Monday, August 28, 2017

നാം നമ്മള്‍ ....

നിരര്‍ത്ഥകമായ ജീവിതത്തിന്റെ
നിശബ്ദത കുടിച്ചുവറ്റിപ്പോര്‍ നാം.
നിരാസങ്ങള്‍ തന്‍ കയ്പുനീരാല്‍
നിശയെ സ്നേഹിക്കുന്നവര്‍ നാം.
------ബി.ജി.എന്‍ വര്‍ക്കല ------

പച്ചിരുമ്പും ഹൃദയകാന്തവും.............. മാലിനി

പച്ചിരുമ്പും ഹൃദയകാന്തവും (കവിതകള്‍)
മാലിനി (പ്രവാഹിനി)
പായല്‍ ബുക്സ്
വില 70 രൂപ

കവിതകള്‍ ഹൃദയത്തില്‍ നിന്നും വരുന്നതാണ് എന്നോര്‍മ്മപ്പെടുത്തുന്നു പലപ്പോഴും ഓരോ പുതുകവിതകളും വായിക്കപ്പെടുമ്പോള്‍. നിങ്ങള്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് വ്യക്തമായി രേഖപ്പെടുത്താന്‍ കഴിയുന്നു . ഗുപ്തമായ സന്ദേശം അതില്‍ അടയാളപ്പെടുത്താന്‍ കഴിയുന്നു . അവ നേത്രങ്ങള്‍ക്ക് എത്ര തന്നെ ആനന്ദദായകം ആകുന്നുവോ അത്രതന്നെ ചിന്തകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു . ഇതേ അനുഭവം ഒരു കവിതയില്‍ ആകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇവ രണ്ടും മാത്രമല്ല അതിനെ ഭംഗിയായി ആലപിക്കാനും ഓര്‍ത്ത്‌ വയ്ക്കാനും ഉള്ള ഒരു അവസരം കൂടിയാണ് . ഈ ആലാപനം പലപ്പോഴും സാധ്യമാകുന്നത് അവയെ താളനിബദ്ധമായി വായിക്കാന്‍ സാധിക്കുമ്പോള്‍ ആണ് . ആധുനിക കവിതയില്‍ ആ താളം തിരയുന്നത് ക്ലേശകരമാണ് എന്ന് മാത്രമല്ല അത്തരം വായനകള്‍ കേവലം ഭംഗിവാക്കുകള്‍ ആയി മാറുകയും ചെയ്യുന്നു . വായിക്കുക എന്നതിനപ്പുറം വായനക്കാരന്‍ അതിനെ നെഞ്ചില്‍ സ്വീകരിക്കണം എന്ന് പുതിയകാലകവി ഒരിക്കലും നിര്‍ബന്ധം പിടിക്കുന്നില്ല . ഒരു കഥയോ നോവലോ സ്വീകരിക്കുമ്പോലെ അതിന്റെ സാരാംശം മാത്രം എടുത്തുകൊണ്ടു പ്രവര്‍ത്തിക്കൂ പ്രതികരിക്കൂ എന്ന് പുതിയകാലകവിത വിളംബരം ചെയ്യുന്നു . പലപ്പോഴും പഴയ കവിതകളുടെ സംഗീതാത്മകത ആസ്വദിച്ച പുതിയ കാലത്തിലെ പഴയവായനക്കാര്‍ക്ക് അതിനാല്‍ ഇത്തരം ഗദ്യകവിതകളെ സ്നേഹിക്കാന്‍ കഴിയുന്നില്ല . അവര്‍ വേദികളിലും സോഷ്യല്‍മീഡിയഗ്രൂപ്പുകളിലും പുതിയതലമുറയെ വൃത്തവും താളവും ലയവും സംഗീതവും പഠിപ്പിച്ചു അധ്യാപകവേഷം കെട്ടുന്നു . നിരൂപകവാളുകള്‍ എടുത്തു കവിതകളെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിക്കുന്നു . സ്വാഭാവികമായ ഒരു സാധാരണ എഴുത്തുകാരനോ തുടക്കക്കാരനോ ഈ വാള്‍ മുനയില്‍ മുറിവേറ്റ് എന്നില്‍ കവിതയില്ല , എനിക്ക് വൃത്തം അറിയില്ല അതിനാല്‍ ഇനി എഴുത്ത് നടക്കില്ല എന്നൊരു ചിന്തയില്‍ പിന്തിരിഞ്ഞു നടക്കുന്നു. ചിലരാകട്ടെ ഇത്തരം അധ്യാപകരുടെ ഇന്ബോക്സിലും ഫോണിലും ഒക്കെ ശിഷ്യത്തം സ്വീകരിച്ചു പ്രത്യേക വാത്സല്യം നുകര്‍ന്ന് അവരുടെ തിരുത്തലുകള്‍ സ്വീകരിച്ചു സ്വന്തം കവിതകളെ അംഗഭംഗം വരുത്തിയ പുതിയ കവിതയായി താളത്തില്‍ ചൊല്ലിയും പകര്‍ന്നും കവി എന്ന ലേബല്‍ സ്വയം സ്വീകരിക്കുന്നു . നിരന്തരമായ നവീകരണം കവിതയില്‍ സംഭവിക്കുന്നുണ്ട് പക്ഷെ അവയെ സ്വീകരിക്കുവാന്‍ കവിക്ക്‌ കഴിയുന്നില്ല . മാമൂലുകളുടെ , പാരമ്പര്യങ്ങളുടെ ശാസനകളും തല്ലുകളും ഏറ്റു അവര്‍ തങ്ങളുടെ സ്വതം മറക്കുന്നു . ഇതില്‍ നിന്നും കുതറിമാറി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് താളം ലയം അല്ല സന്ദേശം ആണ് പ്രധാനം എന്നും തനിക്കു പറയാനുള്ളത് താന്‍ പറഞ്ഞു തന്നെ തീരും അതിനു നിബന്ധനകളും അതിരുകളും ആവശ്യമില്ല എന്നുറക്കെ പ്രഖ്യാപിക്കുന്നവര്‍ ഇന്നേറെയുണ്ട്  . അങ്ങനെ സോഷ്യല്‍ മീഡിയ തുറന്നുകൊടുത്ത സ്വാതന്ത്രവും ആത്മവിശ്വാസവും ഒരു പരിധിവരെ ആധുനിക കവിതയെ സ്വന്തം കാലില്‍ നില്‍ക്കാനും പ്രതിഷേധിക്കാനും സഹായിച്ചു .
മാലിനി എന്ന കവിയുടെ 64കവിതകളുടെ സമാഹാരം ആണ് പച്ചിരുമ്പും ഹൃദയകാന്തവും . ചെറുതും വലുതുമായ അറുപത്തിനാല് കവിതകള്‍ . സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തനിക്കു ലഭിച്ച പ്രോത്സാഹനവും ഗുരുതുല്യരായുള്ളവരുടെ നിര്‍ദ്ദേശങ്ങളും തന്റെ എഴുത്തിനെ കൂടുതല്‍ ഗൌരവത്തോടെ കാണാന്‍ സഹായിച്ചു എന്ന മുഖവുരയോടെ ആണ് കവി തന്റെ കവിതകള്‍ വായനക്കാരന് സമര്‍പ്പിക്കുന്നത് . ജ്യോതി കെ ജി യുടെ അവതാരികയും ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ അധികാരികളുടെ ആസ്വാദനവും ഒക്കെ ചേര്‍ത്തു മനോഹരമായ പ്രിന്റിംഗ് , എഡിറ്റിംഗ് ആണ് ഈകവിതാ സമാഹാരം നല്‍കുന്ന ആദ്യകാഴ്ച . കവിതകളിലേക്ക്‌ കടക്കുമ്പോള്‍ ആണ് കവിയുടെ ഭാഷയോടും കവിതയോടും ഉള്ള പ്രണയവും ആത്മാര്‍ഥതയും വായനക്കാരന് അനുഭവവേദ്യമാകുന്നത്. വളരെയധികം കവിതകളില്‍ കവിതയോടുള്ള തന്റെ പ്രണയം കവി വ്യക്തമായും വരച്ചിടുന്നു . പ്രിയനായി , പ്രണയമായി , തന്റെ വിഷമങ്ങളും വേവലാതികളും കവി പറഞ്ഞു തീര്‍ക്കുന്നത് കവിതയോടുതന്നെയാണ് . കവിതയാണ് ജീവിതം , ആത്മാവും എന്ന കവിയുടെ നിലപാട് കവിതയെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിനെ അതുപോലെ അവതരിപ്പിക്കുന്നു എന്ന സന്തോഷം മറച്ചു വയ്ക്കുന്നില്ല . പ്രണയം ആണ് മൂലവിഷയം എങ്കിലും സമൂഹത്തെ വളരെ ഉള്‍ക്കാഴ്ചയോടെ നോക്കിക്കാണുന്ന കവി വെറും കാല്പനികത അല്ല തന്റെ ലോകം എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു .
ഒരുക്കുന്നുണ്ട്‌ ആയുധങ്ങള്‍...
മുളങ്കമ്പിന്‍ തലയ്ക്കല്‍
നിറങ്ങള്‍ -
ചോരയും ഇലയും മണ്ണും ...(ചുവപ്പില്‍ വരച്ച ചിത്രങ്ങള്‍ ) നോക്കൂ ചോരയും ഇലയും മണ്ണും . ചെങ്കൊടിയും വര്‍ഗ്ഗീയതയുടെ പച്ചയും കാവിയും . മൂവരും ആയുധങ്ങള്‍ ഒരുക്കുന്നുണ്ട്‌. എത്ര വ്യക്തമായാണ് കാലികമായ ലോകത്തിന്റെ ചലനങ്ങളെ കവി രേഖപ്പെടുത്തുന്നത് . ദാമ്പത്യബന്ധത്തെ , പ്രണയബന്ധത്തെ അതിന്റെ ഇഴയടുപ്പത്തെ കവി ഇങ്ങനെ കുറിച്ചിടുന്നു .
ഏതു കലഹത്തിനൊടുവിലും
തുളുമ്പിത്തെറിക്കാതെ നാം
സ്നേഹനൂല്‍ കൊരുത്ത
ഹൃദയകാന്തങ്ങള്‍ നാം (പച്ചിരുമ്പും ഹൃദയകാന്തവും ) എന്ന വരികളില്‍ ഒരു പഴയ സന്ദേശം അലിഞ്ഞു കിടക്കുന്നു . ഒരു പിണക്കവും ഒരുരാത്രിക്കപ്പുറം ആയുസ്സുണ്ടാകരുത്.
ഹൃദയത്തിന് മേലെ വച്ച
കരുതലിന്‍ കരസ്പര്‍ശമറിയാത്തവര്‍
കണ്ഠനാഗത്തിലും വിരല്‍ചുറ്റിലും
ബന്ധങ്ങളുടെ ഇഴയടുപ്പം തിരയരുത് (അരുതാത്തത് ചിലത്)
കവിത വലിയൊരു നുണയാണ് ...
കവികള്‍ ലോകം കണ്ട വലിയ നുണയരും... (കുറെ നുണകളും ഒരു സത്യവും )
തുടങ്ങി ചെറിയ വലിയ വാക്കുകളില്‍ കവി വലിയ ചില ചിന്തകള്‍ പങ്കു വയ്ക്കുന്നുണ്ട്‌ .
തടി പൂതലിച്ചതെങ്കിലും
മണ്ണിലാഴ്ന്ന താങ്ങുവേരുകള്‍
തൂണുകളായി നിലകൊണ്ട
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
പടര്‍ന്നു പന്തലിച്ച മരത്തില്‍

