Saturday, January 21, 2012

മദ്ഗലനയിലെ മരിയ

ഞാന്‍ മരിയ....
മദ്ഗലനയിലെ മരിയ...
ജോഷ്വ*യുടെ പ്രിയതമ.....
പാപികളുടെ ലോകത്ത് നിന്നും
വിശുദ്ധിയുടെ ആലയത്തിലേക്കും , പിന്നെ
അവന്റെ മനസ്സിലേക്കും പ്രയാണം ചെയ്തവള്‍.

വിയര്‍പ്പും ബീജവും നാറുന്ന
നശിച്ച രാത്രികളില്‍ നിന്നും എന്നെ
വെളിച്ചത്തിന്റെ വെണ്മയില്‍ എത്തിച്ഛവന്‍
അവന്‍ എന്റെ പ്രാണ പ്രിയന്‍...

എന്നില്‍ കുന്തിരിക്കത്തിന്റെ സുഗന്ധം..!
പ്രഭോ ഞാന്‍ നിന്‍ അടിമ.
നിന്റെ വിരല്‍ സ്പര്‍ശത്തില്‍
എന്നില്‍ സ്നേഹ ഗ്രന്ഥികള്‍ സ്രവിക്കുന്നു..

നിന്റെ അധരങ്ങളുടെ ദര്‍ശനത്തില്‍
എന്റെ  മാതൃത്വം തുടിക്കുന്നു.
അന്ധകാരത്തിന്റെ ചാട്ടവാറില്‍ പുളഞ്ഞു
അധിനിവേശത്തിന്റെ കുരിശില്‍ പിടഞ്ഞും
രക്ത പങ്കിലമായ ഇരുള് മറയവേ.

എന്റെ ചൊടിയിലെ രക്തപുഷ്പം
വാടിക്കരിയുന്നു.
ഞാന്‍ പ്രതിബിംബമില്ലാത്ത
നിഴലാകുന്ന പോലെ.

ഞാനറിയുന്നു
നീയില്ലെങ്കില്‍ ഞാനില്ല
എന്റെ സ്വപ്നങ്ങളും, ജീവിതവും...
പിന്നെ നിന്റെ സ്നേഹവും...
----------------ബി ജി എന്‍--------------------------
* ജോഷ്വ = യേശുവിന്റെ ശരിക്കുള്ള പേര് എന്ന് ചരിത്രകാരന്മാര്‍ രേഖപെടുത്തുന്നു 

2 comments:

  1. ഞാന്‍ പ്രതിബിംബമില്ലാത്ത
    നിഴലാകുന്ന പോലെ
    ഞാനറിയുന്നു
    നീയില്ലെങ്കില്‍ ഞാനില്ല


    നന്നായിട്ടുണ്ട് മാഷെ ..

    ReplyDelete