Friday, May 28, 2021

ആദി&ആത്മ...........................രാജേഷ് ചിത്തിര

 ആദി ആത്മ (നോവൽ)

രാജേഷ് ചിത്തിര 

ലോഗോസ് ബുക്ക്സ് (2020)

വില : ₹ 120.00



സാഹിത്യത്തിൽ പരീക്ഷണങ്ങൾ ആണ് വിജയം നൽകിയിട്ടുള്ളത് പലപ്പോഴും . സ്ഥിരം രീതികളിൽ നിന്നും വേറിട്ട് നിന്ന് വസ്തുതകളെ സമീപിക്കുന്ന ആ രീതിയുടെ പ്രത്യേകത അത് വിജയിക്കണമെങ്കിൽ പരകായപ്രവേശം അതിന്റെ ശരിയായ രീതിയിൽ പ്രയോഗിക്കപ്പെടുകയും വേണം എന്നുള്ളതാണ്. . സാഹിത്യത്തിൽ പുരുഷൻ സ്ത്രീയുടെ വേഷത്തിലും സ്ത്രീ പുരുഷന്റെ വേഷത്തിലും നിന്നുകൊണ്ട് രചനകൾ നടത്തിയിട്ടുണ്ട് . ബാലസാഹിത്യം രചിക്കുവാൻ എഴുത്തുകാരൻ പക്ഷെ ബാലനായേ പറ്റൂ. മനസുകൊണ്ട് ബാല്യത്തിലേക്ക് സഞ്ചരിക്കുക മാത്രം പോരാ ഭാഷയിൽ പ്രയോഗങ്ങളിൽ ചിന്തകളിൽ ഒക്കെ ആ ബാല്യത്തെ  കൊണ്ട് വരികയും വേണം . കുട്ടികളോട് സംസാരിക്കുന്ന രീതിയിലും കുട്ടികൾ സംസാരിക്കുന്ന രീതിയിലും ബാലസാഹിത്യങ്ങൾ ലഭ്യമാണ് . പക്ഷെ കുട്ടികൾക്ക് ഉപയോഗപ്പെടുന്ന എത്ര പുസ്തകങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ഒരു വലിയ ചോദ്യമായി മാറുന്നു .  മെച്ചപ്പെട്ട കഥകളും കവിതകളും നോവലുകളും എഴുതുന്ന വലിയ വലിയ എഴുത്തുകാർ പോലും ഇതിൽ പരാജയപ്പെടുകയാണ് കണ്ടു വരുന്നത് . പൊതു സമൂഹത്തിൽ , അവർ ഒരു പക്ഷെ അതിൽ വിജയമെന്ന് പറയും കാരണം അവർ പറഞ്ഞ കൊടുക്കുന്നതും പഠിപ്പിക്കുന്നതും സദാചാരമൂല്യങ്ങളും ദൈവീക ചിന്തകളും കൂട്ടിക്കലർത്തി ലിംഗഭേദം വളർത്തിയെടുക്കുന്ന മാമൂൽ കഥകൾ ആണ് . പഞ്ചതന്ത്രകഥകളും നീതിസാര കഥകളും പുരാണ കഥകളും  പിന്നെ കുറച്ചു മൃഗ കഥാപാത്രങ്ങളുടെ തമാശകളും നിറഞ്ഞ സാഹിത്യമല്ലാതെ കുട്ടികൾക്ക് വായിക്കാൻ പറ്റിയ കഥകൾ ഒന്നുംതന്നെയില്ല എന്ന് പറയാം . ഇതുകൊണ്ടാണ് കുട്ടികൾ പുസ്തക വായനയിൽ നിന്നും പുറത്തു പോകുന്നതും  വായനയെ വെറുക്കുന്നതും . 


ആദി & ആത്മ എന്ന പുസ്തകത്തിനെ നോവൽ എന്ന സാഹിത്യ രൂപത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് കാണാം . പക്ഷെ ഇതിനെ ബാലസാഹിത്യ ശാഖയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നൊരു സംശയം വായനയിൽ ഉടനീളം ഉണ്ടായിട്ടുണ്ട് . ഈ നോവൽ ഒരു കുട്ടിയുടെ കാഴ്ചകൾ ആണ് . ആ കുട്ടിയുടെ കാഴ്ചകളും ചിന്തകളും വികാരങ്ങളും ആണ് ഈ പുസ്തകത്തെ മുന്നോട്ടു നടത്തുന്നത് . അതിനാൽ ത്തന്നെ ഇതിനെ ബാലസാഹിത്യമായി കണക്കാക്കാം. സാഹിത്യത്തിൽ ഒരു ട്രെൻഡ് ഉണ്ട് . സമകാലീന സംഭവങ്ങളിൽ നിന്നുകൊണ്ട് കഥയെഴുതുക എന്നതാണത് . കോളറക്കാലത്തെ പ്രണയം പ്രശസ്തമായ ഒരു നോവൽ ആണ് . ഇത് ഒരു പാൻഡെമിക് അവസ്ഥയുടെ  കാലത്തെ അടയാളപ്പെടുത്തുന്നതുമാണ് . ഇക്കഴിഞ്ഞ പ്രളയകാലത്തു ഒരു തമാശ വാർത്ത കേൾക്കുകയുണ്ടായി . പ്രളയത്തെ അടിസ്ഥാനമാക്കി നോവൽ എഴുതാൻ വിമാനം പിടിച്ചു വന്നു ആരോ ഒരാൾ നോവൽ എഴുതിയതായി. ഇപ്പോൾ കോവിഡാണല്ലോ പ്രധാനം . അതിനാൽ തന്നെ കോവിഡ് സംബന്ധമായ കഥ, കവിത , നോവലുകൾ അരങ്ങിലും അണിയറയിലും സജീവവുമാണ്. ആദി & ആത്മയും കോവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന ഒരു നോവൽ ആണ് . കോവിഡ് കാലത്തിൽ കുട്ടികൾക്ക് സംഭവിക്കുന്ന വിഷമതകൾ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒന്നെന്നല്ല അതിനർത്ഥം . വിദേശത്തും സ്വദേശത്തുമായി ചിതറിപ്പോകുന്ന കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളുടെ ജീവിതത്തെ സ്പർശിക്കുന്ന കഥയാണ് ആദി & ആത്മ . 


ദുബായിൽ ജീവിച്ച, പഠിച്ച രണ്ടു കുട്ടികൾ സാഹചര്യങ്ങൾ മോശമാകുകയും പിതാവിന്റെ തൊഴിലിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തപ്പോൾ  നാട്ടിലേക്ക് പറിച്ചു നടുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം . യാത്രയ്ക്ക് തയ്യാറാകുന്ന അവസാന ദിവസങ്ങളെ എങ്ങനെ, ആ നാടിന്റെ ഓർമ്മയെ ആവാഹിക്കണം എന്ന  ചിന്തകളും ഒപ്പം തന്നെ അയൽ ബന്ധങ്ങളെ അമ്മയ്ക്ക് എങ്ങനെ വിടുതൽ ചെയ്യാൻ കഴിയുന്നു എന്നതും കുട്ടിയുടെ കാഴ്ചകൾ ആണ് . തന്റെ ആഗ്രഹങ്ങളെ , ഓർമ്മിക്കേണ്ടവയെ കുറിച്ച് വയ്ക്കുന്നത് ആ കുട്ടിയുടെ  മനസ്സിലുറഞ്ഞു കിടക്കുന്ന വിജയത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും സ്ഫുരണങ്ങളായി കാണാം. . നാട്ടിലെ അന്തരീക്ഷവും അവിടത്തെ സ്‌കൂളും കുട്ടികളും ഒരു വിദേശവാസ വിദ്യാർത്ഥിക്ക് എങ്ങനെയാണ്  നേരിടേണ്ടി വരുന്നത് എന്നതൊക്കെ  ഇതിൽ പ്രതിപാദിക്കുന്നുണ്ട് . ഒപ്പം അമ്മയുടെ ജീവിതത്തിന് നാട്ടിൻ പുറത്തിന്റെ ഇടുങ്ങിയ ചിന്താഗതികളും സദാചാരവും എങ്ങനെ കൂച്ചു വിലങ്ങിടുന്നു എന്നൊരു കാഴ്ചകൂടി  പ്രധാനമായും ഓർമ്മിപ്പിക്കുന്നുണ്ട് വസ്ത്രധാരണവും പുറത്തിറങ്ങാനുള്ള മടിയും വിവരിക്കുന്നതിലൂടെ . ഒരൊറ്റ വരിയിലൂടെ ഒരുപാട് കാര്യങ്ങൾ നഗരത്തിന്റെയും ഇനിയും വളരാൻ മടിക്കുന്ന കേരളത്തിന്റെ ഉൾനാടുകളെയും വരച്ചു കാട്ടാൻ പര്യാപ്തമാക്കുന്നുണ്ട് . 

ഇടയിൽ വില്ലനായി വരുന്ന വൈറസ് മൂലം കുട്ടികൾക്ക് നഷ്ടമാകുന്ന ആകാശത്തിൻ്റെ ആകുലതകളും അതിൽ കടന്നു വരികയും ചെയ്യുന്നു.


രാജേഷ് ചിത്തിര നല്ലൊരു കവിയാണ് . നല്ലൊരു എഴുത്തുകാരനും. വ്യത്യസ്തമായ രീതികൾ ആവിഷ്കരിക്കാനും  നടപ്പിൽ വരുത്താനും എപ്പോഴും തയ്യാറാകുന്ന പുതിയകാല എഴുത്തുകാരുടെ കൂട്ടത്തിൽ രാജേഷ് ചിത്തിര അതിനാൽ തന്നെ ശ്രദ്ധേയനാണ് . സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരണം തന്റെ കവിതകളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും അടയാളപ്പെടുത്തുന്ന രാജേഷിന്റെ ആദി & ആത്മ ഒരു നല്ല വർക്ക് തന്നെയാണ് . കുട്ടിയുടെ മനസ്സുമായി കുട്ടിക്കൊപ്പം നടക്കാൻ രാജേഷ് തയ്യാറാവുകയും അതിനെ  അടയാളപ്പെടുത്തുകയും ചെയ്തതിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു . പൂർണ്ണം എന്ന് പറയാൻ കഴിയാത്തതു പലയിടങ്ങളിലും കുട്ടിയ്ക്ക് ചേരാത്ത ഒരു  മനസ്സും തനിക്കു പറയാനുള്ള ഒരു പ്ലാറ്റ്ഫോം കുട്ടിയുടെ ചുമലിൽ വച്ച് കൊടുക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു എന്നതാണ് . ഇതായിരുന്നു വായനയിൽ മുഴച്ചു നിന്നതായി അനുഭവപ്പെട്ട ഒരു വിഷയം. എങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അതിനെ രാജേഷ് വിദഗ്ധമായി മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് . കൂടുതൽ വായനകൾ വരട്ടെ എന്നും ഇതിനെ നോവൽ എന്ന തലത്തിൽ നിന്നും ബാലസാഹിത്യത്തിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായി എന്ന ചിന്തയോടും ആശംസകൾ നേരുന്നു . 

ബിജു ജി നാഥ് 

Saturday, May 22, 2021

കാമസൂത്രം ...................... പരിഭാഷ : എൻ. മൂസക്കുട്ടി

 കാമസൂത്രം 

പരിഭാഷ : എൻ. മൂസക്കുട്ടി


പ്രണയത്തിനു ഒരു ഭാഷ്യം എന്ന രീതിയിൽ ആണ് കാമസൂത്രം സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹം എന്നത് ഒറ്റപ്പെട്ട ഒരു സംഭവമല്ല അതൊരു വലിയ കൂട്ടമാണ് . അവരുടെ ജീവിതം എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന പൊതു വിഷയങ്ങൾ രാജ്യവും രാഷ്ട്രീയവും പിന്നെ കുടുംബവും ആണല്ലോ . കുടുംബം എന്നതിനെ നിർവചിക്കുന്നത് ദാമ്പത്യത്തിന്റെ ചട്ടക്കൂട് എന്ന നിലയ്ക്കാണ് . ദാമ്പത്യം എന്നത് ശാരീരിക ബന്ധവുമായി കെട്ടപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെയാണ് ഭാരതീയ സമൂഹം ഈ മൂന്നു കാര്യങ്ങളിലും വലിയ ശ്രദ്ധ ചെലുത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നതും . പൗരാണികമായ ഗ്രന്ഥങ്ങൾ ഒക്കെയും ഈ വിഷയങ്ങളാൽ സമ്പന്നമാണ് . രതി എന്നത് പൗരാണിക സമൂഹത്തിൽ വളരെ വലിയ ഒരു വിശിഷ്ട വസ്തുവായി ഗണിച്ചു പോയിരുന്നു . അതിനാലാണ് വാത്സ്യായനിൽ വന്നു അവസാനിക്കുന്ന കാമസൂത്രമെന്ന പ്രശസ്ത പുസ്തകത്തിന്റെ വിഷയം വരുന്നത് . അന്നുവരെ നിലനിന്ന ലൈംഗിക ചിന്താഗതികളെയും അതിനെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെയും സമാഹരിച്ചു അവയിൽ നിന്നൊരു സംക്ഷിപ്ത രൂപം നൽകുക മാത്രമാണ് വാത്സ്യായനൻ ചെയ്തത് എന്ന് പുസ്തകത്തിൽ തന്നെ അദ്ദേഹം പറയുന്നുമുണ്ട് . ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തി എന്ന വ്യക്തമല്ലാത്ത വിവരണത്താൽ അറിയപ്പെടുന്ന  അദ്ദേഹത്തിന്റെ ഈ രചന അതുവരെ നിലനിന്ന സമ്പ്രദായങ്ങളും സാമൂഹ്യ ഘടനയും മറ്റും വ്യക്തമാക്കുന്നുണ്ട് . കാമസൂത്രം എന്ന കൃതിക്ക് ഒരുപാട് പുതിയ ഭാഷ്യങ്ങൾ പിൽക്കാലത്തും ഉണ്ടായിട്ടുണ്ട് . മതഗ്രന്ഥങ്ങളെക്കാൾ ഒരു പക്ഷെ കൂടുതൽ വായനക്കാർ ലഭിച്ച ഒരു പുസ്തകം ആണ് കാമസൂത്രം. ഇതിനോട് അനുബന്ധമായി അറേബിയൻ സംസ്കാരത്തിൽ ഉണ്ടായിരുന്ന ഒരു പുസ്തകമാണ് ഫോർബിഡൻ ലവ് എന്ന് കേട്ടിട്ടുണ്ട് . അതിനെക്കുറിച്ചു കേൾക്കുകയും ചില ഭാഗങ്ങൾ വായിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. പിന്നീട് അഞ്ചാം നൂറ്റാണ്ടിലോ മറ്റോ ഇന്ത്യയിൽ കാമസൂത്രത്തിനു കൂടെ ചേർക്കാൻ പോകുന്ന തരത്തിൽ അന്നത്തെ കാലത്തു വർധിച്ചു വരുന്ന വിവാഹ മോചനങ്ങൾ പരിഹരിക്കാൻ വിജയമല്യ എന്ന പേരിലൊരാൾ രചിച്ച അനംഗരംഗ  മുമ്പ് വായിച്ചു എഴുതിയിരുന്നതാണ് . 


കാമസൂത്രം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് എന്നൊരു ധാരണ ഉണ്ടായിരുന്ന കൗമാരകാലത്ത് അതിനു കഴിയാതെ പോയവർ ആകണം ഇന്നത്തെ മിക്കയാൾക്കാരും . ഒളിച്ചും പാത്തും വായിക്കേണ്ട ഒരു സംഗതിയായി രതി വിജ്ഞാനം കരുതിപ്പോരുന്ന ഒരു സദാചാര ലോകത്തിൽ അതങ്ങനെ മാത്രമേ വരികയുള്ളൂ . എന്നാൽ ഇന്നാ പുസ്തകം സ്വതന്ത്രമായി വായിക്കാൻ നെറ്റിൽ ഇംഗ്ളീഷും മലയാളവും ഒക്കെ ലഭ്യമാണ് എന്നതിനാൽ ഈ രഹസ്യാത്മകത കുറെയേറെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു . അടുത്തിടയ്ക്കാണ് കൗതുകകരമായ മറ്റൊരു വായന ലഭിച്ചത്  അത് ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം ആയിരുന്നു . ഒരു തരത്തിൽ പറഞ്ഞാൽ ഒരു പ്രതികാരമെന്ന പോലെയാണ് ആ പുസ്തകം ഇറങ്ങുന്നത് .. പുരുഷന്റെ മാത്രമല്ല ഈ ലോകം എന്നൊരു ചിന്തയിൽ നിന്നാണ് ആ പുസ്തകം ഇറങ്ങുന്നതും . എന്തുകൊണ്ടാണ് കാമസൂത്രം ഇത്രയേറെ ജനപ്രീതി നേടിയത് എന്നും എന്തിനാണ് ഇന്ദിരയ്ക്ക് ഒരു സ്ത്രീ വീക്ഷണ കാമസൂത്രം ആവശ്യമായി വന്നതെന്നും വിലയിരുത്താൻ ഏറ്റവും നല്ലത് ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നത് തന്നെയാണ് . കാമസൂത്രം എന്നാൽ രഹസ്യമാക്കപ്പെടേണ്ട ഒന്നല്ല . അപ്പോൾ ചിന്തിക്കാം കുട്ടികളും മറ്റും ഇത് വായിക്കുക എന്നാൽ അത് തെറ്റല്ലേ എന്നാകും . കുട്ടികൾ എന്നല്ല മുതിർന്നവരും ഇത് വായിക്കുന്നത് തെറ്റാണു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് . എന്താണ് കാരണം എന്നത് വ്യക്തമാക്കാം.


കാമസൂത്രം എന്താണ് പറയുന്നത് എന്ന് നോക്കൂ ഉത്തരം അവിടെയുണ്ട് . കാമസൂത്രം എന്നാൽ വിവിധ രീതിയിൽ ലൈംഗികത എങ്ങനെ ചെയ്യാം എന്നൊരു വിവരണക്കുറിപ്പ് മാത്രമല്ല എന്നാദ്യം മനസ്സിലാക്കണം . ഒരു സമൂഹത്തിലെ സംസ്കാരം എങ്ങനെയാണ് എന്നു വിവരിക്കുന്ന ഒരു ചരിത്ര രേഖ ആണത് . പുരുഷ കേന്ദ്രീകൃതമായ ഒരു കാലഘട്ടത്തെയും ചാതുർവർണ്യത്തെയും വ്യക്തമായി അടയാളപ്പെടുത്തുകയും അത് തുടരുകയും ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഒരു പുസ്തകത്തെ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകത്തിൽ പെടുത്തുക എന്നത് തെറ്റായി കരുതുന്നു . ലൈംഗികാവയവത്തിന്റെ വലിപ്പ ചെറുപ്പമനുസരിച്ചു എത്ര തരം സ്ത്രീ പുരുഷന്മാർ ഉണ്ട് , അവർ ആർക്കൊക്കെ ആരോട് ഒപ്പം ഉള്ള ലൈംഗിക ബന്ധമാണ് നല്ലത് , എന്നിവ പറഞ്ഞു തുടങ്ങുന്ന ഈ പുസ്തകം തുടർന്ന് ഒരു പുരുഷൻ എങ്ങനെ ഒരു സ്ത്രീയെ സമീപിക്കണം, എങ്ങനെ അവളെ ലൈംഗിക ബന്ധത്തതിന് തയ്യാറാക്കണം , വളച്ചെടുക്കണം , അവൾ എന്തൊക്കെ ആണ് അവനായി ചെയ്തു കൊടുക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ ഈ പുസ്തകം വിവരിക്കുന്നു .  ഏതൊക്കെ സ്ത്രീകളുമായി ബന്ധപ്പെടാം സ്ത്രീകൾക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്താണ് തുടങ്ങി എങ്ങനെയൊക്കെ ഉമ്മ വയ്ക്കണം , ആലിംഗനം ചെയ്യണം , ശാരീരിക ബന്ധം ചെയ്യണം എന്നിവയും സ്ത്രീകളെ വശീകരിക്കാനും ആകർഷിക്കാനും ഉള്ള  നാടൻ മരുന്ന് പ്രയോഗങ്ങളും ലൈംഗിക അവയവങ്ങളെ എങ്ങനെ പുഷ്ടിപ്പെടുത്താൻ എന്തൊക്കെ മരുന്നുകൾ ഉപയോഗിക്കണം എന്നൊക്കെയുള്ള പ്രാചീന ആയുർവേദ  കൂട്ടുകൾ വിവരിക്കുകയും ചെയ്യുന്ന ഈ പുസ്തകം പുരുഷനായി പുരുഷൻ നിർമ്മിച്ച നിയമപുസ്തകവും അത് പാലിക്കേണ്ട കേവല അടിമയായ സ്ത്രീയെയും പരിചയപ്പെടുത്തുന്നു . നമുക്കിന്നറിയാം ലൈംഗികത എന്നാൽ എന്തെന്നും എങ്ങനെയെന്നും വളരെ ശാസ്ത്രീയവും മാനസികവുമായി അവയെ വ്യക്തമാക്കുന്ന അനവധി പുസ്തകങ്ങൾ ലഭ്യമാണ് . ലിംഗത്തിൽ മുറിവുകൾ ഉണ്ടാക്കി അതിൽ സ്വർണ്ണവും അസ്ഥിക്കഷണങ്ങളും അതുപോലുള്ള മറ്റു ചില വസ്തുക്കളും  ഉറപ്പിച്ചു സ്ത്രീയെ ദീർഘവും ഓർഗാസവും വരുത്തിക്കാൻ പഠിപ്പിക്കുന്ന ഇത്തരം  അറിവുകളും വിവരണങ്ങളും ഇന്നാർക്കും ശരിയാണെന്നു തോന്നും എന്ന് കരുതുന്നില്ല . പൊതു സമൂഹത്തിൽ പ്രധാനമായും ഈ പുസ്തകം പ്രസിദ്ധമാകുന്നത് വിവിധ നിലകളിലുള്ള ലൈംഗിക ബന്ധ സാധ്യതകൾ അറിയാനും പരീക്ഷിക്കാനും മാത്രമാണ് എന്ന് കരുതുന്നു . മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യ ജീവിയുടെ പ്രത്യേകത അവനെപ്പോഴും തലച്ചോറിൽ ലൈംഗികതയുടെ വിഷയം കടന്നു വരുന്നു എന്നുള്ളതാണ് . സ്ത്രീകളെ അപേക്ഷിച്ചു പുരുഷജീവികൾക്കാണ് സിംഹഭാഗവും ഈ ഒരു ജനിതക വൈകല്യവും ഉള്ളതായി മനസ്സിലാക്കാൻ കഴിയുന്നത് .  ആരോഗ്യവും അഭ്യാസവും ഉള്ളവർക്ക് ചെയ്യാൻ കഴിയുന്നത് ഉൾപ്പടെ കാമകലകളുടെ ഒരുപാട് സാധ്യതകൾ മനസിലാക്കാൻ വേണ്ടി മാത്രം ഈ പുസ്തകം തിരയുന്നവരുടെ ആധിക്യം അതിനാലാണല്ലോ . കൗമാരത്തിലല്ല ഈ പുസ്തകം വായിക്കേണ്ടത് എന്നും വസ്തുതകളെ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്ന മധ്യമ കാലഘട്ടമാണ് ഇതിനെ വായിക്കാൻ ഉപയോഗിക്കേണ്ടത് എന്നും കരുതുന്നു . അപ്പോൾ മാത്രമേ അതിൽ വെറും ലൈംഗികത കാണാതെ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ വ്യവഹാരങ്ങളെ മനസ്സിലാക്കാൻ കഴിയൂ . 


ലൈംഗികത പാപമല്ല . എന്നാൽ മുഴുവൻ സമയ ലൈംഗികത മാനസികരോഗമാണ് . ആരോഗ്യകരമായ ലൈംഗികത എന്നാൽ  രണ്ടു ശരീരങ്ങളുടെ തന്മയത്വത്തോടെ ഉള്ള കൂടിച്ചേരൽ ആണ് . വെറും സ്ഖലനം മാത്രമാണ് ലൈംഗികത എന്ന ബോധം  ഇല്ലാതാകട്ടെ എന്നാശംസിച്ചുകൊണ്ടു ബിജു.ജി.നാഥ് 


Friday, May 21, 2021

ഭ്രാന്തമായ ലോകം ഭ്രാന്തില്ലാത്ത ഒരാൾ!

ഭ്രാന്തമായ ലോകം ഭ്രാന്തില്ലാത്ത ഒരാൾ!
...........................................................................
എന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഞാൻ കണ്ടെത്തിയ ചളിക്കുണ്ടിൽ നിന്നും ഞാൻ ഇങ്ങനെ പറയുകയുണ്ടായി.

നഷ്ടപ്പെടുന്ന പകലുകൾക്കും
വ്യർത്ഥമാകുന്ന സായന്തനങ്ങൾക്കും
ഉണ്മനഷ്ടമാകുന്ന രാവുകൾക്കും മേലെ
ഞാൻ നീയെന്ന ഉടയാട വലിച്ചിടുന്നു
എനിക്ക് വേണ്ടി കരയാൻ മടിക്കുന്ന
ഹൃദയരാഗങ്ങളേ നിങ്ങളറിയുക
ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക
ബുദ്ധിയുള്ളവർ എന്നു മാത്രമാകും:
എന്നെയോർത്ത് വിലപിക്കുന്നവരേ
നിങ്ങൾ അതിഹൃദയശൂന്യരും
അപലപനീയരുമത്രേ!
എന്തെന്നാൽ
അവസാന നാളുകളിൽ 
നിങ്ങളതറിയും വരേക്കും 
ഞാൻ വാഴ്ത്തപ്പെട്ടവരുടെ ഇടയിലായിരിക്കുമല്ലോ.
നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നതിനാൽ
വാർദ്ധക്യം ബാധിക്കാതിരിക്കട്ടെ.
നിങ്ങൾക്ക് കരയാനാകുന്നതിനാൽ
അഴകു വർദ്ധിക്കട്ടെ.
ചിതയിലെരിയാൻ ഒന്നും ബാക്കിയില്ലങ്കിലും
എനിക്ക് കത്താതെ വയ്യ...
എന്നെ ഉപേക്ഷിക്കുന്നതിൽ പ്രിയരേ
നിങ്ങളിലുപേക്ഷയും വേണ്ട.
ഞാൻ ,
മരിച്ചവർക്കിടയിലെ ജീവനുള്ളവനല്ല.
ഞാൻ മൃതമായ ലോകത്തിലെ ഒരേയൊരു ജീവൻ.
@ബിജു.ജി.നാഥ്. 

Wednesday, May 12, 2021

നമ്മളെന്തിങ്ങനെ ...

വിടരുമീ മന്ദഹാസം പകലിന്റെ
നിറുകയില്‍ തണലായി വീഴവെ
പറയുക നീ സഖീ മമജീവനില്‍
പടരുമോ രാഗാര്‍ദ്ര ലോലയായ് .

മൃദുഭാഷ മൊഴിയുന്ന മധുരാംഗി
നിന്‍ മണിമാറില്‍ ചായുമീയെന്‍
അധരങ്ങള്‍ തേടും മധുപാത്രമരു-
മയായി ചൊടികളിലേകുകില്ലേ .

കനിവിന്റെ ചെപ്പിലെ കനിമഴ
കരളില്‍ പകര്‍ന്നു തരികയില്ലേ
ഇരുളില്‍ മഴപ്പക്ഷിതന്‍ ഗീതകം 
അത് നമ്മള്‍ മൂളിയ ഗാനമല്ലോ.

പടരും വനനദീതീരത്തിലീയ-
രുമഹരിണം മമജീവതിലകമായ്
ഇടറാന്‍ കൊതിച്ചൊരു മനവും മധു 
പകരാന്‍ കൊതിക്കുമീയധരവും .

പുലരികള്‍ സന്ധ്യകള്‍ മിഴിപൂട്ടി
അലയും രജനികളുമെന്നാല്‍
മമസഖി നമ്മിലൊരാളുമിനിയ-
കലുവതെങ്ങനെ മൃതിയില്ലാതെ.
@ബിജു.ജി.നാഥ്

Friday, May 7, 2021

പ്രണയം വിപ്ലവം വീക്ഷണം ....... പ്രിയ ഉണ്ണികൃഷ്ണൻ

പ്രണയം വിപ്ലവം വീക്ഷണം(കവിതകൾ)
പ്രിയ ഉണ്ണികൃഷ്ണൻ 
ഹൊറൈസൺ പബ്ലിക്കേഷൻ (2018) 
വില :100.00 രൂപ
 
 
"അജണ്ടയ്ക്കനുസരിച്ചുള്ള
മനുഷ്യസ്നേഹിക്കു പകരം 
അച്ചടക്കമില്ലാത്തൊരു 
കമ്യൂണിസ്റ്റാകാനാണെനിക്കിഷ്ടം" .... പ്രിയ ഉണ്ണികൃഷ്ണൻ-(ശബ്ദം) 
 
കവിതയും കഥയും എഴുത്തുകാരന്റ സ്വാതന്ത്ര്യ പ്രഖ്യാപനം ആണെന്ന് പറയാം . തനിക്കു പറയാനുള്ളത് ആർജ്ജവത്തോട് വിളിച്ചു പറയാൻ വരയുടെ ലോകമൊഴിച്ചു നോക്കിയാൽ ഈ രണ്ടു കലാസങ്കേതങ്ങൾ ആണ് മികച്ച പ്രതികരണവേദി എന്നു കരുതുന്നു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ  എന്നല്ല വിപ്ലവം സാഹിത്യത്തിലൂടെ എന്നതാണ് ശരി. മനുഷ്യന്റെ ചിന്താഗതികളെ സ്വാധീനിക്കാനും അവയെ വികാരവിക്ഷോഭങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കൂടി വഴി നടത്തിക്കാനും സാഹിത്യം പോലെ മറ്റൊരു മാധ്യമത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല . ലോക സാഹിത്യത്തിലെ മിക്ക വിപ്ലവകവിതകളും, കറുത്തകവിതകളും ജനസമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കും . പ്രശസ്തരായ മതനേതാക്കള്‍ വരെ കവികള്‍ക്ക് മുന്പില്‍ ഭയക്കുകയും അവരെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുള്ളത് നമുക്കറിവുള്ള കാര്യമാണല്ലോ. കലുഷിതമായ ഒരു ജീവിത സാമൂഹിക ഘടനയില്‍ വസിക്കുന്നവരില്‍ നിന്നുമാണ് എന്നും പ്രതിരോധത്തിന്റെ വലിയ കോട്ടകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പിറന്നിട്ടുള്ളത് . ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായതും യുവമനസുകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കാണ്. മതത്തിന്റെ ഏറ്റവും വലിയ ശത്രുത ഏറ്റുവാങ്ങേണ്ടി വന്ന പ്രസ്ഥാനവും ഈ ഒരു ആശയം തന്നെയാണ് . മതം മാത്രമല്ല മുതലാളിത്തവും സാമൂഹിക ഘടനയില്‍ വരുന്ന മാറ്റത്തില്‍ വളരെയേറെ അസന്തുഷ്ടരായ എല്ലാ വിഭാഗങ്ങൾക്കും ഒരു കാലത്ത് ഏറ്റവുമധികം അസഹിഷ്ണുതയും ബുദ്ധിമുട്ടും വരുത്തി വച്ചത് മറ്റൊരു ആശയമല്ല. പില്‍ക്കാലത്ത് പിറന്നിടങ്ങളില്‍ തന്നെ തകര്‍ന്നടിഞ്ഞ ഒരു ദയനീയതയും ഇതേ ആശയത്തിന് സ്വന്തം എന്നുകൂടി പറയേണ്ടി വരുന്നുണ്ട്. സമൂഹത്തിനൊരിക്കലും ഒരു സമഭാവനയുള്ള മനസ്സോ  ചിന്തയോ ഉണ്ടായിരുന്നില്ല . മതവും സമൂഹ ചിന്തയും ഒരുപോലെ മനുഷ്യരെ പല തട്ടുകള്‍ ആയി സൂക്ഷിക്കാന്‍ എന്നും പരിശ്രമിക്കുന്നുണ്ട് . അതിനാലാണ് ഇത്തരം ആശയങ്ങളെ തകര്‍ക്കാന്‍ മതവും സാമ്രാജ്യത്വവും അക്ഷീണം പരിശ്രമിക്കുന്നതും . കാലം കഴിയവെ ആശയങ്ങളില്‍ ഉണ്ടായ അപചയങ്ങളും പുരോഗമന ചിന്തകളിലുണ്ടായ പാകപ്പിഴകളും ഒക്കെ ഈ ആശയത്തിന് മൂല്യച്യുതി സംഭവിക്കാന്‍ കാരണങ്ങള്‍ ആയിട്ടുണ്ട് . കമ്യൂണിസത്തിന്റെ പരാജയവും അപചയവും  വിശദീകരിക്കാനും ചർച്ച ചെയ്യാനും തുടങ്ങിയാല്‍ അതിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യം  എടുക്കും എന്നത് തികച്ചും ചിന്തനീയമായ കാര്യമാണ്.നവ പ്രതികരണ മാധ്യമങ്ങളായ സോ ഷ്യൽ മീഡിയകളിലിരുന്ന് ലെനിനെയും മാര്‍ക്സിനെയും ഏംഗല്‍സിനെയും ഒക്കെ കമ്യൂണിസം എന്തെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ആധുനിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു  ഇത് പറയേണ്ടി വരുന്നത്.   എതിര്‍വാദങ്ങളെയും വിമര്‍ശനങ്ങളെയും മതത്തെ പ്പോലെ ഭയക്കുകയും ഉമൂലനസിദ്ധാന്തത്തില്‍ നിലയുറപ്പിച്ചു തങ്ങളുടെ പോരായ്മകളെ മൂടി വയ്ക്കാന്‍ അവർ ശ്രമിക്കുകയും ചെയ്യുന്നു . ഇന്ത്യയില്‍ പോലും ഇന്ന് ശരിയായ ഒരു നിലപാട് തറയില്‍ ഉറച്ചു നില്ക്കാന്‍ കഴിയാത്ത വണ്ണം അവര്‍ താഴേക്കു പോകുന്നു . ഒരുകാലത്ത് സമൂഹത്തിന്റെ താഴെക്കിടയില്‍ വരെ വേരുകള്‍ ഉണ്ടായിരുന്ന ആശയ സമുന്നതയ്ക്ക് ഇന്ന് ആ വേരുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു . സോഷ്യല്‍മീഡിയകളില്‍ തനിക്ക് ചുറ്റും കാണുന്ന അയ്യായിരത്തില്‍ താഴെ വരുന്ന കുറച്ചു പ്രതികരണങ്ങളില്‍ ഒരു ലോകത്തെ കാണുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ആശയം താഴുന്നു . വഴികാട്ടികള്‍ ആകേണ്ട സൈദ്ധാന്തിക വിഭാഗങ്ങള്‍ മൗനത്തിൻ്റെ ആമത്തോടില്‍ വിശ്രമിക്കുകയാണ് .
 
പ്രിയ ഉണ്ണിക്കൃഷ്ണന്‍ എന്ന മലയാളിയായ എഴുത്തുകാരി അമേരിക്കന്‍ മണ്ണില്‍ ഇരുന്നുകൊണ്ടു കാണുന്ന  തന്റെ മണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ആശയപരമായ തന്റെ കാഴ്ചപ്പാടിന്റെ  ചൂടും ചൂരുമുണ്ട് . താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കാലത്തെ അതിജീവിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ട് . മനുഷ്യരെ ഒന്നായി കാണുന്ന ഒരു ലോകത്തിന്റെ സ്വപ്നം ഒരു മനുഷ്യ സ്നേഹിയായ കവിയുടെ ഹൃദയം അതാണ് പ്രിയയെന്ന എഴുത്തുകാരിയുടെ കവിതകളുടെ ആത്മാവും എന്നു കാണാം .

“അനീതിയുടെ അരാജകത്വത്തിലേക്ക്
എനിക്കും മുമ്പേ കല്ലെറിഞ്ഞവനെ,
അസ്തമയത്തിലെ കലാപത്തിലേക്ക്
നമുക്കൊരുമിച്ച് നടക്കാം ......” എന്നു കവി പറയുന്നതു അതിനാലാണ് . വിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി എന്നു തന്നെ വിശ്വസിക്കാനാണിവിടെ കവിക്കിഷ്ടം . തന്റെ ജീവിതം അതിനെ,ആ കലാപത്തിന്റെ അവസാനത്തിലെങ്കിലും തനിക്ക് നല്കാന്‍ കഴിയും എന്ന വിശ്വാസം അതിനെയാണ് പ്രതീക്ഷ എന്നു വിളിക്കേണ്ടത് . തന്റെ സമരം ഒരിയ്ക്കലും കെട്ടുകാഴ്ചകള്‍ അല്ല എന്നു ഉറക്കെ പറയാന്‍ ശ്രമിക്കുന്ന കവി
“നിഴലുകളുടെ സമരപ്രഖ്യാപനം
ആത്മാവുകളുടെ ഒളിച്ചോട്ടമാണ് “ എന്നു സധൈര്യം പറയുന്നതു അതുകൊണ്ടുതന്നെയാണ് . പ്രണയവും ജീവിതവും ഒരു തുലാസിലെ രണ്ടു ഭാരങ്ങള്‍ ആകുമ്പോള്‍ അതില്‍ ഏത് തിരഞ്ഞെടുക്കും എന്നു ആശങ്കപ്പെടുന്ന ലോകമാണ് മുന്നില്‍. കവിയുടെ പ്രണയകാഴ്ചപ്പാട് ഇത്തരുണത്തില്‍ പ്രസക്തമാണ് .
“പ്രണയം, വിപ്ലവം
ഉറങ്ങാനൊരു പായമതിയതിന്
ഉണരാനോരുദയവും”  എന്നു നിസ്സംശയം കവി അടയാളപ്പെടുത്തുന്നു . ഈ ലോകം നമുക്ക് മുന്നേ കുതിക്കുകയാണ് . ഇവിടെ ജീവിതങ്ങള്‍ നിസ്സഹായരാകുന്നു . സമൂഹം ഒരേ സമയം  വേട്ടക്കാരനും ഇരയുമാകുന്നു . വിപ്ലവത്തിന്റെ ചുവന്ന തരികള്‍ തെരുവുകളില്‍ പടര്‍ന്ന് കയറുന്നു . ഒന്നിനുമാകാതെ നില്‍ക്കേണ്ടി വരുന്നത് മരണമാണെന്ന തിരിച്ചറിവ് ഓരോ മനുഷ്യസ്നേഹിയിലും ഉണരുന്ന കാലമാണ് ഇത് . കവി ആശങ്കയോടെ ചോദിക്കുകയാണ്
“ചങ്ങാതിമാരെ
വിപ്ലവച്ചൂടുള്ള പുതപ്പുകളുടെ
തെരുവുകളിലേക്കുള്ള വഴിയേതാണ് ?
ഉറക്കം നടിക്കാതിരിക്കാനാണ്
ഉറങ്ങാതിരിക്കാനാണ് ...”
ചിലപ്പോഴൊക്കെ തന്റെ മൗനത്തെ സമൂഹം തെറ്റിദ്ധരിക്കുന്നു എന്നത് കവിയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട് . വയലാര്‍ പറയുകയുണ്ടായി അത്തരമൊരു അവസ്ഥയില്‍ “ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല മൗനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ” എന്നു വയലാർ പറഞ്ഞതുപോലെ  ഇവിടെ കവിയും തന്റെ മനസ്സിനെ ഇങ്ങനെ തുറന്നു കാട്ടുന്നുണ്ട് .
“ആരെയും പേടിച്ചല്ല
സ്വയം ഭയപ്പെടാതിരിക്കാനാണ്
അത് തന്നെയാകാം
ചില മനനങ്ങള്‍ നിശബ്ദമാകുന്നതും”
 
“ചുവപ്പില്‍ നേതാവുണ്ടാകരുതെന്നും വിയോജിപ്പുകളുടെ പ്രത്യക്ഷമായ സമാന്തര രേഖയ്ക്കുള്ളില്‍ ഒരു നക്ഷത്രവും ഉദിക്കാതിരിക്കരുത്” എന്നും കവി ലോകത്തോട് ആവശ്യപ്പെടുകയാണ് . ആധുനികതയുടെ കാലത്ത് ആശയനിരാശ ബാധിച്ച സമൂഹത്തോട് ഒരു കവിയുടെ സാമൂഹ്യ ധര്‍മ്മമാണ് അത്തരം ആഹ്വാനങ്ങള്‍ എന്നു വിശ്വസിക്കാനാണ് തോന്നുക . സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത ഒരു മനുഷ്യരും ഈ സമൂഹത്തില്‍ ഉണ്ടാകാതിരിക്കട്ടെ അത്തരം അപചയങ്ങള്‍ ജീവിതങ്ങളെ പിന്നേയും പിന്നേയും അധഃപതനത്തിന്റെ ആഴങ്ങളിലേക്ക് താഴ്ത്തിക്കളയുകയേയുള്ളൂ .
 
തികച്ചും മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും പ്രതിബദ്ധതയും കാഴ്ചവയ്ക്കുന്ന നാല്‍പ്പത്തിമൂന്നു  കവിതകളുമായി പ്രിയ ഉണ്ണിക്കൃഷ്ണന്‍ വരുമ്പോള്‍ ഇത് പ്രിയയുടെ ആറാമത്തെ പുസ്തകം ആണെന്ന് കാണാം ,. സാഹിത്യത്തില്‍ തുറന്ന നിലപാടുകളുമായി എഴുത്തുകളുമായി നിലനില്‍ക്കുന്ന എഴുത്തുകാര്‍ പ്രത്യേകിച്ചു സ്ത്രീ എഴുത്തുകാര്‍ കുറവായിരിക്കുന്ന കാലത്ത് പ്രിയയെപ്പോലുള്ള കവികള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നവരും ആദരിക്കപ്പെടേണ്ടവരും ആണെന്ന് കരുതുന്നു . കൂടുതല്‍ ശക്തമായ കവിതകളും കഥകളും ലേഖനങ്ങളും ആയി മലയാള സാഹിത്യത്തില്‍ ഉയരങ്ങളിലേക്ക് ചുവടു വയ്ക്കാൻ പ്രിയയ്ക്ക് കഴിയട്ടെ എന്ന ആശംസകളോടെ ബിജു.ജി.നാഥ്.

Thursday, May 6, 2021

ബാലകഥാശാഖി.................... സമ്പാദക: സുഗതകുമാരി

 

ബാലകഥാശാഖി (ബാലസാഹിത്യം)

സമ്പാദക: സുഗതകുമാരി

നാഷണല്‍ ബുക്ക് ട്രസ്റ്റ് (1979)

വില : 4.50 രൂപ

 

ബാലസാഹിത്യശാഖ വളരെ ദുര്‍ബ്ബലമായ ഒരു വിഭാഗമാണ് മലയാള സാഹിത്യത്തില്‍ . കുറച്ചു കാലം മുമ്പു വരെ റഷ്യന്‍ നാടോടിക്കഥകളും, മറ്റ് വിദേശ നാടോടിക്കഥകളും മൊഴിമാറ്റം നടത്തി വായനയ്ക്ക് ലഭിച്ചിരുന്നു എന്നതൊഴിച്ചാല്‍ എന്താണ് മലയാള എഴുത്തുകാരില്‍ നിന്നു നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഉള്ളത് ? ശാസ്ത്ര സാഹിത്യ പരിഷത്തും യൂറേക്ക പുസ്തകങ്ങളും കുറച്ചൊക്കെ കുട്ടികൾക്ക് ശാസ്ത്രീയമായി അറിവ് നല്‍കുന്ന വിഭവങ്ങളെ നല്കുന്നുണ്ട് . പക്ഷേ എണ്ണം പറഞ്ഞ എഴുത്തുകാര്‍ ഒന്നും തന്നെ കുട്ടികള്‍ക്കായി ഒന്നും നല്‍കുന്നില്ല . നല്‍കുന്നവ എല്ലാം കാലഹരണപ്പെട്ട  പഴയ ഓലക്കെട്ടിലെ സാരോപദേശങ്ങളും സദാചാര ജല്‍പനങ്ങളും മാത്രമാണു . അതിനപ്പുറം മാനുഷികത, മാനവികത, സാഹോദര്യം, കുടുംബ ജീവിതം, സമഭാവന തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നില്ല . ഇത്തരം കഥകള്‍ വായിച്ചു കുട്ടികളെ മുതിർന്നവർ ജീവിച്ചു പരിചയിച്ച അതേ ചാണകക്കുഴിയിലേക്ക് പറഞ്ഞു വിടുക എന്നതാണു ബാലസാഹിത്യകാരന്മാര്‍ ചെയ്തു വരുന്നത്. മതം പഠിപ്പിക്കുക, മത നേതാക്കളുടെയും പുരോഹിതരുടെയും ദൈവങ്ങളുടെയും കഥകളില്‍ക്കൂടി സംസ്കാരം (?) പഠിപ്പിക്കുക എന്നീ കസര്‍ത്തുകള്‍ അല്ലാതെ കുട്ടികള്‍ക്ക് മാനസികവും സാമൂഹികവും ആയ  വികാസം നല്‍കുന്ന വിഷയമോ പ്രമേയമോ അവതരിപ്പിക്കാന്‍ അശക്തരാണ് ഇവര്‍ .

 

പി എ വാരിയര്‍ , സുമംഗല , ഉറൂബ് , വി. മോഹന്‍കുമാര്‍ , പി നരേന്ദ്രനാഥ് , പാലാ കെ എം മാത്യൂ , എന്നിവരുടെ ഓരോ കഥകള്‍ അടങ്ങിയ ഒരു കൊച്ചു പുസ്തകമാണ് ബാലകഥാശാഖി. ഈ കഥകള്‍ ഒരുമിച്ച് കൂട്ടിയ സുഗതകുമാരി , ഈ കഥകള്‍ കുട്ടികള്‍ വായിക്കണം എന്നും അവരില്‍ നല്ല സ്വഭാവം വളരണം എന്നും തന്നെ കരുതിയിട്ടുണ്ടാകണം . അതാകുമല്ലോ ലക്ഷ്യവും. ഇത്തരം ബാലസാഹിത്യങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും കുറ്റമറ്റതും കാലാതിജീവനം പ്രാപിക്കേണ്ടതുമായിരിക്കണം എന്നത് ഒരു പൊതുബോധമാണ് . പക്ഷേ ഉറൂബിന്റെയും പി നരേന്ദ്രനാഥിന്റേയും കഥകള്‍ ഒഴികെ മറ്റെല്ലാ കഥകളും സവര്‍ണ്ണ സംസ്കാരത്തിന്റെ പൊലിപ്പിച്ചു കാട്ടുന്ന എന്തോ വലിയ ഒരു ലോകത്തിന്റെ കഥ പറഞ്ഞു കൊടുക്കുന്നവയായാണ് അനുഭവപ്പെടുന്നത് . ഇതൊക്കെ പഠിച്ചു വളര്‍ന്ന ഒരു  തലമുറയാണ് ഇന്നുള്ളത് . അവരുടെ കുട്ടികള്‍ക്ക് ഇതിനപ്പുറം എന്താണ് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഉള്ളത് എന്നതാണു പ്രധാനം . ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ് .ഒപ്പം അറിവും  കാഴ്ചപ്പാടുകളും . അതിനെ ഉള്‍ക്കൊള്ളാന്‍ പുതിയ എഴുത്തുകാര്‍ എങ്കിലും മുന്നോട്ട് വരട്ടെ എന്നും കുട്ടികള്‍ക്ക് നല്ല കഥകള്‍ വായിക്കാനും ആസ്വദിക്കാനും കഴിയട്ടെ എന്നു ആശിച്ചു പോകുന്നു . വിവരസാങ്കേതികതയുടെ വികാസവും പുതിയ കാലഘട്ടത്തിലെ കോവിഡീയന്‍ അവസ്ഥയും കുട്ടികളെ വായനയില്‍ നിന്നും കൂടുതല്‍ അകറ്റുകയും മൊബൈല്‍ , കമ്പ്യൂട്ടര്‍ പോലുള്ള സംവിധാനങ്ങളും നെറ്റും അവരെ കീഴടക്കുകയും ചെയ്യുകയാണ് . അവരെ വായനയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ കഴിവുള്ള എഴുത്തുകാര്‍ മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . പരസ്പരം സുഖിപ്പിക്കുന്ന പ്രണയവും ജീവിതവും എഴുതി വലിയവരെ ഉന്മാദം കൊള്ളിക്കുന്ന എഴുത്തുകാരോട് അതിനാല്‍ത്തന്നെ പറഞ്ഞു പോകുകയാണ് കുട്ടികളെക്കൂടി നിങ്ങൾ ഒന്നു പരിഗണിക്കണം. വായനയെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അത്  അത്യാവശ്യമാണ് .ആശംസകളോടെ ബിജു.ജി.നാഥ്


Tuesday, May 4, 2021

അത് വേനലായിരുന്നു.

അത് വേനലായിരുന്നു.
......................................
അത് വേനലായിരുന്നു.
ചുവന്നു തുടുത്ത ഗുൽമോഹറുകൾക്ക് കീഴെ
ഒരു തീക്കനൽ പോലെ!
അത് നീയായിരുന്നു.
ഉതിർന്നു വീഴുന്ന ദളങ്ങൾക്കിടയിൽ
ഒരു തീക്കുടന്ന പോലെ നീ...
വേനലിൻ്റെ നൂലുകൾ കൊണ്ടു ഞാനൊരുടയാട നെയ്തു തുടങ്ങി.
എത്രയെത്ര അടയാളങ്ങളാണ് നിന്നിൽ.
നിറം വച്ച, 
തുടുത്തുരുണ്ട മുലകൾക്കിടയിൽ,
ചെറിയ മുന്തിരിച്ചോപ്പിൻ്റെ താഴെ ;
വേണ്ട.... 
എൻ്റെ തലച്ചോറിന് തീപിടിക്കുന്നു.
ചുവപ്പിൻ്റെ കശേരുക്കൾക്കിടയിലേക്ക് വിയർപ്പുരുകുന്നു.
നിൻ്റെ കവിതകളിലെ നേർത്ത നിറങ്ങൾ ചേർത്ത്
ഞാൻ ഉടയാട പൂർത്തിയാക്കുന്നു.
എനിക്ക് നിന്നെ മറയ്ക്കേണ്ടതുണ്ടായിരുന്നു.
എല്ലാ ചുവപ്പും ചോരയല്ല
എല്ലാ തിളക്കങ്ങളും നക്ഷത്രവും .
കാന്തം അതിൻ്റെ സ്വതസിദ്ധമായ വഴിയിലെന്ന പോലെ
നിൻ്റെ മിഴികൾ എന്നെ പിടിച്ചുകെട്ടുന്നു.
യാത്ര മറന്ന കണ്ണുകൾക്ക് മുന്നിലിപ്പോൾ
നിറങ്ങൾ മാത്രമാണ്.
അവയിലൂടെ ഒളിഞ്ഞു നോക്കുന്നതൊക്കെയും മറുകുകൾ ആണ്.
നിന്നെ ഓർക്കുവാൻ മറ്റെന്താണുള്ളത്. !
@ബിജു.ജി.നാഥ്