Saturday, May 22, 2021

കാമസൂത്രം ...................... പരിഭാഷ : എൻ. മൂസക്കുട്ടി

 കാമസൂത്രം 

പരിഭാഷ : എൻ. മൂസക്കുട്ടി


പ്രണയത്തിനു ഒരു ഭാഷ്യം എന്ന രീതിയിൽ ആണ് കാമസൂത്രം സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹം എന്നത് ഒറ്റപ്പെട്ട ഒരു സംഭവമല്ല അതൊരു വലിയ കൂട്ടമാണ് . അവരുടെ ജീവിതം എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന പൊതു വിഷയങ്ങൾ രാജ്യവും രാഷ്ട്രീയവും പിന്നെ കുടുംബവും ആണല്ലോ . കുടുംബം എന്നതിനെ നിർവചിക്കുന്നത് ദാമ്പത്യത്തിന്റെ ചട്ടക്കൂട് എന്ന നിലയ്ക്കാണ് . ദാമ്പത്യം എന്നത് ശാരീരിക ബന്ധവുമായി കെട്ടപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെയാണ് ഭാരതീയ സമൂഹം ഈ മൂന്നു കാര്യങ്ങളിലും വലിയ ശ്രദ്ധ ചെലുത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നതും . പൗരാണികമായ ഗ്രന്ഥങ്ങൾ ഒക്കെയും ഈ വിഷയങ്ങളാൽ സമ്പന്നമാണ് . രതി എന്നത് പൗരാണിക സമൂഹത്തിൽ വളരെ വലിയ ഒരു വിശിഷ്ട വസ്തുവായി ഗണിച്ചു പോയിരുന്നു . അതിനാലാണ് വാത്സ്യായനിൽ വന്നു അവസാനിക്കുന്ന കാമസൂത്രമെന്ന പ്രശസ്ത പുസ്തകത്തിന്റെ വിഷയം വരുന്നത് . അന്നുവരെ നിലനിന്ന ലൈംഗിക ചിന്താഗതികളെയും അതിനെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെയും സമാഹരിച്ചു അവയിൽ നിന്നൊരു സംക്ഷിപ്ത രൂപം നൽകുക മാത്രമാണ് വാത്സ്യായനൻ ചെയ്തത് എന്ന് പുസ്തകത്തിൽ തന്നെ അദ്ദേഹം പറയുന്നുമുണ്ട് . ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തി എന്ന വ്യക്തമല്ലാത്ത വിവരണത്താൽ അറിയപ്പെടുന്ന  അദ്ദേഹത്തിന്റെ ഈ രചന അതുവരെ നിലനിന്ന സമ്പ്രദായങ്ങളും സാമൂഹ്യ ഘടനയും മറ്റും വ്യക്തമാക്കുന്നുണ്ട് . കാമസൂത്രം എന്ന കൃതിക്ക് ഒരുപാട് പുതിയ ഭാഷ്യങ്ങൾ പിൽക്കാലത്തും ഉണ്ടായിട്ടുണ്ട് . മതഗ്രന്ഥങ്ങളെക്കാൾ ഒരു പക്ഷെ കൂടുതൽ വായനക്കാർ ലഭിച്ച ഒരു പുസ്തകം ആണ് കാമസൂത്രം. ഇതിനോട് അനുബന്ധമായി അറേബിയൻ സംസ്കാരത്തിൽ ഉണ്ടായിരുന്ന ഒരു പുസ്തകമാണ് ഫോർബിഡൻ ലവ് എന്ന് കേട്ടിട്ടുണ്ട് . അതിനെക്കുറിച്ചു കേൾക്കുകയും ചില ഭാഗങ്ങൾ വായിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. പിന്നീട് അഞ്ചാം നൂറ്റാണ്ടിലോ മറ്റോ ഇന്ത്യയിൽ കാമസൂത്രത്തിനു കൂടെ ചേർക്കാൻ പോകുന്ന തരത്തിൽ അന്നത്തെ കാലത്തു വർധിച്ചു വരുന്ന വിവാഹ മോചനങ്ങൾ പരിഹരിക്കാൻ വിജയമല്യ എന്ന പേരിലൊരാൾ രചിച്ച അനംഗരംഗ  മുമ്പ് വായിച്ചു എഴുതിയിരുന്നതാണ് . 


കാമസൂത്രം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് എന്നൊരു ധാരണ ഉണ്ടായിരുന്ന കൗമാരകാലത്ത് അതിനു കഴിയാതെ പോയവർ ആകണം ഇന്നത്തെ മിക്കയാൾക്കാരും . ഒളിച്ചും പാത്തും വായിക്കേണ്ട ഒരു സംഗതിയായി രതി വിജ്ഞാനം കരുതിപ്പോരുന്ന ഒരു സദാചാര ലോകത്തിൽ അതങ്ങനെ മാത്രമേ വരികയുള്ളൂ . എന്നാൽ ഇന്നാ പുസ്തകം സ്വതന്ത്രമായി വായിക്കാൻ നെറ്റിൽ ഇംഗ്ളീഷും മലയാളവും ഒക്കെ ലഭ്യമാണ് എന്നതിനാൽ ഈ രഹസ്യാത്മകത കുറെയേറെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു . അടുത്തിടയ്ക്കാണ് കൗതുകകരമായ മറ്റൊരു വായന ലഭിച്ചത്  അത് ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം ആയിരുന്നു . ഒരു തരത്തിൽ പറഞ്ഞാൽ ഒരു പ്രതികാരമെന്ന പോലെയാണ് ആ പുസ്തകം ഇറങ്ങുന്നത് .. പുരുഷന്റെ മാത്രമല്ല ഈ ലോകം എന്നൊരു ചിന്തയിൽ നിന്നാണ് ആ പുസ്തകം ഇറങ്ങുന്നതും . എന്തുകൊണ്ടാണ് കാമസൂത്രം ഇത്രയേറെ ജനപ്രീതി നേടിയത് എന്നും എന്തിനാണ് ഇന്ദിരയ്ക്ക് ഒരു സ്ത്രീ വീക്ഷണ കാമസൂത്രം ആവശ്യമായി വന്നതെന്നും വിലയിരുത്താൻ ഏറ്റവും നല്ലത് ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നത് തന്നെയാണ് . കാമസൂത്രം എന്നാൽ രഹസ്യമാക്കപ്പെടേണ്ട ഒന്നല്ല . അപ്പോൾ ചിന്തിക്കാം കുട്ടികളും മറ്റും ഇത് വായിക്കുക എന്നാൽ അത് തെറ്റല്ലേ എന്നാകും . കുട്ടികൾ എന്നല്ല മുതിർന്നവരും ഇത് വായിക്കുന്നത് തെറ്റാണു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് . എന്താണ് കാരണം എന്നത് വ്യക്തമാക്കാം.


കാമസൂത്രം എന്താണ് പറയുന്നത് എന്ന് നോക്കൂ ഉത്തരം അവിടെയുണ്ട് . കാമസൂത്രം എന്നാൽ വിവിധ രീതിയിൽ ലൈംഗികത എങ്ങനെ ചെയ്യാം എന്നൊരു വിവരണക്കുറിപ്പ് മാത്രമല്ല എന്നാദ്യം മനസ്സിലാക്കണം . ഒരു സമൂഹത്തിലെ സംസ്കാരം എങ്ങനെയാണ് എന്നു വിവരിക്കുന്ന ഒരു ചരിത്ര രേഖ ആണത് . പുരുഷ കേന്ദ്രീകൃതമായ ഒരു കാലഘട്ടത്തെയും ചാതുർവർണ്യത്തെയും വ്യക്തമായി അടയാളപ്പെടുത്തുകയും അത് തുടരുകയും ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഒരു പുസ്തകത്തെ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകത്തിൽ പെടുത്തുക എന്നത് തെറ്റായി കരുതുന്നു . ലൈംഗികാവയവത്തിന്റെ വലിപ്പ ചെറുപ്പമനുസരിച്ചു എത്ര തരം സ്ത്രീ പുരുഷന്മാർ ഉണ്ട് , അവർ ആർക്കൊക്കെ ആരോട് ഒപ്പം ഉള്ള ലൈംഗിക ബന്ധമാണ് നല്ലത് , എന്നിവ പറഞ്ഞു തുടങ്ങുന്ന ഈ പുസ്തകം തുടർന്ന് ഒരു പുരുഷൻ എങ്ങനെ ഒരു സ്ത്രീയെ സമീപിക്കണം, എങ്ങനെ അവളെ ലൈംഗിക ബന്ധത്തതിന് തയ്യാറാക്കണം , വളച്ചെടുക്കണം , അവൾ എന്തൊക്കെ ആണ് അവനായി ചെയ്തു കൊടുക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ ഈ പുസ്തകം വിവരിക്കുന്നു .  ഏതൊക്കെ സ്ത്രീകളുമായി ബന്ധപ്പെടാം സ്ത്രീകൾക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്താണ് തുടങ്ങി എങ്ങനെയൊക്കെ ഉമ്മ വയ്ക്കണം , ആലിംഗനം ചെയ്യണം , ശാരീരിക ബന്ധം ചെയ്യണം എന്നിവയും സ്ത്രീകളെ വശീകരിക്കാനും ആകർഷിക്കാനും ഉള്ള  നാടൻ മരുന്ന് പ്രയോഗങ്ങളും ലൈംഗിക അവയവങ്ങളെ എങ്ങനെ പുഷ്ടിപ്പെടുത്താൻ എന്തൊക്കെ മരുന്നുകൾ ഉപയോഗിക്കണം എന്നൊക്കെയുള്ള പ്രാചീന ആയുർവേദ  കൂട്ടുകൾ വിവരിക്കുകയും ചെയ്യുന്ന ഈ പുസ്തകം പുരുഷനായി പുരുഷൻ നിർമ്മിച്ച നിയമപുസ്തകവും അത് പാലിക്കേണ്ട കേവല അടിമയായ സ്ത്രീയെയും പരിചയപ്പെടുത്തുന്നു . നമുക്കിന്നറിയാം ലൈംഗികത എന്നാൽ എന്തെന്നും എങ്ങനെയെന്നും വളരെ ശാസ്ത്രീയവും മാനസികവുമായി അവയെ വ്യക്തമാക്കുന്ന അനവധി പുസ്തകങ്ങൾ ലഭ്യമാണ് . ലിംഗത്തിൽ മുറിവുകൾ ഉണ്ടാക്കി അതിൽ സ്വർണ്ണവും അസ്ഥിക്കഷണങ്ങളും അതുപോലുള്ള മറ്റു ചില വസ്തുക്കളും  ഉറപ്പിച്ചു സ്ത്രീയെ ദീർഘവും ഓർഗാസവും വരുത്തിക്കാൻ പഠിപ്പിക്കുന്ന ഇത്തരം  അറിവുകളും വിവരണങ്ങളും ഇന്നാർക്കും ശരിയാണെന്നു തോന്നും എന്ന് കരുതുന്നില്ല . പൊതു സമൂഹത്തിൽ പ്രധാനമായും ഈ പുസ്തകം പ്രസിദ്ധമാകുന്നത് വിവിധ നിലകളിലുള്ള ലൈംഗിക ബന്ധ സാധ്യതകൾ അറിയാനും പരീക്ഷിക്കാനും മാത്രമാണ് എന്ന് കരുതുന്നു . മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യ ജീവിയുടെ പ്രത്യേകത അവനെപ്പോഴും തലച്ചോറിൽ ലൈംഗികതയുടെ വിഷയം കടന്നു വരുന്നു എന്നുള്ളതാണ് . സ്ത്രീകളെ അപേക്ഷിച്ചു പുരുഷജീവികൾക്കാണ് സിംഹഭാഗവും ഈ ഒരു ജനിതക വൈകല്യവും ഉള്ളതായി മനസ്സിലാക്കാൻ കഴിയുന്നത് .  ആരോഗ്യവും അഭ്യാസവും ഉള്ളവർക്ക് ചെയ്യാൻ കഴിയുന്നത് ഉൾപ്പടെ കാമകലകളുടെ ഒരുപാട് സാധ്യതകൾ മനസിലാക്കാൻ വേണ്ടി മാത്രം ഈ പുസ്തകം തിരയുന്നവരുടെ ആധിക്യം അതിനാലാണല്ലോ . കൗമാരത്തിലല്ല ഈ പുസ്തകം വായിക്കേണ്ടത് എന്നും വസ്തുതകളെ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്ന മധ്യമ കാലഘട്ടമാണ് ഇതിനെ വായിക്കാൻ ഉപയോഗിക്കേണ്ടത് എന്നും കരുതുന്നു . അപ്പോൾ മാത്രമേ അതിൽ വെറും ലൈംഗികത കാണാതെ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ വ്യവഹാരങ്ങളെ മനസ്സിലാക്കാൻ കഴിയൂ . 


ലൈംഗികത പാപമല്ല . എന്നാൽ മുഴുവൻ സമയ ലൈംഗികത മാനസികരോഗമാണ് . ആരോഗ്യകരമായ ലൈംഗികത എന്നാൽ  രണ്ടു ശരീരങ്ങളുടെ തന്മയത്വത്തോടെ ഉള്ള കൂടിച്ചേരൽ ആണ് . വെറും സ്ഖലനം മാത്രമാണ് ലൈംഗികത എന്ന ബോധം  ഇല്ലാതാകട്ടെ എന്നാശംസിച്ചുകൊണ്ടു ബിജു.ജി.നാഥ് 


No comments:

Post a Comment