മരണം വിരുന്നു വന്ന വീടിന്റെ
വരാന്തയില്‍ അല്പനേരം നില്‍ക്കണം
കിളികള്‍ ചിലയ്ക്കാന്‍ മറന്ന
തൊടിയിലെ നിശബ്ദത തൊട്ടറിയണം.
പാദുകങ്ങള്‍ അഴിച്ചു വച്ചു മെല്ലെ
സ്വീകരണമുറിയുടെ തണുപ്പിലലിയണം.
സാംബ്രാണിത്തിരി മണക്കുന്ന മുറിയില്‍
ഒറ്റയ്ക്കല്‍പ്പനേരമിരിക്കണം.
പഴകിയ ചുവരുകളില്‍ തട്ടി
നിശബ്ദം കേഴുന്ന മൗനത്തെയറിയണം .
സ്വീകരിക്കാനാരുമില്ലാത പോയ
നിരാശയില്‍ വീട് കേഴുന്നുണ്ടാകണം.
നിശബ്ദത കൂട്ടുകൂടിയ ഊണ്മേശകടന്നു-
പോകുമ്പോള്‍ ശബ്ദമുയരാതെ നോക്കണം.
അടുക്കളയിലെ കരിപുരണ്ട ഇരുട്ടിനെ
ജനാല തുറന്നു അപമാനിക്കാതിരിക്കണം.
ഗോവണി കയറ്റത്തില്‍ ഒരുകണ്‍ നോട്ടം
ഇടനാഴികളുടെ മൗനത്തിലേക്കെറിയണം
കിടക്കവിരികള്‍ ചുളിഞ്ഞു പൊടിയായി
നിരാശയുടെ രേഖാചിത്രങ്ങള്‍ വരച്ചതും
ഗദ്ഗദം മുറ്റിനിന്നു പൊടിഞ്ഞ ഹൃദയം
കണ്ണീര്‍ വാര്‍ത്ത കുളിമുറിയും കാണണം..
വാരിവലിച്ചിട്ട പഴയ സാധനങ്ങളില്‍
പരേതന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കണം
ജീവിച്ചിരുന്നപ്പോഴൊക്കെ നല്‍കിയ
വേദനകളെ അക്കമിട്ടു സ്മരിക്കണം .
എല്ലാം പൊടിതട്ടിയെടുത്തു തീയിട്ടു
ഒന്ന് മുങ്ങി നിവരണം പുഴയൊന്നില്‍
കൊണ്ടുപോയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു
പുതിയോരുടയാട ചുറ്റിതിരികെ വരണം.
മരണത്തിന്റെ ഗന്ധം നിറഞ്ഞ ചുവരുകളെ
കടും നിറങ്ങള്‍ പൂശി പുതുക്കണം.
പുതിയ നീലാകാശ വിരിയിട്ട ശയ്യയില്‍
എല്ലാം മറന്നൊന്നു കമിഴ്ന്നു കിടക്കണം.
ജീവിതത്തെയിങ്ങനെ തിരികെ വിളിക്കുമ്പോള്‍
കൂട്ടായി പുതിയ കനവുകള്‍ നെയ്യണം!
ആകാശം കാണാതെ കാത്തു വച്ച മയില്‍പ്പീലി
പെറ്റുവോയെന്നു തുറന്നു നോക്കണം.
ഓര്‍മ്മകളുടെ കടലില്‍ ഒളിപ്പിച്ചു വച്ച
ചിമിഴില്‍ നീയിപ്പോഴുമുണ്ടെങ്കില്‍
ഹൃദയത്തില്‍ നിന്നെയണിഞ്ഞു
ലോകത്തെ നേരിടണം ഏകയായിനി.
കൂടെയുണ്ടെന്ന വിശ്വാസം മാത്രം
കൂട്ടിനുമതിയെന്ന് മനസ്സിലുറപ്പിക്കണം
ഒരു ചുംബനം , സ്പര്‍ശം , നോട്ടം
ഒരു വാക്ക് കൊണ്ട് നീയെന്നെ ജീവിപ്പിക്കണം.
നിനക്കായ് മാത്രം മരിക്കാതിരിക്കാന്‍
ജീവിച്ചു തുടങ്ങട്ടെ ഞാനിനി.
--------ബിജു ജി നാഥ് വര്‍ക്കല
ആര്‍ദ്രം.. മനോഹരം...!
ReplyDeleteസന്തോഷം സ്നേഹം
Delete