നാസ്തികതയും ആസ്തികതയും
മനുഷ്യ ജീവിതത്തില്‍ ദൈവം എന്നൊരു തമാശക്കഥാപാത്രം ഒരു വിശ്വാസമായി ഉരുത്തിരിഞ്ഞുവന്ന കാലത്തുതന്നെ അതിനെ നിരാകരിക്കുന്ന ഒരുവിഭാഗവും ഇവിടെ ഉണ്ടായിരുന്നു. ദൈവവിശ്വാസത്തോളം പഴക്കമുള്ള ഒരു തര്‍ക്കമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതും. ഇക്കാരണത്താല്‍ത്തന്നെ ഹിന്ദുപുരാണങ്ങളും വിശ്വാസസംഹിതകളും രണ്ടുവിഭാഗം ആള്‍ക്കാരെ ദൈവവിശ്വാസത്തിന്റെ ഭാഗമായി തരംതിരിക്കുകയുണ്ടായി. അവരാണ് ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവരും ദൈവമില്ല എന്നു വിശ്വസിക്കുന്നവരും . ഉണ്ട് എന്നു പറയുന്നവരുടെ കടമയാണ് അത് ഉണ്ട് എന്നു തെളിയിക്കുക എന്നുള്ളത് . അതിനവര്‍ക്ക് കഴിയാതെ പോകുന്നതുകൊണ്ടു മാത്രമാണു, അതില്‍ നിന്നുള്ള പരാജയത്തിന്റെ പ്രതിപ്രവര്‍ത്തനം മാത്രമാണു ഇല്ല എന്ന്‍ വാദത്തിനോടും വാദക്കാരോടുമുള്ള പകയും പ്രതികാരവും തിരസ്കാരവും . യാദൃച്ഛികവശാല്‍ ഉണ്ട് എന്ന്‍ വാദിക്കുന്നവര്‍ കൂടുതലും ഇല്ല എന്നു വാദിക്കുന്നവര്‍ കുറവുമാണ് എണ്ണത്തില്‍ എന്നത് മൂലം ശക്തിയുള്ളവന്‍ ദുര്‍ബ്ബലനെ ആക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്ന പ്രകൃതിനിയമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആശയപരമായി കീഴടക്കാന്‍ കഴിയാത്തിടത്ത് മുഷ്ക്ക് ഉപയോഗിക്കുക എന്നത് മതത്തിന്റെ ഒരു പ്രധാന അടവാണല്ലോ. എന്താണ് ആസ്തികത എന്ന വാക്കിന്റെ അര്‍ത്ഥം എന്നു നോക്കാം. സംസ്കൃതത്തില്‍ അതിനെ ‘അസ്തി’ അതായത് ഉണ്ട്, നിലനില്‍ക്കുന്നു എന്നാണ് വിവക്ഷ. ഈ ഉണ്ട് എന്നത് ഒരാള്‍ , ഒരു ആത്മാവു , ഒരു ബ്രാഹ്മണന്‍ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒന്നു ഉണ്ട് നിലനില്‍ക്കുന്നു എന്നു വിശ്വസിക്കുന്നതിനെയാണ് . അത് മൂന്നു വിധത്തില്‍ ഉണ്ട്.
1. വേദങ്ങളുടെ ആധികാരികതയില്‍ വിശ്വാസം പ്രകടിപ്പിക്കുക
2. ആത്മാവു , പരലോകം , പുനര്‍ജന്‍മം ഉണ്ട് എന്നു വിശ്വസിക്കുക
3. ദൈവം ഉണ്ട് എന്നു വിശ്വസിക്കുക
ഈ മൂന്നു കാര്യങ്ങളും ഇല്ല എന്നു വിശ്വസിക്കുന്നവരെ നാസ്തികര്‍ എന്നു വിവക്ഷിക്കുന്നു . ശ്രദ്ധിക്കേണ്ട ഒരു കാര്യം , വേദങ്ങള്‍ ഇല്ല എന്നു നാസ്തികര്‍ അഭിപ്രായപ്പെടുന്നുമില്ല. മറിച്ച് അവയില്‍ പറയുന്നതു കളവ് ആണ് അല്ലെങ്കില്‍ അത് പരിഷ്കൃത സമൂഹത്തിനു എതിരാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. പുരാതന ഭാരതത്തില്‍ ചാര്‍വാകന്‍മാര്‍ , ബുദ്ധമതക്കാര്‍ , ജൈനമതക്കാര്‍ എന്നിവരെയൊക്കെ നാസ്തികര്‍ ആയി കണക്കാക്കിയിരുന്നു എന്നു പറഞ്ഞു കേള്‍ക്കാം. എന്നാല്‍ ഇതിലും തെറ്റുകള്‍ ഉണ്ട് . പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് ബുദ്ധമതാനുയായികള്‍. അതുപോലെ മോക്ഷവും. ജൈനമതവും മോക്ഷത്തില്‍ വിശ്വസിക്കുന്നു . ചര്‍വാകന്‍മാര്‍ പൊതുവേ എല്ലാത്തിനെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിഭാഗമായി കണക്കാക്കുന്നു.
