Tuesday, February 28, 2012

കവിതകവിത രചിക്കണമോ
മനോഹരമാക്കണോ
ചില നാലുമുലകള്‍ പറയാം..!
അതില്‍ പ്രണയം വേണം
എരിവുള്ള രതിയുടെ ശീല്‍ക്കാര,
നുരയുന്ന  പുഴുക്കള്‍,
ആരോടുമല്ലാതെ ഒരു ചോദ്യം,
പിന്നെ എല്ലാരേം ഭള്ള്  പറയണം..
സ്വയം തീകോരി തലയിലിടണം
രാഷ്ട്രത്തെ തൊടരുത് ,
മതത്തെ പറയരുത്,
ബിംബങ്ങളെ നോക്കരുത്,
നിനക്ക് പറ്റുമോ ഇതൊക്കെ ?
എന്നാല്‍ നീ കവി...!
വിലാപമാകാം ,
വിഭൂതിയാകാം ,
വിരോധവുമാകാം..!
നിനക്കും എനിക്കും
പിന്നെ അവര്‍ക്കും ചൊറിയണം.
ആസനം പുകയണം.
കവിയെന്നു ലോകം വാഴ്ത്തണം..!
വിജയിക്കുള്ളതാണ് ലോകം.
നീ പറയുക,
നിന്റെ സ്ഥാനം എവിടെ എന്ന് ?
നീ പറയുക...!
---------ബി ജി എന്‍ --------------

വെളിപാടുകള്‍പ്രിയേ
നീ ഒരു പ്രവാചക ആണ്.
നിനക്കൊരു
ചുംബനം വേണമെന്ന്
നീ മൊഴിഞ്ഞപ്പോള്‍ ആണ്
പല്ലുതേപ്പിന്റെ ആവശ്യകത
ഞാന്‍ തിരിച്ചറിഞ്ഞത്.

അകലങ്ങളില്‍ നിന്നും
 നേരില്‍ ഒന്ന് കാണണമെന്ന്
പറഞ്ഞപ്പോള്‍
എന്റെ മുഷിഞ്ഞ വസ്ത്രം
എന്നെ നോക്കി ചിരിച്ചു.

നിന്റെ നാട്ടിലേക്കുള്ള
വണ്ടിയിലിരിക്കുമ്പോള്‍
എന്റെ മണിപേഴ്സെന്നെ നോക്കി
ലജ്ജയാല്‍ തല താഴ്ത്തി .

നിനക്കെന്നെ പുണരണം എന്ന് 
പറഞ്ഞപ്പോള്‍ ആണ്  ആദ്യമായ്
കുളിക്കാത്തതിന്റെ  ദുഃഖം
എന്റെ മനസ്സില്‍ വേദനയായത്
-------------ബി ജി എന്‍ ---------------

Saturday, February 25, 2012

ചരിത്രം പറയുന്നത്


നഗരത്തിലെ ഒരു ലേലച്ചന്ത..!
വില പറഞ്ഞു  നിര്‍ത്തിയ ചരക്കുകളില്‍
വിപിനത്തിന്റെ ഹരിതമില്ലായിരുന്നു.
ഉണങ്ങിയ , നരച്ച
ഓര്‍മ്മകളുടെ ശവപരമ്പുകള്‍
കുഴിചെടുത്തതും
വെളിപ്പെട്ടതുമായ
ഒരുപാട് പുരാവസ്തുക്കള്‍..!

അവക്കിടയിലൂടെ ഞാന്‍
മറ്റൊരു പുരവസ്തുവായ് ചലിക്കുന്നു.
കണ്ണുകളില്‍
നിസ്സന്ഗത നിറം പിടിപ്പിച്ച
ഒരു സാധു,
ജാതിയില്ലന്നു പറഞ്ഞ വൃദ്ധന്‍.
ഇപ്പോള്‍
കണ്ണില്‍ നോക്കിയാല്‍ പറയില്ല
ഒരു ദൈവം മനുഷ്യനെന്ന്..!

വിറയാര്‍ന്ന കൈകള്‍ ഇപോളും
മുറുകെ പിടിചിരിക്കുന്നാ വടിയില്‍
ഭയം എന്നിലും നിറഞ്ഞു
ഇനി ആ വടിയെന്റെ ശിരസ്സിലെക്കോ ?

ഒരു പഴയ പിടിവണ്ടി പിറകില്‍ ഉണ്ട്
ഒരു കോസടിയും
ഒക്കെ നല്ല വിലകിട്ടുമെന്നരോ പറഞ്ഞു
ചരിത്രതിനെന്താ ഒരു വില ?

പിന്നെയും കാണാം അവിടവിടായ്
വടി പിടിച്ച,
കൊടി പിടിച്ച,
ശൂലവും ഗദയും പിടിച്ച ,
വീരന്മാരുടെ കാസരോഗം
ചുമച്ചു തുപ്പുന്ന ചുവന്ന മണതറ.

ചരിത്രത്തിന്റെ ഏടുകളില്‍
ഇവര്‍ രത്നങ്ങള്‍  ആണത്രേ.
വഴികാട്ടിക്കളെന്നോ
രക്ത സാക്ഷികളെന്നോ
കുറെ പെരുമകള്‍ ഉണ്ടവര്‍ക്ക്.

പണ്ടെങ്ങണ്ടിവിടെ ഏതോ
അന്യജീവികല്കെതിരെ പട
നയിചോടുങ്ങിയവരാനത്രേ
എന്തിലോ നിന്നും അവര്‍ സ്വാതന്ത്ര്യം
നേടിയീന്നെവിടെയോ എഴുത്ത് കണ്ടു
ചരിത്രങ്ങള്‍ വിലപിടിച്ചതല്ലോ ...!
-------------ബി ജി എന്‍ --------------------

Friday, February 24, 2012

പൂവിന്റെ ജന്മം

ഇതളറ്റ് വെറും നിലത്തൊരു പനിനീര്‍പൂവിന്‍ ജഡം
പുലരി എന്‍ കാതിലോതിയ കാറ്റിന്‍ സന്ദേശം..!
ഇന്നലെ ഇരുളുമ്പോഴും നറുമണം വിടര്‍ത്തിയെന്‍ -
വഴിയോര മതില്‍കെട്ടില്‍ ഞാന്‍ കണ്ടതാണതിനെ .


കാറ്റിന്റെ താരാട്ടില്‍ മേല്ലെതലയാട്ടികൊണ്ടൊരു
പുഞ്ചിരി പൊഴിച്ചതാണാ പൂവെന്നെ നോക്കി
ചെഞ്ചുവപ്പാര്‍ന്നോരാ കപോലങ്ങളില്‍ നാണ
കഞ്ചുകം വിരിച്ചൊരു പൂമ്പാറ്റ മുത്തിടുമ്പോള്‍ .


ഏറെ നാള്‍ വളമിട്ടു വെള്ളം തളിച്ചുമാ വീട്ടുകാര്‍
ഏറെ കരുതലോടെ പരിപാലിച്ചിരുന്നതോര്‍ത്തു.
ചുറ്റിലും മുള്‍വേലിതന്‍ മറകെട്ടി അയലോത്തെ
ആട്ടിന്‍ കുഞ്ഞുങ്ങളില്‍ നിന്നും രക്ഷിച്ചു വന്നതും.


ഒടുവിലോരുനാളാ ഇലകള്‍ക്കിടയിലായൊരു -
മൊട്ടിന്‍ ചുവപ്പിന്റെ നിറമത് കണ്ടനാള്‍ മുതല്‍
ഇരുളും പകലുമൊരു കാവലായതിന്‍ ചുറ്റിലും
ഭ്രമണം ചെയ്യുന്നത് കണ്ടിരുന്നെന്നും ഞാനവരെ .!


ഇതളുകള്‍ വിടര്‍ന്നൊരു സുന്ദര പുഷ്പമായ്
മിഴികളില്‍ സ്വപ്നം വിടര്‍ത്തും മനോജ്ഞയായ്
സിരകളില്‍ ലഹരി പടരും കാമിനിയെ പോല്‍
കുളിരല പൂകും സുസ്മേരമായ് വിലസിനാള്‍ ..!


