Wednesday, March 31, 2021

നമുക്കിതിനെ ജനാധിപത്യം എന്നു വിളിക്കാം.

നമുക്കിതിനെ ജനാധിപത്യം എന്നു വിളിക്കാം.
..............................
നീലക്കഥകൾ നിർമ്മിച്ചും
നനഞ്ഞകതിനകൾ പൊട്ടിച്ചും
പൊള്ള വാഗ്ദാനങ്ങൾ നല്കിയും
അവർ രാജ്യതന്ത്രങ്ങൾ മെനയുമ്പോൾ
സത്യമേത് 
മിത്യയേത്
ജീവിതചക്രം ചവിട്ടാനുള്ള വിദ്യയേത്?
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമല്ലോ.
കാത്തിരിക്കാൻ വീണ്ടും പഞ്ചവത്സര പദ്ധതികൾ
അധികാരം ഉറപ്പിക്കാൻ
'മിഥുന'ത്തിലെ തേങ്ങ പൊട്ടിക്കൽ.
കഴുതകളെന്ന് പേർത്തും പേർത്തും 
വിളി കേൾക്കാൻ വിധിക്കപ്പെട്ടോർ
വിരൽ നീട്ടിക്കൊടുക്കുന്നു വീണ്ടും വീണ്ടും.
മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട
വെറും കഴുതകൾ.....
നമുക്കിതിനെ 'ജനാധിപത്യം' എന്നു വിളിക്കാം.
@ബിജു.ജി.നാഥ്.

Tuesday, March 30, 2021

ഫേസ്ബുക്കികൾ

ഫേസ്ബുക്കികൾ
....................................
തിരഞ്ഞെടുപ്പു വന്നു.
അവർ , തങ്ങളുടെ കളസം ഊരിക്കളയുകയും
താന്താങ്ങളുടെ നിറകൗപീനങ്ങൾ കാട്ടുകയും ചെയ്തു.
പച്ച
ചുവപ്പ്
മഞ്ഞ
മൂവർണ്ണം
കാവി :........
അനന്തരം 
തിരഞ്ഞെടുപ്പു കഴിഞ്ഞു.
പതിയെപ്പതിയെ 
ചിലർ കളസത്തിന് പുറത്തും
ചിലർ തിരികെ അകത്തും
കൗപീനം മറയ്ക്കുകയും
താന്താങ്ങളുടെ 
ജനാധിപത്യ
മതേതരത്വ
നിഷ്പക്ഷ
ഫാഷിസ കാഴ്ചപ്പാടുകളെക്കുറിച്ച്
വാ തോരാതെ പറയുകയും
വാൾ നിറച്ച് എഴുതുകയും
വരയ്ക്കുകയും തുടങ്ങി.
......@ ബിജു ജി നാഥ്

Thursday, March 25, 2021

യാത്ര....

എഴുതിയതൊക്കെയും പ്രണയവും കാമവും .
എഴുതാൻ മറന്നതോ ജീവിതം. 
ഒരു നാൾ പിടഞ്ഞു തീരും ജീവിതം
അറിയുന്നതെങ്കിലും എന്നുമേ. 
കുറിച്ചിട്ടു പോയ വരികളിൽ നിന്നു ഞാനിന്ന്
പുറത്തു കടക്കുന്നീയവസാന വേളയിൽ.
അരുത് പറയരുത് വെറും വാക്കിലാകിലും
അറിഞ്ഞു നിന്നെ ഞാനെന്ന് നീ മാത്രം.
ഇവിടെ ഞാൻ മുനയൊടിച്ചിട്ട തൂലികാ-
മഷിയിൽ നീ കാൺകെൻ്റെ രുധിരവും ജീവനും.
പിറകെ വരികില്ലയിനിയെൻ്റെ ഹൃദയത്തിൻ
താളമില്ലാതെയാകും വരേക്കുമേ....
അടച്ചു വയ്ക്കുമീ പ്രണയ പുസ്തകത്തിൻ്റെ
അവസാന താളതിൽ നീ മാത്രമെങ്കിലും .
കടന്നു പോയ വഴിത്താരകൾക്കിനി
പറഞ്ഞു രസിക്കാൻ ഞാൻ ബാക്കിയാകിലും
പിറകെ വരികില്ലയിനിയെൻ്റെ ഹൃദയത്തിൻ
താളമില്ലാതെയാകും വരേയ്ക്കുമേ.
കാണാതെ പോകട്ടെ നാം പരസ്പരം
ലോകമില്ലാതെയാകും നാൾ വരെ.
. ...........ബിജു.ജി.നാഥ് വർക്കല

22 Britannia Road ......Amanda Hodgkinson

22 Britannia Road (Novel)
Amanda Hodgkinson
FIG TREE (2011)
Price: $19.99 (Amazon)

"ഓർമ്മകൾ വാസനസോപ്പ് പോലെയാണ്. തേഞ്ഞു തീരുംതോറും അതിൻ്റെ വാസനയും ഇല്ലാതാകും" - സിൽവാന (22 Brita nnia Road, Amanda Hodgkinson)

