Tuesday, August 22, 2017

മഴക്കൂരാപ്പ്.................... ഒ ബി ശ്രീദേവി

മഴക്കൂരാപ്പ് (കവിതകള്‍ )
ഒ ബി ശ്രീദേവി
സിമ്പിള്‍ ബുക്സ്
വില 90 രൂപ

         കവിതകള്‍ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ് . എഴുതേണ്ടത് തലച്ചോറു കൊണ്ടും . ബൌദ്ധികവും കേവലവും ആയ വായനകള്‍ ആകാം . ആഴത്തിലും ഓടിച്ചും ഉള്ള വായനകള്‍ ആകാം . വായിച്ചു മടക്കി വയ്ക്കുമ്പോഴും തിരികെ നോക്കാന്‍ കൊതിക്കുന്ന വരികള്‍ ഉണ്ടാകാം കവിതകളില്‍ . വായിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത കവിതകളും ഉണ്ടാകാം . വായിച്ചു തുടങ്ങുമ്പോഴേ അടച്ചു വയ്ക്കുന്ന കവിതകളും ഉണ്ടാകാം . എഴുത്തുകാരന്റെ രചനാശൈലിയും എഴുത്തിലെ കാമ്പും എഴുത്ത് നല്‍കുന്ന ഭംഗിയും ഒക്കെ ആശ്രയിച്ചിരിക്കും ഓരോ കവിതയും അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കുക. ജീവിതത്തെ പച്ചയായി പകര്‍ത്തേണ്ടി വരുന്ന കവിതകള്‍ക്ക് പലപ്പോഴും പച്ചിരുമ്പ് മാംസത്തില്‍ തുളച്ചു കയറ്റുന്ന വേദന നല്‍കാന്‍ കഴിയും . അയ്യപ്പനും ചുള്ളിക്കാടും ഒക്കെ വീണ്ടും വീണ്ടും നെഞ്ചു പൊടിച്ചു നില്‍ക്കുന്നത് അതുകൊണ്ടാണ്. മരിച്ചവന്റെ പോക്കറ്റിലേക്ക് നീളുന്ന കണ്ണുകളും , വിഷം കുടിച്ചു സംഗീത ശാലയുടെ മുറ്റത്തു നില്‍ക്കുന്ന നിസ്സഹായതയും വായനക്കാരനില്‍ ഉണര്‍ത്തുക അനുഭവങ്ങളുടെ ആ പശിമ മൂലം തന്നെയാണ് .
    “മഴക്കൂരാപ്പ് എന്ന കവിതാസമാഹാരത്തില്‍ ഏകദേശം അറുപതോളം കവിതകള്‍ ഉണ്ട് . മൂന്നു ഭാഗം ആയാണ് ഇതില്‍ കവിത സെറ്റ് ചെയ്തിരിക്കുന്നത്. കുരീപ്പുഴ ശ്രീകുമാറിന്റെ അവതാരികയും ഒ വി ഉഷ , ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് , ആനന്ദി രാമചന്ദ്രന്‍ എന്നിവരുടെ ആസ്വാദനവും അടങ്ങിയ ഈ പുസ്തകം ശ്രീ ഒ ബി ശ്രീദേവിയുടെ പ്രഥമ കവിതാ സമാഹാരം ആണ് . ദീര്‍ഘങ്ങളോ ദുര്‍ഗ്രാഹ്യങ്ങളോ അല്ലാത്ത വളരെ ചെറിയ കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിനെ ഒരു പക്ഷെ കവിതാസമാഹാരം എന്നല്ല ഡയറി എന്നാണു വിളിക്കാന്‍ തോന്നുക . കുഞ്ഞു കുഞ്ഞു വരികളില്‍ പടര്‍ന്നു കിടക്കുന്ന ആകാശത്ത് കവയിത്രി കൊളുത്തിയിടുന്ന നക്ഷത്രവിളക്കുകള്‍ ആണ് ഓരോ കവിതകളും . ഇതില്‍ വിരഹവും പ്രണയവും ദാമ്പത്യവും പെണ്‍നോവുകളും നിറഞ്ഞു കിടക്കുന്നു . ബന്ധങ്ങളുടെ തീവ്രതയും കേവലതയും ശ്രീദേവി വരഞ്ഞിടുമ്പോള്‍ അനുഭവത്തിന്റെ തീക്കാറ്റ് അതില്‍ അലയടിക്കുന്നത് പോലെ അനുവാചകന് അനുഭവപ്പെടുന്നു . ഒരു പ്രതീകമായി നിന്നുകൊണ്ട് ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്ന പ്രതീതിയാണ് ശ്രീദേവി കവിതകളില്‍ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പ്രണയത്തിന്റെ തീരാദാഹത്താല്‍ അലയുന്ന മനസ്സുകളുടെ വേദന കവിതകളുടെ അകക്കാമ്പില്‍ നനഞ്ഞ കണ്‍പീലിയായി കിടക്കുന്നുണ്ട്. വളരെ ഈണത്തില്‍ ചൊല്ലാവുന്ന വളരെ കുറച്ചു കവിതകളും ചെറു ചെറു കവിതകളും ആണ് ഈ കവിത സമാഹാരത്തെ നിറയ്ക്കുന്നത് . ബാലിശമായ എഴുത്ത് എന്ന് പറയാന്‍ കഴിയില്ലെങ്കിലും പലപ്പോഴും എഴുത്തുകള്‍ കൈകളില്‍ നിന്നു നഷ്ടമാകുകയും ആത്മാവ് തേടുകയും ചെയ്യുന്നുണ്ട് . ബിംബവത്കരണത്തിലൂടെ മറഞ്ഞു നില്‍ക്കാനുള്ള കവിയുടെ ശ്രമം പലപ്പോഴും പറയുന്നത് ആവര്‍ത്തിക്കുകയോ പതിരാവുകയോ ചെയ്യുന്നത് വികാരവിക്ഷോഭത്തിന്റെ കൊടുമുടിയില്‍ നിന്ന് പിറക്കുന്ന വരികള്‍ക്ക് അന്ധത ബാധിക്കുന്നതിനാല്‍ ആകാം .
കവിതയെ മൂന്നു വിഭാഗമായി മാറ്റി എന്നതിനപ്പുറം അവ പ്രത്യേക മാനങ്ങളൊന്നും നല്‍കുന്നില്ല എന്നത് കൊണ്ട് എന്തിനാകാം ആ ഒരു വിഭാഗീകരണം എന്ന് വായിച്ചു തീരുമ്പോള്‍ തോന്നിച്ചു . അടുക്കും ചിട്ടയുമില്ലാതെ പടര്‍ന്നു കിടക്കുന്ന പ്രണയവും ജീവിതവും ദാമ്പത്യവും മൂന്നു ഭാഗങ്ങള്‍ ആയി തിരിച്ചിരുന്നെങ്കില്‍ എന്നൊരു തോന്നല്‍ ഉണ്ടാകുകയും ചെയ്തു.
ഒ ബി ശ്രീദേവിയുടെ ഭാഷ വളരെ നന്നായിരുന്നു . മനോഹരമായി പറയാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ വളരെ നല്ലൊരു ഭാവി ഈ കവിയില്‍ മലയാളം പ്രതീക്ഷിക്കുന്നു . കൂടുതല്‍ മെച്ചപ്പെട്ട കവിതകളുമായി പുതിയൊരു വായനയുടെ ആകാശം തുറന്നു കവി വരുന്നത് അതിനാല്‍ തന്നെ വായനക്കാരന്‍ സ്വപ്നം കാണുന്നു .  ഈ കവിതാ സമാഹാരത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ച ഒരു കവിത പകര്‍ത്തിക്കൊണ്ട് ഇത് ചുരുക്കാം . ഒരു പക്ഷെ ഈ സമാഹാരത്തിനു പറ്റിയ തലക്കെട്ടും ഇതായിരുന്നെനെ.
ഞെക്കിയാല്‍ കരയുന്ന
പാവ വേണമെന്ന്
അടുത്ത വീട്ടിലെ
അക്ഷിതമോള്‍
എപ്പോഴും പറയും.

എന്നുമത് മറന്നെങ്കിലും
അന്നോഫീസ് വിട്ടു
വന്ന വഴിയില്‍
മോളുടെ കൊഞ്ചല്‍ ഓര്‍ത്തു.

വീടായ വീടുകളിലും
നാടായ നാടുകളിലും
വിളിച്ചു നോക്കിയിട്ടും
മോള്‍ വിളികേട്ടില്ല.
ആരോ ഞെക്കി വലിച്ചെറിഞ്ഞ
പാവപോലവള്‍
തൊടിയിലെ
പപ്പായ മരച്ചുവട്ടില്‍
ഉണരാ നിദ്രയില്‍,

ഞെക്കുമ്പോള്‍
കരയുന്ന പാവയെ
സ്വപ്നം
കാണുന്നത്
ഞാനാണിപ്പോള്‍ (ഞെക്കുമ്പോള്‍ കരയുന്ന പാവ)

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

No comments:

Post a Comment