മൂകമാം പാതയോരം പൊടുന്നനെ ഇന്ദിന്ദരങ്ങള്‍
തന്‍ മൂളലാല്‍ മുഖരിതമായ് തുടങ്ങവേ ഏവം
വേപഥുവാലാ വീട്ടുകാര്‍ വേലികള്‍ ഉയര്‍ത്തിയും
നിദ്രാരഹിതരായും കാവലിരുപ്പതും കണ്ടു ഞാന്‍..


ഏതു ശപ്തമാം നിമിഷത്തിന്‍ ഇടവേളയില്‍ ആ
കാവലിന്‍ കെട്ടൊന്നയഞ്ഞ രാവില്‍ , കാര്‍മുകില്‍ -
തന്‍ കടുത്ത മുഖത്തൊരു ചോരനായ് ഇരുളിന്റെ
കാരിരുമ്പിന്‍ കോട്ട കടന്നുവന്നോരാള്‍ മൂകം.


കാറ്റുപോലും ഗാഡമാം നിദ്രയില്‍ പാട്ടുപാടാന്‍
മറന്നുറങ്ങും നേരം കട്ടെടുത്തൊരാ പുഷ്പത്തെ
മെല്ലെയാ തൊടിയിലിട്ടു ചവിട്ടിയരച്ച് നാവു നക്കി
നടന്നകലുന്നൊരു കാട്ടുചെന്നായതന്‍ മിഴിതിളങ്ങുന്നു.
--------------------ബി ജി എന്‍ ------------------------------
--

പാഞ്ചജന്യം

മാന്യമഹാജനങ്ങളെ
ഞാന്‍ കൃഷ്ണന്‍
നിങ്ങളുടെ ശ്യാമവര്‍ണ്ണന്‍ ..!
 മയിലുകളും ഗോക്കളും സ്നേഹിച്ച
ഗോപികമാരുടെ കാര്‍വര്‍ണ്ണന്‍.

എന്റെയീ പീലിത്തിരുമുടിയും,
ഓടക്കുഴലും , പിന്നെയീ
പാഞ്ചജന്യവും  വില്‍ക്കാനുണ്ട്.
എന്റെയീ ചിരി മാത്രം ചോദിക്കരുത്
രാധ എന്നെ പടിക്ക് പുറത്താക്കും.

അഷ്ടിക്കു വക കാണാനിന്നു
എനിക്കിത് വിറ്റേ മതിയാകൂ.
പുല്‍മേടുകളും ഗോക്കളും
കാലമെടുത്തു പോയ്.
മരണമില്ലാത്തതിനാലിന്നും
അവതാരമായി ജീവിക്കുന്നു.

സംശയ കണ്ണുകളെ,
ഇത് പ്രച്ഛന്നവേഷമല്ല
നോക്കൂ പാദത്തിലെ മുറിവ്
നോക്കൂ മേനിയിലെ പൊള്ളല്‍
രാധ പോലും കാണാന്‍ അറയ്ക്കുമീ
പൊള്ളലിന്‍ പാണ്ടുകള്‍..!

എന്റെ രാജ്യം നഷ്ടമായ്
എന്റെ കുലം അനാഥമായ്
കടലിനും കരയ്ക്കുമിടയിലായ്
കാലം ഒരു വിടവുണ്ടാക്കിയിരിക്കുന്നു.

ഇവിടെ കണ്ണീരിന്റെ രോദനം
ഇവിടെ വിശപ്പിന്റെ വേദന
ഞാനും ഇതിലൊരു വേഷപ്പകര്‍ച്ച.

അങ്ങാടിയിലെ കണ്ണാടി മുറിയില്‍
ഇനി എന്റെ ആടയാഭരണങ്ങള്.
മുന്തിയ വിലക്ക് വിദേശത്തെ
ഊണുമേശയില്‍ ഞാനും രാധയും
വിശപ്പ്‌ മറന്നു പ്രണയകേളി ആടട്ടെ.
കകണ്‍കെട്ടുകള്‍ക്കിനി കൗതൂഹലമില്ല
പശിയുടെ മുന്നില്‍ ദൈവവും ...!
------------------ബി ജി എന്‍ ......................

Thursday, February 23, 2012

മരുപ്പച്ച

വരണ്ടുണങ്ങിയ
നിന്റെ ഗര്‍ഭപാത്രത്തില്‍
ഉഷ്ണത്തിന്റെ തീക്കാട്
മാത്രം ബാക്കിയാകവേ
ഒരു പുതിയ ജനിതകവിത്ത് തേടി
ഞാനിന്നു  യാത്ര ആകുന്നു.

ഊഷരതയുടെ മരുപ്പച്ച തേടിയെന്‍
മനസ്സിന്‍  രഥം ഉരുളുമ്പോള്‍
പിടിച്ചു കെട്ടാനാളില്ലാതൊരശ്വം
എന്റെ തലച്ചോറില്‍  പാഞ്ഞു നടക്കുന്നു.

മുറുകിയ വീണക്കമ്പികള്‍ തൊടാന്‍
മടിച്ചു നില്‍ക്കുന്ന ഉഷസ്സിന്റെ തണുവില്‍
സ്വേദരസം മണക്കും കിടക്ക
മൌനത്തിന്‍  വല്മീകമാകുന്നു.

കമ്പനത്തിന്റെ വൃഥാ ശല്‍ക്കങ്ങള്‍ 
സങ്കല്പത്തിന്റെ മരുപ്പച്ച തേടുന്നു.
ഞാന്‍ എന്റെ പുറംചട്ട വലിച്ചു കീറട്ടെ
പാതയോരം വിണ്ടു കീറുന്ന മോഹങ്ങളും,
ചൊറിഞ്ഞടരുന്ന ഉഷ്ണപ്പുണ്ണുകളും   
പിന്നെ മനം മടിക്കും വാസനപാക്കും .

എന്റെ യമുനയില്‍ കാളകൂടം നിറയുന്നു
ഫണി വിടര്‍ത്തുമെന്‍ മസ്തകം
തകര്‍ക്കുവാനൊരു  താളവുമിനി ബാക്കിയില്ല.

വെറുമൊരു വാക്കിനാല്‍ ,നോക്കിനാല്‍
നിന്നെ വേദനയുടെ തുരുത്തിലേക്കെറിയാന്‍  
നിദ്രയില്‍ പോലും നിലവിളി ആകാന്‍
ഇനിയൊരു രാവു ഞാന്‍ നിന്നരികിലില്ല.

സത്യമന്വേഷിച്ചിറങ്ങിയ
ഗൌതമനല്ല ഞാന്‍
ഒരു കുഞ്ഞു കാലിന്റെ മുദ്ര അല്ല മറിച്ച്
ഒരു മൃഗ തൃഷ്ണമാത്രമാണ്
എന്റെ യാനമെന്നു
തിരിച്ചറിവിന്റെ കാലം വരുവോളം
ഞാന്‍ യാത്ര ആകുന്നു.

ഒരുപക്ഷെ അന്നതസ്സാധ്യമാകിലും
എന്റെ കാമന എന്നെ
നിന്നിലേക്കാനയിക്കട്ടെ.
മൃതിയുടെ മണം മാറാത്ത
ചിതല്‍പുറ്റുകളെ സ്നേഹിക്കാന്‍
അന്ന് നീയും പടിച്ചിരിക്കുക
--------------------ബി ജി എന്‍ -----------------------------

Wednesday, February 22, 2012

തുലാവര്‍ഷം

കഴിഞ്ഞ തുലാവര്‍ഷം 
എനിക്ക് തന്നത്
തോരാത്ത കണ്ണീരിന്റെ പ്രളയം.!
കോരിച്ചൊരിഞ്ഞ
മഴയുടെ ആരവം.
എന്റെ കാതില്‍ 
പകര്‍ന്നു തന്നത്
ഓമല്‍ പൈതലിന്റെ ആര്‍ത്തനാദം
.

ഒരു കൊച്ചു കളിയോടവുമായ്
ഇറമ്പിലെ 
ചെളിവെള്ളത്തിലേക്ക്
കണ്ണുവെട്ടിച്ചു ഇറങ്ങുമ്പോള്‍
ഒരു കണ്ണഞ്ചുന്ന വെളിച്ചം 
അവനെയും എന്റെ കാഴ്ചയും
 അണച്ചുകളഞ്ഞു.

ദിഗന്തങ്ങള്‍ നടുങ്ങിയ ഇടിനാദം
എന്റെ ജീവന്റെ 
തുടിപ്പിനെയും കൊണ്ടുപോയ്
ഇവിടെ ഞാനും 
ഈ ഇരുട്ടും മാത്രം ബാക്കി.
നിശബ്ദതയ്ക്ക് കൂട്ടായി 
ഇനി എന്റെ മൌനം.

ഇരുളിന് ഞാനും സഖി
ദുഃഖങ്ങള്‍ മാത്രം പങ്കിടാനാരുമില്ല.
എവിടെ നിന്നോ ഒരു ഗാനം
കാറ്റെന്റെ കാതില്‍ കൊണ്ട് വന്നു.

"ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ...
ആയിരം ആള്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും ...."

---------------ബി ജി എന്‍ --

Tuesday, February 21, 2012

മധുരം മലയാളം


മധുരം മലയാളം
എന്റെ നാവിന്നടയാളം
ഹൃദയം മിടിക്കുന്നതും
വിലപിക്കുന്നതും
സ്നേഹം വിളമ്പുന്നതും
പിന്നെ രോക്ഷം പുലമ്പുന്നതും
എന്റെ മലയാളത്തില്‍ .
അന്യഭാഷകാരന്റെ തന്തയെ
വിളിക്കാന്‍ പറ്റിയതും
എന്റെ ഭാഷ തന്നെ
ഭാഷ തന്‍ മധുരം
അത് നാട്ടിലണയുന്ന
പ്രവാസിക്ക് സ്വന്തം.
മലയാലം പറയുന്ന
കൊച്ചമ്മമാര്‍ക്കും
പുതിയ തലമുറക്കും
പച്ച മലയാളത്തില്‍
എന്റെ വണക്കം.
സ്നേഹിക്കൂ നാടിനെ
സ്നേഹിക്കൂ അമ്മയെ
സ്നേഹിക്കൂ മാതൃഭാഷയെ
കവി മൂളുന്നു
മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാര്‍
തന്ഭാഷ പെറ്റമ്മയും
--------------ബി ജി എന്‍ -----------------

Monday, February 20, 2012

അപരാജിതന്‍


ഞാന്‍ നിന്നെ
വെല്ലു വിളിക്കുന്നു.
ഒളിച്ചിരുന്ന്
ഒരു ഹിജഡയെ   പോലെ
അല്ലെങ്കില്‍
ഒരു ഭീരുവിനെ പോലെ
എന്റെ ആത്മാവിനെ
കുരുക്കെറിഞ്ഞു പിടിക്കാതെ
ഒരു പടയാളിയെ പോലെ
ഒരു ധീരനായ്‌
നിനക്കെന്റെ മുന്നില്‍ വരാമോ?
എന്റെ കണ്ണുകളില്‍ നോക്കി
നിനക്കെന്റെ ജീവന്‍ എടുക്കാമോ?
ആകസ്മികമായ്
ഇരുളില്‍ കൂടുകൂട്ടി ഇരുന്നു
വഴിവക്കിലും
ഉറക്കത്തിലും
രതി നിര്‍വൃതിയിലും
എന്നെ മുഴുമിക്കാന്‍ വിടാത്ത
നീ ഒരു ഭീരു ആണ്.
-------------ബി ജി എന്‍ -----

Sunday, February 19, 2012

മൂന്നു മുലകള്‍മാറില്‍ അള്ളിപ്പിടിച്ചു

നിലവിളിക്കുന്നോരാ
അസ്ഥികൂടത്തിന്റെ വായിലേക്ക്
ശുഷ്കിച്ച മുലഞ്ഞെട്ടു തിരുകി
ആകാശങ്ങളിലേക്ക് നോക്കി
ആ അമ്മ നിലവിളിക്കുന്നു.
വലിച്ചെടുക്കുന്ന ജീവരക്തത്തില്‍
ഒന്നുമില്ലെന്നറിഞ്ഞു
കരയാന്‍ പിളര്‍ന്ന ചോരിവായില്‍
ആ കണ്ണുനീര്‍ അമൃതാകുന്നു.

പിഞ്ചു കയ്കളാല്‍
പരതി പിടഞ്ഞൊരു കുഞ്ഞു
കരയുന്നമ്മയെ നോക്കി.
അര്‍ബുദം കാര്‍ന്നു തിന്നുന്ന
മാറിലെ നോവിനെ
മറികടക്കുന്നു
അമ്മയുടെ വേദന
കണ്ണീര്‍ ചാലാകുന്നു..

വാഴച്ചുവട്ടിലേക്ക്
കറന്നു ഒഴിക്കുന്ന
അമ്മിഞ്ഞയെ നോക്കി
ദൂരെ തൈത്തെങ്ങിന്‍ ചോട്ടിലെ
നനഞ്ഞ മണ്ണിനടിയില്‍
കഴുത്തു ഞെരിഞ്ഞു
ശ്വാസം പോയൊരു
കുഞ്ഞു നാവു നീളുന്നു
പാതി അടഞ്ഞ കണ്ണുകളില്‍
സങ്കടം പെരുമഴയാകുന്നു
------------ബി ജി എന്‍ -----------
 

ഞാന്‍

എന്റെ പേര് എന്തെന്ന് 
എനിക്കറിയില്ല
നിങ്ങളെനിക്കൊരു പേരിടു.
ചിലപ്പോള്‍ ഞാന്‍ ഉസ്താതാണെന്നും
ചിലപ്പോള്‍ ഞാന്‍ ഒരു വക്താവാണെന്നും
എനിക്ക് തോന്നാറുണ്ട്.

എന്റെ കണ്ണടയില്‍
സ്ത്രീകളെ കാണുമ്പോള്‍
അവര്‍ക്ക് നിറമേറും
ചിലപ്പോള്‍ ഞാനൊരു പെണ്ണാകും.

കാമം നിറഞ്ഞ മദാലസ
കടമിഴിക്കോണിലൂടെ പലരെയും
ഞാനാ പനമുകളില്‍ എത്തിച്ചിട്ടുണ്ട്.

ചിലപ്പോള്‍ ഞാന്‍ ഒരു താത്വികനാകും
രണ്ടക്ഷര കളരികളില്‍ ഞാനെന്‍
പേന ഒരു ഖഡ്ഗം ആയ്ക്കും.

എന്റെ രചനകളെ ഞാന്‍
വാനിലെ നക്ഷത്രത്തോടും
എന്റെ ചിന്തകളെ കടലിന്റെ
പരപ്പിനോടും ചേര്‍ത്ത് വയ്ക്കുന്നു.

നരച്ചു തുടങ്ങിയ എന്റെ നെഞ്ചിലെ  രോമം
ലെന്‍സ്മാന്റെ ഷര്‍ട്ടില്‍  ഞാന്‍ ഒളിപ്പികും
പിന്നെ കറുപ്പിച്ച മുടി കാട്ടി
കാമദേവന്റെ കിന്നാരം പറയും.

എന്നെ അറിയുന്നുവോ നിങ്ങള്‍
ഇല്ലെങ്കില്‍ വരൂ അറിയൂ
നിങ്ങള്‍ക്ക് ഞാന്‍ ആരാകണം
ആണോ അതോ പെണ്ണോ ?
========ബി ജി എന്‍ =================

Saturday, February 18, 2012

വെളിപാട്

പ്രിയേ നീ ഇതെടുത്തു കൊള്ളൂ
എന്റെയീ സാരംഗിയില്‍ ശ്രുതി ചേര്‍ത്ത്
നീ എന്റെ ഹൃദയത്തെ അലിയിക്കുക
ഇമകള്‍ ചിമ്മാതെ എന്നരികിലിരിക്കുക.

