാ എന്നെ ഒന്നും ചെയ്യരുത്. അപ്പുറത്ത് മുറിയില്‍ കിടക്കുന്ന അച്ഛന്റെ പൊന്നുമോളെ പോലയല്ലേ ഞാനും..."
ദയയുടെ കണിക എങ്കിലും അവശേഷിക്കുന്നെങ്കില്‍ എന്ന ഒരു പ്രതീക്ഷ അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. അവള്‍ അറിയാതെ താണ് വീണു കരഞ്ഞു പോയി.
അബലയായ ഒരു പാവം പെണ്ണിന്റെ ആശ്രയമില്ലാത്ത അവസ്ഥയില്‍ നിസ്സഹായതയുടെ ചീളുകളായി തേങ്ങലുകള്‍ ആ മുറിയിലെ നാലു ചുവരുകളില്‍ തട്ടി തെറിച്ചു വീഴുന്നുണ്ടായിരുന്നു
"അവള്‍ എന്റെ മോളാണ്. മരുമോളല്ല..." വാക്കുകള്‍ അയാള്‍ ചവച്ചു തുപ്പി
ഒരു പരിഹാസ ചിരിയോടെ ഇരയെ പിടിക്കാന്‍ വരുന്ന കൌശലതയോടെ അയാള്‍ അവളുടെ അടുത്തേക്ക്‌ ചുവടു വച്ചു.
വിറപൂണ്ട തന്റെ ശരീരം അവള്‍ ചുവരിലേക്ക് ചേര്‍ത്തു അമര്‍ത്തി. ആ ചുവര്‍ പിളര്‍ന്നു അപ്രത്യേക്ഷമാകാന്‍ അവള്‍ കൊതിച്ചു പോയി.
പക്ഷെ, ആ മനുക്ഷ്യമൃഗത്തിന്റെ കൈകള്‍ അവളെ വരിഞ്ഞു മുറുക്കുവാന്‍ ചുവടുകള്‍ അളന്നെടുക്കുകയായിരുന്നു. തന്നെ വലയം ചെയ്യുന്ന കരുത്തുറ്റ ആ കായ്കളുടെ താഡനത്തില്‍ അവളുടെ മൃദുലമേനി തളര്‍ന്നു പോകുന്നത് പോലെ തോന്നി
.താന്‍ കീഴടങ്ങി പോകും എന്ന തിരിച്ചറിവ് അവളിലെ സ്ത്രീത്വത്തെ തിളപ്പിച്ചു. ആസുരമായ ഒരു ശക്തി തന്നിലേക്ക് വന്നു കയറുന്നതവള്‍ അറിഞ്ഞു. ചുടു ചോര തന്റെ ദേഹമാസകലം ഓടി നടക്കുമ്പോലെ.
ഒരു രക്ഷ മാര്‍ഗം തേടി ഒരു ആയുധം തേടി അവളുടെ കണ്ണുകള്‍ തേര് തെരെ മുറിയാകെ ഓടി നടന്നു .
അയാള്‍ക് പിന്നിലായി മുറിയുടെ കോണിലെ കൃഷ്ണന്റെ ചിത്രത്തില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു നിന്ന്.
"ആപത്ബാന്ധവാ എന്നെ രക്ഷിക്കൂ , എന്നെ സഹായിക്കു..."
"കുരു സഭയില്‍ ദ്രൌപതിക്ക് തുണ ആയതു പോലെ ഈ കാട്ട് മൃഗത്തില്‍ നിന്നെന്നെ രക്ഷിക്കു ഭഗവാനെ."
കണ്ണുകളിലെ കുസ്രിതി ചിരി മായാതെ കള്ളാ കണ്ണന്‍ അവളെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു...
ചിത്തത്തിന് മുന്നിലായി കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലേക്ക് അവളുടെ കണ്ണുകള്‍ ഒരു നൊടി ഇട തടഞ്ഞു നിന്ന്. തലച്ചോറിലേക്ക് ഒരു ആയിരം ചിന്തകള്‍ ഇരമ്പി ആര്‍ത്തു. ചെറതാണെങ്കിലും അതെന്നെ രക്ഷിച്ചേക്കാം .