        ആംഗലേയ സാഹിത്യത്തില്‍ കയറിയൊരു വായന എന്നത് വളരെ ഭാരിച്ച പണിയായിട്ടു കരുതിയിരുന്ന ഒരാള്‍ ആണ് ഞാന്‍. കാരണം മറ്റൊന്നുമല്ല ഭാഷയുടെ പ്രയോഗവും രീതികളും സാധാരണ വായനയില്‍ ദുര്‍ഗ്രാഹ്യമായി തോന്നുന്ന ഒരു പ്രതീതിയാണ് പണ്ടേ അത്തരം ഒരു ചിന്താഗതിക്ക് കാരണം ആയി പറയാനുള്ളത്. പദാനുപദതര്‍ജ്ജമ ചെയ്തു പണ്ട് ഡിഗ്രിക്ക് പഠിച്ച നോവലുകളും, കുറേക്കാലം വായിക്കാന്‍ആഗ്രഹിച്ചു കൂടെ കൊണ്ട് നടന്നു ഒടുവില്‍ കൈനഷ്ടം വന്ന wuthering heights നോവലും ആംഗലേയ സാഹിത്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഓര്‍മ്മകള്‍ ആണ്. പില്‍ക്കാലത്ത് സേതു സാറിന്റെ പാണ്ഡവപുരം ഇംഗ്ലീഷ് വായിച്ചു വീണ്ടും ഒരു ശ്രമം തുടങ്ങി . അതെത്തുടര്‍ന്നു അമീഷിന്റെ ശിവ ട്രയോ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടു ആംഗലേയത്തെ പിടിയില്‍ വരുത്താന്‍ ശ്രമം തുടങ്ങി വീണ്ടും . ഈ വർഷം വായനയില്‍ കൂടുതലും ആംഗലേയം ആകണം എന്നൊരു മോഹം അറിയാതെ കടന്നു കൂടിയത്തിന് കാരണം വായനയില്‍ വന്ന അലസതയുടെ കൂട്ടിന് ആംഗലേയ വായന സഹായിക്കുന്നുണ്ട് എന്നതിനാലാകണം. എന്തായാലും തുടക്കവായന മോശമായില്ല. ആമന്തയുടെ 22 ബ്രിട്ടാനിയ റോഡ് എന്ന്‍ നോവല്‍ വായനയില്‍ വളരെ നല്ലൊരു അനുഭവമായിരുന്നു എന്നു പറയാന്‍ ആഗ്രഹിക്കുന്നു . വളരെ ലളിതമായ ഭാഷയും മനോഹരമായ ഒരു തീമുമായിരുന്നു ഈ നോവലിനു പറയാനുണ്ടായിരുന്നത്. 
യുദ്ധവും പലായനവും ഇതിവൃത്തമാക്കിയ അനവധി നോവലുകള്‍ സാഹിത്യത്തില്‍ ഉണ്ട് . പലപ്പോഴും ഊതിപ്പെരുപ്പിച്ച അത്തരം നോവലുകളില്‍ കാല്‍പനികതയും അതിഭാവുകത്വവും അസത്യങ്ങളും  നിറഞ്ഞ കാര്യങ്ങള്‍ ആണ് അവതരിപ്പിക്കപ്പെടുന്നതായി കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ അവയില്‍ വായനാസുഖം എന്നത് കേവലം വായന എന്നതിനപ്പുറം ഒന്നും ഇല്ലാതെ മറവിയില്‍ പോകുന്നു . നല്ല വായനകള്‍ ലഭിക്കുക വളരെ ദുര്‍ലഭമാണ് . അത് തിരഞ്ഞു പോകുക എന്നതും ക്ലേശകരമാണ് . ഈ നോവല്‍ വായനക്കെടുക്കുമ്പോള്‍ ഇതിന്റെ എഴുത്തുകാരിയെക്കുറിച്ചോ ഈ നോവലിനെക്കുറിച്ചോ ഒരു എനിക്ക് വിവരവും അറിയില്ലായിരുന്നു . വായനയെ അത് നല്ല രീതിയില്‍ സഹായിക്കുകയുണ്ടായി എപ്പോഴുമെന്നതു പോലെ. 

     ഈ നോവല്‍ രണ്ടാംലോക മഹായുദ്ധ കാലത്തെ പോളണ്ട് എന്ന്‍ രാജ്യത്തിനെ പശ്ചാത്തലമാക്കി എഴുതിയ ഒന്നാണ് .ജർമ്മൻ സൈന്യവും റഷ്യന്‍ സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ വീടും കുടുംബവും നഷ്ടപ്പെട്ട് അനാഥരായവരുടെ കഥയാണിത് . ഇതില്‍ പ്രധാനമായും പറയുന്നതു സില്‍വാന , ജാനൂസ് എന്നിവരുടെ ജീവിതവും അവരുടെ കുട്ടിയും ആണ് . വളരെ മനോഹരമായി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പ്രണയ നോവല്‍ ആണ് ഇത്.

