Monday, March 30, 2015

നമ്മള്‍

"അറിയുമ്പോഴും അകലുമ്പോഴും
അണയുമ്പോഴും ആളുമ്പോഴും
പറയുമ്പോഴും കേള്‍ക്കുമ്പോഴും
നമുക്കിടയില്‍ നമ്മളുണ്ടാകണം !"
................... ബി ജി എന്‍ വര്‍ക്കല

Sunday, March 29, 2015

ചിദംബരസ്മരണ..... ബാലചന്ദ്രന്‍ ചുള്ളിക്കാട്


വായനയുടെ ശമന കാലം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ജീവിതത്തിന്റെ ഓരോ നാള്‍ വഴികള്‍ ! അങ്ങനെ ഉള്ള ഒരു കാലത്ത് ആണ് ഞാന്‍ ചിദംബരസ്മരണകള്‍ വായിച്ചു തുടങ്ങിയത് . ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് മുതലേ മനസ്സില്‍ ഒരു നല്ല സ്ഥാനം നല്‍കി ആദരിച്ചു പോകുന്ന കവി ആണ് . ക്ഷുഭിത യൗവ്വനത്തിന്റെ ആ തീക്ഷ്ണ സ്വരം ഇന്നും മനസ്സില്‍ ഒരു വികാരം ആണ് . കാലത്തിന്റെ ചക്രത്തില്‍ പെട്ട് ഓരോ അവസ്ഥാന്തരങ്ങള്‍ കൈ വരിച്ചു പോകുന്നു എങ്കിലും ഇന്നും അദ്ദേഹം അതേ ഓര്‍മ്മ നിലനിര്‍ത്തുന്നു . എന്റെ വായനയില്‍ ഞാന്‍ ചിദംബര സ്മരണകള്‍ എഴുതുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല അതിനെ കുറിച്ച് . കാരണം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന ചെറുപ്പക്കാരന്റെ യൗവ്വനം ഒരിക്കലും പൂമെത്ത ചൂടിയതായിരുന്നില്ല എന്നത് നല്ല ഓര്‍മ്മ ഉള്ള വായനയാണ് . ജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങളില്‍ പലവട്ടം ഉരസി മിനുക്കി എടുത്ത ആ കവി അത് കൊണ്ട് തന്നെ ആണ് കവിതകളില്‍ കൂടി ജീവിതത്തെ ഇങ്ങനെ തീ തീറ്റിച്ചു കൊണ്ടിരിക്കുന്നതും . വര്‍ഷത്തില്‍ നാലോ അഞ്ചോ കവിത മാത്രം എഴുതുന്ന എന്നെ കവി എന്ന് വിളിക്കാമോ എന്ന് സന്ദേഹം അദ്ദേഹത്തില്‍ ഉണ്ട് എങ്കില്‍ അത് ആ എളിമ മാത്രം ആയി കാണാനേ കഴിയൂ . എനിക്ക് തൊഴില്‍ അറിയില്ല . എന്റെ ശരീരം കൊണ്ട് എനിക്ക് എന്നെ വില്‍ക്കാന്‍ കഴിയുന്നത്‌ ഈ അക്ഷരങ്ങള്‍ മാത്രം ആണ് അത് ഞാന്‍ ചെയ്യുന്നു എന്ന് സധൈര്യം പറയുന്ന ആ കവി ചെറുപ്പത്തിന്റെ , ആ കാലഘട്ടത്തിന്റെ എല്ലാ മേഖലകളിലും കടന്നു വന്ന ഒരു വ്യക്തി ആണ് . ഇന്ന് നാം ആരാധനയോടെ നോക്കി കാണുന്ന കവികളും എഴുത്തുകാരും ഒക്കെ അദ്ദേഹത്തിനെ സ്നേഹിച്ചിരുന്നു , അല്ലെങ്കില്‍ സമശീര്‍ഷര്‍ ആണ് എന്നത് വളരെ സന്തോഷം തരുന്ന കാര്യവും ആണ് .
'ചിദംബര സ്മരണകള്‍' വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെട്ട കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഡയറി വായിച്ചു പോകുന്ന ഒരു അനുഭൂതി മാത്രം . അദ്ദേഹം പോയ ഇടങ്ങളും കണ്ട മനുഷ്യരും ജീവിച്ച പരിതസ്ഥിതികളും , കണ്ടു മുട്ടിയ വ്യക്തികളും ഒക്കെ പച്ചയായി വിവരിക്കുന്നു . താനെന്ന മനുഷ്യനെ സ്വയം തുണി അഴിച്ചു കാണിച്ചു കൊണ്ട് ഇതാണ് ഞാന്‍ ഇതിനപ്പുറം മറ്റൊന്നും ഇല്ല എന്ന് കാണിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന ആ കവി എന്ത് കൊണ്ടും ആരാധ്യന്‍ തന്നെ ആയി തീരുന്നു .
തന്റെ അനുഭവങ്ങളെ എഴുതി പിടിപ്പിക്കുമ്പോള്‍ അതില്‍ പൊടിപ്പും തൊങ്ങലും ഇല്ലാതെ അതിനെ പറയാന്‍ കഴിയുന്നു . വേശ്യയെ വീട്ടില്‍ വിളിച്ചു കൊണ്ട് വന്നതും , വീട്ടില്‍ വന്ന പെണ്‍കുട്ടിയെ കയറി പിടിച്ചതും , മുല കുടിയ്ക്കാന്‍ ഉള്ള ആഗ്രഹം തീര്‍ത്തതും ഒക്കെ ഇതിനു ഉദാഹരണം ആയി എടുത്തു കാണിക്കാന്‍ കഴിയും . പറയാന്‍ കഴിയുക എന്നത് വലിയ കാര്യമാണ് , പറയാന്‍ ഒളിക്കുന്നത്‌ പോലെ അല്ല അത് .
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്വകാര്യത , ആ മനുഷ്യന്‍ ആരാണ് എന്നറിയാന്‍ ഉള്ള വ്യഗ്രത ഉള്ളവര്‍ക്ക് വായിക്കാന്‍ നല്ലൊരു പുസ്തകം ആണ് ചിദംബര സ്മരണകള്‍ .

അന്യര്‍


നനവാര്‍ന്ന നിന്‍ കണ്ണിണകളില്‍
സ്നേഹത്തിന്റെ നഗ്നാക്ഷരങ്ങള്‍
വിതുമ്പിയാര്‍ക്കും നിന്‍ കരളാഴങ്ങളില്‍
ഒറ്റപ്പെടലിന്‍ ക്രൂരമാം നഖമുനകള്‍ .
ഇനിയും മരിക്കാത്ത ഓര്‍മ്മപ്പൂവുകള്‍,
മാറില്‍ പൊള്ളും ഓര്‍മ്മപതക്കങ്ങള്‍,
നിമിഷങ്ങല്‍ക്കിടയില്‍ മരിച്ചു വീഴും
സ്ഖലിത കാവ്യങ്ങള്‍ പോലെ നീ.
നമുക്കിടയില്‍ മരിച്ചു വീഴുന്ന നിഴലുകള്‍ 
ഒരു കിടക്കയില്‍ ഒന്നിച്ച ഓര്‍മ്മകള്‍
പരസ്പരം പങ്കിട്ട ചോരപ്പാടുകള്‍
ഇനിയും മരവിക്കാത്ത പ്രണയം .
നിറയുന്ന നിന്റെ മിഴികളെ ഉമ്മവച്ചു
ഒരു താരാട്ട് പാട്ടായി ഞാനലിയുന്നിരുളില്‍
ഇനിയും ഉറങ്ങാത്ത നെഞ്ചിന്‍ നോവില്‍
നിന്റെ മിഴിനീരുണങ്ങാത്ത മുഖവുമായ്.
--------------------------ബിജു ജി നാഥ്
മലയാളം ന്യൂസ് 29.03.2015

ചെറു കിളികള്‍ നോവ്‌ തിന്നുമ്പോള്‍ !


ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിയുന്നവന്റെ മനസ്സാണ് ഭാവനയുടെ മൊത്ത വില്പ്പനക്കാരന്റേതു. ഒരു പക്ഷെ ഓരോ ഭാവനകളും ഓരോ പിറക്കാതെ പോകുന്ന സ്വപ്‌നങ്ങള്‍ ആകാം . ഗര്‍ഭാവസ്ഥയില്‍ തന്നെ ആയുസ്സ് ഹോമിക്കപ്പെടുന്നവ മാത്രം
നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയാതെ പോകുന്ന സമസ്യകള്‍ പോലെ ആണ് ചില ബന്ധങ്ങള്‍ . അഴിയും തോറും കുരുക്കുകള്‍ മുറുകുന്ന കടും കെട്ടുകള്‍ . അവയില്‍ നിന്നൊരു സ്വാതന്ത്ര്യം കൊതിച്ചു തുടങ്ങുന്ന മാത്രയില്‍ തന്നെ മരണം നമ്മെ പുണര്‍ന്നു തുടങ്ങുന്നു . സുഖമുള്ളൊരു അനുഭൂതിയായി ആ കടും കെട്ടുകള്‍ നമ്മെ വലയം ചെയ്യുന്നു അതിന്റെ ആലസ്യത്തില്‍ മയങ്ങാന്‍ അല്ലാതെ അതില്‍ നിന്നൊന്നു പുറത്തു കടക്കാന്‍ മനസ്സ് അനുവദിക്കുകയുമില്ല
ശരികളുടെ കൂമ്പാരം ഉണ്ടാക്കി അതിനടിയില്‍ വസിക്കുന്നവര്‍ ആണ് കാല്‍പനിക ലോകത്തെ നോക്കി ശരികേടുകളുടെ കരിയിലകളെ ഊതിപറപ്പിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും കരിയിലകള്‍ ശരികേടുകള്‍ ആയി തന്നെ നിലനില്‍ക്കുകയും കരിഞ്ഞുണങ്ങി വിസ്മൃതിയിലാകുകയും ചെയ്യുന്നു . അപ്പോഴും ശരികേടുകള്‍ എന്ന് നിനയ്ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ശരികളുടെ ചാമ്പല്‍ കൂട്ടില്‍ ഉറങ്ങുന്നവര്‍ അവ അങ്ങനെ തന്നെ കരുതുന്നത് തന്റെ മനസ്സിനെ ആരും കാണാതിരിക്കാനും താന്‍ അനാവൃത്രം ആകാതിരിക്കാനും മാത്രമാകാം.
മനസ്സിനെ കാര്‍ന്നു തിന്നുന്ന വേദന നിലനില്‍ക്കുമ്പോഴും മറ്റൊരു വേദനയെ വീണ്ടും ജനിപ്പിക്കാതിരിക്കാന്‍ വേണ്ടി ആകാം പലപ്പോഴും മനസ്സുകള്‍ നിരാകാരത്തിന്റെയും നിഷേധത്തിന്റെയും തിരികള്‍ കൊളുത്തി വച്ച് അവയ്ക്ക് കാവലിരിക്കുക . ഇടനെഞ്ചു പൊട്ടുമ്പോഴും കഠിന ഹൃദയരായി പുറം കയ്യെടുത്ത് വിലക്കുക അവരുടെ മനസ്സിന്റെ ഈ ഒരു അവസ്ഥയില്‍ നിന്നുമുയിരിടുന്ന ഒരു സ്വാഭാവിക പ്രതിരോധം മാത്രമാകും . മറ്റൊരാള്‍ കൂടി , മറ്റൊരു വേദന കൂടി ആവര്‍ത്തനം ആകാതെ ഉള്ള മുന്‍കരുതല്‍ പോലെ .
ഇവിടെ എവിടെയാണ് ഞാന്‍ ശരിയല്ലാതാകുന്നത് എന്നറിയില്ല
പക്ഷെ ഒന്നെനിക്കറിയാം എനിക്ക് ശരികേടുകള്‍ മാത്രമേ ഉള്ളൂ അതെ എനിക്കറിയൂ . നിഷേധങ്ങള്‍ക്കിടയിലും ഞാന്‍ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ആ ശരികേടുകള്‍ ആണ് എന്റെ സ്നേഹം അറിയിക്കാന്‍ എനിക്കുള്ള മാര്‍ഗ്ഗം . മനസ്സിനെ മാത്രമല്ല ശരീരത്തിനെയും സ്നേഹിക്കാതെ എനിക്ക് അതിനു കഴിയില്ല്ല . വെറും ഭ്രമം അല്ല അത് ശരീരത്തോടുള്ള അഭിനിവേശവും അല്ല. പക്ഷെ പരസ്പര പൂരകങ്ങളായ ഒരു സപര്യയാണ് എനിക്കത്. പ്രണയത്തിന്റെ എന്റെ നിര്‍വ്വചനവും ഒരുപക്ഷെ അതാകാം.
ഒരാള്‍ക്കായി പകുത്തു കൊടുക്കുന്നവ ഒന്നും തന്നെ മറ്റൊരാള്‍ക്ക് അതേ അളവിലും അനുപാതത്തിലും കൊടുക്കാന്‍ കഴിയില്ല മനുഷ്യ സ്വഭാവത്തില്‍ എന്നത് ചിരമായ ഒരു സത്യമാണ് . പക്ഷെ പ്രണയത്തിന്റെ ഭാഷ്യം വരുമ്പോള്‍ അവിടെ പകുത്തുകൊടുക്കലുകള്‍ ചടങ്ങുകള്‍ ആകുന്നു . ശരീരത്തിന്റെ പങ്കിടല്‍ , മനസ്സിന്റെ പങ്കിടല്‍ ഇവയൊക്കെ ഒരേ അനുപാതത്തില്‍ സംഭവിക്കുന്നില്ല . ഉടലുകളുടെ സമാഗമത്തില്‍ സംഭവിക്കുന്ന മാനസിക ഐക്യം പക്ഷെ ഒരിക്കലും മാനസികമായ ഒരു പങ്കിടല്‍ ആണെന്ന് പറയുകയും വയ്യാ കാരണം അതെ ശരീരങ്ങള്‍ തന്നെ മനസ്സിന്റെ ചില അവസ്ഥാന്തരങ്ങളില്‍ അകന്നു പോവുകയും ചിലപ്പോള്‍ അതെ ശരീരങ്ങള്‍ ഒന്നിച്ചു ഒരേ യാത്ര ചെയ്യുമ്പോഴും മനസ്സ് വേറിട്ട ആകാശങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യാറുണ്ട് . ചിലപ്പോള്‍ ഇതേ ശരീരങ്ങള്‍ ഒരേ മനസ്സെന്നു കരുതുന്നവയെ ഉപേക്ഷിചു രണ്ടു ധ്രുവങ്ങളിലേക്കു അകന്നു പോകാറുണ്ട് ഒരിക്കലും തിരികെ ആകര്‍ഷിക്കപ്പെടാതെ.
ഒരിക്കല്‍ പകുത്തു കൊടുക്കപ്പെടുന്ന മനസ്സിനെ പിന്നൊരിക്കല്‍ അകന്നു പോകുന്നത് കൊണ്ട് മാത്രം വീണ്ടും പകുത്തു കൊടുക്കാന്‍ അപ്രായോഗികം എന്ന് കരുതിയോ , അപര്യാപതമെന്നു കരുതിയോ ഉപേക്ഷിച്ചു കളയുന്നു ചിലര്‍ . ഇരുട്ടിന്റെ മാളങ്ങളില്‍ അവയെ അടക്കിപ്പിടിച്ചു മനോ നൊമ്പരം അനുഭവിക്കുമ്പോഴും അവയെ പകുക്കാന്‍ ആഗ്രഹിക്കുകയില്ല്ല . മനപ്പൂര്‍വ്വം അവയെ അറുത്തു മുറിച്ചു കളയാന്‍ ഉള്ള ഒരു മാനസിക നില കൈ വരിക്കുന്നു . ഇത് കാലങ്ങളുടെ തപസ്യ കൊണ്ട് മാറ്റി എടുക്കാന്‍ കഴിയുന്ന അഗാധമായ പ്രണയപര്യവസാനികള്‍ ഇല്ല എന്ന് പറയാനും കഴിയില്ല.
ഇവിടെ ഒരു പക്ഷത്തിന്റെ മാത്രം ചിന്തകള്‍ അടങ്ങുമ്പോള്‍ മറുപക്ഷമെന്താണ് ചിന്തിക്കുന്നത് ആഗ്രഹിക്കുന്നത് എന്നറിയാന്‍ കഴിയാതെയോ മനസ്സിലാക്കാതെയോ പോകുന്ന ചിലരുണ്ട് . അവരില്‍ നിന്നും പലപ്പോഴും അനുകൂലനങ്ങളുടെ തൂവല്‍ സ്പര്‍ശം പ്രതീക്ഷിക്കുക മരീചികയാകുന്നു.
ഗതികേട് കൊണ്ടോ അനുകമ്പ കൊണ്ടോ ചിലപ്പോള്‍ ഒരു ജീവിതത്തെ സഹായിക്കുക എന്നൊരു മാനുഷിക കാഴ്ചപ്പാട് കൊണ്ടോ ചില കാട്ടിക്കൂട്ടലുകള്‍ , അനുഭാവങ്ങള്‍ , ചെറിയ ചില ഔദാര്യങ്ങള്‍ നല്‍കി ചിലപ്പോഴൊക്കെ ഇത്തരം നീക്കങ്ങളെയും കടന്നു കയറ്റങ്ങളെയും ഇലയ്കും മുള്ളിനും കേടില്ലാതെ സൂക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട് .ഇത് പലപ്പോഴും ഇരുപക്ഷത്തിനും ബോധപൂര്‍വ്വം അറിയുന്നതും സത്യം തുറന്നു ചോദിച്ചാലോ പറഞ്ഞാലോ നഷ്ടമാകുമെന്ന ഭയത്താലോ അറിയുമ്പോഴും അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു അതിനുള്ളില്‍ നിന്ന് കൊണ്ട് ഒരു ബോധപൂര്‍വ്വമായ വേദന പങ്കിടല്‍ ആണ് സംഭവിക്കുന്നത്‌.
നമുക്കെന്തുകൊണ്ടാണ് പരസ്പരം ഒരു തുറന്നു പറച്ചിലുകളിലൂടെ ഈ വേഷപ്പകര്‍ച്ചകള്‍ അഴിച്ചു വയ്ക്കാന്‍ കഴിയാത്തത് എന്നത് ഒരു വലിയ ചോദ്യ ചിഹ്നം തന്നെ ആണ് . കാരണം ഒരാളിന്റെ ശരികള്‍ മറ്റൊരാളിനു ശരികേടുകള്‍ ആണ് ഏതു വിധത്തില്‍ നോക്കുമ്പോഴും . ഒരാളുടെ ഇഷ്ടം ഉമ്മകള്‍ ആണെങ്കില്‍ മറുപക്ഷത്തിനു ഇഷ്ടം ചേര്‍ത്ത് അണച്ച് പിടിക്കല്‍ മാത്രം ആകും . ഒരാളിന്റെ ഇഷ്ടം ശരീരത്തിന്റെ അഴകളവുകളില്‍ ആകുമ്പോള്‍ മറുപക്ഷം ശരീരത്തെ തന്നെ മറക്കാനും ഉപേക്ഷിക്കാനും മനസ്സുകളെ മാത്രം കൂട് തുറന്നു വിടാനും ആകും കൊതിക്കുക . എങ്കിലും രണ്ടു പക്ഷവും അവ സമ്മതിച്ചു അവയില്‍ സമരസപ്പെടാന്‍ , രാജിയാകാന്‍ ശ്രമിക്കുകയില്ല കാരണം മേല്‍ പറഞ്ഞ നഷ്ടമാകല്‍ എന്നൊരു ഭയം തന്നെ ആകാം.
പലപ്പോഴും നമ്മില്‍ വിടരുന്ന മാര്‍ഗ്ഗങ്ങള്‍ അങ്ങേ അറ്റം അല്ലെങ്കില്‍ ഇങ്ങേ അറ്റം എന്നൊരു നിലപാട് ആണ് . ആരും പരസ്പരം ചര്‍ച്ചകളിലേക്ക് പോകുകയേ ഇല്ല . ഒന്നുകില്‍ നാം മരിക്കുന്നു അല്ലെങ്കില്‍ നാം എവിടെ ആണോ അവിടെ നില്‍ക്കുന്നു . മറ്റൊരു മാര്‍ഗ്ഗം നമ്മിലുള്ളത് വഴിയില്‍ ഉപേക്ഷിച്ചു നാം പുതിയൊരു ശരിയിലേക്ക്‌ നടന്നകലുന്നു . അങ്ങനെ വരുമ്പോള്‍ നമുക്ക് ഉപേക്ഷിക്കേണ്ടി വരുന്ന ശരികളും ശരികേടുകളും കാലാകാലം ഒരു പക്ഷെ അവസാനം വരെ നമ്മെ വേദനിപ്പിച്ചു കൊണ്ടും തിരികെ വലിച്ചു കൊണ്ടും ഇരിക്കും . ഇതൊന്നുമല്ലാതെ എവിടെയാണോ അവിടെ നില്‍ക്കാനും അതില്‍ നിന്നും മുന്നോട്ടു ഒരേ തൂവല്‍ പക്ഷികള്‍ ആയി ഒരു സമാന്തര രേഖകള്‍ പോലെ സഞ്ചരിക്കാനും നമുക്ക് കഴിയുന്നിടത്ത് വിഷയം അവസാനിക്കും . അപ്പോഴും ബാക്കി നില്‍ക്കുക ഇടത്താവളങ്ങള്‍ ഇല്ലാതെ ഒരു യാത്ര ഇല്ല എന്നത് പോലെ നമുക്കിടയില്‍ സമാഗമങ്ങള്‍ ഉണ്ടാകും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . എന്തുകൊണ്ടോ പിന്നോക്കം വലിക്കുന്ന ഒരു വിഷയം ഈ സമാഗമങ്ങള്‍ തന്നെ ആണെന്നത് അവഗണിക്കാന്‍ ആകാത്ത ഒരു സത്യവുമാണ്.
എന്ത് കൊണ്ടാകും ഒരു വശത്ത്‌ നിന്ന് മാത്രം തുടര്‍ച്ചയായ ഈ പിന്മാറ്റം എന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാകുന്ന രസാവഹമായ ഒരു സംഗതി ഒരു പക്ഷെ ഭാവനകളുടെ വേലിക്കെട്ടുകള്‍ പൊളിഞ്ഞു പോവുകയും യാഥാര്‍ത്ഥ്യത്തിന്റെ പുറം പാളികള്‍ വലിച്ചു കീറിക്കൊണ്ട് രണ്ടു ശരീരങ്ങള്‍ ദിഗംബരങ്ങള്‍ ആകുകയും ചെയ്യും എന്നൊരു ഭയം അതാണ്‌ നിരകാരത്തിന്റെ പാരമത്യം ഒരു വശത്തെ വലിച്ചു മാറ്റിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു എന്നാല്‍ മറുവശം ഒരിക്കലും ചിന്തിക്കപ്പെടാതെ പോകുന്നില്ലേ എന്ന് സംശയം ഇല്ലാതില്ല . ശരീരവും മനസ്സുമല്ല ഏകീകൃതമായ ഒരു സമവായത്തില്‍ ഇവ ഒരു ഭാഗവും അഭിനയിക്കുന്നില്ല എന്നും ഇവ പരസ്പര പൂരകങ്ങള്‍ ആയതു കൊണ്ട് മാത്രം ഒരുപക്ഷെ അതും അവസരം എന്നൊരു വില്ലന്‍ അവിടെ കടന്നു വരികില്ല എങ്കില്‍ ഒന്നും തന്നെ സംഭവിക്കുക ഇല്ല എന്നും , അപ്പോഴും പ്രണയവും ഇഷ്ടവും അതെ അളവില്‍ കൂടുതല്‍ തെളിമയോടെ നിലനില്‍ക്കും എന്നും അറിയാന്‍ കഴിയാതെ പോകുന്ന പോലെ .
പലപ്പോഴും സമരസപ്പെടല്‍ ആണ് ജീവിതത്തിന്റെ വസന്തങ്ങളില്‍ പൂവ് വിടര്‍ത്തേണ്ടത് . എന്റെ , നിന്റെ എന്നീ ചിന്തകളില്‍ നിന്നും അകന്നു നമ്മുടെ എന്നൊരു ചിന്ത എന്ത് കൊണ്ടോ അവിടെ ഉണ്ടാകുന്നില്ല അതാകാം ഈ സമരസപ്പെടലുകള്‍ വിജയം കാണാതെ പോകുന്നത് . മാറ്റം ഉണ്ടാകേണ്ടത് രണ്ടു ഭാഗത്ത് നിന്നും ആകണം എങ്കില്‍ കൂടിയും ഒരു വശം മാത്രം മാറ്റങ്ങള്‍ക്കു തയ്യാര്‍ ആകുകയും മറു വശം എന്റെ ശരികളില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സുകള്‍ അകന്നു പോവുകയും ശരീരങ്ങള്‍ വെറും യന്ത്രങ്ങള്‍ പോലെ ഒരേ കട്ടിലില്‍ ഉരഞ്ഞു തീരുകയും ചെയ്യുന്നു . ക്രമേണ കുഞ്ഞുങ്ങളുടെ മുന്നിലെ , സമൂഹത്തിനു മുന്നിലെ അഭിനയത്തിന്റെ വേഷ വിധാനങ്ങള്‍ പഴകുകയും ചായം അടര്‍ന്ന കഥാ പാത്രങ്ങള്‍ വികൃതമായ സംഭാക്ഷണങ്ങള്‍ കൊണ്ട് വേദിയേ നിരന്തരം അലങ്കോലം ആക്കുകയും ചെയ്യുന്നതും കാണുക സ്വാഭാവികം ആകുന്നു .
ഇവയില്‍ നിന്നൊരു മോചനം എന്ന പോലെ ആകാം പലപ്പോഴും പ്രണയം കണ്ടെത്തുന്ന ചില്ലയില്‍ അതെത്ര ദുര്‍ബ്ബലം ആണെങ്കിലും എത്ര ചിതലരിച്ചതോ ഉണങ്ങി വരണ്ടതോ ആയാലും അതില്‍ കൂട് കൂട്ടാന്‍ മനസ്സ് തയ്യാറെടുക്കുന്നത് . പലപ്പോഴും ദുര്‍ബ്ബലമായ മറ്റൊരു കൂട് അതില്‍ നിന്നും തള്ളി താഴെ ഇട്ടു കൊണ്ടോ അല്ലെങ്കില്‍ ആ കൂടിനു സമാന്തരമായി മറ്റൊരു കൂട് നിര്‍മ്മിച്ച്‌ കൊണ്ട് ഒരു ഒളിച്ചു കളിയിലൂടെയോ നിലനില്‍പ്പിനു ശ്രമിക്കുന്ന ചില വിദൂരമായ ദയനീയത ദര്‍ശിക്കാന്‍ സാധിക്കുന്നു സംസാര ലോകത്ത് .
പിടഞ്ഞു മാറാനോ , കുടഞ്ഞു എറിയാനോ കഴിയാതെ ഇത്തരം കൂടുകളില്‍ ചെറു കിളികള്‍ ശ്വാസം മുട്ടി ജീവിക്കുന്നുണ്ടാകും . മഴയും വേനലും മാറി മാറി വരുമ്പോഴും തന്റെ ചിറകുകള്‍ അരിഞ്ഞിട്ടിരിക്കുന്നു എന്നൊരു മിഥ്യാ ചിന്തയില്‍ പറക്കാന്‍ കഴിയാതെ രക്ഷപെടാന്‍ കഴിയാതെ ഉഴലുന്ന ചെറു കിളികള്‍ . അവയുടെ നോവുന്ന നെഞ്ചിന്‍ കൂടില്‍ നിന്നാണ് ജീവിതം അതിന്റെ ദയനീയത ഒപ്പിയെടുക്കുന്നത്‌ ......................ബിജു ജി നാഥ്

