Friday, March 1, 2013

ഇരുള്‍ മൂടിയ കാലം

തലച്ചോറിന്‍ ജീവ കോശങ്ങളില്‍
മൃതിയുടെ ചോണനുറുമ്പുകള്‍ അരിച്ചിറങ്ങുമ്പോഴാണു
ജീവിതത്തിന്റെ പുസ്തകം തുറന്നു നോക്കാന്‍
മനസ്സെന്നെ നിര്‍ബന്ധിച്ചത് .

ആമുഖത്തില്‍ ഉല്ലേഖം ചെയ്തിരുന്നത്
ഞാന്‍  ഇവിടെ ജീവിച്ചിരുന്നു എന്നാണു .
അകം പേജുകളില്‍ ആദ്യമാദ്യം കണ്ടത്
ജീര്‍ണ്ണിച്ച ചിതല്പുഴുക്കളുടെ ഉടലുകളും .

ഒരു ഘട്ടത്തില്‍ എന്റെ സിരകളിലെ നീരാവിയും
എന്റെ മനസ്സിന്റെ ബാക്ഷ്പവും
ഇടകലര്‍ന്ന ഇരുണ്ട സന്ധ്യകളുടെ
നാഗത്തറകള്‍ ഫണം വിടര്‍ത്തി നില്‍ക്കുന്നത് കാണാം .

ജടിലമായ  മോഹച്ചെപ്പുകള്‍ തുറന്നു വച്ച്
ഓര്‍മ്മകളുടെ സിന്ദൂരം തൂവുന്ന
നനഞ്ഞ സന്ധ്യകളുടെ നിഴലുകളില്‍
തുളസിപ്പൂവും സന്ധ്യാനാമവും കൈകോര്‍ത്തു നിന്നിരുന്നു .

ഈറന്‍  മണക്കുന്ന ശയ്യാ വിരിയില്‍
ഉറക്കം വെടിഞ്ഞു ഞാനെന്‍ കുഞ്ഞു പൈതലിന്‍
തുടയില്‍ താളം പിടിച്ചു കിടക്കുന്ന രാവുകള്‍
എത്ര സാന്ദ്രമായി തണുപ്പ് പകരുന്നു ഈ താളുകളില്‍ .!

അകലങ്ങളില്‍ ഉണ്മത്തമാകുന്ന പകല്‍ചൊരുക്കുകളില്‍ ,
നിശബ്ദ രാഗമായി, ഒരു പ്രണയ പുഷ്പമായ്‌ ,
മീട്ടുവാന്‍  ആകാത്ത രാഗമായ്‌ , ഒരു വിഷാദ സ്വരം
പോലെ നിന്റെ നിഴലുകളെന്നെ പൊള്ളിക്കുന്നു ഇപ്പോഴും .

വീഥികള്‍ നിശബ്ദമാകുന്ന ഈ സന്ധ്യക്കപ്പുറം
നിന്റെ ഓര്‍മ്മക്കാടുകള്‍ക്കപ്പുറം, വിജനത
തളംകെട്ടുമീ മൌന സമുദ്രത്തില്‍
മറ്റൊരു നിഴലായ്‌ ഞാനോടുങ്ങട്ടെ .

എഴുതാന്‍മറന്നു പോയ പേജുകള്‍ പോലെ
നിരാസത്തിന്റെ മേച്ചില്‍ പുറങ്ങളില്‍
നഗ്നമാക്കുന്ന  എന്നെ നോക്കി ചിരിക്കും കാലമേ
നിന്റെ മാറില്‍ ഞാനൊന്നു മയങ്ങട്ടെ .
സ്വപ്നങ്ങള്‍  മറന്ന ശവമായിടട്ടെ ഞാനിനി .
------------------ബി ജി എന്‍ വര്‍ക്കല ---

No comments:

Post a Comment