Friday, February 24, 2012

പാഞ്ചജന്യം

മാന്യമഹാജനങ്ങളെ
ഞാന്‍ കൃഷ്ണന്‍
നിങ്ങളുടെ ശ്യാമവര്‍ണ്ണന്‍ ..!
 മയിലുകളും ഗോക്കളും സ്നേഹിച്ച
ഗോപികമാരുടെ കാര്‍വര്‍ണ്ണന്‍.

എന്റെയീ പീലിത്തിരുമുടിയും,
ഓടക്കുഴലും , പിന്നെയീ
പാഞ്ചജന്യവും  വില്‍ക്കാനുണ്ട്.
എന്റെയീ ചിരി മാത്രം ചോദിക്കരുത്
രാധ എന്നെ പടിക്ക് പുറത്താക്കും.

അഷ്ടിക്കു വക കാണാനിന്നു
എനിക്കിത് വിറ്റേ മതിയാകൂ.
പുല്‍മേടുകളും ഗോക്കളും
കാലമെടുത്തു പോയ്.
മരണമില്ലാത്തതിനാലിന്നും
അവതാരമായി ജീവിക്കുന്നു.

സംശയ കണ്ണുകളെ,
ഇത് പ്രച്ഛന്നവേഷമല്ല
നോക്കൂ പാദത്തിലെ മുറിവ്
നോക്കൂ മേനിയിലെ പൊള്ളല്‍
രാധ പോലും കാണാന്‍ അറയ്ക്കുമീ
പൊള്ളലിന്‍ പാണ്ടുകള്‍..!

എന്റെ രാജ്യം നഷ്ടമായ്
എന്റെ കുലം അനാഥമായ്
കടലിനും കരയ്ക്കുമിടയിലായ്
കാലം ഒരു വിടവുണ്ടാക്കിയിരിക്കുന്നു.

ഇവിടെ കണ്ണീരിന്റെ രോദനം
ഇവിടെ വിശപ്പിന്റെ വേദന
ഞാനും ഇതിലൊരു വേഷപ്പകര്‍ച്ച.

അങ്ങാടിയിലെ കണ്ണാടി മുറിയില്‍
ഇനി എന്റെ ആടയാഭരണങ്ങള്.
മുന്തിയ വിലക്ക് വിദേശത്തെ
ഊണുമേശയില്‍ ഞാനും രാധയും
വിശപ്പ്‌ മറന്നു പ്രണയകേളി ആടട്ടെ.
കകണ്‍കെട്ടുകള്‍ക്കിനി കൗതൂഹലമില്ല
പശിയുടെ മുന്നില്‍ ദൈവവും ...!
------------------ബി ജി എന്‍ ......................

No comments:

Post a Comment