Sunday, August 27, 2017

പ്രണയംമധുരം................... കെ.പി. സുധീര

പ്രണയംമധുരം (കഥകള്‍ )
കെ.പി. സുധീര
മാതൃഭൂമി ബുക്സ്
വില 100 രൂപ

പ്രണയം പ്രകൃതിയുടെ മനോഹരമായ ഒരു സംവിധാനം ആണ് . പ്രണയത്തിന്റെ ചിറകില്ലായിരുന്നു എങ്കില്‍ ലോകത്തിന്റെ ചലനം ഒരിക്കലും പൂര്‍ണ്ണമാകുകയില്ല . മാനവ ചരിത്രം മുഴുവന്‍ പ്രണയത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനത്തിലൂടെ പല തന്തുക്കള്‍ ആയി വിന്യസിച്ചു വികസിച്ചു വന്നുപോകുന്നതാണ് . ജീവിതത്തിന്റെ എല്ലാ മനോഹാരിതയും അതിന്റെ പൂര്‍ണ്ണത കൈവരിക്കുവാന്‍ പ്രണയത്തെ ആശ്രയിക്കേണ്ടി വരുന്നു . പ്രണയത്തിന്റെ നിറം തേടി ,മധുതേടി അലയാതെ ഒരു കലാകാരനും പൂര്‍ണ്ണനാകുന്നില്ല . എഴുത്തുകാരന്റെ , ചിത്രകാരന്റെ , അഭിനേതാവിന്റെ പ്രണയം ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ നിരന്തരം ജീവന്‍ തേടുന്നു ജീര്‍ണ്ണിച്ചൊടുങ്ങും വരെയും .
ഇരുപതു കഥകള്‍ , ഇരുപതും പ്രണയത്തിന്റെ നിറം ചാലിച്ച സൌകുമാര്യം നല്‍കുന്നു . കെ. പി. സുധീരയുടെ പ്രണയം മധുരം പങ്കു വയ്ക്കുന്നത് പ്രണയത്തിന്റെ ഇരുപതു കഥകള്‍ ആണ് . പ്രണയം , വിരഹം , ദുഃഖം , രതി എന്നിവയുടെ സംക്ഷിപ്തമായ ഒരു സങ്കലനം ഓരോ കഥയിലും നിറയുന്നു . ആത്മാവ് നഷ്ടപ്പെട്ട മനുഷ്യരെപ്പോലെ പ്രണയം നഷ്ടപ്പെട്ട മനസ്സുകള്‍. പ്രണയത്തില്‍ ജീവിതം നശിപ്പിച്ചവര്‍ , ജീവിതം പ്രണയത്തിനു വേണ്ടി ഉഴിഞ്ഞു വച്ചവര്‍, പ്രണയം കൊണ്ട് മുറിവേറ്റവര്‍ അങ്ങനെ പ്രണയത്തിന്റെ ഇരുപതു ജീവശകലങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം . ലളിതവും മനോഹരവുമായ ഭാഷയില്‍ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളെ സുധീര പങ്കു വയ്ക്കുന്നു . ഓരോ കഥയിലും സ്ഥൈര്യവും ഉള്‍ക്കാഴ്ചയും ഉള്ള സ്ത്രീ മുഖങ്ങളെ കഥാകാരി പരിചയപ്പെടുത്തുന്നു . സുനിത , പ്രമദ , തെസ്നി , യെമ്മ തുടങ്ങി വായനയില്‍ തടഞ്ഞു നില്‍ക്കുന്ന വിവിധങ്ങളായ മുഖങ്ങള്‍ . പ്രണയത്തിന്റെ വേദന നന്നായി അനുഭവിക്കെണ്ടി വരുന്ന സുനിതയുടെ മധുരമായ ഒരു പ്രതികാരം ആണ് തന്റെ ഭര്‍ത്താവിന്റെ പ്രണയിനിക്ക് അയാളുടെ മരണ ശേഷം അയാളില്‍ പിറന്ന കുട്ടിയെ നല്‍കി മടങ്ങുക എന്നത് . അതുപോലെ യെമ്മ യുടെ പ്രണയത്തില്‍ കൂടി കഥാകാരി വിവിധങ്ങളായ പിയാനോകളെ പരിചയപ്പെടുത്തുന്നു . ചരിത്രവും പ്രത്യേകതകളും പഠിച്ചു പങ്കു വയ്ക്കുന്നു ഒപ്പം തന്നെ യെമ്മയുടെ പ്രണയത്തിന്റെ ആഴവും വേദനയും കഥയെ ദീപ്തമാക്കി നിര്‍ത്തുന്നു . ജേക്കബും അനിതയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രണയത്തിന്റെ ശക്തി രേഖപ്പെടുത്തുന്ന നിമിഷങ്ങള്‍ വളരെ മനോഹരമായി പറയുന്നു . മറ്റൊരു സ്ത്രീയെ ഉപയോഗിച്ചിട്ടുണ്ട് എന്ന വാക്യത്തില്‍ നിന്നും ജേക്കബിനോട് കയര്‍ത്തു പൊരുതി ഒടുവില്‍ സ്വയം തളര്‍ന്നു ഉള്‍വലിയുന്ന അനിത അപ്പോഴും തണുക്കാത്ത ജേക്കബിന് മുന്നില്‍ നിസ്സഹായയായി നില്‍ക്കുമ്പോള്‍ അതു വെറുതെ പറഞ്ഞതാണ് എന്ന വാക്കില്‍ അവര്‍ ആലിംഗനബദ്ധരാകുന്നു . അവരുടെ ആദ്യരാത്രി തുടങ്ങുന്നത് തന്നെ ഈ ഒരു യുദ്ധം കഴിഞ്ഞാണ്. ജേക്കബിനറിയോ സ്നേഹം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ ജീവിച്ചുപോകുന്നത്. എതിനത്തിലുള്ള ബന്ധത്തിലും പുരുഷന്മാരെ സഹിക്കുക അത്ര എളുപ്പമുള്ള കാര്യമാണോ ?പ്രകൃതിക്കും പുരുഷനേക്കാള്‍ ആവശ്യം സ്ത്രീയെയാണ് . കാരണം ഭൂമിയില്‍ ജീവന്‍ നൃത്തം വയ്ക്കുന്നത് അവളിലൂടെയാണ്. അവള്‍ സ്നേഹം കൊണ്ടാണ് സ്നേഹനിരാസത്തെ നേരിടുന്നത്. എന്ന വാചകത്തിലൂടെ അവള്‍ അയാളെയും അയാള്‍ അവളെയും അറിയുകയാണ് .
പ്രണയത്തിന്റെ ആത്യന്തികമായ ഇഴുകിച്ചേരല്‍ രതിയുടെ അപാരവും അമേയവും ആയ ഒരു ഘട്ടമായി പലപ്പോഴും കഥകളില്‍ കാണാം . പ്രണയത്തിന്റെ ഉപാധികള്‍ ഇല്ലായ്മയില്‍ ശരീരം ഒരു വിഷയം ആകുന്നതേയില്ല എങ്കിലും പ്രകൃതിയും സാഹചര്യങ്ങളും ശരീരങ്ങളെ പ്രണയിക്കാന്‍ വിടുന്ന മനോഹരമായ അവസരങ്ങള്‍ ചില കഥകളില്‍ എങ്കിലും കാണാം . അതുപോലെ സാഹചര്യങ്ങളുടെ വലകളില്‍ പെട്ടു ചവച്ചു തുപ്പപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇതിലും ഉണ്ട് . അവര്‍ ഭൂതകാലത്ത് നിന്നും എത്തുന്നത് ആ തെറ്റിന്റെ ഫലം തിരികെ എല്പ്പിക്കാനോ മനസ്സിലാക്കിക്കാനോ വേണ്ടി മാത്രമാണ് . പഴയകാല സിനിമകളുടെ കഥകളെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ഒന്നോ രണ്ടോ കഥകള്‍ ഇതിലും വായിക്കാം . ചെറുപ്പകാലത്തിന്റെ , ധന ,കുടുംബ ശക്തിയുടെ ബലത്തില്‍ കീഴ്പ്പെടുത്തപ്പെടുന്ന നിസ്സഹായ ജന്മങ്ങള്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരുശേഷിപ്പുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ മടങ്ങി എത്തുന്ന കഥകള്‍.
