Saturday, August 12, 2017

SITA Warrior of Mithila .......... Amish

SITA Warrior of Mithila (Fiction)
Amish
West land books.in
Price 350 Rs

ചരിത്രവും യാഥാർത്ഥ്യവും പലപ്പോഴും ഭാവനാത്മകമായി ചിത്രീകരിക്കാൻ കഴിയുന്ന എഴുത്തുകാരന്റെ കൈയ്യിൽ ഒരു വലിയ സാധ്യത തുറന്നുകൊടുക്കും.  ലോകമൊട്ടുക്കുള്ള ഫിക്ഷൻ സാഹിത്യങ്ങൾ വിജയിച്ചവയൊക്കെ ഇത്തരം കയ്യടക്കമുള്ള എഴുത്തുകാരുടെ സംഭാവനകളാണ്  എന്നു നമുക്കറിയാം. രാമായണം എന്ന ഇതിഹാസകഥയെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പിന്നെ വിദേശ രാജ്യങ്ങളും ചേർന്നു വളരെ വൈവിധ്യമാർന്ന രീതികളിൽ വായിക്കുന്നുണ്ട്. ഇവയുടെയൊക്കെ മൂലകഥയെന്നു വിശ്വസിക്കുന്ന വാത്മീകി രാമായണത്തിൽ നിന്നും ഒട്ടനവധി വ്യത്യസ്ഥതകൾ ഈ വായനകളിലൊക്കെ കാണാവുന്നതാണ്. ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം ആരാധിച്ചു പോരുന്ന ശിവന്റെ ജീവിതകഥയെ വളരെ വ്യത്യസ്ഥമായ തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ്  അമീഷ് എന്ന എഴുത്തുകാരൻ ഇന്ത്യൻ സാഹിത്യത്തിൽ തന്റെ മേൽവിലാസം ഉറപ്പിച്ചത്. അവയിലുള്ള വിജയമായിരുന്നു അത് മലയാളമടക്കം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടതും മലയാളത്തിലെ പ്രധാന പ്രസാധകരായ ഡി.സി ബുക്സ് അവയെ മലയാളിക്ക് പരിചയപ്പെടുത്തിയും . അമീഷിന്റെ അടുത്ത സീരീസാണ് രാമായണം. രാമന്റെ കഥ , സീതയുടെ കഥ , രാവണന്റെ കഥ , സീതാപഹരണം ഇങ്ങനെ നാലു സീരിസാണ് വരുന്നത്. അതിൽ ആദ്യ രണ്ടു സീരിസും ഇംഗ്ലീഷ് പതിപ്പു ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതിലെ രണ്ടാമത്തെ സീരിസായ സീത - മിഥിലയിലെ യോദ്ധാവ് , സീതയുടെ കഥയാണ്. സീതയുടെ ജനനം മുതൽ പഞ്ചവടിയിൽ വച്ചു രാവണൻ അപഹരിച്ചു പോകുന്നതുവരെയുള്ള സംഭവങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. വളരെ രസാവഹമായ ഒരു വായനയാണ് ഈ പുസ്തകത്തിന്റെ അവതരണം നല്കുന്നത്.  ഇന്ത്യാക്കാരുടെ മനസ്സിലെ സുന്ദരിയും സുശീലയും സർവ്വോപരി മാൻപേട പോലെ നിഷ്കളങ്കയും സാധുവുമായ സീതയുടെ മുഖം ഒരിക്കലും ഈ പുസ്തകത്തിൽ വായനക്കാരനു ലഭിക്കുകയില്ല. രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങളെ മാത്രം അടർത്തിയെടുത്തു മിത്തുകളുടെയും ചരിത്രത്തിന്റെയും തൊങ്ങലുകൾ വച്ചുപിടിപ്പിച്ചു അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ സീത ഒരു മികച്ച യോദ്ധാവാണ്. ആയോധനകലയിൽ പ്രാവീണ്യമുള്ള സീത മിഥിലയുടെ പ്രധാനമന്ത്രിയാണ്. ഒപ്പം തന്നെ കാലാകാലങ്ങളായുള്ള വിഷ്ണുവിന്റെ പിന്മുറക്കാരിയായാണ് സീത ഇതിൽ പ്രത്യക്ഷപ്പെടുന്നത്. മലയ പുത്രന്മാർ എന്നറിയിപ്പെടുന്ന ( വൈഷ്ണവർ ആകാം ) വിശ്വാമിത്രനെന്ന മഹർഷിയുടെ നേതൃത്വത്തിൽ കഴിയുന്ന ജനവിഭാഗവും വസിഷ്ഠ മഹർഷിയുടെ നിയന്ത്രണത്തിലുള്ള വായുപുത്രന്മാ(ശൈവർ ആകണം ) രുടെ യും കൂട്ടായ നേതാവായാണ് ഓരോ കാലത്തും വിഷ്ണുവിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. വാമനനും മോഹിനിക്കും പരശുരാമനും ശേഷം പരസ്പരം പിണക്കത്തിലായ വിശ്വാമിത്രനും വസിഷ്ഠനും തിരഞ്ഞെടുക്കുന്ന വിഷ്ണുമാരാണ് സീതയും രാമനും. പ്രാചീന ഇന്ത്യയുടെ ഭൂവിഭാഗങ്ങളെയും തമിഴ് , കേരള ജനതയുടെ ജീവിതത്തെയും ഭൂവിഭാഗ പ്രത്യേകതകളെയും ആചാരങ്ങളെയും കൂട്ടിയിണക്കിയാണ് കഥയാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. രാവണനും പുഷ്പകവിമാനവും ആയുധങ്ങളും ഒക്കെ ഇന്നത്തെ ചുറ്റുപാടുകളിൽ നിന്നു കൊണ്ട് അവതരിപ്പിക്കപ്പെടുന്നു . മന്ഥരയും ഇതിൽ ഒരു വലിയ വ്യവസായിയാണ്. രാവണൻ കടലിലൂടെയുള്ള ഗതാഗതത്തിന്നു ചുങ്കം പിരിക്കുന്ന ഒരു വലിയ കച്ചവടക്കാരനും ഒരു അധികാര കേന്ദ്രവും ആയി ഇതിൽ അവതരിപ്പിക്കപ്പെടുന്നു. ജഡായു , ഹനുമാൻ , ബാലി തുടങ്ങിയവരെ മനുഷ്യരായും ശാരീരിക പ്രത്യേകതകൾ വിശേഷിപ്പിച്ചു  പ്രത്യേക ജനവിഭാഗമായും കാണിക്കുന്നു. രാമനേക്കാൾ അഞ്ചു വയസ്സിനു മൂത്ത സീതയുടെ ഭരണ ശേഷിയും , കഴിവും , അറിവുകളും മിഥിലയെ പുരോഗതിയിലേക്ക് നയിക്കുന്നതും മഹർഷിമാരുടെ മത്സരങ്ങളും സീതയുടെ താത്പര്യവും മുൻ നിർത്തി സ്വയംവര പരീക്ഷയിലൂടെ രാമനെ വിവാഹം കഴിച്ചു ഇന്ത്യയെ മൊത്തം രക്ഷിച്ചു പുരോഗതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമവും , ജാതി വ്യവസ്ഥിതിയും നീതി  നിയമവ്യവസ്ഥിതിയും ഉടച്ചുവാർക്കാനുള്ള ചിന്തകളുമൊക്കെയാണ് കഥയിലെ സാരാംശമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശൂർപ്പണഖ എന്ന രാവണ സഹോദരിയുടെ വിഭീഷണനോടൊത്തുള്ള വരവും രാമന്റെ ആതിഥ്യം സ്വീകരിക്കലും കൗശലപൂർവ്വം ഉള്ള കരുനീക്കങ്ങളും ഒടുവിൽ കള്ളി പുറത്തായപ്പോൾ ലക്ഷ്മണനുമായുള്ള ചെറിയ കശപിശയിൽ സ്വന്തം കഠാരയാൽ മൂക്കു മുറിയപ്പെടുന്ന സന്ദർഭവും, സീതയെ ആക്രമിച്ചു കീഴ്പ്പെടുത്തി കൊല്ലാതെ കൊണ്ടു പോകുന്നത് രാമനെ കൊല്ലാനുള്ള തന്ത്രമാണ് എന്നതും അത് വിശ്വാമിത്രനും വസിഷ്ഠനുമായുള്ള പകയുടെ ബാക്കിയാണെന്നും , വിശ്വാമിത്രന്റെയും രാവണന്റെയും കുലം ഒന്നായതിനാൽ സീതയെ കൊല്ലില്ലയെന്നതും  രാമായണ കഥ വായിച്ചു ഭക്തിയോടിരിക്കുന്ന മലയാളിയിൽ എന്തു വികാരമാകും ഉണർത്തുക എന്നു പറയുക ബുദ്ധിമുട്ടാണ്. എങ്കിലും വായനയിൽ രസവും സമയം കൊല്ലിയുമായ ഈ പുസ്തകം കുറച്ചു പേരെയെങ്കിലും ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. വളരെ ദീർഘമായ ഒരു വായനയാണ് എങ്കിലും എഴുത്തുകാരന്റെ ഭാവനയെ അംഗീകരിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment