Friday, February 24, 2012

പൂവിന്റെ ജന്മം

ഇതളറ്റ് വെറും നിലത്തൊരു പനിനീര്‍പൂവിന്‍ ജഡം
പുലരി എന്‍ കാതിലോതിയ കാറ്റിന്‍ സന്ദേശം..!
ഇന്നലെ ഇരുളുമ്പോഴും നറുമണം വിടര്‍ത്തിയെന്‍ -
വഴിയോര മതില്‍കെട്ടില്‍ ഞാന്‍ കണ്ടതാണതിനെ .


കാറ്റിന്റെ താരാട്ടില്‍ മേല്ലെതലയാട്ടികൊണ്ടൊരു
പുഞ്ചിരി പൊഴിച്ചതാണാ പൂവെന്നെ നോക്കി
ചെഞ്ചുവപ്പാര്‍ന്നോരാ കപോലങ്ങളില്‍ നാണ
കഞ്ചുകം വിരിച്ചൊരു പൂമ്പാറ്റ മുത്തിടുമ്പോള്‍ .


ഏറെ നാള്‍ വളമിട്ടു വെള്ളം തളിച്ചുമാ വീട്ടുകാര്‍
ഏറെ കരുതലോടെ പരിപാലിച്ചിരുന്നതോര്‍ത്തു.
ചുറ്റിലും മുള്‍വേലിതന്‍ മറകെട്ടി അയലോത്തെ
ആട്ടിന്‍ കുഞ്ഞുങ്ങളില്‍ നിന്നും രക്ഷിച്ചു വന്നതും.


ഒടുവിലോരുനാളാ ഇലകള്‍ക്കിടയിലായൊരു -
മൊട്ടിന്‍ ചുവപ്പിന്റെ നിറമത് കണ്ടനാള്‍ മുതല്‍
ഇരുളും പകലുമൊരു കാവലായതിന്‍ ചുറ്റിലും
ഭ്രമണം ചെയ്യുന്നത് കണ്ടിരുന്നെന്നും ഞാനവരെ .!


ഇതളുകള്‍ വിടര്‍ന്നൊരു സുന്ദര പുഷ്പമായ്
മിഴികളില്‍ സ്വപ്നം വിടര്‍ത്തും മനോജ്ഞയായ്
സിരകളില്‍ ലഹരി പടരും കാമിനിയെ പോല്‍
കുളിരല പൂകും സുസ്മേരമായ് വിലസിനാള്‍ ..!


മൂകമാം പാതയോരം പൊടുന്നനെ ഇന്ദിന്ദരങ്ങള്‍
തന്‍ മൂളലാല്‍ മുഖരിതമായ് തുടങ്ങവേ ഏവം
വേപഥുവാലാ വീട്ടുകാര്‍ വേലികള്‍ ഉയര്‍ത്തിയും
നിദ്രാരഹിതരായും കാവലിരുപ്പതും കണ്ടു ഞാന്‍..


ഏതു ശപ്തമാം നിമിഷത്തിന്‍ ഇടവേളയില്‍ ആ
കാവലിന്‍ കെട്ടൊന്നയഞ്ഞ രാവില്‍ , കാര്‍മുകില്‍ -
തന്‍ കടുത്ത മുഖത്തൊരു ചോരനായ് ഇരുളിന്റെ
കാരിരുമ്പിന്‍ കോട്ട കടന്നുവന്നോരാള്‍ മൂകം.


കാറ്റുപോലും ഗാഡമാം നിദ്രയില്‍ പാട്ടുപാടാന്‍
മറന്നുറങ്ങും നേരം കട്ടെടുത്തൊരാ പുഷ്പത്തെ
മെല്ലെയാ തൊടിയിലിട്ടു ചവിട്ടിയരച്ച് നാവു നക്കി
നടന്നകലുന്നൊരു കാട്ടുചെന്നായതന്‍ മിഴിതിളങ്ങുന്നു.
--------------------ബി ജി എന്‍ ------------------------------
--

No comments:

Post a Comment