Saturday, January 21, 2012

ആധുനികം

അന്ന്

പരീക്ഷണങ്ങളുടെ വസന്തകാലം...!
കൃത്രിമജീവസന്ധാരണത്തിലൂടെയും
കബന്ധങ്ങളില്‍ അശ്വഗജ മുഖങ്ങള്‍ തിരുകിയും
ഇമ അടച്ചന്ധജന്മങ്ങളുണ്ടാക്കിയും
ഫലമൂലങ്ങളിലൂടിഷ്ട സന്താനമുണ്ടാക്കിയും
ആഘോഷിക്കുകയായിരുന്നവര്‍ ....!

അത് ദിവ്യഗർഭങ്ങളുടെ കാലമായിരുന്നു..
മരണം മൂന്നുനാളിന്റെ നിദ്രയും ഉയിർത്തെഴുന്നേല്പുമായി
മലമടക്കുകളില്‍  അദൃശ്യനായിരുന്ന ദൈവം
വചനങ്ങളും പ്രബോധനങ്ങളും ചൊരിഞ്ഞു .

കടലുകള്‍ വഴി മാറി നടന്നു

പ്രവാചകര്‍  പുസ്തക പ്രസാധകരായി ,
മതങ്ങളും ദൈവങ്ങളും പ്രതിപുരുഷന്മാരുമായി .
മനുഷ്യര്‍ പരസ്പരം ലോകമെങ്ങും
ആഘോഷിക്കുകയായിരുന്നവര്‍

ഇന്ന്

മഹാ വിസ്ഫോടനങ്ങളും ദൈവകണവും
അന്യഗോളങ്ങളിലെ ജീവസ്പര്‍ശവും
നരസൃക്ഷ്ടിയുടെ നിര്‍മ്മാണസാധ്യതകളും
ഗ്രഹയുദ്ധത്തിന്റെ, അധിനിവേശത്തിന്റെ
മതയുദ്ധങ്ങളുടെ വെടിക്കെട്ടുകളുമായ്
ആഘോഷിക്കുകയാണവര്‍ ..!

ചിന്തയും കഴിവും കരങ്ങളിലേക്കാവാഹിച്ചു
മസ്തിഷ്ക്കമുരുക്കിയ കലാകാരന്‍
പുതിയ ചരിത്രങ്ങളിലേക്ക് രഥമുരുട്ടുന്നു
പുതിയ ചക്രവാളങ്ങള്‍ പരവതാനി വിരിക്കുന്നു.

അന്നും  ഇന്നും

ലോത്തിന്റെ മക്കളുടെ ശൃംഗാരകളരികളിൽ
ഈഡിപ്പസ്സിന്റെ കിന്നരവീണകളുയർക്കുന്ന ഗാനവീചികൾ .
സോദാം നഗരം എവിടെയും കൺ തുറന്നിരിക്കുന്നു.
കുരുന്നുകളിലും വാര്‍ധക്യത്തിലും വേര്‍തിരിവില്ലാതെ
ശരീരമെന്ന ഭോഗവസ്തുവിനെ
ബന്ധമെന്ന കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ട്
ജീവിതം ആഘോഷിക്കുകയാണവർ..!

-----------------------ബി ജി എന്‍ വര്‍ക്കല

1 comment:

  1. അന്ന് മരണം മൂന്നുനാളിന്റെ നിദ്രയും ഉയിർത്തെഴുന്നെല്പുമായി..
    ഇന്ന് ജീവിതം ആഘോഷിക്കുകയാണവർ..!

    ReplyDelete