ഇരയില്‍ നിന്നും അധികം പിടച്ചിലുകള്‍ എല്ക്കത്തത് കൊണ്ട് തന്നെ വേട്ട മൃഗം തന്റെ പിടിയില്‍ അല്പം ശക്തി കുറച്ചു. അല്ലെങ്കിലും എത്ര നേരം പിടിച്ചു നില്‍ക്കാനാവും ഇവളെ പോലൊരു നരുന്ത് പെണ്ണിന്.
കാലങ്ങള്‍ കുറെ ആയി മനസ്സില്‍ ഉരുവിട്ട ഒരു സ്വപ്നമാണ് ഇപ്പോള്‍ തന്റെ കയ്കളില്‍ കിടന്നു പിടയുന്നത് എന്ന ഓര്‍മ്മ അയാളെ കോള്‍മയിര്‍ കൊള്ളിച്ചു.
മകന്റെ മരണത്തിനു മുന്‍പ് വലിയ വീട്ട്ടിലെ പെണ്ണാണ്‌ , സുന്ദരി ആണ് ,തന്റെ മകന്റെ വധു ആണ് എന്ന രീതിയില്‍ ഒക്കെ അഭിമാനിച്ചിരുന്നു.
അവന്റെ മരണത്തോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. സുന്ദരിയായ വിധവ അവള്‍ ഒരു നെരിപ്പോടായി വീടിനുള്ളില്‍ എരിഞ്ഞു തീരുന്നത് ചാരായ ക്ഷാപ്പിലെ കൂട്ടുകാര്കിടയില്‍ അലോസരമുണ്ടാക്കി തുടങ്ങിയപ്പോളാണ് അയാളുടെ കണ്ണുകളിലും അവളുടെ രൂപം മാറി തുടങ്ങിയത്. കുറെ നാളായുള്ള ആഗ്രഹാമാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കുന്നത്. അയാളുടെ ഉടലിലാകെ ഒരു പുതിയ ഊര്‍ജ്ജം വന്നു കയറി.
വര്‍ദ്ധിച്ച ആവേശത്തോടെ അവളെ വാരി എടുക്കാന്‍ ആയുംപോളെക്കും ഒന്നുകുതറി അവള്‍ മുന്നോട്ടു ഒന്ന് ആഞ്ഞു.
പിടി വിട്ടു പോയ അയാളില്‍ നിന്നും അവള്‍ ഓടി ആ നിലവിളക്കിന്റെ അടുത്ത എത്തി.
എലിയെ വേട്ടയാടുന്ന കൌതുകത്തോടെ ആ മനുഷ്യന്‍ അവളുടെ അടുത്തേക്ക്‌ നടന്നടുത്തു.
നിമിഷങ്ങളുടെ സ്വച്ചന്തമായ മൂകതയെ പിളര്‍ന്നുകൊണ്ട് അയാളുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങി. പിന്നെ അത് നേര്‍ത് നേര്‍ത് വന്നു. വിശ്വാസം വരാത്ത പോലെ അവള്‍ വീണ്ടും വീണ്ടും മുന്നിലേക്ക്‌ നോക്കി.
ഇരുളിനെ കീറി മുറിച്ച്കൊണ്ട് ഉയര്‍ന്ന ആ രോദനം ദീനമായ ഒരു നിലവിളി ആയി ഇരുളില്‍ ലയിക്കുന്നത് അവള്‍ അനുഭവിച്ചറിയുകയായിരുന്നു.
ചോരയില്‍ കുളിച്ചു തറയില്‍ കിടന്നു പിടയുകയാണ് അയാള്‍. ഒരു നിമിഷം ആ ശരീരം ഒന്ന് കോച്ചിവലിച്ചു. ഒരു എക്കിള്‍ ശബ്ദം.. പിന്നെ ശാന്തമായ മൂകത മാത്രം.
ആളുകള്‍ ഇരുട്ടിന്റെ തിരമാല കടന്നു വന്നതോ പോലീസെത്തിയതോ ഒന്നും അവള്‍ അറിഞ്ഞതെ ഇല്ല.
ശാന്തമായ ഒരു തണുപ്പ്, വിറങ്ങലിച്ചമൌനം അതിലെവിടെയോ ആത്മാവ് നക്ഷ്ടപെട്ടു അവള്‍ അലയുകയായിരുന്നു.
കാക്കിയിട്ടവരുടെ ആക്രോശങ്ങളോ ചോദ്യ ശരങ്ങളോ അവളെ നോവിച്ചില്ല.
കോടതിയിലെ കറുത്ത കടവാവലുകള്‍ ചോദിച്ചതോനും അവള്‍ അറിഞ്ഞതോ കേട്ടതോ ഇല്ല.
ഒടുവില്‍ സാധാരണ നിലയിലേക്ക് ഓര്‍മ്മ വരുമ്പോള്‍ ഈ മുറിയില്‍ ഈ തണുപ്പില്‍ ഈ തറയില്‍ ചടങ്ജിരിക്കുവായിരുന്നു അവള്‍. കൂട്ടിനു മരണത്തിന്റെ മനം നിറഞ്ഞ തണുപ്പ് മാത്രം.
എത്ര കാലമായി ഇവിടെ ...? ഒന്നും കണക്കു കൂട്ടാന്‍ പോയില്ല. അല്ലെങ്കില്‍ തന്നെ അത് കൊണ്ടെന്തു ഫലം. അറിഞ്ഞിട്ടെന്തു നേടാന്‍. എവിടെ പോവാന്‍. പുറത്തു കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ചെന്നയ്ക്കല്‍ക്കിരയാകുന്നതിലും നല്ലത് ഇവിടമാണ്. അതിനാല്‍ അതിനെ കുറിച്ചോര്‍ക്കതിരിക്കാന്‍ അവള്‍ എപ്പോളും വാശി പിടിച്ചു സ്വന്തം മനസ്സിനോട്.
ഓര്‍മ്മകളുടെ തേരില്‍ രാത്രി അതിവേഗം കടന്നു പോയി....
*************************************************************************<br>
പ്രഭാതത്തിന്റെ പൊന്‍ വെളിച്ചം തടവറയുടെ കമ്പി അഴികളെ ഉമ്മ വച്ചു കടന്നു വന്നു.
നിശബ്ദമായി ഒന്നും പറയാനാവാതെ രാജമ്മ ചേച്ചിയും സുഹ്രയും അവളുടെ അടുത്തിരുന്നു.
അവര്‍ക്കറിയാം ഇനി സീത അവര്‍ക്കൊപ്പമില്ലന്നു. അടക്കി പിടിച്ച മൌനത്തില്‍ എല്ലാം ഒളിപ്പിച്ചു അവര്‍ മൂവരും മുഖത്തോട് മുഖം നോക്കി ഇരുന്നു.,
മൌനം ഘനീഭവിച്ച അന്തരീക്ഷത്തില്‍ നെടുവീര്‍പ്പുകള്‍ മാത്രം ഉയര്‍ന്നു കേട്ടു.
" നീ ഇനി എങ്ങോട്ട് പോവും പെണ്ണെ...?"
രാജമ്മ ചേച്ചിയുടെ ചോദ്യം ഈയം ഉരുക്കി ഒഴിച്ചത് പോലെ അവളുടെ കാതുകളെ പോ ള്ളിച്ച്. ഒരു നടുക്കം അവളുടെ മുഖത്ത് അവര്‍ കണ്ടു.
" നിന്നെ പോലെ ഒരു പെണ്ണ് ഈ തെരുവിലെക്കിറങ്ങിയാല്‍ കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ചെന്നായകള്‍ ...."
സുഹറയുടെ വാക്കുകളില്‍ രോക്ഷമിരംബുന്നുണ്ടായിരുന്നു.
" നാളെ ഒരു വേശ്യ ആയി നീ അധപധിക്കരുത് കേട്ടോ...." രാജമ്മയുടെ വാക്കുകള്‍ താക്കീതിന്റെതായിരുന്നു.
" ഏതെങ്കിലും കരുണാലയത്തിലെക്കോ കന്യ സ്ത്രീ മടത്തിലെക്കോ പോകണം കൊച്ചെ നീ കേട്ടോ. " സുഹറ ഉപദേശിച്ചു. ഉറപ്പില്ലാത്ത ഒരു കാര്യം പറയും പോലെ പക്ഷെ അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു അത് പറയുമ്പോള്‍. തനിക്കു തന്നെ നിശ്ചയമില്ലാത്ത എന്തോ പറയുമ്പോലെ അവള്‍ മിടയിറക്കി.