ഒരിക്കലും നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന
പ്രണയത്തിന്റെ പാനപാത്രം നിറയ്കാം ഞാന്‍
എന്റെ കണ്ണുനീരിന്‍ ഉപ്പില്‍ ചാലിച്ചെടുത്ത
ഹൃദയരുധിരം നുണഞ്ഞു നീ ചിരിക്കുക .

ഒരിക്കല്‍പോലും നിന്നെ ചുംബിച്ചുണര്‍ത്താ -
ത്തോരീ ചുണ്ടുകള്‍ നീ പൊള്ളിക്കുക.
നിന്റെ ദുഖത്തിന്റെ ചൂളയില്‍ വീണു-
രുകി പഴുത്തൊരു കണ്ണുനീരിനാല്‍

ഒരിക്കലും ഞാന്‍ നുണയാത്തോരീ-
മുലഞെട്ടുകള്‍ എന്നധരത്തില്‍ നീ തിരുകുക
നിന്‍ മനസ്സിലെ സ്നേഹത്തിന്‍ കൃപാരസം
പകര്‍ന്നെന്നെ വിമലീകരിക്കുക

അഗ്നി കാര്‍ന്നു തിന്നുമെന്‍ തലച്ചോറില്‍
നിന്റെ ഓര്‍മ്മകള്‍ പുതച്ച ചാരം പൊട്ടവേ
മിന്നാ മിനുങ്ങായ്  ചിതറുമീ കനലുകള്‍
നിന്‍ മിഴികളില്‍ നിറയ്ക്കുക...

മടങ്ങുക നിരാസത്തിന്റെ ജരികകള്‍ താണ്ടി
അണയുക അകില്‍ പുതയുമീ നിലവറകളില്‍
നനുത്ത കളഭമായ് നിന്‍ ഫാലത്തില്‍ തിളങ്ങട്ടെ
അരച്ചെടുക്കുമെന്‍ ഹൃദയമിനി എന്നുമേ .....
------------ബി ജി എന്‍ ----------------------------

Friday, February 17, 2012

സത്യാന്വേഷണങ്ങള്‍

അരക്കെട്ടിന്‍  മദം കൊണ്ട്
നിനക്കെന്നെ തളക്കാം
അണി വയര്‍ വലിപ്പത്താല്‍
നിന്നെ ഞാനും

ഇടക്ക തന്‍ നാദത്താല്‍
ഹൃദയം തുടിച്ചിടാം.
അടയ്ക്കതന്‍ ചൊരുക്കില്‍
നിന്‍ തലച്ചോറും

വഴിവക്കിന്‍  ഇരുട്ടില്‍
നിന്‍ മാനം ഞാനെടുക്കാം
പഴുതൊന്നുമില്ലെങ്കില്‍
നിന്നുയിരും...!

വെളിച്ചത്തിന്‍ ദ്വാരം
ഞാന്‍ ഇരുട്ടിനാല്‍ അകറ്റാം
നിന്‍ അധരത്തിന്‍ ദാഹ
മെന്നധരത്താലും .

പ്രേമത്തിന്‍ ഇണചേരലീ
ചിത്രത്താലെടുക്കാം
നിന്‍ നാളത്തെ ജീവിതത്തിന്‍  വിലയും
-----------------ബി ജി എന്‍ ----------


രാവ് പറയാത്തത്...കുമ്പസാര രഹസ്യങ്ങള്‍ പോലെ
ഞാനും ഒന്നും പറയില്ല
ആരോടും ഒരിക്കലും.

കടമ്പ് മരത്തിന്‍ ചോട്ടില്‍ നിങ്ങള്‍
രണ്ടിണകിളികള്‍ സ്നേഹം
മേനിയില്‍ പങ്കുവച്ചതും,
കിണറിന്റെ ആഴം നിന്റെ
പാദങ്ങള്‍ അളന്നതും,
മാവിന്‍ കൊമ്പില്‍ തൂങ്ങും മുന്നേ
നീ കണ്ണീര്‍ പൊഴിച്ചതും,
നട ഇറമ്പില്‍ കോഴിത്തല താഴ്ത്തതും , 
അയലോക്കത്തെ ചേച്ചിയുടെ
അടിവസ്ത്രം കട്ടതും
ഞാന്‍ ആരോട് പറയില്ല.

പ്രിയനോടൊത്തു നീ പടിയിറങ്ങുമ്പോള്‍
തിരിഞ്ഞു ഉമ്മറത്തേക്ക് നോക്കിയതും,
നിന്റെ കണ്ണില്‍ നിന്നൊരു മുത്തടര്‍ന്നു
മണ്ണില്‍ വീണളിഞ്ഞതും,
പച്ചമണ്ണുണങ്ങാത്ത സാംബ്രാണി
മണക്കുന്ന കുഴിമാടത്തില്‍
തലവച്ചു നീ കരഞ്ഞതും,
അടുക്കള വാതില്‍ തുറന്നു
അയലത്തെ ചേട്ടന്‍ വന്നതും
ഞാന്‍ ആരോടും പറയില്ല
------------------ബി ജി എന്‍ ---------------

പ്രണയം ഒരു ആഘോഷം


ഇല്ല ഞാന്‍ തെറ്റ് തിരുത്തുന്നു
പ്രണയം ഒരിക്കലും
മരീചിക അല്ല.

വിദൂരതയില്‍ നിന്നും
ഒരിക്കലും അറിയാത്തൊരിടത്ത്
അറിയാനൊരിക്കലും
കഴിയാത്തൊരിടത്ത്
പ്രൊഫൈലുകള്‍ക്കിടയില്‍ നിന്നും
ഒരു കരം നീണ്ടു വരുന്നു.

എന്റെ ഹൃദയത്തിന്റെ
തന്ത്രിയില്‍
മിടിപ്പായ്
നാദമായ്
കാതില്‍ ഒരു കുളിരായ്
ഒഴുകി വന്നു.

കണ്ണാ
ഞാന്‍ നിന്നെ അറിയുന്നു
യുഗങ്ങളായ്‌ ഞാന്‍
നിന്നെ തിരയുന്നു
നീ എവിടെ ?

അവളുടെ സ്വരം എന്റെ സിരകളെ
ത്രസിപ്പിക്കുന്നു
എന്നില്‍ പ്രണയം വിടരുന്നു.

കാലം എനിക്ക് മുന്നില്‍
തളര്‍ന്നു നില്കവേ,
ഞങ്ങള്‍
ഒരു അരുവിയായ് ഒഴുകട്ടെ.
പ്രണയ നദിയായ്
സമുദ്രത്തിന്റെ അഗാധതയില്‍
ലയിക്കുവോളം
ഒരുമിച്ചൊരു താളമായ്
ഒരു മോഹമായ്
അറിവേ നീ
എന്നെ പിരിയാതിരിക്കൂ
.................ബി ജി എന്‍ ..............................

Thursday, February 16, 2012

സഹയാത്രികന്‍

ഞാന്‍ നിന്റെ
സഹയാത്രികന്‍.
എന്റെ തണലില്‍
നീ ഉറങ്ങുന്നു.
എന്റെ ചാരത്തില്‍
നീ കുളിരകറ്റുന്നു .
എന്റെ അസ്ഥികളാല്‍
നീ എരിയുന്നു
നിന്റെ ശത്രുക്കളുടെ
 തലച്ചോറും,എല്ലുകളും
നീ എന്നാല്‍ തകര്‍ക്കുന്നു.
നിന്റെ പശി അകറ്റാനും
പിന്നെ
നിന്റെ പ്രിയക്കൊന്നു
കൊടുക്കാനും
നിനക്കിരിക്കാനും, കിടക്കാനും
നിന്റെ മക്കള്‍ക്ക്‌
അക്ഷരം പഠിക്കാനും
നിന്റെ യാത്രകള്‍ക്കും
താമസത്തിനും
എന്തിനും ഏതിനും നിന്നോടൊപ്പം
എന്നും  ഞാന്‍ ഉണ്ടെന്നാകിലും
എപ്പോളും നിന്റെ മഴു വീഴുന്നത്
എന്റെ കടയ്ക്കല്‍ തന്നെ ആണല്ലോ ?
----------------ബി ജി എന്‍ ------------------------------

Wednesday, February 15, 2012

പ്രണയം ഒലക്ക ആണ്

പത്താം ക്ലാസ്സിന്റെ പൊടിമീശ
നല്കിയ ഗമയില്‍,
നീളന്‍ ജാക്കറ്റിട്ട അവളോട്‌ പറഞ്ഞു
നിന്നെ എനിക്കിഷ്ടമാണ്.
വാക്കുകള്‍ വിക്കിപ്പോയതിനാല്‍
അവള്‍ പിന്നെയും ചോദിച്ചു എന്തെന്ന്.
കേട്ട പാതി അവള്‍ മുഖം വക്രിച്ചു.
പിന്നെ പറഞ്ഞു 'പോടാ പട്ടി 'എന്ന്.

