Friday, May 28, 2021

ആദി&ആത്മ...........................രാജേഷ് ചിത്തിര

 ആദി ആത്മ (നോവൽ)

രാജേഷ് ചിത്തിര 

ലോഗോസ് ബുക്ക്സ് (2020)

വില : ₹ 120.00



സാഹിത്യത്തിൽ പരീക്ഷണങ്ങൾ ആണ് വിജയം നൽകിയിട്ടുള്ളത് പലപ്പോഴും . സ്ഥിരം രീതികളിൽ നിന്നും വേറിട്ട് നിന്ന് വസ്തുതകളെ സമീപിക്കുന്ന ആ രീതിയുടെ പ്രത്യേകത അത് വിജയിക്കണമെങ്കിൽ പരകായപ്രവേശം അതിന്റെ ശരിയായ രീതിയിൽ പ്രയോഗിക്കപ്പെടുകയും വേണം എന്നുള്ളതാണ്. . സാഹിത്യത്തിൽ പുരുഷൻ സ്ത്രീയുടെ വേഷത്തിലും സ്ത്രീ പുരുഷന്റെ വേഷത്തിലും നിന്നുകൊണ്ട് രചനകൾ നടത്തിയിട്ടുണ്ട് . ബാലസാഹിത്യം രചിക്കുവാൻ എഴുത്തുകാരൻ പക്ഷെ ബാലനായേ പറ്റൂ. മനസുകൊണ്ട് ബാല്യത്തിലേക്ക് സഞ്ചരിക്കുക മാത്രം പോരാ ഭാഷയിൽ പ്രയോഗങ്ങളിൽ ചിന്തകളിൽ ഒക്കെ ആ ബാല്യത്തെ  കൊണ്ട് വരികയും വേണം . കുട്ടികളോട് സംസാരിക്കുന്ന രീതിയിലും കുട്ടികൾ സംസാരിക്കുന്ന രീതിയിലും ബാലസാഹിത്യങ്ങൾ ലഭ്യമാണ് . പക്ഷെ കുട്ടികൾക്ക് ഉപയോഗപ്പെടുന്ന എത്ര പുസ്തകങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ഒരു വലിയ ചോദ്യമായി മാറുന്നു .  മെച്ചപ്പെട്ട കഥകളും കവിതകളും നോവലുകളും എഴുതുന്ന വലിയ വലിയ എഴുത്തുകാർ പോലും ഇതിൽ പരാജയപ്പെടുകയാണ് കണ്ടു വരുന്നത് . പൊതു സമൂഹത്തിൽ , അവർ ഒരു പക്ഷെ അതിൽ വിജയമെന്ന് പറയും കാരണം അവർ പറഞ്ഞ കൊടുക്കുന്നതും പഠിപ്പിക്കുന്നതും സദാചാരമൂല്യങ്ങളും ദൈവീക ചിന്തകളും കൂട്ടിക്കലർത്തി ലിംഗഭേദം വളർത്തിയെടുക്കുന്ന മാമൂൽ കഥകൾ ആണ് . പഞ്ചതന്ത്രകഥകളും നീതിസാര കഥകളും പുരാണ കഥകളും  പിന്നെ കുറച്ചു മൃഗ കഥാപാത്രങ്ങളുടെ തമാശകളും നിറഞ്ഞ സാഹിത്യമല്ലാതെ കുട്ടികൾക്ക് വായിക്കാൻ പറ്റിയ കഥകൾ ഒന്നുംതന്നെയില്ല എന്ന് പറയാം . ഇതുകൊണ്ടാണ് കുട്ടികൾ പുസ്തക വായനയിൽ നിന്നും പുറത്തു പോകുന്നതും  വായനയെ വെറുക്കുന്നതും . 


ആദി & ആത്മ എന്ന പുസ്തകത്തിനെ നോവൽ എന്ന സാഹിത്യ രൂപത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് കാണാം . പക്ഷെ ഇതിനെ ബാലസാഹിത്യ ശാഖയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നൊരു സംശയം വായനയിൽ ഉടനീളം ഉണ്ടായിട്ടുണ്ട് . ഈ നോവൽ ഒരു കുട്ടിയുടെ കാഴ്ചകൾ ആണ് . ആ കുട്ടിയുടെ കാഴ്ചകളും ചിന്തകളും വികാരങ്ങളും ആണ് ഈ പുസ്തകത്തെ മുന്നോട്ടു നടത്തുന്നത് . അതിനാൽ ത്തന്നെ ഇതിനെ ബാലസാഹിത്യമായി കണക്കാക്കാം. സാഹിത്യത്തിൽ ഒരു ട്രെൻഡ് ഉണ്ട് . സമകാലീന സംഭവങ്ങളിൽ നിന്നുകൊണ്ട് കഥയെഴുതുക എന്നതാണത് . കോളറക്കാലത്തെ പ്രണയം പ്രശസ്തമായ ഒരു നോവൽ ആണ് . ഇത് ഒരു പാൻഡെമിക് അവസ്ഥയുടെ  കാലത്തെ അടയാളപ്പെടുത്തുന്നതുമാണ് . ഇക്കഴിഞ്ഞ പ്രളയകാലത്തു ഒരു തമാശ വാർത്ത കേൾക്കുകയുണ്ടായി . പ്രളയത്തെ അടിസ്ഥാനമാക്കി നോവൽ എഴുതാൻ വിമാനം പിടിച്ചു വന്നു ആരോ ഒരാൾ നോവൽ എഴുതിയതായി. ഇപ്പോൾ കോവിഡാണല്ലോ പ്രധാനം . അതിനാൽ തന്നെ കോവിഡ് സംബന്ധമായ കഥ, കവിത , നോവലുകൾ അരങ്ങിലും അണിയറയിലും സജീവവുമാണ്. ആദി & ആത്മയും കോവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന ഒരു നോവൽ ആണ് . കോവിഡ് കാലത്തിൽ കുട്ടികൾക്ക് സംഭവിക്കുന്ന വിഷമതകൾ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒന്നെന്നല്ല അതിനർത്ഥം . വിദേശത്തും സ്വദേശത്തുമായി ചിതറിപ്പോകുന്ന കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളുടെ ജീവിതത്തെ സ്പർശിക്കുന്ന കഥയാണ് ആദി & ആത്മ . 


ദുബായിൽ ജീവിച്ച, പഠിച്ച രണ്ടു കുട്ടികൾ സാഹചര്യങ്ങൾ മോശമാകുകയും പിതാവിന്റെ തൊഴിലിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തപ്പോൾ  നാട്ടിലേക്ക് പറിച്ചു നടുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം . യാത്രയ്ക്ക് തയ്യാറാകുന്ന അവസാന ദിവസങ്ങളെ എങ്ങനെ, ആ നാടിന്റെ ഓർമ്മയെ ആവാഹിക്കണം എന്ന  ചിന്തകളും ഒപ്പം തന്നെ അയൽ ബന്ധങ്ങളെ അമ്മയ്ക്ക് എങ്ങനെ വിടുതൽ ചെയ്യാൻ കഴിയുന്നു എന്നതും കുട്ടിയുടെ കാഴ്ചകൾ ആണ് . തന്റെ ആഗ്രഹങ്ങളെ , ഓർമ്മിക്കേണ്ടവയെ കുറിച്ച് വയ്ക്കുന്നത് ആ കുട്ടിയുടെ  മനസ്സിലുറഞ്ഞു കിടക്കുന്ന വിജയത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും സ്ഫുരണങ്ങളായി കാണാം. . നാട്ടിലെ അന്തരീക്ഷവും അവിടത്തെ സ്‌കൂളും കുട്ടികളും ഒരു വിദേശവാസ വിദ്യാർത്ഥിക്ക് എങ്ങനെയാണ്  നേരിടേണ്ടി വരുന്നത് എന്നതൊക്കെ  ഇതിൽ പ്രതിപാദിക്കുന്നുണ്ട് . ഒപ്പം അമ്മയുടെ ജീവിതത്തിന് നാട്ടിൻ പുറത്തിന്റെ ഇടുങ്ങിയ ചിന്താഗതികളും സദാചാരവും എങ്ങനെ കൂച്ചു വിലങ്ങിടുന്നു എന്നൊരു കാഴ്ചകൂടി  പ്രധാനമായും ഓർമ്മിപ്പിക്കുന്നുണ്ട് വസ്ത്രധാരണവും പുറത്തിറങ്ങാനുള്ള മടിയും വിവരിക്കുന്നതിലൂടെ . ഒരൊറ്റ വരിയിലൂടെ ഒരുപാട് കാര്യങ്ങൾ നഗരത്തിന്റെയും ഇനിയും വളരാൻ മടിക്കുന്ന കേരളത്തിന്റെ ഉൾനാടുകളെയും വരച്ചു കാട്ടാൻ പര്യാപ്തമാക്കുന്നുണ്ട് . 

ഇടയിൽ വില്ലനായി വരുന്ന വൈറസ് മൂലം കുട്ടികൾക്ക് നഷ്ടമാകുന്ന ആകാശത്തിൻ്റെ ആകുലതകളും അതിൽ കടന്നു വരികയും ചെയ്യുന്നു.


രാജേഷ് ചിത്തിര നല്ലൊരു കവിയാണ് . നല്ലൊരു എഴുത്തുകാരനും. വ്യത്യസ്തമായ രീതികൾ ആവിഷ്കരിക്കാനും  നടപ്പിൽ വരുത്താനും എപ്പോഴും തയ്യാറാകുന്ന പുതിയകാല എഴുത്തുകാരുടെ കൂട്ടത്തിൽ രാജേഷ് ചിത്തിര അതിനാൽ തന്നെ ശ്രദ്ധേയനാണ് . സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരണം തന്റെ കവിതകളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും അടയാളപ്പെടുത്തുന്ന രാജേഷിന്റെ ആദി & ആത്മ ഒരു നല്ല വർക്ക് തന്നെയാണ് . കുട്ടിയുടെ മനസ്സുമായി കുട്ടിക്കൊപ്പം നടക്കാൻ രാജേഷ് തയ്യാറാവുകയും അതിനെ  അടയാളപ്പെടുത്തുകയും ചെയ്തതിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു . പൂർണ്ണം എന്ന് പറയാൻ കഴിയാത്തതു പലയിടങ്ങളിലും കുട്ടിയ്ക്ക് ചേരാത്ത ഒരു  മനസ്സും തനിക്കു പറയാനുള്ള ഒരു പ്ലാറ്റ്ഫോം കുട്ടിയുടെ ചുമലിൽ വച്ച് കൊടുക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു എന്നതാണ് . ഇതായിരുന്നു വായനയിൽ മുഴച്ചു നിന്നതായി അനുഭവപ്പെട്ട ഒരു വിഷയം. എങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അതിനെ രാജേഷ് വിദഗ്ധമായി മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് . കൂടുതൽ വായനകൾ വരട്ടെ എന്നും ഇതിനെ നോവൽ എന്ന തലത്തിൽ നിന്നും ബാലസാഹിത്യത്തിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായി എന്ന ചിന്തയോടും ആശംസകൾ നേരുന്നു . 

ബിജു ജി നാഥ് 

No comments:

Post a Comment