Wednesday, February 22, 2012

തുലാവര്‍ഷം

കഴിഞ്ഞ തുലാവര്‍ഷം 
എനിക്ക് തന്നത്
തോരാത്ത കണ്ണീരിന്റെ പ്രളയം.!
കോരിച്ചൊരിഞ്ഞ
മഴയുടെ ആരവം.
എന്റെ കാതില്‍ 
പകര്‍ന്നു തന്നത്
ഓമല്‍ പൈതലിന്റെ ആര്‍ത്തനാദം
.

ഒരു കൊച്ചു കളിയോടവുമായ്
ഇറമ്പിലെ 
ചെളിവെള്ളത്തിലേക്ക്
കണ്ണുവെട്ടിച്ചു ഇറങ്ങുമ്പോള്‍
ഒരു കണ്ണഞ്ചുന്ന വെളിച്ചം 
അവനെയും എന്റെ കാഴ്ചയും
 അണച്ചുകളഞ്ഞു.

ദിഗന്തങ്ങള്‍ നടുങ്ങിയ ഇടിനാദം
എന്റെ ജീവന്റെ 
തുടിപ്പിനെയും കൊണ്ടുപോയ്
ഇവിടെ ഞാനും 
ഈ ഇരുട്ടും മാത്രം ബാക്കി.
നിശബ്ദതയ്ക്ക് കൂട്ടായി 
ഇനി എന്റെ മൌനം.

ഇരുളിന് ഞാനും സഖി
ദുഃഖങ്ങള്‍ മാത്രം പങ്കിടാനാരുമില്ല.
എവിടെ നിന്നോ ഒരു ഗാനം
കാറ്റെന്റെ കാതില്‍ കൊണ്ട് വന്നു.

"ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ...
ആയിരം ആള്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും ...."

---------------ബി ജി എന്‍ --

No comments:

Post a Comment