ദുരന്തങ്ങള്‍ നിറഞ്ഞ ഭൂത കാലമല്ല മറിച്ചു , വിഷ ജന്തുക്കള്‍ നിറഞ്ഞ വനന്തരങ്ങളിലെക്കുള്ള വര്ത്തമാനകാലമാണ് മുന്നില്‍ .....! ഭാവിയുടെ ഇരുളടഞ്ഞ ഗുഹമുഖങ്ങളില്‍ നിന്നും കുറുക്കന്മാര്‍ ഓരി ഇടുന്ന ശബ്ദം കേട്ടുണര്‍ന്ന എത്രയോ രാവുകള്‍ .... അവയുടെ യാ താര്‍ത്യങ്ങളിലെക്കാന് ഇറങ്ങി ചെല്ലാന്‍ പോകുന്നത്. ആര്‍ക്കും ഒന്നും പറയാനോ നിര്ദ്ധേശിക്കണോ ഇല്ലാതെ സമയം ചിറകടിച്ചു പറന്നുയര്‍ന്നു.
വാര്‍ഡന്‍ വന്നു വിളിക്കുംബോലാണ് അവര്‍ യാതാര്ത്യതില്ലെക്കു കടന്നു വന്നത്.
തോളില്‍ അമര്‍ത്തിയ രാജമ്മ ചേച്ചിയുടെ കയ്കള്‍ വിറ പൂളുന്ന്തവള്‍ അനുഭവിച്ചറിഞ്ഞു. സുഹറയുടെ തണുപ്പാര്‍ന്ന വിരലുകള്‍ അവളുടെ കവിളിലൂടെ ഒട്ടിട പരതി നടന്നു. ചൂടാര്‍ന്ന കണ്ണുനീരിന്റെ സ്പര്‍ശനമാണ്‌ ആ വിരലുകള്‍ മടങ്ങാന്‍ കാരണമായത്‌. ഒന്നും പറയാനില്ലാതെ അവര്‍ മൂകം നിര്‍ന്നിമേഷം നോക്കി നിന്ന്. പിന്നെ സീത പതിയെ വാര്‍ഡന്‍ ഒപ്പം ഇടറുന്ന കാലുകള്‍ വലിച്ചു വച്ച് മുന്നോട്ടു നടന്നു.
പിന്നില്‍ ആരുടെയോ തേങ്ങല്‍ അവള്‍ കേട്ടു. തിരിഞ്ഞു നോക്കിയില്ല നോക്കിയാല്‍ താനും കരഞ്ഞു പോവും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആണ്. പരസ്പരം അറിഞ്ഞവര്‍, സ്നേഹിക്കാന്‍ ആരുമില്ലാതിരുന്ന അവര്‍ക്ക് അവര്‍ കൂട്ടായി. ആ സ്നേഹം ആണ് ഇവിടെ പിരിഞ്ഞു പോകുന്നത്.
കാലം അങ്ങനെ ആണല്ലോ. സ്നേഹിക്കുന്നവരെ തമ്മില്‍ പിരിക്കാന്‍ എന്നും അതിനു വലിയ ഉത്സാഹമായിരുന്നു.
വേദനയെ എങ്ങനെ പകുത്തു കൊടുക്കാം എന്നതിനെ കുറിച്ച് സമയത്തിനോട്‌ ചോദിച്ചാല്‍ മതിയാകും.
സൂപ്രണ്ടിന്റെ മുറി വാതില്‍ക്കല്‍ അവള്‍ ഒരു നിമിഷം അറച്ചു നിന്നു .
"അങ്ങിനെ നീ രക്ഷപ്പെട്ടു അല്ലേടി " വായില്‍ വന്ന തെറി അയാള്‍ ചവച്ചിറക്കി.
സൂപ്രണ്ടിന്റെ വാക്കുകളില്‍ ഇചാഭംഗം ഉണ്ടായിരുന്നു. സൂചി മുന പോലെ തന്റെ ശരീരത്തില്‍ തുളച്ചു കയറുന്ന ആ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ക്കു പിന്നെയും ഒരു തണുത്ത രാവിന്റെ ഓര്‍മ്മ തികട്ടി വന്നു.
മറ്റൊരു രാത്രി.... ഈ തടവറയില്‍ എത്തിയ ശേഷമുള്ള ഏതോ ഒരു രാത്രി. വന്നിട്ട് അധികം നാളുകള്‍ ആയിട്ടില്ല....
വാര്‍ഡന്‍ വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നത്. രാത്രിയോ പകലോ എന്ന് വേര്‍തിരിച്ചരിയനാകാത്ത പോലെ അവള്‍ കണ്ണ് പൊളിച്ചു നോക്കി.
"നിന്നെ സൂപ്രണ്ട് സാര്‍ വിളിക്കുന്നു എഴുന്നേറ്റു വാ."
ഈ രാത്രിയില്‍ എന്തിനാ എന്നെ വിളിക്കുന്നത്‌. ഒന്നും മനസ്സിലാകാതെ ഞാന്‍ രാജമ്മ ചേച്ചിയെ നോക്കി. കണ്ണ് തുറന്നു കിടക്കുകയായിരുന്ന അവര്‍ എഴുന്നേറ്റു ഇരുന്നു. പതിയെ കാതില്‍ പറഞ്ഞു.
"പെണ്ണെ അയാള്‍ ഒരു കഴുകനാണ്. നിന്നെ കൊത്തി വലിക്കാതെ നോക്കികൊളുക. "
കാതില്‍ അവരുടെ വാക്കുകള്‍ ചീവിടിനെ പോലെ തുളഞ്ഞു കയറി. ഒരു ശവത്തിനെ പോലെ വാര്ടനെ പിന്തുടരുമ്പോള്‍ മനസ്സില്‍ ശൂന്യത ആയിരുന്നു.
ഒരു സ്വപ്നാടകയെ പോലെ സൂപ്രണ്ടിന്റെ മുറിയിലേക്ക് അവള്‍ കയറി ചെന്ന്.
മങ്ങിയ വെളിച്ചം നിറഞ്ഞ മുറിയുടെ നടുക്കായി കസേരയില്‍ അയാള്‍ ഇരുപ്പുണ്ട്‌. കാലുകള്‍ മേശപ്പുറത്തു കയറ്റി വച്ചു താളത്തില്‍ ആട്ടുന്നുണ്ടായിരുന്നു. ഉടുപ്പ് അഴിച്ചു കസേരക്ക് പുറത്തിട്ടിട്ടുണ്ട്‌ . കരടിയെ പോലെ നിറയെ രോമമുള്ള നെഞ്ചി ലായി ഒരു സ്വര്‍ണ്ണ മാല തിളങ്ങുന്നു.
"എന്താടീ നിനക്ക് സുഖം തന്നെയല്ലേ...?"
പരിഹാസം നിറഞ്ഞ ചോദ്യം
" പാതി രാത്രിയില്‍ ഇത് ചോദിക്കാനാണോ വിളിച്ചത് ...?" ഉത്തരം തൊണ്ടയില്‍ കുരുങ്ങി നിന്നു.
ശിരസ്സു കുനിച്ചു മിണ്ടാതെ നില്‍ക്കുമ്പോള്‍ അവള്‍ക്ക് അറിയാമായിരുന്നു കഴുകന്‍ കണ്ണുകള്‍ തന്റെ വസ്ത്രങ്ങള്‍ വരെ കീറി മുറിക്കുകയാവുമെന്നു,.
മുന്നില്‍ ചോദ്യങ്ങള്‍ കേള്‍ക്കാതെ വന്നപ്പോള്‍ മുഖമുയര്‍ത്തി നോക്കി. ഞടുങ്ങി പിറകോട്ടു മാറിപോയി. തന്റെ മുന്നിലായി മേശമേല്‍ ഇരിക്കുകയാണ് അയാള്‍. കീഴ് ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തന്നെ തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ മനോജിന്റെ അച്ഛന്റെ കണ്ണുകള്‍ ആണ് ഓര്‍മ്മ വന്നത്. അയാള്‍ക്കും ഇതേ കണ്ണുകള്‍ ആയിരുന്നു. ഇതേ നോട്ടവും.
"നീ ആ മുറിയിലേക്ക് ചെല്ല്. ഇന്ന് അവിടെ കിടക്കാം. എന്തിനാ വെറുതെ ആ തണുത്ത തറയില്‍ കിടക്കുന്നത്."
