Monday, July 31, 2023

മയിലുകള്‍ ശബ്ദിക്കുമ്പോള്‍



മയിലുകള്‍ ശബ്ദിക്കുമ്പോള്‍


അലക്സിന്റെ സന്ദേശം വാട്സപ്പി‌ല്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മയിലിന്റെ കരച്ചില്‍ അതില്‍ കേട്ടു. ഉള്ളിലേക്ക് ഒരു തണുപ്പ് അരിച്ച് കയറുന്നത് പോലെ, ഒരു തളര്‍ച്ചയില്‍ പൊടുന്നനെ വീണുപോയത് പോലെ. മറക്കാന്‍ ശ്രമിക്കുന്നതെന്തൊ അവ ശരങ്ങള്‍ പോലെ ശരീരത്തില്‍ പതിക്കുന്ന വേദന ... ഹോ ! അതൊരു വല്ലാത്ത അവസ്ഥയാണ് . ചില ശബ്ദങ്ങള്‍ , ചില നിറങ്ങള്‍ , ചില കാഴ്ചകള്‍ , മണങ്ങള്‍ നമ്മെ നാം മറക്കാന്‍ ശ്രമിക്കുന്ന ഇരുണ്ടതോ വെളിച്ചം നിറഞ്ഞതോ ആയ ഗുഹകളിലേക്ക് കൈപിടിച്ചു നടത്തും എന്നു തോന്നുന്നു . 

 

പഴയ ഓര്‍മ്മകളെ പൊടിതട്ടി എടുക്കാന്‍ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയില്‍ ഉരുത്തിരിഞ്ഞ ഒന്നാണല്ലോ കൂട്ടായ്മകള്‍. സ്കൂള്‍ തലത്തിലെ കൂട്ടുകാരുടെ ഓര്‍മ്മകള്‍ പോലും പൊടിഞ്ഞു തുടങ്ങുമ്പോഴാണ് എല്ലാവരെയും കുറിച്ച് ഒന്നറിയാനും പറ്റിയാല്‍ ഒന്നു കൂടിച്ചേരാനും ഒരാഗ്രഹം മനസ്സില്‍ ഉരുത്തിരിഞ്ഞത് . വിരസമായ പകലുകളില്‍, അധികമൊന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ലല്ലോ. കഴിയുന്നിടത്തോളം മുഖപുസ്തകവും, പരിചയക്കാരെയും ഒക്കെ തിരഞ്ഞുപിടിച്ചും അന്വേഷിച്ചും ഒടുവില്‍ പത്താം തരക്കാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്നുപറയാം. എല്ലാവർക്കും വലിയ കൗതുകമായിരുന്നു അതിനാല്‍ത്തന്നെ പെട്ടെന്നു എല്ലാര്‍ക്കും ഒരു ഊര്‍ജ്ജം കൈവന്നപോലെ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാള്‍ അങ്ങനെ ഒട്ടുമിക്കവരെയും ഗ്രൂപ്പില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവും സന്തോഷം തന്ന സംഗതി, എൻ്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും ആയിരുന്ന വര്‍ക്കിയെ വീണ്ടും തിരികെ കിട്ടി എന്നതായിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ ഒരു കമ്പനിയില്‍ ജോലിയിലാണ് അവനെന്ന് പറഞ്ഞു. ഗ്രൂപ്പില്‍ നിന്നും അവനെ പ്രൈവറ്റ് മെസേജ് നല്കി പഴയ പരിചയത്തിന്റെയും സൗഹൃദത്തിന്റെയും വര്‍ണ്ണനൂലുകള്‍ ഇഴ അടര്‍ത്തിയെടുത്ത് ആസ്വദിക്കുമ്പോള്‍ ആ കാലത്തിലേക്ക് അറിയാതെ നാം കടന്നുപോകുകയായിരുന്നു. 

 

വര്‍ക്കിയും ഞാനും അയല്‍ക്കാരായതിനാലും ഒരേ പ്രായം ആയതിനാലും സ്കൂളില്‍ പോക്കും, മരംകേറി നടക്കലും ഒക്കെ ഒന്നിച്ചായിരുന്നു. തോട്ടുവക്കിലൂടെ മാനത്തുകണ്ണികളെ എണ്ണിയും, പുളവനെ കല്ലെറിഞ്ഞും, തവളക്കുഞ്ഞുങ്ങളെ പേടിപ്പിച്ചും, കൊറ്റികളെ പറത്തിവിട്ടുമൊക്കെ ആനന്ദിച്ചു നടന്ന കാലം.!

"വയസ്സറിയിച്ചിട്ടുമുണ്ടായില്ല കുരുത്തക്കേടുകളുടെ കുറവെന്ന്" ഉമ്മ വഴക്കു പറയുമായിരുന്നെങ്കിലും പറഞ്ഞും വായിച്ചും കേള്‍ക്കുന്ന നിബന്ധനകളും വിലക്കുകളും വളരെ കുറവായിരുന്നു വീട്ടില്‍. ആരും അന്നൊന്നും അതത്ര വലിയ കാര്യമായി കരുതിയിരുന്നില്ല വീട്ടില്‍ എന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ബാല്യം ഒരു മനോഹരമായ ലോകവും അനുഭവവുമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്കുള്ള കുരുത്തക്കേടുകള്‍ എല്ലാം വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു. പോണപോക്കിലുള്ള പറമ്പുകളിലെ മാങ്ങ, പേരയ്ക്ക, നെല്ലിക്ക, ചാമ്പയ്ക്ക ഒക്കെയും ശേഖരിച്ചുള്ള യാത്രകള്‍ എത്ര രസാവഹമായിരുന്നു. ഇന്നാ പറമ്പുകളില്‍ മരുന്നിന് പോലും ഒരു പേരമരമോ നെല്ലിമരമോ ഒന്നും തന്നെ കാണാന്‍ ഇല്ല.

 

തുടര്‍ന്നുള്ള ദിവസങ്ങള്‍ വളരെ തിരക്കായിരുന്നു. മറ്റൊരു ജോലിക്കും സമയമില്ലാത്തപോലെ വര്‍ക്കിയോട് സംസാരിക്കുക, ഓര്‍മ്മകള്‍ പുതുക്കുക തുടങ്ങി ഒരുത്സവം തന്നെ. അവനോടു സംസാരിക്കുമ്പോള്‍ മിക്കവാറും, അല്ലെങ്കില്‍ അവന്‍ ആഡിയോ മെസ്സേജ് ഇടുമ്പോള്‍ മിക്കവാറും പരിസരത്ത് നിന്നും മയിലിന്റെ ശബ്ദം കേൾക്കാം. ആദ്യം അതെന്തെന്നറിയില്ലാരുന്നു. അവനാണ് പറഞ്ഞത് അത് മയിലാണ്. അവിടെ മയിലുകള്‍ സാധാരണമായി എപ്പോഴും പരിസരങ്ങളിൽ ഉണ്ടാകുമെന്നു. ഗ്രൂപ്പ് സജീവമായിരുന്നു എങ്കിലും അതിലും കൂടുതല്‍, അവിടത്തേക്കാള്‍ കൂടുതല്‍ സംസാരം നടന്നിരുന്നത് ഞാനും വര്‍ക്കിയും തമ്മിലായിരുന്നു. അത്തരം സംസാരങ്ങള്‍ക്കിടയിലാണ് വര്‍ക്കി ഒരു രഹസ്യം വെളിപ്പെടുത്തുന്നത്. അത്രയേറെ കൂട്ടായിരുന്നിട്ടും എന്നോടുപോലും പറയാതെ അവന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു പ്രണയത്തിന്റെ കാര്യം. നിത്യയായിരുന്നത്. നിത്യ ക്ളാസ്സില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു. കൂട്ടുകൂടാന്‍ പ്രയാസം തോന്നിച്ച ഒരാള്‍. അവള്‍ എപ്പോഴും ഒരകലം എല്ലാവരില്‍ നിന്നും പാലിച്ചിരുന്നതുപോലെ തോന്നിയിരുന്നു. പക്ഷേ വര്‍ക്കിക്ക് നിത്യയോട് പ്രണയം ഉണ്ടായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല. ഞാനെന്നല്ല ആരും. കാരണം അതവന്റെ മാത്രം ഉള്ളിലായിരുന്നല്ലോ. ഗ്രൂപ്പില്‍ നിത്യ വന്നപ്പോഴാണ് വര്‍ക്കി ആ രഹസ്യം എന്നോടു പറയുന്നതു. അവള്‍ ഇപ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവും കുട്ടികളും അവിടെത്തന്നെയാണ്. വര്‍ക്കിക്കും ഇപ്പോള്‍ കുടുംബവും കുട്ടികളുമായി കഴിഞ്ഞിരിക്കുന്നു. എങ്കിലും അവന് അവളെ കണ്ടപ്പോള്‍ പഴയ ഓർമ്മ വരികയും എന്തോ ഒരു നോവവനെ പൊതിയുകയും ചെയ്തത് അവന്‍ വെളിപ്പെടുത്തി. പക്ഷേ അവര്‍ തമ്മില്‍ ഗ്രൂപ്പില്‍ പ്രത്യേകിച്ചു സംസാരം ഒന്നും ഉണ്ടായിരുന്നില്ല. പ്രകടമായ ഒരു പ്രത്യേകത, നിത്യ എല്ലാരോടും വളരെ സൗഹാര്‍ദ്ദപരമായി സംസാരിക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്ന കാഴ്ചയായിരുന്നു. ക്രമേണ എന്നോടുള്ള വര്‍ക്കിയുടെ സംസാരം കുറഞ്ഞു തുടങ്ങി. ജോലിത്തിരക്ക്, കുടുംബ കാര്യങ്ങള്‍ എന്നിങ്ങനെ ഓരോ ഒഴിവുകഴിവുകള്‍ അവന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ പറഞ്ഞു തുടങ്ങി. എനിക്കത് വല്ലാത്ത നിരാശ തന്നു. എന്റെ മനസ്സിലെ പഴയ വര്‍ക്കിക്ക് ഇങ്ങനെ എന്നെ ഒഴിവാക്കാന്‍ കഴിയില്ല. എന്തിന് ഇക്കഴിഞ്ഞ കുറച്ചു നാളുകള്‍ അവന്‍ ആ പഴയ വര്‍ക്കി തന്നെയായിരുന്നല്ലോ. 

 

ഒടുവില്‍ ഒരു കൂടിക്കാഴ്ച എല്ലാവരും കൂടി പ്ലാന്‍ ചെയ്തു. നാട്ടിലെ പഴയ, അതേ വിദ്യാലയത്തില്‍ ഒരു ഞായറാഴ്ച കൂടിച്ചേരാന്‍ എല്ലാരും കൂടി തീരുമാനമായി. വിദേശത്തും അകലെയും ഒക്കെയുള്ള എല്ലാവരുടെയും സൗകര്യവും അവധിയും ഒക്കെ ഒന്നിച്ചുവന്ന ഒരു ഞായറാഴ്ച. അത്ഭുതം പോലെയായിരുന്നു ഓരോരുത്തരുടെയും ദർശനം. മുഖത്തിന് വലിയ വ്യത്യാസമൊന്നും കാലം വരുത്തിയിരുന്നില്ല ആര്‍ക്കും. ശരീരം പക്ഷേ പലരും പല വിധത്തിലായിക്കഴിഞ്ഞിരുന്നു. ചിലര്‍ നിത്യരോഗികളും. തുടക്കത്തില്‍ മസില്‍ പിടിത്തവും ഗൗരവവും ഒക്കെ ആയിരുന്നെങ്കിലും കുറച്ചു കഴിഞ്ഞതോടെ എല്ലാവരും പഴയ സ്കൂള്‍ കുട്ടികള്‍ ആയി. എനിക്കേറ്റവും വേദന തോന്നിയത് വര്‍ക്കി വരാതിരുന്നതിലാണ്. നിത്യയും മറ്റ് ചിലരും വന്നിരുന്നില്ല എങ്കിലും വര്‍ക്കിയുടെ അഭാവം എന്നെ വല്ലാതെ സങ്കടത്തില്‍ ആഴ്ത്തി. ഒഴിച്ച്കൂടാനാവാത്ത എന്തോ പ്രശ്നം കമ്പനിയില്‍ ഉണ്ടായതാണ് കാരണം എന്നവന്‍ എന്നോടു പറയുകയുണ്ടായി. അധികം നില്‍ക്കാതെ ഞാനും ഒഴിവുകഴിവുകള്‍ പറഞ്ഞു മടങ്ങിപ്പോയതും അതിനാല്‍ മാത്രമാണു. 

 

ആര്യയുടെ അടുത്തു കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞു . അവള്‍ ആയിരുന്നു എന്റെ ബഞ്ചിൽ എനിക്കടുത്ത് ഇരുന്നിരുന്നവള്‍. അവളുടെ ഭര്‍ത്താവ് ദുബായില്‍ ആണ്. ഇടക്കിടക്ക് അവളും കുട്ടികളും അങ്ങ് പോകാറുണ്ട്. അവള്‍ നിത്യയെ കണ്ടിട്ടുണ്ട് ദുബായിലെന്ന് പറഞ്ഞു. ഒപ്പം രഹസ്യമായി ചില കാര്യങ്ങളും. നിത്യയുടെ കുടുംബ ജീവിതം അത്ര ഭദ്രമല്ല എന്നും അവൾക്ക് പുരുഷ സുഹൃത്തുക്കള്‍ ധാരാളം ഉണ്ട് എന്നും മറ്റും. സ്ത്രീ സഹജമായ ഒരു ചിന്തയും സദാചാര വിഷയവും ആയതിനാല്‍ ഞാനതിനോട് വലിയ താത്പര്യം കാണിച്ചില്ല . എന്നെ ബാധിക്കുന്ന വിഷയവുമല്ലല്ലോ അത്. 

 

നീണ്ട ഒരു ഇടവേള വന്നു അപ്പോഴേക്കും എനിക്കും വര്‍ക്കിക്കും ഇടയില്‍ . ഒരു ശുഭദിനം, ഒരു ആഘോഷ ദിനാശംസകൾ ഇവകളില്‍ ഒതുങ്ങുന്ന വാചകങ്ങള്‍ ആയി അവ കുറഞ്ഞു. കാണാതിരുന്നപ്പോള്‍ മറവിയില്‍ ആണ്ടു പോയ ഒരു ബാല്യകാല നഷ്ടമായിരുന്നു വര്‍ക്കി. പക്ഷേ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആ നഷ്ടം നികന്നതായും വര്‍ക്കി പഴയ വര്‍ക്കിയായി കൂടെ ഉണ്ടാകും എന്നും സന്തോഷിച്ചുപോയതായിരുന്നു. ഭര്‍ത്താവും കുട്ടികളും ഒട്ടൊരു അസൂയയോടെയായിരുന്നല്ലോ വര്‍ക്കിയോടുള്ള എന്റെ സൗഹൃദം കണ്ടിരുന്നത്. അതിനാല്‍ത്തന്നെ അവന്റെ അഭാവം എന്നില്‍ വരുത്തിയ സങ്കടം അവര്‍ക്ക് ഊഹിക്കാനാവുമായിരുന്നു. അദ്ദേഹം പലപ്പോഴും എന്നെ ആശ്വസിപ്പിക്കാന്‍ വൃഥാ ശ്രമിക്കുകയും ചെയ്തിരുന്നു.

 

ആകസ്മികമായാണ് എനിക്കു വര്‍ക്കിയുടെ കാള്‍ വന്നത്. ഞാന്‍ ആദ്യം എന്തുപറയണം എന്നറിയാതെ പതറിപ്പോയി. സങ്കടവും ദേഷ്യവും ഒക്കെ ഇരച്ചു കയറിവന്നു. ആ ദേഷ്യത്തിനവനെ എന്തൊക്കെയോ വഴക്കുകള്‍ പറഞ്ഞു. കുട്ടിക്കാലത്തെ ഞങ്ങളാകുകയായിരുന്നു അപ്പോള്‍ നാം. എല്ലാം ക്ഷമയോടെ കേട്ടശേഷം അവന്‍ പറഞ്ഞു

"നീ വിഷമിക്കണ്ടടീ.. ഞാന്‍ നിന്നെ കാണാന്‍ വരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ട്".

അത് കേട്ടപ്പോള്‍ എനിക്കു വലിയ സന്തോഷമായി.

"വേഗം വായോ"

എന്നു ഞാന്‍ പരിസരം മറന്നു വിളിച്ച്പറഞ്ഞു. അന്ന് വൈകുന്നേരം എനിക്കു ആദ്യമായി നിത്യയുടെ മെസ്സേജ് വന്നു. അവള്‍ എന്നെ കാണാന്‍ വരുന്നു. എന്നായിരുന്നു സന്ദേശം. ആദ്യം ഞാന്‍ ഒന്നമ്പരന്നു. കാരണം അവള്‍ നാട്ടില്‍ എത്തിയത് ഞാനറിഞ്ഞില്ല. അതുമല്ല അവള്‍ എന്നെ കാണാന്‍ വരുമെന്നതും. കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്കെന്തോ അതില്‍ ഒരു പ്ലാനിംഗ് ഉള്ളത്പോലെ. വര്‍ക്കിയും അവളും നാട്ടില്‍ എത്തിയിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം? എയ് അങ്ങനെ ഒന്നും കാണില്ല. ഉണ്ടെങ്കില്‍ അവന്‍ എന്നോടു അത് പറയുമായിരുന്നല്ലോ. 

 

അടുത്ത ബുധനാഴ്ച പത്തുമണിയോടടുപ്പിച്ചു എന്നെ ഞെട്ടിച്ചുകൊണ്ടു വര്‍ക്കി എന്റെ പൂമുഖ വാതിലില്‍ എത്തി. മണിയടിക്കുന്ന ശബ്ദം കേട്ട് ആരാന്നു അറിയാന്‍ ചെന്നു നോക്കുമ്പോള്‍ കണ്ടത് വര്‍ക്കിയും അവന്റെ പിന്നില്‍ ഒട്ടൊരു സങ്കോചത്തോടെ നില്‍ക്കുന്ന നിത്യയെയുമായിരുന്നു. ഉള്ളം കാലില്‍ നിന്നോരു വിറയല്‍ ശരീരമാകെ കടന്നു പോയത് പോലെ അനുഭവപ്പെട്ടു. സംയമനത്തോടെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു. ഒരു ചമ്മല്‍ വര്‍ക്കിയുടെ മുഖത്ത് കാണാമായിരുന്നു. സോഫയില്‍ ഇരുന്നു കുറച്ചുനേരം എന്തു സംസാരിക്കണം എന്നറിയാത്ത ഒരു പകപ്പ് മൂന്നുപേരിലും ഉണ്ടായിരുന്നു. പക്ഷേ വര്‍ക്കിതന്നെ അന്തരീക്ഷം തണുപ്പിച്ച്. “നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ലേ എനിക്കു നിത്യയോടുണ്ടായിരുന്നു പ്രണയത്തെക്കുറിച്ച്. അത് ഞാന്‍ അവളോടു പറഞ്ഞു. അവൾക്കും എന്നോടു അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നവള്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ആകെ ത്രില്ലായത്. നേരത്തെ ഇവളത് ഒരു സൂചന തന്നിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടുപേരും രണ്ടിടങ്ങളില്‍ രണ്ടു ലോകത്താകില്ലായിരുന്നല്ലോ.”

അതങ്ങനെയല്ല... നിത്യയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി... സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. എന്റെ മാനസികാവസ്ഥ അന്നത് പറയാന്‍ കഴിയുന്ന വിധമല്ലായിരുന്നു.”

എന്തായാലും ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ. പക്ഷേ നിങ്ങളുടെ ഈ പ്രണയം, രണ്ടുപേരുടെയും കുടുംബം എങ്ങനെ സ്വീകരിക്കും? നിങ്ങള്‍ക്കിത് ഇനിയൊരിക്കലും പരസ്യമാക്കാന്‍ കഴിയില്ലല്ലോ”

എന്റെ ആശങ്കകള്‍ ഞാന്‍ പങ്കുവച്ച്. അതിനെ ശരിവച്ചുകൊണ്ടു നിത്യയും സംസാരിച്ച്. വര്‍ക്കിക്കതിനെ എതിര്‍ത്തുകൊണ്ടൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അല്പം സമാധാനത്തോടെ അടുത്തിരുന്നു സംസാരിക്കാനും കാണാനും വേണ്ടിയാണ് അവര്‍ ഒന്നിച്ച് എന്നെ കാണാന്‍ പ്ലാനിട്ടത് എന്നു വര്‍ക്കി പറയുമ്പോഴാണ് അവര്‍ തമ്മിലുള്ള പ്ലാന്‍ ആയിരുന്നു ഈ യാത്ര എന്നത് എനിക്കു മനസ്സിലാകുന്നത്. യാദൃശ്ചികത അല്ല അതിനുപിന്നില്‍ എന്നത് എനിക്കല്‍പ്പം ഈര്‍ഷ്യ നല്‍കിയെങ്കിലും വര്‍ക്കിയുടെ സന്തോഷത്തിന് ഞാന്‍ പ്രാധാന്യം നല്കി. അവര്‍ സംസാരിച്ചിരിക്കട്ടെ എന്നു കരുതി ഞാന്‍ അടുക്കളയിലേക്ക് കടന്നു. ഭക്ഷണവും മറ്റും തയ്യാറാക്കി വരുമ്പോള്‍ രണ്ടുപേരും സോഫയില്‍ അടുത്തടുത്തിരുന്നു എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു. വര്‍ക്കിയുടെ വലതുകൈ നിത്യയുടെ കൈയ്യുമായി കോര്‍ത്ത് അവളുടെ മടിയില്‍ വച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും വര്‍ക്കി പെട്ടെന്നു കൈ വലിച്ചെടുത്ത്. ഞാന്‍ അത് കാണാത്തപോലെ അടുത്തു ചെന്നിട്ട് ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. 

 

ഭക്ഷണമൊക്കെ കഴിഞ്ഞു ഒന്നു വിശ്രമിക്കാം എന്നു കരുതിയപ്പോഴാണ് സ്കൂളില്‍ നിന്നും കാള്‍ വന്നത് മകളുടെ കാര്യത്തിന്. എനിക്കു പെട്ടെന്നു അങ്ങോട്ട് പോകേണ്ടതുണ്ട് . 

നിങ്ങളിരിക്ക് പോകരുതേ . ഞാന്‍ അരമണിക്കൂറിനുള്ളില്‍ വരാം എന്നും പറഞ്ഞു ഞാന്‍ വേഗം ആക്ടീവയുമെടുത്ത് സ്കൂളിലേക്ക് പോയി. മോള്‍ക്ക് ഒരു തല കറക്കം പോലെ വന്നതായിരുന്നു കാരണം. ഡോക്ടറുടെ അടുത്തു അവര്‍ കൊണ്ട് പോയിരുന്നു. കുഴപ്പമൊന്നുമില്ല അനീമിയാക്കാണത്രെ. അയണ്‍ ടോണിക്ക് ഡോക്ടര്‍ എഴുതി. എന്തായാലും അവളെ കൂടെക്കൂട്ടി തിരിച്ചു വീട്ടിലേക്ക് വന്നു. 

തിരികെ വരുമ്പോള്‍ അവര്‍ രണ്ടുപേരും സോഫയില്‍ ഉണ്ടായിരുന്നു. രണ്ടുപേരിലും ഒരു പരുങ്ങല്‍, ഒരു മാറ്റം തോന്നിയെങ്കിലും അത് കാര്യമായെടുക്കാന്‍ തോന്നിയ അവസ്ഥയായിരുന്നില്ല. അധികം വൈകാതെ, ചായ കുടിക്കാന്‍ നില്‍ക്കാതെ അവര്‍ തിരികെ പോയി. 

 

മകള്‍ക്ക് ബോണ്‍വിറ്റ കലക്കിക്കൊടുത്ത ശേഷം ബഡ്റൂമില്‍ ചെല്ലുമ്പോള്‍ ഒരു പ്രത്യേക ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. നിത്യയുടെ പെര്‍ഫ്യൂം ഗന്ധം. ഞാന്‍ വിരിച്ചിട്ടിരുന്ന ബഡ് ഷീറ്റ് ചുളുങ്ങി കാണപ്പെട്ടപ്പോള്‍ എനിക്കു പെട്ടെന്നു സംശയം വന്നത് ഞാന്‍ വിഴുങ്ങി.

 

രാത്രി വര്‍ക്കിയുടെ മെസ്സേജ് വന്നു. പഴയപോലെ വളരെ ഫ്രീയായി അവന്‍ സംസാരിച്ചപ്പോള്‍ എനിക്കു എന്റെ വര്‍ക്കിയെ തിരികെ കിട്ടി എന്നു ഞാന്‍ കരുതി. അവന്‍ ഇടക്ക്, 'ഒരു കാര്യം പറഞ്ഞാല്‍ നീ ദേഷ്യപ്പെടരുത്' എന്നു മെസ്സേജ് ഇട്ടപ്പോള്‍ 'ഇല്ല പറയൂ' എന്നു ഞാന്‍ മറുപടി കൊടുത്തു . 'അവര്‍ എന്റെ കിടക്ക ഉപയോഗിച്ചു. സാഹചര്യം അങ്ങനെ ചെയ്യാന്‍ ഇടവരുത്തി. എന്നോടു ക്ഷമിക്കണം' എന്നവന്‍ കുറിച്ചു. കുറച്ചുനേരം എനിക്കു ഒന്നും മറുപടി പറയാന്‍ ഇല്ലാത്ത പോലെ ഞാന്‍ മിണ്ടാതെ ഇരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ അവരുടെ പ്രണയത്തിനു ഇങ്ങനെയൊക്കെയേ ഒന്നിക്കുവാന്‍ കഴിയൂ എന്നത് ഒരു സത്യമാണല്ലോ അതിനാല്‍ ഇത് പൊറുക്കപ്പെടാന്‍ കഴിയാത്ത ഒരു തെറ്റായി തോന്നുന്നില്ല എന്നു ഞാന്‍ സമാധാനിച്ചു. 

 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ പോയി എന്നു പറഞ്ഞു. പിന്നെപ്പിന്നെ വീണ്ടും അവൻ്റെ  മെസ്സെജുകള്‍ കുറയാന്‍ തുടങ്ങി. ഞാന്‍ ഇത്തവണ കര്‍ശനമായി തന്നെ അവനോടു ചോദിച്ചു.

"നീ എന്തുകൊണ്ടാണ് എനിക്കു മെസ്സേജ് അയക്കാത്തത് ? നിനക്കു സമയം ഇല്ല എന്ന കള്ളം പറയരുതു. എന്തായാലും അത് തുറന്നുപറയാന്‍ നിനക്കു സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നോടു."

അപ്പോഴാണ് അവന്‍ അത് പറയുന്നതു. നിത്യയുമായി സംസാരിച്ചിരിക്കുന്നതിനാല്‍ ആണ് അവന് എന്നോടു മിണ്ടാന്‍ സമയം കിട്ടാത്തത്. മാത്രവുമല്ല നിത്യ, എനിക്കോ മറ്റ് സുഹൃത്തുക്കള്‍ക്കോ മെസ്സേജ് ചെയ്യാനോ കൂട്ടുകൂടാനോ പാടില്ല അവളുടെ മാത്രം ആയിരിക്കണം എന്നു നിര്‍ബന്ധം പിടിച്ചിരിക്കുന്നതിനാല്‍ ആണ് എന്നുകൂടി പറഞ്ഞപ്പോള്‍ എനിക്കവനോടു അനിഷ്ടം തോന്നി. അതോടെ അധികം മെസ്സെജുകള്‍ ഞാന്‍ അവന് അയക്കാതെ ആയി. എന്റെ മാനസിക പിരിമുറുക്കം ഞാന്‍ സ്വയം അടക്കുകയും അത് പുറമെ ഭാവിക്കാതെയും ഇരിക്കാന്‍ ശ്രമിച്ചു. 

 

ഒരുദിവസം ആര്യ വീണ്ടും മെസ്സേജ് ഇട്ടു. അവള്‍ ദുബായില്‍ ഉണ്ട് എന്നും. നിത്യയുടെ ലീലകള്‍ അറിഞ്ഞത് പങ്ക് വയ്ക്കുകയും ചെയ്തു. പബ്ബിലും മറ്റും പോകുകയും പുരുഷന്മാരുമായി കറങ്ങാന്‍ പോകുകയും ചെയ്യുന്നത് അവള്‍ പറഞ്ഞപ്പോള്‍ എനിക്കു പെട്ടെന്നു വര്‍ക്കിയോട് ഇവ പങ്ക് വയ്ക്കണം എന്നു തോന്നി. അവന്‍ മറ്റാരോടും മിണ്ടാന്‍ പാടില്ല എന്നു വാശിപിടിക്കുന്നവള്‍ അതൊക്കെ ചെയ്യുന്നത് അനീതിയായി എനിക്കു തോന്നി. പക്ഷേ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വര്‍ക്കി എല്ലാം വായിച്ചശേഷം എന്നെ കഠിനമായി ശകാരിക്കുകയും വഴക്കു കൂടി പിണങ്ങുകയും ആണ് ചെയ്തത്. അവന്‍ എന്നോടു മിണ്ടാത്തത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഞാന്‍ കളവ് പറയുന്നതാണെന്നും എനിക്കസൂയ ആണെന്നും എന്തോ ഒക്കെ അവന്‍ എഴുതി വിട്ടു. എനിക്കത് കഠിനമായ വിഷമമുണ്ടാക്കി. ഞാന്‍ വര്‍ക്കിയോട് ഇനി മിണ്ടില്ല എന്നു തന്നെ തീരുമാനിച്ചു. അടഞ്ഞ അദ്ധ്യായമായി ആ കളിക്കൂട്ടുകാരനെ ഞാന്‍ കരുതി. 

 

കുറച്ചു മാസങ്ങള്‍ക്ക് ശേഷം വര്‍ക്കിയുടെ ഒരു സന്ദേശം വഴിതെറ്റിയിട്ടെന്നപോലെ എനിക്കു വന്നു. ഞാനത് കണ്ടിട്ടും മിണ്ടാതെ ഇരുന്നു. അവന്‍ പിറ്റേന്ന് എന്നെ വിളിച്ച്. ഞാന്‍ പറഞ്ഞതും അറിഞ്ഞതും ഒക്കെ ശരിയാണ് എന്നും അവള്‍ ഇപ്പോള്‍ അവനോടു മിണ്ടാറില്ല എന്നും വര്‍ക്കി വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു. അവള്‍ ശാരീരിക ആവശ്യത്തിന് വേണ്ടി മാത്രമാണു എന്നെ ബന്ധപ്പെട്ടതെന്നും ആവശ്യം കഴിഞ്ഞതോടെ അവൾക്ക് ഞാന്‍ മടുത്തു എന്നും അവന്‍ പറഞ്ഞു. രണ്ടുപേരും രണ്ടു സ്ഥലത്തായതിനാല്‍ ഒന്നിച്ച് കൂടുക സാധ്യമല്ല എന്നതൊരു വലിയ കാര്യമായിരുന്നു അവര്‍ക്കിടയിലെ ബന്ധത്തില്‍. എന്തായാലും എന്നോടു ഒരു കുന്നു മാപ്പുകൾ ചോദിച്ചുകൊണ്ടു വര്‍ക്കി കാത്തു നിന്നു.

 

ഒരു സൗഹൃദത്തെ , പ്രണയത്തിന്റെ ക്ഷണികമായ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാനോ അവഗണിക്കാനോ കഴിയുക എന്നത് ശരിയായ, ആത്മാര്‍ഥമായ ഒന്നായി എനിക്കു തോന്നിയില്ല. അതിനാല്‍ തന്നെ വര്‍ക്കിയുടെ പിന്നീടുള്ള മെസ്സേജുകള്‍ക്ക് ഞാന്‍ കാര്യമാത്ര പ്രസക്തമായ മറുപടികള്‍ നല്കാതായി. ക്രമേണ വര്‍ക്കിക്ക് അത് മനസ്സിലായിട്ടാകാം അവന്റെ സന്ദേശങ്ങള്‍ എനിക്കും വരാതായി. ഇപ്പോള്‍ ഇതാ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ശബ്ദ സന്ദേശത്തില്‍ അതേ മയിലുകളുടെ ശബ്ദം! ഒരു ശബ്ദത്തിന് മറവിയിലെ ഒരു വലിയ സന്തോഷത്തെ, കുഴിച്ചുമൂടിയ  ഒരു സൗഹൃദത്തിൻ്റെ മരിച്ചുപോയ ഓര്‍മ്മയെ തിരികെ കൊണ്ട് വരാന്‍ കഴിഞ്ഞിരിക്കുന്നു. എനിക്കു വര്‍ക്കിയെ ഒന്നു വിളിക്കണം എന്നു തോന്നിപ്പോകുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്തു.

@ബിജു ജി. നാഥ്

 ഷാർജ ഇന്ത്യൻ അസോസിയേഷൻ 2023 ഓണം സുവനീറിൽ പ്രസിദ്ധീകരിച്ചു.


ഒരു കഥ പറയട്ടെയിനീ ഞാന്‍

ഒരു കഥ പറയട്ടെയിനീ ഞാന്‍ . ഒരിടത്തൊരിടത്ത് ഒരുനാള്‍ ഒരു മനുഷ്യനുണ്ടായിരുന്നു . അയാള്‍ ഏകാന്തനും നിരാശനും ജീവിതത്തോട് എല്ലാ ഇഷ്ടങ്ങളും നഷ്ടമായിത്തുടങ്ങിയവനും ആയിരുന്നു . അയാളുടെ ജീവിത യാത്രയില്‍ അനവധി പൂന്തോട്ടങ്ങളും പൂച്ചെടികളും കണ്ടിരുന്നു . അയാളുടെ മിഴികളില്‍ സന്തോഷം നിറച്ചുകൊണ്ടു ഒരുപാട് പൂക്കള്‍ !!! പൂക്കള്‍ സുഗന്ധവാഹികളും ഹൃദയഹാരികളും ആണെന്നാണ് അയാള് വിശ്വസിച്ചിരുന്നത് . പൂക്കള്‍ ചെടിയില്‍ വച്ച് ത്തന്നെയാണ് ആസ്വദിക്കപ്പെടെണ്ടത് എന്നയാള്‍ വിശ്വസിച്ചിരുന്നു . ചില പൂവുകള്‍ ശലഭങ്ങളെ ആഗ്രഹിച്ചിരുന്നു. ചിലവയ്ക്ക് വണ്ടിനെയായിരുന്നു ഇഷ്ടം. പൂവുകള്‍ പലപ്പോഴും അയാളിലെ ശലഭത്തെയോ വണ്ടിനെയോ മാത്രം സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നു . അതുകൊണ്ടു തന്നെ പൂവുകള്‍ അയാളില്‍ നിന്നും അകലത്തിലേക്ക് തങ്ങളുടെ മിഴികള്‍ വലിച്ചെടുക്കുകയോ തലകുനിച്ചു അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നു . കാടും മലകളും താഴ്വരകളും ഏകാന്തതയും ആഗ്രഹിച്ചിരുന്ന അയാള്‍ ഒരു സഞ്ചാരിയായിരുന്നു. അങ്ങനെയിരിക്കെ യാദൃശ്ചികമായി അയാള്‍ക്ക് ഒരു മണിവീണ കിട്ടി . ഏകാന്തതയുടെ ഒരു താഴ്വരയില്‍ അലസം യാത്രചെയ്യവേ , സ്വച്ഛന്ദം ഒഴുകുകയായിരുന്ന ആ കാട്ടാറിന്റെ കരയില്‍ ആരോ ഉപേക്ഷിച്ച ഒരു മണിവീണ . തന്ത്രികള്‍ പൊട്ടി , അരികുകള്‍ പൊളിഞ്ഞു നനഞ്ഞു പോയ ഒരു സംഗീതോപകരണം . അയാള്‍ അതിനെ അത്രയേറെ സ്നേഹത്തോടെ തന്റെ കൈകളില്‍ എടുത്തു . അതിന്റെ കവിളുകളില്‍ പുരണ്ടിരുന്ന കണ്ണീര്‍ച്ചാലിന്റെ ചെളികള്‍ മെല്ലെ തുടച്ച് ആ കവിളുകളില്‍ തന്റെ ചൂണ്ടമര്‍ത്തിയതും മണിവീണയുടെ നിശ്വാസവായുവിന്റെ പൊള്ളിക്കുന്ന ചൂട് അയാള്‍ക്കനുഭവപ്പെട്ടു. ആ കാട്ടാറിന്റെ കരയില്‍ ഒരു വെള്ളാരം പാറയില്‍ അയാള്‍ ആ മണിവീണയുമായി ഇരുപ്പുറപ്പിച്ചു. മുഴുവന്‍ പരിക്കുകള്‍ പറ്റിയ ആ സംഗീതസാഗരത്തെ അയാള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നപോലെ തുടച്ചു തഴുകി മിനുക്കിയെടുത്ത് . അതിന്റെ ഉടലഴകുകളുടെ വക്കുകള്‍ വളരെ സമയമെടുത്തയാള്‍ ഒതുക്കിയെടുത്ത് . പൊട്ടിപ്പോയ തന്തികള്‍ കെട്ടിയെടുക്കുന്നതായിരുന്നു അയാള്‍ അനുഭവിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി . ഒരറ്റം യോജിപ്പിക്കുമ്പോള്‍ പിണങ്ങിയെന്നപോലെ മററ്റം ഇളകി വരുന്നുണ്ടായിരുന്നു . ഒരു ചിലന്തി ഒരുപാട് വട്ടം പരിശ്രമിച്ചിട്ടായാലും വല കെട്ടിപൂര്‍ത്തിയാക്കും പോലെ ഒടുവില്‍ അയാള്‍ ആ തന്തികള്‍ എല്ലാം മുറുക്കിക്കെട്ടുക തന്നെ ചെയ്തു. ഒട്ടൊരാഹ്ലാദത്തോടെ അയാളാ തന്ത്രികള്‍ ഒന്നു മീട്ടി നോക്കി . ചിരപുരാതനമായ ഏതോ ഗുഹാമുഖത്ത് നിന്നെന്ന പോലെ തികച്ചും അപരിചിതവും വിഷാദാര്‍ദ്രവുമായ സ്വരത്തില്‍ ആ മണിവീണ ശബ്ദിക്കാന്‍ തുടങ്ങി . അയാള്‍ വീണ്ടും അഴിച്ചും കെട്ടിയും ആ തന്ത്രികളെ മനോഹരവും മൃദുലവുമായ സുന്ദരിയായി ഒരുക്കിയെടുത്ത് . ഒടുവില്‍ അയാള്‍ ആ മണിവീണയുടെ ശിരസ്സിലെ തിരുമുറിവില്‍ ഒരു ചൂടുചുംബനം നല്‍കിയതും വീണയുടെ മാറിടം ഉയര്‍ന്നു താഴാണ്‍ തുടങ്ങി . അയാള്‍ വളരെ മൃദുവായി അതിന്റെ തന്ത്രികളില്‍ വിരലോടിച്ചു തുടങ്ങി . അത്ഭുതമെന്ന പോലെ അതിമനോഹരമായ രാഗങ്ങളില്‍ ആ മണിവീണ പാടുവാന്‍ തുടങ്ങി . അയാളുടെ വിരലുകള്‍ തഴുകിതലോടിയിറങ്ങിയ ഉടലിലൂടെ ഒരു ചെറിയ വിറയലോടെ , നമ്രമുഖിയായി , നേര്‍ത്ത സ്വരത്തില്‍ ആ മണിവീണ പാടാന്‍ തുടങ്ങുകയായി . കാട്ടാര്‍ ഒഴുക്ക് മറന്നു ആ സംഗീതത്തില്‍ ലയിച്ചു നിന്നു . കാറ്റിന്റെ കൈകള്‍ അയാളെ പൊതിഞ്ഞു പിടിച്ച്. ആകാശം നനുത്ത മഴനൂലുകള്‍ കൊണ്ട് അവരെ പുതച്ച്തുടങ്ങി . ....

Tuesday, July 18, 2023

കള്ളിമുള്‍ച്ചെടി

 

കവിത :കള്ളിമുള്‍ച്ചെടി

രചന : ബിജു ജി നാഥ് വര്‍ക്കല

 

കള്ളിമുള്‍ച്ചെടിയുടെ കണ്ണുനീര്‍ കണ്ടു നീ

തെല്ലും അകലരുതേ...തെല്ലും അകലരുതേ!

ലോകത്തിന്‍ ദൃഷ്ടിയില്‍ മുള്‍മുനമൂലമെന്നും  

അവഗണിച്ചവള്‍, തന്‍ മിഴിയൊഴുകുമ്പോള്‍         (കള്ളിമുള്‍...)

 

ഏറെ പ്രിയമോടെ നിന്നാടയില്‍ നാണത്താല്‍

കൈനഖം കോര്‍ത്തെന്നാല്‍ ഓര്‍ക്കുക നീ.

അത്രമേല്‍ നിന്നെയൊരു മിത്രമായ് കണ്ടാകാം

ഹൃത്തടം കാട്ടുവാന്‍ ശ്രമിക്കയാ പാവം.               (കള്ളിമുള്‍....)

 

കെട്ടിഞാത്തുന്നു ദൃഷ്ടിദോഷമകറ്റുവാന്‍

ഉമ്മറക്കോലായില്‍ കോലമായ് എന്നും

ഇഷ്ടമില്ലാത്തൊരു കാഴ്ചയായി ജീവിതം

പരിഭവമില്ലാതെ ജീവിക്കുന്നേകാന്തം.               (കള്ളിമുള്‍....)

 

തന്നിലേ യൌവ്വനസത്തയെ മോഹിച്ച്

വന്നടുക്കുന്ന സൃഗാലരെ അകറ്റുവാന്‍

തന്വിയവള്‍ അണിയും കവചം കണ്ടു നീ

കോപതാപം കൊണ്ടകലരുതേ കഷ്ടം!            (കള്ളിമുള്‍ ...)