കോളേജിന്റെ വരാന്തയില്‍
ചുരിദാറിട്ട സുന്ദരിയോട്‌
തടഞ്ഞു നിർത്തി പറഞ്ഞു
ഐ ലവ് യു എന്ന്.
'ശല്ല്യപെടുത്താതെ  പോടാ ' എന്ന്  മറുപടി .

സന്തോഷം ആരും സ്വീകരിച്ചില്ലല്ലോ..!
ബിരുദത്തിന്റെ അവസാന നാളില്‍
എന്നും നോക്കി ചിരിച്ച സതീര്‍ത്ഥ്യയോടു
നടുറോഡിൽ നിന്ന് ചോദിച്ചു .
എന്റെ ജീവിതത്തിലേക്ക് വരുന്നോ എന്ന്
മാതാപിതാക്കളെ ധിക്കരിക്കാന്‍ പറ്റില്ലന്നു
അവള്‍ പ്രാക്ടികല്‍ ആയി.

ഉപജീവനത്തിന്റെ പാലായനത്തില്‍
ആശുപത്രി കിടക്കയില്‍ മലേറിയ പുതച്ചു
കിടന്നപ്പോ  കുത്തിവച്ചവളോടും ചോദിച്ചു
നിന്നെ ഞാന്‍ കെട്ടിക്കോട്ടോന്നു.
നിന്റെ ജാതി എന്തെന്ന് ചോദിച്ചു
അവളെന്നെ ഞെട്ടിച്ചു.

അടുത്ത മുറിയിലെ മലയാളി ചേച്ചി
ഒരു നാള്‍ രതിമൂർച്ചക്കിടെ പറഞ്ഞു
എന്റെ മോളെ നിനക്ക് കെട്ടിച്ചു തരാം.
കൂടെ പടിച്ചവന്റെ കൂടെ ഓടിയതിനാല്‍
കൂടെ കൊണ്ട് നിര്‍ത്തിയിരിക്കുന്നവള്‍
ഒരുനാൾ പറഞ്ഞു
അമ്മയില്ല റുമിലോട്ടു വാന്നു.

പ്രണയത്തിനു കണ്ണില്ലെങ്കിലും
എനിക്ക് വിവേകമുണ്ടായി.
പ്രണയിക്കാതെ കാണാതെ
അറിയാതെ ഞാനും കെട്ടി ഒരാളെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു.
പ്രണയം ഒലക്ക ആണ്
എല്ലാ വിധത്തിലും......
--------------------ബി ജി എന്‍ -----------

Sunday, February 12, 2012

പ്രതീക്ഷയുടെ പകലിരവുകള്‍


നമുക്കിടയിലെ
ദൂരക്കാഴ്ചകളില്‍ 
പ്രണയം വിടരുന്നതും
നിന്റെ മിഴികള്‍
നക്ഷത്രമാകുന്നതും
ഒരു പോലെ ആകുന്നു.

എനിക്കായ് നിന്‍
അധരങ്ങള്‍ വിടരുമ്പോള്‍
പവിഴമുത്തുകള്‍
ഒളി ചിമ്മികളിക്കുന്നു.

കാച്ചെണ്ണയുടെ   മണമാര്‍ന്ന 
നിന്റെ ചികുരഭാരത്തില്‍
മുഖം പൊത്തുമ്പോള്‍
എന്റെ ഇടനെഞ്ചില്‍
 തിമില മുറുകുന്നു.

എന്റെ നെഞ്ചിലമരുന്ന
 നിന്റെ സ്നിഗ്ധ മാര്‍ദ്ദവം
എന്റെ ഇടയ്ക്കയില്‍
ദ്രുത  താളമായ് പടരുന്നു.

പരസ്പരം തോളോട് തോള്‍
ചേര്‍ന്ന് ഒന്നായ്‌
അമര്‍ന്നു നില്‍ക്കാന്‍
എന്ന് നീ വരും
കിനാവിലല്ലാതെന്‍ പ്രിയേ..?

നിശാഗന്ധിയുടെ സൌഗന്ധികവുമായ് ..
നിന്റെ ചിത്രകൂടങ്ങളില്‍ ഒരു നാഗമായ്
ഞാന്‍ ഒളിച്ചു കളിക്കുന്ന
കാലം വഴിമാറുന്ന ആ ദിനം
നമ്മള്‍ നമ്മുടെതാകും ആ  ദിനം..!
-------------ബി ജി എന്‍ ---------------------------------

Saturday, February 11, 2012

വന്മരങ്ങള്‍

വന്മരങ്ങള്‍ നാമിങ്ങനെ
പടര്‍ന്നു നില്‍ക്കുന്നു
ആകാശത്തോളം ഉയരത്തില്‍
പാതാളത്തോളം താഴ്ചയില്‍
അവ സ്തംഭമാകുന്നു.

ജഡ പിടിച്ച മുടി പോലെ
വള്ളികള്‍ ഞാന്നു കിടക്കുന്നു
കിളികളുടെ  കൂജനം
ഇലകളുടെ മര്‍മ്മരം 
നിന്റെയും എന്റെയും ഭ്രമണം

തണുത്ത കാറ്റ് നിന്നെയും എന്നെയും
ഒരേപോലെ ഉമ്മ വച്ച് പോകുമ്പോള്‍
ഭൂമിയുടെ അന്തരാളങ്ങളില്‍
നമ്മുടെ വിരലുകള്‍ കോര്‍ക്കുമ്പോള്‍
നിന്നിലൂടെ ഞാന്‍ എന്നെ തൊട്ടറിയുമ്പോള്‍
നമ്മുടെ കണ്ണില്‍ നക്ഷത്രങ്ങള്‍
താരാട്ടിന്‍ ഈരടി പാടിതുടങ്ങുന്നു.

നിന്റെ മുലകളില്‍ നിന്നും
കാട്ടുമക്കള്‍ മധു നുകരുമ്പോള്‍
നിന്റെ ചുണ്ടിലെ മന്ദഹാസം
എന്റെ പൌരുഷത്തെ ഉണര്‍ത്തുന്നു.
ഒന്നിക്കാന്‍ ആകാതെ ഒന്നിച്ചവര്‍
നമ്മുക്കിടയില്‍ അകലത്തിന്റെ കടല്‍ ...!

കൂറ്റന്‍ ജലപാതകള്‍ നമുക്കിടയില്‍
മാറ്റത്തിന്റെ ചരിത്രം എഴുതുമ്പോളും
നഗ്നതയില്‍ നിന്നും നാണത്തെ അറിഞ്ഞപ്പോളും,
ഇന്ന് നാണംമറയ്ക്കുമ്പോഴും
ഞാന്‍ നിന്റെ മേനിയെ നോക്കി.
അന്നുമിന്നും പച്ചിലകളാല്‍ നിന്റെ ഗുഹ്യത,
നിന്റെ മാറിടം, നിന്റെ നാഭിതടം
എല്ലാം മറഞ്ഞു തന്നെ നില്‍ക്കുന്നു.

കാലത്തിനു മാറ്റാന്‍ കഴിയാതെ
എന്റെ കാമത്തിന് വളരാന്‍ കഴിയാതെ
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു.
ഒന്നിക്കാന്‍ ആകില്ലെങ്കിലും
നമുക്ക് കാണാന്‍ ആവുമല്ലോ.

മരണം വരെ കണ്ണില്‍ കണ്ണില്‍ നോക്കി
നമുക്ക് വികാരങ്ങള്‍ പങ്കുവയ്കാം
എന്റെ നിശ്വാസത്തെ കാറ്റ് നിന്റെ കാതില്‍
ഒരു തോഴിയായ് എത്തിക്കട്ടെ.
നിന്റെ വിയര്‍പ്പു തുള്ളികള്‍
നാഗങ്ങള്‍ എന്റെ മാറില്‍ പരാഗമാക്കട്ടെ.
നമുക്ക് ഉഷ്ണവാതത്തില്‍
പരസ്പരം തലയറഞ്ഞു ചിരിക്കാം
----------------ബി ജി എന്‍ -------------------

Wednesday, February 8, 2012

ഹൃദയ രാഗം

ഇരുളില്‍ പരതി വരും വിരലിന്റെ സ്നേഹം,
ഇരയെ കടിച്ചു കുടയും കടുവതൻ  പശി,
ഇമകളെ നനയ്ക്കുന്ന കൊടിയ ശകാരങ്ങള്‍ ,
ഇവയാണോ നിന്റെ പ്രണയത്തിന്‍ മുദ്രകള്‍ ..?   

കരളില്‍ കുത്തി വലിക്കും വിലാപമായ്
കരയാന്‍ ബാക്കിയില്ലാത്ത കണ്ണുനീരുപ്പുമായ് 
കനലുകളില്‍ അമരുന്ന പാദനടുക്കമായ്
കണ്ണീര്‍ കടലിലീ  ചെറുതോണി ഇനിയെത്രനാള്‍ ?

നിറദീപവും വലംകാലും ഇടറിയ നാള്‍മുതല്‍
നരകത്തിന്‍ തീക്കനലുകള്‍ മെയ്യില്‍ പുരട്ടി
നാലുകെട്ടിന്‍ അകത്തളങ്ങള്‍ ധാരകോരിയ 
നിശ്ശബ്ദതയും കണ്ണീരുമിന്നു തോഴികള്‍ ...!

വിരലുകള്‍ പതിഞ്ഞ കവിൾത്തുടിപ്പുകളും
വരണ്ടുങ്ങിയ ഗര്‍ഭപാത്രവും,
വിയര്‍പ്പില്‍ കുതിര്‍ന്ന രാപ്പകലുകളും
വാല്യക്കാരിയുടെ അടുക്കളക്കോണിന് തുണ ..!

മുറിവേറ്റു പിടയുമെന്‍ ഹൃദയത്തിലായൊരു
മൃദുചുംബനമെങ്കിലും കൊതിച്ചുകൊണ്ടീ-
മരവിച്ച മനസ്സിനെ പുണര്‍ന്നിടുമ്പോള്‍
മൃഗമായ് നീ എന്നെ കൊന്നു തിന്നിടുന്നോ ?

വരണ്ട ഭൂമിയിലൊരു കുളിര്‍ മഴയായ് 
വരുമൊരു നനുത്ത പൊൻകിനാവായ് നീ
വരിക നീയെനിക്കെൻ മുഖമൊട്ടു നേരമാ
വിരിഞ്ഞ മാറില്‍ ഒളിച്ചു വച്ചീടുവാന്‍..

പിരിഞ്ഞു പോകല്ലേ മൊഴിഞ്ഞു തീരും മുന്നേ 
പറന്നകലല്ലേ കരഞ്ഞു തീരും മുന്നേ
പടര്‍ന്നു കയറല്ലേ മാംസ പുഴുക്കളില്‍
പകര്‍ന്നുനല്കീടുമോ സ്നേഹചുംബനം മാത്രം . ?

ഒരിറ്റു നേരമെന്‍ ചാരത്തിരിക്കുവാന്‍
ഒരു കടലോളം സ്നേഹം ചൊരിയുവാന്‍
ഒരിക്കലെങ്കിലും പറയാതറിഞ്ഞു വരുമോ നീ
ഓടക്കുഴല്‍ നാദവുമായെന്‍ കള്ളകണ്ണാ ...?
-----------ബി ജി എന്‍ -----------------------------
    

 
 
  
 
     
 

Monday, February 6, 2012

മുഖം നക്ഷ്ടപെട്ടവര്‍

ഊഴവും കാത്തു 
എത്ര നേരമീ ഇരുള് ചൂഴും
മുറിയിലിരിക്കണം ഞാനിനി ?
നഗരത്തിലെ ഏറ്റവും നല്ല ചരക്കിനെ ,
പുതുതായ് വിപണിയിലെത്തിയ കൊച്ചമ്മയില്‍ 
അറിവിന്റെ മദഗന്ധം നുകരാന്‍
കൂട്ടുകാരുടെ വര്‍ണ്ണനയില്‍ മുങ്ങി ഈ 
 നഗരത്തിലിത് ഞാനാദ്യം .

 ഒരു തേരട്ടയായ്‌ ഉള്ളില്‍ നുരയുന്ന ഭയം
കളവു പറഞ്ഞമ്മയില്‍ നിന്നും വാങ്ങിയ 
പച്ചനോട്ടുകള്‍ പിടക്കുന്നു കീശയില്‍
പടപക്കുന്ന ഹൃദയതിനൊപ്പമേ..
മുഷിഞ്ഞു നാറിയ കടലാസ്സുകളിലും
ഉച്ചപ്പടതിന്റെ വെട്ടികയറ്റലുകളിലും
അയല്‍പക്കങ്ങളുടെ ജാലകത്തിലും 
തേടി നടന്ന രഹസ്യം
ആ സമസ്യയുടെ പൂര്‍ണ്ണത തേടുന്ന
ആകംഷ ഉള്ളിലൊരു തേരട്ടയാകുന്നു.

ഊഴം കഴിഞ്ഞിറങ്ങുന്നവരുടെ 
പൂപോല്‍ തിളങ്ങുന്ന മിഴികളില്‍
ചാലിട്ടൊഴുകുന്ന വിയര്‍പ്പിന്‍ തുള്ളികളില്‍,
നേര്‍ത്ത്നില്‍ക്കുമസൂയയും പിന്നെ
ഓര്‍ത്തു കേഴുന്നൊരാധിയും നിറയുന്നു .


ആദ്യ പരീക്ഷണത്തിന്‍ വേവലാതിയാല്‍
തലച്ചോര്‍ പുകയുന്നു ,ഈ പരീക്ഷയില്‍
വിജയം അതെന്നെ പുല്കുമോ ?
ഒടുവിലീ മുഷിപ്പിന്‍ കാത്തിരിപ്പിന്നവസാന -
മൊരു പരാജയത്തിന്‍  കഥയായി തീരുമോ ?


ഭാഗ്യന്വേഷിയുടെ പാദങ്ങള്‍ പോലെന്റെ
നെഞ്ചകം എനിക്കുമുന്നേ പായവേ
വിറയാര്‍ന്ന കൈകളാല്‍ മുറിതുറക്കട്ടെ  ഞാന്‍
ആവാഹിക്കട്ടെന്റെ ശക്തിയും ശ്വാസവും .
മദഗന്ധം മൂടുമീ  തിരശ്ശീല മാറവേ 
അടിവയറിന്നുള്ളില്‍ നിന്നും വമിച്ചോരീ
അഗ്നിഗോളവുമാര്‍ത്ത സ്വരവും ഒരേ മാത്ര ..!
വാരി വലിച്ചെടുക്കുമുടയാടകള്‍ കാണാന്‍
അന്ധമവന്‍ തന്‍കണ്ണുകള്‍
കാത്തുനിന്നീലൊരു വേള പോലും.
നഗരത്തിന്റെ ഭ്രാന്തന്‍ വീതിയിലൂടോരു  
ശരം പോലാ കാലുകള്‍ പാഞ്ഞുപോയ്
***************************************
പുലരിതുടിപ്പില്‍ വിരിഞ്ഞ
 പാരിജാതത്തിന്‍ കവിളില്‍
 മുത്തമിട്ട ശലഭമൊരു കഥ പറഞ്ഞു
അകലെ റയില്‍പാലത്തില്‍
തലയറ്റു കിടന്നൊരു കൌമാരവും
കഴുക്കോലില്‍ തൂങ്ങിയാടിയോരമ്മയുടെയും കഥ.
------------------ബി ജി എന്‍ -----------------------------
  
 
  
     
           
   

Sunday, February 5, 2012

ഇന്ന് നബി ദിനം

ഇന്ന് നബി ദിനം
മധ്യാരണ്യത്തി ന്‍ ഊഷരതയില്‍ വിടര്‍ന്ന
ഒരു കുഞ്ഞു മനുഷ്യന്റെ
ഇതിഹാസ യാത്ര തന്‍ ആദ്യന്ത്യങ്ങളുടെ ദിനം
ഇന്ന് നബി ദിനം ...
ഉരുകി തിളക്കുമീ മരുഭൂമി തന്നിലെ -
എരിയുന്ന മനസ്സുകള്‍ക്ക് ഊഷ്മളതയേകിയ
വരണ്ടുണങ്ങിയ ഹൃദയങ്ങളിലേക്ക്
സ്നേഹത്തിന്റെ , സമാധാനത്തിന്റെ
ശാന്തി മന്ത്രം ഉരുക്കിയൊഴിച്ച
മുഹമ്മദ്‌ തന്നുടെ ജന്മദിനം
ഇന്ന് നബി ദിനം
അജ്ഞതയുടെ ഇരുണ്ട കയത്തില്‍ നിന്നും
വിജ്ഞാനത്തിന്റെ   പറുദീസ്സയിലേക്കു
അപക്വമായ മനസ്സുകളെ
നേരിന്റെ സൂര്യ കിരണങ്ങളിലേക്ക്  
കൈ പിടിച്ചുയര്‍ത്താന്‍ 
പ്രകൃതി തന്നു വിട്ട ഒരു താത്വികന്‍
പാലയനങ്ങളുടെ ചരിത്രമുറങ്ങുന്ന
പ്രവാചക സപര്യയില്‍ നിന്നും
ജന്നത്തിന്റെ മാസ്മരികതയിലേക്ക് ഒരു 
ജനതയെ ആനയിച്ച മഹാനാം
നബിയെ നിനക്കെന്‍ വന്ദനം
ആസുരതയില്‍ നിന്നും സൂക്ഷ്മതയിലേക്ക്‌ 
പെണ്ണിന്റെ മാനത്തെ ലയിപ്പിച്ച
അശരണയാമവളുടെ   ശരണാര്‍ത്തിയായ 
പ്രവാചക നിനക്ക് വന്ദനം
ഇടിനാദമായ് നിന്‍ വാക്കുകള്‍
പുളഞ്ഞിറങ്ങട്ടെ വെളിച്ചത്തില്‍
പിന്നെ ഉണരട്ടെ ഉറക്കം നടിക്കുന്ന
ജനത തന്‍ മിഴിചെപ്പുകള്‍
........................ബി ജി എന്‍ .............................       
 

Friday, February 3, 2012

മുക്തി

മകളെ ഇനി നീ ഉറങ്ങുക ...
തിരിയിട്ട നിലവിളക്കിന്‍ ചാരെയായ്
സുഗന്ധ ധൂപങ്ങള്‍ക്കിടയിലൂടെ
സ്വര്‍ഗ്ഗവാതില്‍ തേടി നീ പോവുക.
ഉദകമായോരെള്ളിന്‍ പൂവും
ദര്‍ഭമുനയും മാത്രം നല്കാന്‍ ബാക്കി..!
ഇറ്റു കണ്ണീരുണ്ടാവില്ല ഉരുള നനക്കുവാന്‍
ചുണ്ടിലൊരു ഗദ്ഗദം കുരുങ്ങുകില്ല.
പാഞ്ഞു പോകുന്നോരീ കാലവും വേദനയു -
മെന്റെ ശ്വാസം എടുക്കുംമുന്നേ
യാത്രയാക്കാം നിന്നെ ഞാനീ ഇരുളില്‍
പൂണ്ടുപോകും ചതുപ്പില്‍ നിന്നും.
എന്റെ ജീവിതവാടിയില്‍ ഒരുനാള്‍
ലാര്‍വയായ്, പുഴുവായ്, ശലഭമായ്
മണല്‍വിരിയും മുറ്റത്തെ കൊച്ചുപാദമായ്
ഓടി കളിക്കും ലയതാളമായ് വന്നവള്‍ നീ.
ചോരത്തിളപ്പിന്റെ ഇരുച്ചക്രശകടത്തില്‍
ചോരവാര്‍ന്നു നിന്നമ്മ പോയപ്പൊഴും
മാംസകൊഴുപ്പിന്റെ മദഗന്ധം തേടി
രാവുകള്‍ തെണ്ടിയില്ലൊരിക്കലും ഞാന്‍.
ആരോ പകതീര്‍ക്കുമീ ജീവിത നാടക
തിരശ്ശീല വീഴാന്‍ കാലമിങ്ങടുത്തല്ലോ.
അല്ലെങ്കിലെന്തിനീ ക്യാന്‍സറിന്‍ ബീജങ്ങ-
ളെന്നാമാശയത്തെ കടിച്ചു കുടയുന്നു..?
വിജനമാമീ വിപിനത്തിന്‍ നടുവിലായ്
കുറുനരികള്‍ക്കാഹരിക്കുവാനായ് വിട്ടിടാന്‍ 
ആകുവതെങ്ങനെ മകളെ ഞാന്‍ നിന്‍ താതനല്ലേ.
നിന്റെ കാവലെന്‍ ധര്‍മ്മമല്ലേ?
കരയരുതേ മകളെ നീ കണ്ണീര്‍ചൊരിയരുതേ
പിടയരുതെ ഒരു മാത്ര പോലുമേ.
ഇറുകുമീ വിരലുകള്‍ നിന്‍ ഗളം മൂടവേ
മുറുകെ നീ പിടിക്കരുതെന്‍ കയ്യിലെങ്ങുമേ.
ഒരു നിമിഷം നിന്‍ കണ്ണുകള്‍ എന്നെ നോക്കി
മൂകം കരഞ്ഞതെന്തന്നറിവൂ ഞാന്‍
എങ്കിലും എന്റെ കരളിനെ ഞാന്‍ മുറുകെ പിടിക്കാം 
കാരിരുമ്പൊത്ത ശക്തിയാല്‍ .
   
ചുറ്റും നിന്നാര്‍ക്കുന്ന പുരുഷാരവമെന്നെ
കല്ലുകള്‍ വലിച്ചെറിയുമ്പോഴും 
അസ്ഥികള്‍ ഒടിയും  പോലെ മര്‍ദ്ദനങ്ങള്‍  
തന്‍ സ്നേഹതാണ്ടവമേല്‍ക്കുമ്പോഴും
ഉള്ളില്‍ നീ നോക്കിയ വേദന നല്‍കിയതില്‍ 
കൂടുതലോന്നുമേ വേദനിക്കുന്നില്ല.
മകളെ ഇനി നീ ഉറങ്ങുക ...
തിരിയിട്ട നിലവിളക്കിന്‍ ചാരെയായ്
സുഗന്ധ ധൂപങ്ങള്‍ക്കിടയിലൂടെ
സ്വര്‍ഗ്ഗ വാതില്‍ തേടി നീ പോവുക.
.....................ബി ജി എന്‍ ...........................
   
        
   

  
  
         
  
     

Thursday, February 2, 2012

ഒരു പകല്‍ കിറുക്കന്‍

ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
കരിങ്കല്ലില്‍ അടയിരുന്നു,
നൈവേദ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചും,
കിലുകിലാരവം മുഴക്കുന്ന നാണയങ്ങള്‍ക്കും
പളപള   മിന്നുന്ന ലോഹങ്ങള്‍ക്കും,
മിന്നിത്തിളങ്ങുന്ന കാര്‍ബണ്‍ കല്ലുകള്‍ക്കും മുന്നില്‍
ഒരു നിസ്സംഗ പ്രകൃതിയാകുന്ന നിന്റെ ദൈവമോ ?
 ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
 ശവക്കല്ലറകളില്‍,
 വാര്‍ഷിക ഭ്രമണങ്ങളില്‍,
 കേശത്തിന്റെ രോഗപ്രതിരോധങ്ങളില്‍,
        മണ്ണിനെ മണക്കുന്ന അഞ്ചു നേരങ്ങളില്‍ ,
  കാതു കൊട്ടി അടക്കുന്ന നിന്റെ ദൈവമോ ?
ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
രൂപക്കൂടുകളില്‍,
കോണ്ക്രീറ്റ് ഗണിത ചിഹ്നങ്ങളില്‍,
രോഗ ശുശ്രുഷകളുടെ വിളിച്ചു ചൊല്ലലുകളില്‍,
മനം മടുത്തു തലയുയര്‍ത്തി ആകാശത്തേക്     
അഭയഹസ്തം നീട്ടുന്ന നിന്റെ ദൈവമോ ?
ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
സമുദ്രങ്ങള്‍ എല്ലാം വാരിയെടുക്കുമ്പോളും
  മാരണങ്ങള്‍ വിഷ ധൂളികള്‍ വിതറുമ്പോളും
പിഞ്ചു കുഞ്ഞുങ്ങള്‍ തന്‍ ജനനേന്ദ്രിയങ്ങള്‍
വൃദ്ധ കാമങ്ങള്‍ വലിച്ചു കീറുമ്പോളും 
തലയറ്റ കബന്ധങ്ങള്‍ തെരുവുകള്‍ക്ക്‌ 
തോരണമായി ചിതറി വീഴുമ്പോളും
പഞ്ചേന്ദ്രിയങ്ങള്‍ അടച്ചു പൂട്ടി താഴിട്ടു
ആകാശങ്ങളില്‍ അദൃശ്യ സാനിധ്യമായ
ഒളിച്ചിരിക്കുന്ന കപടതയോ  ?

 എല്ലാം എന്റെ മായയെന്നും
എല്ലാം എന്റെ പരീക്ഷണങ്ങളെന്നും
എല്ലാം നിന്റെ കര്‍മ്മഫലങ്ങളെന്നും
ശാന്തമായ് മൊഴിയുന്ന നിന്റെ ദൈവത്തിനു 
ഒന്നിനുമാകില്ലെന്നു  നീയറിയുമ്പോഴും
മറ്റൊന്നും നിനക്കില്ലെന്ന ഉള്‍വിളിയില്‍
നീ വീണ്ടും വിളിക്കും
" ഈശ്വരോ രക്ഷതു ".
നിന്റെ കപടതയോര്‍ത്തു
നിസ്സഹായതയുടെ പുറന്തോട് കണ്ടു
ഞാനൊന്നുറക്കെ ചിരിക്കട്ടെ
ലോകം എന്നെ വിളിക്കട്ടെ  പകല്‍ കിറുക്കന്‍ 
----------------ബി ജി എന്‍ -------------------------
                
                             
 

തൃപ്തി

നിനക്ക് ഞാന്‍
ഒരു സ്നേഹമാകുമ്പോള്‍
നിനക്ക് ഞാന്‍ 
ഒരു തലോടലാകുമ്പോള്‍
നിനക്ക് ഞാന്‍ 
ഒരു സ്വന്തനമാകുമ്പോള്‍
നിനക്ക് ഞാന്‍ 
ഒരു മഴവില്ലാകുമ്പോള്‍
എനിക്ക് കിട്ടുന്നതു
നിന്റെ നിറഞ്ഞ ഒരു പുഞ്ചിരി ആണ് .
എനിക്കത് മതി 
മരിക്കുവോളം മനം നിറയെ
---------ബി  ജി എന്‍ ------

ഞാന്‍ സംവിധായകന്‍

ഞാന്‍ സംവിധായകന്‍
കഥയുടെ ചൂരും ചൂടും അറിഞ്ഞവന്‍
നിങ്ങള്‍ എങ്ങനെ മിണ്ടണം
നിങ്ങള്‍ എന്ത് ഉടുക്കണമെന്നും
എന്തൊക്കെ കാണിക്കാമെന്നും
എങ്ങനെ ഒക്കെ കാണിക്കാമെന്നും
നിങ്ങളോട്  ഞ്ഞാന്‍ പറയും.

എന്റെ കിടക്കയില്‍
രതിയുടെ വാത്സ്യായന സൂത്രം രചിച്ചാല്‍
നിന്റെ ഭാവി ശോഭനം
നിന്റെ കഴിവ് നീ തെളിയിക്ക
ശയ്യതലത്തില്‍.
നിന്റെ പേര് ഞാന്‍ എഴുതാം
അഭ്രപാളികളില്‍ .
എന്റെ സ്ക്രീന്‍ ടെസ്റ്റില്‍ നിന്റെ പ്രകടനം
അത് മാത്രമേ നിന്നെ നക്ഷത്രമാക്കൂ.

നിന്റെ അഭിനയ കല
നിന്റെ ഭാണ്ഡത്തില്‍ വയ്കുക
എനിക്ക് വേണ്ടത്
നിന്റെ ശരീരകല ആണ്.
ഇളം മാംസം
പീഡന ഭയംഇല്ലാതെ
ആസ്വദിക്കാനും
രുചിക്കാനും ഈ കവചം
അതെന്നെ സഹായിക്കുന്നു.

ഞാന്‍ സംവിധായകന്‍.

നിന്റെ ജാതകമെഴുതാന്‍
നക്ഷത്രലോകത്തില്‍ ഒരു സ്ഥാനം നിനക്ക്
സ്ഥിരമായ്‌ ഉറപ്പിക്കാന്‍
നടവഴിയില്‍ ആരാധകരെ സൃഷ്ടിക്കാന്‍
എന്നെ ആരാധിക്കുവിന്‍
അനുസരിക്കുവിന്‍
ഞാന്‍ സംവിധായകന്‍
-----------------ബി ജി എന്‍ -----------------------

Wednesday, February 1, 2012

ഒരു വാക്ക്

മുറിവേറ്റു വെറും നിലത്തു വീണ
എന്റെ ഹൃദയത്തില്‍ ചവിട്ടി 
നീ കടന്നുപോകുമ്പോളും
 അത്  നിന്നോട് ചോദിച്ചത് 
നിന്റെ പാദങ്ങള്‍ക്ക് 
വേദനിച്ചോ എന്നാണ്. 

നീ അത് അവഗണിച്ചെങ്കിലും 
പറയാതിരിക്കാനാകില്ലതിനു . 
ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ
എന്നതിനാല്‍ ഞാന്‍ ഇല്ലാതായി 
കൊണ്ട് നിനക്ക് മംഗളങ്ങള്‍ നേരുന്നു 

യാത്രകള്‍ അവിരാമമായി 
തുടര്‍ന്നുകൊണ്ടേ ഇരിക്കട്ടെ . 

ഒടുവില്‍ ഓടി തളര്‍ന്നു 

വിശ്രമത്തിന് ചുറ്റും നോക്കുമ്പോള്‍ 
നിന്റെ വരവും കാത്തു 
കുടവിരിച്ച് നില്‍ക്കുന്ന  
നിന്നെ നോക്കി പുഞ്ചിരിക്കുന്ന 
നിനക്ക് ശീതളമായ മാരുതനെ 
നല്‍കുന്ന ആ തണല്‍മരം, 
അത് ഞാന്‍ ആണെന്ന് 
നീ തിരിച്ചറിയാതിരിക്കട്ടെ....! 
ആശംസകള്‍ ..
------ബി ജി എന്‍ -----
 .