Saturday, March 28, 2015

ഓര്‍മ്മകളില്‍ നീയെന്നും

എത്ര ദൂരെയാണെങ്കിലും പ്രിയതമാം
ചിത്തം നിനക്കായ് തുടിക്കുന്നതറിവൂ.
മൗനമിതെത്ര ചിറകെട്ടി നില്‍ക്കിലും
നിന്‍ രാഗഗീതം കേള്‍ക്കാതിരിക്കുമോ !

രാവകന്നു പോയി പകല്‍ വന്നു മൂടും
തിരകള്‍ തീരത്തെ മറന്നങ്ങകലും
എങ്കിലും നിന്നുടെ പ്രണയം മറന്നു
തെല്ലും നിമിഷം കടന്നു പോകില്ലറിയ്ക.

കാറ്റ് കവര്‍ന്നു പോകും സുഗന്ധങ്ങള്‍ 
കാലം കവരും യൗവ്വനപുളകങ്ങളും
ദേഹി വിട്ടകലും ജീവനുമൊരുനാള്‍
ഓര്‍മ്മകളില്‍ നീയപ്പോഴും തുടിച്ചിടും .
-----------------------ബിജു ജി നാഥ്

Tuesday, March 24, 2015

ഓര്‍മ്മ മധുരം

പുലരിയിലുണരുവാന്‍ നിന്നുമ്മയല്ലാതെ
പ്രിയതരമെന്തുണ്ട് ഉലകില്‍ പ്രിയേ !
ഇമകളില്‍ , കപോലങ്ങളില്‍ ഒഴുകിയവ
ഒടുവിലീ അധരത്തില്‍ വന്നു മരിച്ചീടുന്നു .

മഴയും വേനലും ശൈത്യവും ഇടകലര്‍-
ന്നൊരു വ്യാഴവട്ടം കടന്നു പോകിലും
ഒരുനാളും മുടങ്ങാതെ അര്‍ച്ചന ചെയ്യുവാ-
നരുമയാം ഓമല്‍ നീ അരികില്‍ വേണം .

കളിയായും കാര്യത്തിന്‍ ശരിയായുമെന്നും
പരിഭവം പറഞ്ഞും പിണങ്ങിയും
മിഴിനീര്‍ പൊഴിച്ചും കോപിച്ചും നഖമുന
അടയാളമിട്ടും ഓര്‍മ്മകള്‍ കൊഴിയണം.

കാത്തിരിപ്പിന്‍ സുഖം അകതാരിലറിയാന്‍
വിരഹത്തിന്‍ നോവ്‌ മനസ്സില്‍ പകരാന്‍
പരിഭവപ്പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍
ഒരു പുതപ്പില്‍ ഒരുമിച്ചുറങ്ങാന്‍ വരിക നീ
---------------------------ബിജു ജി നാഥ്

ഓര്‍മ്മ മധുരം

പുലരിയിലുണരുവാന്‍ നിന്നുമ്മയല്ലാതെ
പ്രിയതരമെന്തുണ്ട് ഉലകില്‍ പ്രിയേ !
ഇമകളില്‍ , കപോലങ്ങളില്‍ ഒഴുകിയവ
ഒടുവിലീ അധരത്തില്‍ വന്നു മരിച്ചീടുന്നു .

മഴയും വേനലും ശൈത്യവും ഇടകലര്‍-
ന്നൊരു വ്യാഴവട്ടം കടന്നു പോകിലും
ഒരുനാളും മുടങ്ങാതെ അര്‍ച്ചന ചെയ്യുവാ-
നരുമയാം ഓമല്‍ നീ അരികില്‍ വേണം .

കളിയായും കാര്യത്തിന്‍ ശരിയായുമെന്നും
പരിഭവം പറഞ്ഞും പിണങ്ങിയും
മിഴിനീര്‍ പൊഴിച്ചും കോപിച്ചും നഖമുന
അടയാളമിട്ടും ഓര്‍മ്മകള്‍ കൊഴിയണം.

കാത്തിരിപ്പിന്‍ സുഖം അകതാരിലറിയാന്‍
വിരഹത്തിന്‍ നോവ്‌ മനസ്സില്‍ പകരാന്‍
പരിഭവപ്പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍
ഒരു പുതപ്പില്‍ ഒരുമിച്ചുറങ്ങാന്‍ വരിക നീ
---------------------------ബിജു ജി നാഥ്

മോഹനം


അകലുവാനാകാതെ
അകതാരില്‍ വിരിയുന്ന
പാരിജാതസൂനമേ നിന്‍
മിഴികളിലുമ്മ വയ്ക്കുന്നു ഞാന്‍.
---------------------ബി ജി എന്‍

Saturday, March 21, 2015

വരും കാലം വരണ്ട കാലം


തണല് പെയ്യാന്‍ ഒരു മരമില്ല ചുറ്റിനും
കനല് പെയ്യുന്നൊരീ സൂര്യ താപത്തിലും
കടല് പോലെ പരന്നു കിടക്കുമീ കര
യിലെങ്ങുമേ ജലമില്ല കനവിന് പോലും.

വരും തലമുറ തേടും ജലാശയകുളിര്‍, മണ
ലാരണ്യ മനുഷ്യനാദ്യം തിരഞ്ഞപോല്‍.
ഒരു കുടന്ന ജലത്തിനായ്‌ പോലുമേ
ഉയിരെടുക്കുന്നൊരു കാലം വരുമന്നു .

ഒരു മരം നട്ടാലൊരു തണല്‍ കൊടുത്താല്‍
വരും കാലം നമ്മള്‍ തന്‍ കുഞ്ഞുങ്ങള്‍
കേഴുകില്ലവര്‍ പിതാമഹന്മാരുടെ വീര
സാഹസ പാഴ്കഥകള്‍ ഓര്‍ത്ത്‌ തെല്ലുമേ .

മലിനമാക്കുന്ന ജലാശയങ്ങള്‍ക്കരികില്‍
ചങ്കു തകര്‍ന്നൊച്ചവയ്ക്കും മനുഷ്യരെ,
നോക്ക് കൊണ്ട് പോലും നോവിക്കാത്ത
പതിത കാലമേ നിങ്ങള്‍ പറയുക.

പറയുക നിങ്ങള്‍ കിടാങ്ങളോട് ചുറ്റിനും
നടുക നിങ്ങള്‍ മരങ്ങള്‍ മതിയാവോളം
അനുവദിക്കുക മണ്ണിന്റെ ദാഹം തീര്‍ക്കും
മഴജലത്തെ ആഴ്ന്നിറങ്ങീടുവാന്‍ ആവോളം .

മലിനമാകും ജലപാതകള്‍ രക്ഷിക്കാന്‍
ഉയിര്‍ കൊടുക്കാന്‍ തയ്യാറെടുക്ക നാം
ഒരുയിര്‍ കൊണ്ട് നാളെതന്‍ പുലരിയില്‍
പല ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കട്ടെ പാരില്‍.
-------------------------------------ബിജു ജി നാഥ്
(ഓരോ കുഞ്ഞുങ്ങളും , ഓരോ മുതിര്‍ന്നവരും ഓരോ മരം നടുക ഓരോ പിറന്നാളിലും . ഓരോ വീടുകളും തങ്ങളുടെ മണ്ണിനെ സിമന്റു പുതപ്പില്‍ നിന്നും മോചിപ്പിക്കുക . മഴവെള്ളം മണ്ണിന്റെ ദാഹം തീര്‍ക്കട്ടെ . ഇന്ന് നിങ്ങള്‍ കാണിക്കുന്ന ആഡംബരം നാളെ നിങ്ങളുടെ തലമുറയുടെ ശാപം ഏറ്റുവാങ്ങാന്‍ ഉള്ളതാകാതിരിക്കട്ടെ . ഇന്ന് നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നാളെ നമ്മുടെ തലമുറയുടെ നന്മയ്ക്ക് ഉതകുന്നതാകട്ടെ . )




Friday, March 20, 2015

ഇനി മടങ്ങണം


ഒരു വാക്കിനാല്‍ , നോക്കിനാല്‍
പിരിഞ്ഞു പോകാന്‍ കഴിയുമെങ്കില്‍,
വിടപറയും സന്ധ്യകളെന്തിനാകും
കവിളുകള്‍ ചുവപ്പിച്ചു കടന്നുപോകുവത് !


വാതിലുകള്‍ അടച്ചു ഭദ്രമാക്കി
വാക്കുകള്‍ വിഴുങ്ങി വിശപ്പടക്കി
നേര്‍ത്ത തിരശ്ശീലഞൊറികള്‍ പോലെ
ഓര്‍മ്മകളന്യമാക്കി ഇരുള്‍ വരുന്നു.

നിശബ്ദതയെ ഗാഢം പുണര്‍ന്നു
രാവിന്‍ ഇരുള്‍ വണ്ടി കടന്നുപോകും
നോവിന്റെ മൗനം ചുമലേറ്റി മെല്ലെ
പുലരി മിഴിനീര്‍ തുറന്നു നോക്കും .

പ്രതീക്ഷകള്‍ തന്‍ കിരണങ്ങള്‍ ഭൂമി
തന്‍ നാഭിയില്‍ മുത്തമിടുമ്പോള്‍
ഉണരാതുറങ്ങുവാന്‍ മോഹിച്ചു ഞാനും
ഉറങ്ങാന്‍ കഴിയാതിരുളില്‍ പകച്ചിങ്ങനെ.

ഈ വര്‍ണ്ണപ്രപഞ്ചത്തിന്‍ മാര്‍ത്തടത്തില്‍
ഒരു കുഞ്ഞുതരിയായ് ജീവനിട്ടെങ്കിലും
തരിപോലുമിച്ഛയില്ലിന്നു കണ്ടു നില്‍ക്കാന്‍
നരച്ച നിറങ്ങള്‍ നല്‍കുമീ ജീവിതത്തെ.

ചുറ്റും വിടപറഞ്ഞകലുന്ന വര്‍ണ്ണ
സ്വപ്‌നങ്ങള്‍ തന്‍ ശൂന്യത നിറയവേ
ഒട്ടും മടിയില്ലകന്നു പോകാനീ
സ്വച്ഛന്തലോകമേ നിന്നെ വിട്ടു.
-----------------ബിജു ജി നാഥ്

Thursday, March 19, 2015

വാഴ്ത്തപ്പെടുന്നവര്‍


മണി കൊടുത്താല്‍ മണിമണി പോല്‍
വാഴ്ത്തപ്പെടലുകള്‍ മൊഴിമുത്താകും .
ചിരിയായും, ചെറുചൂടുള്ള വരികളായും
ഉയരങ്ങളിലെത്താന്‍ തൂണുകളുണ്ടാവും.

വറുതിയുടെ, പൊറുതിയുടെ, വേദനതന്‍
മുള്ളുകളുടെ കദനകഥകളില്‍ വീണിടും
താളുകള്‍, കണ്ണീരില്‍ പൊതിഞ്ഞു വയ്ക്കും
പിന്നെ വാനോളം ഉയരത്തില്‍ പുകഴ്ത്തും.

പ്രണയം പൊള്ളിപ്പിടയും ചിലയിടങ്ങള്‍,
വിരഹം വരണ്ടു പൊട്ടും ചില കാലങ്ങള്‍,
വിശപ്പിന്റെ കിനാവള്ളികള്‍ ചുറ്റി വരിയും.
വെറുപ്പിന്റെ കഷായം കുടിച്ചു ഛര്‍ദ്ദിക്കും .

