Monday, July 6, 2015

സമയമായില്ല..


നമുക്കുമേൽ ആകാശം മേഘകുട പിടിക്കട്ടെ
താരകങ്ങൾക്കും ശശികലയ്ക്കും ലജ്ജയേകാതെ.
നിന്റെ മിഴികളിലെ നാണം കവർന്നു പോകാതിരിക്കാൻ
മാരുതനെ  ഞാനെങ്ങനെ തളയ്ക്കും പ്രിയേ.?

വെളിച്ചം കണ്ണുപൊത്തുന്നോരീ ഇരുളിൽ നിന്നും
നാഗങ്ങൾ തൻ ശീൽക്കാരം കേട്ടാകാം
ഉറക്കെ പാടാൻ മടിച്ചീ രാപ്പാടികൾ മൗനം പുതയ്ക്കുവതിങ്ങനെ .

മിന്നാമിന്നികൾ തൻ നുറുങ്ങുവെട്ടം നിൻ മാറിടത്തിൽ
സ്വേദമുത്തുകൾ  വിടർത്തുന്നോരീ രാവിനെ
മറക്കുവതെങ്ങനെ  ഞാനിനി മരിയ്ക്കുവോളം .

പാടാൻ മറന്നിന്നു ഞാൻ നിന്റെ നാഭീതടങ്ങളിൽ
കാണാതെപോയ മഞ്ചാടിമുത്തുകൾ തിരയുമ്പോൾ

കാലമേ പിന്നാലെ വന്നിടായ്ക നിൻ പാശമേന്തി
സമയമായില്ല വിട്ടുപോകാൻ എൻദേഹിയീ ഭൂവിൽ നിന്നുമേ .
------------------------------------ബിജു ജി നാഥ് 

2 comments:

  1. കാലത്തിനു വന്നല്ലേ പറ്റൂ

    ReplyDelete