ഭംഗിയുള്ള കൂടുകള്‍...(കൂടുകള്‍ ) പ്രകൃതിയിലേക്ക് നോക്കി വായിക്കുന്ന ഈ വരികളില്‍ ഇന്ത്യയുടെ ആത്മാവ് വായിക്കപ്പെടുന്നു എന്നതാണ് കവിയുടെ കഴിവും ഭാഷയുടെ മനോഹരമായ സാധ്യതകളും എന്ന് മനസ്സിലാക്കുന്നു . ഇങ്ങനെ ചെറുതും വലുതുമായ അനവധി ചിന്തകളാല്‍ സൌമ്യമായ ഈ കവിതാ സമാഹാരം തുടക്കക്കാരിയുടെ ആശങ്കകള്‍ നിലനിര്‍ത്തുന്ന ചെറിയ ചെറിയ പോരായ്മകള്‍ പേറുന്നുവെങ്കിലും ഭാവിയെ അടയാളപ്പെടുത്തുന്ന ഒരു കവിയാണ്‌ ഈ എഴുത്തുകാരി എന്നതില്‍ സംശയമില്ല . കവിതകള്‍ ഗദ്യകവിതകളും പദ്യകവിതകളും അല്ലാത്ത ഒരു നിലപാടുതറയില്‍ ആണ് നില്‍ക്കുന്നത് . അവയെ ഒന്ന് ഉടച്ചു വാര്‍ത്തു ഒരു വശത്ത് നില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കവിതകള്‍ കൂടുതല്‍ സ്വീകരിക്കപ്പെടും . വെറും പറച്ചിലുകള്‍ ആയി മാറുമ്പോള്‍ അതൊരു കഥയോ സാരോപദേശമോ ആയി മാറുന്നു . പറയാനുള്ളവയെ ലഘുവായി എന്നാല്‍ ഋജുവായി പറഞ്ഞു പോകുന്ന രസതന്ത്രം ഇനിയും കൂടുതല്‍ കരഗതമാക്കേണ്ടതുണ്ട് ഈ കവി എന്ന തോന്നല്‍ കവിതയില്‍ ഉടനീളം കാണാം . കൂടുതല്‍ വായനകളും എഴുത്തും തീര്‍ച്ചയായും ഒരു അടയാളപ്പെടുത്തല്‍ ഭാവിക്ക് നല്‍കും ഈ അധ്യാപികയിലൂടെ എന്ന ശുഭപ്രതീക്ഷയോടെ ആശംസകള്‍ . ബി. ജി എന്‍ വര്‍ക്കല 

Sunday, August 27, 2017

ഭാരത്‌ മാതാ കീ ....


വെളിച്ചം അണയുമ്പോള്‍
ഇരുള് നിറയുന്ന മുറിയിലാകെയും
തണുപ്പ് ഭ്രാന്തുപിടിച്ചു നടക്കും
ഇഴഞ്ഞു കയറും തനുവിലേക്ക്.
കുത്തിനോവിക്കും കവിളുകള്‍
വിരലുകളെ മരവിപ്പിച്ചുകൊണ്ടത്‌
കാല്‍പാദങ്ങളെ കോച്ചിവലിക്കും
വരെ അള്ളിപ്പിടിക്കും ദയയേതുമില്ലാതെ.
ഉദ്ദാരണത്തിന്റെ പരകോടിയില്‍
തുണയില്ലാതൊരു പകച്ചു നില്‍ക്കല്‍.
റേഡിയോ അപ്പോള്‍ ശബ്ദിച്ചു തുടങ്ങും
മേരെ പ്യാരേ ദേശ് വാസിയോം ......
ശബ്ദം നഷ്ടപ്പെട്ട
കാഴ്ച നഷ്ടപ്പെട്ട
സ്പര്‍ശനം നഷ്ടപ്പെട്ട
മനസ്സപ്പോള്‍ ദാഹനീരിനു കേഴും.
കളസമിട്ട കാലടികള്‍ അടുത്തെത്തും
നിറനൂലുകള്‍ തൊങ്ങലിട്ട കൈകള്‍
ചുണ്ട് പിളര്‍ന്നു നാവിലേക്ക്
പകര്‍ന്നുതരുമപ്പോള്‍
പുളിരസമാര്‍ന്ന ഗോമൂത്രം .
പെട്ടെന്ന് മുറിയാകെ വെളിച്ചം നിറയും
പശ്ചാത്തലത്തില്‍ ഒരു സംഗീതമുയരും
അറിയാതെ തളര്‍ച്ചയും തണുപ്പുമകലും
ഉപ്പൂറ്റിയുറപ്പിച്ചു വലതുകൈ നെഞ്ചില്‍ ചേര്‍ത്ത്
നില്‍ക്കുന്നൊരു രൂപം
സെല്ലുലോയിഡില്‍ തെളിയും.
പങ്കുകച്ചവടക്കാര്‍ വിലപറഞ്ഞു
പകുത്തെടുക്കുന്ന ഒരു പെണ്ണുടല്‍ കണ്ണില്‍ തടയും .
ആരോ പറയുന്നുണ്ടാവും പതിയെ .
ഭാരത മാതാ കീ .......
-----ബിജു ജി നാഥ് വര്‍ക്കല

പ്രണയംമധുരം................... കെ.പി. സുധീര

പ്രണയംമധുരം (കഥകള്‍ )
കെ.പി. സുധീര
മാതൃഭൂമി ബുക്സ്
വില 100 രൂപ

പ്രണയം പ്രകൃതിയുടെ മനോഹരമായ ഒരു സംവിധാനം ആണ് . പ്രണയത്തിന്റെ ചിറകില്ലായിരുന്നു എങ്കില്‍ ലോകത്തിന്റെ ചലനം ഒരിക്കലും പൂര്‍ണ്ണമാകുകയില്ല . മാനവ ചരിത്രം മുഴുവന്‍ പ്രണയത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനത്തിലൂടെ പല തന്തുക്കള്‍ ആയി വിന്യസിച്ചു വികസിച്ചു വന്നുപോകുന്നതാണ് . ജീവിതത്തിന്റെ എല്ലാ മനോഹാരിതയും അതിന്റെ പൂര്‍ണ്ണത കൈവരിക്കുവാന്‍ പ്രണയത്തെ ആശ്രയിക്കേണ്ടി വരുന്നു . പ്രണയത്തിന്റെ നിറം തേടി ,മധുതേടി അലയാതെ ഒരു കലാകാരനും പൂര്‍ണ്ണനാകുന്നില്ല . എഴുത്തുകാരന്റെ , ചിത്രകാരന്റെ , അഭിനേതാവിന്റെ പ്രണയം ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ നിരന്തരം ജീവന്‍ തേടുന്നു ജീര്‍ണ്ണിച്ചൊടുങ്ങും വരെയും .
ഇരുപതു കഥകള്‍ , ഇരുപതും പ്രണയത്തിന്റെ നിറം ചാലിച്ച സൌകുമാര്യം നല്‍കുന്നു . കെ. പി. സുധീരയുടെ പ്രണയം മധുരം പങ്കു വയ്ക്കുന്നത് പ്രണയത്തിന്റെ ഇരുപതു കഥകള്‍ ആണ് . പ്രണയം , വിരഹം , ദുഃഖം , രതി എന്നിവയുടെ സംക്ഷിപ്തമായ ഒരു സങ്കലനം ഓരോ കഥയിലും നിറയുന്നു . ആത്മാവ് നഷ്ടപ്പെട്ട മനുഷ്യരെപ്പോലെ പ്രണയം നഷ്ടപ്പെട്ട മനസ്സുകള്‍. പ്രണയത്തില്‍ ജീവിതം നശിപ്പിച്ചവര്‍ , ജീവിതം പ്രണയത്തിനു വേണ്ടി ഉഴിഞ്ഞു വച്ചവര്‍, പ്രണയം കൊണ്ട് മുറിവേറ്റവര്‍ അങ്ങനെ പ്രണയത്തിന്റെ ഇരുപതു ജീവശകലങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം . ലളിതവും മനോഹരവുമായ ഭാഷയില്‍ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളെ സുധീര പങ്കു വയ്ക്കുന്നു . ഓരോ കഥയിലും സ്ഥൈര്യവും ഉള്‍ക്കാഴ്ചയും ഉള്ള സ്ത്രീ മുഖങ്ങളെ കഥാകാരി പരിചയപ്പെടുത്തുന്നു . സുനിത , പ്രമദ , തെസ്നി , യെമ്മ തുടങ്ങി വായനയില്‍ തടഞ്ഞു നില്‍ക്കുന്ന വിവിധങ്ങളായ മുഖങ്ങള്‍ . പ്രണയത്തിന്റെ വേദന നന്നായി അനുഭവിക്കെണ്ടി വരുന്ന സുനിതയുടെ മധുരമായ ഒരു പ്രതികാരം ആണ് തന്റെ ഭര്‍ത്താവിന്റെ പ്രണയിനിക്ക് അയാളുടെ മരണ ശേഷം അയാളില്‍ പിറന്ന കുട്ടിയെ നല്‍കി മടങ്ങുക എന്നത് . അതുപോലെ യെമ്മ യുടെ പ്രണയത്തില്‍ കൂടി കഥാകാരി വിവിധങ്ങളായ പിയാനോകളെ പരിചയപ്പെടുത്തുന്നു . ചരിത്രവും പ്രത്യേകതകളും പഠിച്ചു പങ്കു വയ്ക്കുന്നു ഒപ്പം തന്നെ യെമ്മയുടെ പ്രണയത്തിന്റെ ആഴവും വേദനയും കഥയെ ദീപ്തമാക്കി നിര്‍ത്തുന്നു . ജേക്കബും അനിതയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രണയത്തിന്റെ ശക്തി രേഖപ്പെടുത്തുന്ന നിമിഷങ്ങള്‍ വളരെ മനോഹരമായി പറയുന്നു . മറ്റൊരു സ്ത്രീയെ ഉപയോഗിച്ചിട്ടുണ്ട് എന്ന വാക്യത്തില്‍ നിന്നും ജേക്കബിനോട് കയര്‍ത്തു പൊരുതി ഒടുവില്‍ സ്വയം തളര്‍ന്നു ഉള്‍വലിയുന്ന അനിത അപ്പോഴും തണുക്കാത്ത ജേക്കബിന് മുന്നില്‍ നിസ്സഹായയായി നില്‍ക്കുമ്പോള്‍ അതു വെറുതെ പറഞ്ഞതാണ് എന്ന വാക്കില്‍ അവര്‍ ആലിംഗനബദ്ധരാകുന്നു . അവരുടെ ആദ്യരാത്രി തുടങ്ങുന്നത് തന്നെ ഈ ഒരു യുദ്ധം കഴിഞ്ഞാണ്. ജേക്കബിനറിയോ സ്നേഹം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ ജീവിച്ചുപോകുന്നത്. എതിനത്തിലുള്ള ബന്ധത്തിലും പുരുഷന്മാരെ സഹിക്കുക അത്ര എളുപ്പമുള്ള കാര്യമാണോ ?പ്രകൃതിക്കും പുരുഷനേക്കാള്‍ ആവശ്യം സ്ത്രീയെയാണ് . കാരണം ഭൂമിയില്‍ ജീവന്‍ നൃത്തം വയ്ക്കുന്നത് അവളിലൂടെയാണ്. അവള്‍ സ്നേഹം കൊണ്ടാണ് സ്നേഹനിരാസത്തെ നേരിടുന്നത്. എന്ന വാചകത്തിലൂടെ അവള്‍ അയാളെയും അയാള്‍ അവളെയും അറിയുകയാണ് .
പ്രണയത്തിന്റെ ആത്യന്തികമായ ഇഴുകിച്ചേരല്‍ രതിയുടെ അപാരവും അമേയവും ആയ ഒരു ഘട്ടമായി പലപ്പോഴും കഥകളില്‍ കാണാം . പ്രണയത്തിന്റെ ഉപാധികള്‍ ഇല്ലായ്മയില്‍ ശരീരം ഒരു വിഷയം ആകുന്നതേയില്ല എങ്കിലും പ്രകൃതിയും സാഹചര്യങ്ങളും ശരീരങ്ങളെ പ്രണയിക്കാന്‍ വിടുന്ന മനോഹരമായ അവസരങ്ങള്‍ ചില കഥകളില്‍ എങ്കിലും കാണാം . അതുപോലെ സാഹചര്യങ്ങളുടെ വലകളില്‍ പെട്ടു ചവച്ചു തുപ്പപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇതിലും ഉണ്ട് . അവര്‍ ഭൂതകാലത്ത് നിന്നും എത്തുന്നത് ആ തെറ്റിന്റെ ഫലം തിരികെ എല്പ്പിക്കാനോ മനസ്സിലാക്കിക്കാനോ വേണ്ടി മാത്രമാണ് . പഴയകാല സിനിമകളുടെ കഥകളെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ഒന്നോ രണ്ടോ കഥകള്‍ ഇതിലും വായിക്കാം . ചെറുപ്പകാലത്തിന്റെ , ധന ,കുടുംബ ശക്തിയുടെ ബലത്തില്‍ കീഴ്പ്പെടുത്തപ്പെടുന്ന നിസ്സഹായ ജന്മങ്ങള്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരുശേഷിപ്പുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ മടങ്ങി എത്തുന്ന കഥകള്‍.
എല്ലാ കഥകളിലും ഉന്നതമായ കുലജാതകരുടെ കഥകള്‍ ആണ് കാണാന്‍ കഴിയുന്നത്‌ . ജീവിത സാഹചര്യങ്ങള്‍ , കുടുംബ പശ്ചാത്തലങ്ങള്‍ , സൌന്ദര്യമാനദണ്ഡങ്ങള്‍ ഒക്കെത്തന്നെ സമൂഹത്തിന്റെ ഉയര്‍ന്ന പശ്ചാത്തലങ്ങള്‍ ആണ് വേദിയാകുന്നത്‌ . അതുപോലെ ചില കഥകളില്‍ കാമിനിയെക്കാള്‍ പ്രായം കുറഞ്ഞ കാമുകനെ ദര്‍ശിക്കാം . പറഞ്ഞു പഴകിയ കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു രീതിയായി ഇതിനെ കാണാന്‍ കഴിയുന്നു . ശരീര ഭാഷയുടെ ചെറിയ സാധ്യതകളെ പോലും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് കഥാകാരി എന്നത് കഥ വെറുതെ പറഞ്ഞു പോകുകയല്ല ഒപ്പം സഞ്ചരിക്കുകയാണ് എന്ന ബോധം ഉണര്‍ത്തുന്നു . ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്വന്തമായി നിലപാടുകളും , കാഴ്ചപ്പാടുകളും ഉള്ളവര്‍ ആണ് . തങ്ങളുടെ ജീവിതം അടിയറപറയുവാന്‍ ഉള്ളതല്ല എന്നൊരു സന്ദേശം അവര്‍ തരുന്നുണ്ട് . പ്രണയത്തില്‍ ആയാലും ജീവിതത്തില്‍ ആയാലും തങ്ങളുടെതായ ഒരു അധിനിവേശം അവര്‍ ആഗ്രഹിക്കുന്നുണ്ട് . കാമം ആയാലും പ്രണയം ആയാലും അതിനെ തന്റേതായ കാഴ്ചപ്പാടുകള്‍ക്കുള്ളില്‍ നിര്‍ത്തി നോക്കിക്കാണാന്‍ ഓരോ കഥാപാത്രവും മത്സരിക്കുന്നുണ്ട് . ബന്ധങ്ങളില്‍ ആഴത്തിലുള്ള രേഖകള്‍ വരച്ചിടാന്‍ അവര്‍ക്കൊരോരുത്തര്‍ക്കും കഴിയുന്നത്‌ ഈ ഒരു നിലപാടുകൊണ്ടാകണം. മരണക്കിടക്കയില്‍ നിന്നും ശരീരത്തെയും മനസ്സിനെയും തിരികെ പിടിച്ചുകൊണ്ടു വന്നവന്‍ ഒടുവില്‍ തന്റെ അനിയത്തിയുടെ ശരീരത്തെ പുണര്‍ന്നുറങ്ങുന്നത് കണ്ടു പടിയിറങ്ങുന്ന അമ്മുക്കുട്ട്യേടത്തി ജീവിതം തനിയെ വെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത് . വീണ്ടും വീണുപോയ അയാളെ അവള്‍ കാണാന്‍ കൂട്ടാക്കുന്നത് കൂടിയില്ല .

ഓരോ കഥയും ഓരോ ജീവിതങ്ങള്‍ ആണ് . ഒന്നും മറ്റൊന്നിനോട് ചേര്‍ന്ന് നില്‍ക്കുന്നില്ല . എല്ലാ കഥകളെയും ബന്ധിക്കുന്ന ഒരേ ഒരു നൂല്‍ പ്രണയം മാത്രമാണ് . ആ മധുരത്തിനപ്പുറം ഓരോ ജീവിതവും ഓരോ ആകാശങ്ങളാകുന്നു . ഭാഷയുടെ മധുരവും പ്രണയത്തിന്റെ സുഗന്ധവും നിറഞ്ഞ ഈ കഥാ സമാഹാരം നല്ലൊരു വായന നല്‍കും എന്നത് ഉറപ്പു . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല    

Saturday, August 26, 2017

നാം യാത്രയിലാണ് .


-
ഏതോ വിദൂരമായ ഓര്‍മ്മയില്‍ നിന്നും
നാമിരുവരും ഒരു യാത്ര പോകുന്നു,
വിജനമായ റോഡിനിരുവശവും
റബ്ബര്‍ മരങ്ങള്‍ തണല്‍ വിരിച്ചിരിക്കുന്നു
റിയര്‍മിററില്‍ പതിഞ്ഞ നിന്റെ മുഖം നോക്കി
വഴികളറിയാതെ ഞാന്‍ മുന്നോട്ടു പായുന്നു .
പിറകിലമര്‍ന്ന നിന്റെ സ്നേഹം കുടിച്ചു
വഴികള്‍ മറന്നു ഞാന്‍ മുന്നോട്ടു പായുന്നു .
വിദൂരതയിലേക്ക് മിഴികള്‍ പായിച്ചു
സഫലമാകാതെ പോയൊരു സ്വപ്നത്തില്‍
നീയോ നിശബ്ദയായിരിക്കുന്നു .
നിന്റെ മിഴികളില്‍ നോക്കി ഞാന്‍
മുന്നോട്ടു പായുകയാണ് .
റിയര്‍വ്യൂ മിറര്‍ എനിക്ക് വഴികാട്ടിയാകുന്നു
പകല്‍ എരിഞ്ഞു കത്തുന്നുണ്ടെങ്കിലും
നാമതറിയുന്നതെയില്ലല്ലോ.
----ബിജു ജി നാഥ് വര്‍ക്കല -----



Friday, August 25, 2017

ബോധമില്ലാത്തവര്‍


ചരിത്രത്തിന്റെ ഇടനാഴിയിൽ സത്യം
ബലാത്സംഗം ചെയ്യപ്പെടുമ്പോൾ
മതത്തിന്റെ കാവല്‍നായ്ക്കൾ കുരച്ചു തുടങ്ങും
ഹൃദയത്തിൽ ദൈവത്തിന്റെ പേര് കൊത്തിവച്ചു
ഇല്ലാത്ത ദൈവങ്ങൾക്ക് കൂര പണിയും .
പകലോന്റെ വെളിച്ചം മറയുമ്പോൾ
ഒന്നിച്ചിരുന്നു കോഴിക്കാലും മദ്യവും സേവിച്ചു
സുന്ദരീമാരുടെ നിതംബ ചലനം ആസ്വദിക്കും .
വീണ്ടും വെളിച്ചം വരുമ്പോൾ
പരസ്പരം ഉടുമുണ്ട് പൊക്കി നോക്കി
തലകൾ കൊയ്തു കൊണ്ട്
ദൈവത്തിന്റെ ആലയത്തിന് മതില് പണിയും .
ഇവിടെ ആരാണ് തെറ്റുകാർ ?

...ബി ജി എന്‍ വര്‍ക്കല 

Wednesday, August 23, 2017

പുനര്‍ജന്മം തേടുന്ന ജീവന്‍


മരണം വിരുന്നു വന്ന വീടിന്റെ
വരാന്തയില്‍ അല്പനേരം നില്‍ക്കണം
കിളികള്‍ ചിലയ്ക്കാന്‍ മറന്ന
തൊടിയിലെ നിശബ്ദത തൊട്ടറിയണം.
പാദുകങ്ങള്‍ അഴിച്ചു വച്ചു മെല്ലെ
സ്വീകരണമുറിയുടെ തണുപ്പിലലിയണം.
സാംബ്രാണിത്തിരി മണക്കുന്ന മുറിയില്‍
ഒറ്റയ്ക്കല്‍പ്പനേരമിരിക്കണം.
പഴകിയ ചുവരുകളില്‍ തട്ടി
നിശബ്ദം കേഴുന്ന മൗനത്തെയറിയണം .
സ്വീകരിക്കാനാരുമില്ലാത പോയ
നിരാശയില്‍ വീട് കേഴുന്നുണ്ടാകണം.
നിശബ്ദത കൂട്ടുകൂടിയ ഊണ്മേശകടന്നു-
പോകുമ്പോള്‍ ശബ്ദമുയരാതെ നോക്കണം.
അടുക്കളയിലെ കരിപുരണ്ട ഇരുട്ടിനെ
ജനാല തുറന്നു അപമാനിക്കാതിരിക്കണം.
ഗോവണി കയറ്റത്തില്‍ ഒരുകണ്‍ നോട്ടം
ഇടനാഴികളുടെ മൗനത്തിലേക്കെറിയണം
കിടക്കവിരികള്‍ ചുളിഞ്ഞു പൊടിയായി
നിരാശയുടെ രേഖാചിത്രങ്ങള്‍ വരച്ചതും
ഗദ്ഗദം മുറ്റിനിന്നു പൊടിഞ്ഞ ഹൃദയം
കണ്ണീര്‍ വാര്‍ത്ത കുളിമുറിയും കാണണം..
വാരിവലിച്ചിട്ട പഴയ സാധനങ്ങളില്‍
പരേതന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കണം
ജീവിച്ചിരുന്നപ്പോഴൊക്കെ നല്‍കിയ
വേദനകളെ അക്കമിട്ടു സ്മരിക്കണം .
എല്ലാം പൊടിതട്ടിയെടുത്തു തീയിട്ടു
ഒന്ന് മുങ്ങി നിവരണം പുഴയൊന്നില്‍
കൊണ്ടുപോയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു
പുതിയോരുടയാട ചുറ്റിതിരികെ വരണം.
മരണത്തിന്റെ ഗന്ധം നിറഞ്ഞ ചുവരുകളെ
കടും നിറങ്ങള്‍ പൂശി പുതുക്കണം.
പുതിയ നീലാകാശ വിരിയിട്ട ശയ്യയില്‍
എല്ലാം മറന്നൊന്നു കമിഴ്ന്നു കിടക്കണം.
ജീവിതത്തെയിങ്ങനെ തിരികെ വിളിക്കുമ്പോള്‍
കൂട്ടായി പുതിയ കനവുകള്‍ നെയ്യണം!
ആകാശം കാണാതെ കാത്തു വച്ച മയില്‍‌പ്പീലി
പെറ്റുവോയെന്നു തുറന്നു നോക്കണം.
ഓര്‍മ്മകളുടെ കടലില്‍ ഒളിപ്പിച്ചു വച്ച
ചിമിഴില്‍ നീയിപ്പോഴുമുണ്ടെങ്കില്‍
ഹൃദയത്തില്‍ നിന്നെയണിഞ്ഞു
ലോകത്തെ നേരിടണം ഏകയായിനി.
കൂടെയുണ്ടെന്ന വിശ്വാസം മാത്രം
കൂട്ടിനുമതിയെന്ന് മനസ്സിലുറപ്പിക്കണം
ഒരു ചുംബനം , സ്പര്‍ശം , നോട്ടം
ഒരു വാക്ക് കൊണ്ട് നീയെന്നെ ജീവിപ്പിക്കണം.
നിനക്കായ് മാത്രം മരിക്കാതിരിക്കാന്‍
ജീവിച്ചു തുടങ്ങട്ടെ ഞാനിനി.
--------ബിജു ജി നാഥ് വര്‍ക്കല



Tuesday, August 22, 2017

മഴക്കൂരാപ്പ്.................... ഒ ബി ശ്രീദേവി

മഴക്കൂരാപ്പ് (കവിതകള്‍ )
ഒ ബി ശ്രീദേവി
സിമ്പിള്‍ ബുക്സ്
വില 90 രൂപ

         കവിതകള്‍ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ് . എഴുതേണ്ടത് തലച്ചോറു കൊണ്ടും . ബൌദ്ധികവും കേവലവും ആയ വായനകള്‍ ആകാം . ആഴത്തിലും ഓടിച്ചും ഉള്ള വായനകള്‍ ആകാം . വായിച്ചു മടക്കി വയ്ക്കുമ്പോഴും തിരികെ നോക്കാന്‍ കൊതിക്കുന്ന വരികള്‍ ഉണ്ടാകാം കവിതകളില്‍ . വായിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത കവിതകളും ഉണ്ടാകാം . വായിച്ചു തുടങ്ങുമ്പോഴേ അടച്ചു വയ്ക്കുന്ന കവിതകളും ഉണ്ടാകാം . എഴുത്തുകാരന്റെ രചനാശൈലിയും എഴുത്തിലെ കാമ്പും എഴുത്ത് നല്‍കുന്ന ഭംഗിയും ഒക്കെ ആശ്രയിച്ചിരിക്കും ഓരോ കവിതയും അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കുക. ജീവിതത്തെ പച്ചയായി പകര്‍ത്തേണ്ടി വരുന്ന കവിതകള്‍ക്ക് പലപ്പോഴും പച്ചിരുമ്പ് മാംസത്തില്‍ തുളച്ചു കയറ്റുന്ന വേദന നല്‍കാന്‍ കഴിയും . അയ്യപ്പനും ചുള്ളിക്കാടും ഒക്കെ വീണ്ടും വീണ്ടും നെഞ്ചു പൊടിച്ചു നില്‍ക്കുന്നത് അതുകൊണ്ടാണ്. മരിച്ചവന്റെ പോക്കറ്റിലേക്ക് നീളുന്ന കണ്ണുകളും , വിഷം കുടിച്ചു സംഗീത ശാലയുടെ മുറ്റത്തു നില്‍ക്കുന്ന നിസ്സഹായതയും വായനക്കാരനില്‍ ഉണര്‍ത്തുക അനുഭവങ്ങളുടെ ആ പശിമ മൂലം തന്നെയാണ് .
    “മഴക്കൂരാപ്പ് എന്ന കവിതാസമാഹാരത്തില്‍ ഏകദേശം അറുപതോളം കവിതകള്‍ ഉണ്ട് . മൂന്നു ഭാഗം ആയാണ് ഇതില്‍ കവിത സെറ്റ് ചെയ്തിരിക്കുന്നത്. കുരീപ്പുഴ ശ്രീകുമാറിന്റെ അവതാരികയും ഒ വി ഉഷ , ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് , ആനന്ദി രാമചന്ദ്രന്‍ എന്നിവരുടെ ആസ്വാദനവും അടങ്ങിയ ഈ പുസ്തകം ശ്രീ ഒ ബി ശ്രീദേവിയുടെ പ്രഥമ കവിതാ സമാഹാരം ആണ് . ദീര്‍ഘങ്ങളോ ദുര്‍ഗ്രാഹ്യങ്ങളോ അല്ലാത്ത വളരെ ചെറിയ കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിനെ ഒരു പക്ഷെ കവിതാസമാഹാരം എന്നല്ല ഡയറി എന്നാണു വിളിക്കാന്‍ തോന്നുക . കുഞ്ഞു കുഞ്ഞു വരികളില്‍ പടര്‍ന്നു കിടക്കുന്ന ആകാശത്ത് കവയിത്രി കൊളുത്തിയിടുന്ന നക്ഷത്രവിളക്കുകള്‍ ആണ് ഓരോ കവിതകളും . ഇതില്‍ വിരഹവും പ്രണയവും ദാമ്പത്യവും പെണ്‍നോവുകളും നിറഞ്ഞു കിടക്കുന്നു . ബന്ധങ്ങളുടെ തീവ്രതയും കേവലതയും ശ്രീദേവി വരഞ്ഞിടുമ്പോള്‍ അനുഭവത്തിന്റെ തീക്കാറ്റ് അതില്‍ അലയടിക്കുന്നത് പോലെ അനുവാചകന് അനുഭവപ്പെടുന്നു . ഒരു പ്രതീകമായി നിന്നുകൊണ്ട് ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്ന പ്രതീതിയാണ് ശ്രീദേവി കവിതകളില്‍ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പ്രണയത്തിന്റെ തീരാദാഹത്താല്‍ അലയുന്ന മനസ്സുകളുടെ വേദന കവിതകളുടെ അകക്കാമ്പില്‍ നനഞ്ഞ കണ്‍പീലിയായി കിടക്കുന്നുണ്ട്. വളരെ ഈണത്തില്‍ ചൊല്ലാവുന്ന വളരെ കുറച്ചു കവിതകളും ചെറു ചെറു കവിതകളും ആണ് ഈ കവിത സമാഹാരത്തെ നിറയ്ക്കുന്നത് . ബാലിശമായ എഴുത്ത് എന്ന് പറയാന്‍ കഴിയില്ലെങ്കിലും പലപ്പോഴും എഴുത്തുകള്‍ കൈകളില്‍ നിന്നു നഷ്ടമാകുകയും ആത്മാവ് തേടുകയും ചെയ്യുന്നുണ്ട് . ബിംബവത്കരണത്തിലൂടെ മറഞ്ഞു നില്‍ക്കാനുള്ള കവിയുടെ ശ്രമം പലപ്പോഴും പറയുന്നത് ആവര്‍ത്തിക്കുകയോ പതിരാവുകയോ ചെയ്യുന്നത് വികാരവിക്ഷോഭത്തിന്റെ കൊടുമുടിയില്‍ നിന്ന് പിറക്കുന്ന വരികള്‍ക്ക് അന്ധത ബാധിക്കുന്നതിനാല്‍ ആകാം .
കവിതയെ മൂന്നു വിഭാഗമായി മാറ്റി എന്നതിനപ്പുറം അവ പ്രത്യേക മാനങ്ങളൊന്നും നല്‍കുന്നില്ല എന്നത് കൊണ്ട് എന്തിനാകാം ആ ഒരു വിഭാഗീകരണം എന്ന് വായിച്ചു തീരുമ്പോള്‍ തോന്നിച്ചു . അടുക്കും ചിട്ടയുമില്ലാതെ പടര്‍ന്നു കിടക്കുന്ന പ്രണയവും ജീവിതവും ദാമ്പത്യവും മൂന്നു ഭാഗങ്ങള്‍ ആയി തിരിച്ചിരുന്നെങ്കില്‍ എന്നൊരു തോന്നല്‍ ഉണ്ടാകുകയും ചെയ്തു.
ഒ ബി ശ്രീദേവിയുടെ ഭാഷ വളരെ നന്നായിരുന്നു . മനോഹരമായി പറയാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ വളരെ നല്ലൊരു ഭാവി ഈ കവിയില്‍ മലയാളം പ്രതീക്ഷിക്കുന്നു . കൂടുതല്‍ മെച്ചപ്പെട്ട കവിതകളുമായി പുതിയൊരു വായനയുടെ ആകാശം തുറന്നു കവി വരുന്നത് അതിനാല്‍ തന്നെ വായനക്കാരന്‍ സ്വപ്നം കാണുന്നു .  ഈ കവിതാ സമാഹാരത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ച ഒരു കവിത പകര്‍ത്തിക്കൊണ്ട് ഇത് ചുരുക്കാം . ഒരു പക്ഷെ ഈ സമാഹാരത്തിനു പറ്റിയ തലക്കെട്ടും ഇതായിരുന്നെനെ.
ഞെക്കിയാല്‍ കരയുന്ന
പാവ വേണമെന്ന്
അടുത്ത വീട്ടിലെ
അക്ഷിതമോള്‍
എപ്പോഴും പറയും.

എന്നുമത് മറന്നെങ്കിലും
അന്നോഫീസ് വിട്ടു
വന്ന വഴിയില്‍
മോളുടെ കൊഞ്ചല്‍ ഓര്‍ത്തു.

വീടായ വീടുകളിലും
നാടായ നാടുകളിലും
വിളിച്ചു നോക്കിയിട്ടും
മോള്‍ വിളികേട്ടില്ല.
ആരോ ഞെക്കി വലിച്ചെറിഞ്ഞ
പാവപോലവള്‍
തൊടിയിലെ
പപ്പായ മരച്ചുവട്ടില്‍
ഉണരാ നിദ്രയില്‍,

ഞെക്കുമ്പോള്‍
കരയുന്ന പാവയെ
സ്വപ്നം
കാണുന്നത്
ഞാനാണിപ്പോള്‍ (ഞെക്കുമ്പോള്‍ കരയുന്ന പാവ)

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

Sunday, August 20, 2017

വിയർപ്പ് പൂത്ത മരങ്ങൾ .........എം.ടി.രാജലക്ഷ്മി

വിയർപ്പ് പൂത്ത മരങ്ങൾ ( കവിതകൾ )
എം.ടി.രാജലക്ഷ്മി
സൗഹൃദ പബ്ളിക്കേഷൻസ്
വില 120 രൂപ

സാക്ഷിയില്ലാത്തൊരീയുലകത്തിൽ
സാക്ഷയെങ്കിലും ബലമാക്കീടാം,
പിന്നിലിരുന്നു ബലമൂട്ടുമിവൻ
മുന്നിൽ നിന്ന് കണ്ടു ചതിച്ചിടാ.... (സാക്ഷ)

         കവിതകളുടെ പൂമരമാണ് ശ്രീ രാജലക്ഷ്മിയുടെ ഈ കവിതാ സമാഹാരം. വായിച്ചു മറക്കുന്നതും ഓർത്തു വയ്ക്കുന്നതും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഈണത്തിൽ ചൊല്ലാവുന്നതുമായ വ്യത്യസ്ഥമായ 90 കവിതകൾ. സൗഹൃദയുടെ മികച്ച പ്രിന്റിംഗ് . എഡിറ്റിംഗും നല്ലത്. ശ്രീ മാധവൻ പുറച്ചേരിയുടെ അവതാരികയും ഡോ. സന്തോഷ് എസ് ചെറുമൂടിന്റെ പഠനവും ഉൾപ്പെടുത്തിയ ചെറുതും വലുതുമായ കവിതകൾ .
     
         കവിതാ രചനകളിൽ സോഷ്യൽ മീഡിയകൾ ചെലുത്തുന്ന നവ സ്വാതന്ത്ര്യവും രചനാപരമായ കാട്ടിക്കൂട്ടലുകളും കൊണ്ടു മലീമസമായിക്കൊണ്ടിരിക്കുകയാണല്ലോ കവിതാ സാഹിത്യ ശാഖയിന്നു. പഴയ ഹിന്ദി ഗാനങ്ങളും വിദേശ ഭാഷകളിലെ രചനകളും മൊഴി മാറ്റി അരികും മൂലയും ചെത്തിമിനുക്കി പുതിയ കവിതകൾ രംഗം കൈയ്യേറിയ കാലം കൂടിയാണിത്. മോഷണം ഒരു കലയാണ് എന്നു തെളിയിക്കുന്ന മോഷ്ടാക്കളും കവിതയെക്കുറിച്ചൊരു ഗ്രാഹ്യവുമില്ലാതെ കിട്ടുന്നതു ആരാണ് എന്നു പേരു നോക്കി വായിക്കുകയോ അക്ഷരത്തെറ്റുകൾ നോക്കുകയോ ചെയ്യാതെ പ്രിൻറിനിടുന്ന പ്രസിദ്ധീകരണങ്ങൾ കൂടിയാകുമ്പോൾ ആ തളർച്ചയുടെ വളർച്ച പൂർത്തിയാകുന്നു.  ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പേരു മാറ്റി ഇങ്ങനെ പ്രസിദ്ധീകരിച്ച തമാശ സാഹിത്യ ലോകം പങ്കുവച്ചിട്ടധികകാലമായിട്ടില്ല .

       എങ്കിലും കൂരിരുട്ടിലെ മിന്നാമിന്നികളെന്ന പോലെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില മുഖങ്ങൾ നല്ല കവിതകൾ കൊണ്ടു വായനക്കാരെ സന്തോഷിപ്പിക്കാറുണ്ട്. ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും മികച്ചതാണ് എന്ന അഭിപ്രായമില്ല എങ്കിലും ചില കവിതകൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നുണ്ട്. വരികൾക്കിടയിൽ മറന്നിടുന്ന അർത്ഥഗർഭമൗനങ്ങൾ വായനക്കാരെ ചിന്തകളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്ന മനോഹാരിത നല്കുന്നു ചില കവിതാ ശകലങ്ങൾ
.
എത്ര വിദഗ്ദ്ധമായാണ്
ഓർമ്മയുടെ നീരാളികൾ
മനസ്സിന്റെ ഞരമ്പുകളെ
വരിഞ്ഞു പൊട്ടിക്കുന്നത്? (മരണ നേരങ്ങൾ )

കോരാ ജനിക്ക നീ
നായായ് , നാൽക്കാലിയായ്
കുമ്പിളുപേക്ഷിക്കാൻ
മറ്റെന്തിനി മാർഗ്ഗം....  ( മറക്കരുത്)

പച്ച പിടിക്കാത്ത
ജീവിതത്തിന്റെ വിശപ്പിൽ
എഴുത്തു മാഞ്ഞ കവിത,
കേട്ടു മടുക്കാത്ത
വാക്കിൻ പച്ച
കല്ലിച്ചു മരിച്ചു ( കവി)

ഒറ്റ മഴക്കുളിരിൽ
കെട്ടഴിയുമോ ,
കെട്ട കാലത്തിൻ
ചുട്ട കനലുകൾ ..... (കെട്ടതും ചുട്ടതും)

തുടങ്ങി പല കവിതകളും നമ്മോട് ആഴത്തിൽ ചിന്തിക്കാൻ പറയുന്നുണ്ട്- പൊതുവേ പെണ്ണെഴുത്തു എന്നൊരു തട്ടകം ചിലർ വാർത്തിട്ടു അതിൽ കുറച്ചു പ്രണയം , മാതൃത്വം , മഴ , പുഴ , ആർത്തവം എന്നീ ഊരാക്കുടുക്കുകളുണ്ടാക്കി കവിതാ ലോകം സാന്ദ്രമാക്കി നിർത്തുന്നെന്ന  പരാതി രാജലക്ഷ്മി നിലനിർത്തുന്നില്ല. രാജലക്ഷ്മിയുടെ കവിതകളിൽ മണ്ണുണ്ട് പുഴയുണ്ട് മരമുണ്ട് ആകാശമുണ്ട് പക്ഷേ അവയിലൂടെ തനിക്കു ചുറ്റുള്ള ലോകത്തെ ഒരു ദാർശനികമായ ഉൾക്കാഴ്ചയോടെ നേരിടുകയാണ്. പ്രണയത്തിന്റെ ഉപ്പും മുളകും തേടിപ്പോകാൻ സമയമില്ലാത്ത കവി

കുന്നിക്കുരുവോളമേയുള്ളൂ
എന്റെ നോവു, കനവു ,
നിനവു , പിന്നെ നിലാവും (വൻ കടലുകൾ ) എന്നു  പ്രഖ്യാപിക്കുന്നു.. സാരിയുടെ മഹത്വം പറയുമ്പോൾ തന്നെ സാരിയുടെ രാഷ്ട്രീയം കവി മറക്കുന്നില്ല.

സാരി -
ദേശീയ വസ്ത്രമല്ലോ.
'ദേശീയത'യെന്നാൽ
നാലാളു കാണേണ്ടതല്ലേ.. ( സാരിയിലെ ദേശീയത )

അതു പോലെ മറ്റൊരിടത്ത് സമകാലീന ഭാരതത്തെ വായിക്കപ്പെടുന്നത്

നായ്ക്കും , നരിക്കും
നാട്ടിലെ പ്പശുവിനും
ചെല്ലപ്പൊറുതിക്കായ്
നിയമം മെനഞ്ഞിട്ടു ( മറക്കരുത്) എന്നാണ് . തികച്ചും     വാസ്തവികതയിലൂന്നി നിൽക്കുന്ന കവിയുടെ മനസ്സിൽ കാല്പനികതയുടെ പൊൻ നൂലുകൾ ഭദ്രമാണെങ്കിലും അതിനെ അധികം ഉപയോഗപ്പെടുത്തിക്കണ്ടില്ല .,

വസന്തം ബാക്കി വച്ച
ഒരു തേൻകണം
ഉഷ്ണക്കല്ലു പതിപ്പിച്ചു
കാലടികളിലെ
സമാന്തര വെടിപ്പുകളിൽ
ഉപ്പു പരൽ നീറ്റുന്നു ( വിയർപ്പ് പൂത്ത മരങ്ങൾ )
നിലപാടുകളെ നിശിതമായ് പറഞ്ഞു വയ്ക്കുമ്പോഴും ഉള്ളിലെ  നോവുകളുടെ വിങ്ങൽ

നെഞ്ചകത്തെ
ഒരു കിനാവിന്
പനിച്ചു പൊള്ളുന്നു .
കരിമ്പടം കൊണ്ടു
പുറം പൊതിഞ്ഞിട്ടും
അകം കിടുങ്ങുന്നു ( പനി ) എന്ന് രേഖപ്പെടുത്തുന്നു.

     തീർച്ചയായും വായനയിൽ വ്യത്യസ്ഥത നല്കിയ ഈ കവിതാ സമാഹാരം രാജലക്ഷ്മിയുടെ രണ്ടാമത്തെ പുസ്തകമാണ്. വായനക്കാർക്ക് നല്ലൊരു കവിതാ വിരുന്നാണ്  ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല

Saturday, August 19, 2017

ഇനി ഞാൻ മരിച്ചതാകുമോ ?

കനലണഞ്ഞ മനസ്സിലിപ്പോൾ
ഡിസംബറിന്റെ തണുപ്പാണ്.
തിരകളില്ലാത്ത കടലുപോലെ
ഹൃദയവും മയങ്ങുന്നു.
പൂവിടാത്ത മരംപോലെ
പ്രതീക്ഷകൾ നരച്ചുപോയിരിക്കുന്നു.
ഏതോ ചരടുകൾ കൊണ്ട്
ജീവിതം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോഴതിൽ പ്രണയത്തിന്റെ
തീരാമഴകളില്ല
പരിഭവത്തിന്റെ പിശറൻ കാറ്റില്ല.
രതിയുടെ തേനീച്ചകൾ
മുരളുന്നുമില്ല.
മതവെറികളുടെ ചോരച്ചാലുകൾ
മനസ്സിനെ നടുക്കുന്നില്ല .
ഫാസിസത്തിന്റെ നീരാളിക്കൈകൾ
ചിന്തയെ ഭീതിപ്പെടുത്തുന്നില്ല.
പോരാട്ട വീര്യം ചോരയെ
ത്രസിപ്പിക്കുന്നുമില്ല.
കനലണഞ്ഞ മനസ്സിലിപ്പോൾ
ഡിസംബറിന്റെ തണുപ്പാണ്.
ശവപ്പെട്ടിയിലsച്ചു മണ്ണിൽ താഴ്ത്തിയ
ശരീരത്തിന്റെ സാന്ദ്രത .
ഇനി ഞാൻ മരിച്ചതാകുമോ ?

....... ബി.ജി.എൻ വർക്കല

കണ്ണീരിന്റെ ഈര്‍പ്പം ................ ശശി തിരുമല

കണ്ണീരിന്റെ ഈര്‍പ്പം (കഥകള്‍)
ശശി തിരുമല
പ്രഭാത് ബുക്ക്‌ ഹൗസ്
വില 115 രൂപ

കഥകളുടെ രസതന്ത്രം അറിയാത്തവര്‍ക്ക് കഥയെഴുത്ത് വെറും പ്രഹസനം മാത്രമായിരിക്കും. ചെറുകഥകള്‍ സാഹിത്യ ശാഖയുടെ വളരെ വലിയൊരു ഘടകമായി നിലനില്‍ക്കുന്നത് ഈ രസതന്ത്രം കരസ്ഥമാക്കാന്‍ ഉള്ള ശ്രമഫലങ്ങളുടെ വിജയപരാജയങ്ങള്‍ എഴുത്തുകാരനെയും വായനക്കാരനെയും ഒരുപോലെ കൂടുതല്‍ മനസ്സിലാക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള അവസരങ്ങള്‍ കൂടിയാണ് . കഥകള്‍ കേള്‍ക്കുക , പറയുക, വായിക്കുക, എഴുതുക എന്നിവ മനുഷ്യമസ്തിഷ്കവികാസ പരിണാമഘട്ടങ്ങളിലെ ഏറ്റവും നല്ലൊരു വിനോദോപാധിയും ഒപ്പം തന്നെ വളവും ആയിരുന്നു . അറിവിനെ കഥകളിലൂടെ അവനിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഗുരുക്കന്മാരില്‍ നിന്നും ഇന്ന് കിന്ടില്‍ വായനകളില്‍ വന്നു നില്‍ക്കുമ്പോഴും ഈ വികാസപരിണാമങ്ങളെ കഥകള്‍ വളരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്
പതിനൊന്നു കഥകളുടെ സമാഹാരവുമായി പ്രഭാത് ബുക്സ് ഇറക്കിയ “കണ്ണീരിന്റെ ഈര്‍പ്പം” എന്ന കൃതി ശ്രീ “ശശി തിരുമല”യുടെ ആദ്യ കഥാസമാഹാരം ആണ് . ഇതിലെ കഥകള്‍ എല്ലാം തന്നെ നമ്മുടെ ഇടയിലെ ജീവിതപരിസരങ്ങളില്‍ നിന്നും നാം കണ്ടുമുട്ടുന്നതോ ,നാം തന്നെയായതോ ആയ ജീവിതങ്ങള്‍ ആണ് . ഇതിലെ കഥകളില്‍ എല്ലാം കേന്ദ്രകഥാപാത്രമായി നില്‍ക്കുന്ന ‘ഞാന്‍’ എന്നൊരു കഥാകാരന്‍ ഉണ്ട് . ആ ഞാനിലൂടെ വിവിധ ജീവിതങ്ങളെ പകര്‍ത്തിക്കാണിക്കുമ്പോള്‍ ഇവയിലെവിടെയൊക്കെയോ വായനക്കാരന്‍ തന്നെ ഞാന്‍ ആയി മാറുന്ന ഒരു സവിശേഷത വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .
മധ്യവയസ്സില്‍ എത്തിയ ഒരു ആളിന്റെ ചിന്തകള്‍ ആയി ആണ് ഓരോ കഥകളും വായനക്കാരന്‍ വായിച്ചെടുക്കുക . ജീവിതത്തിന്റെ സായംകാലത്തില്‍ ഒരു മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ചുറ്റുപാടുകള്‍ , ബന്ധങ്ങള്‍ , അവസ്ഥകള്‍ തുടങ്ങിയവ കഥകളില്‍ നിറയുന്നു . ചിലപ്പോള്‍ അതു വീട്ടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു മറ്റു ചിലപ്പോള്‍ പുറം ലോകത്തിന്റെ പച്ചപ്പില്‍ മേഞ്ഞു നടക്കുന്നു . ഈ കഥകള്‍ എല്ലാം തന്നെ എഴുത്തിന്റെ ശൈലിയില്‍ നോക്കുകയാണെങ്കില്‍ പഴയകാല രചനകളുടെ ബോധമോ അബോധമോ ആയ ഒരു സ്വാധീനം കടന്നുകൂടിയിട്ടുണ്ട് എന്ന് കാണാം . കഥയിലെ ഭാഷ , അവതരണശൈലി , ചിന്താധാര എന്നിവയെല്ലാം ഈ ഒരു സംശയം വായനക്കാരനില്‍ ഉയര്‍ത്തും . വിഷയങ്ങള്‍ ഇന്നിന്റെത് കൂടിയാകുമ്പോഴും അതിന്റെ ഭാഷ ഇന്നലെയുടെത് ആകുന്നതു ഒരുപക്ഷെ വായനക്കാരില്‍ ഉണ്ടാക്കിയേക്കാവുന്ന താത്പര്യത്തെ എങ്ങനെ വിശദീകരിക്കുക എന്ന് പറയാന്‍ കഴിയില്ല .
ഈ കഥകള്‍ എല്ലാം തന്നെ ആശയം കൊണ്ട് സമ്പുഷ്ടമാണെങ്കിലും അവതരണത്തില്‍ കുറെയേറെ കല്ലുകടികള്‍ ഉണ്ടാകുന്നുണ്ട് . പലപ്പോഴും വായനക്കാരന്റ്റ് സ്വാതന്ത്ര്യത്തെ എഴുത്തുകാരന്‍ ഹനിക്കുന്നു . ഒരു സംഭവമോ വസ്തുതയോ നായകന്‍ കടന്നു പോകുന്ന അവസരത്തില്‍ അതില്‍നിന്നും വായനക്കാരന്‍ എന്ത് കണ്ടു എന്ന് എഴുത്തുകാരന്‍ തന്നെ വിശദീകരിക്കുന്നതു വായനയില്‍ വിരസത സൃഷ്ടിച്ചേക്കാം. “മനസ്സിലും സ്റ്റെന്റ്” ,”പ്രദക്ഷിണം” തുടങ്ങി ചില കഥകളില്‍ ഇത്തരം കാര്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട് . സീരിയലുകളുടെ ധാര്‍മികതയും , ജ്യോതിഷത്തിന്റെ കാപട്യവും പറയാന്‍ എഴുത്തുകാരന്‍ ഒരുപാട് പേജുകള്‍ വെറുതെ കളഞ്ഞത് ഈ കഥകളില്‍ മുഴച്ചു നിന്നവയാണ് . വായനക്കാരന് മനസ്സിലാകുന്ന വിഷയം ആണ് എങ്കിലും എഴുത്തുകാരന്‍ അതു പിന്നെയും വിശദീകരിച്ചു വലിച്ചു നീട്ടുന്നുണ്ടായിരുന്നു .
മറ്റൊന്ന് പല കഥകളിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവരേ അവതരിപ്പിക്കുന്ന രീതികളില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന അവസരങ്ങള്‍ കാണാം . “കണ്ണീരിന്റെ ഈര്‍പ്പം” എന്ന ടൈറ്റില്‍ കഥ തന്നെ ഇത്തരം ചില സന്ദര്‍ഭങ്ങള്‍ വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട് . ഭാര്യയോടെ സംസാരിക്കുന്ന സമയത്ത് തന്നെ അപരിചിതനായ മൂന്നാമതൊരാളോട് സംസാരിക്കുന്ന ഒരു പ്രതീതി ചിലപ്പോള്‍ കടന്നു വരുന്നുണ്ട്. അതുപോലെ കഥയുടെ തുടക്കം വര്‍ത്തമാനത്തില്‍ നില്‍ക്കുകയും മധ്യത്തില്‍ എത്തുമ്പോള്‍ വര്‍ത്തമാനകാലം ഭൂതകാലത്തിലേക്ക് വഴിമാറുകയും ഭാവികാലം വര്‍ത്തമാനകാലത്തിലേക്ക് വരികയും ചെയ്യുന്നതു വായനയില്‍ വലിയ സ്വാധീനം ഉണ്ടാക്കുനുണ്ട് .

കഥകളുടെ ഈ സമാഹാരം ബാലാരിഷ്ടതകള്‍ പേറുന്നു എങ്കിലും കഥാബീജങ്ങള്‍ എഴുത്തുകാരനിലെ പ്രതിഭയെ വിളിച്ചറിയിക്കുന്നു. സ്ത്രീ പക്ഷത്തെ ഒരു ടിപ്പിക്കല്‍ പുരുഷ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിക്കുന്ന പതിനൊന്നു കഥകള്‍ ആണ് ഇവ . സമൂഹത്തില്‍ മാറ്റങ്ങള്‍ കടന്നുവരാത്ത ഗ്രാമീണ ജീവിതത്തിന്‍റെ നാഗരിക മുഖം കൂടിയാണ് ഓരോ കഥകളും പങ്കുവയ്ക്കുന്ന കഥാപാത്രങ്ങള്‍ . ചുരുക്കത്തില്‍ ഒറ്റവായനക്ക് ഉതകുന്ന ഈ കഥാ സമാഹാരം ശ്രീ ശശിതിരുമലയുടെ കന്നി സംരംഭമാകയാല്‍ വരുംകാല രചനകള്‍ കൂടുതല്‍ മികവുറ്റതാകും എന്നൊരു ശുഭപ്രതീക്ഷ ഓരോ കഥകളും നല്‍കുന്ന ചിന്തകള്‍ പങ്കുവക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

Wednesday, August 16, 2017

മുലകൾ


അവന്
സ്നിഗ്ധതയുടെ
മനോഹാരിതയുടെ
വർണ്ണനകളുടെ
കാമത്തിന്റെ
കളിക്കോപ്പുകളായിരുന്നു.
ദർശനമാത്രയിൽ
ഉദ്ദാരണത്തിനു,
അവസരങ്ങൾക്കൊത്ത്
കശക്കിയെറിയുവാൻ
ഒരു കളിപ്പന്തു.
അവൾക്ക്
ജനനം മുതൽ
മരണം വരെയും
വേദന
ലജ്ജ
അപമാനം
ഭാരം
ഒക്കെയായി
തല കുനിക്കപ്പെടുന്ന
വെറും നോവാണത്.
ഇറ്റുകാലം അമൃതൂട്ടുവാൻ
ജന്മകാലം ചുമക്കും
ഭാരം മാത്രം!
... ബിജു ജി നാഥ് വർക്കല

Saturday, August 12, 2017

SITA Warrior of Mithila .......... Amish

SITA Warrior of Mithila (Fiction)
Amish
West land books.in
Price 350 Rs

ചരിത്രവും യാഥാർത്ഥ്യവും പലപ്പോഴും ഭാവനാത്മകമായി ചിത്രീകരിക്കാൻ കഴിയുന്ന എഴുത്തുകാരന്റെ കൈയ്യിൽ ഒരു വലിയ സാധ്യത തുറന്നുകൊടുക്കും.  ലോകമൊട്ടുക്കുള്ള ഫിക്ഷൻ സാഹിത്യങ്ങൾ വിജയിച്ചവയൊക്കെ ഇത്തരം കയ്യടക്കമുള്ള എഴുത്തുകാരുടെ സംഭാവനകളാണ്  എന്നു നമുക്കറിയാം. രാമായണം എന്ന ഇതിഹാസകഥയെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പിന്നെ വിദേശ രാജ്യങ്ങളും ചേർന്നു വളരെ വൈവിധ്യമാർന്ന രീതികളിൽ വായിക്കുന്നുണ്ട്. ഇവയുടെയൊക്കെ മൂലകഥയെന്നു വിശ്വസിക്കുന്ന വാത്മീകി രാമായണത്തിൽ നിന്നും ഒട്ടനവധി വ്യത്യസ്ഥതകൾ ഈ വായനകളിലൊക്കെ കാണാവുന്നതാണ്. ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം ആരാധിച്ചു പോരുന്ന ശിവന്റെ ജീവിതകഥയെ വളരെ വ്യത്യസ്ഥമായ തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ്  അമീഷ് എന്ന എഴുത്തുകാരൻ ഇന്ത്യൻ സാഹിത്യത്തിൽ തന്റെ മേൽവിലാസം ഉറപ്പിച്ചത്. അവയിലുള്ള വിജയമായിരുന്നു അത് മലയാളമടക്കം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടതും മലയാളത്തിലെ പ്രധാന പ്രസാധകരായ ഡി.സി ബുക്സ് അവയെ മലയാളിക്ക് പരിചയപ്പെടുത്തിയും . അമീഷിന്റെ അടുത്ത സീരീസാണ് രാമായണം. രാമന്റെ കഥ , സീതയുടെ കഥ , രാവണന്റെ കഥ , സീതാപഹരണം ഇങ്ങനെ നാലു സീരിസാണ് വരുന്നത്. അതിൽ ആദ്യ രണ്ടു സീരിസും ഇംഗ്ലീഷ് പതിപ്പു ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതിലെ രണ്ടാമത്തെ സീരിസായ സീത - മിഥിലയിലെ യോദ്ധാവ് , സീതയുടെ കഥയാണ്. സീതയുടെ ജനനം മുതൽ പഞ്ചവടിയിൽ വച്ചു രാവണൻ അപഹരിച്ചു പോകുന്നതുവരെയുള്ള സംഭവങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. വളരെ രസാവഹമായ ഒരു വായനയാണ് ഈ പുസ്തകത്തിന്റെ അവതരണം നല്കുന്നത്.  ഇന്ത്യാക്കാരുടെ മനസ്സിലെ സുന്ദരിയും സുശീലയും സർവ്വോപരി മാൻപേട പോലെ നിഷ്കളങ്കയും സാധുവുമായ സീതയുടെ മുഖം ഒരിക്കലും ഈ പുസ്തകത്തിൽ വായനക്കാരനു ലഭിക്കുകയില്ല. രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങളെ മാത്രം അടർത്തിയെടുത്തു മിത്തുകളുടെയും ചരിത്രത്തിന്റെയും തൊങ്ങലുകൾ വച്ചുപിടിപ്പിച്ചു അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ സീത ഒരു മികച്ച യോദ്ധാവാണ്. ആയോധനകലയിൽ പ്രാവീണ്യമുള്ള സീത മിഥിലയുടെ പ്രധാനമന്ത്രിയാണ്. ഒപ്പം തന്നെ കാലാകാലങ്ങളായുള്ള വിഷ്ണുവിന്റെ പിന്മുറക്കാരിയായാണ് സീത ഇതിൽ പ്രത്യക്ഷപ്പെടുന്നത്. മലയ പുത്രന്മാർ എന്നറിയിപ്പെടുന്ന ( വൈഷ്ണവർ ആകാം ) വിശ്വാമിത്രനെന്ന മഹർഷിയുടെ നേതൃത്വത്തിൽ കഴിയുന്ന ജനവിഭാഗവും വസിഷ്ഠ മഹർഷിയുടെ നിയന്ത്രണത്തിലുള്ള വായുപുത്രന്മാ(ശൈവർ ആകണം ) രുടെ യും കൂട്ടായ നേതാവായാണ് ഓരോ കാലത്തും വിഷ്ണുവിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. വാമനനും മോഹിനിക്കും പരശുരാമനും ശേഷം പരസ്പരം പിണക്കത്തിലായ വിശ്വാമിത്രനും വസിഷ്ഠനും തിരഞ്ഞെടുക്കുന്ന വിഷ്ണുമാരാണ് സീതയും രാമനും. പ്രാചീന ഇന്ത്യയുടെ ഭൂവിഭാഗങ്ങളെയും തമിഴ് , കേരള ജനതയുടെ ജീവിതത്തെയും ഭൂവിഭാഗ പ്രത്യേകതകളെയും ആചാരങ്ങളെയും കൂട്ടിയിണക്കിയാണ് കഥയാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. രാവണനും പുഷ്പകവിമാനവും ആയുധങ്ങളും ഒക്കെ ഇന്നത്തെ ചുറ്റുപാടുകളിൽ നിന്നു കൊണ്ട് അവതരിപ്പിക്കപ്പെടുന്നു . മന്ഥരയും ഇതിൽ ഒരു വലിയ വ്യവസായിയാണ്. രാവണൻ കടലിലൂടെയുള്ള ഗതാഗതത്തിന്നു ചുങ്കം പിരിക്കുന്ന ഒരു വലിയ കച്ചവടക്കാരനും ഒരു അധികാര കേന്ദ്രവും ആയി ഇതിൽ അവതരിപ്പിക്കപ്പെടുന്നു. ജഡായു , ഹനുമാൻ , ബാലി തുടങ്ങിയവരെ മനുഷ്യരായും ശാരീരിക പ്രത്യേകതകൾ വിശേഷിപ്പിച്ചു  പ്രത്യേക ജനവിഭാഗമായും കാണിക്കുന്നു. രാമനേക്കാൾ അഞ്ചു വയസ്സിനു മൂത്ത സീതയുടെ ഭരണ ശേഷിയും , കഴിവും , അറിവുകളും മിഥിലയെ പുരോഗതിയിലേക്ക് നയിക്കുന്നതും മഹർഷിമാരുടെ മത്സരങ്ങളും സീതയുടെ താത്പര്യവും മുൻ നിർത്തി സ്വയംവര പരീക്ഷയിലൂടെ രാമനെ വിവാഹം കഴിച്ചു ഇന്ത്യയെ മൊത്തം രക്ഷിച്ചു പുരോഗതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമവും , ജാതി വ്യവസ്ഥിതിയും നീതി  നിയമവ്യവസ്ഥിതിയും ഉടച്ചുവാർക്കാനുള്ള ചിന്തകളുമൊക്കെയാണ് കഥയിലെ സാരാംശമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശൂർപ്പണഖ എന്ന രാവണ സഹോദരിയുടെ വിഭീഷണനോടൊത്തുള്ള വരവും രാമന്റെ ആതിഥ്യം സ്വീകരിക്കലും കൗശലപൂർവ്വം ഉള്ള കരുനീക്കങ്ങളും ഒടുവിൽ കള്ളി പുറത്തായപ്പോൾ ലക്ഷ്മണനുമായുള്ള ചെറിയ കശപിശയിൽ സ്വന്തം കഠാരയാൽ മൂക്കു മുറിയപ്പെടുന്ന സന്ദർഭവും, സീതയെ ആക്രമിച്ചു കീഴ്പ്പെടുത്തി കൊല്ലാതെ കൊണ്ടു പോകുന്നത് രാമനെ കൊല്ലാനുള്ള തന്ത്രമാണ് എന്നതും അത് വിശ്വാമിത്രനും വസിഷ്ഠനുമായുള്ള പകയുടെ ബാക്കിയാണെന്നും , വിശ്വാമിത്രന്റെയും രാവണന്റെയും കുലം ഒന്നായതിനാൽ സീതയെ കൊല്ലില്ലയെന്നതും  രാമായണ കഥ വായിച്ചു ഭക്തിയോടിരിക്കുന്ന മലയാളിയിൽ എന്തു വികാരമാകും ഉണർത്തുക എന്നു പറയുക ബുദ്ധിമുട്ടാണ്. എങ്കിലും വായനയിൽ രസവും സമയം കൊല്ലിയുമായ ഈ പുസ്തകം കുറച്ചു പേരെയെങ്കിലും ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. വളരെ ദീർഘമായ ഒരു വായനയാണ് എങ്കിലും എഴുത്തുകാരന്റെ ഭാവനയെ അംഗീകരിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല