Monday, August 28, 2017

പച്ചിരുമ്പും ഹൃദയകാന്തവും.............. മാലിനി

പച്ചിരുമ്പും ഹൃദയകാന്തവും (കവിതകള്‍)
മാലിനി (പ്രവാഹിനി)
പായല്‍ ബുക്സ്
വില 70 രൂപ

കവിതകള്‍ ഹൃദയത്തില്‍ നിന്നും വരുന്നതാണ് എന്നോര്‍മ്മപ്പെടുത്തുന്നു പലപ്പോഴും ഓരോ പുതുകവിതകളും വായിക്കപ്പെടുമ്പോള്‍. നിങ്ങള്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് വ്യക്തമായി രേഖപ്പെടുത്താന്‍ കഴിയുന്നു . ഗുപ്തമായ സന്ദേശം അതില്‍ അടയാളപ്പെടുത്താന്‍ കഴിയുന്നു . അവ നേത്രങ്ങള്‍ക്ക് എത്ര തന്നെ ആനന്ദദായകം ആകുന്നുവോ അത്രതന്നെ ചിന്തകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു . ഇതേ അനുഭവം ഒരു കവിതയില്‍ ആകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇവ രണ്ടും മാത്രമല്ല അതിനെ ഭംഗിയായി ആലപിക്കാനും ഓര്‍ത്ത്‌ വയ്ക്കാനും ഉള്ള ഒരു അവസരം കൂടിയാണ് . ഈ ആലാപനം പലപ്പോഴും സാധ്യമാകുന്നത് അവയെ താളനിബദ്ധമായി വായിക്കാന്‍ സാധിക്കുമ്പോള്‍ ആണ് . ആധുനിക കവിതയില്‍ ആ താളം തിരയുന്നത് ക്ലേശകരമാണ് എന്ന് മാത്രമല്ല അത്തരം വായനകള്‍ കേവലം ഭംഗിവാക്കുകള്‍ ആയി മാറുകയും ചെയ്യുന്നു . വായിക്കുക എന്നതിനപ്പുറം വായനക്കാരന്‍ അതിനെ നെഞ്ചില്‍ സ്വീകരിക്കണം എന്ന് പുതിയകാലകവി ഒരിക്കലും നിര്‍ബന്ധം പിടിക്കുന്നില്ല . ഒരു കഥയോ നോവലോ സ്വീകരിക്കുമ്പോലെ അതിന്റെ സാരാംശം മാത്രം എടുത്തുകൊണ്ടു പ്രവര്‍ത്തിക്കൂ പ്രതികരിക്കൂ എന്ന് പുതിയകാലകവിത വിളംബരം ചെയ്യുന്നു . പലപ്പോഴും പഴയ കവിതകളുടെ സംഗീതാത്മകത ആസ്വദിച്ച പുതിയ കാലത്തിലെ പഴയവായനക്കാര്‍ക്ക് അതിനാല്‍ ഇത്തരം ഗദ്യകവിതകളെ സ്നേഹിക്കാന്‍ കഴിയുന്നില്ല . അവര്‍ വേദികളിലും സോഷ്യല്‍മീഡിയഗ്രൂപ്പുകളിലും പുതിയതലമുറയെ വൃത്തവും താളവും ലയവും സംഗീതവും പഠിപ്പിച്ചു അധ്യാപകവേഷം കെട്ടുന്നു . നിരൂപകവാളുകള്‍ എടുത്തു കവിതകളെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിക്കുന്നു . സ്വാഭാവികമായ ഒരു സാധാരണ എഴുത്തുകാരനോ തുടക്കക്കാരനോ ഈ വാള്‍ മുനയില്‍ മുറിവേറ്റ് എന്നില്‍ കവിതയില്ല , എനിക്ക് വൃത്തം അറിയില്ല അതിനാല്‍ ഇനി എഴുത്ത് നടക്കില്ല എന്നൊരു ചിന്തയില്‍ പിന്തിരിഞ്ഞു നടക്കുന്നു. ചിലരാകട്ടെ ഇത്തരം അധ്യാപകരുടെ ഇന്ബോക്സിലും ഫോണിലും ഒക്കെ ശിഷ്യത്തം സ്വീകരിച്ചു പ്രത്യേക വാത്സല്യം നുകര്‍ന്ന് അവരുടെ തിരുത്തലുകള്‍ സ്വീകരിച്ചു സ്വന്തം കവിതകളെ അംഗഭംഗം വരുത്തിയ പുതിയ കവിതയായി താളത്തില്‍ ചൊല്ലിയും പകര്‍ന്നും കവി എന്ന ലേബല്‍ സ്വയം സ്വീകരിക്കുന്നു . നിരന്തരമായ നവീകരണം കവിതയില്‍ സംഭവിക്കുന്നുണ്ട് പക്ഷെ അവയെ സ്വീകരിക്കുവാന്‍ കവിക്ക്‌ കഴിയുന്നില്ല . മാമൂലുകളുടെ , പാരമ്പര്യങ്ങളുടെ ശാസനകളും തല്ലുകളും ഏറ്റു അവര്‍ തങ്ങളുടെ സ്വതം മറക്കുന്നു . ഇതില്‍ നിന്നും കുതറിമാറി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് താളം ലയം അല്ല സന്ദേശം ആണ് പ്രധാനം എന്നും തനിക്കു പറയാനുള്ളത് താന്‍ പറഞ്ഞു തന്നെ തീരും അതിനു നിബന്ധനകളും അതിരുകളും ആവശ്യമില്ല എന്നുറക്കെ പ്രഖ്യാപിക്കുന്നവര്‍ ഇന്നേറെയുണ്ട്  . അങ്ങനെ സോഷ്യല്‍ മീഡിയ തുറന്നുകൊടുത്ത സ്വാതന്ത്രവും ആത്മവിശ്വാസവും ഒരു പരിധിവരെ ആധുനിക കവിതയെ സ്വന്തം കാലില്‍ നില്‍ക്കാനും പ്രതിഷേധിക്കാനും സഹായിച്ചു .
മാലിനി എന്ന കവിയുടെ 64കവിതകളുടെ സമാഹാരം ആണ് പച്ചിരുമ്പും ഹൃദയകാന്തവും . ചെറുതും വലുതുമായ അറുപത്തിനാല് കവിതകള്‍ . സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തനിക്കു ലഭിച്ച പ്രോത്സാഹനവും ഗുരുതുല്യരായുള്ളവരുടെ നിര്‍ദ്ദേശങ്ങളും തന്റെ എഴുത്തിനെ കൂടുതല്‍ ഗൌരവത്തോടെ കാണാന്‍ സഹായിച്ചു എന്ന മുഖവുരയോടെ ആണ് കവി തന്റെ കവിതകള്‍ വായനക്കാരന് സമര്‍പ്പിക്കുന്നത് . ജ്യോതി കെ ജി യുടെ അവതാരികയും ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ അധികാരികളുടെ ആസ്വാദനവും ഒക്കെ ചേര്‍ത്തു മനോഹരമായ പ്രിന്റിംഗ് , എഡിറ്റിംഗ് ആണ് ഈകവിതാ സമാഹാരം നല്‍കുന്ന ആദ്യകാഴ്ച . കവിതകളിലേക്ക്‌ കടക്കുമ്പോള്‍ ആണ് കവിയുടെ ഭാഷയോടും കവിതയോടും ഉള്ള പ്രണയവും ആത്മാര്‍ഥതയും വായനക്കാരന് അനുഭവവേദ്യമാകുന്നത്. വളരെയധികം കവിതകളില്‍ കവിതയോടുള്ള തന്റെ പ്രണയം കവി വ്യക്തമായും വരച്ചിടുന്നു . പ്രിയനായി , പ്രണയമായി , തന്റെ വിഷമങ്ങളും വേവലാതികളും കവി പറഞ്ഞു തീര്‍ക്കുന്നത് കവിതയോടുതന്നെയാണ് . കവിതയാണ് ജീവിതം , ആത്മാവും എന്ന കവിയുടെ നിലപാട് കവിതയെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിനെ അതുപോലെ അവതരിപ്പിക്കുന്നു എന്ന സന്തോഷം മറച്ചു വയ്ക്കുന്നില്ല . പ്രണയം ആണ് മൂലവിഷയം എങ്കിലും സമൂഹത്തെ വളരെ ഉള്‍ക്കാഴ്ചയോടെ നോക്കിക്കാണുന്ന കവി വെറും കാല്പനികത അല്ല തന്റെ ലോകം എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു .
ഒരുക്കുന്നുണ്ട്‌ ആയുധങ്ങള്‍...
മുളങ്കമ്പിന്‍ തലയ്ക്കല്‍
നിറങ്ങള്‍ -
ചോരയും ഇലയും മണ്ണും ...(ചുവപ്പില്‍ വരച്ച ചിത്രങ്ങള്‍ ) നോക്കൂ ചോരയും ഇലയും മണ്ണും . ചെങ്കൊടിയും വര്‍ഗ്ഗീയതയുടെ പച്ചയും കാവിയും . മൂവരും ആയുധങ്ങള്‍ ഒരുക്കുന്നുണ്ട്‌. എത്ര വ്യക്തമായാണ് കാലികമായ ലോകത്തിന്റെ ചലനങ്ങളെ കവി രേഖപ്പെടുത്തുന്നത് . ദാമ്പത്യബന്ധത്തെ , പ്രണയബന്ധത്തെ അതിന്റെ ഇഴയടുപ്പത്തെ കവി ഇങ്ങനെ കുറിച്ചിടുന്നു .
ഏതു കലഹത്തിനൊടുവിലും
തുളുമ്പിത്തെറിക്കാതെ നാം
സ്നേഹനൂല്‍ കൊരുത്ത
ഹൃദയകാന്തങ്ങള്‍ നാം (പച്ചിരുമ്പും ഹൃദയകാന്തവും ) എന്ന വരികളില്‍ ഒരു പഴയ സന്ദേശം അലിഞ്ഞു കിടക്കുന്നു . ഒരു പിണക്കവും ഒരുരാത്രിക്കപ്പുറം ആയുസ്സുണ്ടാകരുത്.
ഹൃദയത്തിന് മേലെ വച്ച
കരുതലിന്‍ കരസ്പര്‍ശമറിയാത്തവര്‍
കണ്ഠനാഗത്തിലും വിരല്‍ചുറ്റിലും
ബന്ധങ്ങളുടെ ഇഴയടുപ്പം തിരയരുത് (അരുതാത്തത് ചിലത്)
കവിത വലിയൊരു നുണയാണ് ...
കവികള്‍ ലോകം കണ്ട വലിയ നുണയരും... (കുറെ നുണകളും ഒരു സത്യവും )
തുടങ്ങി ചെറിയ വലിയ വാക്കുകളില്‍ കവി വലിയ ചില ചിന്തകള്‍ പങ്കു വയ്ക്കുന്നുണ്ട്‌ .
തടി പൂതലിച്ചതെങ്കിലും
മണ്ണിലാഴ്ന്ന താങ്ങുവേരുകള്‍
തൂണുകളായി നിലകൊണ്ട
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
പടര്‍ന്നു പന്തലിച്ച മരത്തില്‍

ഭംഗിയുള്ള കൂടുകള്‍...(കൂടുകള്‍ ) പ്രകൃതിയിലേക്ക് നോക്കി വായിക്കുന്ന ഈ വരികളില്‍ ഇന്ത്യയുടെ ആത്മാവ് വായിക്കപ്പെടുന്നു എന്നതാണ് കവിയുടെ കഴിവും ഭാഷയുടെ മനോഹരമായ സാധ്യതകളും എന്ന് മനസ്സിലാക്കുന്നു . ഇങ്ങനെ ചെറുതും വലുതുമായ അനവധി ചിന്തകളാല്‍ സൌമ്യമായ ഈ കവിതാ സമാഹാരം തുടക്കക്കാരിയുടെ ആശങ്കകള്‍ നിലനിര്‍ത്തുന്ന ചെറിയ ചെറിയ പോരായ്മകള്‍ പേറുന്നുവെങ്കിലും ഭാവിയെ അടയാളപ്പെടുത്തുന്ന ഒരു കവിയാണ്‌ ഈ എഴുത്തുകാരി എന്നതില്‍ സംശയമില്ല . കവിതകള്‍ ഗദ്യകവിതകളും പദ്യകവിതകളും അല്ലാത്ത ഒരു നിലപാടുതറയില്‍ ആണ് നില്‍ക്കുന്നത് . അവയെ ഒന്ന് ഉടച്ചു വാര്‍ത്തു ഒരു വശത്ത് നില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കവിതകള്‍ കൂടുതല്‍ സ്വീകരിക്കപ്പെടും . വെറും പറച്ചിലുകള്‍ ആയി മാറുമ്പോള്‍ അതൊരു കഥയോ സാരോപദേശമോ ആയി മാറുന്നു . പറയാനുള്ളവയെ ലഘുവായി എന്നാല്‍ ഋജുവായി പറഞ്ഞു പോകുന്ന രസതന്ത്രം ഇനിയും കൂടുതല്‍ കരഗതമാക്കേണ്ടതുണ്ട് ഈ കവി എന്ന തോന്നല്‍ കവിതയില്‍ ഉടനീളം കാണാം . കൂടുതല്‍ വായനകളും എഴുത്തും തീര്‍ച്ചയായും ഒരു അടയാളപ്പെടുത്തല്‍ ഭാവിക്ക് നല്‍കും ഈ അധ്യാപികയിലൂടെ എന്ന ശുഭപ്രതീക്ഷയോടെ ആശംസകള്‍ . ബി. ജി എന്‍ വര്‍ക്കല 

No comments:

Post a Comment