Sunday, February 19, 2012

മൂന്നു മുലകള്‍മാറില്‍ അള്ളിപ്പിടിച്ചു

നിലവിളിക്കുന്നോരാ
അസ്ഥികൂടത്തിന്റെ വായിലേക്ക്
ശുഷ്കിച്ച മുലഞ്ഞെട്ടു തിരുകി
ആകാശങ്ങളിലേക്ക് നോക്കി
ആ അമ്മ നിലവിളിക്കുന്നു.
വലിച്ചെടുക്കുന്ന ജീവരക്തത്തില്‍
ഒന്നുമില്ലെന്നറിഞ്ഞു
കരയാന്‍ പിളര്‍ന്ന ചോരിവായില്‍
ആ കണ്ണുനീര്‍ അമൃതാകുന്നു.

പിഞ്ചു കയ്കളാല്‍
പരതി പിടഞ്ഞൊരു കുഞ്ഞു
കരയുന്നമ്മയെ നോക്കി.
അര്‍ബുദം കാര്‍ന്നു തിന്നുന്ന
മാറിലെ നോവിനെ
മറികടക്കുന്നു
അമ്മയുടെ വേദന
കണ്ണീര്‍ ചാലാകുന്നു..

വാഴച്ചുവട്ടിലേക്ക്
കറന്നു ഒഴിക്കുന്ന
അമ്മിഞ്ഞയെ നോക്കി
ദൂരെ തൈത്തെങ്ങിന്‍ ചോട്ടിലെ
നനഞ്ഞ മണ്ണിനടിയില്‍
കഴുത്തു ഞെരിഞ്ഞു
ശ്വാസം പോയൊരു
കുഞ്ഞു നാവു നീളുന്നു
പാതി അടഞ്ഞ കണ്ണുകളില്‍
സങ്കടം പെരുമഴയാകുന്നു
------------ബി ജി എന്‍ -----------
 

No comments:

Post a Comment