ഹേ ആയുധ വ്യാപാരി...
നിന്റെ കളിക്കോപ്പുകള്‍ വിറ്റു നീ നേടുന്നതോന്നും
നിന്റെ കുഞ്ഞുങ്ങളുടെ
സന്തോഷം,മനസ്സമാധാനം,
തിരികെ തരില്ലെന്നറിയുക .
വരിക നീ
യുദ്ധം കഴിഞ്ഞ ഗ്രാമങ്ങളിലേക്ക് വരിക .
വെടിയുണ്ടകള്‍ തറച്ചു മുറിവേറ്റ
ചുമരുകളില്‍ പതിഞ്ഞ ചോരക്കറകള്‍ കാണുക നീ .
ഉടഞ്ഞു ചിതറിയ മണ്‍പാത്രങ്ങളില്‍
ഉണങ്ങി വരണ്ട വറ്റുകള്‍ കാണുക .
അംഗഭംഗം വന്ന പുരുഷാരങ്ങള്‍ തെരുവില്‍
വാല്‍ നഷ്ടമായ പല്ലികളെ പോലിഴയുന്നത് കാണുക .
നക്ഷത്രങ്ങള്‍ കളവു പോയ പിഞ്ചു കണ്ണുകളില്‍
ജീവിതത്തിന്റെ വര്‍ത്തമാനകാലം തിരയുക .
ഒരു പിടി അന്നത്തിനു വേണ്ടി
ശാപങ്ങള്‍ ഉരുവിട്ട് ചാക്ക് കട്ടിലുകളില്‍ ഞരങ്ങും
ഭൂതകാലങ്ങളെ കാണുക
വിശക്കുന്ന ശൈശവങ്ങള്‍ക്ക് വേണ്ടി
തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന അമ്മമാരെ കാണുക.
മരിയ്ക്കുവാന്‍ മടിച്ചു ജീവിക്കാന്‍ വേണ്ടി മാത്രം
വസ്ത്രമുരിയുന്ന യൗവ്വനങ്ങളെ കാണുക .
ഒരു നാണയത്തുട്ടിന്നായ്
സഹജീവിയുടെ കഴുത്തറുക്കുന്ന
ക്ഷുഭിതയൌവ്വനങ്ങളെ കാണുക.
നീ വിലപറഞ്ഞു വിറ്റതോന്നും
സമൃദ്ധിയായിരുന്നില്ല എന്നറിയുക.
ഇനി നീ പറയുക
നിന്റെ കുട്ടികള്‍ക്കെന്തുകൊണ്ട്
ശാന്തിയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നില്ലെന്ന്
ഇനി നീ പറയുക ......
----------------ബിജു ജി നാഥ്
അന്ധരെന്തുകാണും!
ReplyDeleteആശംസകള്‍