ഒടുവില്‍ ഇരിപ്പിടം നേടിയെന്നുള്ളോരു
ചിരിയുണ്ടവസാന ലക്‌ഷ്യം പോലെ.
വന്ന വഴികള്‍ മറന്നും,താങ്ങിനിര്‍ത്തിയ
ശിരസ്സുകള്‍ ചവിട്ടിയും ഉയരങ്ങള്‍ താണ്ടും
മിഥ്യയെന്നും വാഴ്ത്തപ്പെടുന്നവന്റെ ജാതകം.
----------------------ബിജു ജി നാഥ്

സ്നേഹം


അലിയാതെ അടരാതെ
ഒരു മുത്തു പോല്‍ നിന്‍
മിഴിയോരം കാണുമീ
മഴവില്‍കണികയെ
അധരങ്ങള്‍ കൊണ്ട്
ഞാന്‍ ഒപ്പിയെടുക്കുമ്പോള്‍
സഹനങ്ങള്‍ തന്‍
ഉപ്പു കണം രുചിക്കുന്നുവോ !
----------------ബിജു ജി നാഥ്

Tuesday, March 17, 2015

ഉണ്മ തേടി


ഏരിയും മനസ്സിന് കുളിരേകുവാന്‍ നിന്‍
ചിരിയില്‍ പൊതിയും മൊഴികള്‍ മതി.
ഹൃദയം പൊടിയും വേദനയേകാന്‍ നിന്‍
നിരാകാരപ്പൊരുളിന്‍ നേരുകള്‍ മതി .
എങ്കിലും തമസ്സേ  നിന്നെ ഞാനെന്തേ
ഉയിരിലും മേലേ സ്നേഹിപ്പതിങ്ങനെ ...
---------------------------ബിജു ജി നാഥ്

Monday, March 16, 2015

വൈതരണി


നമുക്കിടയിലുണ്ടൊരു മതില്‍ !
എന്റെ ഇഷ്ടങ്ങള്‍ക്കും
നിന്റെ ഇഷ്ടങ്ങള്‍ക്കുമിടയിലായി
അദൃശ്യമായൊരു ഭിത്തി .
ഭേദിക്കുവാന്‍ ഞാനും
സംരക്ഷിക്കുവാന്‍ നീയും
അഹോരാത്രം പണിപ്പെടുമ്പോള്‍
നമുക്കിടയില്‍ പ്രണയം ജനിക്കുന്നു .
------------------ബിജു ജി നാഥ്

Saturday, March 14, 2015

ആഗോളകമ്പോളം


ഹേ ആയുധ വ്യാപാരി...
നിന്റെ കളിക്കോപ്പുകള്‍ വിറ്റു നീ നേടുന്നതോന്നും
നിന്റെ കുഞ്ഞുങ്ങളുടെ
സന്തോഷം,മനസ്സമാധാനം,
തിരികെ തരില്ലെന്നറിയുക .

വരിക നീ
യുദ്ധം കഴിഞ്ഞ ഗ്രാമങ്ങളിലേക്ക് വരിക .
വെടിയുണ്ടകള്‍ തറച്ചു മുറിവേറ്റ
ചുമരുകളില്‍ പതിഞ്ഞ ചോരക്കറകള്‍ കാണുക നീ .
ഉടഞ്ഞു ചിതറിയ മണ്‍പാത്രങ്ങളില്‍
ഉണങ്ങി വരണ്ട വറ്റുകള്‍ കാണുക .

അംഗഭംഗം വന്ന പുരുഷാരങ്ങള്‍ തെരുവില്‍
വാല്‍ നഷ്ടമായ പല്ലികളെ പോലിഴയുന്നത് കാണുക .
നക്ഷത്രങ്ങള്‍ കളവു പോയ പിഞ്ചു കണ്ണുകളില്‍
ജീവിതത്തിന്റെ വര്‍ത്തമാനകാലം തിരയുക .

ഒരു പിടി അന്നത്തിനു വേണ്ടി
ശാപങ്ങള്‍ ഉരുവിട്ട് ചാക്ക് കട്ടിലുകളില്‍ ഞരങ്ങും
ഭൂതകാലങ്ങളെ കാണുക
വിശക്കുന്ന ശൈശവങ്ങള്‍ക്ക് വേണ്ടി
തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന അമ്മമാരെ കാണുക.
മരിയ്ക്കുവാന്‍ മടിച്ചു ജീവിക്കാന്‍ വേണ്ടി മാത്രം
വസ്ത്രമുരിയുന്ന യൗവ്വനങ്ങളെ കാണുക .

ഒരു നാണയത്തുട്ടിന്നായ്
സഹജീവിയുടെ കഴുത്തറുക്കുന്ന
ക്ഷുഭിതയൌവ്വനങ്ങളെ കാണുക.
നീ വിലപറഞ്ഞു വിറ്റതോന്നും
സമൃദ്ധിയായിരുന്നില്ല എന്നറിയുക.

ഇനി നീ പറയുക
നിന്റെ കുട്ടികള്‍ക്കെന്തുകൊണ്ട്
ശാന്തിയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നില്ലെന്ന്
ഇനി നീ പറയുക ......
----------------ബിജു ജി നാഥ്

Friday, March 13, 2015

ഗതികേട്

ജനാധിപത്യം മരിച്ചൊരു നാട്ടില്‍
മരുവുന്നിന്നും ജനം മൂഢസ്വര്‍ഗത്തില്‍
കഞ്ഞി വച്ചും കറി വച്ചും പിന്നെയും
കള്ളന്മാരെ ഊട്ടുന്നു നിത്യവും വൃഥാ
-----------------------------ബി ജി എന്‍

വെളിപാടുകള്‍


"ആത്മാവിനെ ആണ് നിങ്ങള്‍ സ്നേഹിക്കുന്നത് എങ്കില്‍
ശരീരത്തെ നിങ്ങള്‍ മറക്കണം
ശരീരത്തെ ആണ് നിങ്ങള്‍ സ്നേഹിക്കുന്നത് എങ്കില്‍
ആത്മാവിനെ തിരയുകയുമരുത് ."
ഇവ രണ്ടും നിങ്ങള്‍ക്ക് സ്വന്തമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍ !
----------------------------------------ബി ജി എന്‍

Thursday, March 12, 2015

കാത്തിരിപ്പിന്റെ സുഗന്ധം


പ്രതീക്ഷകളുടെ പകലിരവുകളിലെങ്ങോ
പരാഗണ പാദങ്ങളുമായൊരു  ശലഭം
ജീവിതത്തിന്‍ സൂനമതിലുമ്മ വയ്ക്കേ
കരിഞ്ഞു തുടങ്ങുമിലകള്‍ മിഴിതുറക്കുന്നുവോ!

അകലയെങ്ങോ കാണാത്തീരത്തില്‍.ആരും
അരികിലില്ലാത്തൊരു കൊച്ചു പതംഗം.
ഇലകളില്ലാ ശിഖിയില്‍ വെറുമിരുള്‍ നോക്കി
ഇമകള്‍ ഈറനായുറങ്ങാന്‍ ശ്രമിക്കുന്നു.

മെയ് പകുത്തു കൊടുത്തൊരു സാധ്വിതന്‍
മുഖമടച്ചാട്ടിയൊരുനാള്‍ പടിയിറക്കുമ്പോള്‍
മനമതിലില്ലാ കേവലം ദുഖത്തിന്‍ നിഴലെന്നു
സാക്ഷ്യം പറയുന്നൊരുഷ്ണവാതത്തീക്കാറ്റ്.

സാന്ത്വനമായി ജീവിതം തന്നിരുബാഹുക്കള്‍
പാശങ്ങളില്‍ ബന്ധിക്കും കാലമിതില്‍
മോഹിക്കുവാന്‍ മുന്നിലൊന്നുമില്ലാതിരുള്‍ നോക്കി
ഉറവവറ്റിയ മിഴിക്കിണറുകള്‍ തപിക്കുന്നു .

പ്രണയത്തിന്‍ തപ്ത നിശ്വാസക്കടലില്‍
വ്രീളാവിവശയായി ജീവിതം തിരയുമ്പോള്‍
ഇടറി വീഴും തനുവില്‍ ചവിട്ടി അകലുന്നുവോ
മാംസദാഹം കൊതിക്കും സൃഗാലജന്മവും.

ജനിമൃതികള്‍ക്കപ്പുറം ജീവന്റെ നേരറിയും
പതിതകാലങ്ങള്‍ മാറി മറിയുമ്പോള്‍,സ്വയം
എരിഞ്ഞു തീരാന്‍ കൊതിക്കുന്ന കര്‍പ്പൂരമായ്
ദീപനാളം തേടും മനം കണ്ടറിയുന്നേന്‍.

സമദൂരം പങ്കിട്ട് യാത്ര ചെയ്യുവാന്‍ ഒരാള്‍
പാര്‍ശ്വമതില്‍ തയ്യാറെടുക്കുകില്‍ ,പിന്നെ
ചിന്തയെന്തിനു മറ്റൊന്നായി മനമൊരു
ചങ്ങലക്കിലുക്കത്തില്‍ തളയ്ക്കണം വൃഥാ!
------------------------------------ബിജു ജി നാഥ്

Monday, March 9, 2015

ദലമര്‍മ്മരങ്ങള്‍


മിഴികളടച്ചു നീയുറങ്ങുമീ രാവില്‍
മൊഴികളടച്ചു ഞാന്‍ കാവലാകും.
മനസ്സ് പൊടിഞ്ഞെഴുതുവാനായ്
മഷിയായെന്‍ ഹൃത്തിന്‍ നിണമുണ്ട്.

അധികമായൊന്നും ചോദിച്ചതില്ല-
വനിയില്‍ പ്രിയേ ഞാനൊരിക്കലും.
നിന്‍ പ്രണയവും മൃദുസ്മേരവും
മധുരമോലും കുഞ്ഞു ചുംബനങ്ങളും
നേടി മരണം വരേയ്ക്കും കഴിയാന്‍
കൊതിപൂണ്ട്‌ വന്നൊരീ വികലജന്മം
നിന്റെ വഴികളില്‍ ചരല്‍ക്കല്ലാകുന്നുവോ !

പടരും കണ്ണുനീര്‍ തുടച്ചു നീയിരുളില്‍
പിടയും മനസ്സിനെയൊളിപ്പിച്ച്
തെരുതെരെയകലേക്ക് തള്ളിയെറിയുമ്പോള്‍
തകരുന്ന നിന്‍ മനമറിയുന്നു ഞാന്‍.

ചിരിപാകി മുഖമാകെ വികൃതമാക്കിയിന്നു-
നിന്‍ പൂമുഖത്തിണ്ണയില്‍ ഞാനിരിക്കെ.
അറിയുക നിന്‍ മുഖം കണ്ടീടെണം 
മരണം വന്നെന്നെ കൊണ്ട് പോകും വരെ.
--------------------------ബിജു ജി നാഥ്

ഇനി ഞാന്‍ ഉറങ്ങട്ടെ ... പി കെ ബാലകൃഷ്ണന്‍ . ഒരു ആസ്വാദനക്കുറിപ്പ്

പി കെ ബാലകൃഷ്ണന്‍ (1926 - 1991 )
എന്റെ വായനയില്‍ ഈ പേര് ഉയര്‍ന്നു നിന്നിരുന്നത്  "ജാതി വ്യവസ്ഥിതിയും കേരളചരിത്രവും" തന്ന സ്ഫോടനാത്മക വായന മാത്രമായിരുന്നു . പക്ഷെ ഈ വിരലുകളുടെ , ചിന്തയുടെ എല്ലാ കഴിവും ഊര്‍ജ്ജവും ഒരുപക്ഷെ അവകാശപ്പെടുക "ഇനി ഞാന്‍ ഉറങ്ങട്ടെ " എന്ന കൃതിയില്‍ കൂടി ആയിരിക്കണം . മുഖപുസ്തകത്തില്‍ ഞാന്‍ എന്റെ വായനകളെ പരിചയപ്പെടുത്തുകയും പുതിയ വായനകളെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ ഒരു സ്നേഹിതനും അധ്യാപകനും ആയ പ്രസന്നന്‍മാഷ്‌ ആണ് എനിക്ക് ഈ പുസ്തകം നിര്‍ദ്ദേശിച്ചത് . ഇതുവരെ എന്റെ വായനയില്‍ ഞാന്‍ മനസ്സില്‍ ചേര്‍ത്തു പിടിച്ചതും ഇഷ്ടം കൊണ്ട് വാങ്ങി സ്വന്തമാക്കിയതും ആയ പുസ്തകം ആയിരുന്നു എം ടി യുടെ 'രണ്ടാമൂഴം'. പക്ഷെ ഇപ്പോള്‍ എന്റെ മനസ്സില്‍ ഈ പുസ്തകം കടന്നു കൂടുകയും രണ്ടാമൂഴത്തോട് ഒരു വശത്തേക്ക് നീങ്ങി തുല്യ സ്ഥാനം തരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ ഒരു അനുഭവത്തിനു മുന്നില്‍ ഇരുന്നു കൊണ്ട് ഞാന്‍ ഈ പുസ്തകത്തെ "എന്റെ വായന"യില്‍ ഒന്ന് പരിചയപ്പെടുത്താന്‍ ഒരു പാഴ് ശ്രമം നടത്തട്ടെ .
കാരണം ഈ പുസ്തകത്തെ പരിചയപ്പെടുത്താനോ ഇതിനെ കുറിച്ച് എഴുതാനോ ഞാന്‍ അശകതനാകുന്നു . എന്റെ ഓര്‍മ്മയില്‍ കുട്ടിക്കാലത്ത് വായിച്ചും ടി വി പരമ്പരകളില്‍ കണ്ടും നിറഞ്ഞു നിന്ന ഒരു കഥാപാത്രമായിരുന്നു അര്‍ജ്ജുനന്‍ . കാലാന്തരത്തില്‍ ഞാന്‍ അര്‍ജ്ജുനനെയും മഹാഭാരതത്തെയും വിസ്മൃതിയിലേക്ക് തള്ളി എങ്കിലും പലപ്പോഴും അര്‍ജ്ജുനനൊപ്പമോ അതിനു മേലെക്കോ കര്‍ണ്ണന്‍ കടന്നു വരുന്ന കാഴ്ച എനിക്ക് അനുഭവപ്പെട്ടിരുന്നു . സ്വന്തം ജന്മത്തിന്റെ പാപം പേറുന്ന അഭിമാനിയും ത്യാഗിയുമായ ഒരു വീരന്‍ ആയി കര്‍ണ്ണന്‍ എന്നില്‍ വന്നു പോയെങ്കിലും മനസ്സില്‍ ഒരിടം ഞാന്‍ നല്‍കിയിരുന്നില്ല . ജീവിതത്തില്‍ ജന്മത്തില്‍ രണ്ടാമനായ എനിക്ക് വൃകോദരനോട് ഉണ്ടായത് ഒരു തരം ആത്മാംശം തോന്നുന്ന ഇഷ്ടം തന്നെയായിരുന്നു . ഞാനൊരു ബലവാനല്ല എങ്കിലും. എല്ലാ ചിന്തകള്‍ക്കും മേലെ എന്നെ ഭീമന്റെ നിസ്സഹായതയും , ഒറ്റപ്പെടലും വല്ലാതെ നോവിച്ചിരുന്നു .
ഇപ്പോള്‍ ഈ വായന കഴിയുമ്പോള്‍ കര്‍ണ്ണന്‍ എന്റെ മുന്നില്‍ എല്ലാവര്‍ക്കും മീതെയൊരു മഹാമേരുവായി നില്‍ക്കുന്നത് ഞാന്‍ അനുഭവിച്ചറിയുന്നു . കൌമാരത്തിന്റെ തമാശയില്‍ കുന്തിക്ക് പിറന്ന കര്‍ണ്ണന്‍ ജനിച്ചപ്പോള്‍ തന്നെ നദിയിലേക്ക് ഒഴുക്കപ്പെടുകയാണ് . ഇന്നത്തെ കാലത്ത് അമ്മത്തൊട്ടിലില്‍ തട്ടപ്പെടുന്ന പരശതം കര്‍ണ്ണന്മാരെ പ്രതിനിധാനം ചെയ്തു കൊണ്ട് ആ ബാലന്‍ സൂത പുത്രനായി ഹസ്തിനപുരിയില്‍ വളരുക അജ്ഞാതന്‍ ആയിത്തന്നെ ആണ് എന്ന് മനസ്സിലാക്കുന്നു . ആ യുവാവിന്റെ ആത്മ ബലവും ധൈര്യവും ആദ്യമായി ലോകം കാണുന്നത് യുവരാജാക്കന്മാരുടെ ശക്തി പ്രകടന വേദിയില്‍ വച്ച് ആണ് . സധൈര്യം ആ വേദിയില്‍ എത്തി രാജകുമാരന്മാരെ ,തനിക്കു നേരെ നില്ക്കാന്‍ കഴിവില്ലാത്ത അര്‍ജ്ജുനാദികളെ നോക്കി വെല്ലു വിളിക്കാന്‍ ഉള്ള ആ ചങ്കൂറ്റം അതാണ്‌ കര്‍ണ്ണന്‍ . കഥയില്‍  ആണെങ്കിലും വീര പരിവേഷത്തോട് കൂടി നില്‍ക്കുന്ന ആ രൂപം മനസ്സിനെ നന്നായി സ്വാധീനിക്കുന്നു .
ജന്മത്തിനെ ഓര്‍ത്തുള്ള അപഹാസങ്ങളെ എന്നും ഏറ്റു വാങ്ങി തല കുനിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ജന്മം ആണ് ഇവിടെ കര്‍ണ്ണന്‍ . സദസ്സില്‍ ഭീഷ്മാദികളില്‍ തുടങ്ങി യുദ്ധ നിലങ്ങളില്‍ പോലും വിടാതെ പിന്തുടരുന്ന അസ്ഥിത്വം അതൊരു ഭീകരമായ അവസ്ഥ തന്നെയാണ് . വീരനാണ് കര്‍ണ്ണന്‍ എന്നതിനും അവനെ ജയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നുമുള്ള അറിവിന്റെ അവസാനമാണ് ചതുരനായ കൃഷ്ണനും , ഇന്ദ്രനും , കൌശലക്കാരിയായ കുന്തിയും , ഭീഷ്മരുമെല്ലാം അവന്റെ മനസ്സിനെ നോവിച്ചു കൊണ്ടും ,അവനെ തളര്‍ത്തിക്കൊണ്ടും കൌന്തേയന്‍ ആണ് കര്‍ണ്ണന്‍ എന്നുള്ള വെളിപ്പെടുത്തലുകള്‍ ഓരോ ഘട്ടങ്ങളില്‍ ആയി അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നത് . വളരെ ശ്രദ്ധിക്കേണ്ട കാര്യമാണത് . ഓരോ ഘട്ടത്തിലും അവര്‍ക്ക് ഓരോ ന്യായം ഉണ്ട് അത് പറയാന്‍ പക്ഷെ പറയാതെ പറയുന്ന ഒരു വസ്തുത കര്‍ണ്ണന്‍ മറുവശം നിന്നാല്‍ പാണ്ഡവര്‍ മരിക്കും എന്നുള്ള ഭയം തന്നെ ആണ് . അതിനാല്‍ തന്നെയാണ് കൃഷ്ണനും , പിന്നെ കുന്തിയും കര്‍ണ്ണനോട് തന്റെ ജന്മരഹസ്യം പറഞ്ഞു ഉറപ്പുകള്‍ നേടുന്നത് . കൃഷ്ണന് ആവശ്യം കര്‍ണ്ണന്റെ മനസ്സ് തകര്‍ക്കുകയായിരുന്നു എങ്കില്‍ കുന്തിക്ക് തന്റെ അഞ്ചു മക്കളെയും സംരക്ഷിക്കുക എന്നതിനപ്പുറം നാണക്കേടില്‍ പിറന്ന കര്‍ണ്ണന്‍ കൂടെ വേണമെന്നുള്ളതല്ല . കാരണം അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എങ്കില്‍ കുന്തിക്ക് തന്റെ മക്കളോട് സത്യം വെളിപ്പെടുത്തുകയും ഈ ദുഖഭാരം കാട്ടിയ ധര്‍മ്മപുത്രര്‍ യുദ്ധം തന്നെ വേണ്ട എന്ന് വയ്ക്കുകയും ചെയ്തേനെ . അത് അവരുടെ വിജയവും ആയേനെ .
ഇന്ദ്രന്‍ തന്‍റെ പുത്രന്റെ വിജയത്തിന് വേണ്ടി കവച കുണ്ഡലങ്ങള്‍ ഇരന്നു വാങ്ങി പുരുഷത്വത്തിനു കളങ്കം വരുത്തുകയും പുത്രന്റെ കഴിവുകേട് തുറന്നു സമ്മതിക്കുകയും ചെയ്തു . യുദ്ധഭൂമിയില്‍ മരണം കാത്തുകിടന്ന ഭീഷ്മരും ചെയ്തത്  യുദ്ധ ഭാരം ഏറ്റെടുക്കാന്‍ പോകുന്ന കര്‍ണ്ണന്റെ മനസ്സിലേക്ക് അവസാന ആണി എന്ന പോലെ അവന്റെ അസ്ഥിത്വം വെളിപ്പെടുത്തുകയായിരുന്നു .
കര്‍ണ്ണന്‍ ആണൊരുത്തന്‍ ആയിരുന്നു . എന്തൊക്കെ സംഭവിച്ചാലും തന്റെ വാക്കുകള്‍ക്കും തനിക്കു തുണയായിരുന്നവര്‍ക്കും ഒരിക്കലും ഹാനി സംഭവിക്കാതിരിക്കാന്‍ അയാള്‍ സദാ ജാഗരൂകരായിരുന്നു . സ്വയം മരണം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ പോലും താനൊരിക്കലും പിന്മാറില്ല എന്നത് അയാളുടെ വ്യക്തിത്വം വിളിച്ചോതുന്നു .
വാക്കുകള്‍ പാലിക്കാന്‍ വേണ്ടി മാത്രം പാണ്ഡവരെ കൊല്ലാതെ വിടുന്ന കര്‍ണ്ണന്‍ ശരിക്കും കൌരവര്‍ക്ക് തോല്‍വിയിലും മധുരമുള്ള വിജയം സമ്മാനിക്കുകയായിരുന്നു . തന്റെ അനുജന്മാരെ കൊല്ലാതെ വിടുമ്പോഴും തന്റെ മകനെ കൊന്ന അര്‍ജ്ജുനനോട് അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിയില്ലായിരുന്നു . പക്ഷെ ആയുധം കയ്യില്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ കര്‍ണ്ണനെ കൊന്നു കൊണ്ട് അതും കൃഷ്ണന്റെ ചതുര വാക്കുകളാല്‍ തലയറുത്ത് കൊണ്ട് തന്റെ മരണം തട്ടി നീക്കുകയായിരുന്നു അര്‍ജ്ജുനന്‍ ചെയ്തത് . പാണ്ഡവര്‍ ആരും തന്നെ യോദ്ധാക്കള്‍ അല്ലായിരുന്നു കര്‍ണ്ണന്റെ മുന്നില്‍ എന്നത് വളരെ വ്യക്തമായി കാണാന്‍ കഴിയും ഓരോ വായനയിലും .
ഇവിടെ കര്‍ണ്ണനെ തുറന്നു കാണിക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും മറുപക്ഷത്ത് നിര്‍ത്തിയത് ദ്രൌപതിയെ ആയിരുന്നു . പാഞ്ചാലി തന്റെ അഞ്ചു ഭര്‍ത്തക്കന്മാരിലും സുരക്ഷ ലഭിച്ച ഒരുവള്‍ അല്ല . ശരിക്കും അവളുടെ ചിന്തയില്‍ വരും പോലെ അവള്‍ ആരെയാണ് പ്രണയിച്ചിരുന്നത് എന്നത് അവള്‍ക്ക് പോലും അജ്ഞാതമായ ഒരു വിഷയമായിരുന്നു . ഒരു വേള തന്റെ മാനത്തിനു വിലപറഞ്ഞ സമയത്ത് തന്നെ രക്ഷിക്കാന്‍ വന്ന കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ അവളില്‍ ഒരു ആര്‍ദ്രമായ അവസ്ഥ സംജാതമാകുന്നു എങ്കിലും ഒരിക്കലും പരിരക്ഷയോ പ്രണയമോ ലഭിക്കാതെ പോയ ഒരു സ്ത്രീയായിരുന്നു ദ്രൗപതി. ഭര്‍ത്താക്കന്മാരില്‍ ആര് മരിച്ചാലും വിധവയാകേണ്ടി വരുന്നവള്‍ , ഊഴം കാത്തിരുന്നു തന്റെ ഇണയെ കണ്ടെത്തെണ്ടിയിരുന്നവള്‍ , കൌരവ സഭയില്‍ രാജസ്വലയായിരുന്ന അവസ്ഥയില്‍ വസ്ത്രാക്ഷേപം നേരിട്ടപ്പോഴോ , വിരാട സദസ്സില്‍ കീചകന്‍ തള്ളിയിട്ടു ആസനത്തില്‍ തൊഴിച്ഛപ്പോഴോ വീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരും നിര്‍ഗുണന്മാരായി അരികിലോ പരിസരത്തോ ഉണ്ടായിരുന്നു . ഒരിക്കലും ഒരു അപകട സന്ദര്‍ഭത്തില്‍ അവര്‍ക്ക് അവളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുമില്ല .
ഓരോ കാലങ്ങളിലും ഭയവും , സങ്കടവും , വേദനകളും കൊണ്ട് ഉറങ്ങാന്‍ കഴിയാതിരുന്ന ഒരു സ്ത്രീ രത്നം . ഒടുവില്‍ വീരന്മാര്‍ എന്ന് കരുതിയ ഭര്‍ത്താക്കന്മാര്‍ യുദ്ധക്കളത്തില്‍ വെറും ഭീരുക്കള്‍ ആയി മാറിയ കാഴ്ച കൂടി കണ്ടു നടുങ്ങി ഇരിക്കുന്നത് എത്ര ദയനീയമായ കാഴ്ചയാണ് . ഒടുവിലൊടുവില്‍ അവളുടെ മനസ്സില്‍ ഒരു വീരനായി , പുരുഷനായി തെളിയുന്നത് പോലും കര്‍ണ്ണന്‍ ആണെന്നതില്‍ നിന്നും അവളൊരിക്കലും ജീവിതത്തില്‍ സാന്ത്വനമോ സംതൃപ്തിയോ ലഭിച്ച ഒരു ഭാര്യയോ അമ്മയോ ആയിരുന്നില്ല എന്നത് വരച്ചു കാണിക്കുന്നു വായനയില്‍.
പിന്നാലെ കൂടി ഓര്‍മ്മയെ കുത്തി വലിക്കുന്ന വായനയാണ് ഈ പുസ്തകം . എന്റെ വായനയെ കൂടുതല്‍ ആഴങ്ങളിലേക്ക് കൊണ്ട് പോകാന്‍ ഇനി വരും വായനകള്‍ സഹായിക്കുമെങ്കിലും ഇനി ഞാന്‍ ഉറങ്ങട്ടെ എന്റെ മനസ്സില്‍ നിന്നും ഒരിക്കലും ഇറങ്ങി പോകില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു . നിങ്ങള്‍ക്കും നല്ലൊരു വായന തരുമെന്ന വിശ്വാസത്തോടെ സ്നേഹപൂര്‍വ്വം ബി ജി എന്‍

Sunday, March 8, 2015

മഴയെ കാമിക്കുമ്പോള്‍


മഴ ദാഹിച്ചൊരു മണ്ണു കേഴുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴനീര്‍ത്തുള്ളികള്‍ മെല്ലെ നാണിച്ചു
മണ്ണിന്‍ നാഭിച്ചുഴിയില്‍ മൂക്കുരസുന്നു.

മഴ മോഹിച്ചൊരു പുഴ കരയുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴപെയ്യുന്നു ശരമാരി പോലെ
പുഴയുടെ അരഞ്ഞാണം പൊട്ടുന്നു .

മഴ മോഹിച്ചൊരു കുന്നു വിതുമ്പുന്നു
മാനം മേഘങ്ങളോടു ദൂതു ചൊല്ലുന്നു
മഴ പെയ്യുന്നു തുള്ളിക്കൊരു കുടം പോല്‍
കുന്നിനടിവയര്‍ പൊട്ടിയൊഴുകുന്നു.

മഴ മോഹിച്ചൊരു മരുഭൂമി വിലപിക്കുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴനൂലുകള്‍ കണ്ണ് പൊത്തി കളിയ്ക്കുന്നു
മരുഭൂമിയില്‍ കുഴിയാന കൂട് വയ്ക്കുന്നു .
-----------------------------ബിജു ജി നാഥ്
(അപൂര്‍ണ്ണമായ ഒരു മഴയോര്‍മ്മ മാത്രമാണിത് . കാലങ്ങളും ദേശങ്ങളും ഭാവങ്ങളും മാറുന്നത് പോലെ മഴയുടെ പ്രണയിതാക്കളും മാറുന്നുണ്ട് . എവിടെയോ ഒക്കെ മഴ ദിശമാറി പെയ്യുന്നുണ്ട് , കാലം തെറ്റിയും , ഓര്‍ക്കാപ്പുറത്തും , അനാവശ്യമായുമൊക്കെ മഴ പെയ്തുകൊണ്ടേയിരിക്കുന്നുണ്ട് . അതിനാല്‍ തന്നെ ഈ മഴ നിലയ്ക്കാത്ത ഒരു ഗാഥയാണ് .)

Saturday, March 7, 2015

അകലങ്ങളില്‍ നാം


കണ്ണുകള്‍ കാണാത്ത ദൂരങ്ങളില്‍
മനസ്സുകള്‍ സഞ്ചരിക്കാത്തിടങ്ങളില്‍
വാക്കുകളില്‍ അന്യമാകുന്നിടങ്ങളില്‍
നമ്മില്‍ നാം മരിച്ചു പോകുന്നുവല്ലോ .

ഏകാന്തതയുടെ പശിമ മാറാത്ത
മിഴിനീരു ചാലിച്ച ചിത്രങ്ങളില്‍
കനവിന്റെ നിറമെന്നു കരുതിയാകം
*മഴവില്ല് വിരിയിച്ചേതോ കലാകാരന്‍.

വെറും നിഷേധത്തിന്റെ പുറംവാക്കില്‍
ജാലകങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍
ശ്വാസം മുറിഞ്ഞൊരു ഇളം കാറ്റ്
ചങ്ക് പൊട്ടി കുഴഞ്ഞു വീഴുന്നിരുളില്‍ .
---------------------------ബിജു ജി നാഥ്

*പ്രണയത്തിനു ഏഴു നിറമെന്നു ആരോ ചിലര്‍ .

ഏകാന്ത പഥികന്‍

വിരഹം പെയ്തൊഴിയും മഴരാവുകളില്‍
നിന്‍ മൃദുസ്മേരത്തിന്‍ പുതപ്പിനുള്ളില്‍
ഒരു ചുംബനത്തിന്റെ ചെറുചൂടുമായെന്നും
മതിമറന്നുറങ്ങാന്‍ കഴിയാതൊരു മനം.

ഇടറുന്ന പാദങ്ങള്‍ ഗതിയറിയാതിന്നു
മരുവുന്നു രാവുകള്‍ തീക്ഷ്ണമാകും വരെ.
എങ്കിലും നോവിന്റെ മുള്‍മുനയൊന്നുമേ
തന്നില്ല നിന്നുടെ നിദ്ര ഭജ്ഞിച്ചിടാന്‍!

അറിയാതെ പോലുമൊരു മൊഴിയൂതി 
യിന്നു നിന്‍ പകലിന്റെ ചൂളയില്‍ കന-
ലുകള്‍ ഉയിര്‍ത്തുവാന്‍ വരികില്ലെങ്കിലും
എന്നും നിന്‍ ജാലകപടിയിലുണ്ടെന്‍ മനം.
---------------------------ബിജു ജി നാഥ്

Friday, March 6, 2015

അടയാളം

ജീവിതത്തില്‍ ഒറ്റപ്പെടുന്നവന്
സ്നേഹമന്യമാകുന്നത് പോലെ
വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍
ഭൂമിതന്‍ മാറില്‍ വടുക്കളാകുന്നു
-----------------------ബി ജി എന്‍

Thursday, March 5, 2015

കരുണാ വാരിധി

കുടിയിലെ പട്ടിണി മാറാന്‍
കെട്ടിയോന്റെ കുടി മാറാന്‍
കെട്ടിച്ചുമന്നു മലകേറുന്നുണ്ട്
പൊങ്കാലയിട്ട് മടങ്ങീടുവാന്‍ !
ഇഷ്ടം നേടി മനസ്സു നിറച്ചു
പുണ്യമേന്തി വീടണയുമ്പോള്‍
ഇറ്റ് വറ്റിനു വേണ്ടി കരയും
ദീന വയറുകള്‍ മിഴി തുറക്കുന്നതും
പൂരപ്പാട്ട് അകമ്പടി നല്‍കും
മുതുകെല്ലിന്‍ തായമ്പകയേറ്റി
നെഞ്ചു നീറി വിളിച്ചീടുന്നു വീണ്ടും
പൊങ്കാലചൂട് മാറാത്ത ദേവി തന്‍
കല്യാണ രൂപത്തെ ആര്‍ത്തമായ് .
----------------------ബി ജി എന്‍

Wednesday, March 4, 2015

നരച്ച പകലുകള്‍ക്ക് മുന്നില്‍

ചിറകു നഷ്ടമാകും പറവയും
വിരല്‍ നഷ്ടമാകും എഴുത്താളനും
അന്യമാകുന്ന ആകാശത്തെയോര്‍ത്ത്
വ്യര്‍ത്ഥം കേഴുന്ന കാലങ്ങളില്‍
ചുവന്ന പകലുകളും
വെളുത്ത രാവുകളും ഉണ്ടാകുമത്രേ .
അവിടെ
മനസ്സ് നഷ്ടമായ പൂമ്പാറ്റകള്‍
കടലാസ്സു പൂവുകളെ ഉമ്മ വച്ചും
മഴനീര്‍ മിഴികള്‍ മറച്ചു വച്ചും
വസന്ത ഗീതം പാടും.
അന്ന്
പറയാനാകാതെയും
കാണുവാനാകാതെയും
ജീവിതങ്ങള്‍ ഇരുള്‍ തേടും .
മരണം തിരഞ്ഞു
ഇളംകാറ്റിന്‍ കരിമ്പടം
മഞ്ഞിന്റെ താഴ് വരകള്‍ തോറുമലയും.
അപ്പോഴും
നിന്നെയോര്‍ത്ത് വേദനിക്കുന്ന
ഇണ പ്രാവിന്റെ കുറുകല്‍
ചെവിയോര്‍ത്താല്‍ നിനക്ക് സ്വന്തം!
-------------------ബിജു ജി നാഥ്

വൈധവ്യം

മൈഥുനം മോഹിച്ചു ജീവിതാന്ത്യംവരെ
നീറിപ്പുകയുന്ന കനലല്ല വൈധവ്യം !
ജീവിതം ജീവിച്ചു തീർക്കുവാൻ വേണ്ടി
സമരത്തിലമരുന്ന ദൈന്യതയാണത് .
---------------------------ബി ജി എന്‍ 

Tuesday, March 3, 2015

ചുംബനം

നാവു വരളുന്നു ദാഹനീരിനായി , ഓരോ ഇതളുകളായി നിന്നെ നുണയുവാന്‍ . ഉമിനീരിന്‍ ലവണരസത്തില്‍ ഉയര്‍ന്നു പൊങ്ങും നിന്‍ കാല്‍വിരലുകളെ താങ്ങി നിര്‍ത്താന്‍ ഒരു പരിരംഭണത്തില്‍. അപ്പൂപ്പന്‍ താടിയാക്കാന്‍ മനമേ നീ എന്തിനു തുടിപ്പതിങ്ങനെ.
---------ബി ജി എന്‍ 

നിസ്സഹായത

ചതഞ്ഞ വിരലുകളില്‍
വാക്കുകള്‍ തളരുമ്പോള്‍
എഴുതുവാന്‍ കഴിയാതൊരു
നിഴല്‍ കരയുന്നു രാവിന്നെ നോക്കി
----------------------ബി ജി എന്‍

ക്ഷണികം

വിജയരഥികള്‍ തന്‍ ലോകത്ത് മരുവും
നമ്ര ശിരസ്കരാം ജീവിത നിഴലുകള്‍
അരനാഴിക മുന്നേ നാളമണയുവാന്‍
കൊതിയോടെ പായുന്നോരീയലുകള്‍
-------------------ബി ജി എന്‍ വര്‍ക്കല

Sunday, March 1, 2015

കഥയല്ലിതു ജീവിതം !


ഇലകള്‍ കൊഴിച്ചൊരു വേനല്‍മരമായ്
ഇരുളില്‍ നാളുകള്‍ കഴിച്ചീടുവാനാകണം
അകമേ വേവും നോവിന്റെ ചില്ലുകള്‍ കീറും
മനസ്സുമായിന്നു ചിരിക്കാന്‍ മറന്നു ഞാന്‍ .

ഇണയെ പിരിഞ്ഞൊരു ക്രൗഞ്ചമിന്നു
ഇമകള്‍ വരണ്ടൊരു പുഴയായി മുന്നില്‍
പറയുവാന്‍ മറന്ന വാക്കുകള്‍ വിഴുങ്ങി
പകലിനെ ഭയന്നൊളിക്കുന്നുവോയിന്നു.

അശ്വവേഗം പൂണ്ടു കാലം പായുമ്പോള്‍
യൗവ്വനം പോല്‍ പിരിയുന്നു ബന്ധങ്ങള്‍
നഷ്ടങ്ങളുടെ തുലാസില്‍ തുലനമില്ലാ
കണക്കുകള്‍ തന്‍ പുസ്തകം കെട്ടഴിയുന്നു .

പടിയിറങ്ങുമാത്മാക്കള്‍ നെഞ്ചുരുകിയും
വിടപറയാന്‍ കഴിയാതെ വിങ്ങിയും
വീടാത്ത കടങ്ങള്‍ തന്‍ ഭാണ്ഡം മുറുക്കി
മാറാപ്പു കെട്ടിയകലുന്നു പിന്‍നോട്ടമില്ലാതെ .

അരികിലുണ്ടെങ്കിലും അകലെയാകുന്ന
ജീവിതത്തോണിയില്‍ ഒറ്റയാളാകുമ്പോള്‍
കിളിവാതില്‍ പഴുതിലൂടൊരു കൊച്ചു കാറ്റി-
നിളം തണുപ്പില്‍ തളിരിടാന്‍ കൊതിക്കുന്നു .

അഭിനിവേശത്തിന്‍ ഉന്മാദജ്വരം പകരും
താരകങ്ങള്‍ കണ്ണുചിമ്മും രാവുകളിലെങ്ങും
പരാഗം തേടും ശലഭത്തിന്‍ ചിറകുകള്‍
വിറ കൊണ്ടിരുന്നു കാറ്റില്‍ തിരിനാളം പോല്‍ .

ഒരു കാലവര്‍ഷത്തിന്‍ ഉരുള്‍പൊട്ടലില്‍
കടപുഴകിയൊരു കദളിവാഴ പോല്‍ ഞാന്‍
മച്ചിലെ ചിലന്തി വലകളില്‍ കുരുങ്ങി വീഴും
നിമിഷ ജന്മങ്ങളെ കണ്ടു നാളുകളെണ്ണവേ.

അകന്നു പോയെന്റെ നീലാകാശമെന്നില്‍
നിന്നതി ദൂരം മിഴി നീര്‍ പൊടിയും കാഴ്ച
മറന്നു പോകുവാന്‍ പഠിപ്പിച്ച മനസ്സിലോ
നിലാവസ്തമിച്ച രാവിലോ മറഞ്ഞുവല്ലോ .

അനക്കമില്ലാത്ത ശരീരം ദ്രുതവേഗത്തില്‍
പിടച്ചുണരാന്‍, പാദം നിലത്തുറപ്പിക്കാന്‍
പിടച്ചിലോടെ കാതില്‍ വീണൊരു വാക്കിന്‍
ലാവതന്‍ താപമത് തന്നെ ഔഷധമായതും.

ഇരുട്ടി വെളുക്കുന്നു രാവുകള്‍ പകലുകള്‍
ഇടര്‍ച്ചയോടെ താണ്ടുന്നു പാതകള്‍ മുന്നില്‍ !
ഉറവ വറ്റിയ കണ്ണീര്‍ തടാകങ്ങള്‍ ചൊല്ലും
കളിവാക്കുകളില്‍ പൊരിയും വേദനയുറയുന്നു.

ഉറച്ച വാക്കിനാല്‍ ഉള്ളില്‍ കെട്ടിയുയര്‍ത്തും
ലക്ഷ്യമതില്‍ എത്തിടാന്‍ മനം കുതിക്കെ
ഇടറുന്നുണ്ട് പാദങ്ങള്‍ എങ്കിലും മനസ്സേ
ഇടറാതെ നീ പിടിച്ചെന്നെ നടത്തുക നീളെ .

പരാജിതമാകും മനസ്സെങ്കില്‍ ഉറപ്പിക്കും
പരലോകമെന്നൊരു വേണ്ടാത്ത ചിന്തയില്‍
പരാതിയുമായി നില്‍ക്കും മനസ്സേ നിന്നെ
അകറ്റി നിര്‍ത്തട്ടെ തടയുവാന്‍ കഴിയാതെ .
----------------------ബിജു ജി നാഥ്