കണ്ണീരിന്റെ
ഈര്‍പ്പം (കഥകള്‍)
ശശി തിരുമല
പ്രഭാത് ബുക്ക്
ഹൗസ്
വില 115 രൂപ
കഥകളുടെ
രസതന്ത്രം അറിയാത്തവര്‍ക്ക് കഥയെഴുത്ത് വെറും പ്രഹസനം മാത്രമായിരിക്കും. ചെറുകഥകള്‍
സാഹിത്യ ശാഖയുടെ വളരെ വലിയൊരു ഘടകമായി നിലനില്‍ക്കുന്നത് ഈ രസതന്ത്രം
കരസ്ഥമാക്കാന്‍ ഉള്ള ശ്രമഫലങ്ങളുടെ വിജയപരാജയങ്ങള്‍ എഴുത്തുകാരനെയും
വായനക്കാരനെയും ഒരുപോലെ കൂടുതല്‍ മനസ്സിലാക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള അവസരങ്ങള്‍
കൂടിയാണ് . കഥകള്‍ കേള്‍ക്കുക , പറയുക, വായിക്കുക, എഴുതുക എന്നിവ മനുഷ്യമസ്തിഷ്കവികാസ
പരിണാമഘട്ടങ്ങളിലെ ഏറ്റവും നല്ലൊരു വിനോദോപാധിയും ഒപ്പം തന്നെ വളവും ആയിരുന്നു .
അറിവിനെ കഥകളിലൂടെ അവനിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഗുരുക്കന്മാരില്‍ നിന്നും
ഇന്ന് കിന്ടില്‍ വായനകളില്‍ വന്നു നില്‍ക്കുമ്പോഴും ഈ വികാസപരിണാമങ്ങളെ കഥകള്‍
വളരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്
പതിനൊന്നു
കഥകളുടെ സമാഹാരവുമായി പ്രഭാത് ബുക്സ് ഇറക്കിയ “കണ്ണീരിന്റെ ഈര്‍പ്പം” എന്ന കൃതി
ശ്രീ “ശശി തിരുമല”യുടെ ആദ്യ കഥാസമാഹാരം ആണ് . ഇതിലെ കഥകള്‍ എല്ലാം തന്നെ നമ്മുടെ
ഇടയിലെ ജീവിതപരിസരങ്ങളില്‍ നിന്നും നാം കണ്ടുമുട്ടുന്നതോ ,നാം തന്നെയായതോ ആയ
ജീവിതങ്ങള്‍ ആണ് . ഇതിലെ കഥകളില്‍ എല്ലാം കേന്ദ്രകഥാപാത്രമായി നില്‍ക്കുന്ന ‘ഞാന്‍’
എന്നൊരു കഥാകാരന്‍ ഉണ്ട് . ആ ഞാനിലൂടെ വിവിധ ജീവിതങ്ങളെ പകര്‍ത്തിക്കാണിക്കുമ്പോള്‍
ഇവയിലെവിടെയൊക്കെയോ വായനക്കാരന്‍ തന്നെ ഞാന്‍ ആയി മാറുന്ന ഒരു സവിശേഷത
വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .
മധ്യവയസ്സില്‍
എത്തിയ ഒരു ആളിന്റെ ചിന്തകള്‍ ആയി ആണ് ഓരോ കഥകളും വായനക്കാരന്‍ വായിച്ചെടുക്കുക .
ജീവിതത്തിന്റെ സായംകാലത്തില്‍ ഒരു മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ചുറ്റുപാടുകള്‍ ,
ബന്ധങ്ങള്‍ , അവസ്ഥകള്‍ തുടങ്ങിയവ കഥകളില്‍ നിറയുന്നു . ചിലപ്പോള്‍ അതു
വീട്ടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു മറ്റു ചിലപ്പോള്‍ പുറം ലോകത്തിന്റെ
പച്ചപ്പില്‍ മേഞ്ഞു നടക്കുന്നു . ഈ കഥകള്‍ എല്ലാം തന്നെ എഴുത്തിന്റെ ശൈലിയില്‍
നോക്കുകയാണെങ്കില്‍ പഴയകാല രചനകളുടെ ബോധമോ അബോധമോ ആയ ഒരു സ്വാധീനം
കടന്നുകൂടിയിട്ടുണ്ട് എന്ന് കാണാം . കഥയിലെ ഭാഷ , അവതരണശൈലി , ചിന്താധാര
എന്നിവയെല്ലാം ഈ ഒരു സംശയം വായനക്കാരനില്‍ ഉയര്‍ത്തും . വിഷയങ്ങള്‍ ഇന്നിന്റെത്
കൂടിയാകുമ്പോഴും അതിന്റെ ഭാഷ ഇന്നലെയുടെത് ആകുന്നതു ഒരുപക്ഷെ വായനക്കാരില്‍
ഉണ്ടാക്കിയേക്കാവുന്ന താത്പര്യത്തെ എങ്ങനെ വിശദീകരിക്കുക എന്ന് പറയാന്‍ കഴിയില്ല .
ഈ കഥകള്‍ എല്ലാം
തന്നെ ആശയം കൊണ്ട് സമ്പുഷ്ടമാണെങ്കിലും അവതരണത്തില്‍ കുറെയേറെ കല്ലുകടികള്‍ ഉണ്ടാകുന്നുണ്ട്
. പലപ്പോഴും വായനക്കാരന്റ്റ് സ്വാതന്ത്ര്യത്തെ എഴുത്തുകാരന്‍ ഹനിക്കുന്നു . ഒരു
സംഭവമോ വസ്തുതയോ നായകന്‍ കടന്നു പോകുന്ന അവസരത്തില്‍ അതില്‍നിന്നും വായനക്കാരന്‍
എന്ത് കണ്ടു എന്ന് എഴുത്തുകാരന്‍ തന്നെ വിശദീകരിക്കുന്നതു വായനയില്‍ വിരസത
സൃഷ്ടിച്ചേക്കാം. “മനസ്സിലും സ്റ്റെന്റ്” ,”പ്രദക്ഷിണം” തുടങ്ങി ചില കഥകളില്‍
ഇത്തരം കാര്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട് . സീരിയലുകളുടെ ധാര്‍മികതയും ,
ജ്യോതിഷത്തിന്റെ കാപട്യവും പറയാന്‍ എഴുത്തുകാരന്‍ ഒരുപാട് പേജുകള്‍ വെറുതെ കളഞ്ഞത്
ഈ കഥകളില്‍ മുഴച്ചു നിന്നവയാണ് . വായനക്കാരന് മനസ്സിലാകുന്ന വിഷയം ആണ് എങ്കിലും
എഴുത്തുകാരന്‍ അതു പിന്നെയും വിശദീകരിച്ചു വലിച്ചു നീട്ടുന്നുണ്ടായിരുന്നു .
മറ്റൊന്ന് പല
കഥകളിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവരേ അവതരിപ്പിക്കുന്ന രീതികളില്‍ ചിന്താക്കുഴപ്പം
സൃഷ്ടിക്കുന്ന അവസരങ്ങള്‍ കാണാം . “കണ്ണീരിന്റെ ഈര്‍പ്പം” എന്ന ടൈറ്റില്‍ കഥ തന്നെ
ഇത്തരം ചില സന്ദര്‍ഭങ്ങള്‍ വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട് . ഭാര്യയോടെ
സംസാരിക്കുന്ന സമയത്ത് തന്നെ അപരിചിതനായ മൂന്നാമതൊരാളോട് സംസാരിക്കുന്ന ഒരു
പ്രതീതി ചിലപ്പോള്‍ കടന്നു വരുന്നുണ്ട്. അതുപോലെ കഥയുടെ തുടക്കം വര്‍ത്തമാനത്തില്‍
നില്‍ക്കുകയും മധ്യത്തില്‍ എത്തുമ്പോള്‍ വര്‍ത്തമാനകാലം ഭൂതകാലത്തിലേക്ക് വഴിമാറുകയും
ഭാവികാലം വര്‍ത്തമാനകാലത്തിലേക്ക് വരികയും ചെയ്യുന്നതു വായനയില്‍ വലിയ സ്വാധീനം
ഉണ്ടാക്കുനുണ്ട് .
കഥകളുടെ ഈ
സമാഹാരം ബാലാരിഷ്ടതകള്‍ പേറുന്നു എങ്കിലും കഥാബീജങ്ങള്‍ എഴുത്തുകാരനിലെ പ്രതിഭയെ വിളിച്ചറിയിക്കുന്നു.
സ്ത്രീ പക്ഷത്തെ ഒരു ടിപ്പിക്കല്‍ പുരുഷ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിക്കുന്ന
പതിനൊന്നു കഥകള്‍ ആണ് ഇവ . സമൂഹത്തില്‍ മാറ്റങ്ങള്‍ കടന്നുവരാത്ത ഗ്രാമീണ
ജീവിതത്തിന്‍റെ നാഗരിക മുഖം കൂടിയാണ് ഓരോ കഥകളും പങ്കുവയ്ക്കുന്ന കഥാപാത്രങ്ങള്‍ .
ചുരുക്കത്തില്‍ ഒറ്റവായനക്ക് ഉതകുന്ന ഈ കഥാ സമാഹാരം ശ്രീ ശശിതിരുമലയുടെ കന്നി സംരംഭമാകയാല്‍
വരുംകാല രചനകള്‍ കൂടുതല്‍ മികവുറ്റതാകും എന്നൊരു ശുഭപ്രതീക്ഷ ഓരോ കഥകളും നല്‍കുന്ന
ചിന്തകള്‍ പങ്കുവക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment