ഇരുളില്‍ പരതി വരും വിരലിന്റെ സ്നേഹം,
ഇരയെ കടിച്ചു കുടയും കടുവതൻ പശി,
ഇമകളെ നനയ്ക്കുന്ന കൊടിയ ശകാരങ്ങള്‍ ,
ഇവയാണോ നിന്റെ പ്രണയത്തിന്‍ മുദ്രകള്‍ ..?
കരളില്‍ കുത്തി വലിക്കും വിലാപമായ്
കരയാന്‍ ബാക്കിയില്ലാത്ത കണ്ണുനീരുപ്പുമായ്
കനലുകളില്‍ അമരുന്ന പാദനടുക്കമായ്
കണ്ണീര്‍ കടലിലീ ചെറുതോണി ഇനിയെത്രനാള്‍ ?
നിറദീപവും വലംകാലും ഇടറിയ നാള്‍മുതല്‍
നരകത്തിന്‍ തീക്കനലുകള്‍ മെയ്യില്‍ പുരട്ടി
നാലുകെട്ടിന്‍ അകത്തളങ്ങള്‍ ധാരകോരിയ
നിശ്ശബ്ദതയും കണ്ണീരുമിന്നു തോഴികള്‍ ...!
വിരലുകള്‍ പതിഞ്ഞ കവിൾത്തുടിപ്പുകളും
വരണ്ടുങ്ങിയ ഗര്‍ഭപാത്രവും,
വിയര്‍പ്പില്‍ കുതിര്‍ന്ന രാപ്പകലുകളും
വാല്യക്കാരിയുടെ അടുക്കളക്കോണിന് തുണ ..!
മുറിവേറ്റു പിടയുമെന്‍ ഹൃദയത്തിലായൊരു
മൃദുചുംബനമെങ്കിലും കൊതിച്ചുകൊണ്ടീ-
മരവിച്ച മനസ്സിനെ പുണര്‍ന്നിടുമ്പോള്‍
മൃഗമായ് നീ എന്നെ കൊന്നു തിന്നിടുന്നോ ?
വരണ്ട ഭൂമിയിലൊരു കുളിര്‍ മഴയായ്
വരുമൊരു നനുത്ത പൊൻകിനാവായ് നീ
വരിക നീയെനിക്കെൻ മുഖമൊട്ടു നേരമാ
വിരിഞ്ഞ മാറില്‍ ഒളിച്ചു വച്ചീടുവാന്‍..
പിരിഞ്ഞു പോകല്ലേ മൊഴിഞ്ഞു തീരും മുന്നേ
പറന്നകലല്ലേ കരഞ്ഞു തീരും മുന്നേ
പടര്‍ന്നു കയറല്ലേ മാംസ പുഴുക്കളില്‍
പകര്‍ന്നുനല്കീടുമോ സ്നേഹചുംബനം മാത്രം . ?
ഒരിറ്റു നേരമെന്‍ ചാരത്തിരിക്കുവാന്‍
ഒരു കടലോളം സ്നേഹം ചൊരിയുവാന്‍
ഒരിക്കലെങ്കിലും പറയാതറിഞ്ഞു വരുമോ നീ
ഓടക്കുഴല്‍ നാദവുമായെന്‍ കള്ളകണ്ണാ ...?
-----------ബി ജി എന്‍ -----------------------------
No comments:
Post a Comment