അകത്തേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ഒരു പ്രത്യേക ഭാവത്തില്‍.
നടുക്കം മാറി ഒരു തരാം മരവിപ്പ് വന്നു നിറഞ്ഞു തലച്ചോറിലേക്ക്. വീണ്ടും പഴയ രാത്രിയുടെ ഓര്‍മ്മ...! ചോരയുടെ മണം... പിടച്ചില്‍, എക്കി വലിയുന്ന ശബ്ദം, പിന്നെ കൊടിയ നിശബ്ദത.
അവള്‍ ഒരു പിടച്ചിലോടെ മുഖമുയര്‍ത്തി. അയാളുടെ ശ്രിംഗാരം നിറഞ്ഞ കണ്ണുകളിലേക്കു അസ്ത്രം പോലെ അവളുടെ മിഴികള്‍ ചെന്ന് തറച്ചു.
അവളുടെ നോട്ടം താങ്ങാനാവാതെ ഒരു പിടച്ചിലോടെ അയാള്‍ മിഴി താഴ്ത്തി പോയ്‌.
" നീ പേടിക്കണ്ട... ആരും ഒന്നും അറിയാന്‍ പോണില്ല...ചേതമില്ലാത്ത ഒരു ഉപകാരം ആണെന്ന് കരുതിയാല്‍ മതി. നിനക്ക് സുഖമായി ഇവിടെ കഴിയാം കേട്ടോ..."
അവളുടെ ഹൃദയ മിടിപ്പിന്റെ താളം മുറുകി. അവള്‍ക്കു തന്നെ അംജാതമായ ഒരു ശബ്ദത്തില്‍ വാക്കുകള്‍ വെളിയിലേക്ക് ചിതറി വീണു.
ഇതേ കാരണത്താലാണ് ഞാന്‍ ഇവിടെ എത്തിയത്. ഇനി സാറിനും കൂടി ഒരു കയ്യ് നോക്കണമെന്നുണ്ടോ ...?
കല്ല്‌ പോലെ ഉറച്ച ആ ശബ്ദത്തിന് വല്ലാത്ത ഒരു രൌദ്ര ഭാവം ഉണ്ടായിരുന്നു.
ഒരു ഞെട്ടലോടെ അയാള്‍ അവളെ നോക്കി. പിടക്കുന്ന മിഴികളില്‍ നോക്കി പിന്നെ പതിയെ പറഞ്ഞു..." നീ പൊയ്ക്കോ, പക്ഷെ ഞാന്‍ ഇവിടെ തന്നെയുണ്ട്‌ അത് ഓര്‍മ്മയുണ്ടായിരിക്കുന്നത് നല്ലത്.."
അയാള്‍ക്ക്‌ തന്നെ ഉറപ്പില്ലാത്ത ഒരു വാക്കില്‍ രക്ഷപെടാനെന്ന വണ്ണം അയാള്‍ പിന്തിരിഞ്ഞു.
ഇപ്പോളും അതെ മിഴികള്‍ തന്നെ പക്ഷെ ഇച്ചഭംഗം വന്നതാണെന്ന് മാത്രം.<br>
" നീ അങ്ങനെ പുറത്തായി അല്ലെ. ഇനി എങ്ങോട്ടാണ്...?"
പരിഹാസം നിറഞ്ഞ ഒരു ഭാവം ഉണ്ടായിരുന്നു അയാളുടെ വാക്കുകളില്‍.<br>
" ഉടുമുണ്ട് അഴിച്ചു തുടങ്ങുമ്പോ കയ്നീട്ടം എനിക്ക് തരാന്‍ മടിക്കണ്ട കേട്ടോ. രാശി ഉള്ള കയ്യാണ് എന്റേത്. " ഒരു ഫലിതം പറഞ്ഞ പോലെ അയാള്‍ കുലുങ്ങി ചിരിച്ചു.
ഭാവിയുടെ കറുത്ത മുഖം ഓര്‍മിപ്പിച്ചു പിന്നെയും അവളെ ആ വാക്കുകള്‍.
