Friday, February 26, 2021

മടക്കം...................... ശാന്താ തുളസീധരന്‍

 

മടക്കം(നോവല്‍)

ശാന്താ തുളസീധരന്‍ 

പരിധി പബ്ലിക്കേഷന്‍സ് 

വില : ₹ 250.00

 

നോവല്‍ രചനയിലെ വൈവിധ്യങ്ങള്‍ ആണ് എപ്പോഴും വായനക്കാരെ കൂടെ നടക്കാനും തിരഞ്ഞു വായിക്കാനും പ്രേരിപ്പിക്കുക. എല്ലാ എഴുത്തുകളും നല്ലതാകണം എന്നില്ല. എങ്കില്‍പ്പോലും ചില വായനകള്‍ തുടരെത്തുടരെ ആ എഴുത്തുകാരെ തിരഞ്ഞുപിടിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുകയുണ്ടാകും. ചരിത്രവും, ജീവിതവും, രാഷ്ട്രീയവും, സംസ്കാരവും ഇഴകലര്‍ന്ന ഒരു വലിയ ലോകമാണ് ശ്രദ്ധിക്കപ്പെടുന്ന പല നല്ല നോവലുകളും. ടി ഡി രാമകൃഷ്ണന്റെ നോവലുകളില്‍ കാണുന്നത് പോലെ ഭാവനാത്മകമായ ഒരു ലോകമാകില്ല എസ് ഹരീഷിന് നല്‍കാനുണ്ടാവുക. സേതുമാധവന്‍ പാണ്ഡവപുരത്തില്‍ പകര്‍ന്നിടുന്ന ലോകവും ആനന്ദ് പകര്‍ന്നു തരുന്ന ലോകവും രണ്ടാണല്ലോ. പക്ഷേ ഇവയൊക്കെയും വായനയിലൂടെ നമുക്ക് സുപരിചിതമാകുന്നത് ആ വിഷയത്തോടുള്ള, ഭൂമികയുടെ ചേര്‍ന്ന് നില്‍പ്പാകുന്നു. ശാന്താ തുളസീധരന്റെ പുസ്തകങ്ങളുടെ പ്രത്യേകത അതിലെ വിഷയങ്ങളോടുള്ള സമീപനത്തിലെ വൈവിദ്ധ്യമാണ് . ചിലപ്പോള്‍ മരുഭൂമിയുടെ കാഴ്ചകളാണെങ്കില്‍ ചിലപ്പോള്‍ ആദിവാസി സമൂഹത്തിന്റെ ജീവിതമാകും . ചിലപ്പോള്‍ അത് തുറന്ന ജയിലിന്റെ ഉള്ളില്‍ കറങ്ങിത്തിരിഞ്ഞു തിരിച്ചു വരുന്നത് കാണാം. അതല്ലെങ്കില്‍ പുരാണങ്ങളിലെ സ്ത്രീകളുടെ ആത്മാവു തേടിയുള്ള യാത്രയാകാം. വിഷയം എന്തു തന്നെയായാലും ഈ എഴുത്തുകാരിയുടെ പുസ്തകങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പൊതുവായ ഘടകം എന്താണ് എന്നു പരിശോധിച്ചാല്‍ പ്രകൃതിയും സംസ്കാരവുമായുള്ള അഭേദ്യമായ ബന്ധവും പരിസ്ഥിതിയോടുള്ള അകമഴിഞ്ഞ അനുകമ്പയും പ്രണയവും ആണെന്ന് കാണാം.  ഭൂമിക മാറുമ്പോഴും കാഴ്ചപ്പാടുകള്‍  മാറുന്നില്ല എന്നതാണു അതിലെ പ്രത്യേകതയും . വായനക്കാരന് അജ്ഞാതമായ ഒരിടം പോലും അവന് പരിചിതമാകുന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നത് ഒരധ്യാപിക എന്ന അനുഭവപരിചയത്തില്‍ നിന്നുമാകാം. 

മടക്കം എന്ന ഈ  നോവലില്‍ പ്രധാനമായും എന്താണ് എഴുത്തുകാരി പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നു നോക്കിയാല്‍, ഈ വിഷയം വളരെ നന്നായി മനസ്സിലാക്കാൻ കഴിയും എന്നു കരുതുന്നു . പാലക്കാടന്‍ ജീവിതത്തിന്റെ ചിത്രമാണ് ഈ നോവലിന് പശ്ചാത്തലം ആകുന്നത് . പാലക്കാടിന്റെ നെല്കൃഷി സംസ്കാരത്തെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടി വരുന്ന ശിവകുമാര്‍ എന്ന എഴുത്തുകാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് . അയാളുടെ കാഴ്ചയിലൂടെ , ചിന്തകളിലൂടെ , സഹയാത്രികരിലൂടെ പാലക്കാടിന്റെ സംസ്കാരവും സമൂഹവും അനാവൃതമാകുന്നു . വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ ആയി മാറി നില്‍ക്കുന്ന മനുഷ്യരും അവരുടെ അസ്തിത്വവും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക കൂടിയാണ്. പ്രകൃതിയെ എങ്ങനെ സംരക്ഷിച്ചു പിടിക്കണം എന്നുള്ള പാഠം പറഞ്ഞു തരുന്നു . ജൈവ കൃഷി രീതികളും , നദീ സംരക്ഷണവും, മണ്ണില്‍ പണിയെടുക്കുന്നവന്റെ അഭിമാനവും അന്തസ്സും ഉയര്‍ത്തിക്കാട്ടുന്നു. ജീവിതത്തിന്റെ  മധുരതരമായ  ഭാവഭേദങ്ങളെ അവതരിപ്പിച്ചു കാട്ടുന്നു . കുടുംബബന്ധങ്ങളിൽ  പട്ടണം , ഗ്രാമം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളുടെ സാന്നിധ്യവും അഭാവവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും വരച്ചിടുന്നു . സ്വതന്ത്രവും , വ്യക്തിത്വവുമുള്ള സ്ത്രീകളുടെ ആത്മധൈര്യവും പ്രതിരോധങ്ങളും കാട്ടിത്തരുന്നു . മതവും ജാതിയും വര്‍ഗവും അല്ല മനുഷ്യരുടെ ജീവിതത്തിനാവശ്യം എന്ന്‍ ഓര്‍മ്മിപ്പിക്കുന്നു . ഒപ്പം നോവലിനെ പിടിച്ചു നിര്‍ത്തുന്ന ഊര്‍ജ്ജദായികയായ ഒരു മനോഹര പ്രണയവും അടിയൊഴുകുന്നുണ്ട്. ഓരോ മനുഷ്യനും തന്റെ ജീവിതം കൊണ്ട് എന്താണ് സഹജീവികള്‍ക്ക് നല്കേണ്ടത് എന്നൊരു സൂചന പോലെ ചില ജീവിതങ്ങളെ വരച്ചിടുമ്പോള്‍ ആധുനിക ലോകത്ത് സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്ന മനുഷ്യരുടെ കേവലത വെളിവാക്കാന്‍ എഴുത്തുകാരി ശ്രദ്ധിക്കുന്നു . ചിട്ടയായ ശ്രമങ്ങള്‍ കൊണ്ട് ഒരു നല്ല ആരോഗ്യദായകമായ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത് എങ്ങനെ എന്നു സൂചിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്  ഒരു സമൂഹത്തെ ഉണര്‍ത്തിയെടുക്കാന്‍ ആദ്യം വേണ്ടത് ആ സമൂഹത്തിലെ കുട്ടികളെ ബോധവത്കരിക്കുക എന്നതാണു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുക എന്നതാണതിനുള്ള ഏക പോംവഴി . ഒപ്പം അവരെ പ്രകൃതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുക. അന്ധവിശ്വാസം നിറഞ്ഞ ഇരുണ്ട കാടുകള്‍ വെട്ടിത്തെളിച്ച് അവിടെ നന്‍മയുടെ, വെളിച്ചത്തിന്റെ വിത്തുകള്‍ വിതറുകയും നൂറുമേനി വിളയിച്ചെടുക്കുകയും ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഓരോ സമൂഹവും തങ്ങളെ വഴികാട്ടാന്‍ ഒരാള്‍ വന്നാല്‍ പിന്നെ അയാളെ ആശ്രയിച്ച് മാത്രമാണു നിലനില്‍ക്കുക എന്നുള്ളതാണ് . ഇവിടെ ആ ചിന്തയെ മാറ്റിക്കുകയും സമൂഹസൃഷ്ടിക്കു പുതിയ , കൂടുതല്‍ ആശയവും , സംഘടനാ പാഠവവുമുള്ള ആൾക്കാരെ കൂട്ടിയിണക്കി സംഘങ്ങള്‍ ഉണ്ടാക്കുകയും അവരിലൂടെ കൂടുതല്‍ പുരോഗതിക്ക് സ്വയം മാറി നിന്നുകൊണ്ടു അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യിക്കുന്ന കാഴ്ച ശരിക്കും ഒരു നവോത്ഥാന കാഴ്ചയാണ് . നദിയുടെ ശോചനാവസ്ഥയെ മാറ്റുവാന്‍ ആദ്യം ഒരു സമൂഹം ശ്രമിക്കുന്നത് ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ആണ് . സമരം ചെയ്യുന്നതിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞു അവര്‍ ചെയ്യുന്നത് നദിയുടെ ഉത്ഭവം മുതല്‍ സഞ്ചരിച്ച് ഓരോ പ്രതിബന്ധങ്ങളെയും മാറ്റി , ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് . ഇവയൊക്കെ ഒരു നോവല്‍ കൈകാര്യം ചെയ്യുമ്പോള്‍, അതിലേക്കു സന്നിവേശിപ്പിക്കുക വഴി എഴുത്തുകാരിയുടെ ശ്രമം വിജയം കൈവരിക്കുന്നു . കാരണം ബോറടിപ്പിക്കുന്ന ലേഖനങ്ങള്‍ വായിക്കുന്നതിലൂടെയല്ല ഇത്തരം നോവൽ രചനാരീതിയിലൂടെ വായനാസുഖം മാത്രമല്ല പൊതുബോധവും വളര്‍ത്താന്‍ കഴിയുന്നു എന്ന രഹസ്യം മനസ്സിലാക്കിയ എഴുത്തുകാരിയുടെ തന്ത്രം അഭിനന്ദാര്‍ഹമാണ് . 

വായനയില്‍ തോന്നിയ ചില കാര്യങ്ങളെക്കൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല. അടുത്തിടെ വലിയ പ്രചാരം കിട്ടിയ ഒരു സംഗതിയാണ് ജൈവം  എന്ന്‍ വാക്ക് . എന്തിലും ഏതിലും ജൈവം എന്നൊരു കാഴ്ചപ്പാട് എന്തിലുമേതിലും  പ്രയോഗിച്ച് കാണുന്നുണ്ട് . കേരളം പോലുള്ള ഒരു കാർഷിക സംസ്ഥാനത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് സംഭവിച്ച ഭക്ഷ്യക്ഷാമവും ജനസംഖ്യാ വര്‍ദ്ധനവും ആണ് കൃഷിയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. മനു എസ് നായരുടെ ദന്തസിംഹാസനം ഒക്കെ പറയുന്നതു പ്രകാരം അന്നത്തെ ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള ഒരു എകദേശ ധാരണ ലഭിക്കുന്നുണ്ട് .ആ അവസ്ഥയില്‍ നിന്നും കാർഷിക വിപ്ലവവും വിജയവും സമ്മാനിച്ചത് ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ , സംവിധാനങ്ങള്‍ എന്നിവ പ്രയോഗിച്ച് തുടങ്ങിയതോടെ ആണ് . ആധുനിക കൃഷി സമ്പ്രദായങ്ങള്‍ ഇല്ലാതിരുന്നെങ്കിൽ ഇന്ന് പരിസ്ഥിതി വാദക്കാര്‍ കൊട്ടിഘോഷിക്കുന്ന, അവകാശപ്പെടുന്ന കാർഷിക അഭിവൃദ്ധി നമുക്ക് ലഭിക്കുകയില്ലായിരുന്നു .കാരണം പരമ്പരാഗതമായി ഈ പറയുന്ന ജൈവവളങ്ങളുപയോഗിച്ച്  അന്നത്തെ കാലത്തുണ്ടായിരുന്ന ആ കൃഷി രീതിയിലാണ്  ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ട വിധത്തില്‍ കാര്യങ്ങള്‍, വിഭവങ്ങൾ നമുക്ക് ലഭ്യമാകാതെ  പോയത്. ചെറിയ ചെറിയ കൃഷികള്‍ക്ക് ഈ പറയുന്ന കാർഷിക രീതികള്‍ നല്ലതാകാം എന്നു മാത്രമേ ഉള്ളൂ . കീടനാശിനികളുടെ അമിതമായ ഉപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മനുഷ്യനും പരിസ്ഥിതിക്കും  പ്രശ്നം ഉണ്ടാക്കുന്നു എന്നത് അവഗണിക്കുന്നില്ല . വളങ്ങള്‍ എന്നത് ജൈവം എന്ന പരിപൂര്‍ണ്ണ കാഴ്ചപ്പാടിനെ മാത്രമാണു എതിര്‍ക്കപ്പെടുന്നത് . അതുപോലെ വിഷയങ്ങളില്‍ നിന്നും പലപ്പോഴും കാഴ്ചയെ എഴുത്തുകാരി വലിച്ചെടുത്ത് തനിക്ക് പറയാനുള്ള ഇടങ്ങളിലേക്ക് കൊണ്ട് പോകുന്നത് നോവല്‍ വായനാശീലത്തിലെ പതിവ് രചനാരീതികളില്‍ ഇന്നും വ്യത്യസ്തമായി അനുഭവപ്പെട്ടു. വളരെ ലളിതവും മനോഹരവുമായ ഭാഷയാണ് ശാന്താ തുളസീധരന്റെ എഴുത്തുകളില്‍ കാണാന്‍ കഴിയുന്നത് .വ്യക്തമായി കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തില്‍ വിസ്താരഭയം എഴുത്തുകാരിയെ അലോസരപ്പെടുത്തുന്നില്ല. അത്  വായനക്കാരനും ബുദ്ധിമുട്ട് നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരെഴുത്തുകാരി എന്ന നിലയില്‍ ശാന്താ തുളസീധരന്‍ നില്‍ക്കുമ്പോള്‍ അത് മലയാള സാഹിത്യത്തിൻ്റെ ഒരു വലിയ അപചയം കൂടിയാണ് എന്നു പറയേണ്ടി വരും . ആശംസകളോടെ  ബി ജി.എന്‍ വർക്കല 

 

 

 

 


Wednesday, February 24, 2021

വില്പത്രം

വില്പത്രം
...................
നിന്റെ മിഴികളിലേക്ക് നോക്കുവാനാകാതെ
നിന്റെ ഹൃദയത്തിലേക്ക് നടക്കുവാനാകാതെ
നിന്റെ അരികിലേക്ക് അണയാനാകാതെ
എന്റെ ജീവൻ നിശ്ചലമാകുന്നുവെന്നോ? 

നീ മുറിച്ചിട്ട ദീർഘമൗനത്തിലെങ്ങും തന്നെ
എന്റെ ആത്മസ്പന്ദനമില്ലാതിരുന്നിട്ടും
കറുത്തുറഞ്ഞ അമാവാസിയൊന്നു നിൻ
വെളുത്ത മുഖത്തിനലങ്കാരമാകുന്നുവെന്നോ! 

നോക്കൂ, നിന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന
വെറും വേഴാമ്പലാണ് ഞാനെന്നതോർക്കണ്ട.
ഞാനെന്നത് ആപേക്ഷികമായ മൗനവും
അനാവശ്യമായ അലങ്കാരവാക്കുമാകുന്നു. 

ഇരുട്ടിന് വെളിച്ചത്തെ പുണരാനാകാത്തതും
നമുക്ക് പ്രണയിക്കാനാകാതെ പോയതും
ഒരേ നാണയത്തിനിരുപുറംപോൽ നമ്മൾ
പരസ്പരം കാണാതെ പോകുന്നതും ശരി. 

മരണത്തിന്റെ തണുത്ത ചിറകുകൾ വന്ന്
ഹൃദയാന്തരാളത്തോളം സ്നേഹിക്കുമ്പോൾ
കൂടെ കൂട്ടുവാൻ ഞാൻ സൂക്ഷിക്കുന്നതാണ്
നിന്റെ പ്രണയമെന്നു വിൽപ്പത്രമെഴുതുന്നു.
....... ബി.ജി.എൻ വർക്കല 

Saturday, February 20, 2021

നാസ്തികതയും ആസ്തികതയും സ്വതന്ത്ര ചിന്തയും

നാസ്തികതയും ആസ്തികതയും               

         മനുഷ്യ ജീവിതത്തില്‍ ദൈവം എന്നൊരു തമാശക്കഥാപാത്രം ഒരു വിശ്വാസമായി ഉരുത്തിരിഞ്ഞുവന്ന കാലത്തുതന്നെ അതിനെ നിരാകരിക്കുന്ന ഒരുവിഭാഗവും ഇവിടെ ഉണ്ടായിരുന്നു. ദൈവവിശ്വാസത്തോളം പഴക്കമുള്ള ഒരു തര്‍ക്കമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതും. ഇക്കാരണത്താല്‍ത്തന്നെ ഹിന്ദുപുരാണങ്ങളും വിശ്വാസസംഹിതകളും രണ്ടുവിഭാഗം ആള്‍ക്കാരെ ദൈവവിശ്വാസത്തിന്റെ ഭാഗമായി തരംതിരിക്കുകയുണ്ടായി. അവരാണ് ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവരും ദൈവമില്ല എന്നു വിശ്വസിക്കുന്നവരും . ഉണ്ട് എന്നു പറയുന്നവരുടെ കടമയാണ് അത് ഉണ്ട് എന്നു തെളിയിക്കുക എന്നുള്ളത് . അതിനവര്‍ക്ക് കഴിയാതെ പോകുന്നതുകൊണ്ടു മാത്രമാണു, അതില്‍ നിന്നുള്ള പരാജയത്തിന്റെ പ്രതിപ്രവര്‍ത്തനം മാത്രമാണു  ഇല്ല എന്ന്‍ വാദത്തിനോടും വാദക്കാരോടുമുള്ള പകയും പ്രതികാരവും തിരസ്കാരവും . യാദൃച്ഛികവശാല്‍ ഉണ്ട് എന്ന്‍ വാദിക്കുന്നവര്‍ കൂടുതലും ഇല്ല എന്നു വാദിക്കുന്നവര്‍ കുറവുമാണ് എണ്ണത്തില്‍ എന്നത് മൂലം ശക്തിയുള്ളവന്‍ ദുര്‍ബ്ബലനെ ആക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്ന പ്രകൃതിനിയമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആശയപരമായി കീഴടക്കാന്‍ കഴിയാത്തിടത്ത് മുഷ്ക്ക് ഉപയോഗിക്കുക എന്നത് മതത്തിന്റെ ഒരു പ്രധാന അടവാണല്ലോ.               എന്താണ് ആസ്തികത എന്ന വാക്കിന്റെ അര്‍ത്ഥം എന്നു നോക്കാം. സംസ്കൃതത്തില്‍ അതിനെ ‘അസ്തി’ അതായത് ഉണ്ട്, നിലനില്‍ക്കുന്നു എന്നാണ് വിവക്ഷ. ഈ ഉണ്ട് എന്നത് ഒരാള്‍ , ഒരു ആത്മാവു , ഒരു ബ്രാഹ്മണന്‍ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒന്നു ഉണ്ട് നിലനില്‍ക്കുന്നു എന്നു വിശ്വസിക്കുന്നതിനെയാണ് . അത് മൂന്നു വിധത്തില്‍ ഉണ്ട്.
 1.    വേദങ്ങളുടെ ആധികാരികതയില്‍ വിശ്വാസം പ്രകടിപ്പിക്കുക 
2.    ആത്മാവു , പരലോകം , പുനര്‍ജന്‍മം ഉണ്ട് എന്നു വിശ്വസിക്കുക
 3.    ദൈവം ഉണ്ട് എന്നു വിശ്വസിക്കുക

      ഈ മൂന്നു കാര്യങ്ങളും ഇല്ല എന്നു വിശ്വസിക്കുന്നവരെ നാസ്തികര്‍ എന്നു വിവക്ഷിക്കുന്നു . ശ്രദ്ധിക്കേണ്ട ഒരു കാര്യം , വേദങ്ങള്‍ ഇല്ല എന്നു നാസ്തികര്‍ അഭിപ്രായപ്പെടുന്നുമില്ല. മറിച്ച് അവയില്‍ പറയുന്നതു കളവ് ആണ് അല്ലെങ്കില്‍ അത് പരിഷ്കൃത സമൂഹത്തിനു എതിരാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. പുരാതന ഭാരതത്തില്‍ ചാര്‍വാകന്‍മാര്‍ , ബുദ്ധമതക്കാര്‍ , ജൈനമതക്കാര്‍ എന്നിവരെയൊക്കെ നാസ്തികര്‍ ആയി കണക്കാക്കിയിരുന്നു എന്നു പറഞ്ഞു കേള്‍ക്കാം. എന്നാല്‍ ഇതിലും തെറ്റുകള്‍ ഉണ്ട് . പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് ബുദ്ധമതാനുയായികള്‍. അതുപോലെ മോക്ഷവും. ജൈനമതവും മോക്ഷത്തില്‍ വിശ്വസിക്കുന്നു . ചര്‍വാകന്‍മാര്‍ പൊതുവേ എല്ലാത്തിനെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിഭാഗമായി കണക്കാക്കുന്നു.

യുക്തിവാദം , നാസ്തികത പിന്നെ സ്വതന്ത്രചിന്ത

             നാസ്തികര്‍ എന്നാല്‍ യുക്തിവാദികള്‍ ആണെന്ന ചിന്ത യുക്തിവാദവും നാസ്തികതയും പരസ്പരം കൈമാറപ്പെടുന്ന ഒരു പൊതു വിഷയത്തില്‍ അടിസ്ഥാനമാക്കി പറയപ്പെടുന്ന ഒന്നാണ് . ദൈവം ഇല്ല എന്നതും പരലോകം, ആത്മാവു എന്നിവയില്ല  എന്നു പറയുന്നതും ആണത് . യുക്തിവാദം പ്രധാനമായും ദൈവം ഇല്ല എന്ന വിഷയത്തില്‍ മാത്രം ഊന്നിയുള്ള ചിന്തയും പ്രവര്‍ത്തനവും ആണ് .നാസ്തികത എന്നത് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാമുള്ള അസ്തിത്വം ചോദ്യം ചെയ്യലും . എന്നാല്‍ നവനാസ്തികത എന്നത് സ്വതന്ത്രചിന്തകര്‍ എന്ന പുതിയ രൂപവും ഭാവവും കൈവരുന്ന ഒരു ലോകമാണ്.. എന്താണ് സ്വതന്ത്രചിന്ത എന്നു മനസ്സിലാക്കിയാല്‍ എന്തുകൊണ്ടാണ് യുക്തിവാദത്തെക്കാള്‍ , നാസ്തികതയേക്കാള്‍ മത വിശ്വാസികള്‍ക്ക് സ്വതന്ത്ര ചിന്തകര്‍ കണ്ണിലെ കരടാകുന്നത് എന്നത് വ്യെക്തമാകും. സ്വതന്ത്രചിന്ത എന്നതുകൊണ്ടു സമൂഹം പൊതുവേ ഉദ്ദേശിക്കുന്നത്  ഭൂരിഭാഗം മതവിശ്വാസികളും കരുതുന്നതും ആക്ഷേപിക്കുന്നതുമായ സ്വതന്ത്രരതിയല്ല  എന്നത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു . സ്വതന്ത്രചിന്തകരായി നടിക്കുന്നവരും, വെറും കാമപൂരണത്തിനായി ആഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്ന ഒരു സംഗതിയാണ് സ്വതന്ത്ര ചിന്തകര്‍ എന്നു ഭാവിക്കുകയും ആ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുപ്പെടുന്ന, വരുന്ന സ്ത്രീകളെയോ പുരുഷന്മാരെയോ മാറി മാറി യുക്തംപോലെ  ശാരീരിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് . പരസ്പരവിശ്വസം, സമ്മതം എന്നീ ഒഴിവുകഴിവുകളിലൂടെ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുന്ന ഇവര്‍ വിശ്വാസികള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ പീഡനം എന്ന കുരുക്കില്‍ വീണു നിയമ നടപടികളില്‍ കുരുങ്ങുമായിരുന്നു എന്നതില്‍ സംശയമില്ല. സ്വതന്ത്ര ചിന്ത എന്നാല്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്നത് ലിംഗസമത്വവും  തുല്യമായ സാമൂഹ്യനീതിയുമാണ്. മതത്തിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുന്ന വലിയ ഒരു പ്രശനം ആണിത്. ദൈവം ഇല്ല എന്നു പറയുന്നവരോടു മല്ലിട്ടു നിന്നുകൊണ്ടു മതഗ്രന്ഥങ്ങളും മറ്റായുധങ്ങളും  ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാം എന്നു കരുതുമെങ്കിലും, ലിംഗസമത്വം എന്ന മാനവികതയില്‍ ഊന്നിയുള്ള പൊതുസാമൂഹ്യനീതിയെന്നതു മതത്തിന് ഭ്രാന്ത് പിടിക്കുന്ന സംഗതികള്‍ ആണല്ലോ. യുക്തിവാദം, ദൈവം ഇല്ല എന്നു പറയുമ്പോള്‍ നാസ്തികര്‍ പരലോകം ഇല്ല , ആത്മാവില്ല, ദൈവം ഇല്ല എന്നു പറയുന്നതു പോലെയല്ല സ്ത്രീക്കും പുരുഷനും ട്രാന്‍സ് ജെണ്ടറിനും തുല്യത വേണം എന്ന വാദം. അത് പുരുഷ മേല്‍ക്കോയ്മയുള്ള ലോകത്തിന് ഒരിയ്ക്കലും അനുവദിക്കാന്‍ കഴിയാത്ത  ഒരു സംഗതിയാണ് . ചക്കരപുരട്ടി നവമതങ്ങളും പുരാതനമതങ്ങളും നല്‍കുന്ന സമത്വം എന്ന കാഴ്ചപ്പാടിനെ സ്വതന്ത്ര ചിന്തകര്‍ അക്കമിട്ടു പ്രതിരോധിക്കുമ്പോള്‍ മതം നിരായുധരായി നില്‍ക്കുന്ന അവസ്ഥ ആണ്  സംഭവിക്കുന്നത്.  മാത്രവുമല്ല സ്വതന്ത്ര ചിന്തയില്‍ ആര്‍ത്തവം, സദാചാരം, ലൈംഗികത തുടങ്ങി മനുഷ്യ സംബന്ധമായ എല്ലാ കാര്യങ്ങളിലും ഉള്ള ഉച്ചനീചത്വങ്ങളെ അഡ്രസ് ചെയ്യപ്പെടുകയും അതിനെയൊക്കേ എതിര്‍ക്കുകയും ചെയ്യുന്നു ലിംഗസമത്വം പോലെതന്നെ വര്‍ഗ്ഗസമത്വവും സ്വതന്ത്ര ചിന്ത കൈകാര്യം ചെയ്യുന്നുണ്ട് . ജാതീയത, ഗോത്രീയത, രാഷ്ട്രീയത, ദേശീയത തുടങ്ങി മനുഷ്യ ജീവിയുടെ സമസ്ത വ്യവഹാരവിഷയങ്ങളിലും സ്വതന്ത്രചിന്ത ഇടപെടുന്നുണ്ട്. ഫെമിനിസം പോലുള്ള വേറിട്ട കാഴ്ചപ്പാടില്‍ നിന്നും മാറി ഹ്യൂമനിസം എന്നൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനുഷ്യനെ കാണാന്‍ സ്വതന്ത്രചിന്ത ശ്രമിക്കുന്നുണ്ട് . തീര്‍ച്ചയായും ഇത്തരം കാഴ്ചപ്പാടുകള്‍/ചിന്തകള്‍ സാധാരണ വിശ്വാസസമൂഹത്തിനു വളരെ അരോചകം സൃഷ്ടിക്കുന്ന ഒന്നായതിനാല്‍ അതിനെ അതിന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പൊതുജനസമക്ഷം അവതരിപ്പിച്ചു അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആണ് ഇന്ന് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നന്ത്  എന്നു കാണാം. 

പിതൃത്താരോഹണം      

          സ്വതന്ത്ര ചിന്തകര്‍ക്കോ യുക്തിവാദികകള്‍ക്കോ നാസ്തികര്‍ക്കോ അങ്ങനെ പ്രത്യേകിച്ചു ഒരുതലതൊട്ടപ്പനോ ആരാധനമൂര്‍ത്തിയോ ഇല്ല എന്നിരിക്കിലും മതവാദികള്‍ തരാതരം പോലെ ആരുടെയെങ്കിലും പിതൃത്വം അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്  കാണാം. റെന ദേകാര്‍ത്ത , ബാറൂച്ച് സ്പിനോസ , ലേയ്ബനീസ് , ഡാര്‍വിന്‍ , ചാള്‍സ് ഡിക്കന്‍സ്  തുടങ്ങി പലരെയും അവര്‍ ഇത്തരത്തില്‍ പിതാമഹാന്മാരായി അവതരിപ്പിച്ചുകൊണ്ടു അവരിലുള്ള പോരായ്മകളെ പൊതു പോരായ്മയായി കൊണ്ടാടന്‍ ശ്രമിക്കുന്ന കേവലത സ്ഥിരമായ ഒരു കാഴ്ചയാണല്ലോ . ഐന്‍സ്റ്റീന്‍ , ന്യൂട്ടന്‍  തുടങ്ങി മതബോധത്തിന്റെ കറുത്ത കാലത്തെ പല പ്രമുഖരുടെയും പല അവസരത്തിലുള്ള നിലനില്‍പ്പിന്റെ ഞാണിന്‍മേല്‍ക്കളികളെ സൂചിപ്പിച്ചുകൊണ്ടു  അവര്‍ യുക്തിവാദത്തിന് മേല്‍ അപചയത്തിന്റെ തെളിവുകള്‍ കാട്ടാറുണ്ട് . ലോകമുള്ള കാലം വരെയും മാറ്റമില്ലാതെ തുടരുന്നതെന്നു  ചില പൊള്ളയായ വിശ്വാസവസ്തുതകളെ മുന്‍ നിര്‍ത്തി അതേ മാപിനികൊണ്ട് അളക്കുന്നതിലുള്ള പോരായ്മയാണിത് എന്നു സ്വതന്ത്ര ചിന്തകര്‍ ഇതിനെ വിലയിരുത്തുന്നു .
  
ശാസ്ത്രവും മതവും

              മതവും ശാസ്ത്രവും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലയെങ്കിലും പൊതുവായ ഒരു അസ്ഥിത്വത്തിന് വേണ്ടി, നിലനില്‍പ്പിന്റെ ശാസ്ത്രമായി മതത്തെ ശാസ്ത്രീയവത്കരിക്കുന്നതില്‍ ആണ് ആധുനിക മതബോധക്കാര്‍, പണ്ഡിതര്‍ ശ്രമിക്കുന്നത്. പശു ശാസ്ത്രത്തിനെക്കുറിച്ചുള്ള ഗവേഷണവും പഠനമത്സരവും ഓര്‍ഗനൈസു ചെയ്ത ഇന്നത്തെ(20-02-2021) പത്രവാര്‍ത്ത അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് . ഇതേപോലെ തന്നെയാണ് ആരോഗ്യരംഗത്തെ കാര്യങ്ങളിലും ഭൌമവിഷയങ്ങളിലും പ്രപഞ്ചവിഷയങ്ങളിലും അനിയന്‍ ചേട്ടന്‍മാരായ എല്ലാ മതങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും അപക്വമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. സമീപകാലത്ത് അതിനു ഏറ്റവും അവസാന ഉദാഹരണമായി കാണിക്കാന്‍ കഴിയുക എം എം അക്ബറും ഇ എ ജബ്ബാറും തമ്മില്‍ നടന്ന സംവാദം തന്നെയാണ് . ഇസ്ലാം മതത്തിലെ, ഈ വിഷയത്തിലുള്ള  ഹൈഡ് ആന്ഡ് സീക് കളി വളരെ രസാവഹമാണ് . ഒരു മത പണ്ഡിതനോടു ഖുറാന്‍ ശാസ്ത്രീയ പുസ്തകമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാകും ആദ്യ ഉത്തരം. അത് ദൈവം ലോകത്തിലെ എല്ലാവര്‍ക്കുമായി അവസാനമായി ഇറക്കിയ ഗ്രന്ഥമാണ് എന്നുമതൊരു സമ്പൂര്‍ണ്ണ ജീവിതരീതിയുടെ ദിശകാട്ടിയാണ് എന്നുമവര്‍ അവകാശപ്പെടും തൊട്ടടുത്ത നിമിഷത്തില്‍ അവര്‍ അതില്‍ നിന്നും സമുദ്രശാസ്ത്രം, പ്രപഞ്ച ശാസ്ത്രം , ഭ്രൂണശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും പിതൃത്വം ആ പുസ്തകത്തിന് കല്‍പ്പിച്ചു നല്കുകയും ചെയ്യും. ഭാരതീയ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും എടുത്തുദ്ധരിച്ചുകൊണ്ടു ഹൈന്ദവവിശ്വാസികളും ഇതേ കുഴലൂത്തുകള്‍ നടത്തുന്നുണ്ട്  . ഒട്ടും പിന്നിലല്ലാതെ എന്നാല്‍ അല്പവകതിരിവോടെ ക്രിസ്തുമതവും ഏതാണ്ട് ഇതേ സംഗതികള്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. മതത്തിന് ഇല്ലാത്ത ശാസ്ത്രീയത മതം ഉണ്ട് എന്നു സ്വയം അവകാശപ്പെടുകയും അതില്ല എന്നു ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിന് പൊതുവേ പറയുന്ന പേരാണ് ഇന്ന് സഹിഷ്ണുത എന്ന വാക്ക്. അക്കാര്യത്തില്‍ സര്‍വ്വമതങ്ങള്‍ക്കും ഒറ്റ അഭിപ്രായമാണ് .ഒരേ സ്വരമാണ്.  .ചുംബന സമരത്തില്‍ അത് കേരളം നേരില്‍ കണ്ടതുമാണല്ലോ. മതനിഷേധികള്‍ ആയ ബ്രൂണോയെ ചുട്ടുകൊന്ന, ഗലീലിയോയെ വിടാതെ പിന്തുടര്‍ന്ന മതം എന്നു ക്രിസ്തുമതത്തിനെ ആക്ഷേപിക്കുമ്പോള്‍, ആ പാപഭാരം കുറേയൊക്കെ അവര്‍ മാപ്പ് പറഞ്ഞു തീര്‍ക്കുന്നുണ്ട് . എന്നാല്‍ ചേകണ്ണൂരിനെയും ജേക്കബ് എന്ന  അധ്യാപകനെയും   ഫൈസലിനെയും ഒന്നും കാണാനോ അവരെക്കുറിച്ച്  സഹതപിക്കാനോ മാപ്പ് പറയാനോ നാളെ മതത്തിന് കഴിയുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.  ഒരു മതത്തിലെ അനുയായികള്‍ക്ക് തങ്ങളുടെ പ്രവാചകനെയോ ദൈവത്തിനെയോ മാനിക്കാനും വാഴ്ത്താനും അവകാശമുണ്ട് എന്നാല്‍ അവര്‍ ശത്രുക്കള്‍ ആയി കരുതുന്നവരും, ആ മതത്തെ , ദൈവത്തെ വിശ്വസിക്കാത്തവരും അത് ചെയ്യണം എന്നു ശഠിക്കുന്ന മതബോധം എന്തു സഹിഷ്ണുതയുടെ സന്ദേശമാണ് ലോകത്തിന് കൊടുക്കുക. പൊതുവില്‍ അന്യമതത്തിനേ തള്ളുകയും അവരുടെ വിശ്വാസത്തെയും ദൈവത്തെയും നിരസിക്കുകയും അത് കപടമെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നിടത്താണ്  യഥാര്‍ഥത്തില്‍ ഒരു മതവിശ്വാസം നിലനില്‍ക്കുന്നത് എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ് . നബിയെ വരച്ചു  എന്ന പേരില്‍ വാളെടുക്കുന്നവര്‍ വിക്കിപീഡിയില്‍ വര്‍ഷങ്ങള്‍ ആയി കിടക്കുന്ന അതേ നബിയുടെ ചിത്രങള്‍ കാണാഞ്ഞിട്ടൊന്നുമല്ല എന്നത് വ്യക്തമാണ്. ഇതേ  അവസ്ഥ തന്നെയാണ് അമേരിക്കന്‍ പോപ് ഗായികയുടെ അര്‍ദ്ധനഗ്ന ഫോട്ടോയില്‍ മാറില്‍ അണിഞ്ഞ ഗണപതി ചിത്രമുള്ള ലോക്കറ്റിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും. പൊതുവേ സഹിഷ്ണുതയുടെ മുഖമെന്നത് ഒരു കറുത്ത ഹാസ്യമായി നില്‍ക്കുന്നത് മതം എന്നതിന്റെ കാപട്യത്തിന്റെ പൊള്ളുന്ന വാസ്തവികതയാണ് എന്നു പറഞ്ഞുകൊണ്ടു അവസാനിപ്പിക്കുന്നു .
 ബി. ജി എന്‍ വര്‍ക്കല
 
 

Friday, February 19, 2021

വാരണാവതം .........ബാബുരാജ് കളമ്പൂർ.

വാരണാവതം(നോവൽ)
ബാബുരാജ് കളമ്പൂർ.
ഒലിവ് ബുക്സ് 
വില: ₹ 260.00




ഭാരതത്തിൻ്റെ ഇതിഹാസ കഥകളായ രാമായണവും മഹാഭാരതവും ഇതിനകം എത്രയോ പുനർനിർമ്മിതികൾക്കും പുതു ചിന്തകൾക്കും വെള്ളവും വളവും നല്കിക്കഴിഞ്ഞിരിക്കുന്നു. ഒരു പാട് ഭാഷകളിലായി ദേശത്തും വിദേശത്തും ആ കഥകളുടെ ഉപകഥകളും കൂട്ടിച്ചേർക്കലുകളും പൊളിച്ചെഴുത്തുകളും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സിനിമകൾ, ഡോക്യുമെൻ്ററികൾ, നാടകങ്ങൾ, ബാലേകൾ, കഥാപ്രസംഗങ്ങൾ, സീരിയലുകൾ തുടങ്ങി എണ്ണമറ്റ കലാരൂപങ്ങൾക്കും സാഹിത്യത്തിൽ കഥ, കവിത, നോവൽ ,ലേഖനം തുടങ്ങി ഒട്ടനവധി മേഖലകൾക്കും പാത്രമായിക്കൊണ്ടിരിക്കുന്നു. മറു ഭാഷകളിലെ രചനകളെ പരിഗണിക്കുന്നില്ല  വിസ്താരഭയം മൂലം. മലയാളത്തെയും വിസ്തരിക്കുന്നില്ല. കാരണം ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും അവ മലയാളത്തിൽ വലിയൊരു ഭാഗം തന്നെ കയ്യടക്കിയിരിക്കുന്നുണ്ട്. വായിച്ചവയിൽ വളരെ ശുഷ്കമെങ്കിലും കേട്ടറിഞ്ഞവ ധാരാളമുണ്ട്. എം ടിയുടെ രണ്ടാമൂഴവും പി കെ ബാലകൃഷ്ണൻ്റെ ഇനി ഞാനുറങ്ങട്ടെയും മഹാഭാരതകഥയുടെ വ്യത്യസ്ഥമായ വായനകൾ ആണ്. ഒന്നിൽ ഭീമസേനൻ കാണുന്ന ഭാരത കഥയും മറ്റൊന്നിൽ ദ്രൗപതിയുടെ കാഴ്ചയും ആണല്ലോ. 
എഴുത്തുകളിലെ, വായനകളിലെ വൈവിധ്യം ആണ് വായനയുടെ സുഗന്ധം! ഇവിടെ കാഴ്ചകൾ നായകപക്ഷത്തും നായികാ പക്ഷത്തും നിന്നാകുമ്പോൾ എന്തുകൊണ്ട് വില്ലൻ പക്ഷം പാടില്ല. ആ ഭാഗത്തേക്ക് ആദ്യം നോക്കുന്ന ഒരാൾ ആണ് ബാബുരാജ് എന്ന് എനിക്കഭിപ്രായമില്ല. രാവണപക്ഷം എത്രയോ വായിച്ചു കഴിഞ്ഞവർ ആണ് നാം. ദുര്യോധന പക്ഷം എന്തുകൊണ്ട് ചിന്തിച്ചു കൂട. ഇവിടെയാണ് വാരണാവതത്തിൻ്റെ മൂലകഥ കിടക്കുന്നത്. വയലാർ എഴുതിയ യുദ്ധം കഴിഞ്ഞു ... കബന്ധങ്ങൾ ഉന്മാദ നൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം. രക്തമൊഴുകി തളം കെട്ടി നിന്ന മൺ മെത്തയിൽ കാൽ തെറ്റി വീണൂ നിഴലുകൾ. ആ യുദ്ധഭൂവിൽ നിലം പതിച്ചു രാമ സായകമേറ്റു വലഞ്ഞ ലങ്കേശ്വരൻ. മരണം മണം പിടിച്ചെത്തും മിഴികളിൽ കൂടി രാവണൻ അന്നേരം സീതയെ ഓർത്തു തുടങ്ങുകയാണ്. ഇവിടെ വാരണാവതത്തിൽ നദിക്കരയിലെ നനഞ്ഞ മണ്ണിൽ ഇരുട്ടിൽക്കിടക്കുന്ന മൃതാസന്ന നായ സുയോധനൻ്റെ ചിന്തകളിലൂടെ മഹാഭാരത യുദ്ധം ഒന്നുകൂടി കാണുകയാണ്. കാര്യകാരണങ്ങളിലൂടെയുള്ള ആ യാത്ര ഓരോ നീതിക്കും ന്യായത്തിനും ധർമ്മത്തിനും രണ്ടു കാഴ്ചപ്പാടുകൾ ഉണ്ടെന്നും അവയിൽ പിന്തുണയുടെ ബാഹുല്യവും പിന്തുണക്കുന്നവരുടെ മഹത്വവും എത്ര കണ്ട് വിധി കൽപ്പിക്കുന്നതിൽ കൈകടത്തുമെന്നും ബോധ്യപ്പെടുത്തുന്ന കാഴ്ചയുണ്ട്. 
അന്നോളം അനുഭവിച്ചവ ഒക്കെ ഒരു നാൾ കൈവിടേണ്ടി വരികയോ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയോ ചെയ്യപ്പെടുമ്പോൾ മനുഷ്യമനസ്സുകളിൽ ഉണ്ടാകുന്ന വ്യത്യസ്ഥ ഭാവങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടതുണ്ട്. ഒരെഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണത്. ഭീമസേന നിലൂടെ കഥ പറഞ്ഞു പോകുമ്പോഴും ദ്രൗപതിയിലൂടെ കഥ പറഞ്ഞു പോകുമ്പോഴും അതിനെ അനുഭവവേദ്യമാകുന്നത് ആ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവനുസരിച്ചാണ്. ആ രീതിയിൽ നോക്കുമ്പോൾ മാറ്റുരയ്ക്കൽ അല്ലെങ്കിലും ഫസ്റ്റ് പേഴ്സണിൽ നിന്ന് ദീർഘ സഞ്ചാരം ചെയ്യാൻ എഴുത്തുകാരൻ നന്നായി വിയർത്തതായി കാണാം. എങ്കിൽക്കൂടി നോവലിലുടനീളം കഥയുടെ രസച്ചരട് പൊട്ടാതെയും വിരസതനല്കാതെയും കഥാകാരൻ വായനക്കാരനെ നടത്തുന്നുണ്ട്. വസ്ത്രാക്ഷേപം, അഭിമന്യുവധം എന്നിവിടങ്ങളിൽ ശരിക്കും ആ ക്രൂരതയുടെ വാഗ്മയ ചിത്രം നല്കുന്ന ഭീകരത ശരിക്കും നേർക്കാഴ്ചയുടെ പ്രതീതി നല്കി എന്നു കാണാം. ഈ നോവലിനെ വായനക്കാർക്ക് സ്വീകാര്യമാക്കാത്ത ഘടകങ്ങൾ പലതാണ്. ഒന്നാമത്തെ കാര്യം യുക്തിപരമായ ഒരു കാഴ്ചപ്പാട് മഹാഭാരത കഥാബീജത്തിൽ സന്നിവേശിപ്പിച്ചതാണ്. മറ്റൊന്ന് പ്രഥമപുരുഷ കഥനത്തിലെ പാളിച്ചകളും. കഥയിൽ പരിചിതമായ പലതും ഇന്നത്തെ സാഹചര്യങ്ങളോട് ചേർത്തുവച്ച് ചിന്തിക്കുന്നതും പരമ്പരാഗത രസച്ചരടിൽ ചേരാതെ വരുന്നുണ്ട്. അമീഷ് പുരാണങ്ങളെ അവതരിപ്പിക്കുന്ന ആധുനിക ശൈലിയോട് അതിനെ ചേർത്തു കാണാം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ചിന്തകളും മനുഷ്യത്വവും മാനവികതയും നിറഞ്ഞ സുയോധന ചിന്തകൾ വായനയിൽ തീർച്ചയായും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വാതിൽ തുറന്നിടുന്നവയാണ്. 
കൂടുതൽ വായിക്കപ്പെടേണ്ട ഒരു കൃതിയാണിത്. അക്ഷരങ്ങളുടെ വിന്യാസവും അലങ്കാരവും കാവ്യാത്മകമായ കാഴ്ചകൾ നല്കുന്നുണ്ട്. നല്ല ഭാഷയും ചിന്തയും പങ്കുവയ്ക്കുന്ന ഈ എഴുത്തുകാരൻ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്ന തോന്നൽ ഉളവാക്കുന്നുണ്ട് വായന. ആശംസകളോടെ ബി.ജി.എൻ വർക്കല

Tuesday, February 16, 2021

വിശ്വാസവഞ്ചന

വിശ്വാസവഞ്ചന !
................................
സൗഹൃദങ്ങളിൽ നിന്നും തെന്നിമാറി
പ്രണയമോ കാമമോയെന്ന് 
തികച്ചും വേർതിരിച്ചറിയാനാവാത്ത 
ഒരു ബിന്ദുവിൽ 
നാം ഒരുമിക്കുന്നു.
അടുപ്പത്തിൻ്റെ ആഴക്കടലിലേക്ക് 
ഒരു ഡോൾഫിനെപ്പോലെ ഞാൻ കൂപ്പുകുത്തുന്നു.
പങ്കുവയ്ക്കപ്പെടുന്ന രഹസ്യങ്ങളിൽ
വാക്കുകളുടെ ലവണരസങ്ങളിൽ
ജീവിതത്തിൻ്റെ രസക്കൂട്ട് ചേർക്കപ്പെടുന്നു.
തുറന്നു പറച്ചിലുകളുടെ ആരോഹണാവരോഹണത്തിൽ
നമ്മൾ ഒരേ കടൽത്തിരകളിൽ ലയിക്കുന്നു.
ആത്മാർത്ഥതയുടെ കപടമുഖത്തിൽ,
സ്നേഹത്തിൻ്റെ പരൽത്തിളക്കങ്ങളിൽ
സ്വന്തമെന്ന ബോധം അങ്കുരിക്കുന്നു.
അനർഹമായ പലതും കൈവിട്ടു പോകുന്നതു പോലെ
അനാവശ്യമായ ധൂർത്തുകളും സംഭവിക്കുന്നു.
ഒരു കോടക്കാറ്റിൽ
പറന്നു പോകുന്ന കരിയിലക്കടിയിൽ
നനഞ്ഞു തുടങ്ങുന്ന മണ്ണാങ്കട്ട!
ഒന്നും വേണ്ടായിരുന്നു എന്ന ചിന്ത
ബുദ്ധിയിൽ അങ്കുരിച്ചു തുടങ്ങുമ്പോഴേക്കും
കാൽക്കീഴിൽ നിന്നൊരുപാട് മണ്ണൊലിച്ചു പോയിരിക്കുന്നു.
വേദനയുടെ ആഴം,
ചുഴിയുടെ ശക്തമായ വലിച്ചു ചേർക്കൽ....
യാഥാർത്ഥ്യത്തിൻ്റെ മുഖമനാവൃതമാകുമ്പോൾ
പിഞ്ഞിക്കീറിയ ഹൃദയം മാത്രം മന്ത്രിക്കുന്നു.
"കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ്റെ പരാജയം".
........ ബി.ജി.എൻ വർക്കല

Friday, February 5, 2021

മല്ലികാവസന്തം.............................. വിജയരാജമല്ലിക

 മല്ലികാവസന്തം (ആത്മകഥ )

വിജയരാജമല്ലിക 

ഗ്രീൻ ബുക്ക്സ് (2019)

വില : 245  രൂപ 



ആത്മകഥകൾ പലതും ആത്മ നൊമ്പരങ്ങളുടെ പ്രകടഭാവങ്ങൾ ആണ് . കണ്ണീരിന്റെ നനവും ഉപ്പും ചുവയ്ക്കുന്ന അത്തരം ആത്മകഥകൾ പലപ്പോഴും വായനക്കാരുടെ ഉള്ളിൽ സമൂഹത്തിന്റെ കാടൻ സ്വഭാവത്തോടും ചിന്തകളോടും ആചാരങ്ങളോടും ഒക്കെ കലഹിക്കാനും പ്രതികരിക്കാനും പ്രതിരോധിക്കാനും ഉള്ള ഒരു വികാരം ജനിപ്പിക്കുന്നുണ്ട് . ലോകത്തൊട്ടാകെ ആത്മകഥകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് . അവയിൽ പലതും കാലം നെഞ്ചോട് ചേർത്തു വയ്ക്കുകയും കാലങ്ങൾ കഴിഞ്ഞും വായിക്കുകയും വേദനിക്കുകയും ചെയ്യുന്നുണ്ട് . കാലത്തിന്റെ നീതി തേടി പലപ്പോഴും അവ അതെ അവസ്ഥ തന്നെ തുടരുകയും ചെയ്യുന്നത് ബോധപൂർവ്വം സമൂഹം മറന്നു പോകുകയും ചെയ്യുന്നുണ്ട് . കളവുകളും അല്പസത്യങ്ങളും കൊണ്ട് ചിലർ ലോകത്തെ പറ്റിക്കുന്നതിനും ആത്മകഥകളുടെ സ്വഭാവം ഉപയോഗിച്ചിട്ടുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. നമ്മുടെ സമൂഹം എന്നത് വേട്ടക്കാരന്റെ മനസ്സുള്ള ഒന്നാണ് . ഇര ആരുമാകാം . അതിന്റെ പച്ചയിറച്ചി കടിച്ചു കീറുന്നത് കാണാനും പറ്റുമെങ്കിൽ അതിലൊരു ഭാഗമാകാനും കൊതിക്കുന്ന ഒരു മനസ്സാണ് സമൂഹത്തിനുള്ളത് . കപടമായ ഖേദ പ്രകടനങ്ങളും , അനുഭാവങ്ങളും ചൊരിഞ്ഞു ഒരു നിഷ്പക്ഷ മതിയുടെയോ നിസ്സഹായന്റെയോ വേഷം അഭിനയിക്കാനും നന്നായിട്ടറിയാം സമൂഹത്തിനു . സോഷ്യൽ മീഡിയകൾ സജീവമായതോടെ ഇത് വളരെ പ്രകടമായി അനുഭവപ്പെടുന്നുണ്ട് . ഏതൊരു ദുരന്തത്തിനും ഏതൊരു സഹായഭ്യർത്ഥനയ്ക്കും ഏതൊരു  വിഷയത്തിലും ഈ കപടമുഖം ഇന്ന് സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ് . ഈ കാലത്തിന്റെ പ്രത്യേകത എന്നത് ഒരു വാക്കിലോ ഒരു ഇമോജിയിലോ തന്റെ സാമൂഹ്യപ്രതിബദ്ധത അവസാനിപ്പിക്കാൻ വളരെ എളുപ്പമായ ഒരു  കാലവും സങ്കേതവും ആണ് ഇന്നിന്റെ സംഭാവന എന്നുള്ളത് തന്നെ . 

സമൂഹത്തിൽ സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു ജീവിവർഗ്ഗം മാത്രമേ ഉള്ളൂ സകല പ്രപഞ്ചത്തിനും അധികാരിയായി എന്നൊരു ചിന്ത മനുഷ്യർ സ്വയം  ഭാവിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട് . സകല മതങ്ങളും മത ദൈവങ്ങളും ഈ ചിന്തയെ അതുപോലെ നിലനിർത്താൻ ഉപയോഗിക്കപ്പെടുന്ന ടൂളുകൾ ആയി  കൂടെയുണ്ട് എന്നതും പറയാതെ വയ്യ. അതുകൊണ്ടു തന്നെയാണ് സമൂഹത്തിൽ ആണും പെണ്ണും കെട്ട മനുഷ്യർ എന്നൊരു വിഭാഗത്തെ  വിലയിരുത്തുകയും അകറ്റി നിർത്തുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് . പൊതുവെ ആണ്കോയ്മ മാത്രം അംഗീകരിക്കപ്പെടുന്ന മതവും സമൂഹവും രണ്ടാം കിട പൗരത്വം മാത്രം നൽകുന്ന ഒരു ഇണ വർഗ്ഗമാണല്ലോ സ്ത്രീ . അതിനപ്പുറം മൂന്നാം ലിംഗം എന്നും ഭിന്നലിംഗം എന്നും മിശ്രലിംഗം എന്നും ചക്ക , ഒൻപത് , ശിഖണ്ഡി എന്നും ഒക്കെ പല പേരുകളിൽ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യപ്പെടുന്ന ഒരു വിഭാഗം മനുഷ്യരും കൂടി ഉൾപ്പെടുന്നതാണ് ഈ മനുഷ്യ സമൂഹം എന്നത് അംഗീകരിക്കുവാൻ പരിഷ്കൃത ലോകത്തിനും വളരെ ലഘുവായി കഴിയുന്നില്ല. മാറ്റത്തിന്റെ കിരണങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ഒരു പുരോഗതിയാണ് അതിനെ അംഗീകരിക്കാൻ  കഴിയും . ട്രാൻസ്ജെൻ്റേർസ് എന്ന പേരിൽ അവരെ മാറ്റി നിർത്താതെ മനുഷ്യർ എന്ന് പറഞ്ഞു അവരെ കൂടെ നിർത്താൻ സമൂഹം എന്നാണു ശ്രമിക്കുക എന്നത് കാലം തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയയുടെ  പരിണാമമായി കാണാം . എല്ലാ മനുഷ്യരും മത ദൈവങ്ങൾ പറയും പോലെ അതി ബുദ്ധിശാലിയായ ഒരു  ആകാശമാമന്റെ പരിപൂർണ്ണനിർമ്മിതികൾ അല്ല . അതുകൊണ്ടു തന്നെ അംഗവൈകല്യം മുതൽ ജനിതക വൈകല്യം വരെയുള്ള ഒരുപാട് ന്യൂനതകളോടെയാണ് ഓരോ മനുഷ്യരും ഭൂമിയിൽ പിറക്കുന്നത് . ഇത് പാരമ്പരയായോ ജനിതക ഘടനയിൽ ബാഹ്യമായോ ആന്തരികമായോ ഉണ്ടാകുന്ന പരിവർത്തനം മൂലമോ പരിസ്ഥിതി ഘടകങ്ങൾ മൂലമോ ഒക്കെ സംഭവിക്കുന്നവയാണ് . ഇവയ്ക്ക് പ്രത്യേകിച്ചൊരു കാരണമോ ഒരു കൈകടത്തലോ ഇല്ലാ എന്നത് ശാസ്ത്രത്തിന്റെ അന്വേഷണത്തിൽ തെളിയുന്ന ഘടകങ്ങൾ ആണ് . 

വിജയരാജ മല്ലിക തന്റെ ആത്മകഥയിൽ , മല്ലികാവസന്തത്തിൽ പറയുന്നത് അത്തരം ഒരു ജീവിതത്തിന്റെ അതിജീവനത്തിന്റെ കഥയാണ് . കഥയെന്നു പറഞ്ഞു നിസ്സാരമാക്കാൻ വയ്യ അതൊരു ജീവിതമാണ് . മുപ്പതു വർഷം ഒരു പുരുഷനായി ജീവിക്കേണ്ടി വരികയും ഉള്ളിൽ ഒരു സ്ത്രീയെ ഒളിപ്പിച്ചു പിടിപ്പിക്കുകയു ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥയെ എങ്ങനെയാണ് പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക?  ഒരാളോടുള്ള പ്രണയമോ ഇഷ്ടമോ പുറത്തു പറയാൻ കഴിയാതെ , ഒരു രഹസ്യം പുറത്തു പറയാൻ കഴിയാതെ വിമ്മിഷ്ടപ്പെടുന്നവർ ആണ് മനുഷ്യർ. മനു എന്ന ചെറുപ്പക്കാരൻ ഒടുവിൽ വിജയ രാജ മല്ലിക ആകുമ്പോൾ  അവനിൽ നിന്നും പുറത്തു കടന്ന അവളുടെ ആത്മാവ് എന്തൊരു സ്വാതന്ത്ര്യമാണ് നേടിയത് എന്നറിയാൻ ആ അവസ്ഥയിലൂടെ കടന്നു പോകുക മാത്രമേ തരമുള്ളൂ . പല വികാരങ്ങളും നമുക്ക് പുറത്തു പ്രകടിപ്പിക്കാനോ എഴുതിയോ അഭിനയിച്ചോ പ്രകടിപ്പിക്കാൻ കഴിയില്ല എന്നത് വാസ്തവമാണ് . കുട്ടിക്കാലത്തു തന്നെ തന്നിലെ സ്ത്രീയെ മനസ്സിലാക്കുകയും അത് പ്രകടമാക്കുകയും ചെയ്ത മല്ലികയെ സമൂഹം പക്ഷെ അപഹസിക്കുകയാണ് നിരന്തരം ചെയ്തു പോയത് . ലൈംഗികമായ ആവശ്യങ്ങൾക്ക് പുരുഷന്മാർക്ക് വേണ്ടത് സ്ത്രീയെ  തന്നെ ആകണമെന്നത് നിർബന്ധമുള്ള കാര്യമല്ല. ഏതെങ്കിലും ഒരു മനുഷ്യനായാലും മതി അല്ലെങ്കിൽ മൃഗമായാലും അവനു സ്ഖലിപ്പിക്കുക എന്നതിനപ്പുറം  കാമം മറ്റൊന്നിനും വേണ്ടിയല്ല. പ്രണയമോ ഇഷ്ടമോ സമ്മതമോ ഇല്ലാതെ കാമദാഹം തീർക്കാൻ മനുഷ്യരിൽ പുരുഷജാതിക്കു വല്ലാത്ത കഴിവാണെന്നു കാണാം . സ്വന്തം വീട്ടിൽ പോലും മല്ലികയ്ക്ക് ലഭിച്ച തിരസ്കാരം , അപമാനങ്ങൾ പക്ഷെ അവയെ ഒറ്റപ്പെട്ടത് എന്ന് പറഞ്ഞു ഒഴിഞ്ഞു പോകാൻ കഴിയുകയില്ല. ആൺകുട്ടി ഒന്ന് കരഞ്ഞാലോ , കുണുങ്ങി നടന്നാലോ പൊട്ടു തൊടുകയോ മീശ  കളഞ്ഞാലോ എന്തിനു അവന്റെ ചുണ്ടു ചുവന്നിരുന്നാൽ പോലും അവനിൽ സ്ത്രീത്വം കാണുകയും ആക്ഷേപിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന വീട്ടുകാരും , പറ്റിയാൽ തന്റെ കാമ ദാഹം തീർക്കാൻ ശ്രമിക്കുന്ന  അന്യപുരുഷന്മാരും ചുറ്റുമുള്ള സ്ഥിരം കാഴ്ചയാകുമ്പോൾ വിജയരാജ മല്ലിക വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റു വാങ്ങിയ  അപമാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നുമില്ല . കൂട്ടത്തിൽ മല്ലികയുടെ അച്ഛന്റെ സമീപനം വളരെ സന്തോഷവും ആശ്വാസകരവുമായ ഒരു  സംഗതിയായി അനുഭവപ്പെട്ടു . താൻ നടന്നു കയറിയ വഴികളും തന്നെ ഇന്നത്തെ മല്ലികയിൽ ഉറപ്പിച്ചു നിർത്തുന്ന ഘടകങ്ങളും വ്യക്തമായും അടയാളപ്പെടുത്തുന്നു ഈ പുസ്തകത്തിൽ . ഒരു കവിയെന്ന നിലയിൽ തന്റെ നിലനിൽപ്പിനെ സഹായിച്ച ഘടകങ്ങളിൽ സോഷ്യൽ മീഡിയയുടെ സഹായം ചെറുതല്ല എന്ന് കാണാം. വാക്കനൽ ഗ്രൂപ്പും കവി ഇടക്കുളങ്ങര ഗോപനും തുടങ്ങി ഒട്ടനവധി സൗഹൃദങ്ങളുടെ സഹായവും താങ്ങി നിർത്തലും മല്ലിക ഇതിൽ ഓർമ്മിക്കുന്നുണ്ട് . 

ഒരു ഹിജഡയുടെ ആത്മകഥ എന്ന പേരിൽ ഒരു പുസ്തകം മുൻപ് വായിച്ച അനുഭവം ഞാൻ പങ്കു വച്ചിരുന്നു . അതിൽ നിന്ന് തികച്ചും വേറിട്ട ഒരു വായനയായിരുന്നു ഇത് . യാഥാർഥ്യങ്ങളുടെ പച്ചയായ അവതരണം , പൊടിപ്പും തൊങ്ങലും ഇല്ലാതെ ഒരു കവി ഭാഷയിൽ അവതരിപ്പിക്കുകയാണ് മല്ലിക ചെയ്തത് . വികാര നിർഭരമായി വാക്കുകൾ ഉപയോഗിക്കുമ്പോഴും അവയെ അടുക്കും ചിട്ടയുമില്ലാതെ ചിതറിപ്പോയതായിരിക്കുമ്പോഴും മല്ലിക ഒരു കയ്യടക്കം തന്റെ വരികളിൽ സൂക്ഷിക്കുന്നുണ്ട് . തനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടില്ല എന്നൊരു കുറ്റബോധവും നിരാശയും വരികൾക്കിടയിൽ പിന്നെയും വീർപ്പുമുട്ടുന്നുണ്ട് എന്നൊരു തോന്നൽ വായന നൽകി . 

തീർച്ചയായും വിജയരാജമല്ലികമാരുടെ ശബ്ദങ്ങൾ ഇനിയും ഉയരേണ്ടതുണ്ട് . തോളോട് തോൾ ചേർന്ന് നിൽക്കാൻ നമുക്കാകണം . പരമ്പരാഗത ചിന്തകളിൽ നിറഞ്ഞ പുരുഷ സ്ത്രീ ചിന്തകളിൽ നിന്നും അകന്നു മനുഷ്യർ എന്നൊരു ചിന്തയിലേക്ക് നാം പരുവപ്പെടേണ്ടതുണ്ട് . അതിനു ഇത്തരം ആത്മകഥകൾ വായിക്കപ്പെടണം ഇനിയും . അതുപോലെ സമൂഹത്തിൽ നമുക്കൊപ്പം അവരും ജീവിക്കുന്നുണ്ട് എന്നത് നാം അഭിമാനത്തോടെ ഓർക്കുകയും അവരെ  ദുഷിച്ച കണ്ണുകൾ കൊണ്ട് നോക്കുന്നത് മാറ്റേണ്ടതും ഉണ്ട് . പരിഷ്കൃത സമൂഹത്തിന്റെ ആ ഒരു നിർമ്മിതിയിലേക്കു നാം രൂപാന്തരം പ്രാപിക്കേണ്ടതുണ് . അതിന് ഇത്തരം ആത്മകഥകൾ വഴിതെളിക്കട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല