അത് വേനലായിരുന്നു.
......................................
അത് വേനലായിരുന്നു.
ചുവന്നു തുടുത്ത ഗുൽമോഹറുകൾക്ക് കീഴെ
ഒരു തീക്കനൽ പോലെ!
അത് നീയായിരുന്നു.
ഉതിർന്നു വീഴുന്ന ദളങ്ങൾക്കിടയിൽ
ഒരു തീക്കുടന്ന പോലെ നീ...
വേനലിൻ്റെ നൂലുകൾ കൊണ്ടു ഞാനൊരുടയാട നെയ്തു തുടങ്ങി.
എത്രയെത്ര അടയാളങ്ങളാണ് നിന്നിൽ.
നിറം വച്ച,
തുടുത്തുരുണ്ട മുലകൾക്കിടയിൽ,
ചെറിയ മുന്തിരിച്ചോപ്പിൻ്റെ താഴെ ;
വേണ്ട....
എൻ്റെ തലച്ചോറിന് തീപിടിക്കുന്നു.
ചുവപ്പിൻ്റെ കശേരുക്കൾക്കിടയിലേക്ക് വിയർപ്പുരുകുന്നു.
നിൻ്റെ കവിതകളിലെ നേർത്ത നിറങ്ങൾ ചേർത്ത്
ഞാൻ ഉടയാട പൂർത്തിയാക്കുന്നു.
എനിക്ക് നിന്നെ മറയ്ക്കേണ്ടതുണ്ടായിരുന്നു.
എല്ലാ ചുവപ്പും ചോരയല്ല
എല്ലാ തിളക്കങ്ങളും നക്ഷത്രവും .
കാന്തം അതിൻ്റെ സ്വതസിദ്ധമായ വഴിയിലെന്ന പോലെ
നിൻ്റെ മിഴികൾ എന്നെ പിടിച്ചുകെട്ടുന്നു.
യാത്ര മറന്ന കണ്ണുകൾക്ക് മുന്നിലിപ്പോൾ
നിറങ്ങൾ മാത്രമാണ്.
അവയിലൂടെ ഒളിഞ്ഞു നോക്കുന്നതൊക്കെയും മറുകുകൾ ആണ്.
നിന്നെ ഓർക്കുവാൻ മറ്റെന്താണുള്ളത്. !
@ബിജു.ജി.നാഥ്
No comments:
Post a Comment