വേദന തിന്നുന്ന മനസ്സോടെ തന്റെതെന്നു പറയാന്‍ മാത്രമുള്ള ഒരു കൊച്ചു സമ്പാദ്യവും ഒരു തുണിക്കെട്ടുമായി അവള്‍ പുറത്തേക്ക്, ഭ്രാന്തന്മാരുടെ ലോകത്തേക്ക് ഇറങ്ങി വന്നു. കൂറ്റന്‍ ഗേറ്റിലെ കിളിവാതിലിലൂടെ പുറത്തെ വെയിലേക്ക് ഇറങ്ങി. പകച്ചു ചുറ്റുപാടും നോക്കി. ആരുമില്ലാത്ത ഞാന്‍ ഇനി എങ്ങോട്ട് പോകാന്‍...?
ചുറ്റും ചിതറി വീഴുന്ന വെയിലിന്റെ ചൂടില്‍ അവള്‍ ആകെ വിയര്‍ത്തു കുളിച്ചു . കുറച്ചകലെ ആയി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയില്‍ നിന്നും ഒരു പെണ്ണ് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.
" സീതെച്ചി "
ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി . ഉഷ . ഉഷ അല്ലെ അത്. മനോജേട്ടന്റെ പെങ്ങള്‍...!
"നീ ... നീ എന്താ ഇവിടെ.. ആരെ കാത്തു നില്കുന്നു..?"
തൊണ്ടയില്‍ മുള്ള്കളായി വാക്കുകള്‍ കുരുങ്ങി വന്നു പുറത്തേക്ക്. ജീവിത പെരുവഴിയിലേക്ക്‌ ഇവളെ വലിച്ചെറിഞ്ഞത് ഞാനാണ് എന്ന വേദന അവളെ പൊള്ളിച്ച് .
"എല്ലാം എനിക്കറിയാം ചേച്ചി. വരൂ നമുക്ക് വീട്ടിലേക്കു പോവാം. ചേച്ചിയെ വിളിച്ചുകൊണ്ടു പോവാനാ ഞാന്‍ വന്നത്. എനിക്ക് ആരുമില്ല എന്നറിയാമല്ലോ എനിക്ക് കൂട്ടായി അവിടെ ചേച്ചി ഉണ്ടാകണം.വരൂ.." അവള്‍ പറഞ്ഞു കൊണ്ട് സീതയുടെ കയ്യില്‍ പിടിച്ചു മെല്ലെ വലിച്ചു.
" ഞാനിപ്പോ വീടുകളില്‍ വേലയ്ക്കു പോകുന്നു. എന്റെ ചെലവ് അങ്ങനെ അങ്ങ് പോകുന്നു.." അവള്‍ ചോദിക്കാതെ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു.അവളുടെ കൂടെ നടക്കുമ്പോള്‍ സീതയുടെ കണ്ണുകള്‍ നിറയുകയായിരുന്നു എന്തിനോ വേണ്ടി.
" ചേച്ചി വാ നമുക്ക് ഈ ലോകത്തെ നേരിടാം. ഞാനുണ്ട് ഇനി എന്നും കൂടെ...."
ആത്മ വിശ്വാസം തുളുമ്പുന്ന അവളുടെ വാക്കുകളുടെ പച്ചപ്പില്‍ മനസ്സിലെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോകുന്നതറിഞ്ഞു.
അന്ന് മനോജേട്ടന്‍ വിളിപോലും ഇതേ ആത്മവിശ്വാസമായിരുന്നു കൂടെ കൂട്ടായിരുന്നത്‌.
പുലര്‍കാല മഞ്ഞിന്റെ നേരിയ തണുപ് മനസ്സിലേക്ക് അരിച്ചിറങ്ങുന്ന പോലെ , ഒരു കിടുവലോടെ അവള്‍ ഉഷയുടെ കയ്യില്‍ മുറുകെ പിടിച്ചു. പിന്നെ ഓട്ടോയുടെ നേരെ തല ഉയര്‍ത്തി ആത്മവിശ്വാസം തുളുമ്പുന്ന മന്ദസ്മിതത്തോടെ പാദ ങ്ങള്‍ പെറുക്കി വച്ചു മുന്നോട്ടു നടന്നു.
ഒരു പുതിയ ആകാശം അവള്‍ക്കു മേലെ നീല വിരിയിട്ടു തെളിഞ്ഞു നിന്നു.....
-ശുഭം.
- -------------------------------------------------------------ബി ജി എന്‍.-------------------------

No comments:

Post a Comment