Wednesday, May 12, 2021

നമ്മളെന്തിങ്ങനെ ...

വിടരുമീ മന്ദഹാസം പകലിന്റെ
നിറുകയില്‍ തണലായി വീഴവെ
പറയുക നീ സഖീ മമജീവനില്‍
പടരുമോ രാഗാര്‍ദ്ര ലോലയായ് .

മൃദുഭാഷ മൊഴിയുന്ന മധുരാംഗി
നിന്‍ മണിമാറില്‍ ചായുമീയെന്‍
അധരങ്ങള്‍ തേടും മധുപാത്രമരു-
മയായി ചൊടികളിലേകുകില്ലേ .

കനിവിന്റെ ചെപ്പിലെ കനിമഴ
കരളില്‍ പകര്‍ന്നു തരികയില്ലേ
ഇരുളില്‍ മഴപ്പക്ഷിതന്‍ ഗീതകം 
അത് നമ്മള്‍ മൂളിയ ഗാനമല്ലോ.

പടരും വനനദീതീരത്തിലീയ-
രുമഹരിണം മമജീവതിലകമായ്
ഇടറാന്‍ കൊതിച്ചൊരു മനവും മധു 
പകരാന്‍ കൊതിക്കുമീയധരവും .

പുലരികള്‍ സന്ധ്യകള്‍ മിഴിപൂട്ടി
അലയും രജനികളുമെന്നാല്‍
മമസഖി നമ്മിലൊരാളുമിനിയ-
കലുവതെങ്ങനെ മൃതിയില്ലാതെ.
@ബിജു.ജി.നാഥ്

No comments:

Post a Comment