Sunday, March 8, 2015

മഴയെ കാമിക്കുമ്പോള്‍


മഴ ദാഹിച്ചൊരു മണ്ണു കേഴുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴനീര്‍ത്തുള്ളികള്‍ മെല്ലെ നാണിച്ചു
മണ്ണിന്‍ നാഭിച്ചുഴിയില്‍ മൂക്കുരസുന്നു.

മഴ മോഹിച്ചൊരു പുഴ കരയുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴപെയ്യുന്നു ശരമാരി പോലെ
പുഴയുടെ അരഞ്ഞാണം പൊട്ടുന്നു .

മഴ മോഹിച്ചൊരു കുന്നു വിതുമ്പുന്നു
മാനം മേഘങ്ങളോടു ദൂതു ചൊല്ലുന്നു
മഴ പെയ്യുന്നു തുള്ളിക്കൊരു കുടം പോല്‍
കുന്നിനടിവയര്‍ പൊട്ടിയൊഴുകുന്നു.

മഴ മോഹിച്ചൊരു മരുഭൂമി വിലപിക്കുന്നു
മാനം മേഘങ്ങളോടു ദൂത് ചൊല്ലുന്നു
മഴനൂലുകള്‍ കണ്ണ് പൊത്തി കളിയ്ക്കുന്നു
മരുഭൂമിയില്‍ കുഴിയാന കൂട് വയ്ക്കുന്നു .
-----------------------------ബിജു ജി നാഥ്
(അപൂര്‍ണ്ണമായ ഒരു മഴയോര്‍മ്മ മാത്രമാണിത് . കാലങ്ങളും ദേശങ്ങളും ഭാവങ്ങളും മാറുന്നത് പോലെ മഴയുടെ പ്രണയിതാക്കളും മാറുന്നുണ്ട് . എവിടെയോ ഒക്കെ മഴ ദിശമാറി പെയ്യുന്നുണ്ട് , കാലം തെറ്റിയും , ഓര്‍ക്കാപ്പുറത്തും , അനാവശ്യമായുമൊക്കെ മഴ പെയ്തുകൊണ്ടേയിരിക്കുന്നുണ്ട് . അതിനാല്‍ തന്നെ ഈ മഴ നിലയ്ക്കാത്ത ഒരു ഗാഥയാണ് .)

2 comments:

  1. മഴ നിലയ്ക്കാത്ത ഒരു ഗാനമാണ്

    ReplyDelete