Friday, May 7, 2021

പ്രണയം വിപ്ലവം വീക്ഷണം ....... പ്രിയ ഉണ്ണികൃഷ്ണൻ

പ്രണയം വിപ്ലവം വീക്ഷണം(കവിതകൾ)
പ്രിയ ഉണ്ണികൃഷ്ണൻ 
ഹൊറൈസൺ പബ്ലിക്കേഷൻ (2018) 
വില :100.00 രൂപ
 
 
"അജണ്ടയ്ക്കനുസരിച്ചുള്ള
മനുഷ്യസ്നേഹിക്കു പകരം 
അച്ചടക്കമില്ലാത്തൊരു 
കമ്യൂണിസ്റ്റാകാനാണെനിക്കിഷ്ടം" .... പ്രിയ ഉണ്ണികൃഷ്ണൻ-(ശബ്ദം) 
 
കവിതയും കഥയും എഴുത്തുകാരന്റ സ്വാതന്ത്ര്യ പ്രഖ്യാപനം ആണെന്ന് പറയാം . തനിക്കു പറയാനുള്ളത് ആർജ്ജവത്തോട് വിളിച്ചു പറയാൻ വരയുടെ ലോകമൊഴിച്ചു നോക്കിയാൽ ഈ രണ്ടു കലാസങ്കേതങ്ങൾ ആണ് മികച്ച പ്രതികരണവേദി എന്നു കരുതുന്നു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ  എന്നല്ല വിപ്ലവം സാഹിത്യത്തിലൂടെ എന്നതാണ് ശരി. മനുഷ്യന്റെ ചിന്താഗതികളെ സ്വാധീനിക്കാനും അവയെ വികാരവിക്ഷോഭങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കൂടി വഴി നടത്തിക്കാനും സാഹിത്യം പോലെ മറ്റൊരു മാധ്യമത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല . ലോക സാഹിത്യത്തിലെ മിക്ക വിപ്ലവകവിതകളും, കറുത്തകവിതകളും ജനസമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കും . പ്രശസ്തരായ മതനേതാക്കള്‍ വരെ കവികള്‍ക്ക് മുന്പില്‍ ഭയക്കുകയും അവരെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുള്ളത് നമുക്കറിവുള്ള കാര്യമാണല്ലോ. കലുഷിതമായ ഒരു ജീവിത സാമൂഹിക ഘടനയില്‍ വസിക്കുന്നവരില്‍ നിന്നുമാണ് എന്നും പ്രതിരോധത്തിന്റെ വലിയ കോട്ടകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പിറന്നിട്ടുള്ളത് . ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായതും യുവമനസുകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കാണ്. മതത്തിന്റെ ഏറ്റവും വലിയ ശത്രുത ഏറ്റുവാങ്ങേണ്ടി വന്ന പ്രസ്ഥാനവും ഈ ഒരു ആശയം തന്നെയാണ് . മതം മാത്രമല്ല മുതലാളിത്തവും സാമൂഹിക ഘടനയില്‍ വരുന്ന മാറ്റത്തില്‍ വളരെയേറെ അസന്തുഷ്ടരായ എല്ലാ വിഭാഗങ്ങൾക്കും ഒരു കാലത്ത് ഏറ്റവുമധികം അസഹിഷ്ണുതയും ബുദ്ധിമുട്ടും വരുത്തി വച്ചത് മറ്റൊരു ആശയമല്ല. പില്‍ക്കാലത്ത് പിറന്നിടങ്ങളില്‍ തന്നെ തകര്‍ന്നടിഞ്ഞ ഒരു ദയനീയതയും ഇതേ ആശയത്തിന് സ്വന്തം എന്നുകൂടി പറയേണ്ടി വരുന്നുണ്ട്. സമൂഹത്തിനൊരിക്കലും ഒരു സമഭാവനയുള്ള മനസ്സോ  ചിന്തയോ ഉണ്ടായിരുന്നില്ല . മതവും സമൂഹ ചിന്തയും ഒരുപോലെ മനുഷ്യരെ പല തട്ടുകള്‍ ആയി സൂക്ഷിക്കാന്‍ എന്നും പരിശ്രമിക്കുന്നുണ്ട് . അതിനാലാണ് ഇത്തരം ആശയങ്ങളെ തകര്‍ക്കാന്‍ മതവും സാമ്രാജ്യത്വവും അക്ഷീണം പരിശ്രമിക്കുന്നതും . കാലം കഴിയവെ ആശയങ്ങളില്‍ ഉണ്ടായ അപചയങ്ങളും പുരോഗമന ചിന്തകളിലുണ്ടായ പാകപ്പിഴകളും ഒക്കെ ഈ ആശയത്തിന് മൂല്യച്യുതി സംഭവിക്കാന്‍ കാരണങ്ങള്‍ ആയിട്ടുണ്ട് . കമ്യൂണിസത്തിന്റെ പരാജയവും അപചയവും  വിശദീകരിക്കാനും ചർച്ച ചെയ്യാനും തുടങ്ങിയാല്‍ അതിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യം  എടുക്കും എന്നത് തികച്ചും ചിന്തനീയമായ കാര്യമാണ്.നവ പ്രതികരണ മാധ്യമങ്ങളായ സോ ഷ്യൽ മീഡിയകളിലിരുന്ന് ലെനിനെയും മാര്‍ക്സിനെയും ഏംഗല്‍സിനെയും ഒക്കെ കമ്യൂണിസം എന്തെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ആധുനിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു  ഇത് പറയേണ്ടി വരുന്നത്.   എതിര്‍വാദങ്ങളെയും വിമര്‍ശനങ്ങളെയും മതത്തെ പ്പോലെ ഭയക്കുകയും ഉമൂലനസിദ്ധാന്തത്തില്‍ നിലയുറപ്പിച്ചു തങ്ങളുടെ പോരായ്മകളെ മൂടി വയ്ക്കാന്‍ അവർ ശ്രമിക്കുകയും ചെയ്യുന്നു . ഇന്ത്യയില്‍ പോലും ഇന്ന് ശരിയായ ഒരു നിലപാട് തറയില്‍ ഉറച്ചു നില്ക്കാന്‍ കഴിയാത്ത വണ്ണം അവര്‍ താഴേക്കു പോകുന്നു . ഒരുകാലത്ത് സമൂഹത്തിന്റെ താഴെക്കിടയില്‍ വരെ വേരുകള്‍ ഉണ്ടായിരുന്ന ആശയ സമുന്നതയ്ക്ക് ഇന്ന് ആ വേരുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു . സോഷ്യല്‍മീഡിയകളില്‍ തനിക്ക് ചുറ്റും കാണുന്ന അയ്യായിരത്തില്‍ താഴെ വരുന്ന കുറച്ചു പ്രതികരണങ്ങളില്‍ ഒരു ലോകത്തെ കാണുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ആശയം താഴുന്നു . വഴികാട്ടികള്‍ ആകേണ്ട സൈദ്ധാന്തിക വിഭാഗങ്ങള്‍ മൗനത്തിൻ്റെ ആമത്തോടില്‍ വിശ്രമിക്കുകയാണ് .
 
പ്രിയ ഉണ്ണിക്കൃഷ്ണന്‍ എന്ന മലയാളിയായ എഴുത്തുകാരി അമേരിക്കന്‍ മണ്ണില്‍ ഇരുന്നുകൊണ്ടു കാണുന്ന  തന്റെ മണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ആശയപരമായ തന്റെ കാഴ്ചപ്പാടിന്റെ  ചൂടും ചൂരുമുണ്ട് . താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കാലത്തെ അതിജീവിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ട് . മനുഷ്യരെ ഒന്നായി കാണുന്ന ഒരു ലോകത്തിന്റെ സ്വപ്നം ഒരു മനുഷ്യ സ്നേഹിയായ കവിയുടെ ഹൃദയം അതാണ് പ്രിയയെന്ന എഴുത്തുകാരിയുടെ കവിതകളുടെ ആത്മാവും എന്നു കാണാം .

“അനീതിയുടെ അരാജകത്വത്തിലേക്ക്
എനിക്കും മുമ്പേ കല്ലെറിഞ്ഞവനെ,
അസ്തമയത്തിലെ കലാപത്തിലേക്ക്
നമുക്കൊരുമിച്ച് നടക്കാം ......” എന്നു കവി പറയുന്നതു അതിനാലാണ് . വിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി എന്നു തന്നെ വിശ്വസിക്കാനാണിവിടെ കവിക്കിഷ്ടം . തന്റെ ജീവിതം അതിനെ,ആ കലാപത്തിന്റെ അവസാനത്തിലെങ്കിലും തനിക്ക് നല്കാന്‍ കഴിയും എന്ന വിശ്വാസം അതിനെയാണ് പ്രതീക്ഷ എന്നു വിളിക്കേണ്ടത് . തന്റെ സമരം ഒരിയ്ക്കലും കെട്ടുകാഴ്ചകള്‍ അല്ല എന്നു ഉറക്കെ പറയാന്‍ ശ്രമിക്കുന്ന കവി
“നിഴലുകളുടെ സമരപ്രഖ്യാപനം
ആത്മാവുകളുടെ ഒളിച്ചോട്ടമാണ് “ എന്നു സധൈര്യം പറയുന്നതു അതുകൊണ്ടുതന്നെയാണ് . പ്രണയവും ജീവിതവും ഒരു തുലാസിലെ രണ്ടു ഭാരങ്ങള്‍ ആകുമ്പോള്‍ അതില്‍ ഏത് തിരഞ്ഞെടുക്കും എന്നു ആശങ്കപ്പെടുന്ന ലോകമാണ് മുന്നില്‍. കവിയുടെ പ്രണയകാഴ്ചപ്പാട് ഇത്തരുണത്തില്‍ പ്രസക്തമാണ് .
“പ്രണയം, വിപ്ലവം
ഉറങ്ങാനൊരു പായമതിയതിന്
ഉണരാനോരുദയവും”  എന്നു നിസ്സംശയം കവി അടയാളപ്പെടുത്തുന്നു . ഈ ലോകം നമുക്ക് മുന്നേ കുതിക്കുകയാണ് . ഇവിടെ ജീവിതങ്ങള്‍ നിസ്സഹായരാകുന്നു . സമൂഹം ഒരേ സമയം  വേട്ടക്കാരനും ഇരയുമാകുന്നു . വിപ്ലവത്തിന്റെ ചുവന്ന തരികള്‍ തെരുവുകളില്‍ പടര്‍ന്ന് കയറുന്നു . ഒന്നിനുമാകാതെ നില്‍ക്കേണ്ടി വരുന്നത് മരണമാണെന്ന തിരിച്ചറിവ് ഓരോ മനുഷ്യസ്നേഹിയിലും ഉണരുന്ന കാലമാണ് ഇത് . കവി ആശങ്കയോടെ ചോദിക്കുകയാണ്
“ചങ്ങാതിമാരെ
വിപ്ലവച്ചൂടുള്ള പുതപ്പുകളുടെ
തെരുവുകളിലേക്കുള്ള വഴിയേതാണ് ?
ഉറക്കം നടിക്കാതിരിക്കാനാണ്
ഉറങ്ങാതിരിക്കാനാണ് ...”
ചിലപ്പോഴൊക്കെ തന്റെ മൗനത്തെ സമൂഹം തെറ്റിദ്ധരിക്കുന്നു എന്നത് കവിയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട് . വയലാര്‍ പറയുകയുണ്ടായി അത്തരമൊരു അവസ്ഥയില്‍ “ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല മൗനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ” എന്നു വയലാർ പറഞ്ഞതുപോലെ  ഇവിടെ കവിയും തന്റെ മനസ്സിനെ ഇങ്ങനെ തുറന്നു കാട്ടുന്നുണ്ട് .
“ആരെയും പേടിച്ചല്ല
സ്വയം ഭയപ്പെടാതിരിക്കാനാണ്
അത് തന്നെയാകാം
ചില മനനങ്ങള്‍ നിശബ്ദമാകുന്നതും”
 
“ചുവപ്പില്‍ നേതാവുണ്ടാകരുതെന്നും വിയോജിപ്പുകളുടെ പ്രത്യക്ഷമായ സമാന്തര രേഖയ്ക്കുള്ളില്‍ ഒരു നക്ഷത്രവും ഉദിക്കാതിരിക്കരുത്” എന്നും കവി ലോകത്തോട് ആവശ്യപ്പെടുകയാണ് . ആധുനികതയുടെ കാലത്ത് ആശയനിരാശ ബാധിച്ച സമൂഹത്തോട് ഒരു കവിയുടെ സാമൂഹ്യ ധര്‍മ്മമാണ് അത്തരം ആഹ്വാനങ്ങള്‍ എന്നു വിശ്വസിക്കാനാണ് തോന്നുക . സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത ഒരു മനുഷ്യരും ഈ സമൂഹത്തില്‍ ഉണ്ടാകാതിരിക്കട്ടെ അത്തരം അപചയങ്ങള്‍ ജീവിതങ്ങളെ പിന്നേയും പിന്നേയും അധഃപതനത്തിന്റെ ആഴങ്ങളിലേക്ക് താഴ്ത്തിക്കളയുകയേയുള്ളൂ .
 
തികച്ചും മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും പ്രതിബദ്ധതയും കാഴ്ചവയ്ക്കുന്ന നാല്‍പ്പത്തിമൂന്നു  കവിതകളുമായി പ്രിയ ഉണ്ണിക്കൃഷ്ണന്‍ വരുമ്പോള്‍ ഇത് പ്രിയയുടെ ആറാമത്തെ പുസ്തകം ആണെന്ന് കാണാം ,. സാഹിത്യത്തില്‍ തുറന്ന നിലപാടുകളുമായി എഴുത്തുകളുമായി നിലനില്‍ക്കുന്ന എഴുത്തുകാര്‍ പ്രത്യേകിച്ചു സ്ത്രീ എഴുത്തുകാര്‍ കുറവായിരിക്കുന്ന കാലത്ത് പ്രിയയെപ്പോലുള്ള കവികള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നവരും ആദരിക്കപ്പെടേണ്ടവരും ആണെന്ന് കരുതുന്നു . കൂടുതല്‍ ശക്തമായ കവിതകളും കഥകളും ലേഖനങ്ങളും ആയി മലയാള സാഹിത്യത്തില്‍ ഉയരങ്ങളിലേക്ക് ചുവടു വയ്ക്കാൻ പ്രിയയ്ക്ക് കഴിയട്ടെ എന്ന ആശംസകളോടെ ബിജു.ജി.നാഥ്.

No comments:

Post a Comment