Friday, July 31, 2015

കൂത്തച്ചികളുടെ റാണി.... ലീന മണിമേഖല

എന്റെ വായനയിലേക്ക് കടന്നു വന്ന ഒരു അശനിപാതക്കാറ്റ് ആണ് ലീന മണിമേഖലയുടെ "കൂത്തച്ചികളുടെ റാണി" എന്ന കവിത സമാഹാരം. മണി മേഖലയെ ഞാന്‍ ആദ്യമായി വായിക്കുന്നത് ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ ഒന്നില്‍ പോസ്റ്റ്‌ ചെയ്തു കണ്ട 'തേവിടിശ്ശി' എന്ന കവിതയാണ് . കവിതയുടെ വിഹായസ്സില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന മണിമേഖലയെ അന്നൊട്ടൊരു അസൂയയോടെ ആണ് നോക്കി നിന്നത് . പെണ്ണെഴുത്ത് എന്നൊരു മേഖല ഇല്ലെന്നു വിശ്വസിക്കാന്‍ പഠിപ്പിക്കുന്ന കാലഘട്ടത്തില്‍ ആണ് ഞാന്‍ ജീവിക്കുന്നത് . അതിനാല്‍ അങ്ങനെയൊരു മേഖലയിലേക്ക് ഒരു സ്ത്രീ രചന എന്ന് പറഞ്ഞു ആ എഴുത്തിനെ തളച്ചിടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല . ഓരോ സ്ത്രീയും ഉറക്കെ പറയാന്‍ മടിക്കുന്ന പലതും മണിമേഖല വിളിച്ചു പറയുന്നു എന്നതാണ് ആ എഴുത്തുകാരിയെ വേറിട്ട്‌ നിര്‍ത്തുന്നതും വായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതും . യാദൃശ്ചികമായി എന്റെ കൈകളില്‍ എത്തപ്പെട്ട മണിമേഖല അതിനാല്‍ തന്നെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കേണ്ട ഒന്നാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. തമിഴ് വായിക്കാന്‍ കഴിയാത്തത് കൊണ്ട് ആ വായനയുടെ ശരിയായ സുഖം അനുഭവിക്കാന്‍ കഴിയാതെ പോയി . രവി ശങ്കറിന്റെ തര്‍ജ്ജമ ആണ് എനിക്ക് വായിക്കുവാന്‍ കഴിഞ്ഞത് . മൂല കൃതി വായിക്കാന്‍ കഴിയാതെ പോയത് കൊണ്ട് തന്നെ ഒട്ടൊരു ആശങ്ക ഇല്ലാതില്ല ഈ കവിതകളുടെ ആത്മാവിനെ കുറിച്ച് .
അമ്പതു കവിതകളുടെ സമാഹാരം ആണ് ഇത് . അവതാരിക സാറാ ജൊസഫ് ആണ് പുറം കവറില്‍ സച്ചിതാനന്ദന്‍ മാഷിന്റെ കുറിപ്പും അടങ്ങിയിട്ടുണ്ട് . ഓരോ അടരിലും പ്രണയവും ഭയവും കാമവും നിറഞ്ഞു വിങ്ങിക്കൊണ്ടിരിക്കുന്നു എന്ന സാറാ ജോസഫിന്റെ വരികളെ പിന്തുടര്‍ന്ന് വായനയിലേക്ക് കടന്നു പോകുമ്പോള്‍ എനിക്ക് തോന്നിയത് ശരിയാണ് ആ കാഴ്ചപ്പാട് എന്ന് തന്നെയാണ് .
സ്ത്രീ എന്ന സത്വം വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നായി സ്ത്രീക്ക് അനുഭവപ്പെടുന്ന ഇടങ്ങള്‍ പോലെ ഓരോ വായനയിലും പ്രതിഫലിക്കുന്ന അവളുടെ ഗദ്ഗദങ്ങള്‍ , ആശങ്കകള്‍ , ആവിഷ്കാരങ്ങള്‍ എന്നിവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ സ്ത്രീയുടല്‍ അവള്‍ പോലും കരുതുന്നത് കേവലമായ ശരീര ദാഹത്തിനു വേണ്ടിയുള്ള ഒരിടം പോലെയാണ് അല്ലെങ്കില്‍ സമൂഹം അങ്ങനെ ഒരു കാഴ്ചക്കണ്ണടയിലൂടെ  അവളെ കാണുന്നു എന്നാണു .
രതിയുടെ വഴുവഴുക്കുന്ന സ്രവങ്ങളില്‍ , ബീജ കാഴ്ചകളില്‍ ,ആര്‍ത്തവചുവപ്പില്‍ , ഗുഹ്യരോമങ്ങളില്‍ ഒക്കെ ചവിട്ടിയല്ലാതെ കടക്കാന്‍ കഴിയാത്ത ഒരു തെരുവാണ് മണിമേഖല നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഇടം . പക്ഷെ ഇവയില്‍ എല്ലാം തടയാതെ നമ്മെ രക്ഷിക്കുന്ന ഒരു അന്തര്‍നോവ്‌ ഉണ്ട് ഓരോ കവിതയിലും.
എന്തോ രതിയുടെ അതിപ്രസരം ഒന്നും കാണാന്‍ കഴിയുന്ന ഒരു എഴുത്ത് അല്ല ഇതില്‍ . എന്നാല്‍ ലെസ്ബിനിസം അതിന്റെ പരമമായ ഒരു തലത്തില്‍ എവിടെയും വായിക്കാന്‍ കഴിയുന്നത്‌ ഒരു പോരായ്മയായി തോന്നിയില്ല എങ്കിലും സ്ത്രീ എഴുതുന്നു എന്നത് കൊണ്ട് അവള്‍ക്ക് അവളുടെ ആകാശത്തെ കുടഞ്ഞു വിരിക്കുവാന്‍ ഒരു മാര്‍ഗ്ഗം പോലെയല്ലേ എഴുത്തുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ അതിനോട് മുഖം തിരിക്കേണ്ടി വരുന്നുമില്ല .
"വിതച്ചതുമില്ല , കൊയ്തതുമില്ല
മണ്ണിലിരുന്ന അവനാണ് അസൂയ .
രണ്ടു വായകള്‍ കൊണ്ടും
പരസ്പരം നുകര്‍ന്നിരുന്ന പെണ്ണുങ്ങളെ
അവനു സഹിക്കാന്‍ കഴിഞ്ഞില്ല .
കല്ലുകൊണ്ടെറിഞ്ഞു" ......
എന്നൊക്കെ എഴുതുമ്പോള്‍ സമൂഹത്തിന്റെ കപട സദാചാരം വളരെ വ്യെക്തമായി രേഖപ്പെടുത്തുന്നു / അടയാളപ്പെടുത്തുന്നു എന്ന് കാണാം .
കമ്മ്യൂണിസ്റ്റ് ചിന്താഗതികളെയും അവയുടെ അപചയങ്ങളുടെയും നേരെ പിടിക്കുന്ന കണ്ണാടിയും മണി മേഖല വരച്ചിടുന്നു . ഞാന്‍ ലീന എന്ന് തുടങ്ങുന്ന കവിത ലീനയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നതിനൊപ്പം  ലീന പങ്കിടുന്ന കാലത്തെ കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .
ഒരു വേഴ്ചയുടെയുച്ചിയില്‍ നിന്ന് വിലകി മാറി
അന്തരാളത്തില്‍ ശുക്ലത്തെ വിസര്‍ജ്ജിച്ച്
'സഖാവ്' എന്നെഴുതി , അവന്‍ ...
എന്ന് തുടങ്ങുന്ന കവിതയിലൂടെ മണിമേഖല ആ അപചയത്തെ വളരെ വ്യെക്തതയോടെ ചൂണ്ടി കാണിക്കുന്നു .
പുതുകാല കവിതകളുടെ ഗതി മാറിയുള്ള ഒഴുക്കില്‍ അസഹ്യരാകുന്നവര്‍ക്ക് നേരെ മണിമേഖല പ്രതികരിക്കുന്നത് ഇങ്ങനെ ആണ്
ഒടുവില്‍ പോലീസ് മേധാവി വന്നു
എന്റെ കവിതയെ പിടിച്ചു കൊണ്ട് പോയി .
വിചാരണവേളയില്‍
അയാള്‍ കണ്ണു കെട്ടിയിരുന്നു .
തുണിയില്ലാത്ത കവിതയെ കാണാന്‍
അയാള്‍ക്ക് ഭയമായിരുന്നു .
വാക്കുകളുടെ ശ്ലീല അശ്ലീലങ്ങളെ നോക്കി വിലയിടുന്ന കണ്ണുകളെ നോക്കി ഇങ്ങനെ പറയുവാന്‍ മറ്റൊരു എഴുത്തുകാരി ഇനിയും ജനിക്കേണ്ടി ഇരിക്കുന്നില്ലേ എന്ന് ധ്വനിപ്പിക്കുന്ന ഒരുപാട് അവസരങ്ങള്‍ ഈ സമാഹാരത്തില്‍ ഒരുപാടിടങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .
കാലുകള്‍ക്കിടയില്‍ നാടിനെ വയ്ക്കും വരെ
യോനീമുഖത്ത് സിംഹാസനം പ്രതിഷ്ഠിക്കും വരെ
രോമാക്കാലുകളില്‍ കൊടികള്‍ കെട്ടും വരെ
പൊക്കിള്‍ അറുത്തു അവകാശികള്‍ പിറക്കും വരെ .....
അത് പോലെ മറ്റൊരിടത്ത്  ഇങ്ങനെ വ്യെസനിക്കുന്നുണ്ട്‌ കവി
അണുബോംബോ രാസായുധമോ
മിസ്സൈലോ കുഴിബോംബോ
തൊടുത്തുവിടുന്ന ഗുണ്ടുകളാല്‍
ഉടല്‍ ചത്തു മലര്ന്നാലും
യോനിക്ക് മരണമില്ല
യോനിയിലും മരണമില്ല .
അതെ വിശ്രമമില്ലാത്ത ചിന്തകളും , വരികളും അക്ഷര സമരങ്ങളും തുടരേണ്ടി വരികതന്നെ ചെയ്യുമെന്ന മണി മേഖലയുടെ ചിന്തകള്‍ ഓരോ നവോത്ഥാനഎഴുത്തുകാരനും മനസ്സിലാക്കേണ്ട വസ്തുതയാണ് എന്ന് വായന തോന്നിപ്പിച്ചു .
"സ്ഥിതി വിവരം" എന്ന കവിതയില്‍ കവി വരച്ചിടുന്ന സമകാലിക സ്ത്രീ ദുഃഖങ്ങള്‍ ഓരോ ഇടങ്ങളിലും അവള്‍ കടന്നു പോകുന്ന അവസ്ഥകള്‍ എന്നിവ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഓരോ സ്ത്രീയും പൊതു ഇടങ്ങളില്‍ ഒരു ഉടല്‍ മാത്രമായി പോകുന്നു എന്ന് തന്നെയാണ് . 'എനിക്കും ആരെങ്കിലും നമ്പരിട്ടു കാണുമോ ' എന്ന ആശങ്ക ഇത് കവിയിലെ സ്ത്രീയുടെ നിസ്സഹായതയെ തുറന്നു കാണിക്കുന്നു . തന്റെ എഴുത്തുകളിലെ അക്ഷരങ്ങള്‍ മറ്റുള്ളവരെ ആലോസരപ്പെടുത്തുന്നതിനെ കവി കാണുന്ന കാഴ്ച അല്ലെങ്കില്‍ ആശ്വസിക്കുന്നത് വളരെ കൌതുകപരവും രസാവഹവും ആയി തോന്നിപ്പിച്ചു .
എന്റെ അമ്മയോട് ചോദിക്കണം
എരിക്കിന്‍ ചെടിയില്‍ നിന്നും രക്ഷപ്പെട്ടതിനാലാണോ
എന്റെയുടല്‍ നീലയായിപോയതെന്ന്
ഞാന്‍ എഴുതുന്നത്‌ നീലയാണെന്ന്
ഒരു പരാതി നിലവിലുണ്ട് .
തീര്‍ച്ചയായും നിങ്ങള്‍ക്ക് വായനയില്‍ പുതുമയും , ചിന്തയും അത് പോലെ സമൂഹത്തിലെ ഒരു കണ്ണി എന്ന നിലയില്‍ നിങ്ങള്‍ നില്‍ക്കുന്ന ചുറ്റുപാടുകളെ മനസ്സിലാക്കാനും ഒരു തവണ എങ്കിലും മണിമേഖലയെ വായിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു . ............ബി ജി എന്‍ വര്‍ക്കല


Thursday, July 30, 2015

കാത്തിരിപ്പ്


ഓർക്കാനെനിക്കു നീ തന്നൊരു രാവിന്റെ
മായ്ക്കാനാവാത്ത നാഴികകളെങ്കിലും
ഓർക്കാനെനിക്കതു മധുരമീ ജീവന്റെ
നീർക്കുമിള പൊട്ടുന്ന കാലം വരേയ്ക്കുമേ.

കാലം വരും പോകും വേഗതയാർന്നൊരു
പിന്നോട്ടു നോക്കാത്തശ്വരഥമെങ്കിലും ,
പോകാൻ മടിച്ചിന്നു നിൽപ്പൂ മനസ്സിന്റെ
കാലടിപ്പാടുകൾ മുന്നിലെക്കൊരു പടി .

നീ കണ്‍മറഞ്ഞൊരാരാവിന്നിപ്പുറമിന്നോളം
പൂത്തില്ലമമപിച്ചകവാടിയെങ്കിലും ,ഞാൻ
മറക്കാതെ പരിപാലിക്കുന്നുണ്ട് നിത്യമാ
പൂക്കാമരത്തെ പ്രതീക്ഷതൻ വളമേകി.
----------------------------------------ബിജു ജി നാഥ് 

Friday, July 24, 2015

ഇരട്ടമുഖമുള്ളവരുടെലോകം


കൗശലതയുടെ തിളക്കമാർന്ന മിഴികളിൽ,
സൗന്ദര്യത്തിൻ മിനുസം പോകാ ചർമ്മത്തിൽ,
മധുരവാണീ മയക്കങ്ങളിൽ
നീ കെട്ടിയുയർത്തും സിംഹാസനം
നിന്നിലെ കപടനിഷ്കളങ്കത കൊണ്ടലങ്കരിക്കുമ്പോൾ .
രതിയുടെ ശൽക്കങ്ങൾ അടരാൻ വെമ്പുന്ന
ഇരുണ്ട ഉറക്കമില്ലാ രാവുകൾ പറയുന്നു
നിന്റെ മൂടിവയ്ക്കുമാനനത്തിൽ
നീ കരഞ്ഞുതീർക്കുന്ന വേദനകളെ .
---------------------------------ബിജു ജി നാഥ് 

Tuesday, July 21, 2015

വർത്തമാനം


വാഴ്ത്തുന്നവനും വാഴ്ത്തപ്പെടുന്നവനുമിടയിൽ
രസാവഹമാമൊരു രസതന്ത്രമുണ്ടെന്നറിഞ്ഞു,
കസവുടുത്തിറങ്ങുന്നിതെങ്ങും
നഭസ്സിൻ താരകങ്ങൾക്കൊപ്പം
താരാപഥങ്ങൾ തേടും
സൃഗാലരുജാലയിൽ മുങ്ങി .
----------------------------- ബി ജി എൻ വർക്കല

Saturday, July 18, 2015

കാത്തിരിപ്പിന്റെ കലാപം


ഈറനണിഞ്ഞ രാവിന്റെ യൗവ്വനം
കുതിരകുളമ്പടിയേറ്റ് പുളയവേ,
ശീതമുറഞ്ഞ കുന്നിന്റെ മാറിൽ
വീണുമയങ്ങും ഇലയുടെ മൗനം.

വീശിയടിക്കും  കാറ്റിന്റെ കൈകളിൽ
കരിയിലപോൽ പറക്കും കനവുകൾ
ഒരു പരിരംഭണം മോഹിച്ച് കുന്നിൻ
ചരുവിൽ ദാഹാർത്തിയാകുന്നു .

സുഗന്ധം വിടർത്തും നിൻപുഷ്പ-
വാടിയിൽ മിഴിതുറക്കും മുകുളമായ്
മനതാരിലാശ പെരുകുന്നിന്നു നിൻ
ചുംബനത്തിനു കാത്തുനിൽക്കാൻ.
--------------------------------ബിജു ജി നാഥ്

Saturday, July 11, 2015

നിസ്സഹായതയുടെ നീര്‍മിഴികള്‍


ആസുരതയുടെ കിരാത വേഴ്ച്ചകളില്‍
കുഞ്ഞു കബന്ധങ്ങള്‍ മണ്ണ് തിന്നുമ്പോള്‍
ഉന്മാദത്തിന്റെ ഉന്മത്തകാഴ്ചകളില്‍
ജനനേന്ദ്രിയങ്ങള്‍ രക്തപൂക്കളം തീര്‍ക്കുമ്പോള്‍
ആമോദത്തിന്റെ ഉത്തുംഗതയില്‍
ബന്ധങ്ങള്‍ തന്‍ ബന്ധനമഴിയുമ്പോള്‍
അധികാരത്തിന്റെ ചിലന്തിവലയില്‍
അടിയാളന്‍ കുരുങ്ങി പിടയുമ്പോള്‍
ചവറ്റുകൂനകളില്‍ പ്ലാസന്റയില്‍ കുരുങ്ങി
മൃതകണ്ണുകള്‍ ഉറുമ്പ് തിന്നുമ്പോള്‍ .
കാലമേ നിന്നില്‍ പിടയുന്നുണ്ടോ
മുറിവേറ്റൊരു ലോലഹൃദയം തരളം ?
തടയുവനാകാതെ ,
ഉയര്‍ത്തുവാനാകാതെ
വിങ്ങുന്നുണ്ടാകുമോ ഒരു ഖഡ്ഗകരം.
ചുരത്തുവാനാകാതെ
വിങ്ങിപ്പൊട്ടുന്നുണ്ടാകുമോ ഒരു നിറമാര്‍ .
നീ കൊതിക്കുന്നുണ്ടാകുമോ
ഓരോ നിമിഷവും
ഒരു രക്ഷകനാകാന്‍
ആശ്വാസമാകാന്‍
സ്നേഹമാകാന്‍
താരാട്ടാകുവാന്‍ .?
-------------ബിജു ജി നാഥ്

Thursday, July 9, 2015

ഇഷ്ടം

നിറഞ്ഞു തുളുമ്പും നിൻ മാറിൽ
ഒരു കുഞ്ഞു പൈതലാകുവാൻ
വിടർന്ന നിൻ മിഴികളിൽ എന്നും
മഴവില്ലാകുവാൻ ജന്മങ്ങൾ തേടുന്നു.
--------------------ബി ജി എൻ  

Tuesday, July 7, 2015

ഇഷ്ടവും നഷ്ടവും പിന്നെ ഞാനും

നഷ്ടങ്ങളിൽ നിന്നിലും വലുതൊന്നില്ല .
ഇഷ്ടങ്ങളിൽ നീയല്ലാതൊന്നുമില്ല .
എങ്കിലും നീയറിയാത്തോരീയിഷ്ടവും
നിന്നെ നോവിക്കാത്ത നഷ്ടങ്ങളും
എനിക്ക് മാത്രമാണല്ലോ സ്വന്തം !
----------------------------------------ബി ജി എൻ

Monday, July 6, 2015

സമയമായില്ല..


നമുക്കുമേൽ ആകാശം മേഘകുട പിടിക്കട്ടെ
താരകങ്ങൾക്കും ശശികലയ്ക്കും ലജ്ജയേകാതെ.
നിന്റെ മിഴികളിലെ നാണം കവർന്നു പോകാതിരിക്കാൻ
മാരുതനെ  ഞാനെങ്ങനെ തളയ്ക്കും പ്രിയേ.?

വെളിച്ചം കണ്ണുപൊത്തുന്നോരീ ഇരുളിൽ നിന്നും
നാഗങ്ങൾ തൻ ശീൽക്കാരം കേട്ടാകാം
ഉറക്കെ പാടാൻ മടിച്ചീ രാപ്പാടികൾ മൗനം പുതയ്ക്കുവതിങ്ങനെ .

മിന്നാമിന്നികൾ തൻ നുറുങ്ങുവെട്ടം നിൻ മാറിടത്തിൽ
സ്വേദമുത്തുകൾ  വിടർത്തുന്നോരീ രാവിനെ
മറക്കുവതെങ്ങനെ  ഞാനിനി മരിയ്ക്കുവോളം .

പാടാൻ മറന്നിന്നു ഞാൻ നിന്റെ നാഭീതടങ്ങളിൽ
കാണാതെപോയ മഞ്ചാടിമുത്തുകൾ തിരയുമ്പോൾ

കാലമേ പിന്നാലെ വന്നിടായ്ക നിൻ പാശമേന്തി
സമയമായില്ല വിട്ടുപോകാൻ എൻദേഹിയീ ഭൂവിൽ നിന്നുമേ .
------------------------------------ബിജു ജി നാഥ് 

Saturday, July 4, 2015

ചിലരൊക്കെയങ്ങനെയാ...!


ജീവിതം ഒത്തു പോകലുകൾ ആകുമ്പോഴാണ്
ചിതലരിച്ചും പൂതലിച്ചും
ബന്ധങ്ങൾ ശിഥിലമാകുന്നത് .
കരിന്തിരി കത്തുന്ന ഇരുളാഴങ്ങളിൽ നിശബ്ദതയും നെടുവീർപ്പുകളും
ഒളിച്ചു കളിക്കുന്നത് .
ശവംനാറിപ്പൂക്കൾ പോലെ
ആരുമറിയാതെ ജീവിതങ്ങൾ
വിടർന്നു കൊഴിയുന്നത് .
വേഷങ്ങൾ അഴിച്ചുവയ്ക്കാനാവാതെ
ഗ്രീൻ റൂമിൽ തേങ്ങലുകൾ ചിലമ്പിക്കുന്നത് .
പുഞ്ചിരിയുടെ പിന്നിൽ വിരിച്ചിടുന്ന
തിരശ്ശീലയിൽ ഉപ്പ് ഇനിക്കുന്നത് .
------------------------------ബിജു ജി നാഥ്

Friday, July 3, 2015

സൌന്ദര്യലഹരി

വിശുദ്ധ പുഷ്പങ്ങൾ മാത്രം വിരിയുന്ന
താഴ്വരകളിലോ ,
തെളിനീർത്തടാകങ്ങൾ തൻ ആഴങ്ങളിലോ,
സ്വപ്നങ്ങളുറങ്ങുന്ന ഗിരിശൃംഗങ്ങളിലോ,
എവിടെത്തിരയണം നിന്നെയെൻ മൃതിദേവതേ....ബി ജി എൻ വർക്കല

Wednesday, July 1, 2015

കല്യാണസൗഗന്ധികം


കാത്തിരിപ്പിന്റെ ഉഷ്ണകാലത്തിലെപ്പോഴോ
ചന്ദനശീതള മാരുതനായി
നീയെന്നിലേക്കൊഴുകി വന്നു .
പൊടുന്നനെ മണൽക്കാടുകൾ
മഴക്കാടുകളായി മാറി .
ചുറ്റിലും വാദികൾ* നിറഞ്ഞു .
കാടുപൂത്ത കാലമായിരുന്നു പിന്നെ.
കുത്തൊഴുക്കിൽ പെട്ടുലഞ്ഞെത്രയോ
വന്മരങ്ങൾ നിലതെറ്റി വീണു .
നിന്റെ സ്വേദഗ്രന്ഥികളിൽ നിന്നും
ഇളനീരിന്റെ ഗന്ധമിയലുന്നതും
നീ പൂത്തുലയുന്നതും സ്വപ്നം കണ്ടു ഞാൻ .
ഇന്നീ നിശാഗന്ധികൾ പൂവിടുന്ന
നിറഞ്ഞ സന്ധ്യയിൽ ഞാൻ തിരിച്ചറിയുന്നു
ഞാനൊരു പകൽസ്വപ്നത്തിന്റെ
പിടിയിലമർന്നലയുകയാണെന്നു.
ഞാൻ ജീവിക്കാൻ മറന്നുപോയെന്നു .
ഇപ്പോളെനിക്ക് മനസ്സിലാവുന്നു
ജീവിക്കുന്നതെത്ര വേദനാജനകമെന്ന്.
----------------------------------------ബിജു ജി നാഥ്
*മരുഭൂമിയിലെ ജലപാതകൾ