Saturday, February 23, 2013

കാടിന്‍ ഗീതകം

കാടെരിച്ചും , കൊമ്പറുത്തും
കാട്ടു പൂവിന്‍ തേന്‍ കുടിച്ചും 
നാലുകാലിതന്‍ തോലുരിച്ചും 
തീറ്റ തേടിയിറങ്ങുന്നു 
നാട്ടുമ്രിഗങ്ങള്‍ കൂട്ടമോടെ !

പേടമാനിന്‍ ഇളംമാംസം 
നാവു നൊട്ടി നുണക്കുന്ന
കാട്ടുചെന്നായക്കിന്നും 
പ്രായമായില്ല സത്യം !

പാട്ട് പാടാന്‍ മുരളികക്കായ് 
കാട്ടുമുള വെട്ടി മാറ്റാന്‍ 
നാട്ടുകൂട്ടം കൂട്ടമായ്‌ 
പാട്ട് പാടി വന്നിടുന്നു. 

നീര്‍ച്ചെടികള്‍ കോതിമാറ്റി
നീര്‍പ്പോളതന്‍ കൂമ്പടച്ച്
നീര്‍ക്കിളികളെ വേട്ടയാടാന്‍ 
നായ്ക്കൂട്ടം ഇരമ്പിയാര്‍പ്പൂ . 

വാക്കെറിഞ്ഞും , വാക്കെടുത്തും 
വാക്ക് നോക്കി വെട്ടിമാറ്റിയും 
വായ്പ്പാട്ടുകള്‍ പാടി വരുന്നു 
വാനരന്മാര്‍ ചില്ലതോറും . 

മൂക്ക് മുറിഞ്ഞൊരു കരിങ്കുരങ്ങിന്‍ 
ദീനരോദനമിരുളെടുക്കെ 
മഴവില്ലിന്‍ നേര്‍ക്ക്‌ നോക്കി 
മയില്‍പ്പെടതന്‍ കാല്‍ ചലിച്ചു 
നൂപുരത്തിന്‍ ധ്വനി മുഴക്കി 
തം തരികിട തോം തിത്തോം !

കാട്ടുപുല്ലിന്‍ ചുങ്കമിട്ടും 
കാട്ടുചോലക്കതിര് വച്ചും 
ആകാശക്കുട വിരിച്ചും 
ഗളത്തില്‍ വളയമിട്ടും
തുമ്പിയെ കൊണ്ടെടുപ്പിക്കുന്നു 
കല്ലുകള്‍ തന്‍ കൂമ്പാരം . 

ചിറകരിഞ്ഞത് കൊണ്ട് മാത്രം 
പറക്കാത്ത പറവകളില്‍ 
വിരല്‍ ചൂണ്ടി അലറുന്നു 
നിനക്കിഷ്ടം കൂടുതന്നെ . 
മറിച്ചാണേല്‍ പറന്നെനെ
വലമുറുകും നേരം തന്നെ . 

കാഴ്ച്ചകാണും ഇരുകാലികള്‍ 
കൈകൊട്ടി ചിരിക്കുന്നു 
ഇരുള്‍ തേടി മറഞ്ഞു നിന്ന് 
പശി തീര്‍ക്കുന്നു മുഷ്ടികളാല്‍ . 

വീട്ടിനുള്ളില്‍ നല്ല പാതിതന്‍ 
നെഞ്ചിലേക്ക് മുഖം താഴ്ത്തി 
ക്രൗര്യമോടെ അലറുന്നു 
അരിയണം നായ്ക്കളെ !
--------ബി ജി എന്‍ വര്‍ക്കല ---
https://soundcloud.com/bgnath0/ptoa6lmqtyv2

No comments:

Post a Comment