Friday, March 29, 2013

യാത്ര തുടരുമ്പോള്‍

എന്റെ യാത്രക്ക് ഇരുള് അവസാനമാകുന്നില്ല.
നിന്റെ ഓര്‍മ്മകള്‍ തന്‍ ശീതക്കാറ്റില്‍ നനഞ്ഞു ഓര്‍മ്മകളുടെ ചിറകിലേറി അതിങ്ങനെ തുടരുന്നു ,അനസ്യൂതമായ ഒരു പ്രവാഹം പോലെ .

എനിക്കറിയാം ഇനിയും ഏറെ സഞ്ചരിക്കാന്‍ ഉണ്ട് നിന്നിലെക്കും , നിന്റെ മന സ്സിലെക്കുമെന്നു . നിന്റെ ഓര്‍മ്മയാം ഒറ്റ നക്ഷത്രമേ രാവില്‍ നീ എന്റെ വഴികാട്ടി ആയിടുമ്പോള്‍ എനിക്ക് വിശ്രമിക്കാന്‍ ആകാത്തതും അതിനാലാണ് .

അലസമായ പകല്‍ വിരിച്ചിട്ട വെയില്‍ പൂക്കളില്‍ ,നഗ്നമായ പാദങ്ങള്‍ അമര്‍ത്തി വച്ചു
ഹിമത്തിന്റെ താപം മനസ്സില്‍ ആവാഹിക്കുവാന്‍ നിന്റെ ചിരിക്ക് കഴിയുന്നത്
യാത്ര തുടരാന്‍ എന്നെ സഹായിക്കുന്നുണ്ട് .

ദാഹത്തിന്റെ മരൂപ്പച്ചകള്‍ എന്റെ മിഴികളില്‍ നീയാം സമുദ്രത്തിന്റെ ഓര്‍മ്മ നിറയ്ക്കുമ്പോള്‍ വരളാത്ത നാവു നുണച്ചു ഞാന്‍ നിന്നെ പാനം ചെയ്യട്ടെ .
യാത്രകള്‍ അനിവാര്യത മാത്രമല്ല ഓര്‍മ്മകളുടെ പ്രദക്ഷിണ വഴികള്‍ കൂടിയാണല്ലോ .
--------------------ബി ജി എന്‍ വര്‍ക്കല ----------------------

Wednesday, March 27, 2013

ആല്‍മരം

ചില്ലുപേടകം പോലെ വീണുടഞ്ഞ ജീവിതം, അതിന്റെ നിലയില്ലാത്തോരീ കാറ്റിന്‍ തിരമാലകള്‍ എന്നെ വേട്ടയാടുന്നു. ശാന്തമായൊഴുകുന്ന പുഴപോലും എന്നെ നോക്കി പല്ലിളിക്കുന്നു .
ജീവന്റെ മന്ത്രം , ആദിമന്ത്രം എങ്ങു നിന്നോ ഒഴുകി വരുന്നു .
"നീ കാണുന്നതൊക്കെ നിന്റെതാണോ , നീ കൊണ്ട് വന്നതാണോ ഇവയൊക്കെ ...."
ഗീതയുടെ സന്ദേശം ഫോട്ടോ കോപ്പിയായി ചുവരില്‍ പതിച്ചിരിക്കുന്നു . അതിനു കീഴിലായി അറവുവാളിന്റെ മൂര്‍ച്ചയില്‍ നേടിയ പലിശകാശെണ്ണാന്‍ ധൃതി കൂട്ടുന്ന അമ്മാവന്‍ എന്നുമെന്റെ ഉറക്കം കെടുത്തിരുന്നതാണ് .
നിലാവ് വീണുറഞ്ഞ ഇരുളില്‍ ഒരു മഞ്ഞുതുള്ളി , വെള്ളി മുത്തുപോലെ തിളങ്ങി നില്‍ക്കുന്നു . ദൂരെയായി പാതിരാകോഴി നീട്ടി കൂവി. രേവതി ചേച്ചിയുടെ പാദസരത്തിന്റെ കിലുക്കം ഒരു കള്ളിപൂച്ചയെ പോലെ തോന്നിപ്പിച്ചു!  തൊടിയിലെ മാവിന്‍ ചുവട്ടിലേക്ക് നീളുന്ന മറ്റൊരു നിഴലുണ്ട്. അതാ ചന്ദ്രബിംബം പോലും നാണിച്ചു നോക്കി നില്‍ക്കെ ആ നിഴലുകള്‍ ഒന്നാകുന്നു .
ഋതുമതിയായ പെന്കിടാവിന്റെ കവിള്‍ത്തടം പോലെ കിഴക്കന്‍ മാനം ചുവന്നു തുടുത്തു  . ദൂരെ അമ്പല മണികള്‍ ഒന്നിച്ച്ണരുന്നു . ആലസ്യം വിട്ടുമാറാത്ത കണ്ണുകളുമായി ദേവുവിന്റെ മാറില്‍ നിന്നും ശങ്കരന്‍ നമ്പൂതിരി പിടഞ്ഞെഴുന്നീറ്റു, തണുത്തുറഞ്ഞ നീലജലാശയത്തില്‍ മുങ്ങിപൊങ്ങവേ തവളക്കുഞ്ഞുങ്ങള്‍ പൊത്തുകളിലേക്കൂളിയിട്ട് പറന്നു .
എന്നിട്ടും ദേവിയുടെ കണ്ണുകള്‍ തുറന്നില്ല. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്ന മട്ടില്‍ അവള്‍ ആ സര്‍വ്വാംഗ സുന്ദരി കള്ളച്ചിരിയുമായ് വീണ്ടും നമ്പൂതിരിയുടെ മുന്നില്‍ നിന്നുകൊടുത്തു . കളഭവും പൂജപുഷ്പവും ഏറ്റുവാങ്ങവേ കരിംകല്ലിന്റെ ഹൃദയത്തില്‍ നിന്നും സ്നേഹമന്ത്രമൊഴുകി വരുന്നു .

പ്രഭാതത്തിന്റെ ചുവപ്പില്‍ പ്രപഞ്ചം പഴയത് പോലെ. രേവതിചേച്ചിയുടെ മിഴികള്‍ തലേന്നാളത്തെ മധുരസ്മരണകളിലുറങ്ങിയുണര്‍ന്നു കിടന്നു .ദേവുവിനാണെന്കില്‍ ഒരു നൂറുകൂട്ടം പണികള്‍ കിടക്കുന്നു . അവളൊരു യന്ത്രം പോലെ പണി തുടങ്ങി .
ഒക്കെക്കും മുന്നില്‍ മറ്റൊരു ശിലാവിഗ്രഹം പോലെ ഞാനും , ഒക്കെ കാണാനും , കേള്‍ക്കാനും കഴിഞ്ഞു പക്ഷെ പ്രതികരിക്കാനായില്ല . കാരണം എന്റെ പിന്നിലായൊരു ആല്‍മരം പടന്നു പന്തലിച്ചു നിന്നിരുന്നു . അതിന്റെ വേരുകള്‍ ഭൂമിയുടെ ഉള്ളറകളിലെങ്ങോ മുങ്ങി താങ്ങ് കിടന്നിരുന്നു .....
--------------------------------ബി ജി എന്‍ വര്‍ക്കല ------21.02.1995

Tuesday, March 26, 2013

നീ മാത്രം

അണുവായിരുന്നു ഞാന്‍
മനുഷ്യന്റെ ബീജത്തിലൂടെ ,
ഗര്‍ഭപാത്രത്തിലൂടെ
മനുഷ്യനായ്‌ പിറന്നു ഞാന്‍ .

അന്തസ്സിന്റെ മാറ്റുരയ്കാനാ-
ശംസകളര്‍പ്പിക്കാന്‍
ആരും  കടന്നുവന്നില്ലിതുവരെ .
ഉണ്മയുടെ ശരം തേടും
ഉന്നമനം തേടി വന്ന -
ഉല്‍പ്പതിഷ്ണുവായിരുന്നു ഞാന്‍ .

ഉന്നതങ്ങള്‍ തേടി പോകവേ
സപ്തവര്‍ണ്ണങ്ങള്‍ ചന്ദനം
ചാര്‍ത്തുമീ വസന്തം .
സന്യസിക്കാനായി കരുതിയ
ജീവിത സായാഹ്നവും,
ഇന്നലെകളുടെ മിത്തും
ഇന്നുകളുടെ സത്തും
നാളെകളുടെ സ്വത്തും
നീയാണ് കുട്ടീ നീ മാത്രം !

ഒന്നുമോര്‍ക്കാതെ സത്വരം
ഒന്നുമേ കാണാതെ നിത്യവും
കണ്ടു ഞാന്‍ നിത്യവും നിന്നെ , എന്‍
സ്വപ്നമാം സഞ്ചാരപഥത്തില്‍ .