എല്ലാ കഥകളിലും ഉന്നതമായ കുലജാതകരുടെ കഥകള്‍ ആണ് കാണാന്‍ കഴിയുന്നത്‌ . ജീവിത സാഹചര്യങ്ങള്‍ , കുടുംബ പശ്ചാത്തലങ്ങള്‍ , സൌന്ദര്യമാനദണ്ഡങ്ങള്‍ ഒക്കെത്തന്നെ സമൂഹത്തിന്റെ ഉയര്‍ന്ന പശ്ചാത്തലങ്ങള്‍ ആണ് വേദിയാകുന്നത്‌ . അതുപോലെ ചില കഥകളില്‍ കാമിനിയെക്കാള്‍ പ്രായം കുറഞ്ഞ കാമുകനെ ദര്‍ശിക്കാം . പറഞ്ഞു പഴകിയ കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു രീതിയായി ഇതിനെ കാണാന്‍ കഴിയുന്നു . ശരീര ഭാഷയുടെ ചെറിയ സാധ്യതകളെ പോലും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് കഥാകാരി എന്നത് കഥ വെറുതെ പറഞ്ഞു പോകുകയല്ല ഒപ്പം സഞ്ചരിക്കുകയാണ് എന്ന ബോധം ഉണര്‍ത്തുന്നു . ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്വന്തമായി നിലപാടുകളും , കാഴ്ചപ്പാടുകളും ഉള്ളവര്‍ ആണ് . തങ്ങളുടെ ജീവിതം അടിയറപറയുവാന്‍ ഉള്ളതല്ല എന്നൊരു സന്ദേശം അവര്‍ തരുന്നുണ്ട് . പ്രണയത്തില്‍ ആയാലും ജീവിതത്തില്‍ ആയാലും തങ്ങളുടെതായ ഒരു അധിനിവേശം അവര്‍ ആഗ്രഹിക്കുന്നുണ്ട് . കാമം ആയാലും പ്രണയം ആയാലും അതിനെ തന്റേതായ കാഴ്ചപ്പാടുകള്‍ക്കുള്ളില്‍ നിര്‍ത്തി നോക്കിക്കാണാന്‍ ഓരോ കഥാപാത്രവും മത്സരിക്കുന്നുണ്ട് . ബന്ധങ്ങളില്‍ ആഴത്തിലുള്ള രേഖകള്‍ വരച്ചിടാന്‍ അവര്‍ക്കൊരോരുത്തര്‍ക്കും കഴിയുന്നത്‌ ഈ ഒരു നിലപാടുകൊണ്ടാകണം. മരണക്കിടക്കയില്‍ നിന്നും ശരീരത്തെയും മനസ്സിനെയും തിരികെ പിടിച്ചുകൊണ്ടു വന്നവന്‍ ഒടുവില്‍ തന്റെ അനിയത്തിയുടെ ശരീരത്തെ പുണര്‍ന്നുറങ്ങുന്നത് കണ്ടു പടിയിറങ്ങുന്ന അമ്മുക്കുട്ട്യേടത്തി ജീവിതം തനിയെ വെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത് . വീണ്ടും വീണുപോയ അയാളെ അവള്‍ കാണാന്‍ കൂട്ടാക്കുന്നത് കൂടിയില്ല .

ഓരോ കഥയും ഓരോ ജീവിതങ്ങള്‍ ആണ് . ഒന്നും മറ്റൊന്നിനോട് ചേര്‍ന്ന് നില്‍ക്കുന്നില്ല . എല്ലാ കഥകളെയും ബന്ധിക്കുന്ന ഒരേ ഒരു നൂല്‍ പ്രണയം മാത്രമാണ് . ആ മധുരത്തിനപ്പുറം ഓരോ ജീവിതവും ഓരോ ആകാശങ്ങളാകുന്നു . ഭാഷയുടെ മധുരവും പ്രണയത്തിന്റെ സുഗന്ധവും നിറഞ്ഞ ഈ കഥാ സമാഹാരം നല്ലൊരു വായന നല്‍കും എന്നത് ഉറപ്പു . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല    

No comments:

Post a Comment