Friday, February 19, 2021

വാരണാവതം .........ബാബുരാജ് കളമ്പൂർ.

വാരണാവതം(നോവൽ)
ബാബുരാജ് കളമ്പൂർ.
ഒലിവ് ബുക്സ് 
വില: ₹ 260.00




ഭാരതത്തിൻ്റെ ഇതിഹാസ കഥകളായ രാമായണവും മഹാഭാരതവും ഇതിനകം എത്രയോ പുനർനിർമ്മിതികൾക്കും പുതു ചിന്തകൾക്കും വെള്ളവും വളവും നല്കിക്കഴിഞ്ഞിരിക്കുന്നു. ഒരു പാട് ഭാഷകളിലായി ദേശത്തും വിദേശത്തും ആ കഥകളുടെ ഉപകഥകളും കൂട്ടിച്ചേർക്കലുകളും പൊളിച്ചെഴുത്തുകളും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സിനിമകൾ, ഡോക്യുമെൻ്ററികൾ, നാടകങ്ങൾ, ബാലേകൾ, കഥാപ്രസംഗങ്ങൾ, സീരിയലുകൾ തുടങ്ങി എണ്ണമറ്റ കലാരൂപങ്ങൾക്കും സാഹിത്യത്തിൽ കഥ, കവിത, നോവൽ ,ലേഖനം തുടങ്ങി ഒട്ടനവധി മേഖലകൾക്കും പാത്രമായിക്കൊണ്ടിരിക്കുന്നു. മറു ഭാഷകളിലെ രചനകളെ പരിഗണിക്കുന്നില്ല  വിസ്താരഭയം മൂലം. മലയാളത്തെയും വിസ്തരിക്കുന്നില്ല. കാരണം ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും അവ മലയാളത്തിൽ വലിയൊരു ഭാഗം തന്നെ കയ്യടക്കിയിരിക്കുന്നുണ്ട്. വായിച്ചവയിൽ വളരെ ശുഷ്കമെങ്കിലും കേട്ടറിഞ്ഞവ ധാരാളമുണ്ട്. എം ടിയുടെ രണ്ടാമൂഴവും പി കെ ബാലകൃഷ്ണൻ്റെ ഇനി ഞാനുറങ്ങട്ടെയും മഹാഭാരതകഥയുടെ വ്യത്യസ്ഥമായ വായനകൾ ആണ്. ഒന്നിൽ ഭീമസേനൻ കാണുന്ന ഭാരത കഥയും മറ്റൊന്നിൽ ദ്രൗപതിയുടെ കാഴ്ചയും ആണല്ലോ. 
എഴുത്തുകളിലെ, വായനകളിലെ വൈവിധ്യം ആണ് വായനയുടെ സുഗന്ധം! ഇവിടെ കാഴ്ചകൾ നായകപക്ഷത്തും നായികാ പക്ഷത്തും നിന്നാകുമ്പോൾ എന്തുകൊണ്ട് വില്ലൻ പക്ഷം പാടില്ല. ആ ഭാഗത്തേക്ക് ആദ്യം നോക്കുന്ന ഒരാൾ ആണ് ബാബുരാജ് എന്ന് എനിക്കഭിപ്രായമില്ല. രാവണപക്ഷം എത്രയോ വായിച്ചു കഴിഞ്ഞവർ ആണ് നാം. ദുര്യോധന പക്ഷം എന്തുകൊണ്ട് ചിന്തിച്ചു കൂട. ഇവിടെയാണ് വാരണാവതത്തിൻ്റെ മൂലകഥ കിടക്കുന്നത്. വയലാർ എഴുതിയ യുദ്ധം കഴിഞ്ഞു ... കബന്ധങ്ങൾ ഉന്മാദ നൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം. രക്തമൊഴുകി തളം കെട്ടി നിന്ന മൺ മെത്തയിൽ കാൽ തെറ്റി വീണൂ നിഴലുകൾ. ആ യുദ്ധഭൂവിൽ നിലം പതിച്ചു രാമ സായകമേറ്റു വലഞ്ഞ ലങ്കേശ്വരൻ. മരണം മണം പിടിച്ചെത്തും മിഴികളിൽ കൂടി രാവണൻ അന്നേരം സീതയെ ഓർത്തു തുടങ്ങുകയാണ്. ഇവിടെ വാരണാവതത്തിൽ നദിക്കരയിലെ നനഞ്ഞ മണ്ണിൽ ഇരുട്ടിൽക്കിടക്കുന്ന മൃതാസന്ന നായ സുയോധനൻ്റെ ചിന്തകളിലൂടെ മഹാഭാരത യുദ്ധം ഒന്നുകൂടി കാണുകയാണ്. കാര്യകാരണങ്ങളിലൂടെയുള്ള ആ യാത്ര ഓരോ നീതിക്കും ന്യായത്തിനും ധർമ്മത്തിനും രണ്ടു കാഴ്ചപ്പാടുകൾ ഉണ്ടെന്നും അവയിൽ പിന്തുണയുടെ ബാഹുല്യവും പിന്തുണക്കുന്നവരുടെ മഹത്വവും എത്ര കണ്ട് വിധി കൽപ്പിക്കുന്നതിൽ കൈകടത്തുമെന്നും ബോധ്യപ്പെടുത്തുന്ന കാഴ്ചയുണ്ട്. 
അന്നോളം അനുഭവിച്ചവ ഒക്കെ ഒരു നാൾ കൈവിടേണ്ടി വരികയോ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയോ ചെയ്യപ്പെടുമ്പോൾ മനുഷ്യമനസ്സുകളിൽ ഉണ്ടാകുന്ന വ്യത്യസ്ഥ ഭാവങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടതുണ്ട്. ഒരെഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണത്. ഭീമസേന നിലൂടെ കഥ പറഞ്ഞു പോകുമ്പോഴും ദ്രൗപതിയിലൂടെ കഥ പറഞ്ഞു പോകുമ്പോഴും അതിനെ അനുഭവവേദ്യമാകുന്നത് ആ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവനുസരിച്ചാണ്. ആ രീതിയിൽ നോക്കുമ്പോൾ മാറ്റുരയ്ക്കൽ അല്ലെങ്കിലും ഫസ്റ്റ് പേഴ്സണിൽ നിന്ന് ദീർഘ സഞ്ചാരം ചെയ്യാൻ എഴുത്തുകാരൻ നന്നായി വിയർത്തതായി കാണാം. എങ്കിൽക്കൂടി നോവലിലുടനീളം കഥയുടെ രസച്ചരട് പൊട്ടാതെയും വിരസതനല്കാതെയും കഥാകാരൻ വായനക്കാരനെ നടത്തുന്നുണ്ട്. വസ്ത്രാക്ഷേപം, അഭിമന്യുവധം എന്നിവിടങ്ങളിൽ ശരിക്കും ആ ക്രൂരതയുടെ വാഗ്മയ ചിത്രം നല്കുന്ന ഭീകരത ശരിക്കും നേർക്കാഴ്ചയുടെ പ്രതീതി നല്കി എന്നു കാണാം. ഈ നോവലിനെ വായനക്കാർക്ക് സ്വീകാര്യമാക്കാത്ത ഘടകങ്ങൾ പലതാണ്. ഒന്നാമത്തെ കാര്യം യുക്തിപരമായ ഒരു കാഴ്ചപ്പാട് മഹാഭാരത കഥാബീജത്തിൽ സന്നിവേശിപ്പിച്ചതാണ്. മറ്റൊന്ന് പ്രഥമപുരുഷ കഥനത്തിലെ പാളിച്ചകളും. കഥയിൽ പരിചിതമായ പലതും ഇന്നത്തെ സാഹചര്യങ്ങളോട് ചേർത്തുവച്ച് ചിന്തിക്കുന്നതും പരമ്പരാഗത രസച്ചരടിൽ ചേരാതെ വരുന്നുണ്ട്. അമീഷ് പുരാണങ്ങളെ അവതരിപ്പിക്കുന്ന ആധുനിക ശൈലിയോട് അതിനെ ചേർത്തു കാണാം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ചിന്തകളും മനുഷ്യത്വവും മാനവികതയും നിറഞ്ഞ സുയോധന ചിന്തകൾ വായനയിൽ തീർച്ചയായും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വാതിൽ തുറന്നിടുന്നവയാണ്. 
കൂടുതൽ വായിക്കപ്പെടേണ്ട ഒരു കൃതിയാണിത്. അക്ഷരങ്ങളുടെ വിന്യാസവും അലങ്കാരവും കാവ്യാത്മകമായ കാഴ്ചകൾ നല്കുന്നുണ്ട്. നല്ല ഭാഷയും ചിന്തയും പങ്കുവയ്ക്കുന്ന ഈ എഴുത്തുകാരൻ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്ന തോന്നൽ ഉളവാക്കുന്നുണ്ട് വായന. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment