Sunday, July 31, 2016

നിഴൽക്കുത്തുകൾ


നിന്റെ തേങ്ങലൊരു തീപ്പൊട്ടായി
കാതിൽ വീണു പൊള്ളുമ്പോൾ...
കാലമേ , പൊറുക്കായ്കീ പാപ -
ജന്മം വേരറ്റുപോകും വരേയ്ക്കുമേ!

ആസുര ജന്മത്തിൽ കനൽവഴി -
താണ്ടി വരുന്നു പൊടിക്കാറ്റിൽ
ഭാസുരമാക്കുവാൻ ചില ജന്മപാശ-
മെൻ പിന്നിലുണ്ടതിനാൽ മാത്രം .

കാത്തിരിക്കാനില്ലൊരു കണിയും
പുലരിയുടെ കാഞ്ഞിരക്കുരുവോളം
ഓർത്തിരിക്കാൻ ഇത്തിരി വെട്ട -
മോടൊരു മിന്നാമിന്നിയല്ലാതിന്നു .

നിഴലാണ് ജീവിതം വെറും നിഴലിൻ
സമരമല്ലാതൊന്നുമില്ലെന്നാകിലും
വെറുതെ നാം കോപ്പുകൂട്ടുന്നുണ്ട്പാഴ് -
സമരത്തിന്ന്, ജയം കൊതിച്ചെന്നുമേ !
..... ബിജു ജി.നാഥ് വർക്കല ..........

Saturday, July 30, 2016

ഒരു മഴ പെയ്തെങ്കിൽ....


ഒരു മഴ പെയ്തെങ്കിലീ
*രതിവനമാകെയുമിന്നു.
ഉടലാകെ നനച്ചുലച്ചും
മനമാകെ കുളിരണിയിച്ചും
ഒരു മഴ പെയ്തെങ്കിൽ ....

ഉള്ളിലാർത്ത് തുളുമ്പും
സങ്കടച്ചിറ പൊട്ടും മുന്നേ
തള്ളിയലച്ചു വരും കണ്ണു -
നീർ ഉരുൾപൊട്ടും മുന്നേ
ഒരു മഴ പെയ്തെങ്കിൽ .....

പെയ്തു തോരാൻ മടിച്ചു
കാർമേഘമൊന്നെൻ നിറുകയിൽ
കാത്ത് നില്പ്പാണിതെത്രയോ
ഉഷ്ണമേറിയിട്ടും കാറ്റിന്റെ
ഉഗ്രശാസനമേറ്റിട്ടുമെങ്കിലും
പെയ്യാൻ മടിക്കുന്നതെന്തേ
ഒരു മഴ പെയ്തെങ്കിലിന്നു...
.... ബിജു ജി നാഥ് വർക്കല ..
* രതി = മണൽ 

Friday, July 29, 2016

പ്രണയചുംബനം .


പ്രണയിച്ചു പോകുകയാണ്
നിന്നെയീ വിലക്കുകൾ തൻ
കമ്പിവേലികൾ കടന്നുമിന്നു
നീയതറിയാതെ പോകുമോ?

ചുംബനപ്പൂവുകൾ കൊണ്ടു
നിൻപാദകമലങ്ങളെ മൂടിയും
ആലിംഗനത്താൻ മൃദുഗാത്ര
മാകെപ്പൊതിഞ്ഞും പ്രിയതേ.

ഇന്നീ രാവകലും മുന്നേ നിൻ
വിറയാർന്നധരങ്ങളാലറിയട്ടെ
എന്നധരങ്ങളിൽനല്കുമൊരു
ചുംബനത്താൽ നിന്നിഷ്ടവും.

മറക്കുവാനാകാത്ത നിന്നുടെ
മധുരവാണികൾ തൻ രസവും.
മായ്ക്കുവാനാകാതെനിന്നിൽ
പടർന്നു കിടക്കുമീ കുങ്കുമവും.

ഓർത്തു വയ്ക്കട്ടെ സുന്ദരീ,
നിൻ നേർത്ത സ്മേരമൊപ്പം.
കാത്തിരിക്കുന്നു പിന്നെയുമാ
ചുംബനമെന്നധരവുമോർക്ക!
.... ബിജു ജി നാഥ് വർക്കല...

Wednesday, July 27, 2016

വായന


നിന്റെ കിടക്കയരികില്‍
നിന്നുറക്കത്തിന്‍ താളഗതിയറിഞ്ഞു
ഞാനിരിക്കുമ്പോള്‍ പ്രിയേ,
എത്ര മോഹനം നീയെന്നറിയുന്നു .

ഉയര്‍ന്നു താഴുന്ന മാറിടങ്ങളില്‍,
പരന്ന വയറില്‍,
വസ്ത്രമൊഴുകിപ്പതിഞ്ഞു കിടക്കും
തുടകളില്‍,
മിഞ്ചികള്‍ ആലിംഗനം ചെയ്യും
കാല്‍വിരലുകളില്‍,
ചുംബനം ദാഹിച്ചൊരെന്‍ ചുണ്ടുകള്‍
കൊതിയോടെ നോക്കുന്നുണ്ട് .

എങ്കിലും നിന്‍ ചുണ്ടുകള്‍
മെല്ലെ വിടര്‍ന്നു സ്മിതം പൊഴിക്കുമ്പോള്‍,
എന്നിലെ വിശ്വാസത്തില്‍
നീ മയങ്ങുമ്പോള്‍,
ഇല്ലെനിക്കാവുകയില്ല നിന്നെ
തെല്ലൊന്നുപോലുമേ വേദനിപ്പിച്ചീടുവാന്‍ .

നിന്നെ വായിക്കുകയെന്നാല്‍
നിന്നെയറിയലാണെന്ന് ഞാനറിയുന്നു.
എങ്കിലും,നിന്നെ വായിക്കാതെ മടങ്ങുമ്പോഴും
നിന്നെ ഞാനറിയുന്നതെങ്ങനെയെന്നു
എന്റെ മനസ്സെന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു...
-------------ബിജു ജി നാഥ് വര്‍ക്കല

Tuesday, July 26, 2016

നമുക്കിടയിലേക്കൊരു പുഴയൊഴുകി വരുന്നു ...


നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു ...
പാദങ്ങൾ നനച്ചു കൊണ്ട്
ഉള്ളാകെ തണുപ്പേകാൻ
നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു!

നിന്റെ മുടിയിഴകളിൽ
നിന്നുതിർന്നു വീഴുന്നു
മാനത്തുകണ്ണികൾ.
നിന്റെ ചൊടിയിൽ
നിന്നടർന്നു വീഴുന്നു
വെള്ളാരങ്കല്ലുകൾ.
നമ്മുടെ പാദങ്ങളെ
ഉമ്മ വച്ചൊഴുകുമോ
നമുക്കിടയിലൂടൊരു പുഴ.

കാത്തു നില്ക്കുന്നു
പുഴയനുവാദംതേടി.
നമ്മെയാസകലം
നനച്ചൊഴുകുവാൻ !
നോക്കി നില്ക്കുന്നു
ഞാനും നിൻ മിഴികളെ
സമ്മതമെന്നുചൊല്ലുവാൻ.

ആർത്തലച്ചൊന്നു
ഒഴുകിയകലുവാൻ
ആസകലം നനച്ചു
ഉൾക്കുളിരു നല്കാൻ
നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു.
.... ബിജു ജി നാഥ് വർക്കല

Saturday, July 23, 2016

തിരികെ മടങ്ങണം നിന്നിലൂടെ ....


സ്നേഹത്തിന്റെ നനുത്ത വിരലാഗ്രം
ഹൃദയത്തിൽ തൊടുമ്പോഴാണ്
മരിച്ചുപോയ മനസ്സുയിർത്തെഴുന്നേൽക്കുന്നതും
എവിടെ , എവിടെയെന്നാർത്തു
ചുറ്റും പരതി നോക്കുന്നതും.
കാതങ്ങൾക്കപ്പുറം,
കാലത്തിനുമപ്പുറം,
നിന്റെ മിഴികൾക്കു തിളക്കവും
നിന്റെ സ്വരത്തിനു സാന്ദ്രതയും വരുന്നു.
ഗബ്രിയേൽ !
നീയെന്നെ തഴുകിയെങ്കിൽ ...
മിത്തിന്റെ കെട്ടുകൾ പൊട്ടിച്ചു
നിന്റെ തൂവൽച്ചിറകുകൾ കൊണ്ടെന്നെ വീശിയെങ്കിൽ...
നനഞ്ഞ പഞ്ഞിത്തുണ്ട് പോലെ
ഉപ്പു ലായനിയിൽ കുതിർന്നൊരു
നൂലൻ പുഴു പോലെ
മണ്ണിന്റെ ഉഷ്ണത്തിൽ ഞാനിതാ .
എനിക്കു ദാഹിക്കുന്നു.
ഗന്ധകപ്പെയ്ത്തിന്റെ മഞ്ഞിപ്പിലേക്കോ
ഉടയാത്ത യൗവ്വനത്തിൻ വാഗ്ദാനത്തിലേക്കോ
പുനർജ്ജനികളുടെ പുഴുവരങ്ങിലേക്കോ
ഇല്ല , എനിക്ക് യാത്രയില്ല .
നിന്റെ സ്നിഗ്ധ മാറിലെയിളം ചൂടിൽ
നിന്റെ ഗന്ധം മണത്ത് യാത്രയാകണം.
ഓർമ്മകളിലൊരു ചന്ദന ഗന്ധമായ്
മറവിയിലേക്കു മടങ്ങണം.
നിന്നെയോർത്തു കൊണ്ട്..........
....... ബിജു ജി നാഥ് വർക്കല

Wednesday, July 20, 2016

ഋഷ്യശൃംഗൻ


ഋഷ്യശൃംഗൻ ആയിരുന്നേൽ
ലൈൻ അടിക്കാമായിരുന്നു.
അവളുടെ വാക്കു കേട്ടവൻ കുഴങ്ങി.
പകൽ മുഴുവൻ ചിന്തിച്ചു.
ഒടുവിലവനറിഞ്ഞു 'തന്നെ '...!
പെണ്ണിനെയറിയാത്ത
പെണ്മണമറിയാത്തവൻ...
അവനാണ് മുനികുമാരൻ.
മാറത്ത് പന്തുവെച്ചുകെട്ടിയ
കൂട്ടുകാരനായല്ലാതെ,
കാമത്തിന്റെ കൂർത്ത കണ്ണില്ലാതെ
തന്നെ നോക്കുന്നവൻ.
ഭോഗത്തിന്റെ ഉന്മത്തമില്ലാതെ
തന്നെയലസം അരികിൽ കിടത്തുവാൻ,
കെട്ടിപ്പിടിച്ചൊന്നുറങ്ങുവാൻ
കഴിവുള്ളവൻ ....
ശരിയാണ് ,
കാമത്തോടെയല്ലാതവളെ നോക്കാൻ
ഭോഗതൃഷ്ണയോടല്ലാതവൾക്കൊപ്പം ശയിക്കാൻ
എനിക്കിന്നുമായിട്ടില്ല .
ആയിരുന്നുവെങ്കിലവൾക്കൊപ്പം
എനിക്കുമീ കാടിറങ്ങാം .
ലോകത്തിനു മുന്നിൽ
ആണത്തമോടെ നില്ക്കാം .
വാക്കല്ല പ്രവൃത്തിയാണ് ശരിയെന്നു
എത്ര പെട്ടെന്നാണവൾ പഠിപ്പിക്കുന്നത്.
എന്റെ പ്രണയമാകുവാൻ
നീയിപ്പോഴും അർഹനല്ലന്നു
ഇനിയെന്തു വാക്കിലവൾ പറയണം !!!
...... ബിജു.ജി.നാഥ് വർക്കല ......

Monday, July 18, 2016

മരണം, പിരിയാൻ വിടാത്ത സഖി.


കൂടെയുണ്ടെന്ന മോഹന വാഗ്ദാന-
മാല്യമണിഞ്ഞു ഞാൻ ചരിക്കുന്നു നിത്യവും !
ഓടി മറയുന്നു ഞാൻ കൊതിക്കുന്ന
മോഹനിമിഷങ്ങളിൽ നിന്നെപ്പോഴുമെങ്കിലും.

ആരു നീ ചാരുശീലേ മനസ്സിന്റെ ആഴ-
മറിയാക്കടലിൽ വസിക്കും മത്സ്യകന്യകേ.
പോരുകില്ലേ പുണരുവാൻ എന്നെയും
കൊണ്ടുപോകുവാനാ നിത്യനിശയിലേക്കായ്.

നീ രമിക്കുന്നു സ്വപ്നത്തിൽ നിറുകയിൽ
നിന്നെ ഭയക്കുന്നു, പ്രണയിക്കുന്നു ലോകവും.
നീ വിടർത്തുന്ന പുഷ്പത്തെ മണക്കുന്ന
ഭീരുവത്രെ ഒളിച്ചോടുമശാന്ത ജന്മങ്ങളും.

നിന്നിലെത്താതെ കഴിയില്ലൊരിക്കലും
ജന്മഗേഹം വിട്ടിറങ്ങുന്ന നാൾ മുതൽ
നിന്നെ തേടിയലയുന്ന ജീവിതം വ്യഥാ.
നിന്നിലെത്തുമ്പോൾ ശൂന്യമാ കൈകളും.

സ്വന്തമാക്കാൻ കൊതിക്കുന്നു കേവലത-
കളെന്നുമെന്നുമീ മൺശിലാരൂപങ്ങൾ.
നീ സത്യം , നീ മുക്തി , നീയേ നിരാകാരം .
നിന്നെ പുണരുവാനനുവദിക്കെന്നെയും.
........ ബിജു. ജി. നാഥ് വർക്കല

Friday, July 15, 2016

രാമായണ മാസം .


നാട്ടുകാരുടെ വാക്കും കേട്ട്
ഗർഭിണിയാം കെട്ടിയോളെ
അനിയന്റെ കയ്യിൽ കാട്ടിൽ
കളഞ്ഞ രാമ രാമ പാഹിമാം .

സുഗ്രീവനു ചേട്ടത്തിയമ്മയെ
സ്വന്തമാക്കാൻ ബാലിയെ
ഒളിച്ചു നിന്നു അമ്പയച്ചു
മേലോട്ടയച്ചരാമ രാമ പാഹിമാം.

പ്രണയം തോന്നി അടുത്തുവന്ന
കാട്ടു പെണ്ണിനെ വട്ടു കളിപ്പിച്ചു
അനിയനെക്കൊണ്ടു മുല ചെത്തി
ചിരിച്ചു നിന്ന രാമ രാമ പാഹിമാം.

ശൂദ്രനൊരുവൻ തപം നടത്തിയ
രാജ്യം മുടിയുമെന്നു കേട്ടു
ചാടിയെത്തി തിരഞ്ഞുപിടിച്ചു
കൊന്നെറിഞ്ഞ രാമ രാമ പാഹിമാം.

ലോകം മുഴുവൻ കീഴടക്കാൻഅശ്വ_
മേധമൊന്നു നടത്തിയൊടുവിൽ
*ചത്ത കുതിരയെ ഭോഗിക്കാൻ പട്ട-
മഹിഷിയെ കൊടുത്ത രാമരാമ പാഹിമാം.
...... ബിജു ജി നാഥ് വർക്കല

* (അശ്വമേധത്തിനൊടുവിൽ വിജയിച്ച കുതിരയെ കൊന്നു ആ കുതിരയുടെ ഒപ്പം രാജപത്നി ഭോഗം ചെയ്യണം എന്ന് വിധി. )
ഇനി ഒരു മാസം രാമായണം ഭക്തി പുരസ്സരം ചൊല്ലൽ മേള , കർക്കിടക കഞ്ഞി മേള , മരുന്നു സേവ മേള എന്നിവ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് കേരളം. അപ്പോ പിന്നെ തുടങ്ങുവല്ലേ :)

കവിതയും ഞാനും .


ഞാനൊരു മുൾമരമായിരുന്നു.
മരുഭൂമിയിൽ തളിരിട്ട
ഒരേകാന്ത മരം .
കവിതയൊരു കാറ്റായിരുന്നു.
അലസമായി ഒഴുകി നടന്ന
കടന്നു പോയിടങ്ങളെയൊക്കെ
മോഹിപ്പിക്കുന്ന തണുത്ത വിരലിന്നുടമ.
അവളുടെ സഞ്ചാരപഥത്തിൽ
ഒരിക്കലവൾ തഴുകിപ്പോയൊരു മരം!
അതു ഞാനായിരുന്നു.
തിരികെ വരാത്ത ആ കാറ്റിനെ
കാമിച്ചും മോഹിച്ചും
ഞാനാമൊറ്റമരം വരണ്ടു തുടങ്ങിയിരിക്കുന്നു.
സ്വയം മറിഞ്ഞു വീഴാൻ കഴിയാതെ
മണ്ണെന്നെ മുറുക്കിപ്പിടിച്ചിരിക്കുന്നു.
ആത്മവേദനയുടെ തിരയിളക്കത്തിൽ
ഞാനിലകൾ പൊഴിയ്ക്കാനില്ലാത്തവണ്ണം
ശൂന്യമായിരിക്കുന്നു.
..... ബിജു ജി നാഥ് വർക്കല

Tuesday, July 12, 2016

ദുർവ്വാശി

പറഞ്ഞു തീർക്കാനാവാത്തത്ര ഗാഢവും ,
എന്നാൽ അർത്ഥമൊന്നുമില്ലാത്തതുമായ
എന്തോ ഒന്നു അവർക്കിടയിൽ ഉരുവായി...
അപ്പോൾ ആകാശം കറുത്തിരുണ്ടു പോയ്.
പെയ്തെന്നെയൊന്നു തണുപ്പിക്കെന്നു ഭൂമി
ഇനിയൊരു മഴയില്ലെന്നു വാശിയിൽ വാനം.
തണുവുമാറാതശാന്തമായ്പ്പുളയും ഭൂമിയും
പെയ്തു തോരാതെ വീർപ്പുമുട്ടിയ വാനവും
പരസ്പരം മുഖം നോക്കി കാലം കഴിക്കവേ
സമയനദിയൊഴുകിയങ്ങകന്നുപോയ്മൂകം.
....... * ബിജു ജി നാഥ് വർക്കല * ......

Monday, July 11, 2016

എനിക്കൊന്നു ദിഗംബരനാകണം.!


എനിക്കൊന്നു ദിഗംബരനാകണം.!
സൂര്യന്റെ കിരണങ്ങളിൽ
പൊള്ളിപ്പിടയണം
കന്മഷങ്ങൾ കരിഞ്ഞു പോകും വരെ .

മഴയുടെ വിരലുകളാൽ
സ്നാനപ്പെടണം .
ഉഷ്ണപ്പുണ്ണുകൾ ഇളകിപ്പോകും വരെ.

നിലാവിന്റെ തണലിൽ
തണുത്തുറയണം.
പ്രണയത്തിന്റെ ലാവകൾ
ഉറഞ്ഞു തീരുവോളം.

ലോകത്തിന്റെ കണ്ണുകളിൽ
ഭ്രാന്തിന്റെ പൂക്കൾ വിരിയുമ്പോൾ
അവയെ വാരിയണിയണം
നഗ്നത മൂടുവോളം .

ഒടുവിൽ ഞാനില്ലാതാകണം
പ്രണയമില്ലാതെ
ബാഷ്പമായനന്തതയിൽ
...... ബിജു ജി നാഥ് വർക്കല ...

Sunday, July 10, 2016

വേര്‍തിരിവിന്റെ മാനങ്ങള്‍

ഹേ മാനവ !
വഴിവക്കില്‍ നീ മൂത്രമൊഴിക്കുമ്പോഴും
പുഴയില്‍ നീ മുങ്ങിക്കുളിക്കുമ്പോഴും
യാത്രികയാമെന്നിലില്ല
രതിയുണര്‍ത്തുന്ന പരാഗചിന്തകളൊന്നുമേ.

എങ്കിലും , എന്റെ ദര്‍ശനമാത്രയില്‍
നിന്റെ പൗരുഷമുണരുകയും
നീ നിന്റെ നഗ്നതയെന്നെ കാണിക്കുകയും ചെയ്യുമ്പോള്‍
നിന്റെ നാറിയ ഉദ്ദാരണം എന്നില്‍
അറപ്പിന്റെ പുഴുക്കളായരിക്കുന്നു .

ഒളിവിടങ്ങള്‍ തേടി ഞാന്‍
ഒന്ന് കുന്തിച്ചിരുന്നാല്‍,
മറയിടങ്ങളില്‍ ഞാനൊന്നു
ഉടുതുണി മാറിയാല്‍
നിന്റെ കാമക്കണ്ണുകളിലും 
ക്യാമറക്കണ്ണുകളിലും കുരുങ്ങി
ഞാന്‍ ലോകയാത്രചെയ്യപ്പെടുന്നു .

നിന്റെ സ്വയംഭോഗരാവുകള്‍ക്കു മാത്രമല്ല
നെറ്റിന്റെ ഒളിയിടങ്ങിളില്‍
ഒരുപാടുപേര്‍ക്ക്
കാമാശാന്തിയായി നീയെന്നെ പങ്കിടുന്നു.

നിനക്കുമെനിക്കുമിടയില്‍
ചിന്തകളിലും കാഴ്ചയിലും
ആരു നല്കിയീ വേര്‍തിരിവുകള്‍?
വികാരങ്ങള്‍ക്കും വിവേകങ്ങള്‍ക്കും
ഉടലൊരു ചാലകമാകുമ്പോള്‍
നിന്നിലും എന്നിലും എന്തിത്ര വ്യെതിയാനങ്ങള്‍?
ഉത്തരമേകുവാനാകുമെങ്കില്‍
നിന്റെ ഉത്തരമറിയാന്‍ കൊതിപ്പു ഞാനും .
---------ബിജു ജി നാഥ് വര്‍ക്കല 

Friday, July 8, 2016

മമ ഭാരതമേ! സ്വസ്തി

ഇരകള്‍ക്ക് മേലടയിരിക്കും മരണ-
മേയിത് കേട്ടു കൊള്ളുകയിനി നീയും.
ഇവിടെ നാം കോര്‍ക്കും കരാംഗുലി
തന്‍ ഇഴകള്‍ മുറിക്കുവാനാകില്ലിനി .

ഗാന്ധിയും നേതാജിയും പോലായി
രമല്ല പതിനായിരങ്ങള്‍ തന്‍ ജീവന്‍
ആത്മാഹുതി കൊടുത്തവകാശമാ-
ക്കിയ ഭാരതമെന്‍ ജീവനും മീതെ.

മതമൈത്രി കൊണ്ടു നാം തീര്‍ത്തൊ-
രാ മതിലി, ന്നൊരു കൽപോലുമിളകയില്ല.
ഒരു വിരല്‍ പോലും മുറിക്കുവാനാകാ-
തിവിടെയിനി നിങ്ങള്‍ മരിച്ചു വീഴും .

ഇത് ഭാരതമാണ് നാം ജീവനേകിയും
അഖണ്ഡത കാക്കുവാൻബാധ്യസ്ഥരും.
ജനമാണ് ഹിതമെന്നറിയുക വിശ്വ-
പ്രളയത്തില്‍ പോലുമിളകില്ലതെല്ലുമേ .

മതമല്ല രാഷ്ട്രീയ ചതുരമല്ല നമ്മെ
ഒരുമയോടിവിടെ നിലനിർത്തുവത്
കാലാന്തരങ്ങള്‍ കഴിഞ്ഞീടിലുമീ
മണ്ണില്‍ ഉരുവായ ജൈവശക്തി.

ഇത് ഭാരതം എന്റെ ജന്മഗേഹം
ഇത് കാക്കുകയെന്നതെന്റെ ധര്‍മ്മം.
ഇനി നീയുറങ്ങുക ഭാരതദേശമേ
ഇവിടെ ഞാനുണ്ടിനി  അല്ല ഞങ്ങളുണ്ട്.
------------------ബിജു ജി നാഥ്


Tuesday, July 5, 2016

സ്വപ്നമായിരുന്നത് ..


നിൻ മടിത്തട്ടിൽ മയങ്ങും
കുഞ്ഞിൻ മുഖമെന്റെയാണ് .
നിൻ മുലഞെട്ടു നുണയും
പിഞ്ചിളം ചുണ്ടെന്റെയാണ്.
നീ മാറിൽ ചേർത്തുമ്മവയ്ക്കും
നെറ്റിത്തടമെന്റെയാണ് .
പ്രണയത്തിനുന്മാദ രാവിൽ
പ്രിയമുള്ള നിൻ കിടാവായി
കൺ തുറന്നങ്ങു ഞാൻ നോക്കേ
നിനവായിരുന്നതെന്നോർക്കേ '
പതിയെ മിഴികൾ അടച്ചു ഞാൻ
കൊതിയോടെ വീണ്ടുമത് കാണ്മാൻ!
....... ബിജു ജി നാഥ് വർക്കല

(വിവേചിച്ചറിയാനാവാത്ത ,നേരിടാനാവാത്ത നിന്റെയാ മിഴികളിലെ ഭാവങ്ങൾ വീണ്ടുമൊരു സ്വപ്നത്തിലൂടെ ആവർത്തിക്കുമ്പോൾ .......)

Monday, July 4, 2016

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ .... എം മുകുന്ദന്‍

ഒരുപാട് നാളുകള്‍ക്ക് ശേഷം ആണ് ഇന്നൊരു വായന പൂര്‍ണ്ണം ആയും വായിക്കുന്നത് . സമകാലീന രാഷ്ട്രീയ സാമൂഹ്യ ഘടനകളെ ഒരുപോലെ ആവിഷ്കരിക്കുവാന്‍ ഉള്ള എഴുത്തുകാരന്റെ കഴിവുകള്‍ നാം വായനയില്‍ ശരിക്കും അറിയുന്നത് എം മുകുന്ദനെ വായിക്കുമ്പോള്‍ ആണ് എന്ന് തോന്നുക ഒരു പക്ഷെ യാദൃശ്ചികതയാകാം . ഇന്ന് മുകുന്ദന്റെ "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ" എന്ന കഥ വായിക്കുമ്പോള്‍ മനസ്സില്‍ വളരെ ഏറെ സന്തോഷം തോന്നിയതും അതിനാല്‍ ആണ് . വേഗത പോരാ പോരാ എന്ന രാഷ്ട്രീയവായനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാകാം ഒരുപക്ഷെ ഈ എഴുത്ത് . മിത്തലെപ്പുരയില്‍ സജീവനും രാധികയും നമ്മെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . അമേരിക്കക്കാരെപ്പോലെ കടം വാങ്ങി മാത്രം ജീവിക്കുന്നവന്‍ ആണ് സജീവന്‍ എന്ന വാക്യത്തിലൂടെ മുകുന്ദന്‍ ഈ കഥയെ ആഗോളതലത്തില്‍ എങ്ങനെ എത്തിക്കുന്നു എന്നത് വളരെ രസാവഹമായ ഒരു കണ്ടെത്തല്‍ ആണ് . അതുപോലെ കടങ്ങള്‍ കൊടുക്കാന്‍ ആരുമില്ലാതിരുന്നാല്‍ സജീവന്‍ പിന്നെ ഇല്ല . ചില രാജ്യങ്ങള്‍ പോലെയോ , ഭരണകൂടങ്ങള്‍ പോലെയോ അതുമല്ലെങ്കില്‍ ചില സംസ്ഥാനങ്ങള്‍ പോലെയോ കടം കൊണ്ട് മാത്രം ജീവിക്കാന്‍ പഠിച്ച ചില ജീവിതങ്ങളെ മുകുന്ദന്‍ പരിചയപ്പെടുത്തുന്നു . സജീവന്‍ ഓട്ടോ കടം വാങ്ങി സ്വന്തമാക്കിയതിലും രസാവഹമാണ് അയാള്‍ അന്നുതന്നെ ആ ഓട്ടോയില്‍ പോയി രാധികയെ പെണ്ണു കണ്ടതും അവളുടെ നെയ്യപ്പം പോലെ കടിച്ചുതിനാന്‍ തോന്നുന്ന സൌന്ദര്യത്തില്‍ മൂക്കുകുത്തി വീഴുന്നതും . അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതില്‍ ഇന്നത്തെ സാമൂഹ്യപാഠം ഉണ്ട് എന്നത് കാണാം . പ്രായോഗികമായി ചിന്തിക്കുന്ന ഇന്നത്തെ പെണ്ണിന്റെ നേരുടല്‍ ആണ് രാധിക . ഞാന്‍ പറയുന്നത് അനുസരിക്കാന്‍ , ചെയ്തുതരാന്‍ കഴിയില്ല എങ്കില്‍ നേരത്തെ പറയണം എനിക്ക് കോടതിയില്‍ കേറി ഇറങ്ങാന്‍ വയ്യ എന്ന അവളുടെ മറുപടി വളരെ കണിശമായും ആ ഒരു വസ്തുതയെ അരക്കിട്ടുറപ്പിച്ചു കൊണ്ടുള്ളത് തന്നെയാണ് . അവളെ പെണ്ണുകാണാന്‍ പോകുമ്പോള്‍ അയാള്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുന്ന പൂച്ച ഒരു പ്രതീകമായി നിലനില്‍ക്കുന്നു . തന്റെ തന്നെ മനസ്സിലെ അപഥസഞ്ചാരങ്ങളെ ആണ് അയാള്‍ അവിടെ ഉപേക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു .ഇനി നന്നാവും എന്ന സ്ഥിരം പുരുഷ സൂക്തം പോലെ അത് വായിച്ചു പോകാന്‍ കഴിയുന്നു . അവള്‍ പക്ഷെ ഇഷ്ടപ്പെടുന്നത് അവന്റെ ഓട്ടോയെ ആണ് . എല്ലാ സൌകര്യങ്ങളും ഉള്ള ആ ഭരണ യന്ത്രം അവളെ ആകര്‍ഷിക്കുന്നിടത്ത് അവരുടെ ജീവിതം തുടങ്ങുകയാണ് . മൂന്നരപ്പവന്റെ താലിമാല ഇല്ലാത്ത വിഷമം അവള്‍ ആദ്യരാത്രിയില്‍ തന്നെ പുറത്തു കാണിക്കുകയും പിറ്റേന്ന് മുതല്‍ ഓട്ടോ ഓടിക്കുവാന്‍ പോകുവാന്‍ അയാളെ നിര്‍ബന്ധിച്ചു സമ്മതിപ്പിക്കുകയും ചെയ്യുന്നു . താലി മൂന്നരപ്പവന്‍ തന്നിട്ട് / കടങ്ങള്‍ വീട്ടിയിട്ടു മതി മധുവിധു എന്നവള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു . മാത്രവുമല്ല അവനു രതി നിഷേധിക്കുന്നില്ല പകരം അവള്‍ തന്നെ വാങ്ങിക്കൊണ്ടു വന്ന കോണ്ടം അവനെ ഉപയോഗിക്കാന്‍ അവള്‍ നല്‍കുകയും ചെയ്യുന്നു . ദാമ്പത്യ നദിയെ മുന്നോട്ടു സുഗമമായി കൊണ്ട് പോകാന്‍ കടങ്ങളില്ലാത്ത ഒരു ജീവിതം ആണ് നല്ലത് എന്ന അവളുടെ തിരിച്ചറിവ് അവനു ഇല്ലാതെ പോകുന്നു എന്നത് വ്യെക്തമായി മുകുന്ദന്‍ വരച്ചിടുന്നു . തുടര്‍ച്ചയായി അവന്‍ തന്റെ തൊഴിലില്‍ അലസതയും അവളോടുള്ള പ്രിയത്തില്‍ ഭ്രാന്തും കൈവരിക്കുമ്പോള്‍ അവള്‍ ആ ഓട്ടോ സാരഥി ആകുകയാണ് . പിന്നെ അവള്‍ ആണ് കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത് . അലസതയുടെ കുടുംബനാഥന്‍ ഉറക്കത്തിലും രതിയിലും ദിനം കൊണ്ടാടുമ്പോള്‍ അവള്‍ കടങ്ങള്‍ മീട്ടി മൂന്നരപ്പവന്റെ മാലയും ആയി അവനരികില്‍ വരുന്നു അവന്‍ സ്വപ്നം കണ്ട ദിവ്യമോളെ അവനു നല്‍കാനായി. ഇവിടെ ഒട്ടോക്കാരിയായ രാധികയെ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന പരിഷ്കൃത ലോകത്തെ കാണിക്കുന്നു എങ്കിലും ഒടുവില്‍ പോഴനായ സജീവനില്‍ അവള്‍ തിരിച്ചെത്തുകയും അവന്റെ അടിമയാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നിടത്ത് മുകുന്ദന്‍ ആ കഥ അവസാനിപ്പിക്കുമ്പോള്‍ ടിപ്പിക്കല്‍ പുരുഷന്റെ ചിന്തകള്‍ക്ക് അപ്പുറം മുകുന്ദന്റെ ലോകവും സഞ്ചരിക്കുന്നില്ല എന്ന നിരാശ വായനക്കാരന് സ്വന്തമാകുന്നു . എങ്കിലും പ്രമേയം കൊണ്ട് നല്ലൊരു വായന നല്‍കിയ ഈ കഥ മാതൃഭൂമിയുടെ പഴയ പേജില്‍ നിന്ന് സമ്മാനിച്ച സ്നേഹത്തിനു നന്ദി .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Sunday, July 3, 2016

ജിവിതം

അലാറം കേട്ടു തുടങ്ങുന്ന
നാലരകളിൽ
കീ കൊടുത്തൊരു യന്ത്രം
ഉണരുന്നു.
തിടുക്കത്തിലൊരു കുളിയും
തേവാരവും
പിന്നെ ധടുതിയിലൊരു ചായ
കുടിച്ചും കുടിക്കാതെയും .
അടുക്കളകെട്ടിലെ മഞ്ഞ
വെളിച്ചത്തിൽ
കലപില കൂട്ടും പാത്രങ്ങൾ
കൂട്ടാവുന്നു .
വിളിയൊച്ച ,
കരച്ചിൽ ,
ശാസന
മുടിപ്പിന്നെന്നു മോൾ
പെൻസിലെന്നു മോൻ
സോക്സിനായി ചേട്ടൻ
ഇരുകാലിലൊരു കുതിപ്പു
നാലു ചുവരുകൾക്കുള്ളിലായ്.
ചുമലിൽ തൂക്കിയ ബാഗിൽ
ഉച്ചയൂണ് കുത്തി നിറച്ചോട്ടം
കൂട്ടുകാരികളുടെ കൊച്ചു
വർത്തമാനം
ബോസിന്റെ ചുണ്ടു കടിച്ച
നോട്ടം
തിരക്കിന്റെ വിയർപ്പു ചാൽ
ഉടലിനെ
പാരവശ്യപ്പെടുത്തുന്ന പകൽ
എരിഞ്ഞടങ്ങുന്നു.
അടുക്കള പാത്രങ്ങൾ പിന്നെയും
അടക്കം വിട്ടെഴുന്നേൽക്കുന്നു
കലമ്പുന്നു.
പഠിത്തം
അത്താഴം
പാത്രം മോറൽ
സമയസൂചിക പന്ത്രണ്ടു
കടക്കുന്നു.
കിടക്കയിൽ ഒരുറക്കം കഴിഞ്ഞൊരാൾ
അനക്കം തട്ടി ഉണർന്നെഴുന്നേൽക്കുന്നു.
നിശബ്ദം കണ്ണകളടച്ചു
യാത്ര വണ്ടിയിൽ യാത്ര തുടരുന്നു .
കുതിച്ചും കിതച്ചും വണ്ടി നീങ്ങുമ്പോൾ
ഉറക്കത്തിൽ വീണുപോയ
യന്ത്രത്തെ നോക്കി
ഇരുട്ടിൽ മുരളുന്നൊരു ശബ്ദം
'ശവം ' ....
..... ബിജു ജി നാഥ് വർക്കല

Saturday, July 2, 2016

വർണ്ണപ്പകിട്ടാർന്ന ഓർമ്മകൾ !


ഓർക്കുന്നുവോ കാലമേ ,
നമുക്കിടയിലെ അടയാളവാക്യങ്ങൾ?
മുത്തുകൾ കൊരുത്ത നമ്മുടെ
ചുംബന ചിഹ്നങ്ങൾ.
ശബ്ദം വിലക്കപ്പെട്ട അടയാളങ്ങൾ.?'
ഗോമൂത്രത്തിലെ സ്വർണ്ണമരിച്ചും
ഋഷഭ പിതാഘാതകരെ
ചാണകം തീറ്റിച്ചും
കാലത്തിന്റെ മുന്നിൽ ചിലർ
നോക്കുകുത്തികളാകുന്ന കാലത്തു
ജീവിച്ചിരുന്നവരെന്നു നാം അറിയപ്പെടും നാളെ,
പക്ഷേ , ഞാനോർക്കുക
എനിക്ക് നീ നിഷേധിച്ച ചുംബനങ്ങൾ
നിരത്തു വക്കുകളിൽ ചിതറിക്കിടക്കുന്ന
മഞ്ചാടിമണികൾ ആയും ,
നീതി നിഷേധിക്കപ്പെടുന്നവന്റെ മനസ്സിൽ
സംസ്കൃതിയുടെ അപ്പോസ്തലൻമാരെ
ഓർക്കുമ്പോൾ ഉരുവാകും പോലെ,
നിന്റെ നിരാസത്തിലെ കയ്പുനീർ രുചിച്ചു
മരണത്തിലേക്കു പോകുന്ന
എന്റെയാ നല്ല നാളെകളെയാകും....!
....... ബിജു ജി നാഥ് വർക്കല

മതം ,രാഷ്ട്രം പിന്നെ ഞാനും .


ആർത്തവം മണക്കുന്ന
നിന്നടി വയറിൻ ചൂടിൽ
നേർത്ത വിയർപ്പാലുറങ്ങും
കാമുകനാണിന്നും ഞാൻ!

നീ ഉറങ്ങാൻ കൊതിക്കും
ഇരുൾ സന്ധ്യകൾക്ക് മേൽ
എന്റെ വിരലുകളുടെ സഞ്ചാരം
നിന്റെ നാണവുമായിണ ചേരും.

നഗ്നമാക്കപ്പെട്ട നിന്റെ മുല -
കളിലെന്നെ എഴുതപ്പെടുമ്പോൾ
ഓർത്തു നില്ക്കുന്നു നീയും
കുതൂഹല മിഴികളോടെന്നെയിന്നു.

നിന്റെ മുഷിഞ്ഞ അടിവസ്ത്രമതി -
ലെന്റെ വികാരമുറയൊഴിക്കുന്നു.
ഇരുട്ടു മാറുമ്പോൾ നാം രണ്ടു
അപരിചിത വേഷങ്ങളണിയുന്നു.
...... ബിജു. ജി. നാഥ് വർക്കല