Monday, February 18, 2013

ഗതികേടിന്‍ നിശ്വാസങ്ങള്‍

അറിയാതെ നിറയുന്ന പീലികള്‍
മൊഴിയുന്നു കഥകള്‍ നിശബ്ദം .
ഒരുവേള പറയുവാനാകാതെ പോകു-
മാ പ്രണയത്തിന്‍ നിമിഷങ്ങളാകാം .

കരയുവാകാനാതെ തൊണ്ടയില്‍
കുരുങ്ങി പിടയുന്നുണ്ടൊരു തേങ്ങലുള്ളില്‍ .
പരിണാമദശയിലെ പിറവിയില്‍ കിട്ടിയ
പൗരുഷം കളിയാക്കീടാമെന്ന ഭയത്താല്‍ .

 എരിയുന്നോരഗ്നി തന്നാഴങ്ങളിലേക്ക്
എറിയണമെന്നുണ്ടീ തമസ്സിന്‍ നിഴല്‍കളെ .
അധികാരമില്ലാത്തൊരബലമാം പാശങ്ങള്‍
വിലങ്ങായി നില്‍ക്കുന്നു വീഥികള്‍ തോറുമേ.

ഇണചേരുവാന്‍ മാത്രമുരുവായോരവയവം
തനുവിതിലുണ്ടായിരുന്നെങ്കില്‍ നൂനം ,
പിറവിയില്‍ തന്നെ നികൃഷ്ടം , നിശ്ചയം
ഇലപോലെ നുള്ളിയെറിഞ്ഞെനെ ഞാന്‍  .
----------ബി ജി എന്‍ വര്‍ക്കല -------

1 comment: