Thursday, March 12, 2015

കാത്തിരിപ്പിന്റെ സുഗന്ധം


പ്രതീക്ഷകളുടെ പകലിരവുകളിലെങ്ങോ
പരാഗണ പാദങ്ങളുമായൊരു  ശലഭം
ജീവിതത്തിന്‍ സൂനമതിലുമ്മ വയ്ക്കേ
കരിഞ്ഞു തുടങ്ങുമിലകള്‍ മിഴിതുറക്കുന്നുവോ!

അകലയെങ്ങോ കാണാത്തീരത്തില്‍.ആരും
അരികിലില്ലാത്തൊരു കൊച്ചു പതംഗം.
ഇലകളില്ലാ ശിഖിയില്‍ വെറുമിരുള്‍ നോക്കി
ഇമകള്‍ ഈറനായുറങ്ങാന്‍ ശ്രമിക്കുന്നു.

മെയ് പകുത്തു കൊടുത്തൊരു സാധ്വിതന്‍
മുഖമടച്ചാട്ടിയൊരുനാള്‍ പടിയിറക്കുമ്പോള്‍
മനമതിലില്ലാ കേവലം ദുഖത്തിന്‍ നിഴലെന്നു
സാക്ഷ്യം പറയുന്നൊരുഷ്ണവാതത്തീക്കാറ്റ്.

സാന്ത്വനമായി ജീവിതം തന്നിരുബാഹുക്കള്‍
പാശങ്ങളില്‍ ബന്ധിക്കും കാലമിതില്‍
മോഹിക്കുവാന്‍ മുന്നിലൊന്നുമില്ലാതിരുള്‍ നോക്കി
ഉറവവറ്റിയ മിഴിക്കിണറുകള്‍ തപിക്കുന്നു .

പ്രണയത്തിന്‍ തപ്ത നിശ്വാസക്കടലില്‍
വ്രീളാവിവശയായി ജീവിതം തിരയുമ്പോള്‍
ഇടറി വീഴും തനുവില്‍ ചവിട്ടി അകലുന്നുവോ
മാംസദാഹം കൊതിക്കും സൃഗാലജന്മവും.

ജനിമൃതികള്‍ക്കപ്പുറം ജീവന്റെ നേരറിയും
പതിതകാലങ്ങള്‍ മാറി മറിയുമ്പോള്‍,സ്വയം
എരിഞ്ഞു തീരാന്‍ കൊതിക്കുന്ന കര്‍പ്പൂരമായ്
ദീപനാളം തേടും മനം കണ്ടറിയുന്നേന്‍.

സമദൂരം പങ്കിട്ട് യാത്ര ചെയ്യുവാന്‍ ഒരാള്‍
പാര്‍ശ്വമതില്‍ തയ്യാറെടുക്കുകില്‍ ,പിന്നെ
ചിന്തയെന്തിനു മറ്റൊന്നായി മനമൊരു
ചങ്ങലക്കിലുക്കത്തില്‍ തളയ്ക്കണം വൃഥാ!
------------------------------------ബിജു ജി നാഥ്

2 comments:

  1. സൃഗാലജന്മങ്ങള്‍ക്കൊരു കുറവും ഇല്ലതാനും!

    ReplyDelete