     പോളണ്ടിലും ഇംഗ്ലണ്ടിലുമായി മാറി മാറി ഭൂതവും ഭാവിയും അവതരിപ്പിക്കുന്ന രീതി വളരെ ആകര്‍ഷകമായി തോന്നി. യുദ്ധം തുടങ്ങുമ്പോൾ സില്‍വാനയെയും കൈക്കുഞ്ഞിനെയും പോളണ്ടിലെ ഗ്രാമത്തില്‍ ഒറ്റക്കാക്കി യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ജാനൂസ്. യുദ്ധത്തിനിടയില്‍ ജര്‍മ്മന്‍ പടയോട് പരാജയപ്പെട്ടു കാട്ടിലേക്ക് പലായനം ചെയ്യുന്നു . ഇതേ സമയം യുദ്ധം മൂലം പട്ടാളം കയറിയ ഗ്രാമത്തില്‍ നിന്നും സില്‍വാനയ്ക്കും രക്ഷപ്പെടേണ്ടി വരുന്നു . പട്ടാള ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം എല്‍ക്കേണ്ടി വന്ന സില്‍വാന കുഞ്ഞുമായി ഗ്രാമം വിട്ടുപോകുന്നു . തുടര്‍ന്നുള്ള യാത്രയിലെ യാതനകളും വേദനകളും വളരെ നന്നായി തന്നെ നോവലിൽ പങ്ക് വയ്ക്കുന്നു . ഒരിടത്ത് ജീവനുവേണ്ടി അവളും കുട്ടിയും സമരം ചെയ്യുമ്പോള്‍ മറുവശത്ത് ജാനൂസിനും നല്ല അനുഭവങ്ങള്‍ അല്ല ഉണ്ടാകുന്നത് . യാത്രയിലെ ദുരിതങ്ങളും സൗഹൃദങ്ങളും പ്രണയവും രതിയും ആക്രമണങ്ങളും എല്ലാം അതിജീവിച്ചു അവര്‍ ഒന്നിക്കുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു . അവൾക്കും കുട്ടിക്കുമായി ജാനൂസ് ഒരു നല്ല ജീവിത സാഹചര്യം ഒരുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അയാളെ അലട്ടുന്നത് കുട്ടിക്ക് അയാളോടുള്ള താത്പര്യക്കുറവും സ്വാഭാവ വൈചിത്ര്യവുമാണ് . കുട്ടിയാകട്ടെ അയാളെ ശത്രുവായിട്ടാണ് കാണുന്നത് .സ്കൂളില്‍  ചേര്‍ക്കുമ്പോഴും കൂട്ടിയില്‍ പ്രകടമാകുന്നത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു അന്തര്‍മുഖത്വവും പ്രതിരോധ സ്വഭാവവുമാണ് . അവന്റെ ശൈശവം നല്കിയ പലായന ഓര്‍മ്മകളും അമ്മയുമൊത്ത് കാടുകളില്‍ ഒറ്റയ്ക്ക് വസിച്ച ഓര്‍മ്മകളും അവനെ എപ്പോഴും പ്രകൃതിയുമായി ഇടകലര്‍ന്നു ജീവിക്കാന്‍ ഉള്ള ഇച്ഛയാണ് നല്‍കുന്നത് . 

       ഇതിനിടയിലാണ് സില്‍വാന പുതിയൊരു പ്രണയത്തില്‍  അകപ്പെടുന്നത് . ജാനൂസിന് ഒരു പ്രണയം ഉണ്ട് എന്നൊരു
ഒഴിവുകഴിവു അവള്‍ സ്വയം ആ ബന്ധത്തിന് ന്യായീകരണം നല്കുന്നുണ്ട്. പക്ഷേ തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും കുടുംബത്തില് ഉണ്ടാകുന്ന അസ്വാരസ്യങ്ങളും  അവയ്ക്കൊപ്പം ഇടിമുഴക്കം പോലെ അവള്‍ പ്രഖ്യാപിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള രഹസ്യവും ഒക്കെ ചേര്‍ന്ന് വളരെ കലുഷിതമായ ഒരു അന്തരീക്ഷം സംജാതമാകുന്നു . ഒടുവില്‍ അവയൊക്കെ കലങ്ങിതെളിയുമോ എന്നതാണു നോവലിന്റെ ക്ലൈമാക്സ്.. 

       പാശ്ചാത്യ സംസ്കാരവും , കുടുംബ ബന്ധങ്ങളുടെ  രസതന്ത്രവും സാമൂഹ്യ ജീവിതവും വ്യക്തമാക്കുന്ന ഈ നോവൽ ഒരർത്ഥത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് .സിൽവാനയില്‍ ഇച്ഛാശക്തിയുള്ള ഒരു പെണ്ണുണ്ട്  . ഭാരതീയ സംസ്കാരത്തിന്റെ ചാരിത്ര്യ / സദാചാരകാഴ്ചപ്പാടുകളെ പാടെ അവഗണിക്കുന്ന ഒരു കാഴ്ചയില്‍ നിന്നുകൊണ്ടു തന്നെ സ്ത്രീയുടെ മനസ്സ് എന്തെന്നും അവളെന്താണ് ആഗ്രഹിക്കുന്നതെന്നും ഒരു സ്ത്രീക്ക് തുറന്നു പറയാന്‍ കഴിയുന്നുണ്ട് എന്നതാണ് നമ്മുടെ എഴുത്തുകാരികളിൽ നിന്നും പാശ്ചാത്യ എഴുത്തുകാരികളെ വേറിട്ടു നിർത്തുന്ന ഘടകം. മാധവിക്കുട്ടി പോലുള്ള വേറിട്ട കാഴ്ചകൾ ഇല്ലെന്നല്ല. നിലപാടുകളില്‍ നിലനിന്നുകൊണ്ടു ജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ള മനുഷ്യരുടെ കഥയാണിത് .ഒപ്പം യുദ്ധത്തിന്റെ ക്രൂരതയും ജീവിതങ്ങളുടെ തകര്‍ച്ചയും വെളിവാക്കാന്‍ കഴിയുന്ന ഈനോവല്‍ നല്ലൊരു വായന സമ്മാനിച്ചു എന്നു പറയാതിരിക്കാന്‍ കഴിയില്ല.. ആശംസകളോടെ ബി.ജി.എൻ വർക്കല

Friday, March 12, 2021

അന്ധദൈവത്തിൻ സന്നിധിയിൽ

ഹിമശൈലത്തിന്റെ തണുപ്പ്
വെറുമൊരോർമ്മയായ് മറയുന്നു.
ഇവിടെയിപ്പോൾ അഗ്നിയാണ് ചുറ്റും
പൊള്ളിക്കുന്ന ചൂടിന്റെ കുടയും.
ആപ്പിൾ മരങ്ങൾ പൂക്കൾ കൊഴിക്കുന്നു
കുങ്കുമപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു.
പുൽമേടിലെ പച്ച നിറം നരച്ചു പോയിരിക്കുന്നു.
ദുഃഖത്തിന്റെ മഞ്ഞുപാളിയിൽ പൊതിഞ്ഞു
കുതിരലായം വിറങ്ങലിച്ചു കിടപ്പാണ്.
മന്ത്രോച്ഛാരണങ്ങൾ കേൾക്കാത്ത
കല്ലിൻമനം നിസംഗമൗനത്തിലാണ്.
അള്ളാഹുവും പേരറിയാത്തൊരപരദൈവവും
ലൈവ് കണ്ടു രസിച്ച ആറു നാളുകൾ.
കൽ ദൈവത്തിന്റെ കറുത്ത കണ്ണിൽ
കന്യാചർമ്മം ഭേദിച്ച ചോര തെറിക്കവേ
ഭക്തവത്സലതയുടെ മുദ്രകാട്ടി
ശ്രീകോവിലിന്നിരുളിൽ ഇരുട്ടു മൂടുമ്പോൾ
മനസ്സിലാകാത്തൊരു  ഭാഷയിൽ
ഒരു കുഞ്ഞു ശലഭം നീതി തേടുന്നു.
പെയ്തു തോരാത്ത മഴയുമായി
ഹിമവാന്റെ നിറുകയിൽ കാർമേഘം !
കഴുത്തൊടിഞ്ഞൊരു പിഞ്ചു ബാല്യം
താഴ് വരയുടെ വന്യതയിൽ ഒറ്റയ്ക്ക് കിടക്കുന്നു.
നമ്മൾ പടിവാതിൽക്കലിനിയും വരാത്ത
അതിഥിയെ ഭയക്കാതെ ഉറക്കമാണ്.
വേദനയറിയാത്തവന്റെ സാന്ത്വന
വചനങ്ങൾ ആവോളം ചൊരിഞ്ഞു കൊണ്ട്
നമ്മൾ മയക്കം പിടിക്കുകയാണ്.
........ ബി.ജി.എൻ വർക്കല

ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ ...................... നവീന്‍ എസ്

 

ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)

നവീന്‍ എസ്

ലോഗോസ് ബുക്സ്

വില : ₹ 140. 00

 

കഥകള്‍ മനുഷ്യരെ മയക്കുന്നതാകണം . അവന്റെ ചിന്തകളെ ഉത്തേജിപ്പിക്കുകയും അവന്റെ രസനകളെ ഊഷരമാക്കുകയും വേണം . ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മുന്നില്‍ വന്നു നിന്നു വായനക്കാരനോടു സംവദിക്കണം . നോക്കൂ ഞാന്‍ ഇങ്ങനെയാണ് . നിങ്ങൾക്കെന്നെ വിലയിരുത്താം , വിമര്‍ശിക്കാം , സ്നേഹിക്കാം , വെറുക്കാം. ഈ ഒരു വായനാനുഭൂതി കഥകള്‍ക്ക് നല്കാന്‍ കഴിയുമ്പോള്‍ മാത്രമാണു കഥയും കഥാകാരനും വിജയിക്കുന്നത് . ബഷീറിന്റെ കഥകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയല്ല എം ടി യുടെ കഥകള്‍ക്ക് നല്കാന്‍  കഴിയുക . അതിനു ഘടകവിപരീതമായ ഒരു അനുഭവം ആണ് മാധവിക്കുട്ടിയെ വായിക്കുമ്പോള്‍ . സിതാരയെ വായിക്കുമ്പോള്‍ തോന്നുന്ന വികാരവും കെ ആര്‍ മീരയെ വായിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരവും ഒന്നല്ല . ബിനോയിയെ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം ഉണ്ണി ആറിലോ തിരിച്ചോ കിട്ടുകയില്ല . പക്ഷേ ഇവരൊക്കെ കഥകള്‍ കൊണ്ട് നമ്മെ കെട്ടിയിടുന്ന ഒരു അനുഭൂതിയുടെ വിവിധങ്ങളായ ആ മേഖലകള്‍ ഉണ്ടല്ലോ അവയുടെ സംഗീതമാണ് കഥയെ വായനാസുഖവും അനുഭൂതിദായകവും ആക്കി നിലനിർത്തുന്നത് . ആനന്ദിനെയും മേതിലിനെയും എന്‍ എസ് മാധവനെയും വായിക്കുന്നതുപോലെ അല്ല പെരുമ്പടവത്തിനെയോ സക്കറിയെയോ വായിക്കുമ്പോള്‍ ഉണ്ടാവുക . വി കെ എന്‍ കഥകള്‍ക്ക് പകരക്കാരനുമില്ല. അശ്ലീലമയം ആയി  കരുതി വായനയെ മടക്കി വയ്ക്കുന്ന പമ്മന്‍ നോവലുകളില്‍ നിന്നും എത്രയോ ദൂരെയാണ്, നേര്‍ വിപരീതമാണ് പമ്മന്‍ കഥകള്‍ . കഥകളില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത് . സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള പ്രതലങ്ങളില്‍ ഇന്ന് ഒരുപാട് എഴുത്തുകള്‍ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട് .ഒട്ടനവധി ഗ്രൂപ്പുകള്‍ തന്നെ ഇന്ന് കഥയ്ക്കായി സോഷ്യല്‍ മീഡിയകളില്‍ ഉണ്ട് . ചിലതൊക്കെ വായനാസുഖം നല്കുന്നുണ്ട് എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പലതും കെട്ടി എഴുന്നെള്ളിച്ചുകൊണ്ടു വന്നു ഓശാന പാടുന്ന എഴുത്തുകാരുടെ കോക്കസിനുള്ളില്‍ കിടന്നു ചക്രശ്വാസം വലിക്കുന്ന എഴുത്തുകാരുടെ ഇടമായി മാറുന്നുണ്ട് . ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടാകും അവര്‍ക്ക് ചുറ്റും ഒരായിരം ഓശാനക്കാരും . അവര്‍ അവരുടേതായ മൃദു തടവും തലോടലുകളും കൊടുത്തു വളര്‍ത്തി എടുക്കുന്ന ഇത്തരം എഴുത്താളികള്‍ ഒരിയ്ക്കലും   ഒരു വിമര്‍ശനമോ തുറന്ന വായനയോ എതിര്‍ ശബ്ദമോ സഹിക്കാന്‍ കഴിയാത്ത ദുര്‍ബ്ബല ജീവികള്‍ ആണ് .രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ള ഓശാനക്കാര്‍ക്ക്  രണ്ടാണ് പ്രശ്നം . ഒന്നു തങ്ങളുടെ ദൈവത്തെ വിമര്‍ശിച്ചു . രണ്ടാമത്തത് ഇവന്‍ / ഇവള്‍ ആരട ഇതൊക്കെ പറയാന്‍ . വിമര്‍ശിക്കുന്നവരുടെ ജാതകം പരിശോധിച്ച്, അവര്‍ ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ വരെ കുറവുകള്‍ കണ്ടെത്തി അവര്‍ ആ ശബ്ദം നിര്‍ത്തിക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യും . ഗ്രൂപ്പ് മുതലാളിമാരുടെ കാകക്കണ്ണുകളില്‍ ഇവര്‍ക്ക് നേരെ ഉള്ള സഹതാപത്തിന്റെ ജലരേഖകകള്‍ കണ്ടേക്കാം .