യുക്തിവാദം , നാസ്തികത പിന്നെ സ്വതന്ത്രചിന്ത
നാസ്തികര്‍ എന്നാല്‍ യുക്തിവാദികള്‍ ആണെന്ന ചിന്ത യുക്തിവാദവും നാസ്തികതയും പരസ്പരം കൈമാറപ്പെടുന്ന ഒരു പൊതു വിഷയത്തില്‍ അടിസ്ഥാനമാക്കി പറയപ്പെടുന്ന ഒന്നാണ് . ദൈവം ഇല്ല എന്നതും പരലോകം, ആത്മാവു എന്നിവയില്ല എന്നു പറയുന്നതും ആണത് . യുക്തിവാദം പ്രധാനമായും ദൈവം ഇല്ല എന്ന വിഷയത്തില്‍ മാത്രം ഊന്നിയുള്ള ചിന്തയും പ്രവര്‍ത്തനവും ആണ് .നാസ്തികത എന്നത് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാമുള്ള അസ്തിത്വം ചോദ്യം ചെയ്യലും . എന്നാല്‍ നവനാസ്തികത എന്നത് സ്വതന്ത്രചിന്തകര്‍ എന്ന പുതിയ രൂപവും ഭാവവും കൈവരുന്ന ഒരു ലോകമാണ്.. എന്താണ് സ്വതന്ത്രചിന്ത എന്നു മനസ്സിലാക്കിയാല്‍ എന്തുകൊണ്ടാണ് യുക്തിവാദത്തെക്കാള്‍ , നാസ്തികതയേക്കാള്‍ മത വിശ്വാസികള്‍ക്ക് സ്വതന്ത്ര ചിന്തകര്‍ കണ്ണിലെ കരടാകുന്നത് എന്നത് വ്യെക്തമാകും. സ്വതന്ത്രചിന്ത എന്നതുകൊണ്ടു സമൂഹം പൊതുവേ ഉദ്ദേശിക്കുന്നത് ഭൂരിഭാഗം മതവിശ്വാസികളും കരുതുന്നതും ആക്ഷേപിക്കുന്നതുമായ സ്വതന്ത്രരതിയല്ല എന്നത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു . സ്വതന്ത്രചിന്തകരായി നടിക്കുന്നവരും, വെറും കാമപൂരണത്തിനായി ആഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്ന ഒരു സംഗതിയാണ് സ്വതന്ത്ര ചിന്തകര്‍ എന്നു ഭാവിക്കുകയും ആ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുപ്പെടുന്ന, വരുന്ന സ്ത്രീകളെയോ പുരുഷന്മാരെയോ മാറി മാറി യുക്തംപോലെ ശാരീരിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് . പരസ്പരവിശ്വസം, സമ്മതം എന്നീ ഒഴിവുകഴിവുകളിലൂടെ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുന്ന ഇവര്‍ വിശ്വാസികള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ പീഡനം എന്ന കുരുക്കില്‍ വീണു നിയമ നടപടികളില്‍ കുരുങ്ങുമായിരുന്നു എന്നതില്‍ സംശയമില്ല. സ്വതന്ത്ര ചിന്ത എന്നാല്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്നത് ലിംഗസമത്വവും തുല്യമായ സാമൂഹ്യനീതിയുമാണ്. മതത്തിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുന്ന വലിയ ഒരു പ്രശനം ആണിത്. ദൈവം ഇല്ല എന്നു പറയുന്നവരോടു മല്ലിട്ടു നിന്നുകൊണ്ടു മതഗ്രന്ഥങ്ങളും മറ്റായുധങ്ങളും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാം എന്നു കരുതുമെങ്കിലും, ലിംഗസമത്വം എന്ന മാനവികതയില്‍ ഊന്നിയുള്ള പൊതുസാമൂഹ്യനീതിയെന്നതു മതത്തിന് ഭ്രാന്ത് പിടിക്കുന്ന സംഗതികള്‍ ആണല്ലോ. യുക്തിവാദം, ദൈവം ഇല്ല എന്നു പറയുമ്പോള്‍ നാസ്തികര്‍ പരലോകം ഇല്ല , ആത്മാവില്ല, ദൈവം ഇല്ല എന്നു പറയുന്നതു പോലെയല്ല സ്ത്രീക്കും പുരുഷനും ട്രാന്‍സ് ജെണ്ടറിനും തുല്യത വേണം എന്ന വാദം. അത് പുരുഷ മേല്‍ക്കോയ്മയുള്ള ലോകത്തിന് ഒരിയ്ക്കലും അനുവദിക്കാന്‍ കഴിയാത്ത ഒരു സംഗതിയാണ് . ചക്കരപുരട്ടി നവമതങ്ങളും പുരാതനമതങ്ങളും നല്‍കുന്ന സമത്വം എന്ന കാഴ്ചപ്പാടിനെ സ്വതന്ത്ര ചിന്തകര്‍ അക്കമിട്ടു പ്രതിരോധിക്കുമ്പോള്‍ മതം നിരായുധരായി നില്‍ക്കുന്ന അവസ്ഥ ആണ് സംഭവിക്കുന്നത്. മാത്രവുമല്ല സ്വതന്ത്ര ചിന്തയില്‍ ആര്‍ത്തവം, സദാചാരം, ലൈംഗികത തുടങ്ങി മനുഷ്യ സംബന്ധമായ എല്ലാ കാര്യങ്ങളിലും ഉള്ള ഉച്ചനീചത്വങ്ങളെ അഡ്രസ് ചെയ്യപ്പെടുകയും അതിനെയൊക്കേ എതിര്‍ക്കുകയും ചെയ്യുന്നു ലിംഗസമത്വം പോലെതന്നെ വര്‍ഗ്ഗസമത്വവും സ്വതന്ത്ര ചിന്ത കൈകാര്യം ചെയ്യുന്നുണ്ട് . ജാതീയത, ഗോത്രീയത, രാഷ്ട്രീയത, ദേശീയത തുടങ്ങി മനുഷ്യ ജീവിയുടെ സമസ്ത വ്യവഹാരവിഷയങ്ങളിലും സ്വതന്ത്രചിന്ത ഇടപെടുന്നുണ്ട്. ഫെമിനിസം പോലുള്ള വേറിട്ട കാഴ്ചപ്പാടില്‍ നിന്നും മാറി ഹ്യൂമനിസം എന്നൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനുഷ്യനെ കാണാന്‍ സ്വതന്ത്രചിന്ത ശ്രമിക്കുന്നുണ്ട് . തീര്‍ച്ചയായും ഇത്തരം കാഴ്ചപ്പാടുകള്‍/ചിന്തകള്‍ സാധാരണ വിശ്വാസസമൂഹത്തിനു വളരെ അരോചകം സൃഷ്ടിക്കുന്ന ഒന്നായതിനാല്‍ അതിനെ അതിന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പൊതുജനസമക്ഷം അവതരിപ്പിച്ചു അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആണ് ഇന്ന് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നന്ത് എന്നു കാണാം.
പിതൃത്താരോഹണം
സ്വതന്ത്ര ചിന്തകര്‍ക്കോ യുക്തിവാദികകള്‍ക്കോ നാസ്തികര്‍ക്കോ അങ്ങനെ പ്രത്യേകിച്ചു ഒരുതലതൊട്ടപ്പനോ ആരാധനമൂര്‍ത്തിയോ ഇല്ല എന്നിരിക്കിലും മതവാദികള്‍ തരാതരം പോലെ ആരുടെയെങ്കിലും പിതൃത്വം അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. റെന ദേകാര്‍ത്ത , ബാറൂച്ച് സ്പിനോസ , ലേയ്ബനീസ് , ഡാര്‍വിന്‍ , ചാള്‍സ് ഡിക്കന്‍സ് തുടങ്ങി പലരെയും അവര്‍ ഇത്തരത്തില്‍ പിതാമഹാന്മാരായി അവതരിപ്പിച്ചുകൊണ്ടു അവരിലുള്ള പോരായ്മകളെ പൊതു പോരായ്മയായി കൊണ്ടാടന്‍ ശ്രമിക്കുന്ന കേവലത സ്ഥിരമായ ഒരു കാഴ്ചയാണല്ലോ . ഐന്‍സ്റ്റീന്‍ , ന്യൂട്ടന്‍ തുടങ്ങി മതബോധത്തിന്റെ കറുത്ത കാലത്തെ പല പ്രമുഖരുടെയും പല അവസരത്തിലുള്ള നിലനില്‍പ്പിന്റെ ഞാണിന്‍മേല്‍ക്കളികളെ സൂചിപ്പിച്ചുകൊണ്ടു അവര്‍ യുക്തിവാദത്തിന് മേല്‍ അപചയത്തിന്റെ തെളിവുകള്‍ കാട്ടാറുണ്ട് . ലോകമുള്ള കാലം വരെയും മാറ്റമില്ലാതെ തുടരുന്നതെന്നു ചില പൊള്ളയായ വിശ്വാസവസ്തുതകളെ മുന്‍ നിര്‍ത്തി അതേ മാപിനികൊണ്ട് അളക്കുന്നതിലുള്ള പോരായ്മയാണിത് എന്നു സ്വതന്ത്ര ചിന്തകര്‍ ഇതിനെ വിലയിരുത്തുന്നു .
ശാസ്ത്രവും മതവും
മതവും ശാസ്ത്രവും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലയെങ്കിലും പൊതുവായ ഒരു അസ്ഥിത്വത്തിന് വേണ്ടി, നിലനില്‍പ്പിന്റെ ശാസ്ത്രമായി മതത്തെ ശാസ്ത്രീയവത്കരിക്കുന്നതില്‍ ആണ് ആധുനിക മതബോധക്കാര്‍, പണ്ഡിതര്‍ ശ്രമിക്കുന്നത്. പശു ശാസ്ത്രത്തിനെക്കുറിച്ചുള്ള ഗവേഷണവും പഠനമത്സരവും ഓര്‍ഗനൈസു ചെയ്ത ഇന്നത്തെ(20-02-2021) പത്രവാര്‍ത്ത അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് . ഇതേപോലെ തന്നെയാണ് ആരോഗ്യരംഗത്തെ കാര്യങ്ങളിലും ഭൌമവിഷയങ്ങളിലും പ്രപഞ്ചവിഷയങ്ങളിലും അനിയന്‍ ചേട്ടന്‍മാരായ എല്ലാ മതങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും അപക്വമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. സമീപകാലത്ത് അതിനു ഏറ്റവും അവസാന ഉദാഹരണമായി കാണിക്കാന്‍ കഴിയുക എം എം അക്ബറും ഇ എ ജബ്ബാറും തമ്മില്‍ നടന്ന സംവാദം തന്നെയാണ് . ഇസ്ലാം മതത്തിലെ, ഈ വിഷയത്തിലുള്ള ഹൈഡ് ആന്ഡ് സീക് കളി വളരെ രസാവഹമാണ് . ഒരു മത പണ്ഡിതനോടു ഖുറാന്‍ ശാസ്ത്രീയ പുസ്തകമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാകും ആദ്യ ഉത്തരം. അത് ദൈവം ലോകത്തിലെ എല്ലാവര്‍ക്കുമായി അവസാനമായി ഇറക്കിയ ഗ്രന്ഥമാണ് എന്നുമതൊരു സമ്പൂര്‍ണ്ണ ജീവിതരീതിയുടെ ദിശകാട്ടിയാണ് എന്നുമവര്‍ അവകാശപ്പെടും തൊട്ടടുത്ത നിമിഷത്തില്‍ അവര്‍ അതില്‍ നിന്നും സമുദ്രശാസ്ത്രം, പ്രപഞ്ച ശാസ്ത്രം , ഭ്രൂണശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും പിതൃത്വം ആ പുസ്തകത്തിന് കല്‍പ്പിച്ചു നല്കുകയും ചെയ്യും. ഭാരതീയ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും എടുത്തുദ്ധരിച്ചുകൊണ്ടു ഹൈന്ദവവിശ്വാസികളും ഇതേ കുഴലൂത്തുകള്‍ നടത്തുന്നുണ്ട് . ഒട്ടും പിന്നിലല്ലാതെ എന്നാല്‍ അല്പവകതിരിവോടെ ക്രിസ്തുമതവും ഏതാണ്ട് ഇതേ സംഗതികള്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. മതത്തിന് ഇല്ലാത്ത ശാസ്ത്രീയത മതം ഉണ്ട് എന്നു സ്വയം അവകാശപ്പെടുകയും അതില്ല എന്നു ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിന് പൊതുവേ പറയുന്ന പേരാണ് ഇന്ന് സഹിഷ്ണുത എന്ന വാക്ക്. അക്കാര്യത്തില്‍ സര്‍വ്വമതങ്ങള്‍ക്കും ഒറ്റ അഭിപ്രായമാണ് .ഒരേ സ്വരമാണ്. .ചുംബന സമരത്തില്‍ അത് കേരളം നേരില്‍ കണ്ടതുമാണല്ലോ. മതനിഷേധികള്‍ ആയ ബ്രൂണോയെ ചുട്ടുകൊന്ന, ഗലീലിയോയെ വിടാതെ പിന്തുടര്‍ന്ന മതം എന്നു ക്രിസ്തുമതത്തിനെ ആക്ഷേപിക്കുമ്പോള്‍, ആ പാപഭാരം കുറേയൊക്കെ അവര്‍ മാപ്പ് പറഞ്ഞു തീര്‍ക്കുന്നുണ്ട് . എന്നാല്‍ ചേകണ്ണൂരിനെയും ജേക്കബ് എന്ന അധ്യാപകനെയും ഫൈസലിനെയും ഒന്നും കാണാനോ അവരെക്കുറിച്ച് സഹതപിക്കാനോ മാപ്പ് പറയാനോ നാളെ മതത്തിന് കഴിയുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു മതത്തിലെ അനുയായികള്‍ക്ക് തങ്ങളുടെ പ്രവാചകനെയോ ദൈവത്തിനെയോ മാനിക്കാനും വാഴ്ത്താനും അവകാശമുണ്ട് എന്നാല്‍ അവര്‍ ശത്രുക്കള്‍ ആയി കരുതുന്നവരും, ആ മതത്തെ , ദൈവത്തെ വിശ്വസിക്കാത്തവരും അത് ചെയ്യണം എന്നു ശഠിക്കുന്ന മതബോധം എന്തു സഹിഷ്ണുതയുടെ സന്ദേശമാണ് ലോകത്തിന് കൊടുക്കുക. പൊതുവില്‍ അന്യമതത്തിനേ തള്ളുകയും അവരുടെ വിശ്വാസത്തെയും ദൈവത്തെയും നിരസിക്കുകയും അത് കപടമെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ഥത്തില്‍ ഒരു മതവിശ്വാസം നിലനില്‍ക്കുന്നത് എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ് . നബിയെ വരച്ചു എന്ന പേരില്‍ വാളെടുക്കുന്നവര്‍ വിക്കിപീഡിയില്‍ വര്‍ഷങ്ങള്‍ ആയി കിടക്കുന്ന അതേ നബിയുടെ ചിത്രങള്‍ കാണാഞ്ഞിട്ടൊന്നുമല്ല എന്നത് വ്യക്തമാണ്. ഇതേ അവസ്ഥ തന്നെയാണ് അമേരിക്കന്‍ പോപ് ഗായികയുടെ അര്‍ദ്ധനഗ്ന ഫോട്ടോയില്‍ മാറില്‍ അണിഞ്ഞ ഗണപതി ചിത്രമുള്ള ലോക്കറ്റിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും. പൊതുവേ സഹിഷ്ണുതയുടെ മുഖമെന്നത് ഒരു കറുത്ത ഹാസ്യമായി നില്‍ക്കുന്നത് മതം എന്നതിന്റെ കാപട്യത്തിന്റെ പൊള്ളുന്ന വാസ്തവികതയാണ് എന്നു പറഞ്ഞുകൊണ്ടു അവസാനിപ്പിക്കുന്നു .
ബി. ജി എന്‍ വര്‍ക്കല
No comments:
Post a Comment