Saturday, February 11, 2012

വന്മരങ്ങള്‍

വന്മരങ്ങള്‍ നാമിങ്ങനെ
പടര്‍ന്നു നില്‍ക്കുന്നു
ആകാശത്തോളം ഉയരത്തില്‍
പാതാളത്തോളം താഴ്ചയില്‍
അവ സ്തംഭമാകുന്നു.

ജഡ പിടിച്ച മുടി പോലെ
വള്ളികള്‍ ഞാന്നു കിടക്കുന്നു
കിളികളുടെ  കൂജനം
ഇലകളുടെ മര്‍മ്മരം 
നിന്റെയും എന്റെയും ഭ്രമണം

തണുത്ത കാറ്റ് നിന്നെയും എന്നെയും
ഒരേപോലെ ഉമ്മ വച്ച് പോകുമ്പോള്‍
ഭൂമിയുടെ അന്തരാളങ്ങളില്‍
നമ്മുടെ വിരലുകള്‍ കോര്‍ക്കുമ്പോള്‍
നിന്നിലൂടെ ഞാന്‍ എന്നെ തൊട്ടറിയുമ്പോള്‍
നമ്മുടെ കണ്ണില്‍ നക്ഷത്രങ്ങള്‍
താരാട്ടിന്‍ ഈരടി പാടിതുടങ്ങുന്നു.

നിന്റെ മുലകളില്‍ നിന്നും
കാട്ടുമക്കള്‍ മധു നുകരുമ്പോള്‍
നിന്റെ ചുണ്ടിലെ മന്ദഹാസം
എന്റെ പൌരുഷത്തെ ഉണര്‍ത്തുന്നു.
ഒന്നിക്കാന്‍ ആകാതെ ഒന്നിച്ചവര്‍
നമ്മുക്കിടയില്‍ അകലത്തിന്റെ കടല്‍ ...!

കൂറ്റന്‍ ജലപാതകള്‍ നമുക്കിടയില്‍
മാറ്റത്തിന്റെ ചരിത്രം എഴുതുമ്പോളും
നഗ്നതയില്‍ നിന്നും നാണത്തെ അറിഞ്ഞപ്പോളും,
ഇന്ന് നാണംമറയ്ക്കുമ്പോഴും
ഞാന്‍ നിന്റെ മേനിയെ നോക്കി.
അന്നുമിന്നും പച്ചിലകളാല്‍ നിന്റെ ഗുഹ്യത,
നിന്റെ മാറിടം, നിന്റെ നാഭിതടം
എല്ലാം മറഞ്ഞു തന്നെ നില്‍ക്കുന്നു.

കാലത്തിനു മാറ്റാന്‍ കഴിയാതെ
എന്റെ കാമത്തിന് വളരാന്‍ കഴിയാതെ
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു.
ഒന്നിക്കാന്‍ ആകില്ലെങ്കിലും
നമുക്ക് കാണാന്‍ ആവുമല്ലോ.

മരണം വരെ കണ്ണില്‍ കണ്ണില്‍ നോക്കി
നമുക്ക് വികാരങ്ങള്‍ പങ്കുവയ്കാം
എന്റെ നിശ്വാസത്തെ കാറ്റ് നിന്റെ കാതില്‍
ഒരു തോഴിയായ് എത്തിക്കട്ടെ.
നിന്റെ വിയര്‍പ്പു തുള്ളികള്‍
നാഗങ്ങള്‍ എന്റെ മാറില്‍ പരാഗമാക്കട്ടെ.
നമുക്ക് ഉഷ്ണവാതത്തില്‍
പരസ്പരം തലയറഞ്ഞു ചിരിക്കാം
----------------ബി ജി എന്‍ -------------------

No comments:

Post a Comment