മുത്തമായി നേര്‍ന്നു ഞാന്‍
സ്വപ്നമായി വിരിഞ്ഞു നീ
നഷ്ടമായ്‌ കൊഴിഞ്ഞു ഞാന്‍
നഗ്നനായ്‌ പോകുന്നു ഞാന്‍
നഗ്നനായ്‌ പോകുന്നു ഞാന്‍ .
--------ബി ജി എന്‍ വര്‍ക്കല ---17.04.1995

ടീച്ചറമ്മ

കാറ്റൊന്നടിച്ചാല്‍ മഴ പെയ്യുന്ന
പൊന്നശോകത്തിന്‍ ചുവട്ടിലായ്‌ ,
മാറ്റുരയ്ക്കുമീ ജീവിതോദ്യാനം
ഭാസുരമായ്‌ വിലസുന്നു .

ഓര്‍മ്മയിലോടിയെത്തുന്നിളം
ചൂടുമായ്‌ സ്വാന്ത്വനം പോല്‍
ടീച്ചറമ്മയുടെ കരതലമിന്നു-
മോരമ്മതന്‍  വാത്സല്യം പോല്‍ .

പോയദിനങ്ങളിലാരെയോ തേടി -
ഞാനാരാലുമറിയാതെങ്ങുമേ ,
ഇന്നലെയുമെന്‍ കിനാവിലൊരു
മോഹമായ്‌ , സ്വപ്നമായവര്‍ വന്നു .

തേങ്ങലോതുക്കിയീ ശിരസ്സിനെ
മാറിലേക്കമര്‍ത്തുന്ന കരങ്ങളില്‍ ,
ഉമ്മവച്ചുറങ്ങുന്നു ഞാനിന്നുമേ
ശാന്തമാം വിജനതയില്‍ .

ദുഖങ്ങളൊക്കെയറുതി വരുത്തിയ
ദുഖിതയാമെന്‍ ടീച്ചറമ്മ
ദൂരെയായ്‌ ഞാനിന്നു നോക്കി നില്കേ
അങ്ങ് , ദൂരെയായ്‌ മണ്ണിലുറങ്ങുന്നു .
--------ബി ജി എന്‍ വര്‍ക്കല ---07-01-1995

നന്ദി വീണ്ടും വരിക

ചോലക്കിളികള്‍ പാട്ട് പാടി
കാട്ടുമൈനകള്‍ നൃത്തമാടി
നിന്നെ മാത്രം കണ്ടതില്ല
നീ മാത്രം വന്നതില്ല.

.മാനസം പിന്നെയും പുറകോട്ടായി
കാലം തിരിഞ്ഞോടി .
അകലെയൊരു ശില്പ-
ചാതുരിയുടെ വര്‍ണ്ണം
അത് നീയായിരുന്നു .

നീ ചിരിക്കവേ ഞാന്‍ മറന്നു
നീ കരയവേ ഞാന്‍ മരിച്ചു
നീ മൊഴിയവേ ഞാനലിഞ്ഞു
നീപോകവേ ഞാനേകനായ്‌ .

നീ ഇനിയും വരുമായിരിക്കും
വരികയുമില്ലായിരിക്കും .
എന്നാലും ഓര്‍മ്മകളെന്നെ
പുളകത്തിനാറാട്ടിലാടിക്കുന്നു .

വരുമോ സഖീ , ഈ നഷ്ട -
സ്വപ്നത്തിന്‍ ചിറകിലേറി
ഒക്കെയും മിഥ്യയാകാമെ -
ന്നിരിക്കിലും നന്ദി
വീണ്ടും നീ വന്നെങ്കില്‍ .!
-----ബി ജി എന്‍ വര്‍ക്കല ---29.05.1994

ഒരു വാക്ക് കൂടി

ഒരു വാക്ക് കൂടി .
നിറഞ്ഞ മനസ്സിന്റെ
തിരകളുയരെ തെറിക്കും ജലകണം പോലെ ,
ഇത് നിന്റെ മുഖം കുളിര്‍പ്പിചീടാം ,
ഒരു വേള
ഇത് നിന്നിലാശ്വാസം പകര്‍ന്നീടാം .

പറയുവാനാകാത്ത നൊമ്പരങ്ങള്‍ വിങ്ങി -
നിറയുമേകാന്ത പഥികന്റെ മാനസം !
ഇനിയുമെന്‍ നാളെയില്‍ , നിറവെളിച്ചത്തിന്റെ -
നിറമെഴും കതിരാര്‍ന്നു, മല്‍നിശീഥങ്ങളില്‍
നിറസുഗന്ധിപൂക്കളോലുന്ന ഗന്ധമായ്‌
തഴുകാനണയുമെന്നാര്‍ത്തുപോയ് .

അറിയൂ ,ഞാനിത് വെറും പാഴ്ക്കിനാവെന്നതും ,
മുറിവേറ്റ മാനസവുമായ്‌ നീ പോവതും
ഇനിയൊരിക്കല്‍ വരില്ലീ നിമിഷം പോലെ
അനവദ്യ നിനവുകള്‍ ശിഥിലമാകുന്നിതോ -
പോയകാലം പോല്‍
വെറും സ്മ്രിതിമാത്രമായ്
നീയുമെന്നുജ്ജ്വല സത്യം തെളിയവേ .

പോകുമീ കാലമാം വേഗത്തില്‍ നിന്നുമേ
കാണുന്നു നിന്നെ ,
അകറ്റുന്നു നിന്നെ ഞാന്‍ .
എന്റെ ദുഖത്തിന്‍ ഘനിഭൂതഭാവമായ്‌
സാന്ദ്രമാം കാര്‍മുകില്‍ പോലെയകന്നു നീ .

ഒരു നാളലിയും നാമീ മണ്ണില്‍
അണുക്കള്‍ വന്നൊരു നാള്‍ വീണ്ടും
രൂപമാര്‍ന്നന്നു നാം പ്രപഞ്ചത്തിന്‍
നറുപുഞ്ചിരി പൂത്തൊരു വസുന്ധരയുടെ
രുചിയാസ്വദിക്കുവാനായ്‌ നാമൊന്നായി തീരും .

അന്ന് കാലത്തിന്‍ യുഗസംഗമം , കനവിന്റെ
കിന്നരിശ്രുതിയോലും താളമാചരിക്കുമ്പോള്‍ ,
അവിടെ സ്മ്രിതിപൂത്ത ഭൂമിക
മനസ്സിന്റെ നിറചിന്തുകള്‍
പൂത്ത കാമനയുലഞ്ഞാടും .
-------ബി ജി എന്‍ വര്‍ക്കല ---01.05.1994    

Saturday, March 23, 2013

തുഷാരം

മിഴിവറ്റി രണ്ടു നീർമണികൾ തുളുമ്പുന്ന
പകലിന്റെ മരണമേ നിന്നെ നോക്കി ,
ഇതളിറുന്നീടുമീ നാലുമണി പൂവിൻ
കരളിന്റെ ദൈന്യമിതാര്‍ക്ക് വേണ്ടു .!

കരയെ പുണരുവാൻ കൊതിയോടെ
വന്നൊരാ തിരകള്‍ തൻ മനതാരിൽ നിറയും ,
പരിഭവ പിണക്കത്തിൻ നുരമാല കാറ്റിൻ-
കരവല്ലരികൾ കൊയ്തെടുക്കെ .

ഇരുളിൽ തിളങ്ങുന്ന താരകമിഴികളിൽ
കദനത്തിൻ മഴമേഘം തണൽ പൊഴിക്കും .

അരുവികൾ പുളയുന്ന മലമേടുകളിൽ
കളകളം മൊഴിയുന്ന കിളികളെ , നിങ്ങള്‍ക്ക്
പറയുവാനാകുമോ പതിരില്ലാ പ്രണയത്തിൻ
പുതുനാമ്പ് വിരിയുന്ന പുലരിയെങ്ങു ?
------------ബി ജി എൻ വർക്കല






യാത്ര തീരുന്നതേ ഇല്ല

നഗ്നതയുടെ പുറം  പാളികൾക്കിടയിലൂടെയുള്ള
സഞ്ചാരമാണു അറിവു.
ഉള്ളുകൾ തേടി ഉള്ളിലെക്കുള്ള യാത്ര .
സ്നിഗ്ധതയുടെ മേച്ചിൽപ്പുറങ്ങൾ വകഞ്ഞു മാറ്റി കൊണ്ടു , അഞ്ജെയമായ ഒരു ലോകത്തിലേക്ക് ഉള്ള യാത്ര.
അപരിചിതമായ വഴികളാണെങ്കിലും ലക്ഷ്യം മുന്നിലുണ്ടു.പരമമായ സത്യം തേടിയുള്ള പഥികന്റെ ലക്ഷ്യം.
ഉടുപുടവയല്ല ജീവിതമെന്നറിയുന്ന യാത്രയിലാണു തുടക്കം .
തൊലി തുളച്ച് ഉള്ളിലേക്ക് യാത്രയാകുംതോറും കണ്ണുകളിൽ നീല വെളിച്ചം കൂടുകൂട്ടി തുടങ്ങുകയായി .
അസ്ഥികൾ പൂക്കുന്ന താഴ്വരകളിൽ മജ്ജയും മാംസവും വകഞ്ഞു മാറ്റി കൊണ്ടു , ഇടയിലൂടൂർന്നിറങുന്ന സാഹസികത ...!
പനച്ച് പൊന്തുന്ന രക്തപ്പതകളെ തുടച്ചു നീക്കി ഹ്രിദയാന്തർഭാഗത്തേക്ക് നടന്നു ചെല്ലുമ്പൊൾ  ഇരുണ്ട ചുവപ്പിന്റെ നിഗൂഡത മാത്രം മുന്നിൽ ....
അവസാനിക്കാത്ത ത്രിക്ഷ്ണകളുടെ ഭാരവും പേറി വീണ്ടും യാത്ര മുന്നോട്ടു ...
ഒടുവിൽ ചുളീവുകൾ വിരിയുന്ന മസ്തിഷ്കത്തിന്റെ  ഇരുളീലെങ്ങും  കാണാതെ പോകുന്ന  നിറമില്ലാത്ത, മണമില്ലാത്ത ,രൂപമില്ലാത്ത പ്രണയത്തിനെ തിരഞ്ഞു ഒടുങ്ങുന്നു ഒരു ജീവിതം കൂടി.
ഈ യാത്രയുടെ ഒടുക്കത്തിൽ നൽകുന്ന ശൂന്യത തുടക്കത്തിന്റെ ഔൽസ്സുക്യത കാത്തു സൂക്ഷിക്കുന്നില്ല
എന്നതു മാത്രമാണു യാത്ര നൽകിയ ഒരേ ഒരു യാദ്രിശ്ചികത.!
--------------------ബി ജി എൻ  വര്ക്കല 

 

Thursday, March 21, 2013

ഘടികാര സൂചികള്‍ ഇടറുന്ന കാലം


വരണ്ട കിനാവുകള്‍ പൊടി തട്ടിയെടുത്തോരീ
മുഖപുസ്തകതാളുകള്‍ രജസ്വലമാക്കുമ്പോള്‍
ചുളിവ് വീഴുന്ന മുഖകമലത്തില്‍ വെറുതെ പുരട്ടുന്നു
യൗവ്വനതിരതുള്ളും വരികള്‍ ഞാന്‍ .

നിരന്നു നില്‍ക്കുന്ന ഊര്‍ജ്ജസ്വലതയില്‍
പരന്നു കിടക്കുന്ന ചിന്തതന്‍ കടലില്‍
മുഴുകി ഇന്ന് നീ നിലവിളക്കാകുമ്പോള്‍
പ്രിയനേ എന്റെ നര നീ മറക്കുക .

ഉദ്ധൃതമാകുമെന്‍ രക്തത്തിന്‍ മഹത്വത്തില്‍
ഉദ്ധൃതനാകുമോ നിന്‍ പൌരുഷമൊട്ടുമേ ..!
കല്പിതമാകുമീ കാമത്തിന്‍ ശീതള കല്പനാ
വൃക്ഷത്തില്‍ തരുലതയായ്‌ പടരട്ടെ ഞാന്‍ .

ശുഷ്കിതമാകുമീ സ്തനങ്ങള്‍ ചുരത്തി ഞാന്‍
പുഷ്കലമാകുമീ കാലത്തെ ജീവിക്കാം
നിഷ്ഫലമാകില്ല എന്‍ മോഹമെന്നു ഞാന്‍
വ്യര്‍ത്ഥതയോടെ കരുതട്ടെ നാളില്‍ നാളില്‍ .

മര്‍ദ്ധിതയല്ല ഞാന്‍ പാവമീ കാമിനി നിന്‍
സത് വചനങ്ങളെ പ്രണയിക്കും പ്രണയിനി .
മൊട്ടിടും മോഹത്തിന്‍ തല്പത്തില്‍ നിന്നെ ഞാന്‍
മെല്ലെ താരാട്ട് പാടിയുറക്കീടട്ടെയോ മല് പ്രിയാ .
--------------------ബി ജി എന്‍ വര്‍ക്കല ------

Friday, March 15, 2013

നമ്മള്‍

താനേ മറക്കുവാന്‍ ശീലിച്ചവര്‍ നമ്മള്‍  !
തനിയെ നടക്കാന്‍ പഠിച്ചവര്‍ .
നമ്മുടെ  പാതയില്‍ തടയുന്നതോക്കെയും
തല്ലിക്കെടുത്തുവാന്‍ ശീലിച്ചവര്‍ .
 കൂട്ടത്തിലോരുവന്റെ ചോരയിലൂടെ തന്‍
മാര്‍ഗ്ഗം തെളിക്കുവാന്‍ ബിരുധമെടുത്തവര്‍ .

'ഇന്ത്യയെന്നുടെ മാതൃരാജ്യം ,
ഓരോ ഭാരതീയനും എന്‍ സോദരര്‍ '
ഇടിമുഴക്കം പോലെ കാതില്‍ വീഴുമീ
വാക്യമോര്‍ക്കിലും തിരക്ക് കൂട്ടുന്നോരാ -
സോദരി തന്‍ പുടവ വലിച്ചഴിച്ചീടുവാന്‍ നമ്മള്‍ !

ഒരു തരിയിരുളിന്റെ മറവിലെങ്ങാനു
മൊരു പെണ്കിടാവിന്റെ നിഴല്
 കണ്ടാലുടന്‍ കുതിക്കുന്നു നമ്മള്‍ .
ഒരു തരി പൊന്നിന്‍ തിളക്കത്തില്‍ മറക്കുന്നു
കൊന്നു തള്ളിയ കുഞ്ഞിന്‍ ദൈന്യത .

കുത്തിയോലിക്കും പൌരുഷം തടകെട്ടാന്‍ 
കുത്തി മുറിക്കുന്നു  വിടരാത്ത കുസുമങ്ങളെ,.
ഒരു നിമിഷത്തിന്റെ സുഖം വിളമ്പി നമ്മള്‍
ഒരു ചാണ്‍ വയറിന്റെ വിശപ്പടക്കുന്നു .

ആഡംബരത്തിന്റെ മോടിയില്‍ ഭ്രമിച്ചു കൊണ്ടാ-
യിരം വട്ടം കടം വാങ്ങി ഘോഷിച്ചോടുവില്‍ .
തിരിയെ നല്‍കേണ്ട കാലം വരുമ്പോള്‍
പരലോകം പൂകുന്നു ഒന്നിച്ചൊരു കയറില്‍ .

അന്യന്റെ ചേഷ്ടയെ അനുകരിച്ചീടുവാന്‍ ,
മറ്റുള്ളവര്‍ക്കൊപ്പം തോളൊത്തു നില്‍ക്കുവാന്‍ ,
എല്ലാ സുഖങ്ങളും ഒന്നിച്ചു മോന്തുവാന്‍
ആന്റിമാര്‍ക്കൊപ്പം ഊര്  ചുറ്റുന്നോരാ കുഞ്ഞിനെ
തെല്ലിട നമ്മള്‍ മറന്നു കളയുന്നു.

മംഗല്യ രാത്രിയില്‍ ശയ്യാഗ്രിഹത്തെ
പ്രസൂതാലയങ്ങളാക്കുന്നു .
താതന്‍ തന്നോരാ ജന്മത്തെ നോക്കുവാന്‍
മാതാവിനെ തന്നെ കൂട്ട് പിടിക്കുന്നു നമ്മള്‍ .

തെരുവിലായ്‌ നമ്മള്‍ വലിച്ചിഴക്കുന്നു
നാണവും മാനവും കേട്ട ജനത്തെ , ഒടുവില്‍
നമ്മുടെ മാനത്തിനു ഭരണവര്‍ഗ്ഗം തന്നൊരു
തുച്ഛമാം നാണയത്തുട്ടിലെല്ലാം മറക്കുന്നു .

നമ്മളെന്തെന്നു നമ്മള്‍ തിരക്കുന്നോരീ കാലത്തെ
കലി കാലത്തെ നാമെന്തു ചെയ്യും ?
നമ്മളെന്തെന്നു നമ്മള്‍ തിരക്കുന്നോരീ കാലത്തെ
കലി കാലത്തെ നാമെന്തു ചെയ്യും ?
-----------ബി ജി എന്‍ വര്‍ക്കല ...06.02.2005

Sunday, March 10, 2013

കസ്തൂരി മാന്‍

എരിയുന്ന പകലിന്‍ മിഴികളില്‍ നോക്കി നീ
തണലിനായ് കേഴുവതരുതെ
അലറുന്ന കടലിന്‍ നെഞ്ചിലേക്കായൊരു
ചെറുതോണി തുഴയരുതിനി നീ .

കത്തുന്ന കാടിന്‍ മാറില്‍ മയങ്ങുന്ന
കരിയില കിളികളെ നോക്കി
കരയരുതിനി നീ ഏന്തുക കരങ്ങളില്‍
വന്യമാം ആയുധം  മാത്രം .

അരിയുക നീ മൃഗത്രിഷ്ണകള്‍ തന്‍
അടിവേര് മടിയേതുമരുത് .
അറിയുക നീ നിന്നെ തേടി വരുന്നോരീ
വിരലുകള്‍ പറയുന്നതെന്തെന്ന് .

മൊഴികളില്‍ പതയുന്ന ലഹരിയെ ,
മിഴികളില്‍ കത്തുന്ന കാമത്തെ
ഒരു വാക്ക് കൊണ്ടൊരു നോക്ക് കൊണ്ട് നീ
തടയുക ,കാണ്ക നിന്‍ ശക്തി .

അടിവയര്‍ വീര്‍ക്കുന്ന കഴിവൊന്നു കൊണ്ട് നീ
അബലയല്ലെന്നറിവൂ .
അടിവേര് തോണ്ടുവാന്‍ കഴിവുള്ള നിന്‍ കരം
വളകള്‍ക്കലങ്കാരമല്ലോ !

മുലയാല്‍ ദേശത്തെ എരിക്കാനും
ഉടലാല്‍ സിംഹാസനം ഉലയ്ക്കാനും
മൂളയാല്‍ ചെങ്കോല്‍ കവരാനും
നിന്നില്‍ കഴിവുണ്ടെന്നറിയ നീ .
------------ബി ജി എന്‍ വര്‍ക്കല -----

Thursday, March 7, 2013

ഒരു നിരപരാധിയുടെ വിലാപം


നിരാസങ്ങളുടെ സഹനപര്‍വ്വത്തിലെങ്ങോ വച്ചാണ് രതിയുടെ തീക്കാറ്റ് കൂട് വിട്ടു പുറത്തു വന്നത് . ചങ്ങലകള്‍ അഴിച്ചു അതൊന്നു നിവര്‍ന്നു നിന്നപ്പോള്‍ അന്ധത വന്നു മിഴികളെ മൂടിപ്പോയ്‌ . തലച്ചോറില്‍ തേനീച്ചകള്‍ മൂളിയപ്പോള്‍ വികാരത്തിന്റെ പറവകള്‍ കുറുകി തുടങ്ങി. ആമാശയത്തെ പതപ്പിച്ച് പുളിപ്പിച്ച ദഹനരസത്തിന് തലച്ചോര്‍ മന്ദത നല്‍കി .
ഇടറുന്ന പാദങ്ങള്‍ വല്ലാതെ ഇടറിയപ്പോള്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചത് വാഴത്തടയില്‍ .
തെന്നി നീങ്ങിയ കയ്കളില്‍ തടഞ്ഞത് സ്നിഗ്ദ്ധതയുടെ കാണാക്കയങ്ങള്‍ .ഇരുട്ടിന്റെ കയത്തില്‍ അമറി പിടഞ്ഞത് വെറും ശബ്ദം നഷ്ടപ്പെട്ട ചലനങ്ങള്‍ മാത്രം പുലരിയില്‍ കണ്ണ് തുറന്നപ്പോള്‍ അരികില്‍ ചോണനുറുമ്പുകള്‍ അരിച്ചിറങ്ങും കുഞ്ഞു മിഴികള്‍ .
ലോകമേ നീ എന്നെ ശപിക്കാതിരിക്കൂ .
................................................ബി ജി എന്‍ വര്‍ക്കല

Tuesday, March 5, 2013

കൊതി തീരാതെ .

നിന്നിലേക്ക് നീളുന്ന പാതകള്‍ ആയിരം .
നിന്നില്‍ രമിക്കുവാന്‍ ,
നിന്നെ പുണരുവാന്‍ ,
നിന്റെ സ്തന്യം കൊതിക്കുന്ന -
ജീവനുകള്‍ ...

നീ മരുഭൂമി ആകുന്നു .
വേനല്‍ മറഞ്ഞ വര്‍ഷിണിയും .
ചിലപ്പോള്‍
കോരിത്തരിക്കുന്ന ,
പുലര്‍മഞ്ഞുമാകുന്നു .

നിന്റെ നഖമുനയാല്‍
നെഞ്ചകം കീറുന്ന ഓര്‍മ്മകളും ,
നിന്റെ കീരിപ്പല്ലുകളാല്‍
അടര്‍ന്നു തൂങ്ങുന്ന
കപോലങ്ങളും
ഇരുട്ടിനെ നോക്കി രക്തം ചീന്തുന്നു .

നീ ഒരു നിലാവായ്‌ ,
പാലരുവിയായ്‌ ,
പൂത്ത മന്ദാരമായ്‌ ,
കാമനകളെ കുളിരണിയിക്കുന്നു .

എന്റെ രാവുകളെ ,
പകല്‍ കിനാവുകളെ,
ലക്ഷ്യങ്ങളെ ,
എന്നില്‍ നിന്നുമടര്‍ത്തി -
നീ എന്നെ നോക്കി ചിരിക്കുമ്പോഴും ,
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു .

പുലരിയുടെ തുഷാരങ്ങള്‍ ,
സന്ധ്യയുടെ തുടുത്ത കപോലങ്ങള്‍ ,
ഇവയെല്ലാമെന്നും ഞാന്‍ വാരി-
യെടുത്തുമ്മ വയ്ക്കുന്നു .
നാളെയുടെ കാഴ്ചകളില്‍
ഓര്‍മ്മയാകും മുന്നേ .
നീ എന്നെ ആലിംഗനത്തിലമര്‍ത്തും മുന്നേ ...!
---------ബി ജി എന്‍ വര്‍ക്കല ----

Friday, March 1, 2013

ഇരുള്‍ മൂടിയ കാലം

തലച്ചോറിന്‍ ജീവ കോശങ്ങളില്‍
മൃതിയുടെ ചോണനുറുമ്പുകള്‍ അരിച്ചിറങ്ങുമ്പോഴാണു
ജീവിതത്തിന്റെ പുസ്തകം തുറന്നു നോക്കാന്‍
മനസ്സെന്നെ നിര്‍ബന്ധിച്ചത് .

ആമുഖത്തില്‍ ഉല്ലേഖം ചെയ്തിരുന്നത്
ഞാന്‍  ഇവിടെ ജീവിച്ചിരുന്നു എന്നാണു .
അകം പേജുകളില്‍ ആദ്യമാദ്യം കണ്ടത്
ജീര്‍ണ്ണിച്ച ചിതല്പുഴുക്കളുടെ ഉടലുകളും .

ഒരു ഘട്ടത്തില്‍ എന്റെ സിരകളിലെ നീരാവിയും
എന്റെ മനസ്സിന്റെ ബാക്ഷ്പവും
ഇടകലര്‍ന്ന ഇരുണ്ട സന്ധ്യകളുടെ
നാഗത്തറകള്‍ ഫണം വിടര്‍ത്തി നില്‍ക്കുന്നത് കാണാം .

ജടിലമായ  മോഹച്ചെപ്പുകള്‍ തുറന്നു വച്ച്
ഓര്‍മ്മകളുടെ സിന്ദൂരം തൂവുന്ന
നനഞ്ഞ സന്ധ്യകളുടെ നിഴലുകളില്‍
തുളസിപ്പൂവും സന്ധ്യാനാമവും കൈകോര്‍ത്തു നിന്നിരുന്നു .

ഈറന്‍  മണക്കുന്ന ശയ്യാ വിരിയില്‍
ഉറക്കം വെടിഞ്ഞു ഞാനെന്‍ കുഞ്ഞു പൈതലിന്‍
തുടയില്‍ താളം പിടിച്ചു കിടക്കുന്ന രാവുകള്‍
എത്ര സാന്ദ്രമായി തണുപ്പ് പകരുന്നു ഈ താളുകളില്‍ .!

അകലങ്ങളില്‍ ഉണ്മത്തമാകുന്ന പകല്‍ചൊരുക്കുകളില്‍ ,
നിശബ്ദ രാഗമായി, ഒരു പ്രണയ പുഷ്പമായ്‌ ,
മീട്ടുവാന്‍  ആകാത്ത രാഗമായ്‌ , ഒരു വിഷാദ സ്വരം
പോലെ നിന്റെ നിഴലുകളെന്നെ പൊള്ളിക്കുന്നു ഇപ്പോഴും .

വീഥികള്‍ നിശബ്ദമാകുന്ന ഈ സന്ധ്യക്കപ്പുറം
നിന്റെ ഓര്‍മ്മക്കാടുകള്‍ക്കപ്പുറം, വിജനത
തളംകെട്ടുമീ മൌന സമുദ്രത്തില്‍
മറ്റൊരു നിഴലായ്‌ ഞാനോടുങ്ങട്ടെ .

എഴുതാന്‍മറന്നു പോയ പേജുകള്‍ പോലെ
നിരാസത്തിന്റെ മേച്ചില്‍ പുറങ്ങളില്‍
നഗ്നമാക്കുന്ന  എന്നെ നോക്കി ചിരിക്കും കാലമേ
നിന്റെ മാറില്‍ ഞാനൊന്നു മയങ്ങട്ടെ .
സ്വപ്നങ്ങള്‍  മറന്ന ശവമായിടട്ടെ ഞാനിനി .
------------------ബി ജി എന്‍ വര്‍ക്കല ---