Saturday, February 16, 2013

ഘടികാര സൂചി തിരിയുമ്പോള്‍

ഒരു മഞ്ഞ ചരടില്‍
ഒരു തുണ്ട് മഞ്ഞ ലോഹത്തില്‍
ജീവിതം അടിയറവു വയ്ക്കുമ്പോള്‍
ഒരു  കുടുംബിനിയുണ്ടാകുന്നു.

പകലന്തിയോളം കുശിനിയില്‍ ,
ഇരുളുകനക്കുമ്പോള്‍ കിടക്കയില്‍ ,
ഒരു അരവുകല്ലായ് തേഞ്ഞു തീരുമ്പോള്‍
ഒരു  ഭാര്യയുണ്ടാകുന്നു.

ഒരു കുഞ്ഞു പിറവിയെടുക്കുമ്പോള്‍ ,
പാലൂട്ടി വളര്‍ത്തുമ്പോള്‍
മറ്റൊരു കുടുംബമുണ്ടായിക്കഴിയുമ്പോള്‍
മാതൃത്വം പൂര്‍ണ്ണതയാകുന്നു .

പട്ടടയില്‍ എരിഞ്ഞു തീരുന്ന
നല്ല പാതിയുടെ ഓര്‍മ്മകള്‍ ചൊല്ലി
നെഞ്ചകം കലക്കി നിലവിളിക്കുമ്പോള്‍
ഭാര്യ മരിക്കുന്നു .

അകമുറിയിലെ ചാക്ക് കട്ടിലില്‍
മച്ചിലെ ഇരുള് നോക്കി
മരണത്തെ കാത്തു കിടക്കുമ്പോള്‍
ഒരമ്മ മരിക്കുന്നു .  
-------------ബി ജി എന്‍ -----------

No comments:

Post a Comment