Friday, February 3, 2012

മുക്തി

മകളെ ഇനി നീ ഉറങ്ങുക ...
തിരിയിട്ട നിലവിളക്കിന്‍ ചാരെയായ്
സുഗന്ധ ധൂപങ്ങള്‍ക്കിടയിലൂടെ
സ്വര്‍ഗ്ഗവാതില്‍ തേടി നീ പോവുക.
ഉദകമായോരെള്ളിന്‍ പൂവും
ദര്‍ഭമുനയും മാത്രം നല്കാന്‍ ബാക്കി..!
ഇറ്റു കണ്ണീരുണ്ടാവില്ല ഉരുള നനക്കുവാന്‍
ചുണ്ടിലൊരു ഗദ്ഗദം കുരുങ്ങുകില്ല.
പാഞ്ഞു പോകുന്നോരീ കാലവും വേദനയു -
മെന്റെ ശ്വാസം എടുക്കുംമുന്നേ
യാത്രയാക്കാം നിന്നെ ഞാനീ ഇരുളില്‍
പൂണ്ടുപോകും ചതുപ്പില്‍ നിന്നും.
എന്റെ ജീവിതവാടിയില്‍ ഒരുനാള്‍
ലാര്‍വയായ്, പുഴുവായ്, ശലഭമായ്
മണല്‍വിരിയും മുറ്റത്തെ കൊച്ചുപാദമായ്
ഓടി കളിക്കും ലയതാളമായ് വന്നവള്‍ നീ.
ചോരത്തിളപ്പിന്റെ ഇരുച്ചക്രശകടത്തില്‍
ചോരവാര്‍ന്നു നിന്നമ്മ പോയപ്പൊഴും
മാംസകൊഴുപ്പിന്റെ മദഗന്ധം തേടി
രാവുകള്‍ തെണ്ടിയില്ലൊരിക്കലും ഞാന്‍.
ആരോ പകതീര്‍ക്കുമീ ജീവിത നാടക
തിരശ്ശീല വീഴാന്‍ കാലമിങ്ങടുത്തല്ലോ.
അല്ലെങ്കിലെന്തിനീ ക്യാന്‍സറിന്‍ ബീജങ്ങ-
ളെന്നാമാശയത്തെ കടിച്ചു കുടയുന്നു..?
വിജനമാമീ വിപിനത്തിന്‍ നടുവിലായ്
കുറുനരികള്‍ക്കാഹരിക്കുവാനായ് വിട്ടിടാന്‍ 
ആകുവതെങ്ങനെ മകളെ ഞാന്‍ നിന്‍ താതനല്ലേ.
നിന്റെ കാവലെന്‍ ധര്‍മ്മമല്ലേ?
കരയരുതേ മകളെ നീ കണ്ണീര്‍ചൊരിയരുതേ
പിടയരുതെ ഒരു മാത്ര പോലുമേ.
ഇറുകുമീ വിരലുകള്‍ നിന്‍ ഗളം മൂടവേ
മുറുകെ നീ പിടിക്കരുതെന്‍ കയ്യിലെങ്ങുമേ.
ഒരു നിമിഷം നിന്‍ കണ്ണുകള്‍ എന്നെ നോക്കി
മൂകം കരഞ്ഞതെന്തന്നറിവൂ ഞാന്‍
എങ്കിലും എന്റെ കരളിനെ ഞാന്‍ മുറുകെ പിടിക്കാം 
കാരിരുമ്പൊത്ത ശക്തിയാല്‍ .
   
ചുറ്റും നിന്നാര്‍ക്കുന്ന പുരുഷാരവമെന്നെ
കല്ലുകള്‍ വലിച്ചെറിയുമ്പോഴും 
അസ്ഥികള്‍ ഒടിയും  പോലെ മര്‍ദ്ദനങ്ങള്‍  
തന്‍ സ്നേഹതാണ്ടവമേല്‍ക്കുമ്പോഴും
ഉള്ളില്‍ നീ നോക്കിയ വേദന നല്‍കിയതില്‍ 
കൂടുതലോന്നുമേ വേദനിക്കുന്നില്ല.
മകളെ ഇനി നീ ഉറങ്ങുക ...
തിരിയിട്ട നിലവിളക്കിന്‍ ചാരെയായ്
സുഗന്ധ ധൂപങ്ങള്‍ക്കിടയിലൂടെ
സ്വര്‍ഗ്ഗ വാതില്‍ തേടി നീ പോവുക.
.....................ബി ജി എന്‍ ...........................
   
        
   

  
  
         
  
     

2 comments:

  1. അച്ഛന്‍ ...............
    നന്നായിരിക്കുന്നു

    ReplyDelete