കഥകളുടെ രചനാവൈഭവവും വായനാസുഖവും നല്‍കുന്ന കഥകള്‍ തത്ഫലമായി ഇന്ന് കുറഞ്ഞ് വരികയാണ് . ഇതിനൊരപവാദമായി ചുരുക്കം ചില എഴുത്തുകാര്‍ ഉണ്ട് എന്നത് സന്തോഷകരമായ ഒരു അനുഭവം ആണ് . അതിനാല്‍ത്തന്നെ നവീന്‍ എസ് എന്ന എഴുത്തുകാരന്റെ കഥകള്‍ വായിക്കുമ്പോള്‍ വെറും കഥകള്‍ വായിക്കുന്ന ഒരനുഭവം അല്ല, മറിച്ച് നമുക്ക് ചുറ്റും ഉള്ള , കാണുന്ന , അറിയുന്ന സംഭവങ്ങളെ , കാഴ്ചകളെ ഞൊടിയിടയില്‍ കഥയാക്കാന്‍ കഴിയുന്ന എഴുത്തുകാരന്റെ വൈഭവം കാണാന്‍ കഴിയും . അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം ആണ് ഞാന്‍ വായിക്കുന്നത് . ആദ്യത്തെ പുസ്തകത്തിനെക്കുറിച്ച് എഴുതുമ്പോൾ ഉപയോഗിച്ച വാക്കുകള്‍ തന്നെ ഇവിടെ ആവര്‍ത്തിച്ചതും അതിനാല്‍ ആണ് . ഇതിലെ ഓരോ കഥയും ഓരോ അനുഭവങ്ങള്‍ ആണ് . അവ ഓരോന്നും ഇരുത്തി ചിന്തിപ്പിക്കുന്നതും നോവിക്കുന്നതും അത്ഭുതം കൂറുന്നതുമാണ് .   എന്തുകൊണ്ടോ വായനക്കാര്‍ ഇഷ്ടപ്പെട്ടു പോകുന്ന ഒരു ഭാഷാ ചാതുര്യം ഈ കഥാകാരന്‍ ഉപയോഗിക്കുന്നുണ്ട് . ഓരോ കഥയുടെയും ഉള്ളിലേക്ക് കടന്നു ചെല്ലാനും ആ കഥകള്‍ , ശരിയാണല്ലോ ഇതെനിക്ക് പരിചയമുള്ളതാണ്, ഞാന്‍ അറിഞ്ഞതാണ് കണ്ടതാണ് എന്നൊരു തോന്നല്‍ ഉളവാക്കാനും ഉതകുന്നവയാണ് . ഓരോ കഥയുടെയും ബീജങ്ങള്‍ നമ്മുടെ കാഴ്ചകളില്‍ കുരുങ്ങിക്കിടക്കുന്നവയാണെങ്കിലും  അവയിലേക്ക് ഒരു കഥ നടന്നു കയറുന്നത് നമ്മള്‍ ചിന്തിക്കപ്പോലുമുണ്ടായിട്ടുണ്ടാകില്ല . മനുഷ്യന്റെ മനസ്സൊരു കുരങ്ങനെപ്പോലെയാണ് എന്നു പറയാറുണ്ട് . അടക്കമില്ലാത്ത ആ മനസ്സ് പലപ്പോഴും ഓര്‍ക്കാപ്പുറങ്ങളിൽ അറിയാതെയോ അറിഞ്ഞോ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങള്‍ ജീവിതം മുഴുവന്‍ അവര്‍ക്ക് വേദനയും ദുഖവും നല്‍കുന്ന ഒന്നായി തീരും . അത്തരം സംഭവങ്ങള്‍ വളരെ കൃത്യതയോടെ പറയുവാന്‍ നവീനിലെ കഥാകാരന് കഴിയുന്നുണ്ട് . ബുദ്ധിജീവി നാട്യമുള്ള , സാധാരണക്കാരന് വേണ്ടിയല്ലാതെ കഥയെഴുതുന്ന കഥാകാരന്‍മാര്‍ക്ക് മുന്നില്‍ നവീന്‍ വെറും ഒരു എഴുത്തുകാരന്‍ മാത്രമായിരിക്കും പക്ഷേ ജീവിതത്തെ സ്നേഹിക്കുന്ന ഓരോ വായനക്കാരനും മുന്നില്‍ നവീന്റെ കഥകള്‍ ജീവനുള്ള കഥകള്‍ ആണ് . വായിച്ചു തീര്‍ന്നും വായനക്കാരന്‍ ഓര്‍ത്ത് വയ്ക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന അനുഭവങ്ങളും അപകടങ്ങളും കഥകളിലൂടെ വായനക്കാരനില്‍ എത്തുന്നതിന് എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്ന ബുദ്ധിമുട്ട് ശരിയായ ദിശയിലും ശരിയായ രീതിയിലും സംവദിക്കപ്പെടുമ്പോൾ കഥയും കഥാകാരനും വിജയിക്കുന്നു. ആ അർത്ഥത്തില്‍ നവീന്‍ എസ് എന്ന എഴുത്തുകാരന്‍ വിജയിച്ച കഥാകാരനാണ് . സാധ്യതകളുടെ ഒരു പാട് താഴ്വരകള്‍ അയാളെ കാത്തിരിക്കുന്നുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


