Sunday, February 24, 2013

കേരളം

അമ്മയെ കൊന്നൊരു രാമന്റെ കേരളം .
മര്‍ദ്ദിതവീര്യത്തിന്‍ കീഴാള കേരളം .
റബ്ബര്‍ പുകയുടെ സാക്ഷര കേരളം .
രാക്ഷ്ട്രീയ ഹിജഡകള്‍തന്‍ കേദാര കേരളം .

മക്കളെ വിറ്റന്നം തേടുന്ന കേരളം
മക്കളില്‍ കാമമൊഴുക്കുന്ന കേരളം
പെറ്റമ്മയെ വിറ്റു മോന്തുന്ന കേരളം
കൂടെപിറപ്പിന്റെ വിലപറ്റും കേരളം

പെണ്ണിനെ പെണ്ണ് വില്‍ക്കുന്ന കേരളം
പെണ്ണിനെ പെരുവഴിയില്‍ തിന്നുന്ന കേരളം
മദ്യം മണക്കുന്ന തെരുവുള്ള കേരളം
സ്ത്രീധന മരണത്തിന്‍ കൂടാര കേരളം

മാതൃഭാഷയെ മറക്കുന്ന കേരളം
മതമൈത്രി ചൊല്ലി കലഹിക്കും കേരളം
ആത്മീയ നേതാക്കള്‍ വിളയുന്ന കേരളം
ആത്മഹത്യക്ക് പുകള്‍പെറ്റ കേരളം

ആഡംബരത്തിന്റെ പര്യായ കേരളം
വൃദ്ധസദനങ്ങള്‍ പെരുകുന്ന കേരളം
അന്യദേശക്കാര്‍ക്ക്  പറുദീസ കേരളം
ടൂറിസപാക്കേജില്‍ വെയില്‍ കായും കേരളം .

അന്യന്റെ ജാലകം കാക്കുന്ന കേരളം
അന്യോന്യം പഴിചാരിയുറങ്ങുന്ന കേരളം
കേരവൃക്ഷങ്ങള്‍ മറഞ്ഞൊരു  കേരളം
മറുനാടന്‍ മലയാളിതന്‍ ഹൃദയമാം കേരളം .  

 ഇടതനും വലതനും ഭരിക്കുന്ന  കേരളം
സമുദായം ചൊല്ലി പങ്കിടും കേരളം .
ചൊല്ലി പറയാന്‍ കഴിയാത്ത കേരളം
ചൊല്ലുവാന്‍ ലജ്ജതോന്നും നാമം കേരളം .
-----------------ബി ജി എന്‍ വര്‍ക്കല ------

No comments:

Post a Comment