Sunday, August 27, 2017

ഭാരത്‌ മാതാ കീ ....


വെളിച്ചം അണയുമ്പോള്‍
ഇരുള് നിറയുന്ന മുറിയിലാകെയും
തണുപ്പ് ഭ്രാന്തുപിടിച്ചു നടക്കും
ഇഴഞ്ഞു കയറും തനുവിലേക്ക്.
കുത്തിനോവിക്കും കവിളുകള്‍
വിരലുകളെ മരവിപ്പിച്ചുകൊണ്ടത്‌
കാല്‍പാദങ്ങളെ കോച്ചിവലിക്കും
വരെ അള്ളിപ്പിടിക്കും ദയയേതുമില്ലാതെ.
ഉദ്ദാരണത്തിന്റെ പരകോടിയില്‍
തുണയില്ലാതൊരു പകച്ചു നില്‍ക്കല്‍.
റേഡിയോ അപ്പോള്‍ ശബ്ദിച്ചു തുടങ്ങും
മേരെ പ്യാരേ ദേശ് വാസിയോം ......
ശബ്ദം നഷ്ടപ്പെട്ട
കാഴ്ച നഷ്ടപ്പെട്ട
സ്പര്‍ശനം നഷ്ടപ്പെട്ട
മനസ്സപ്പോള്‍ ദാഹനീരിനു കേഴും.
കളസമിട്ട കാലടികള്‍ അടുത്തെത്തും
നിറനൂലുകള്‍ തൊങ്ങലിട്ട കൈകള്‍
ചുണ്ട് പിളര്‍ന്നു നാവിലേക്ക്
പകര്‍ന്നുതരുമപ്പോള്‍
പുളിരസമാര്‍ന്ന ഗോമൂത്രം .
പെട്ടെന്ന് മുറിയാകെ വെളിച്ചം നിറയും
പശ്ചാത്തലത്തില്‍ ഒരു സംഗീതമുയരും
അറിയാതെ തളര്‍ച്ചയും തണുപ്പുമകലും
ഉപ്പൂറ്റിയുറപ്പിച്ചു വലതുകൈ നെഞ്ചില്‍ ചേര്‍ത്ത്
നില്‍ക്കുന്നൊരു രൂപം
സെല്ലുലോയിഡില്‍ തെളിയും.
പങ്കുകച്ചവടക്കാര്‍ വിലപറഞ്ഞു
പകുത്തെടുക്കുന്ന ഒരു പെണ്ണുടല്‍ കണ്ണില്‍ തടയും .
ആരോ പറയുന്നുണ്ടാവും പതിയെ .
ഭാരത മാതാ കീ .......
-----ബിജു ജി നാഥ് വര്‍ക്കല

No comments:

Post a Comment