പോസ്റ്റുമോർട്ടം ടേബിൾ...............................ഡോ. ഷെർലി വാസു

 പോസ്റ്റുമോർട്ടം ടേബിൾ (പഠനം )

ഡോ. ഷെർലി വാസു 

ഡി സി ബുക്സ് (2016 )

വില : ₹ 170.00



ജീവനുള്ള ശരീരത്തെക്കാൾ കാവ്യാത്മകം ആണ് മരിച്ച ശരീരം. അടക്കി വായിക്കപ്പെട്ട എല്ലാ തെളിവുകളോടും കൂടി , നഗ്നമായി നിസ്സംഗമായി ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി അതിങ്ങനെ മലർന്നു കിടക്കും. ഓരോ ശരീരവും ഒരു വലിയ ഇതിഹാസമായി മാറുന്നത് മരണപ്പെട്ടു കഴിയുമ്പോഴാണ് എന്ന് കരുതുന്നു. അനുവാദം കൂടാതെ , മാനുഷികമായ വികാരങ്ങൾ കൂടാതെ മൃത ശരീരത്തെ ഓരോ ഇഞ്ചും സൂക്ഷ്മമായി നിരീക്ഷിക്കാനും ആരായിരുന്നു എന്തായിരുന്നു എന്തുകൊണ്ടാണ് മരണപ്പെട്ടത് എന്നും എന്തിനായിരുന്നു മരിച്ചത് എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ കളവുകൾ കൂടാതെ പറഞ്ഞു തരാൻ കഴിയുക അപ്പോൾ മാത്രമാണല്ലോ . ആത്മാവും പരലോകവും ഉയിർത്തെഴുന്നേൽപ്പും ഒക്കെ മഥിക്കുന്ന മനുഷ്യ മനസ്സ് ഇതൊക്കെ മറന്നുകൊണ്ട് എന്ത് വേണമെങ്കിലും ആയിക്കോളൂ എന്ന് അന്യന്റെ തീർപ്പിനു വിട്ടുകൊടുത്തു സ്വയം നിശ്ശബ്ദനാവുന്ന അവസ്ഥയാണ് മരണം . ഇത്തരം ഒരു ശരീരം അസ്വഭാവികമായി മരിച്ചതാണെങ്കിൽ ആ മരണത്തെക്കുറിച്ചു പഠിക്കുവാൻ ശരീരം സ്വയമേവ തെളിവുകൾ വിട്ടു പോകുന്നു . പരിണാമ ഘട്ടത്തിലെ പൂർവ്വ മനുഷ്യരെക്കുറിച്ചു പഠിക്കുന്ന പാലന്തോളജി മുതൽ മൃതശരീര പഠനം നടത്തുന്ന പോസ്റ്റുമോർട്ടം ശാഖ വരെ മനുഷ്യന്റെ അറിവിന്റെ തിളക്കങ്ങൾ ആണ്. ആദ്യ മനുഷ്യ സ്വഭാവജീവിയായ ലൂസി മുതൽ പിറവിയുടെ ഓരോ ഘട്ടത്തിലെയും ശരീരങ്ങളെ ശാസ്ത്രം പഠിക്കുന്നുണ്ട് . കേടുപാടുകൾ കൂടാതെ കിട്ടിയ അയ്യായിരം വർഷം പഴക്കമുള്ള ഒരു പുരുഷ ശരീരവും  അടുത്തിടെ കിട്ടിയ ഒരു സ്ത്രീ ശരീരവും ആ കാലഘട്ടത്തിലെ മനുഷ്യന്റെ ശാരീരിക , പാരിസ്ഥിക വിഷയങ്ങളെ നന്നായി മനസ്സിലാക്കിത്തരാൻ സഹായിക്കുന്നത് ശാസ്ത്രം മതത്തിൽ നിന്നും വേറിട്ട് നിന്ന് ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് . 

ആധുനിക വൈദ്യ ശാസ്ത്രം ഇന്നത്തെ നിലയിലേക്ക് എത്തുവാൻ കടന്ന് പോയ കറുത്ത കാലങ്ങൾ ഇന്നാരും ഓർക്കുന്നുണ്ടാകില്ല . മൃത ശരീരങ്ങളെ കടത്തിക്കൊണ്ടു പോയി, ആരും കാണാതെ കീറി മുറിച്ചു അതും അന്ന് ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ചു പിളർന്നു ആന്തരാവയങ്ങളെ പഠിച്ചും മനസ്സിലാക്കിയും വൈദ്യ ശാസ്ത്രം വളരുകയായിരുന്നു . സമൂഹം അറിഞ്ഞാലോ മതം അറിഞ്ഞാലോ മരണ ശിക്ഷ ലഭിക്കാവുന്ന  ആ കുറ്റം ചെയ്താണ് ഇന്നത്തെ അറിവുകളുടെ  പ്രാഥമിക പഠനങ്ങൾ ആരംഭിച്ചത് . മതഗ്രന്ഥങ്ങളിൽ ശരീര അവയവ ഘടനയും മറ്റും പറഞ്ഞ് ദൈവമഹത്വം കൊണ്ടുവരാൻ അതിൻ്റെ എഴുത്തുകാർക്ക് കഴിഞ്ഞത് അതിനാലാണ് എന്ന് ഇന്ന് നമുക്കറിയാം. പിന്നീട് മതം അത് അനുവദിച്ചു തുടങ്ങിയപ്പോൾ പോലും ആ പഠനങ്ങൾക്ക് വേണ്ടത്ര വികാസം ലഭ്യമായിട്ടില്ലായിരുന്നു . പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ആണ് ശാസ്ത്രം വൈദ്യ രംഗത്ത് എന്തെങ്കിലും പുരോഗതികൾ നേടിത്തുടങ്ങിയത് . കീറിമുറിച്ചു ഓരോ കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന പോസ്റ്റ് മോർട്ടം പ്രക്രിയ ഇന്ന് ഏതാനും ഉപകരണങ്ങളും നേർത്ത മുറിവുകൾ ഉണ്ടെന്നു പോലും അറിയാത്ത മുറിവുകളിൽ കൂടി പരിശോധനകൾ നടത്താനും കഴിയുന്ന ആധുനിക രീതിയിൽ എത്തിനിൽക്കുന്ന കാലമാണല്ലോ ഇത് . ഇത്തരം ഒരു കാലഘട്ടത്തിൽ ഇരുന്നുകൊണ്ട് നമുക്ക് വായിക്കാൻ കഴിയുന്ന ഒരു നല്ല പഠനഗ്രന്ഥമാണ് ഡോ. ഷെർലി വാസുവിന്റെ പോസ്റ്റ് മോർട്ടം ടേബിൾ . ഒരു അധ്യാപിക കൂടിയായ എഴുത്തുകാരി വളരെ നല്ല ഭാഷയിൽ എടുത്തു പറഞ്ഞാൽ മലയാളഭാഷയുടെ വൈവിധ്യതയും സാധ്യതയും  ആംഗലേയ പദങ്ങളിൽ നിന്നു മാറി പ്രയോഗിച്ചുകൊണ്ട് എഴുതിയ ഈ പുസ്തകം ഒട്ടനവധി കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും  എങ്ങനെയാണ് മനസ്സിലാക്കുകയും അതിനെ നിശ്ചയിക്കുകയും ചെയ്യുന്നതെന്ന വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്നു . സാധാരണ ജനങ്ങളെക്കാൾ അന്വേഷണത്വര ഉള്ള ആൾക്കാർക്കും പോലീസ് അധികാരികൾക്കും വളരെ ഉപയോഗപ്പെടുന്ന ഒരു കൈപ്പുസ്തകം ആയി ഈ പുസ്തകത്തെ വിലയിരുത്താൻ കഴിയും . വിധികർത്താക്കൾ ആയി പൊതുജനം വിലയിരുത്തുന്ന ഓരോ മരണങ്ങളും യഥാർത്ഥത്തിൽ അവർ ആരോപിക്കുന്ന കാര്യങ്ങൾ കഴമ്പുള്ളത് ആണോ അല്ലയോ എന്നത് വെളിവാക്കപ്പെടുന്നത് മൃത ദേഹ പരിശോധനകളിൽ കൂടിയാണ് . ആരോപകർ അവരുടെ വാദങ്ങളിൽ ഉറച്ചു നിന്നാലും ശരീരം ശാസ്ത്രീയമായ പരിശോധനയിൽ കളവു പറയുകയില്ല. അത്തരം ഒരുപാട് അവസരങ്ങളും സംഭവങ്ങളും ഈ പുസ്തകം പങ്കുവയ്ക്കുന്ന വായനാനുഭവം ആണ് . മരണത്തിന്റെ , സ്വന്തം ശരീരത്തോടുള്ള  കാഴ്ചപ്പാടും സമീപനവും മാറുന്ന ഒരു അനുഭവം ആയിരുന്നു ഇത് വായിക്കുമ്പോൾ അനുഭവപ്പെട്ടത്.

മുമ്പ് സമാന രീതിയിൽ ഉള്ള ഡോ. ഉമാദത്തൻ്റെ ഒരു പോലീസ് സർജന്റെ അനുഭവക്കുറിപ്പുകളും , കപാലവും വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും വേറിട്ട ഒരു വായനാനുഭവം ആണ് ഡോ ഷെർളി നൽകിയതെന്നത് എടുത്തു പറയേണ്ടതുണ്ട് . തീർച്ചയായിട്ടും വായിക്കേണ്ട പുസ്തകം തന്നെയാണ് ഇതെന്ന് പറയാം. പക്ഷെ അത്  മൃതദേഹങ്ങളുടെ പഠനവും അന്വേഷണത്വരയും ഉള്ള ഒരാൾ ആണെങ്കിൽ  വളരെ നല്ല ഗുണം ചെയ്യുന്നതുമാകും എന്ന് പറയട്ടെ . ശുദ്ധവും ലളിതവുമായ മലയാള പദങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം എഴുത്തുകാർക്കുള്ള ഒരു  പഠനബുക്കും കൂടിയാണ് . പലപ്പോഴും തർജ്ജമകൾ ചെയ്യുന്നവരും , പുസ്തകം എഴുതുന്നവരും ആംഗലേയപദങ്ങൾ കൊണ്ട്  പല സന്ദർഭങ്ങളെയും തഴുകി തലോടി പോകുമ്പോൾ ഈ പുസ്തകം അതിനൊരു അപവാദമായി വേറിട്ട് നിൽക്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എൻ . വർക്കല

Saturday, March 6, 2021

നീലക്കടമ്പ് ...... വൈക്കം ചന്ദ്രശേഖരൻ നായർ

നീലക്കടമ്പ് (നോവൽ)
വൈക്കം ചന്ദ്രശേഖരൻ നായർ
CICC Book House.(1963)
വില : ₹1.50

സ്ഥലങ്ങളെയും കാലഘടനയേയും അടയാളപ്പെടുത്തുന്ന രചനകൾക്ക് 
രൂപഭംഗി വരുന്നത് പരിതസ്ഥിതികളെ രീതിയിൽ അടയാളപ്പെടുത്തുക സാധ്യമാകുമ്പോഴാണ്. വായനക്കാരന് അപരിചിതമായേക്കാവുന്ന ഒരു ഭൂവിഭാഗത്തെ പരിചിതപ്പെടുത്തുക എന്നത് വിജയിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വായനയിലൂടെ അയാൾക്കാ ഭൂമിക പരിചിതമാകുകയുള്ളു. മലയാളത്തിലടക്കം അത്തരം ഒരു പാട് രചനകൾ വന്നു പോയിട്ടുണ്ട്. യാത്രാവിവരണ സാഹിത്യ വിഭാഗം ആണ് ഈ വിഷയത്തിൽ മുന്നിൽ ഉള്ളത്. പക്ഷേ, ആ വായനകളുടെ തലം പോലെയല്ല അത് നോവലിലൂടെ പരിചയപ്പെടുത്തുമ്പോൾ . മഞ്ഞിൽ എം.ടി വിരിയിച്ചിട്ട കാഴ്ച പോലെ മീശയിൽ ഹരീഷ് വരച്ചിട്ടതു പോലെ ഒക്കെ വായനക്കാരന് ഒരു ദേശം കാണാനാകും. ആദ്യം ഓർമ്മയിൽ വന്നത് അടയാളപ്പെടുത്തി എന്നല്ലാതെ ഇവ മാത്രമാണ് അത്തരം സവിശേഷതകൾ പേറുന്നത് എന്നർത്ഥമില്ല. 1963ൽ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ നീലക്കടമ്പ് എന്ന നോവൽ അതിനും 50 കൊല്ലം മുമ്പത്തെ കാശിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ്. ഗംഗയും കാശിയും പാണ്ഡകളും അടങ്ങിയ പഴയ കാശിയുടെ ഭൂതലം വൈക്കം ഈ നോവലിൽ നന്നായി പതിപ്പിച്ചിരിക്കുന്നുണ്ട്. ഒരു ഉത്തരേന്ത്യൻ നോവൽ വായിക്കുന്ന പ്രതീതിയിൽ വായിച്ചു പോകാവുന്ന സരളവും ലളിതവുമായ ഒരു നോവൽ ആണിത്. കാശിയുടെ ജനപഥത്തിൽ, പുരോഹിത വർഗ്ഗത്തിൻ്റെ തേർവാഴ്ച നിലനില്ക്കുന്ന ഇടത്തിൽ ലേജു എന്ന ബ്രാഹ്മണ പെൺകുട്ടിയും മനോഹരൻ എന്ന തൂപ്പുകാരനും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ നോവലിൻ്റെ ഇതിവൃത്തം. വളരെ മനോഹരമായതും കാവ്യഭംഗിയുള്ളതുമായ പ്രണയവും ജീവിതവും! മനുഷ്യത്വവും മൃഗീയതയും ഇടകലർന്ന ജീവിതങ്ങൾ.. ജീവിതത്തിൻ്റെ നിസ്സഹായതയിൽ പൊള്ളിപ്പിടയുന്ന ആത്മാക്കൾ. ഇവയെ കാശിയുടെ തിരക്കിൽ ലയിപ്പിച്ച് അവതരിപ്പിക്കുന്നു. ഒപ്പം കാശിയുടെ സംസ്കാരിക പഴമയും വിശേഷങ്ങളും പാരിസ്ഥിതികതയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പഴയ കാല നോവലുകൾ ഒട്ടുമിക്കതും അവസാനിക്കുന്നത് ദുരന്തപരമായ അവസ്ഥകളിലാണ് എന്ന് കാണാം. ദുരന്തം, വിരഹം, വേർപാട് തുടങ്ങി സഹതാപ തരംഗങ്ങളുടെ വേലിയേറ്റമാണ് മിക്ക കൃതികളും പേറുന്നത്. മനുഷ്യനിലെ ദയ, സഹാനുഭൂതി, സാഹോദര്യം തുടങ്ങിയ ഘടകങ്ങളെ ഉദ്ദീപിപ്പിച്ചു കൊണ്ട് വായനയെ വൈറലാക്കുന്ന തന്ത്രം പഴയതാണ്. എന്നു പാടെ പറയാനാവില്ല  ഇന്നും ഉണ്ട് മിക്ക കണ്ണീർ സീരിയലുകളും ഒലിപ്പിക്കൽ കഥയെഴുത്തുകാരും ആ പാറ്റേൺ നിലനിർത്തുന്നുണ്ട്. പഴയ വായനകൾ നല്കുന്ന സുഗന്ധം വളരെ ആസ്വാദ്യകരമാണ് എന്നു പറയാതെ വയ്യ. ആ ഭാഷാചാര്യവും ആഖ്യാന ഭംഗിയും ഇന്ന് പൊതുവേ കാണാറുമില്ല. നല്ലൊരു വായന തന്ന ഈ പുസ്തകം വിദേശ ലൈബ്രററിയിലെ ഡിജിറ്റൽ ആർക്കൈവ്സിൽ നിന്നാണ് വായിക്കാൻ കഴിഞ്ഞത്. നാട്ടിലെപഴയ ഗ്രന്ഥശാലകളിൽ ഒരു പക്ഷേ പൊടിയടിച്ചു വിശ്രമിക്കുന്നുണ്ടാകാം. ബി.ജി.എൻ വർക്കല