Tuesday, May 31, 2016

തിരിച്ചറിവാകുന്നതും

ജിജ്ഞാസകളാണ് പലപ്പോഴും
ദുഃഖമേ നിന്നുടെ പാതകൾ തുറക്കുക .
കാത്തിരിപ്പാണ് മനസ്സേ നിന്നിൽ
വേദനകൾക്ക് ബീജമാകുന്നതും .
........ ബി ജി എൻ വർക്കല

Sunday, May 22, 2016

ഒലിവിന്‍ പൂക്കള്‍ ........സിരാജ് നായര്‍

സ്ഥലകാലങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ എഴുത്തുകാരനില്‍ സന്നിവേശിക്കുന്ന തിക്കുമുട്ടലുകള്‍ ആണ് പലപ്പോഴും അവയെ വായനക്കാരന് അരോചകമായി തോന്നിപ്പിക്കുകയോ , അതുമല്ലങ്കില്‍ വായനയിലൂടെ തെറ്റായ ചിന്തകളിലേക്കും , ആശയങ്ങളിലേക്കും പലപ്പോഴും അഭിപ്രായങ്ങളിലേക്കും എത്തിക്കുകയോ ചെയ്യുക . ജീവിച്ചിരിക്കുന്നവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോഴും, നമുക്ക് മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ പറയുമ്പോഴും അത് വായനക്കാരന് അനുഭവവേദ്യം ആകണം എങ്കില്‍ അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ ചിത്രം ഉണ്ടാകുക തന്നെ വേണം .
'സിറാജ് നായര്‍' എന്ന പ്രവാസിയായ എഴുത്തുകാരന്റെ ആദ്യത്തെ നോവല്‍ ആണ് "ഒലിവിന്‍ പൂക്കള്‍" . ഇത് പ്രതിനിധാനം ചെയ്യുന്നത് ഒരു യഥാര്‍ത്ഥ കഥ ആണ് . ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു . ഈ അറിവില്‍ നിന്നുകൊണ്ടാണ് സിറാജ് നായരുടെ ഈ നോവല്‍ വായിച്ചു തുടങ്ങുന്നത് . ഇത് ഒരു ജീവ ചരിതം അല്ലെ അപ്പോള്‍ എങ്ങനെ ഇതിനെ നോവല്‍ എന്ന പേര് വിളിക്കും എന്നൊരു ചിന്ത തുടക്കത്തില്‍ തന്നെ മനസ്സില്‍ വന്നതാണ് . അവതാരികയില്‍ വെള്ളിയോടന്‍ സൈനുദ്ധീന്‍ പറയുന്നത് ഇത് ഒരു മെറ്റ റിയലിസ്ടിക് ഫിക്ഷന്‍ ആണ് എന്നാണു . പക്ഷെ വായന കഴിയുമ്പോള്‍ ആ ഒരു അഭിപ്രായം മാറി നില്‍ക്കുന്ന അനുഭവം ആണ് ഉണ്ടാകുന്നത് .
ജീവ ചരിത്രം നേരിട്ട് എഴുതുകയോ മറ്റൊരാള്‍ പറയുകയോ ചെയ്യുക ആണ് പതിവ് ശൈലി . അതുകൊണ്ട് തന്നെ അവയില്‍ ഞാനും അവനും എന്നൊരു രീതി വേറിട്ട്‌ നില്‍ക്കുക ഉണ്ടാവും . ഇവിടെ ഈ നോവലിലെ കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ ഉള്ളപ്പോഴും ഇത് ഒരു നോവല്‍ പോലെ തന്നെ വായിച്ചു പോകാന്‍ കഴിയുന്ന വിധത്തില്‍ എഴുതാന്‍ കഴിഞ്ഞത് അല്ലെങ്കില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആകാം സിറാജ് നായര്‍ എന്ന എഴുത്തുകാരനെ വേറിട്ടതാക്കുന്നത് . ഒരുപാട് വായനയും എഴുതി പഴക്കവും ഉള്ള ഒരു ശൈലിയില്‍ ആന്‍സിയെയും മനോജിനെയും അവതരിപ്പിക്കുമ്പോള്‍ ഈ നോവലിന്റെ ഒരു പോരായ്മയായി മനസ്സിലാക്കുന്നത് വായനക്കാരനെ മുന്‍വിധികളുമായി വായനയെ സമീപിക്കുന്ന തരത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ ആദ്യ പേജുകളില്‍ വന്നു നല്‍കുന്ന സത്യവാങ്മയങ്ങള്‍ ആണ് . അത് അവസാനപേജുകളില്‍ ആയിരുന്നു എങ്കില്‍ വായനക്കാരന്‍ ഇതൊരു നോവല്‍ പോലെ തന്നെ വായിച്ചു പോകുമായിരുന്നില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഭക്തിയും വിശ്വാസവും കൈമുതലായുള്ള ഒരു കുടുംബം . സന്തോഷങ്ങള്‍ നിറഞ്ഞു നിന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചില ദുരന്തങ്ങള്‍ . വന്‍കുടലിനെ ബാധിച്ച ക്യാന്‍സറിന്റെ ദുരിതവുമായി നാട്ടിലേക്ക് തിരിക്കേണ്ടി വരുന്ന മനോജ്‌ . അയാളുടെ രോഗ വിവരം അയാളെയോ ബന്ധുക്കളെയോ അറിയിക്കാന്‍ കഴിയാതെ ഒറ്റയ്ക്ക് മനസ്സില്‍ അടുക്കി വയ്ക്കേണ്ടി വരുന്ന ആന്‍സി . ഒരു താങ്ങായി മനോജിന്റെ അനുജന്‍ മഞ്ചിത്ത് മാത്രം . അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ . അവരെ ഓരോ വിഷമ ഘട്ടത്തിലും അവര്‍ക്ക് ദൈവവിശ്വാസം നല്‍കുന്ന ആത്മവിശ്വാസവും , ധൈര്യവും . നാലാം സ്റ്റേജിലായിരുന്ന വന്‍കുടലിനെ ബാധിച്ച അര്‍ബുദത്തിനെ തുടര്‍ന്നുള്ള ഓപ്പറേഷന്‍ കഴിഞ്ഞു അയാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് . ആര്‍ സി സി യിലെ കീമോകള്‍ , സുഹൃത്തുക്കള്‍ എല്ലാ ഘട്ടത്തിലും താങ്ങായി നിന്ന പച്ചപ്പുകള്‍ . നഷ്ടമാകാതെ തൊഴില്‍ സൂക്ഷിച്ച സഹപ്രവര്‍ത്തകര്‍ . ഇവയൊക്കെ ചേര്‍ന്ന് ശുഭാപ്തി വിശ്വാസമുള്ള കുറെ മനസ്സുകളുടെ കഥയാണ് ഈ നോവല്‍ . ഒരു നഴ്സ് കൂടിയായ ആന്‍സി മനോജിനെ വളരെ ശ്രദ്ധയോടും കരുതലോടും ശുശ്രൂക്ഷിക്കുകയും ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പിന്തുടരുകയും ചെയ്തതിനാല്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന മനോജിന്റെ മനോബലവും ആന്‍സിയുടെ പിന്തുണയും വളരെ മനോഹരമായി എഴുതുവാന്‍ സിറാജ് നായര്‍ക്ക് കഴിഞ്ഞു.
കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ നൂറു രൂപയാണ് മുഖവില .
അഭിനന്ദങ്ങളോടെ ബി ജി എന്‍ വര്‍ക്കല

Saturday, May 21, 2016

സാരോപദേശം

ഏകാന്തതയുടെ ചെതുമ്പൽ
അടർന്നു വീണ ഏതോ സന്ധ്യയിൽ
അവർ തമ്മിൽ കണ്ടു മുട്ടി.
മഴ കാത്ത വേഴാമ്പലിനെപ്പോലെ
അവനാ തണലിനെയാവോളം മോഹിച്ചു.
പ്രതീക്ഷകൾ തൻ നിലാവുകൾ
പ്രതിദിനം തണുപ്പേകിയ നാളുകൾ .
അവൻ ആ നിഴലിൽ ജീവിതം തുടങ്ങി വച്ചു.
കാലനദിയൊഴുകിയകലുമ്പോൾ
ദയയുടെ കണിക പോലുമില്ലാതെ
ആ നിലാവകന്നു തുടങ്ങി.
ഇന്നാ നിഴലിനെത്തേടി
അവനലയുന്നു.
ഒളിപ്പിച്ച മനസ്സുമായി നിഴൽ
അവന്റെ ഹൃദയത്തിൽ പെരുവിരലൂന്നുന്നു.
നിലാവിന്റെ തണുപ്പിന്നില്ലയെങ്കിലും
ആ വേദനയും ആനന്ദകരമാക്കുന്ന 'വൻ.
കാരണം നിഴലവനോട് പറയുന്നു.
" ഏതു വീഴ്ചയിൽ നിന്നും നീയെണീക്കും: "
......... ബി ജി എൻ വർക്കല .......

Thursday, May 19, 2016

അച്ഛന്‍

അച്ഛനെന്തെന്നുമച്ഛനാരെന്നും
നിശ്ചയം നാമറിയുക
അച്ഛനെന്നൊരു വേഷമണിയും
കാലമാണെന്നറിയുക .
......... ബിജിഎൻ വർക്കല

Wednesday, May 18, 2016

പടികൾ


ഒന്നാം പടി കയറുമ്പോൾ
അവർ തമ്മിലറിഞ്ഞു തുടങ്ങയായി.
നല്ലതെന്തുണ്ടവളിലവനിൽ
എന്നു മാത്രം കണ്ടനാൾ!
ഓർത്തു രാവുകൾ പൂത്തമാമര
ചോലകളിൽ സ്വപ്ന നിദ്രപൂണ്ടവർ .

രണ്ടാം പടിയത് കയറുമ്പോൾ
അവർ കൈവിരൽ പിടിച്ചു നടക്കയായി.
ഭാവി ജീവിതപൊയ്കയിൽ
മുങ്ങി നിവരുന്ന പകൽക്കനവുകൾ.
കൂട്ടിയും കിഴിച്ചും രാവിന്റെ
സിംഹഭാഗവും തീർപ്പവർ .
മൂന്നാംപടിയുടെ ഓരമായവർ
തെല്ലു വിശ്രമം തേടവേ .
ചുണ്ടുകൾ അവിശ്രമം കുളിർ -
ചുംബനമല കയറുന്നു.
വിരലുകൾക്ക് ശാസ്ത്രകുതുകി തന്നുടെ
വിഫലവ വസ്ത്രം നല്കുവോർ .
ദീർഘനിശ്വാസവഴികൾ കണ്ടു
നിദ്രവിട്ടൊരു രാവു താണ്ടുന്നു.
നാലാംപടിയിൽ നാടുവിട്ടൊരു
നായ്ക്കിതപ്പിൽ പായുവോർ.
കടമപോലൊരു ക്രിയയിലൂടെന്നും
കിടപ്പറയുടെ മൗനമടയ്ക്കുവോർ.
ചടുലതാളത്തിൽ ദിനചര്യകൾക്ക്
ഇരുണ്ടവർണ്ണം നല്കുവോർ .
തളർന്നുറങ്ങുന്നിരു ധ്രുവങ്ങളിൽ
വിവിധ വിചാരവലകളിൽ .
അഞ്ചാംപടിയിൽ കുതിച്ചും കിതച്ചും
മുകളിലേയ്ക്കുറ്റു നോക്കുന്നോർ .
കലപിലയാകും അടുക്കള പാത്രവും
മക്കൾതൻ ഞെരിഞ്ഞിൽക്കുത്തുമായ് .
കടന്നു പോയ ദിനമതിൽ നിന്നും
പകർന്ന ദ്വേഷ വിദ്വേഷവും .-
പിറുപിറുക്കലിൻ താളഭ്രംശത്താൽ
വിരക്തമാകുന്നുറക്കറ തന്നലോസരം.
ആറാം പടിയിൽ നടുവിൽ കൈ കുത്തി
തിരിഞ്ഞു നോക്കുന്ന ചിന്തകൾ .
എവിടെയെത്തിയിനിയെത്രമേലെന്നു
കൈത്തണലുകൊണ്ട് നോക്കുന്നോർ .
കുഴമ്പുമെണ്ണയുമായി മുറിയുടെ
കോണുകൾ തിരഞ്ഞു പോകുന്നു .
നിറയെ വേദന,ശാപവാക്കുകൾ
ഏകാന്തതയുടെ ഭ്രാന്തുമായി
ഉറക്കമില്ലാത്ത രാപ്പകലുകൾ നോക്കി
കടന്നു പോകുമിരുൾ ചിത്രങ്ങൾ .
ഏഴാം പടിയുടെ തുടക്കത്തിൽ തട്ടി
വീണുപോകുന്ന ദൈന്യത.
നടന്നു കയറിയ പടികളറിയാതെ
തിരിഞ്ഞു നോക്കുവാനാകാതെ
പുതിയ പുലരികൾ സ്വപ്നമാകാതെ
മിഴികൾ തുറന്നങ്ങുറങ്ങവേ .
സ്മൃതി തൻ മധുരമാം ഇരുളു നൽകുന്ന
തണുവിലുറങ്ങുവാൻ തുടങ്ങുന്നു.
........ ബിജു ജി നാഥ് വർക്കല .....

Tuesday, May 17, 2016

വരുവാതിരിക്കാനാവില്ല തന്നെ ...


നിന്നിലെ വെളിച്ചത്തിൽ നിന്നുരുവാം
നിഴൽ മാത്രമാണ് ഞാൻ ഹേ സൂര്യ !
ഇരുളിൽ വേദനയാലലയും, നിന്നുടെ
വരവു കാത്തിരിക്കുന്നൊരുവൻ.

പുലരിയിൽ നിൻ മുഖം കാൺകേ
സന്തോഷമധികരിച്ചോടിയെത്തിയെൻ
ജീവന്റെ ഉണർവ്വിനെയാവാഹിച്ച്
പകലിന്റെ മാറിൽ പ്രതീക്ഷ തൻ
ക്ഷണിക ജീവിതം ജീവിച്ചു തീർപ്പവൻ.
വരികില്ലിനി പുതു ജീവനും വേണ്ടെന്നു
ഇരവുകളെ പറഞ്ഞു പഠിപ്പിക്കാൻ
പരാജയപ്പെട്ടവനാണ് ഞാനെങ്കിലും
പറയാതെ വയ്യ ഭാസ്കര ,നിൻ മുഖം
മനതാരിൽ മായാതിരിക്കും കാലം
വരുവാതിരിക്കുവാൻ എളുതല്ല.
അതൊന്നിനാൽ നിഴലാകുവാൻ
പതിവായ് ഞാൻ വരും മറന്നിടായ്ക നീ.
....... ബിജു ജി നാഥ് വർക്കല ......

ഇനി നിശബ്ദതയ്ക്ക് ഞാന്‍ എന്റെ പേര് നല്‍കുന്നു.....

ഇനി നിശബ്ദതയ്ക്ക് ഞാന്‍ എന്റെ പേര് നല്‍കുന്നു.....
കൊഴിഞ്ഞു പോകുന്ന
ഇലകള്‍ പോലെ ജീവിതങ്ങള്‍ .
പറയാതെ പോകുന്ന മൗനങ്ങള്‍ .
കരയാന്‍ മറന്ന മഴക്കാടുകള്‍ .
പനിപിടിച്ചുകിടക്കുന്ന മോഹങ്ങള്‍ക്ക്
ചിറകുകള്‍ നഷ്ടമാകുന്നു .
എവിടെയും സംഗീതമാണ് .
മരണത്തിന്റെ സിംഫണി.
കാതുകളെ ആനന്ദഭരിതമാക്കി
ആത്മാവില്‍ കുളിര്‍ പായിച്ചു
അതിങ്ങനെ ചുറ്റിലും ചിത്രശലഭങ്ങളെപ്പോലെ
പറന്നു നടക്കുന്നു .
വിങ്ങലുകളെ വാക്കുകള്‍ കൊണ്ട് മൂടി
ഫലകങ്ങളില്‍ പതിപ്പിച്ചു
കടന്നുപോയ ദിനാന്ത്യങ്ങള്‍ക്ക്
മറുകുറി ഇല്ലാതെപോകുന്നതുപോലെ

.....ബി ജി എന്‍ വര്‍ക്കല

Monday, May 16, 2016

അന്വേഷണങ്ങൾ . ..


പ്രണയം നിതാന്തമാം കരുതലിൽ
നിന്നുരുവാകുന്നൊരാത്മബലിയെങ്കിൽ
മരണം അനശ്വര കഥയായ് നിറയു-
ന്നൊരനുഭൂതിയാകുന്നു ഭൂവിൽ !

ഹൃദയം പരസ്പരം കൈമാറിടുന്നൊരു
പണയത്തിൻ ഈടുവയ്പ്പെങ്കിൽ,
പലിശ കുമിഞ്ഞൊടുവിൽ ജപ്തിയാ-
കുന്നൊരു കടമായ് മാറുന്നോ ജീവൻ !
വാക്കുകൾ മോഹന സ്വപ്നങ്ങൾ തൻ
അതിജീവനസംഗീതമെങ്കിൽ,
യാത്രയിൽ കൈവിരൽ വിട്ടകലും ദുഃഖ-
മൊരടയാളവാക്യമാക്കുന്നതോ ജീവിതം ?
....... ബിജു ജി നാഥ് വർക്കല ......

Sunday, May 15, 2016

മഴപെയ്തു തോരുമ്പോള്‍ ..... ടി ജി വിജയകുമാര്‍

"ഈ രചനകളെ ലേഖനം എന്നോ ഉപന്യാസം എന്നോ ഞാന്‍ വിളിക്കാത്തത് സാഹിത്യത്തിലെ ചില പതിവുകളെ ബഹുമാനിച്ചുകൊണ്ടാണ് . ഇതിലെ മിക്ക ഉപന്യാസങ്ങളും അങ്ങിങ്ങ് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മുന്തിയ ചെറുകഥകളായിത്തീരും. ഹൃദ്യസുന്ദരമായ ഒരു ശൈലി വിജയകുമാര്‍ അനായാസമായി പ്രയോഗിക്കുന്നു ..."ഡോ. സുകുമാര്‍ അഴീക്കോട്

ചില വായനകള്‍ വായനക്കാരന്റെ ഉത്സവങ്ങള്‍ ആകുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം എങ്കില്‍ നമുക്ക് വായന അത്രയേറെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റുന്ന പുസ്തകങ്ങള്‍ ലഭ്യമാകണം . അത്തരം വായനകളെ നാം നെഞ്ചോട്‌ ചേര്‍ത്തുപിടിക്കുകയും എഴുത്തുകാരനെ സ്നേഹത്തോടെ ആശ്ലേഷിക്കുകയും ചെയ്യും . ശ്രീ ടി ജി വിജയകുമാറിന്റെ മഴ പെയ്തു തോരുമ്പോള്‍ എന്ന ലേഖനസമാഹാരം ഇത്തരത്തില്‍ ഒരു വായനാനുഭവം നല്‍കുന്ന പുസ്തകം ആണ് . മടുപ്പുളവാക്കുന്ന ലേഖനങ്ങള്‍ വായിച്ചു മനസ്സ് മടുത്തവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മധുരവുമായി ടി ജി വിജയകുമാര്‍ വിരുന്നൊരുക്കുന്നു ഈ പുസ്തകത്തിലെ ഇരുപത്തി ഏഴു അദ്ധ്യായങ്ങള്‍ ആയി .
ശ്രീ സുകുമാര്‍ അഴീക്കോട് അവതാരിക എഴുതിയ ഈ പുസ്തകം ലേഖകന്റെ വാക്കുകളില്‍ പറയുക ആണെങ്കില്‍ കൊടുത്തു രണ്ടു ദിവസത്തിനകം അവതാരിക എഴുതിക്കിട്ടുക എന്ന അത്ഭുതം കൂടി നല്‍കുന്ന ഒന്നാണ് . അഴീക്കോട് മാഷിന്റെ അവതാരികയില്‍ ആ വായനാനുഭവം നന്നായി പറയുന്നുമുണ്ട് .
ഇതിലെ ഒരു എഴുത്തുപോലും പറഞ്ഞു കേട്ടതോ അറിഞ്ഞു കേട്ടതോ ആയ അറിവുകള്‍ അല്ല മറിച്ചു അവ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ടുള്ള ഒരു പറഞ്ഞു പോക്കാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും . ബംഗ്ലാദേശിന്റെ മണ്ണില്‍ , പച്ച മനുഷ്യന്റെ സ്നേഹവും സംരക്ഷണവും ആസ്വദിച്ച് കഴിഞ്ഞ ലഹളയുടെ തീക്കാറ്റിലും , ബാബറി മസ്ജിദ് തകര്‍ന്ന സമയത്തെ ഷാര്‍ജമണ്ണില്‍ അനുഭവിച്ച പാകിസ്ഥാനിയുടെ സ്നേഹവായ്പുമൊക്കെ നമ്മോടു പറഞ്ഞു തരുന്നത് മനുഷ്യത്വം എന്നത് മതത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു വസ്തുത അല്ല പകരം ജീവിതത്തില്‍ നിന്നും സ്വയമേവ ആര്‍ജ്ജിക്കുന്ന ചില കഴിവുകള്‍ ആണ് എന്നു തന്നെയാണ് .ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പും അതിനെ ചുറ്റി ആഗോള ഭീമന്മാരുടെ ചതിക്കുഴികളും വിശദമാക്കുന്ന ലേഖനവും ചൈനയുടെ വന്മതിലും ഷാംഗ്ഹായ് നഗരത്തിന്റെ സൗന്ദര്യവും നിര്‍മ്മിതിയും ഒക്കെ വളരെ മനോഹരമായി പറഞ്ഞു തരുന്ന ലേഖകന്‍ , നാട്ടിന്‍പുറത്തിന്റെ മനസ്സിലൂടെ പലപ്പോഴും സഞ്ചരിക്കുന്നത് വളരെ ലളിതവും മനോഹരവുമായ ഓര്‍മ്മകളിലൂടെയാണ് . വഴിവക്കില്‍ വണ്ടി നന്നാക്കാന്‍ കൂടുന്ന ചെറുപ്പക്കാര്‍ ഒന്ന് മിനുങ്ങാന്‍ വേണ്ടി പണം കണക്കു പറഞ്ഞു വാങ്ങുന്നതും , നഗരത്തിന്റെ പുതിയ ട്രെന്‍ഡ് ആയ നിക്ഷേപസമാഹരണതൊഴില്‍വര്‍ത്തികളായ യുവത്വത്തിന്റെ കൌശലങ്ങളും , മഴയുടെ വ്യത്യസ്തതരമായ ഓര്‍മ്മക്കുറിപ്പും എല്ലാം ഒന്നിനൊന്നു മനോഹരങ്ങള്‍ ആണ് എന്ന് പറയാതെ വയ്യ . സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ലേഖനങ്ങളിലെല്ലാം അതി ശക്തമായ വിമര്‍ശനങ്ങളും കോപവും ലേഖകന്‍ പ്രകടിപ്പിക്കുന്നുണ്ട് . ആധുനികതയുടെ മുഖമുദ്രയായ ചെറുപ്പത്തിന്റെ ചിന്തയാണ് 'ടോട്ടല്‍ ഫോര്‍ യൂ മാനിയ' എന്നൊരു ചെറിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് . മാതാവിന് കത്തെഴുതി വച്ച് ഒരു രാത്രിയില്‍ കടന്നു പോകുന്ന മകള്‍ പറയുന്നത് ഇനി എനിക്ക് ചെറുക്കനെ അന്വേഷിച്ചു സഹോദരന്മാര്‍ ബുദ്ധിമുട്ടണ്ട ഞാന്‍ ഒരു അന്‍പതു കഴിഞ്ഞ വിവാഹിതന്റെ കൂടെ പോകുകയാണ് അയാള്‍ ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ചു എന്റെ കൂടെ വരാം എന്ന് പറഞ്ഞു . ജാതകദോഷം കാരണം കമ്പോളത്തില്‍ കാത്തിരിക്കാന്‍ എനിക്ക് വയ്യ അയാള്‍ ഒരു ടോട്ടല്‍ ഫോര്‍ യൂ തുടങ്ങുന്നു എനിക്കും ബി എം ഡബ്ല്യൂ കിട്ടട്ടെ എന്ന തരത്തില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി ഒരുപക്ഷെ ഇന്നത്തെ കാലഘത്തില്‍ ഒരു പുതിയ വാര്‍ത്തയാകില്ല . 'കുതിയ്ക്കുന്ന യൗവ്വനം കിതയ്ക്കുന്ന സംസ്കാരം' പ്രതിനിധാനം ചെയ്യുന്നത് ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യകളുടെയും മാനസിക തലങ്ങളെയും സാമൂഹിക തലങ്ങളെയും ആണ് ..
ഇത്തരത്തില്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളെയും ശ്രീ ടി ജി വിജയകുമാര്‍ തന്റെ ലേഖനങ്ങളില്‍ വിഷയമാക്കുമ്പോള്‍ വായനക്കാരന് ഒരു സദ്യ കിട്ടിയ സന്തോഷവും സമാധാനവും ലഭിക്കുന്നു . വായനയിലുടനീളം ലേഖകന്‍ ബുദ്ധിജീവികളുടെ നേര്‍ക്ക്‌ ശരിക്കും കയര്‍ക്കുന്നുണ്ട് , തങ്ങളുടെ ചിന്തകളെ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്ന അവരെ നിശിതമായി വിമര്‍ശിക്കാന്‍ ലേഖകന്‍ പലയിടങ്ങളിലും സമയം കണ്ടെത്തുന്നത് നല്ലൊരു കാഴ്ചയായി അനുഭവപ്പെട്ടു ,
തത്വമസി ഇറക്കിയ രണ്ടാം പതിപ്പിന് 160 രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Saturday, May 14, 2016

തൂങ്ങിമരണം റിയാലിറ്റിഷോയിലൂടെ .......റഫീക്ക് മേമുണ്ട

വായനകളെ നാം പല തരത്തിലാണല്ലോ സമീപിക്കുക . ഇങ്ങനെ സമീപിക്കുന്ന വായനകള്‍ വായനക്കാരന്റെ അഭിരുചിക്കൊത്ത് അവനു ഇണങ്ങുന്നില്ല എങ്കില്‍ വായനക്കാരന്‍ തിരഞ്ഞെടുപ്പില്‍ പരാജയമാകുകയും പുതിയ വായനകളെ അവന്‍ ഭയത്തോടെ വീക്ഷിക്കുകയും ചെയ്യുക സ്വാഭാവികമായ ഒരു പ്രത്യേകതയാണ് . ചിലര്‍ എഴുതുക തങ്ങളുടെ മാനസിക ഉല്ലാസത്തിനും , പിരിമുറുക്കം കുറയ്ക്കാനും ആകുമ്പോള്‍ ചിലര്‍ തങ്ങളുടെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി എഴുതുന്നു . ഓരോ എഴുത്തുകളും വായനക്കാരന്റെ സംവേദനക്ഷമതയെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നത് എഴുത്തുകാരന്റെ കരവിരുതുപോലെ ഇരിക്കും .
പ്രവാസ എഴുത്തുകാരില്‍ ഒരാള്‍ ആയ 'റഫീക്ക് മേമുണ്ട'യുടെ "തൂങ്ങിമരണം റിയാലിറ്റി ഷോയിലൂടെ " ആണ് ഇന്ന് വായനയെ വിളിച്ചുണര്‍ത്തിയത്. ഒന്‍പതു കഥകള്‍ അടങ്ങിയ ഈ സമാഹാരം വായനയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ പ്രവാസത്തിലെ എഴുത്തുകാരുടെ വായനാക്ഷമതയും സംവേദനക്ഷമതയും എത്രകണ്ട് വായനക്കാരെ വലയ്ക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുക കൂടിയാകണം എന്ന് തോന്നുന്നു . മേമുണ്ടയുടെ കഥകള്‍ ഒറ്റ നോട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥകള്‍ ആണ് എന്ന് തോന്നിപ്പിച്ചുപോകുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് . ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു എന്നുള്ള രീതിയില്‍ വായനക്കാരന്‍ ഈ കഥകളെ സമീപിക്കേണ്ടിയിരിക്കുന്നു . ആദ്യകഥ മുതല്‍ തന്നെ എഴുത്തുകാരന്‍ വായനക്കാരന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങുന്നതായി കാണാം . ദുര്‍ഗ്രാഹ്യങ്ങളായ ഒന്നും തന്നെ പറയുന്നില്ല മേമുണ്ടയുടെ കഥകള്‍ . സ്വപ്നം കാണുന്ന മനുഷ്യരുടെ ഭാവന പോലെ തമാശകള്‍ നിറച്ചു കൊണ്ട് എഴുതാന്‍ ഉള്ള ശ്രമം ഇതിലുടനീളം വായിച്ചെടുക്കാം . അച്ഛനും അമ്മയും പലവഴിക്ക് പോയ മകന്‍ ഭാവിയില്‍ പണക്കാരന്‍ ആയി ഒരു അച്ഛനെയും അമ്മയെയും കടമെടുക്കുന്നതും അത് സ്വന്തം അച്ഛനും അമ്മയും തന്നെയാണെന്ന് അറിയുന്നതും മറ്റും ആണ് ആദ്യകഥ . തുടര്‍ന്ന് വരുന്ന കഥകളില്‍ ഒരിക്കലും മണ്ണില്‍ തൊടാതെ ജീവിച്ച മനുഷ്യത്തം ഇല്ലാത്ത ഒരു പെണ്‍കുട്ടി ഡോക്ടര്‍ ആകുന്നതും കണിശക്കാരിയായ അവള്‍ സമയം കഴിഞ്ഞതുകൊണ്ട്‌ ഒരു പ്രസവം പാതി വഴിയില്‍ നിര്‍ത്തി വീട്ടില്‍ പോകുന്നതും കുട്ടി മരിക്കുന്നതും അവള്‍ മാനസാന്തരപ്പെടുന്നതും ആയ ഒരു കഥാപാത്രം , മറ്റൊരു കഥാപാത്രം ട്രെയിനില്‍ നിന്നും പീഡിപ്പിച്ചു പുറത്തേക്കെറിഞ്ഞ ഒരു പെണ്‍കുട്ടി വാശിയോടെ പഠിച്ചു പോലീസുകാരിയായി തന്റെ സ്റ്റെഷന്‍ അതിര്‍ത്തിയില്‍ ഉള്ള സകല പീഡകരെയും ഒതുക്കുന്നതും പിന്നെ രാജ്യം രക്ഷിക്കാന്‍ വേണ്ടി രാജ്യനേതാവാകുന്നതും പീഡകരേ പാഠം പഠിപ്പിക്കാന്‍ വൈദ്യുത സ്ത്രീ പ്രതിമകള്‍ എല്ലായിടത്തും സ്ഥാപിക്കുന്നതും അത് മൂലം ഉണ്ടാകുന്ന പുരുഷന്മാരുടെ ദാരുണ മരണങ്ങളും കണ്ടു മോറല്‍ വിദ്യാഭാസം കൊണ്ടേ എല്ലാം മാറൂ എന്നറിഞ്ഞു അതിലേക്കു വ്യാപ്രുതയാകുകയും ചെയ്യുന്നു . മറ്റൊരു കഥയില്‍ ഗാന്ധിജി ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി കണ്ടു ബാക്കിംഹാം കൊട്ടാരത്തില്‍ ചെന്ന് റാണിയോടു ഇന്തയെ തിരിച്ചു എടുക്കാനും ഭരിക്കാനും ആവശ്യപ്പെടുന്നു . അതുപോലെ വാണിജ്യ ഭീകരന്മാര്‍ കമ്പോളത്തില്‍ ആദ്യം മുലപ്പാല്‍ വില്‍പ്പന നടത്തുന്നതും കാലാന്തരേണ മുലപ്പാല്‍ ക്ഷാമം നേരിടുകയും പിന്നെ കുട്ടികളെ നേരിട്ട് മുട്ടയില്‍ കൂടി ഉത്പാദിക്കുകയും അതിന്റെ മൊത്തക്കച്ചവടക്കാര്‍ ആകുകയും ചെയ്യുന്ന ഒരു കഥയും.,തെങ്ങുകയറ്റക്കാരന്‍ തന്റെ മരണം ഒഴിവാക്കാന്‍ വിദേശത്തു തെങ്ങില്ലാത്ത ഒരു നാട്ടില്‍ പോയി താമസിക്കുകയും ഭാവികാലത്തു ഒരു ടീ വിയില്‍ റിയാലിറ്റി ഷോ യില്‍ തെങ്ങ് കയറ്റം കാണിച്ചു വീണു മരിക്കുകയും ചെയ്യുന്ന ഒരു കഥ , ആത്മീയതയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ലോകവും ജനാധിപത്യം എന്തെന്ന് പഠിക്കാന്‍ ഭാരത പര്യടനം നടത്തി ഒടുവില്‍ ജനാധിപത്യത്തില്‍ നാല് തരം ജാതീയത കണ്ടെത്തുന്ന ആത്മീയ നേതാവ് നാല് മത വിഭാഗക്കാരെ ഭാരതത്തിലേ നാല് ദിക്കില്‍ നിന്നും ജാഥ നയിപ്പിച്ചു ഒടുവില്‍ ഒരിടത്തു ഒത്തുകൂടുമ്പോള്‍ അവരില്‍ നിന്നും ഭരണ നേതാവിനെ തിരഞ്ഞെടുക്കല്‍ വരുന്ന അവസരത്തില്‍ അവരിലെ ചിരിയില്‍ നിന്നും മേല്‍ പറഞ്ഞ ജാതീയതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നു കിടക്കുന്നത് കണ്ടു "നടന്നുകൊണ്ടിരിക്കുന്ന വിപ്ലവത്തില്‍ ചൂഷണത്തിന്റെ ചുവയുണ്ടെന്നു അറിഞ്ഞാല്‍ അതില്‍ നിന്നും തിരിഞ്ഞു നടക്കുന്നവനല്ല വിപ്ലവകാരി അതില്‍ വന്ന ചൂഷണത്തേ അവരിലെ അഴുക്കിനെ കഴുകി കളയുന്നവനാണ് വിപ്ലവകാരി"എന്നുമുള്ള നിഗമനത്തില്‍ സാമി എത്തിച്ചേരുകയും ചെയ്യുന്ന ഒരു കഥ . കൌമാരകാലത്തെ ഒരു പ്രണയം വാര്‍ദ്ധക്യത്തില്‍ ഒന്നാകുകയും മരണം പുല്കുകയും ചെയ്യുന്ന ഒരു കഥ അതുപോലെ തൂങ്ങിമരണം റിയാലിറ്റി ഷോ ആയി നടത്തുകയും അവിടെ എത്തപ്പെടുന്ന നാലുപേരില്‍ മൂന്നുപേര്‍ തങ്ങള്‍ എന്തുകൊണ്ട് മരിക്കാന്‍ തയ്യാറായി എന്ന വിഷയം പറയുകയും അത് നിവര്‍ത്തിക്കപ്പെടുകയും അവര്‍ രക്ഷപ്പെടുകയും നാലാമന്‍ ആയ എഴുത്തുകാരന്‍ തൂങ്ങി മരിക്കപ്പെടെണ്ടവന്‍ ആണെന്ന് വിധിയെഴുതുന്ന സമൂഹവും ഒടുവില്‍ തലനാരിഴയ്ക്ക് അയാള്‍ രക്ഷപ്പെടുകയും ചെയ്യുന്ന ഒരു കഥയും ചേര്‍ത്തു വായനക്കാരെ ആകര്‍ഷിക്കുന്ന ഈ കഥാ സമാഹാരം ഒലിവ് ആണ് പുറത്തിറക്കിയിരിക്കുന്നത് . നാല്പത്തി അഞ്ചു രൂപ മുഖവില ആണ് ഈ പുസ്തകത്തിനു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

മഞ്ഞിന്റെ നാട്ടിലൂടെ ............ഉമാദേവി

വായനകളെ ഉപകാരപ്രദമാക്കുന്ന തലം തുറന്നിടുന്നത് പലപ്പോഴും ചരിത്രപഠനങ്ങള്‍ , യാത്രാ വിവരങ്ങള്‍ എന്നിവയാണ് എന്ന് പറയാന്‍ കഴിയും . ഇന്ന് വ്യവസ്ഥാപിതമായ ഒരു താല്പര്യം ചരിത്രപഠനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ല എങ്കിലും പൊതുവേ ചരിത്ര പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാലത്തിന്റെ ദിനാന്ത്യക്കുറിപ്പുകള്‍ എന്ന തലം തന്നെയാണ് . അതുപോലെ നാം കാണാത്ത ദേശങ്ങളെയും ഭാഷയെയും ചരിതങ്ങളെയും നമുക്ക് വേണ്ടി ഒരാള്‍ പോയി നടന്നു കാണുകയും നമുക്കത് വര്‍ണ്ണിച്ചു തരികയും ചെയ്യുക എന്നത് വളരെ സന്തോഷപ്രദവും , പലപ്പോഴും ഉപകാരപ്രദവും ആണ് . നമ്മുടെ ഭാവി യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവ നമുക്ക് ഉപകാരമാകുന്നു എന്നത് ആ കുറിപ്പുകളുടെ ഒരു ഗുണമേന്മയാണ് . കെ എ ബീനയില്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ ആ ഒരു നന്മ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിരിക്കുന്നു . അവസാനം വായിച്ചു നിര്‍ത്തിയ സര്‍ഗ്ഗ റോയുടെ യാത്രാവിവരണക്കുറിപ്പായ "താഴ്വാരങ്ങളുടെ നാട്ടില്‍" കെനിയയുടെ ചിത്രം വരച്ചുതന്ന ഭംഗി ഓരോരുത്തരും അറിഞ്ഞു കഴിഞ്ഞതാണല്ലോ . ആ ശ്രേണിയിലേക്ക് ആണ് മറ്റൊരു യാത്രാവിവരണക്കുറിപ്പും ആയി ഉമാദേവി എന്ന എഴുത്തുകാരി കടന്നു വരുന്നത് . "മഞ്ഞിന്റെ നാട്ടിലൂടെ " എന്ന യാത്രാ വിവരണ ഗ്രന്ഥത്തിലൂടെ ഉമാദേവി തന്റെ ഉത്തരേന്ത്യന്‍ യാത്രയെ വായനക്കാരന് മുന്നില്‍ സമര്‍പ്പിക്കുന്നു . ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തണുത്ത യാത്ര . ഹിമാലയത്തിലേക്കുള്ള ആ യാത്രയുടെ സാഹസികതയും , മനോ സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരി നമ്മോടു വിശദീകരിക്കുന്നു . ഒപ്പം ഓരോ സ്ഥലത്തെയും കുറിച്ചുള്ള വിശേഷങ്ങളും പ്രത്യേകതകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്‌ വായനക്കാര്‍ക്ക് . തത്വമസി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പുറംചട്ടയും അച്ചടിയും നല്ല നിലവാരം പുലര്‍ത്തി . ഫോട്ടോകള്‍ നല്ല രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 120 രൂപ മുഖവിലയുള്ള ഈ പുസ്തകം യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും , ദേശങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും . കണ്ട കാഴ്ചകളെ വളരെ ലഘുവായി പറഞ്ഞു എന്നതും , കണ്ട കാഴ്ചകളിലെ പ്രത്യേകതകള്‍ പറഞ്ഞു പിടിപ്പിക്കാനും , പരിചയപ്പെടുത്താനും എഴുത്തുകാരിക്ക് കഴിഞ്ഞില്ല പൂര്‍ണ്ണമായും എന്നതൊരു പോരായ്മ ആണെങ്കിലും ഒരു പൊതുവായനയ്ക്കും കൌതുകകാഴ്ചകള്‍ക്കും ഈ യാത്രക്കുറിപ്പു ഉപയോഗപ്പെടും എന്ന് പ്രത്യാശിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

Friday, May 13, 2016

ജീവിതം വെറുതെയെന്നു .....


പങ്കുവയ്ക്കുവാനെന്തുണ്ട് പാരിൽ
സങ്കടങ്ങൾ തൻ പഴം ചോറല്ലാതെ .
കണ്ടു നില്ക്കുവാൻ മാത്രം വിധി -
യെങ്കിൽ ചങ്കുപൊടിയുന്നതാരറിഞ്ഞീടുവാൻ.

ഒന്നു മുരിയാടി വേദനിപ്പിക്കുവാൻ
ഉള്ളിലെ സ്നേഹമനുവദിക്കില്ലെന്നാൽ
ഉരുകിയമരും മെഴുകു പോലെൻ ജന്മം
ഉദകമായിന്നു നല്കുന്നീയുലകിനു .
അതി മനോഹരമീ വസന്തോദ്യാന -
വനികയിൽ നീ അഭിരമിക്കുമ്പോഴും
ഒരു ചെറു ചിരിയെങ്കിലും കാത്തു
കഴിയുമൊരു ജന്മത്തെ നീയറികില.
കരുണയൊന്നു തേടി ഞാൻ വന്നെ-
ന്നാലരിയ സംല്ലാതെ നീ ദ്രുതം
ചൊരിയുമീ പരിഹാസവാക്കുകൾ
പകരുമീ മനം തകരുന്നു നാൾക്കുനാൾ.
ഒരു ദിനം വരും എന്നെയറിയുന്ന
അസുലഭമാം സുന്ദര നിമിഷങ്ങൾ .
ഇനി തുറക്കാത്തൊരെൻ മിഴികളോടു
പറയുകന്നു നീ നിൻ മനോവ്യാപാരങ്ങൾ.
.......... ബിജു ജി നാഥ് വർക്കല..

Thursday, May 12, 2016

കടല്‍മരങ്ങള്‍ ...............വെള്ളിയോടന്‍

വായനയില്‍ പലപ്പോഴും കല്ലുകടിയാകുക ആവര്‍ത്തനങ്ങള്‍ വായിക്കപ്പെടുമ്പോള്‍ ആണ് . അത് വായനക്കാരനില്‍ ഒരു തരം അസഹ്യമായ അനുഭവം ആകുകയും വായനയെ തിരഞ്ഞെടുക്കുന്നതില്‍ വിമുഖന്‍ ആകുകയും ചെയ്യുന്നത് കാണാം . ഇതിനു പലപ്പോഴും കാരണമാകുന്നത് പുതുമ ഇല്ലാത്ത എഴുത്തുകളും , എഴുതിയവ തന്നെ വീണ്ടും വീണ്ടും പേരുകള്‍ മാറി ഒരു മാറ്റവും ഇല്ലാതെ വായിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആണ് . പുതിയകാല എഴുത്തുകാരില്‍ വളരെ വലിയ തോതില്‍ ഈ അനുകരണശീലം ഉണ്ടാകുന്നുണ്ട്. ഇതിനു കാരണം എങ്ങനെയും എഴുതുക , പുസ്തകം ആക്കുക എന്നൊരു ചിന്ത മാത്രം ആകുന്നു . ഇതുപോലെ തന്നെയാണ് പ്രവാസ എഴുത്തുകാരും . നാട്ടില്‍ നിന്നും പണ്ടെങ്ങോ കടല്‍ കടക്കുമ്പോള്‍ കണ്ട, പരിചയിച്ച ചില ചിത്രങ്ങള്‍ ഒരിക്കലും അവയെ പുനര്‍ചിന്തനം ചെയ്യാതെ താലോലിച്ചു ഉറങ്ങുകയും , നോസ്ടാല്‍ജിയ എന്നൊരു ഓമനപ്പേരില്‍ അതിനെ ഓര്‍ത്തും എഴുതിയും വായനക്കാരെ മുഷിപ്പിക്കുകയും ചെയ്യുക പതിവ് ആണ് . ഇതില്‍ നിന്നും വ്യത്യസ്തമായ രചനകള്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവ സ്വീകരിക്കപ്പെട്ടിട്ടും ഉണ്ട് . പ്രഗല്‍ഭരും, അറിയപ്പെടാത്തവരും ആയ പലരും ഇങ്ങനെ എഴുതി വായിക്കപ്പെട്ടവര്‍ ആണ് എന്നത് വായനക്കാരുടെ ഒരു പുണ്യമായി കരുതാം .
ഇത്തരം ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് 'വെള്ളിയോടന്‍ സൈനുദ്ധീന്‍' എന്ന എഴുത്തുകാരന്റെ "കടല്‍ മരങ്ങള്‍" എന്ന കഥാ സമാഹാരം വായനക്ക് വേണ്ടി തിരഞ്ഞെടുത്തത് . പ്രവാസ എഴുത്തുകാരന്‍ എന്ന ലേബല്‍ ഒട്ടിച്ചു ചേര്‍ക്കപ്പെട്ട എന്നതിനപ്പുറം പ്രവാസഭൂമികയിലെ എണ്ണം പറഞ്ഞ ഒരു എഴുത്തുകാരന്‍ എന്നറിയുന്നതാകും നല്ലത് എന്ന് തോന്നിപ്പിക്കുന്ന ആഖ്യായനശൈലി ആണ് വെള്ളിയോടന്‍ പ്രയോഗിച്ചിരിക്കുന്നത് . വായനയുടെയും ഭാവനയുടെയും ധൈര്യവും കരുത്തും നിറഞ്ഞ പത്തു കഥകള്‍ കൊണ്ട് സമ്പന്നമായ ഈ എഴുത്തില്‍ ഭാവന എന്നത് ഭംഗി വാക്ക് മാത്രമാണ് . അക്ഷരങ്ങള്‍ പ്രയോഗിച്ച രീതികള്‍ സ്വഗതമായ ഒരു കൂടുമാറ്റം നടത്തിക്കൊണ്ടു അനുഭവത്തിന്റെ തീക്ഷ്ണത തെളിയിക്കുന്ന ഈ കഥകള്‍ ഓരോന്നും പ്രവാസത്തിന്റെ നോവും നൊമ്പരവും ചിന്തകളും ദിനചര്യകളും കാട്ടിത്തരുന്നു . പ്രവാസഭൂമിയില്‍ മൂന്നുതരം ജീവിതങ്ങള്‍ ഉണ്ട് എന്ന് തോന്നുന്നു . ഒന്ന് ദയനീയതയുടെ നേര്‍ക്കാഴ്ചകള്‍ ആയ ജീവിതങ്ങള്‍ , മറ്റൊന്ന് ജീവിക്കുവാന്‍ അത്യാവശ്യം സൌകര്യങ്ങളും വേതനവും ഉള്ളവര്‍ മറ്റൊന്ന് സമ്പന്നതയുടെ മുകളില്‍ സുഖലോലുപരായ ഒരു വിഭാഗം . ഇവിടെ രണ്ടാമത്തെ വിഭാഗത്തെ ആണ് വെള്ളിയോടന്‍ പരിചയപ്പെടുത്തുന്നത് . അവരുടെ ജീവിതത്തില്‍ നിന്നുകൊണ്ട് മദ്ധ്യേഷ്യയുടെ ഭൂപടം വരയ്ക്കുകയാണ് വെള്ളിയോടന്‍ ഈ കഥകളില്‍ . പുകയുന്ന ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നം മുതല്‍ അഫ്ഗാന്‍ മലനിരകളിലെ കൊടും ക്രൂരതയും ചൈന പോലുള്ള മുതലാളിത്ത രാജ്യങ്ങളിലെ കാണാക്കാഴ്ച്ചകളും വെള്ളിയോടന്റെ വരികളിലൂടെ അനാവൃതമാകുന്നു .
കഥകളിലുടനീളം ജീവിതത്തില്‍ പ്രത്യേകിച്ചും ദാമ്പത്യത്തില്‍ പരാജയമായ ഒരു പുരുഷനെ വരച്ചു കാണിക്കുന്ന വെള്ളിയോടന്‍ കഥകളുടെ അപര്യാപ്തത ഒഴിവാക്കി നിര്‍ത്തിയാല്‍ ഓരോ കഥയും ഓരോ അനുഭവങ്ങള്‍ തന്നെയാണ് .
മികച്ച ഭാഷയും വ്യക്തതയുള്ള ദിശാസൂചികകളും സംഭവങ്ങളും കൊണ്ട് കഥകള്‍ ഒരിക്കലും വിസ്മയമോ , അതിഭാവുകത്വമോ നല്‍കാതെ പച്ചയായി നിലനില്‍ക്കുന്നു . സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീയുടെ , മതത്തിന്റെ കാപട്യങ്ങളുടെ , രാഷ്ട്രീയത്തിന്റെ അപചയങ്ങളെ , പരാജയപ്പെട്ടുപോകുന്ന മനുഷ്യരെ , അംഗഭംഗം വരുന്ന ദേശങ്ങളുടെ , വിശ്വാസങ്ങളുടെ , ബന്ധങ്ങളുടെ ഒക്കെ നേര്‍ പടം വരച്ചിടുന്ന വെള്ളിയോടന്‍ കഥകള്‍ വായനക്കാരെ ഒരിക്കലും നിരാശരാക്കില്ല . കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ 75രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

ഞാന്‍

ഒഴുകുവാന്‍ കൊതിച്ചൊരു പുഴ-
യെന്റെ ഉള്ളില്‍ കുതികുതിക്കവേ,
ഒഴുകാനിവിടില്ലൊരു കരയെന്നു കണ്ടി-
ടനെഞ്ചു പൊട്ടിക്കരയുന്നു മൂകമായ് ..
---------ബി ജി എന്‍ വര്‍ക്കല --------

Monday, May 9, 2016

ഭയം


ഇപ്പോൾ എല്ലാം ഭയമാണ് !
മകന്റെ നോട്ടത്തെ,
അനിയന്റെ സ്പർശത്തെ,
അച്ഛന്റെ ഉമ്മകളെ ....
ഭയം ചിലന്തിവല പോലെയാണ്.

പിന്നിലെ കാലടി ശബ്ദം,
ചൂളൻ വിളികൾ ,
സഹയാത്രികന്റെ പുഞ്ചിരി,
കണ്ടക്ടറുടെ ചോദ്യം ...
ഭയം മണൽപോലെ പഴുക്കുന്നു.
ഇരുട്ടിലെ ഓരോ ശബ്ദവും,
ടെലിഫോണിന്റെ മണിയടിയും,
ഭിക്ഷക്കാരുടെ സന്ദർശനവും...
ഭയത്തിന്റെ കനലുകൾ പുകയുന്നു.
പത്രവാർത്തകൾ ,
ടെലിവിഷൻ കാഴ്ചകൾ
ഒന്നും വേണ്ടായിരുന്നു.
എനിക്കിപ്പോൾ ഒന്നും ഭയമില്ലാത്തതായില്ല
അച്ചനെ
മകനെ
സഹോദരനെ
സ്നേഹിതനെ
എല്ലാം നഷ്ടമായിരിക്കുന്നു.
ഭയം തേരട്ടയായിഴയുന്നു ദേഹിയിൽ.!
....... ബിജു ജി നാഥ് വർക്കല ......

മനസ്സു പറഞ്ഞത്


നിന്നെയറിയുവാൻ
നിന്നിലേക്കിറങ്ങുവാൻ
എന്നുമേ ഞാൻ കൊതിക്കുന്നു....
നിന്റെ നിതാന്തമാം
മൗനത്തിൻ വത്മീകം
എന്റെ നിശ്വാസത്തിൻ ഗന്ധമറികിലും,
നീ നടിക്കുന്നൊരീ
നിശ്ശബ്ദതയ്ക്കു ഞാൻ
നിന്നോട് കലഹിച്ചിടാമോ ?
നീ വരും എന്നിലെ തീ കെടുമൊരുനാളിൽ
അന്നോളം കാത്തു വച്ചീടാമെന്നെ .
നിന്നെ പ്രതീക്ഷിച്ചു
നിന്നെ പ്രണയിച്ചു
ഹാ എന്റെ മരണമേ ഞാനിനി,
എന്റെയീ ഇരുൾക്കൂട്ടിൻ
ഏകാന്തതയിൽ ധ്യാനത്തിലമർന്നിടട്ടെ.
........ ബിജു ജി നാഥ് വർക്കല ......

പ്രാന്തുതുണ്ടുകളുടെ കൊളാഷ്..........ഗീത മുന്നൂര്‍ക്കോട്

കവിതകള്‍ വായിക്കുക എന്നത് കഥകള്‍ വായിക്കുക പോലെ സുഗമമായ ഒരു അനുഭവമല്ല . അതില്‍ മുങ്ങി നിവരുമ്പോള്‍ നമുക്ക് അനുഭവപ്പെടുക നവ്യമായ ഒരനുഭൂതിയാകും . പരത്തിപ്പറയുന്ന കഥകളുടെ ധാരാളിത്തം ഇല്ലാതെ കുറുക്കിപ്പറയുന്ന കഥകള്‍ ആണ് കവിതകള്‍ എന്നതാകം ഇതിന്റെ പിന്നിലെ രഹസ്യം .
'റോബര്‍ട്ട്സണ്‍' പറയുന്നത് ഇത്തരുണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു . "ചിന്തിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ്‌ കവിതയുടെ കര്‍ത്തവ്യം"
തത്വമസി പുസ്തകശാല പ്രസിദ്ധീകരിച്ച ശ്രീമതി ഗീത മുന്നൂര്‍ക്കോടിന്റെ "പ്രാന്തുതുണ്ടുകളുടെ കൊളാഷ്" എന്ന കവിതാ സമാഹാരം ആണ് ഇന്ന് വായനയുടെ ലോകത്ത് അവതരിപ്പിക്കുന്നത്‌ .
"മഴക്കാലത്തെ കൊളാഷ് പോലെ" എന്ന കവി കുരീപ്പുഴയുടെ ആമുഖക്കുറിപ്പും , സരിത മോഹന്‍ വര്‍മ്മ , ഡോണ മയൂര എന്നിവരുടെ ആസ്വാദന,അവതാരികക്കുറിപ്പുകളും അടങ്ങിയ ഈ കവിതാ സമാഹാരത്തില്‍ 99 കവിതകള്‍ അടങ്ങിയിട്ടുണ്ട് ചെറുതും വലുതുമായി .
പെണ്ണെഴുത്തുകള്‍ എന്നു നാം ചില എഴുത്തുകളെ വിളിക്കാറുണ്ട് കാരണം അവയില്‍ പെണ്മ മാത്രം നിറഞ്ഞു തുളുമ്പുന്നത് കൊണ്ട്. ഇവിടെ ഗീത മുന്നൂറുക്കോടിന്റെ കവിതകള്‍ വായിക്കുമ്പോഴും ആ ഒരു ചിന്ത ആണ് വായനക്കാരനില്‍ ആദ്യം ഉണ്ടാകുക . ഗ്രാമീണതയുടെ വിശുദ്ധിയും , നന്മയും , കുശുമ്പും കുന്നായ്മയും എല്ലാം കവിതകളില്‍ നിറയുന്ന ഭാവങ്ങള്‍ ആകുമ്പോള്‍ ജീവിതങ്ങള്‍ മുന്നില്‍ വന്നു ചിരിച്ചും കരഞ്ഞും അകലുന്നത് വായനക്കാരന് അനുഭവവേദ്യമാകുന്നത് അറിയാന്‍ കഴിയും . പെണ്ണിന്റെ വിവിധ ഭാവങ്ങളെ , ചിന്തകളെ , അസ്വസ്ഥതകളെ , അസ്വാരസ്യങ്ങളെ തികച്ചും സ്വതന്ത്രമായി ഗീത തന്റെ കവിതകളില്‍ വരച്ചിടുന്നു . എല്ലാ കവിതകളും തങ്ങളുടെ ധര്‍മ്മം ശരിയായി നിര്‍വഹിച്ചു എന്ന് പറയാന്‍ കഴിയില്ല എങ്കിലും കവിത്വം ഉള്ള ഒരു മനസ്സും ഭാഷയുടെ ശുദ്ധിയും കവിതകളെ വേറിട്ട്‌ നിര്‍ത്തുന്നുണ്ട് . പ്രണയമായാലും , ജീവിതമായാലും വിരഹവും , വിഷമതകളും ദുരിതകാലങ്ങളും പറയുന്ന അതെ വിരലുകള്‍ തന്നെ പ്രകൃതിയെ വളരെ കരുണയോടെ നോക്കുന്ന കാഴ്ചയും പ്രകൃതിയുടെ ദുരിതത്തില്‍ വിഷമിക്കുന്ന ഒരു മനസ്സും കവിയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് .
കവിതകള്‍ ഒരിക്കലും സ്വയം ഉരുകുന്ന വേദനയാകരുത് . കവിത ഒരു ചാട്ടുളി ആകണം . അത് ചൂണ്ടുവിളക്കും ആകണം . ഒരുകാലത്തേക്ക് മാത്രം ആകരുത് കവിത സംവദിക്കേണ്ടത് . ഓരോ കാലത്തേക്കും വേണ്ടി ആകണം . എഴുത്തില്‍ ആ ഒരു കയ്യടക്കം കവി ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു എന്ന് ചില കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കും .നമ്മുടെ പരിഭവങ്ങളും , നമ്മുടെ ചിന്തകളും കാലത്തിനു വേണ്ടി എങ്ങനെ മാറ്റിയെടുക്കാം എന്നിടത്താണ് കവി വിജയിക്കുന്നത് എന്ന കാര്യം ഇവിടെ ഓരോ എഴുത്തുകാരനും ഓര്‍ത്ത്‌ വയ്ക്കേണ്ടതാണ് എന്ന് കരുതുന്നു .
125 രൂപ മുഖവിലയുള്ള ഈ പുസ്തകം കവിതാസ്വാദകര്‍ക്ക് ഒരു വായനാനുഭവമായിരിക്കും എന്ന് കരുതുന്നു .
ശ്രീമതി ഗീതയുടെ ഈ പുസ്തകത്തിലെ അവസാന കവിത വായനക്കാര്‍ക്ക് മുന്നിലേക്ക് നല്‍കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല .


അര്‍ത്ഥമോശം വന്നു
ചേല ചിന്തകള്‍
നേര്‍ വാക്കുകളായില്ല

വികാരവൈകല്യം കൊണ്ട്
അവ മുഴച്ചു നിന്നു

ഭാവനയുടെ അഭാവത്തില്‍
അവര്‍
വെറും പ്രതിമകളായി .

ആശയശിലകളെറിഞ്ഞു
ആരോ അതില്‍
ജീവന്‍ തുളച്ചു കേറ്റി

ഇതാ കിടപ്പ് കണ്ടില്ലേ
കവിതയെന്നും പറഞ്ഞു
വിഡ്ഢിച്ചിരിയുമായിട്ടു...(അവസ്ഥാന്തരം )

Saturday, May 7, 2016

യന്ത്ര മനുഷ്യര്‍


പുറത്തെ നിലാവിലേക്ക് നോക്കി നില്‍ക്കുന്ന രശ്മിയുടെ പിറകിലേക്ക് ആകാശ് ഒരു കള്ളനെ പോലെ പതുങ്ങി വന്നു ജനലഴികളിലേയ്ക്ക് ഉയര്‍ത്തി വച്ച കൈകള്‍ക്കിടയിലൂടെ അവളുടെ നഗ്നമായ മുലകളെ ഒരു പരിച പോലെ പൊതിഞ്ഞു പിടിച്ചു രണ്ടു കൈകളാലും . ഒരു നേര്‍ത്ത ചൂട് തന്റെ മുലകളിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കുന്നത് അവള്‍ അറിഞ്ഞു . മുലഞെട്ടുകള്‍ ത്രസിച്ചു വന്നു . കഴിഞ്ഞു പോയ രതിനദിയുടെ ഓളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് രശ്മി കിടക്കയില്‍ നിന്നും എഴുന്നേറ്റ് ആകാശം കാണാന്‍ ഇങ്ങനെ ജാലകത്തിന് അരികില്‍ വന്നു നിന്നത് . ജീവിതത്തില്‍ വളരെ വിരളമായി മാത്രം തനിക്കു ലഭിയ്ക്കുന്ന ഒരു സൗഭാഗ്യമാണ് ആകാശ് എന്നവള്‍ ഓര്‍ത്തു . അതുകൊണ്ട് തന്നെയാണ് ഏറെ കഷ്ടപ്പെട്ടും കള്ളം പറഞ്ഞും ഇന്നവള്‍ ഈ മുറിയില്‍ ആകാശിന്റെ ഒപ്പം നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ കുറ്റബോധത്തെക്കാള്‍ അവളില്‍ നിറഞ്ഞത്‌ ആശ്വാസവും എന്തിനോടോ ഒക്കെ ഉള്ള പകയും ആയിരുന്നു .
ഓര്‍മ്മകളെ തിരികെ വിളിച്ചുകൊണ്ടു ആകാശിന്റെ വിരലുകള്‍ കുസൃതികള്‍ കാണിച്ചുകൊണ്ടിരുന്നു . മുലകളെ തഴുകിയും അമര്‍ത്തിയും ഉള്ള ആ തമാശയില്‍ അവള്‍ അവന്റെ നെഞ്ചിലേക്ക് ചാരി കണ്ണുകള്‍ അടച്ചു പുഞ്ചിരിയോടെ നിന്ന് കൊടുത്തു .സുഖാലസ്യത്തില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ആകാശിന്റെ കൈകള്‍ നിശ്ചലമാകുന്നതും ഇടതു മുലഞെട്ടിനു സമീപം അവന്റെ വിരലുകള്‍ മെല്ലെ ആഴത്തില്‍ എന്തോ പരതുന്നതും അവള്‍ക്കു അനുഭവപ്പെട്ടു . അവള്‍ ചോദ്യഭാവത്തില്‍ കണ്ണുകള്‍ തുറന്നു അവനെ മുഖം ഉയര്‍ത്തി നോക്കി . അവന്‍ പതിയെ മുലയില്‍ വിരല്‍ കൊണ്ട് വട്ടം ഉഴിഞ്ഞിട്ടു തെന്നിതെന്നി പോകുന്ന ഒരു മുഴയെ തൊട്ടുകൊണ്ട്‌ വേദന ഉണ്ടോ എന്ന് ചോദിച്ചു . അവള്‍ക്ക് കാര്യം മനസ്സിലായില്ല . എങ്കിലും ചിലപ്പോള്‍ ഒക്കെ കുളിക്കുമ്പോള്‍ അവളും അത് ശ്രദ്ധിക്കാറുള്ളത് ഓര്‍ത്ത്‌ . വേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉഴുതുമറിക്കപ്പെടുന്ന കാളരാത്രികളില്‍ നോവിന്റെ ഉറവിടം എവിടെയൊക്കെ എന്നറിയാതെ എരിപൊരി സഞ്ചാരം കൊള്ളുമ്പോള്‍. കണ്ണില്‍ നിന്നും തീയും കണ്ണീരും ചിതറുമ്പോള്‍ ആ ചോദ്യം അപ്രസക്തമായി അവള്‍ക്കു തോന്നി .
രാജേട്ടന്‍ ഒരിക്കല്‍ പോലും വിവാഹം കഴിഞ്ഞു ഈ പതിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു നാളില്‍ പോലും സ്നേഹത്തോടെ ഒരു ഉമ്മയോ പ്രണയത്തോടെ ഒരു ആലിംഗനമോ തനിക്ക് നല്കിയിട്ടില്ലല്ലോ എന്ന വേദന അവളില്‍ ആ നേരത്തും പുകയുന്ന ഒരു ഓര്‍മ്മയായി പൊതിഞ്ഞു . കിടക്കയില്‍ ഇടയ്ക്കെപ്പോഴോ പുറത്തു വീഴുന്ന കരങ്ങള്‍ പിന്നെ ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റുന്നതും ഉഴുതുമറിക്കുന്ന ഒരു ഭൂമിയായി താന്‍ മാറുന്നതും ആവേശം കെട്ടടങ്ങുമ്പോള്‍ തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതും അല്ലാതെ സ്നേഹത്തോടെ ഒരിക്കല്‍പ്പോലും ആ കരങ്ങള്‍ തന്നെ പൊതിഞ്ഞിട്ടില്ല . ഓരോ വേഴ്ചയും ഓരോ സങ്കടങ്ങള്‍ ആയിരുന്നു എന്നും തനിക്ക് . മുറിവുകള്‍ ഏല്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ് എന്ന് തന്നെ പറയാം . ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു പുതപ്പിന്‍ കീഴില്‍ ആ നെഞ്ചില്‍ തല വച്ച് കിടന്നു ഉറങ്ങാന്‍ മോഹിച്ചു എത്രയോ രാത്രികള്‍ ..... തള്ളി നീക്കി നിന്റെ പുതപ്പ് അപ്പുറത്ത് കിടപ്പുണ്ട് അതെടുത്തോളൂ എന്ന് പറഞ്ഞു ഉറക്കത്തിലേക്ക് പിറുപിറുപ്പോടെ നടന്നു പോകുന്ന രാജേട്ടന്‍, രശ്മിയുടെ ജീവിതത്തിലെ ഒരിക്കലും വേര്‍പെടുത്താന്‍ ആകാത്ത ഒരു വ്യാധി ആണ് .
വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അനുരൂപനായ ഒരു ചെറുപ്പക്കാരന്റെ കൈകളിലേക്ക് തന്നെ പിടിച്ചു കൊടുക്കുമ്പോള്‍ അയാള്‍ എങ്ങനെ ഉള്ളവന്‍ ആണെന്ന് പോലും തനിക്കറിയില്ലാരുന്നു . ആദ്യരാത്രിയില്‍ തുടങ്ങിയ ചര്യയാണ് ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകളെ സങ്കല്പങ്ങളെ ഒക്കെയും ഒരു കാട്ടാള സ്വപ്നം കൊണ്ട് ചതച്ചരച്ചു കളഞ്ഞത് . വിവാഹരാത്രി എന്തെന്ന് പോലും അറിയാത്ത ഒരാളില്‍ അത് ഏല്‍പ്പിച്ച ആഘാതം ഇന്നോളം അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു .
രണ്ടു കുട്ടികള്‍ ആയിക്കഴിഞ്ഞപ്പോഴാനു രാജേട്ടന്റെ വരുമാനം കൊണ്ട് വീട് നടക്കില്ല എന്ന പ്രശ്നം മുന്നില്‍ എത്തിയത്. മക്കളുടെ പഠനവും വീട്ടിന്റെ പണിയും ഒക്കെ കൂടി കടം കേറിവന്നപ്പോള്‍ ആണ് രശ്മി ആ സ്വകാര്യസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്‌ . ഒരു വിധത്തില്‍ നോക്കിയാല്‍ ആ ജോലി ഒരു ആശ്വാസവും ആയി തോന്നി . പകല്‍ മുഴുവന്‍ വീട്ടിലെ ഏകാന്തതയില്‍ സുഖമുള്ള ഒരു ഓര്‍മ്മയും ഇല്ലാതെ ചടഞ്ഞു കൂടിയ ജീവിതം ജോലി കിട്ടിയതോടെ മാറിക്കിട്ടി എന്ന് തന്നെ പറയാം.
*********
പുതുതായി ജോലിയില്‍ ചേര്‍ന്ന ചെറുപ്പക്കാരന്‍ എല്ലാരുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുത്തു . വളരെ ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരന്‍ . പുഞ്ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ല അയാളെ . എല്ലാരോടും സൗമ്യതയോടെ ഇടപെടുന്ന അയാളുടെ ആകര്‍ഷകത അവളില്‍ വല്ലാത്ത ഒരു ആശ്വാസവും അടുപ്പവും തോന്നിച്ചു എന്നത് സത്യമാണ് .
പതിയെ പതിയെ അവര്‍ തമ്മില്‍ അടുക്കുകയായിരുന്നു . ആകാശ് അതാണ്‌ അയാളുടെ പേര്. ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ ഇടവേളകളില്‍ അവള്‍ക്കടുത്തിരുന്ന ഒരു ദിവസം ആണ് അവര്‍ തമ്മില്‍ അടുത്തത്‌ എന്നവള്‍ ഓര്‍ത്തെടുത്തു .
"നീയെവിടെയാ പെണ്ണേ" എന്ന ആകാശിന്റെ സ്വരം കാതുകളില്‍ വീഴുമ്പോള്‍ ആണ് അവള്‍ പെട്ടെന്ന് സ്വബോധത്തിലേയ്ക്ക് വന്നത് .
"നാളെ തന്നെ നീയൊരു ഡോക്ടറെ കാണണം കേട്ടോ" . ആകാശിന്റെ വാക്കുകളില്‍ സ്നേഹത്തിന്റെ പശിമ നിറഞ്ഞിരുന്നു . ഹൃദയാന്തര്‍ ഭാഗത്തോളം അത് പതിഞ്ഞു കിടക്കും . എത്ര കേട്ടാലും മതിയാകില്ല ആകാശിന്റെ സ്വരം എന്നവള്‍ കൊതിയോടെ ഓര്‍ത്ത്‌ പോയി . ജോലിയുടെ ഭാഗമായി ഈ നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് വളരെ വലിയൊരു ഭാഗ്യമായി തോന്നി . രണ്ടു ദിവസം ആകാശും ആയി ഒന്നിച്ചു ചിലവഴിക്കാന്‍ ദൈവം നല്‍കിയ ഒരവസരം ആയി അവള്‍ക്ക് തോന്നി . അല്ലെങ്കില്‍ത്തന്നെ അവര്‍ എന്നേ കാണുന്നൊരു സ്വപ്നം ആണ് ഒന്നിച്ചു കുറച്ചു നിമിഷങ്ങള്‍ ആരുമറിയാത്ത ഒരിടത്ത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകണം എന്ന് .
ജീവിതത്തില്‍ രതി എന്തെന്നും പ്രണയം എന്തെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ . പുരുഷന് ഒരു പുഷ്പം പോലെ പെണ്ണിനെ താലോലിക്കാന്‍ കഴിയും എന്ന് താനറിയുകയായിരുന്നു. ഓരോ അണുവും ഉണര്‍ന്നു എഴുന്നേല്‍ക്കുന്നതും ഒരു പൂവാടി പോലെ താന്‍ പൂത്തുലഞ്ഞു പോയതും അവള്‍ക്ക് ഉള്‍പ്പുളകത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ . തന്റെ ശരീരത്തെ നോവിക്കാതെ ഇത്ര കരുതലോടെ ഒരു പുരുഷന്‍ ഉണര്‍ത്തി എടുത്തു തളര്‍ത്തി കിടത്തുമ്പോള്‍ താന്‍ ഇപ്പോഴും ഭൂമിയില്‍ തന്നെയാണോ എന്ന് അവള്‍ക്ക് സംശയം മാറുന്നുണ്ടായിരുന്നില്ല .
എന്താ പ്രശ്നം എന്ന അവളുടെ ചോദ്യങ്ങള്‍ക്ക് ആകാശ് വ്യക്തമായ മറുപടി തന്നില്ല . എങ്കിലും അയാള്‍ ഇടയ്ക്കിടെ അതോര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു . പക്ഷെ അവളില്‍ അതൊന്നും ഓര്‍ക്കാനോ ശ്രദ്ധിക്കാനോ നേരം ഇല്ലായിരുന്നു . തന്റെ ജീവിതത്തിലെ അസുലഭമായ ഒരു നിമിഷം ! ഇനിയൊരിക്കലും തനിക്കു ലഭിക്കില്ലായിരിക്കും ഇങ്ങനെ ഒരു അവസരം എന്ന ചിന്തയില്‍ അവള്‍ അവനെ വരിഞ്ഞു മുറുക്കി നില്‍ക്കുകയായിരുന്നു .
തന്റെ മനസ്സറിഞ്ഞ പുരുഷന്‍ ആണ് ആകാശ് എന്നവള്‍ ഓര്‍ത്ത്‌ . തന്റെ വേദനകളും പരാതികളും കേള്‍ക്കാന്‍ , തനിക്ക് എപ്പോഴും ഓടി വന്നു സങ്കടം പറയാന്‍ , ആശ്വാസം തേടാന്‍ ഒരാള്‍ എന്നതായിരുന്നു ആകാശില്‍ അവള്‍ കണ്ട മേന്മ. അവനോടു പറയാത്ത ഒന്നും തന്നെ അവളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു . താളം തെറ്റുന്ന മാസമുറ മുതല്‍ രാജേട്ടന്റെ യുദ്ധം കഴിഞ്ഞുള്ള ഉറക്കമില്ലാത്ത രാവുകളില്‍ നീറ്റലുകള്‍ പോലും പങ്കു വയ്ക്കാന്‍ വിശ്വസ്തനായ ഒരു സുഹൃത്ത്‌ . അവന്‍ ഒരിക്കലും അവളെ വഴക്ക് പറഞ്ഞിട്ടില്ല . ഒരിക്കല്‍ പോലും പിണങ്ങി മാറി നിന്നിട്ടില്ല . അവള്‍ക്ക് ഏതു പാതിരാത്രിയിലും അവന്റെ സാമീപ്യം ലഭ്യമായിരുന്നു . അവനെ കുറിച്ച് അവള്‍ക്കൊന്നും അറിയില്ല എന്നതാണ് അവള്‍ അത്ഭുതത്തോടെ ഓര്‍ക്കുന്ന ഒരു കാര്യം . ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല അവന്‍ പറഞ്ഞിട്ടും ഇല്ല പക്ഷേ അവനെ അവള്‍ക്ക് അവളെക്കാള്‍ വിശ്വാസമായിരുന്നു . ഒരിക്കലും അവന്‍ അത് നശിപ്പിച്ചിട്ടുമില്ല; അതുകൊണ്ട് തന്നെയാണ് അവനു തന്നെ സമര്‍പ്പിക്കണം എന്നവള്‍ കരുതിയതും അവനൊപ്പം ആ യാത്ര ആസ്വദിച്ചതും .
തിരികെ പോകാന്‍ നേരം ആകാശിനെ പിരിയുന്നതോര്‍ത്തു അവളുടെ ഇടനെഞ്ചു പൊടിഞ്ഞു . അവന്റെ മാറില്‍ കിടന്നവള്‍ ഒരുപാട് കരഞ്ഞു . തന്റെ ഷര്‍ട്ടില്‍ പടരുന്ന കണ്ണീര്‍ നെഞ്ചു പൊള്ളിക്കുമ്പോഴും അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു തന്റെ ശരീരത്തോട് വളരെ വളരെ ചേര്‍ത്തു.
*********
തിരികെ എത്തി പതിവ് പോലെ അവരുടെ ലോകം സജീവമായി നിലനിന്നു . പരസ്പരം കാണുമ്പോള്‍ ഉള്ള മധുരമായ ഒരു രഹസ്യ പുഞ്ചിരി രണ്ടുപേരിലും ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും പഴയതില്‍ നിന്നും അധികമായ്‌ ഒരു ചലനമോ പ്രതികരണമോ രണ്ടുപേരും ബോധപൂര്‍വ്വം നടത്തിയില്ല . അവളുടെ ലോകം പഴയത് പോലെ ഉഴുതുമറിച്ച നിലം ആയി കിടന്നു പക്ഷെ ഇപ്പോള്‍ അവള്‍ ഓരോ വേദനയിലും കണ്ണുകള്‍ അടച്ചു ആകാശിനെ മനസ്സിലേയ്ക്ക് കൊണ്ട് വരാന്‍ തുടങ്ങി . ക്രമേണ തന്റെ മേല്‍ കിടന്നു തന്നെ ആസകലം ചുട്ടുപൊള്ളിക്കുന്നത് ആകാശ് ആണെന്ന് സങ്കല്‍പ്പിച്ചു തുടങ്ങിയപ്പോള്‍ വേദനകള്‍ അവള്‍ അറിയാതെ ആയി .
ആകാശിന്റെ നിര്‍ബന്ധം സഹിക്കാതെ ആയപ്പോള്‍ ആണ് അവള്‍ ഡോക്ടറെ കണ്ടത് . താന്‍ വലിയൊരു ദുരന്തത്തിലേയ്ക്കാണ് നടന്നടുക്കുന്നത് എന്നവള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല . ഡോകടര്‍ പരിശോധിച്ച ശേഷം ചില ടെസ്റ്റുകള്‍ ഒക്കെ പറഞ്ഞു . പതിയെ പതിയെ അവരുടെ നിഗമനങ്ങള്‍ വന്നു നിന്നത് തന്റെ മാറിടത്തെ കാര്‍ന്നു തിന്നു തുടങ്ങിയ അര്‍ബുദത്തിന്റെ മുന്നില്‍ ആയിരുന്നു . അവള്‍ നടുങ്ങി നിന്നുപോയി . തന്റെ ജീവിതം ആകെ മൂടല്‍ ബാധിച്ചത് പോലെ അവള്‍ക്കു തോന്നി . ആകാശിന്റെ ഏറ്റവും ഇഷ്ടം ഉള്ള ഒരു വസ്തുവായിരുന്നു തന്റെ മാറിടം എന്നറിഞ്ഞപ്പോള്‍ മുതല്‍ ആണ് അവള്‍ക്ക് തന്റെ ശരീരത്തോട് സ്നേഹം തോന്നിത്തുടങ്ങിയത് പോലും . പ്രായം ഇടിവ് തന്നു തുടങ്ങിയിരുന്നു എങ്കിലും അത് ഭംഗിയോടെ അവള്‍ അതിനാല്‍ തന്നെ കാത്തു സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല . അപ്പോഴേയ്ക്കും വിധിയുടെ ക്രൂരമായ നീതി തന്റെ സൗഭാഗ്യങ്ങളെ കവര്‍ന്നെടുക്കുന്നുവോ എന്നോര്‍ത്തു അവള്‍ വാവിട്ടു നിലവിളിച്ചു പോയി അന്ന് രാത്രിയില്‍ കുളിമുറിയുടെ ഏകാന്തതയില്‍ . എന്താണ് സംഭവം എന്നറിയാതെ രാജേട്ടന്‍ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ ആണ് സ്ഥലകാലബോധം അവള്‍ക്ക് ഉണ്ടാകുന്നത് തന്നെ . വാതില്‍ തുറന്നു പുറത്തു വന്ന അവളെ അയാള്‍ പകച്ച മുഖത്തോടെ നോക്കി നിന്ന് . ചോദ്യങ്ങള്‍ കല്ലുകള്‍ പോലെ അവളില്‍ വീണു വേദനിപ്പിച്ചപ്പോള്‍ അവള്‍ അത് അയാളോട് തുറന്നു പറഞ്ഞു . തന്റെ ഇടതു മാറിടത്തിന്റെ ഉള്ളിലേക്ക് കാര്‍ന്നു കടന്നു കയറുന്ന അര്‍ബുദത്തിന്റെ കഥ . വിശ്വാസം വരാതെ അവളെ നോക്കി നിന്ന അയാള്‍ ഒന്നും മിണ്ടാതെ കിടക്കയിലേക്ക് പോകുകയും പുതപ്പെടുത്തു തലവഴി മൂടി കിടക്കുകയും ചെയ്യുന്നതവള്‍ കണ്ടു .
പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞത് കൊണ്ട് തന്നെ അവള്‍ ചുണ്ടുകള്‍ കടിച്ചു തന്റെ ദുഃഖം ഒതുക്കി ഇപ്പുറത്ത് ആയി ഒതുങ്ങി കിടന്നു . നിമിഷങ്ങള്‍ ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു പോകവേ ഇരുളില്‍ നിന്നയാളുടെ ശബ്ദം കീറിമുറിച്ചെത്തി . "അപ്പോള്‍ നിന്റെ മുല മുറിച്ചു കളയേണ്ടി വരുമല്ലേ?"
പച്ചമുള കീറും പോലൊരു തേങ്ങല്‍ അവളുടെ തൊണ്ടയില്‍ കുരുങ്ങി പുറത്തേയ്ക്ക് തെറിച്ചു . അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല . അയാളുടെ കൂര്‍ക്കം വലി മാത്രം പുറത്തു കേട്ട് തുടങ്ങി . അവള്‍ ഇരുട്ടില്‍ മറ്റൊരു ഇരുളായി മച്ചില്‍ നോക്കി കിടന്നു . തന്റെ ഇരു ചെന്നിയിലും കൂടി ഒഴുകി വീഴുന്ന കണ്ണീരിന്റെ തണുപ്പ് പോലും അവള്‍ അറിഞ്ഞതേയില്ല.
ലോകം മുഴുവന്‍ ഇരുട്ടില്‍ ആണെങ്കിലും തന്റെ ഉള്ളില്‍ നിറയുന്ന ഇരുട്ടോളം കടുപ്പം അതിനില്ല എന്നവള്‍ ഓര്‍ത്ത്‌ . തന്റെ ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായിരുന്നു . പക്ഷെ അതില്‍ നിന്നും തന്നെ ജീവിക്കാന്‍ പഠിപ്പിച്ചത് ആകാശ് ആയിരുന്നു . അവനില്‍ ഞാന്‍ എന്റെ മോചനവും ആശ്വാസവും കണ്ടിരുന്നത്‌ . അവനെന്നെ അത്രയേറെ ഇഷ്ടം ആണെന്ന് തിരിച്ചറിയുമ്പോഴും അവന്റെ ഇഷ്ടങ്ങളില്‍ പ്രധാനമായത് തനിക്ക് നഷ്ടമാകുന്ന ഓര്‍മ്മ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല . അവനെ തന്നില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ഉള്ള ഒരു വസ്തുപോലെ ആണ് അവള്‍ക്ക് അതിന്നു . എത്രയോ പ്രാവശ്യം ആകാശ് പറഞ്ഞിട്ടുണ്ട് നിന്റെ മടിയില്‍ കിടന്നു നിന്റെ മുലകള്‍ മണക്കണം എനിക്കെന്നു . നഗ്നമായ എന്റെ മുലകള്‍ മുഖത്ത് ഉരുമിയങ്ങനെ കിടക്കണം , ഇടയ്ക്ക് കുഞ്ഞുങ്ങളെ പോലെ മാറി മാറി എന്റെ മുലകളെ നുണയണം എന്നൊക്കെ . ഇതില്ലാതായാല്‍ ആകാശ് തനിക്കു നഷ്ടമാകുമല്ലോ എന്ന ചിന്ത വല്ലാത്ത ഭാരം നെഞ്ചില്‍ ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ രശ്മി കിടക്കയില്‍ നിന്നും എഴുന്നേറ്റു . കുറെ നേരം ഇരുട്ടിലേയ്ക്ക് നോക്കി അവള്‍ ബാല്‍ക്കണിയില്‍ വന്നു നിന്ന് . ചിന്തകളുടെ പിരിമുറുക്കത്തില്‍ ഒരു നിമിഷത്തില്‍ അവള്‍ കതകു തുറന്നു പുറത്തേയ്ക്കിറങ്ങാന്‍ പോകുമ്പോള്‍ സെറ്റിയില്‍ കിടന്ന മൊബൈലില്‍ വെളിച്ചം മിന്നി . ഒരുള്‍പ്രേരണ പോലെ അവള്‍ മൊബൈല്‍ എടുത്തു നോക്കി . ആകാശിന്റെ സന്ദേശം വന്നു കിടക്കുന്നു . പെണ്ണേ ഞാന്‍ നിന്റെ മുല കുടിക്കുന്നതായി സ്വപ്നം കണ്ടു ഇപ്പോള്‍.
പിന്നെ ഒരു നിമിഷം കൂടി അവള്‍ക്ക് സഹിക്കാനോ പിടിച്ചു നില്‍ക്കാനോ കഴിയില്ലായിരുന്നു . ആകാശ് അറിയാതെ ഇതുവരെ സൂക്ഷിച്ച ആ രഹസ്യം അതവന്‍ അറിയും മുന്നേ എനിക്കീ ലോകം വിട്ടു പോകണം എന്ന ഒറ്റ ചിന്ത മാത്രം അവളില്‍ അവശേഷിച്ചു . തൊടിയിലെ കിണറ്റിന്‍ കരയിലേക്ക് അവള്‍ നടന്നു പോകുമ്പോള്‍ അവളില്‍ ആകാശിന്റെ സ്വപ്നം തെളിഞ്ഞു വന്നു . അവള്‍ ആകാശിനെ മടിയില്‍ കിടത്തി തന്റെ മുലകള്‍ മാറി മാറി ചുണ്ടില്‍ തിരുകാന്‍ തുടങ്ങി . അവന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവള്‍ അവന്റെ നെറ്റിയില്‍ ഉമ്മ വച്ച് . പിന്നെ പിറകോട്ടു ചാരി കണ്ണടച്ച് ഇരുന്നു നിര്‍വൃതിയോടെ മെല്ലെ മിഴികള്‍ അടച്ചു.....
ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന രാജന്‍ തൊടിയില്‍ കിണറ്റിലോ മറ്റോ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും വീണ്ടും പിറുപിറുത്തുകൊണ്ട് പുതപ്പു തലവഴി മൂടി ഉറക്കം തുടര്‍ന്നു .
 ..............................ബിജു ജി നാഥ് വര്‍ക്കല ----------------

ഒരു മഴ നനയണം

ഒരു മഴ നനയണം
പൊട്ടാൻ കൊതിച്ചു
തിക്കു മുട്ടുമുള്ളിലെ
ലാവാപ്രവാഹത്തിൽ
കവിളുകൾ പൊള്ളുമ്പോൾ
ഒരു മഴയിൽ നനയണം .
ആരുമറിയാതെ
നാശനഷ്ടങ്ങളില്ലാതെ
ഉരുകിയൊലിച്ചിറങ്ങും
അഗ്നിപ്പുഴയ്ക്ക്
മറയായിരിക്കുവാൻ
ഒരു മഴ നനയണം.
...... ബിജിഎൻ . വർക്കല

പ്രതീക്ഷ

അകതാരിൽ പലവട്ടം എഴുതി മായ്ച്ച
കുറിമാനം തെളിയുന്നു പിന്നെയും .
എഴുതുവാൻ കഴിയാതല്ല, ഉള്ളിലെ
പ്രതീക്ഷകൾ മരിക്കാത്തതാകാം .
.............. ബി.ജി.എൻ. വർക്കല

പൂരമല്ല പൊടിപൂരം


പൂരമെല്ലാം കഴിഞ്ഞെന്റെ നന്പരെ
നാളെ വന്നു കരയല്ലേ നിങ്ങള്‍.
കൂടെയുള്ള സഹജീവികള്‍ തന്‍ കണ്ണീര്‍
കാണുവാന്‍ കഴിയാത്ത മാനുഷരേ .

വന്നതില്ല ഭവിഷ്യങ്ങള്‍ ഒന്നുമേ
കണ്ടതില്ലേ നമ്മുടെ വികാരവും.
ഇല്ല നമ്മള്‍ കഴിച്ചില്ലയെങ്കിലും
മാറ്റിടില്ല അഭിമാനഭംഗം വരുമത്.
പൊട്ടി വീഴും വിമാനം , വാഹനം
കണ്ടു നിങ്ങള്‍ പറയുമോ ഇനി വേണ്ട
അത്രയേ ഉള്ളൂ കരിമരുന്നിന്‍ കാര്യം.
പൊട്ടിയെങ്കില്‍ പോയോര്‍ക്ക് പോയത്രെ.
വേണമെങ്കില്‍ രണ്ടു കണ്ണീര്‍ നല്‍കാം
കൂട്ടത്തില്‍ കരിങ്കൊടി ഫോട്ടോയുമിടാം.
സുരക്ഷയ്ക്ക് പാളിച്ച പറ്റിയതോര്‍ത്തു
ഭരണകൂടത്തെ വിമര്‍ശിച്ചു തീര്‍ത്തിടാം.
തമ്മില്‍ അടി നടത്തി നമുക്കൊക്കെ
തണ്ട് കാട്ടി നടക്കാം ഇവിടൊക്കെ.
കണ്ട പാങ്ങ് നോക്കി നടത്തീടാം
ഇണ്ടലില്ലാതെ പൂരവും ഘോഷവും .
-----ബിജു ജി നാഥ് വര്‍ക്കല ----
തൃശൂര്‍ കേരളത്തില്‍ അല്ല എന്നും അതൊരു ദേശമല്ല രാജ്യവും വികാരവും ആണെന്നും പഠിപ്പിച്ചു തന്ന എല്ലാ തൃശൂര്‍ സൗഹൃദങ്ങള്‍ക്കും സമര്‍പ്പിക്കുന്നു

പുരാവസ്തു


നമുക്കിടയിൽ അദൃശ്യമായ
ഒരു തിരശ്ശീലയുയരുന്നുവല്ലോ.
അകലങ്ങളുടെ അകലം കൂടി
നാമിരു കരകളിലേക്ക് പോകുന്നു.

രണ്ടു ലോകങ്ങളിൽ നമ്മുടെ
ആകാശങ്ങൾ അതിരു തീർക്കുന്നു .
പരസ്പരം കണ്ടും കാണാതെ
ഭാവിച്ചും നാമിന്നു മതിലുയർത്തുന്നു.
വാക്കുകൾക്കും വരികൾക്കും
ഇടയിൽ ഹിമാനികൾ തൻ പ്രവാഹം.
എവിടെയോ കണക്കുകൾ പിഴച്ചു -
നാമൊരു കവചമണിയുന്നുവോ?
തുറന്ന മനസ്സുകൾക്ക് മുന്നിൽ
അടഞ്ഞ അദ്ധ്യായങ്ങൾ കണ്ടും
പറഞ്ഞ വാക്കുകൾ വെറുമൊരു
പഴയകഥ പോലെ സ്മരിക്കുന്നു.
ഇനി മടങ്ങുക നീ നിന്റെ ചിതയിൽ
സ്വയമെരിഞ്ഞടങ്ങുകെന്നു നീ
പറഞ്ഞു തിരികെ നടക്കുന്നുവോ യീ -
വഴിയരികിൽ നിന്നെൻ ഹൃദയമേ ..!
....... ബിജു ജി നാഥ് വർക്കല ......

മാ നിഷാദ:


ഒറ്റയും തെറ്റയുമായ -
ക്ഷരങ്ങൾ കലമ്പുന്നു ചുറ്റിലും .
വിരലഗ്രേ തുടിക്കുമീ-
വാക്കുകൾ കരയുന്നു പിറക്കുവാൻ .
എന്തിനായ് നീ നിന്റെ
ചിന്തകൾ ചിതലിക്കുവാൻ വിടുന്നു ?
നിൻ വരികൾ ജീവശ്വാസ-
മുലകിലവൾക്കെന്നറിവീലയോ !
ഇരുളിൽ രൂപമറ്റൊരു
ശബ്ദമിയലുന്നു ഗദ്ഗദം സാന്ദ്രം .
അരുത് നീയീപ്പകലിൻ
നിറങ്ങൾ കണ്ടു വിധിയെഴുതല്ലെ.
നിന്നിൽ ഉറങ്ങും കഴിവി -
തറിയാതെ നീ പോകിലോ ന്യൂനം.
നിറഞ്ഞ ശോകത്താലവൾ -
തൻ ഹൃദയം നിലച്ചുപോമറിക നീയിന്നു.
......... ബിജു ജി നാഥ് വർക്കല ....

RIP


ജീവിതത്തെ ലഹരിയുടെ നാമ്പുകള്‍ക്കാ-
ഹരിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട്‌ ,വരും
പുലരികള്‍ക്ക് നേരെ കണ്ണടക്കട്ടെയിനി
ഞാനെന്‍ ശ്വാസചലനം നിലയ്ക്കും വരേയ്ക്കും
----------------ബി ജി എന്‍ വര്‍ക്കല-----

നീയൊരു


നീയൊരു മരമായിടിൽ
നിൻ ചില്ലയിൽ കുടു കൂട്ടും
കിളിയാകും ഞാൻ .
നീയൊരു പുഴയാകിൽ
നിന്നിലൊഴുകും വെറുമൊരു
ഇലയായിടും ഞാൻ.
നീയൊരു പുൽമേടാകിൽ
നിന്റെ താഴ്വരകളിലൊരു
ശലഭമാകും ഞാൻ.
നീയൊരു കടലായിടുകിൽ
നിന്നിലൊരു കളിയോട -
മായലഞ്ഞിടും ഞാൻ.
നീ മേഘമാകുകിൽ
നിന്നിൽ മിഴിനട്ടൊരു
പൈതലാകും ഞാൻ.
നീയൊരു മഴയാകിൽ
നിന്നിൽ നനയുമൊരു
ചെറു കിളിയാകും ഞാൻ .
നീ സൂര്യനാകുകിൽ
സൂര്യകാന്തിയായിടും ഞാൻ .
നീയില്ലാത്ത ലോകത്തിൽ
ഇരുട്ടിനെ സ്നേഹിക്കും
വെറുമൊരു ഭ്രാന്തൻ ഞാൻ .
...... ബിജു ജി നാഥ് വർക്കല ....

ഭൗമ ദിനാശംസകള്‍ -


ആകാശത്തോളം ഉയരത്തില്‍
ഗന്ധകപ്പുക വമിപ്പിച്ചും ,
ഭൂമി തന്‍ മാറില്‍ കുഴികുത്തി
ഗര്‍ഭം കലക്കി പരീക്ഷിച്ചും.
കാടിന്റെ ജീവനെ തോട്ടിയാല്‍
നാടിന്‍ ഞരമ്പുകളില്‍ നടത്തിയും
മണ്ണിന്‍ മുലകള്‍ തന്‍ കഞ്ചുകം
അഗ്നിക്കാഹരിക്കാന്‍ കൊടുത്തും
നാഭിച്ചുഴികള്‍ തന്‍ അകക്കാമ്പില്‍
ആഴങ്ങളോളം കുഴല്‍കുത്തിയും
നാം ആഘോഷിക്കുകയാണ്
കപട കണ്ണീരിന്‍ ഉപ്പുരസം നുകര്‍ന്ന്‍
കൊണ്ടൊരായിരം
ഭൗമദിനാശംസകള്‍ !
-------ബിജു ജി നാഥ് വര്‍ക്കല ---

അടിക്കുറിപ്പ്


നീ,ഞാൻ വായിച്ചൊരു പുസ്തകം.
വരകളില്ലാത്ത വെളുത്ത കടലാസ്സിൽ
അതിരുകൾ അടയാളപ്പെടുത്തിയ
രാജ്യം പോലെ നീയെൻ മുന്നിൽ.
മഴവിൽക്കൊടി പോലല്ലയെങ്കിലും
അഴകെഴും പുരികത്തിൽ തുടങ്ങി
ഇടിഞ്ഞു തുടങ്ങിയ മലകൾ താണ്ടി
ഉറവ വറ്റിയ നീർക്കുഴികൾക്കരികിലൂടെ
വരണ്ടു തുടങ്ങിയ പാടവരമ്പിലൂടെ
കലഹിച്ചു നിൽക്കും പാദത്തിൽ
എന്റെ വായന നിലയ്ക്കുസോൾ
നീയൊരു രാജ്യമല്ലാതാകുന്നു.
ആദിയനാദികൾ മിഴികളിൽ നിറച്ച
ആഴിയാകുന്നു നീയെന്നറിയുന്നു.
ജിവിതം ഉള്ളംകൈയ്യിലെടുത്തിനി
നീയാം സമുദത്തിൽ ഞാനൂളിയിടട്ടെ!
.......... ബിജു ജി നാഥ് വർക്കല ......

still i am live

I lost myself
I was in a dreamy pond
Fill with colors
Smell with flowers
And cover with love.
Suddenly
The wind goes wild
Sun looks very hot
Obviously
It heat up a lot.
My colors
Flowers
And love
Without a word
All goes out.
Ah... Still I am live.
....BGN varkala

നിനക്കായ് മാത്രം... കാലമേ !


'ഞാൻ , ഉയിരൂതിയൂതിത്തെളിയിക്കും
ഉണ്മയാകുന്നു നീ .
കനലുകൾ അണയാത്ത മനസ്സിൽ
നീയെന്ന കനവുമായി
വാക്കുകൾ വറ്റാത്ത കാലത്തിൽ
മാത്രം ജീവിക്കാനാശിക്കുന്നു.

പുറം കാൽ കൊണ്ടു നീ തൊഴിച്ച_
കറ്റുമ്പോഴും കാലമേ,
നിനക്കായ് കുറിക്കും ഞാൻ .
അക്ഷരങ്ങൾ കൊണ്ടു നിന്നെ വരച്ച -
നശ്വരയാക്കും ഞാൻ .
നീയെന്റെ ജനിയുടെ രസക്കൂട്ടുമായി
കാലങ്ങൾക്കപ്പുറം നിന്നു വരുവോൾ.
നീയെന്റെ ജീവന്റെ രസതന്ത്രങ്ങിൽ
കൂടെച്ചരിക്കാൻ കൊതിപ്പവൾ.
നീയെന്റെ മൃതിയുടെ തണുപ്പിൽ വിര-
ലാഗ്രം പതിച്ചെന്നെയാത്രയാക്കേണ്ടവൾ.
ഒരു വാക്കു പോലും നിനക്കായി ഞാൻ
എന്റെ , ജീവനിൽ നിന്നേകിയില്ല.
ഒരു തരി പോലും നീയെന്നെ അറിയില്ല
വരികളല്ലാതെന്നറിഞ്ഞീടുകിലും.
നിനക്കായ് മാത്രം , നിനക്കായ് മാത്രം
കാലമേ ഞാൻ മരിക്കാതിരിക്കട്ടെയെന്നും .
........... ബിജു ജി നാഥ് വർക്കല............

മുത്തേ നിന്നെ തിരഞ്ഞു.


ഈ കടലിലേക്കായിന്നു ഞാനൊരു
പ്രതീക്ഷയുടെ കളിവഞ്ചിയിറക്കുന്നു.
മുങ്ങാനറിയില്ല ,നീന്തലും വശമില്ല
എങ്കിലും ഉറ്റുനോക്കുന്നു ഞാൻ .

ആഴങ്ങളിൽ ഉണ്ടൊരു മുത്തതതൊ-
ന്നാരുമേ കവരില്ലെനിക്കുള്ളതാണ്.
എത്രയോ കാലമായി എന്നെയും
കാത്തത് ധ്യാനമാം ചെപ്പിലുറങ്ങൂ.
മുങ്ങാനറിയില്ല , നീന്തലും വശമില്ല
എങ്കിലും ഉറ്റുനോക്കുന്നു ഞാൻ
ഒരു കാലമുണ്ടെന്ന ഉൾവിളിയതൊ-
ന്നിന്റെ പിൻബലത്താൽ മാത്രം.
തുഴയുകയാണെന്റെ കളിവഞ്ചി
ഞാനാ മുത്തെന്നിലെത്തും വരേയ്ക്കും .
ഒരു നാളതുണ്ടാകുമെൻ തോണിമുങ്ങി -
യൊരു ചുഴിയെന്നെ കൊണ്ടു പോയീടും!
അതിലൂടെ ഞാനാഴങ്ങൾ താണ്ടിയാ
മുത്തിന്നരികിലെത്തീടും നിസ്സംശയം.
മുങ്ങാനറിയില്ല നീന്തലും വശമില്ല
എങ്കിലും യാത്ര തുടരുന്നു ഞാൻ .
എന്നെ പ്രതീക്ഷിച്ചു എനിയ്ക്കായ് ജനി-
ച്ചൊരാ മുത്തിന്നരികിലെത്തീടാൻ .
....... ബിജു ജി നാഥ് വർക്കല ....

അതിരുകൾ


ചിതയൊരുക്കിയൊരു കാലത്തിൻ
അനന്തമാം പ്രതീക്ഷ പോൽ ,
വീതംവയ്ക്കലിന്റെ യന്ത്യത്തിൽ
അടയാളപ്പെടുത്തപ്പെടുന്ന ഓർമ്മകൾ തൻ സർവ്വേക്കല്ലിൽ
കുന്തിച്ചിരിക്കുന്നു ജീവിതം .

എന്റെ , നിന്റെയെന്ന ഭാഗം പിരിയലിൽ
നമുക്കെന്തു ബാക്കിയാകുന്നു ?
അതിരുകൾ ഭാഗിച്ചും
വേലിക്കെട്ടുകൾ തിരിച്ചും
ജീവന്റെ യൗവ്വനത്തുടിപ്പുകളെ
ചിതറാനും കരിയാനും വിട്ട്
അധികാരത്തിന്റെ സിരാ കേന്ദ്രങ്ങൾ
പുതിയ തന്ത്രങ്ങൾ മെനയുന്നു.
അതിരുകൾക്കപ്പുറമിപ്പുറം
അമ്മയെ വേർപെട്ട കുഞ്ഞിൻ കരച്ചിലും
ഇണയെ പിരിഞ്ഞ പെണ്ണിൻ തേങ്ങലും
ആരും അറിയാതെ പോകുന്നു.
ഒരു ചാൺ വയറിനു നനവു തേടി
വേലിപ്പൊത്തുകൾ തേടുന്നവൻ
തുളകൾ വീണു മലയ്ക്കുമ്പോൾ
പഴുതുകൾ ഉണ്ടാക്കി
പകയുടെ വിഷവിത്തുകൾ
ചിതലരിച്ച സംഹിതകൾ തലയിലേറ്റി
മരണവുമായി ഇഴഞ്ഞു കയറുന്നു.
മഞ്ഞ്
മഴ
വെയിൽ
ഇവയ്ക്കടിയിൽ
നോക്കു കുത്തികൾ പോലെ
ജീവിതങ്ങൾ അതിരു കാക്കുന്നു.
പിടഞ്ഞു തീരുമ്പോൾ പോലും
ഉള്ളിൽ പിടയാത്ത
വീടെന്ന സ്വപ്നവുമായി.
നമുക്ക് അതിരുകൾ മായ്ക്കണം .
നമ്മിൽ
അവനെന്നും എനിക്കെന്നുമുള്ളതെല്ലാം മായ്ക്കണം .
.... ബിജു ജി നാഥ് വർക്കല .

അപരാജിതയാണ് നീ


ഇരുട്ടു പുടവ തുന്നുന്ന
തെരുവുകളിലൊന്നിലൂടെ
ഉറച്ച കാൽവയ്പ്പോടെ അവൾ നടന്നു.
സ്വതന്ത്രമായി കൈകൾ വീശി
തലയുയർത്തിപ്പിടിച്ചു
നിർഭയമവൾ നടന്നു.
എച്ചിലിലകൾക്കിടയിൽ മയങ്ങിക്കിടന്ന
ചൊക്ലിപ്പട്ടിയുടെ കണ്ണുകൾ
തിളങ്ങുന്നതും
നാവു നൊട്ടിനുണയുന്നതും
കണ്ടിട്ടും കാണാത്ത മട്ടിൽ
ഞാനുമെൻ ലോകവുമെന്ന പോൽ
ഉറച്ച കാൽവയപ്പോടെ അവൾ നടന്നു.
എതിരെ വന്ന കൺകളിൽ
തറച്ചൊന്നു നോക്കിയും
മുരടനക്കങ്ങൾക്ക് കാറിത്തുപ്പിയും
എങ്ങോട്ടെന്ന ചോദ്യങ്ങൾക്ക്
കാറ്റു കൊള്ളുവാനെന്നുത്തരമേകിയും
നിർഭയയായവൾ നടന്നു.
ഭയമില്ലാത്ത പദചലനവും
തലയെടുത്ത ഭാവവും കണ്ടു
പെണ്ണിവൾ ആരെന്നു മൂക്കിൽ വിരൽ
ചേർത്തു ഭാവം പകർന്നവർ
ഒരു സ്പർശം പോലും ഭയന്നകന്നു
നില്ക്കുമ്പോൾ
പെണ്ണേ , നീയെന്തിനു തല കുനിക്കണം.
ഇതു നിന്റെയും ലോകം
ഇവിടെ നീ ആരുടെ കനവിന്നു
സംരക്ഷണത്തിന്നു കാത്തു നില്ക്കണം.
പൊരുതുക ആയുധം വേണ്ടിടത്ത്
ആയുധവും
സ്നേഹം വേണ്ടിടത്ത് സ്നേഹവും.
നീയപരാജിത...
..... ബിജു ജി നാഥ് വർക്കല ........

കടലാസുപുലി


അവൾ കുറിക്കുന്നു പീഡനങ്ങൾ തൻ
സഹനപർവ്വം കടന്നെത്തിയ പാതകൾ.
അവയിലൊന്നിലും കാണുന്നതില്ലൊരു
ചെറുകല്ലുകൊണ്ടവളവരെയെറിയുന്നതും .
അവൾ കുറിക്കുന്നു സാമൂഹ്യ തിന്മതൻ
കരിമുഖങ്ങളെ തലയറുക്കുവാൻ ഘോരം .
കുളിർപകരുന്നൊരു മുറിയിലെ തല്പത്തി -
ലലസമായ് ശയിച്ചുകൊണ്ടെന്നുമേ !
..... ബിജു ജി നാഥ് വർക്കല ........

അനുതാപം

വേദനയധികമാകുമ്പോഴും
വേദനിപ്പിക്കാതിരിക്കാൻ
വേണ്ടെന്നു കരുതുന്നിപ്പോൾ
വേവലാതികൾ നിന്നോട് ചൊല്ലാൻ.
...... ബി ജി എൻ

ഭ്രാന്തിന്റെ ഉഷ്ണകാലം !


വിശന്നലയുന്ന മനസ്സിന്നു മുന്നി-
ലവതരിക്കുന്നു ജനിമൃതികൾ താണ്ടി നീ.
എങ്കിലും അടരുന്നു, അകലുന്നു
കാലമൊരാവർത്തന ചിത്രം വരയുന്നു.
നാഗങ്ങൾ ഇഴയുന്ന കിടപ്പറ കട -
ന്നകലുന്നു വേദനയില്ലാത്ത ചിന്തകൾ.
മൈനകൾ കൂടേറുന്ന കാലത്തിൽ
ദാഹനീരു പോലും വരളുന്നു വിങ്ങുന്നു. .
ഉമ്മറപ്പടിയിൽ വിശന്നൊട്ടും വയറി-
ന്റെ വിലാപം കേൾക്കാതെ പ്രഭുത്വവും.
ഇതു കാലമനീതിക്കു നേർ വിരൽ
ചൂണ്ടുന്ന നാരിതൻ സ്വത്വത്തിൻ വർഷം.
ഇതു , പിടിച്ചടക്കാൻ കഴിയാത്ത നര-
ജന്മമലയുന്ന ഭ്രാന്തിന്റെ യുഷ്ണകാലം.
....... ബിജു ജി. നാഥ് വർക്കല ......

പ്രണയം

നിലയ്ക്കാറായ ഘടികാരം പോൽ
വിറച്ചുമറച്ചും യാത്ര ചെയ്യുന്നുണ്ട്
പലവട്ടം നിനക്ക് സമ്മാനിച്ചിട്ടും നീ
സ്വീകരിക്കാതെ പോയൊരു ഹൃദയം !
...... ബി ജി. എൻ വർക്കല .........

ജേക്കബിന്റെ സ്വര്‍ഗ്ഗം ... സിനിമാ ആസ്വാദനം

വളരെക്കാലത്തിനു ശേഷം ആണ് ഒരു ചിത്രം കാണാന്‍ തീയേറ്ററില്‍ ഇരിക്കുന്നത് . ജേക്കബിന്റെ സ്വര്‍ഗ്ഗം എന്ന ചിത്രം ഒരു മുന്വിധിയും ഇല്ലാതെ ആണ് കാണാന്‍ പുറപ്പെട്ടത്‌ . കാരണം നിവിന്‍പോളി ,രണ്‍ജിപണിക്കര്‍ ഒന്നും എന്റെ ഇഷ്ടനടന്മാര്‍ അല്ല. അതുകൊണ്ട് തന്നെ ചിത്രം എങ്ങനെ ഉള്ളതാണ് എന്ന ആശങ്ക അല്ല ഒരു ചിത്രം കാണുക എന്ന ലക്‌ഷ്യം മാത്രമേ ആ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളൂ . ജേക്കബ് എന്ന മനുഷ്യന്‍ ദുബായ് എന്ന ലോകത്തില്‍ ജീവിച്ച കഥയാണ് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗം . ജേക്കബ് ഭാര്യ ഷേര്‍ളി , നാല് മക്കള്‍ ഇവര്‍ അടങ്ങുന്ന ഒരു സന്തുഷ്ടമായ കുടുംബം കടന്നു പോകുന്ന വിവിധ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം . ശരിക്കും നടന്ന ഒരു സംഭവം ആണ് എന്ന് കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും പറയുകയും ചെയ്യുന്നുണ്ട് . ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന ദുബായ് , അവിടെ കാലിടറി വീഴുന്ന ജന്മങ്ങള്‍ ഒക്കെ നാം ഒരുപാട് കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടും ഉണ്ട് എങ്കിലും അവയൊക്കെ ഇപ്പോഴും ദുരന്തപര്യവസാനിയായ കഥകള്‍ ആയി നമ്മെ നോക്കി നില്‍ക്കുന്നതും വേദനിപ്പിക്കുന്നതും ആണ് കാണുക സ്വാഭാവികമായും . എന്നാല്‍ കഥയില്‍ ഉടനീളം കാഴ്ചക്കാരനില്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കിക്കൊണ്ട് ജീവിതത്തെ നോക്കിക്കാണാന്‍ ഒരുപാട് സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഈ ചിത്രം മികച്ചു നില്‍ക്കുന്നു . ജേക്കബ് തന്റെ വിജയമന്ത്രം ആയി പറയുന്ന വാക്കുണ്ട് . നമുക്ക് പറയാന്‍ ഉള്ളത് എന്ത് തന്നെയായാലും കണ്ണില്‍ നോക്കി ഉറപ്പുള്ള ശബ്ദത്തില്‍ നമുക്കത് പറയാന്‍ കഴിയണം. അതുപോലെ ജേക്കബിന്റെ മകനെ നഗരത്തിലെ ഒരു കോണില്‍ കൊണ്ട് നിര്‍ത്തിയിട്ടു സായ്കുമാര്‍ എന്ന കഥാപാത്രം പറയുന്നുണ്ട് . ജേക്കബിന്റെ മകനെ കരഞ്ഞുകൊണ്ട്‌ എനിക്ക് കാണുന്നത് ഇഷ്ടമല്ല . അതുകൊണ്ട് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞു വഴിയില്‍ ഇറക്കി വിടുന്നത് ഒരു വലിയ പഞ്ച് ആണ് അവനില്‍ നല്‍കുന്നത് . അവിടെ നിന്നാണ് അവന്‍ ജീവിക്കാനും കുടുംബത്തില്‍ വന്നു ചേര്‍ന്ന ദുരന്തങ്ങള്‍ക്ക് പരിഹാരം തേടാനും ഇറങ്ങിത്തിരിക്കുന്നത് . അതുപോലെ ഷേര്‍ളി എന്ന കഥാപാത്രം ശക്തമായ ഒരു സ്ത്രീകഥാപാത്രം തന്നെയാണ് . ഒരുപാട് ബിസിനസ്സുകള്‍ വളര്‍ന്നതും തളര്‍ന്നതും കണ്ടു വളര്‍ന്ന ഒരു അസ്സല്‍ അച്ചായത്തി തന്നെയാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ട് മകനൊപ്പം അവര്‍ ഒരു മഹാമേരു പോലെ നില്‍ക്കുമ്പോള്‍ , ആ കഥാപാത്രത്തിന്റെ ഊര്‍ജ്ജം വളരെ വലിയൊരു പ്രകാശവലയമായി എല്ലാരിലും പടരുന്നത്‌ പോലെ തോന്നിക്കും . പ്രവാസത്തില്‍ എല്ലാപേരെയും വിശ്വസിക്കുന്നവന് എന്നുംകഷ്ടങ്ങളും ,ചതിക്കുന്നവന് എന്നും ഉയര്‍ച്ചയും കണ്ടുവരുന്നത് ഒരുശാപംപോലെ അനുഭവപ്പെടാറുണ്ട് പലപ്പോഴും.ഇവിടെ ജേക്കബിന് പക്ഷെ തന്റെ ബന്ധങ്ങളില്‍ നിന്നും നന്മയും തിന്മയും ഒരുപോലെ ലഭിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട് .
ഈ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ , ആ കുടുംബത്തെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പ്രവാസത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത് കാണുമ്പോള്‍ ഒക്കെ എന്റെ മനസ്സില്‍ ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌ ഞാന്‍ നേരില്‍ പരിചയിച്ചതും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു കുടുംബത്തെയാണ് . ആ കുടുംബത്തിന്റെ സന്തോഷങ്ങളില്‍ ഞാനൊരു ഭാഗം ആകുന്നതു എന്നെ ഇത്രയേറെ സന്തോഷിപ്പിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലാകുന്നത്‌ ഈ ചിത്രത്തിലെ കുടുംബത്തിലേ തമാശകളും സന്ദര്‍ഭങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാനറിയാതെ അവരെ ഓര്‍ത്ത്‌ എന്നത് തന്നെയാണ് . ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പോസിറ്റീവ് ആയി ഒരു ഊര്‍ജ്ജം എനിക്ക് നല്‍കുന്ന ആ സ്നേഹങ്ങളെ ഓര്‍ക്കാതെ ഈ ചിത്രം എന്നില്‍ നിന്നും അകലുന്നില്ല . അതുകൊണ്ട് തന്നെയാകാം ഞാന്‍ തിരികെ വരുമ്പോള്‍ എന്തുകൊണ്ടോ മൌനത്തിന്റെ തോടില്‍ പൊതിഞ്ഞു കെട്ടപ്പെട്ടുപോയിരുന്നു .
തികച്ചും നല്ലൊരു ചിത്രം എന്ന ഉറപ്പോടെ നിങ്ങള്ക്ക് മുന്നില്‍ ഞാന്‍ ഈ ചിത്രത്തെ പരിചയപ്പെടുത്തുന്നു .
-----------------ബിജു ജി നാഥ് വര്‍ക്കല----------------------

ജബല്‍ ജേസിലെക്ക് ഒരു യാത്ര

വേനൽമഴ പോലെയാണ് എനിക്കെന്റെ വീക്കെന്റ്. കാരണം അപ്പോഴാണ് ഒന്നു പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാൻ കഴിയുക. ഷാർജയിലോ ദുബായിലോ ഉണ്ടാകാറുള്ള സാഹിത്യ കൂട്ടായ്യകളിൽ പങ്കെടുക്കാനും സുഹൃത്തുക്കളെ കാണാനും ഒക്കെ കഴിയുക അപ്പോഴാണ്. അതിനും പുറമേ പ്രിയപ്പെട്ട റോയിച്ചേട്ടനെയും കുടുംബത്തെയും കാണാം. സർഗ്ഗയുടെ കൈപ്പുണ്യം വയർ നിറയുന്ന ആനന്ദമാക്കാം എന്നിവയൊക്കെ. സൗദിയിൽ മുറിയടച്ചിരുന്ന ഏകാന്ത കാലത്തിനു നേർ വിപരീതമായി സ്വതന്ത്രമായ ആകാശം ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കുക അസാദ്ധ്യം.
തുടർച്ചയായ രണ്ടു ദിവസം അവധി കിട്ടിയപ്പോൾ അതിനാൽ തന്നെ നേരെ പാഞ്ഞു ഷാർജയിലേക്ക്. റോയിച്ചേട്ടനും കുടുംബവും പിന്നെ അവരുടെ സുഹൃത്തും കുടുംബവും ഒന്നിച്ചു ഒരു ഔട്ടിംഗ് ആയിരുന്നു വ്യാഴം. നേരെ റാസ് അൽ ഖൈമയിലേക്ക്. ഉല്ലാസപരമായ യാത്ര വഴിവക്കിലെ അഫ്ഗാൻ മന്തിക്കട കണ്ടപ്പോൾ തടസ്സപ്പെട്ടു. അറേബ്യൻ രീതിതിയിൽ നിലത്ത് കാർപ്പെറ്റിൽ വിരിച്ച സുപ്രയിൽ വലിയ രണ്ടു താളിയിൽ മന്തി നിരന്നപ്പോൾ മുറിയാകെ സുഗന്ധപൂരിതം. ഒരു കൈയ്യിൽ പച്ചമുളകും പിടിച്ചു പിന്നെ ചോറിനോടും കോഴിയോടും ഒരു മൽപ്പിടിത്തം. ഒരു പാത്രത്തിൽ നിന്നുള്ള ആ ഒരുമയുടെ ഭക്ഷണ രീതി നമുക്ക് നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളെ ഇണക്കാൻ എന്തുകൊണ്ടും വീടുകളിൽ അനുവർത്തിച്ചുകൂടാ എന്ന റോയ് ചേട്ടന്റെ സംശയത്തെ ഏകകണ്ഠമായി അംഗികരിച്ചു കൊണ്ടു വീണ്ടും യാത്ര തുടർന്നു. യാത്ര നീളുമ്പോൾ വഴിവക്കിൽ ഒരു വൈൽഡ് സൂ . അതോടെ എല്ലാപേരും അങ്ങോട്ടേക്ക് വച്ചുപിടിപ്പിച്ചു. ഉച്ചസൂര്യന്റെ കൊടും വിരലുകൾ കൊണ്ട് മേനിയാകെ തഴുകുന്നുവെങ്കിലും ആരും നിരാശരോ അസഹിഷ്ണരോ ആയിരുന്നില്ല . അകത്തു കയറുമ്പോൾ അവിടെ ഒരനക്കവും ഇല്ലാത്ത പ്രതീതി. സീസൺ അല്ലാത്തതു കൊണ്ടു സന്ദർശകർ കുറവായതാകാം. ആദ്യം തന്നെ കണ്ടത് വസ്ത്രം ധരിപ്പിച്ച രണ്ടു കുരങ്ങുകളെയാണ്. അവയ്ക്കൊപ്പം ഫോട്ടോ എടുപ്പിക്കാൻ വേണ്ടി അണിയിച്ചു ഒരുക്കി നിർത്തിയിരിക്കുകയാണ്. അതിനു പണം കൊടുക്കണം . മുന്നോട്ട് ചെല്ലുമ്പോൾ ഒരു ഓലക്കുടിൽ അറബു സ്റ്റൈലിൽ ഒരുക്കിയിരിക്കുന്നു. നടുവിൽ രണ്ടു പീഠങ്ങൾ. അവയിൽ കാലിൽ വള്ളി കെട്ടി, കണ്ണുകൾ തുകൽ കൊണ്ടു മൂടിയ രണ്ടു ഫാൽക്കൻ പക്ഷികൾ. അവയും ഫോട്ടോയെടുക്കാൻ ഉള്ള വസ്തുക്കൾ ആണ്. കച്ചവടം ആണല്ലോ മുഖ്യം! അകത്തേക്ക് ചെല്ലുമ്പോൾ വലിയ മുറികൾ പോലെ കെട്ടിയിട്ട പോർഷനുകൾ മുൻവശം ഗ്രിൽ ഇട്ട കൂടുകൾ. മുകൾ ഭാഗം തുറന്നു കിടക്കുന്നു. ഒരു ചെറിയ കുളം പോലെ കെട്ടി അല്പം വെള്ളം കെട്ടി നിർത്തിയിട്ടുണ്ട് മദ്ധ്യത്തായി. പിന്നെ കോൺക്രീറ്റ് സ്ലാബു കൊണ്ടു ഒരു ബഞ്ചു പോലെ . അതിനടിയിൽ നല്ല വലിപ്പമുള്ള കടുവകൾ , സിംഹങ്ങൾ, പുലികൾ ,ചെന്നായകൾ എന്നിവയെ വേറെ വേറെ കൂടുകളിൽ ഇട്ടിരിക്കുന്നത് കാണാമായിരുന്നു. റോയ് ചേട്ടനോട് ഞാന്‍ പറയുകയും ചെയ്തു ശരിക്കും ഇവരെ തുറന്നു വിട്ടു നമ്മള്‍ ആകണമായിരുന്നു കൂട്ടില്‍ എന്ന് . എല്ലാപേരും നല്ല ഉച്ചയുറക്കത്തിലായിരുന്നു. സന്ദർശകരെ നോക്കാൻ പോലും സമയമില്ലാത്ത ഉറക്കം. ചൂടിൽ നിന്നും രക്ഷ നേടാൻ കിട്ടിയ തണലുകളിൽ അവർ മയങ്ങുന്നു. ഗ്രില്ലിന്റെ അടുത്തായി വന്നു  കിടന്ന സിംഹത്തിന്റെ തൊട്ടടുത്ത് ക്യാമറ നീട്ടിപ്പിടിച്ചു ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചതും പുള്ളി ചാടിയങ്ങെണീറ്റു. പിന്നെ മാറി ഒഴിഞ്ഞുകിടന്നു. ഒരു ചെറിയ ഭയം ഉള്ളിൽ വന്നില്ല എന്നു പറയുന്നില്ല. . കാരണം അതു കളവായേക്കുമെന്നതിനാൽ .
എല്ലാവരും അടുത്തു കണ്ട വിശ്രമമുറിയിൽ അല്പം വിശ്രമിച്ചു. വീണ്ടും കാഴ്ചകള്‍ . ഉരുകുന്ന ചൂടില്‍ കുരങ്ങുകള്‍ ദയനീയമായി പ്രതീക്ഷകളോടെ നോക്കുന്നുണ്ടായിരുന്നു ഓരോ മുഖങ്ങളിലേക്കും കൈകളിലേക്കും  . കുറുക്കന്മാര്‍ പേടിച്ചു ഒരു മൂലയിലേക്ക് ഓടിപ്പോയി ഞങ്ങളെ കണ്ടപ്പോള്‍ . ദയനീയമായ ഒരു കാഴ്ച പെരുമ്പാമ്പിന്റെ കൂട്ടില്‍ ആയിരുന്നു കാത്തിരുന്നത് . അറവു ശാലയിലേക്ക് കൊണ്ട് പോകുന്ന മൃഗങ്ങളുടെ കണ്ണുകളില്‍ നാം കാണുന്ന ദയനീയത മരണം ആണ് മുന്നില്‍ എന്നറിഞ്ഞു കൊണ്ടാകില്ല എന്ന് വിശ്വസിക്കാം കാരണം അവര്‍ക്ക് അറിയില്ലല്ലോ അവരെ കൊണ്ട് പോകുന്നത് അതിനാണ് എന്ന് . പക്ഷെ ഇവിടെ പെരുമ്പാമ്പിന്റെ കൂട്ടില്‍ അതിന്റെ കൂടെ ഒരു മുയല്‍. തന്റെ ശത്രു അരികില്‍ തന്നെ ഉള്ളപ്പോഴും ഒന്ന് രക്ഷപ്പെടാന്‍ ഇടമില്ലാതെ പരിഭ്രാന്തമായി കാഴ്ചക്കാരെ നോക്കി ഇരിക്കുന്ന ആ ഇരയുടെ കണ്ണുകള്‍ കാണുമ്പോള്‍ മനസ്സ് വല്ലാതെ കലങ്ങിപ്പോയി . ആഹാരം കഴിഞ്ഞതിനാല്‍ ആകണം ആ പാമ്പ്‌ വെള്ളത്തില്‍ മയക്കത്തില്‍ ആണ് . തിരികെ നടക്കുമ്പോള്‍ ആ ഒരു വിഷാദം ഉള്ളില്‍ ഉണ്ടായിരുന്നു . ആഫ്രിക്കന്‍ മഴക്കാടുകളില്‍ കണ്ടു വരുന്ന ഒരിനം കുരങ്ങന്മാരെ ആദ്യമായി കാണാന്‍ കഴിഞ്ഞു ഇവിടെ . ഒരു പൂച്ചക്കുഞ്ഞിന്റെ അത്ര വലിപ്പമുള്ള രണ്ടു കുരങ്ങുകള്‍ ഒരു കൂട്ടില്‍ .
അവിടത്തെ കാഴ്ചകള്‍ കണ്ടു പതിയെ പുറത്തേക്കിറങ്ങി . വീണ്ടും മുന്നോട്ടു . വഴിയരികില്‍ ഒരു ബൂഫിയയില്‍ നിന്നും ചായ കുടിച്ചു . യാത്രയിലേക്കു വേണ്ടി വെള്ളവും ജ്യൂസും വാങ്ങി കരുതിക്കൊണ്ട് മുന്നോട്ടു വീണ്ടും . വഴിമധ്യേ റോയി ചേട്ടന്റെ ഒരു ഫേസ് ബുക്ക്‌ സുഹൃത്തിനെ കണ്ടു അദ്ദേഹവും ആയി പരിചയം പുതുക്കി യാത്ര തുടര്‍ന്ന് . മുന്നില്‍ ചാരനിറത്തില്‍ ജബല്‍ ജേസ് കാണാമായിരുന്നു . ആ മലനിരകളിലേക്ക് ഉള്ള യാത്രയാണ് ഇനി . മലയുടെ അടിവാരത്തു ഒരു ഡാം കണ്ടു എല്ലാരും കൂടി നിന്ന് നോക്കുന്നത് കാണാമായിരുന്നു . അങ്ങോട്ട്‌ ചെന്നപ്പോള്‍ അങ്ങ് താഴെ ഒരു മൂലയില്‍ ഒരല്പം വെള്ളം അല്ലാതെ അവിടെ ഒന്നുമില്ല . റോയി ചേട്ടന്‍ വണ്ടി അങ്ങ് താഴേക്കു ഓടിച്ചു ഇറക്കി . അവിടെ വേറെ രണ്ടു വണ്ടികള്‍ കാണാമായിരുന്നു . അവിടെച്ചെന്ന് നോക്കുമ്പോള്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റിക് മാലിന്യങ്ങള്‍ ആയിരുന്നു എന്നതാണ് തമാശ നിറഞ്ഞ കാഴ്ച . വരണ്ട ഉണങ്ങിയ മണ്ണ് കണ്ടപ്പോള്‍ ഉത്തരേന്ത്യയിലെ വരണ്ട കൃഷിഭൂമികളുടെ ഓര്‍മ്മ വന്നു . അവിടെ നിന്നുകൊണ്ട് എല്ലാരും ഒരു ഗ്രുപ്പ് സെല്‍ഫി എടുത്തു യാത്ര മലയിലേക്ക് തുടങ്ങി . വളരെ രസാവഹമായ ഒരു യാത്രയയിരുന്നു അത് . ഇരുവശവും ഭിത്തികള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ ഇടയിലൂടെ റോഡ്‌ . അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടതടവില്ലാതെ കാണാം . ഈ പാറകള്‍ കണ്ടാല്‍ ഇവ വെള്ളം ഒലിച്ചിറങ്ങിയ അടയാളങ്ങള്‍ ഇന്നും ശേഷിപ്പിക്കുന്നതായി കാണാം . പണ്ടെങ്ങോ കടലിനടിയില്‍ ആയിരിന്നിരിക്കണം എന്നോര്‍മ്മിപ്പിക്കുന്ന ഭൂപ്രകൃതി ആണ് ചുറ്റിനും . യാത്ര മലയുടെ മുകളിലേക്ക് നീണ്ടു പോയി . ഒടുവില്‍ ഉയരത്തില്‍ വണ്ടി എത്തുന്ന അവസാന പോയിന്റില്‍ എത്തിയപ്പോള്‍ ആശ്വാസം . അസ്തമയം ആകുന്നു . ഒന്ന് ഫ്രഷ് ആയി വന്നപ്പോള്‍ റോയി ചേട്ടനും സര്ഗ്ഗയും മറ്റും മലയുടെ അല്പം ഉയരത്തില്‍ കയറി ഇരിപ്പാണ് . ഞാന്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ റോയി ചേട്ടന്‍ പറഞ്ഞു വേഗം പോയാല്‍ അസ്തമയം കാണാം ഫോട്ടോയും എടുക്കാം . ഞാന്‍ അത് കേട്ടതോടെ മുകളിലേക്ക് കയറാന്‍ തുടങ്ങി . നിന്നും കിതച്ചും തിരികെ ഇറങ്ങിയും ആളുകള്‍ അവര്‍ക്കിടയിലൂടെ ഞാന്‍ മുകളിലേക്ക് യാത്ര ചെയ്തു . കുത്തനെ കിടക്കുന്ന പാറയില്‍ വഴുതി വീഴാതെ മുകളിലേക്ക് പോകും തോറും ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി . എന്റെ ശ്വാസം വേഗത്തില്‍ ആകുകയും ഞാന്‍ തളരുകയും ചെയ്തു . ഞാന്‍ ഇപ്പോള്‍ ഉയരത്തില്‍ എത്താന്‍ പാതി കയറിക്കഴിഞ്ഞിരിക്കുന്നു . അപ്പോഴാണ്‌ മൊബൈലില്‍ കണ്ണന്റെ (റോയ്ച്ചേട്ടന്റെ മകന്‍ ) കാള്‍ വന്നത് . ഞാന്‍ എവിടെ എത്തി എന്നവര്‍ ചോദിച്ചു ഞാന്‍ പറഞ്ഞു പാതി ആയി എന്ന് . നില്‍ക്കൂ നമ്മളും വരുന്നു എന്ന് പറഞ്ഞു കണ്ണനും വിനോദും കൂടി മുകളിലേക്ക് വന്നു . അവര്‍ വരട്ടെ എന്ന് കരുതി ഞാന്‍ അവിടെ ഒരു പാറയില്‍ ഇരുന്നു . എനിക്ക് നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു . കിതപ്പ് അടങ്ങുന്നില്ലായിരുന്നു . ഛര്‍ദ്ധിക്കുമോ എന്നൊരു ശങ്ക ഉണ്ടായി മനസ്സില്‍ . അപ്പോഴേക്കും അവര്‍ രണ്ടുപേരും അടുത്തു എത്തിയിരുന്നു . അവര്‍ കിതയ്ക്കുന്ന കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ തന്നെ ഇത്ര തളര്‍ന്നു അപ്പോള്‍ ഞാനോ. നമുക്ക് അല്പം ഇരിക്കാം എന്ന് പറഞ്ഞു അവരും അടുത്തു ഓരോ പാറയില്‍ ഇരുന്നു . അപ്പോള്‍ ഞാന്‍ വിനോദിനോട്‌ പറഞ്ഞു ചിലപ്പോള്‍ എനിക്ക് തലകറക്കം ഉണ്ടായേക്കും എന്ന് . അത് കേട്ട വിനോദ് എന്ത് മറുപടി പറഞ്ഞു എന്നെനിക്കറിയില്ല ഞാന്‍ പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തിയ പ്രതീതി എനിക്ക് അനുഭവപ്പെട്ടു . പെട്ടെന്ന് അവള്‍ എന്റെ മുന്നില്‍ വന്നു . ഞാന്‍ അത്ഫുതപ്പെട്ടു നീ എങ്ങനെ ഇവിടെ എന്ന് . അവള്‍ എന്റെ കവിളില്‍ ദേഷ്യത്തില്‍ അടിച്ചിട്ട് നിന്നോട് ആരാ പറഞ്ഞെ ഈ മല കയറാന്‍ എന്ന് ചോദിച്ചു . എന്റെ കണ്ണുകള്‍ നിറഞ്ഞു എനിക്ക് സങ്കടം വന്നു . അപ്പോള്‍ അവള്‍ പെട്ടെന്ന് എന്റെ കവിളില്‍ ഒരുമ്മ തന്നിട്ട് സാരമില്ല പോകാം എന്ന് പറഞ്ഞു തിരിഞ്ഞു ഞാന്‍ അവളുടെ കൈയില്‍ കയറി പിടിച്ചു .എനിക്ക് നെഞ്ചു വേദനിക്കുന്നതുപോലെ തോന്നി . അപ്പോള്‍ എനിക്ക് വിനോദിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഞാന്‍ പിടിച്ചിരിക്കുന്നത് വിനോദിന്റെ കൈയില്‍ ആയിരുന്നു . എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ എന്റെ അടുത്തേക്ക്‌ ഒരാള്‍ വെള്ളത്തിന്റെ ഒരു കുപ്പി തന്നു . എനിക്ക് പെട്ടെന്ന് മനസ്സിലായി ഞാന്‍ ബോധം കെട്ടുവീണു എന്ന് . അപ്പോള്‍ വിനോദ് പറഞ്ഞു ഞാന്‍ തലകറങ്ങും എന്ന് പറഞ്ഞതും പിന്നെ കേട്ടത് ഒരു ശബ്ദം ആണ് അവന്‍ നോക്കുമ്പോള്‍ ഞാന്‍ തലയും കുത്തി ഇരുന്നിടത്തു നിന്ന് താഴേക്ക്‌ വീണു കിടക്കുകയാണ് . അവന്‍ ആയാസപ്പെട്ട്‌ എന്നെ വലിച്ചു നേരെ കിടത്തിയപ്പോള്‍ ഞാന്‍ രണ്ടു മൂന്നു വട്ടം ശ്വാസം എടുത്തു പിന്നെ അനക്കം ഇല്ലാതായി എന്ന് . അവന്‍ എന്റെ നെഞ്ചില്‍ ശക്തമായി കുറെ ഏറെ തവണ അമര്‍ത്തിയ ശേഷം ആണ് എനിക്ക് ശ്വാസം കിട്ടിയതും ഞാന്‍ അവന്റെ കയ്യില്‍ കയറിപ്പിടിച്ചതും എന്ന് . എന്തായാലും ഞാന്‍ ആകെ തല മരവിച്ച പോലെ ആയി . ശരീരം ആകെ വേദന . തുട എവിടെയോ ഉരഞ്ഞതാകം നീറുന്നു . നെറ്റിയും . കുറച്ചു കൂടി ഇരുന്നു .അല്പം വെള്ളം കുടിച്ചു നമ്മള്‍ തിരികെ ഇറങ്ങി .അപ്പോഴേക്കും റോയിച്ചേട്ടന്റെ വിളി താഴെ നിന്നും വരുന്നുണ്ടായിരുന്നു . ഞങ്ങള്‍ പതിയെ താഴേക്കു ഇറങ്ങി . താഴെ എത്തി കുറെ സമയം അവിടെ വിശ്രമിച്ചു .നമ്മള്‍ എല്ലാം തിരികെ വീട്ടിലേക്കു തിരിച്ചു . അന്താക്ഷരിയും മറ്റുമായി വീടെത്തിയത് അറിഞ്ഞില്ല എന്നുതന്നെ പറയാം .
ഓര്‍മ്മയില്‍ വളരെ മധുരമായി നില്‍ക്കുന്ന ഈ യാത്രയും അവധി ദിവസവും സമ്മാനിച്ച റോയ് ചേട്ടനോട് വളരെ ഏറെ സന്തോഷവും സ്നേഹവും തോന്നിയ ഒരു അവധി ദിനം അങ്ങനെ അവിടെ പൂര്‍ണ്ണമായി .
---------------ബിജു ജി നാഥ് വര്‍ക്കല -----------------

Sunday, May 1, 2016

ഉളിപ്പേച്ച് ........ രാജേഷ് ചിത്തിര

“If one cannot enjoy reading a book over and over again, there is no use in reading it at all.”
― Oscar Wilde
വായന ഒരു അനുഭൂതിയാകുക വായനയുടെ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് നാം ഓരോ കൈവഴികളും പിന്നിടുമ്പോഴാകുന്നു . ചില വായനകള്‍ നമ്മെ അതുകൊണ്ട് തന്നെ സുഗമമായ ഒരു ഒഴുക്ക് വെള്ളത്തില്‍ പെട്ട ഇലപോലെ കൊണ്ടുപോകുക അനുഭവവേദ്യം ആക്കുന്നതും . “We read to know we're not alone.” എന്ന് William Nicholson, പറയുന്ന രീതിയിലെ ഒരു തലം നമ്മെ അനുഭവപ്പെടുത്തുന്നു ചില വായനകള്‍ എന്നത് മറക്കാന്‍ ആകില്ല തന്നെ . പലപ്പോഴും നമ്മെ വായനകള്‍ കൊണ്ടെത്തിക്കുക ഇരുണ്ട വനാന്തരങ്ങളില്‍ ആകാം . അല്ലെങ്കില്‍ വെളിച്ചം മങ്ങിയ ഗുഹമുഖത്തും . അകത്തെന്തു എന്നൊരു ഭീതിയോ , അസുരക്ഷിതത്വത്തിന്റെ നിഴല്‍ച്ഛായമോ വീണ മനസ്സുമായി ആകും അത്തരം വായനകളെ വായനക്കാരന് സമീപിക്കേണ്ടി വരിക . എന്തെഴുതുന്നു , എന്തിനെഴുതുന്നു എന്ന ചിന്തകളെ ഒരിക്കല്‍ എങ്കിലും മനനം ചെയ്യേണ്ടതുണ്ട് ഓരോ എഴുത്തുകാരനും .
എഴുത്ത് പല രീതികള്‍ ആണ് അവലംബിക്കുക എഴുത്തുകാരന്റെ മനോധര്‍മ്മം അനുസരിച്ച് . അത്തരം അവസ്ഥകളില്‍ അതൊരു പരീക്ഷണഘട്ടം ചിലപ്പോള്‍ സംജാതമാക്കും വായനക്കാരനെ . കുടഞ്ഞെറിയാന്‍ കഴിയാത്ത ഒരു വലയില്‍ പെട്ടുപോകുന്ന കിളിയെ പോലെ വായനക്കാരന്‍ പകച്ചു നില്‍ക്കുക തന്നെ ആകും അപ്പോള്‍ സംഭവിക്കുക .
വായനയുടെ ആകാശത്തില്‍ നിന്നും ചിറകു വിരിച്ചു പറന്നിറങ്ങിയ കവിതാ സമാഹാരം ആണ് "ഉളിപ്പേച്ച് " പുതുലോകസാഹിത്യ ഇടങ്ങളില്‍ എഴുത്തുകാരുടെ ബാഹുല്യവും പുസ്തകങ്ങളുടെ ആധിക്യവും വായനയെ ബാധിക്കുന്നു എന്ന വിലാപം നടക്കുന്ന കാലത്ത് ശ്രീ രാജേഷ് ചിത്തിരയുടെ ഉളിപ്പേച്ച് എന്ന കവിതാ സമാഹാരം ഒരു വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുന്നത് എന്ന് പറയാം . നിലവില്‍ ഉണ്ടായിരുന്ന ഒരു കവിതാകാലഘട്ടത്തെ മുച്ചൂടും പുറംതള്ളിക്കൊണ്ടാണ് പുതുലോക കവിതകളുടെ ഉദയം സംഭവിച്ചത് . ഈ തള്ളിക്കയറ്റത്തില്‍ നഷ്ടമായത് മൂല്യങ്ങള്‍ എന്ന് വിലപിച്ച പഴയകാല കവിതാസ്വദകര്‍ പോലും രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ഇന്നത്തെ കവിതകളെ നെഞ്ചോട്‌ ചേര്‍ക്കുന്നത് കവിതയുടെ ലോകം എത്ര കണ്ടു ഇന്നത്തെ സമൂഹത്തോട് അടുത്തു നിന്ന് സംവദിക്കുന്നു എന്നതിന് ഉദാഹരണം ആണ് . ഇവിടെ രാജേഷ് ചിത്തിരയും ഇത്തരം ഒരു പരീക്ഷണഘട്ടത്തിന്റെ ഉമ്മറപ്പടിയില്‍ ആണ് നിലകൊള്ളുന്നത് എന്ന് കാണാം തന്റെ കവിതകളും ആയി .
വായനയുടെ ഭ്രാന്തതലങ്ങളെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട് സുഖപ്പെടുത്താന്‍ ഉള്ള തത്രപ്പാട് രാജേഷിന്റെ കവിതകള്‍ വഹിക്കുന്നുണ്ട് എന്ന് തോന്നും . ധ്യാനം , ഉണ്മ , പെണ്മ , കാമന എന്നിങ്ങനെ നാല് ഭാഗങ്ങളില്‍ ആയി വിന്യസിച്ചിരിക്കുന്ന ഈ കവിതകളില്‍ ആദ്യപാദമായ ധ്യാനം വായനയെ വിഭ്രമത്തിന്റെ പടുകുഴിയില്‍ വായനക്കാരനെ തള്ളിയിടും എന്നതില്‍ തര്‍ക്കം ഉണ്ടാകും എന്ന് തോന്നുന്നില്ല . സാധാരണവായനക്കാരന് അപ്രാപ്യമായ ഒരു മേഖലയാണ് രാജേഷ് പരിചയപ്പെടുത്തുന്ന ധ്യാനം എന്നത് അതിന്റെ സ്വീകാര്യതയെ ബാധിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . കവിതയുടെ ഗദ്യ സൌന്ദര്യം മാത്രമല്ല ഭാഷയുടെ ലയ ലാളിത്യം പോലും രാജേഷിന്റെ മുന്നില്‍ മുടിയഴിച്ചിട്ടാടുന്ന കാഴ്ചയില്‍ നിന്നുകൊണ്ട് വേണം ധ്യാനം വായിച്ചു പോകാന്‍ . ധ്യാനത്തിലെ കവിതകള്‍ വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനപ്പുറം ഉണ്മ എന്ത് നല്‍കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് നോക്കുന്ന ഒരു അവസ്ഥയിലേക്ക് വായനക്കാരന്‍ കടന്നു പോകുന്നു . ഉണ്മയും ധ്യാനവും നല്‍കുന്ന മാനസിക വൈബ്രേഷന്‍ അയയുന്ന ഒരു കാഴ്ചയാണ് പെണ്മ നല്‍കുന്നത് . രാജേഷ് ഇവിടെ വളരെ വേഗം തന്നെ ഒരു പരകായപ്രവേശം പോലെ കവിതയുടെ താഴെ ശിഖരത്തിലേക്ക് ഇറങ്ങുന്ന കാഴ്ച വായനക്കാരനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക . കവിത എന്താണ് പറയുന്നത് എന്ന് സാധാരണക്കാരനായ ഒരു വായനക്കാരന് മനസ്സിലായി ത്തുടങ്ങുക അവിടെ നിന്നാകണം . പെണ്മയും കാമനയും ആണ് അവന്റെത്‌ എങ്കില്‍ ധ്യാനവും ഉണ്മയും ബൌദ്ധിക വിരുന്നിന്റെ മായക്കാഴ്ച മാത്രം നല്‍കി വായനയെ പരിഹസിക്കുന്നത് കാണാന്‍ കഴിയും .
എഴുത്തുകാരന്റെ ധര്‍മ്മം വായനക്കാരനിലേക്ക് ഒരു ചാലകം ഇടുകയും അവനിലേക്ക്‌ സംവേദനത്തിന്റെ വഴി തുറക്കുകയും ആണോ അതോ തനിക്കും വായനക്കാരനും ഇടയില്‍ ഒരു മറ തീര്‍ത്ത്‌ അവിടെ താന്‍ അഭിരമിക്കുകയും വായനക്കാരന്‍ ഗതികേട് കൊണ്ട് വാവിട്ടു ചോദിക്കുകയും എഴുത്തുകാരന്‍ അവനോടു തന്റെ ഗിരിപ്രഭാഷണം ചെയ്യുകയും ചെയ്യുന്നത് വായനക്കാരനില്‍ എഴുത്തിന്റെ കാഴ്ച എത്രത്തോളം വലിയൊരു ആഘാതം ആകും എന്ന് ഉളിപ്പേച്ച് നമ്മെ പഠിപ്പിച്ചു തരുന്നു .
പുതിയകാല കവിത തന്റെതായ ഒരിടം തേടി , അസ്ഥിത്വം തേടി പിന്നെയും അലയുകയാണ് എന്നും പരീക്ഷണങ്ങള്‍ തുടരെ തുടരെ നടന്നുകൊണ്ടിരിക്കുന്നതും ആണെന്നുമുള്ള ആശ്വാസം ഒന്നുകൊണ്ടു മാത്രം സ്വീകാര്യമാകുന്ന രാജേഷ് ചിത്തിരയുടെ ഈ കവിതാസമാഹാരം , വളരെ ചിന്തിക്കുകയും , കുറച്ചു മാത്രം എഴുതിപ്പറയുകയും ചെയ്യുന്ന ഒരു രീതിയെ കാണിക്കുന്നു . കൂടുതല്‍ ഗ്രാഹ്യമായ രീതികളിലേക്ക് ഇറങ്ങി വരാന്‍ കഴിവുള്ള ഈ എഴുത്തുകാരന്‍ , തന്റെ എഴുത്തിന്റെ തനി വഴികള്‍ കൂടുതല്‍ സുതാര്യമാക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ വായനക്കാരില്‍ അത് നല്‍കുക സുഖമുള്ള ഒരു വായനാ നോവ് തന്നെയാകും എന്നതില്‍ സംശയമില്ല . ലോഗോസ് പുറത്തിറക്കിയിരിക്കുന്ന ഈ സമാഹാരത്തിനു 100 രൂപയാണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


ഒരു കവിത ജനിക്കുന്നു .


അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയായിരുന്നു . കവിതകള്‍ ചൊല്ലുന്ന അവന്റെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ അവളുടെ മിഴികളില്‍ നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു . കപോലങ്ങള്‍ നാണം കൊണ്ട് ചുവന്നു തുടുക്കുന്നുണ്ടായിരുന്നു . "നിന്റെ കണ്ണുകളില്‍ ഒരുകാലവും ഒരുപാട് നേരം നോക്കിയിരിക്കാന്‍ എനിക്ക് കഴിയാതെ പോകുന്നു ചെക്കാ " എന്നവള്‍ കൊഞ്ചിപ്പറഞ്ഞുകൊണ്ട് മിഴികള്‍ താഴ്ത്തി നോട്ടം പലയിടങ്ങളില്‍ പാറി വീഴുന്നത് ഒട്ടൊരു കൗതുകത്തോടെ അവന്‍ നോക്കിയിരുന്നു. പ്രണയത്തിന്റെ നനുത്ത നിലാവ് വീഴുന്ന താഴ് വരകളെ കവിതകളിലൂടെ അവളിലേക്ക് ചൊരിയുമ്പോള്‍ ആനന്ദത്താല്‍ അവന്റെ മനസ്സ് നിറയുന്നുണ്ടായിരുന്നു . കഠിന സ്നേഹത്തിന്റെ വരികള്‍ അല്ലായിരുന്നു അവള്‍ അവനില്‍ നിന്നാഗ്രഹിച്ചിരുന്നത് . അവളെ അവനിലേക്ക്‌ ആകര്‍ഷിച്ചത് അവന്റെ വരികളിലെ തീയും അതിന്റെ ശക്തിയും ആയിരുന്നു . പക്ഷെ അവന്‍ അവളിലേക്ക് ഒതുങ്ങിത്തുടങ്ങിയപ്പോള്‍ പ്രണയത്തിന്റെ വിരല്‍ കൊണ്ട് വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയിക്കുന്ന ഒരു കേവല പ്രണയകവി ആയി മാറുകയായിരുന്നു . പിണങ്ങിയും ഇണങ്ങിയും അവരുടെ പ്രണയം മുന്നിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു . ഈ നനഞ്ഞ സന്ധ്യയില്‍ ഇരുട്ട് ചേക്കേറുന്ന പകലിനെ മറന്നു അവര്‍ വീഡിയോകാളിന്റെ ഇരുപുറങ്ങളില്‍ മുഖാമുഖം നോക്കിയിരിക്കുമ്പോള്‍ എന്തോ അവന്റെ മനസ്സ് ചഞ്ചലമായിരുന്നു. അതാകാം അവന്റെ വരികള്‍ പ്രണയത്തില്‍ നിന്നും മരണത്തിലേക്ക് വഴുതിവീണത്‌ . മരണത്തിന്റെ സംഗീതം ഒരു നിശബ്ദതയ്ക്ക് ഒപ്പം അവളിലേക്ക് പടരുകയായിരുന്നു അവന്‍ . നിറഞ്ഞ കണ്‍പീലികള്‍ മെല്ലെത്തുടച്ചുകൊണ്ട് അവള്‍ അവനോട് മരണത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി . ശരീരം വിട്ടു പറന്നു പോകുന്ന ആ പക്ഷിയെ അവള്‍ കൊതിയോടെ നോക്കിക്കാണുന്നത് കണ്ടപ്പോള്‍ അവനും ആശ്ചര്യത്താല്‍ അവളെ നോക്കിയിരുന്നു . അവള്‍ അവനെ നോക്കി മെല്ലെ ചോദിച്ചു
" ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എനിക്ക് വേണ്ടി കരയാന്‍ ആരൊക്കെയുണ്ടാകും ?"
അവന്‍ ഒരു മറുചോദ്യം കൊണ്ടവളെ നേരിട്ട് .
" നീ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?.... ഉണ്ട് എങ്കില്‍ അവരൊക്കെ നിനക്ക് വേണ്ടി കരയും ."
"ഞാന്‍ സ്നേഹിച്ചിട്ടുണ്ട് . സ്നേഹിക്കുന്നു .... പക്ഷെ, ഞാന്‍ എങ്ങനെ ആണ് അറിയുക അവര്‍ എന്നെയോര്‍ത്തു കരയുമെന്ന് ?"
"നീ മരിച്ചു കഴിഞ്ഞാല്‍ ആര് കരഞ്ഞാല്‍ നിനക്കെന്താ ..."
അവന്റെ ചോദ്യത്തിന് അവള്‍ തെല്ലുനേരം ആലോചിച്ചു പിന്നെ ചോദിച്ചു ..
" നോക്കൂ , നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ നമുക്ക് നമുക്ക് നമ്മെ കാണാന്‍ കഴിയില്ല . അതിനാല്‍ ഞാന്‍ ഒരുകാര്യം ആലോചിക്കുകയാണ് . എന്റെ മരണത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ്‌ ഇടാം . എന്നിട്ട് ഞാന്‍ മാറി നിന്ന് അത് കണ്ടു മനസ്സിലാക്കാം .. എന്തെ ? "
അവളുടെ മറുപടി കേട്ടപ്പോള്‍ ചിരിക്കാനാണവനു തോന്നിയത് . അവന്‍ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു . ഒട്ടൊരു പരിഭവത്തോടെ അവള്‍ ചോദിച്ചു .
"നീ എന്നെ ഓര്‍ക്കുമോ ? മരിച്ചു കഴിഞ്ഞാല്‍ നീ എന്നെക്കുറിച്ച് എഴുതുമോ ? "
"ഹേയ് .. ഞാന്‍ നീ മരിച്ചാല്‍ കരയുകില്ല , ഞാന്‍ ഒന്നും എഴുതുകയുമില്ല."
"എനിക്കറിയാം , നീ കരയും .... നീ ഒരു കുറിപ്പ് എഴുതി ഇടും കണ്ണീര്‍ തളിച്ച് ഒരു കവിത നീ ഇടും ....."
"ഇല്ല ഞാന്‍ ഒന്നും എഴുതില്ല , ഞാന്‍ ഒന്നും പറയുകയുമില്ല . " നിഗൂഡമായ ഒരു ചിന്തയോടെ അവന്‍ അവളെ ചൊടിപ്പിക്കാന്‍ പറഞ്ഞു .
അവള്‍ കുറച്ചു നേരം അവനെത്തന്നെ നോക്കിയിരുന്നു . പിന്നെ വീണ്ടും പറയാന്‍ തുടങ്ങി .
"എനിക്ക് നാട്ടില്‍ പോയി മരിച്ചാല്‍ മതി . വിമാനത്താവളത്തില്‍ കാലുകുത്തുമ്പോള്‍ മരിച്ചോട്ടെ . പക്ഷെ ഇവിടെ വയ്യ ."
"അതെന്തേ ഇവിടെ വച്ചായാല്‍?"
"ഓ ഇവിടെ വച്ചായാല്‍ അവര്‍ പിടിച്ചു പെട്ടിക്കകത്തു ഐസിട്ട് വയ്ക്കും . എനിക്ക് തണുക്കും . അത് വേണ്ട . "
അവന്റെ ചിരി വീണ്ടും ഉയര്‍ന്നു ..
"മരിച്ചു കഴിഞ്ഞാല്‍ തണുപ്പ് എങ്ങനെ നീ അറിയും ?"
"അല്ലേല്‍ തന്നെ എനിക്കറിയാം ഇവിടെ എന്തോരം തണുപ്പിലാ ഓരോ ശരീരവും സൂക്ഷിക്കുന്നത് എന്ന് . എനിക്കത് ഇഷ്ടമല്ല ."
അവള്‍ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു .
"എനിക്ക് എന്റെ അവയവങ്ങള്‍ എല്ലാം ദാനം ചെയ്യണം , പക്ഷെ ശരീരം കൊടുക്കൂല . അത് കുഴിച്ചിട്ടാല്‍ മതിയാകും . നീ വരില്ലേ ഞാന്‍ മരിച്ചാല്‍ ? നീ വരണം . എന്നെ ചുംബിക്കണം. പിന്നെ എന്റെ മാറില്‍ ഒരു വെളുത്ത പാരിജാതപ്പൂവ് വയ്ക്കണം ..... പിന്നെ എന്റെ പെട്ടി മൂടുമ്പോള്‍ നീ പറയണം നിറയെ മണമുള്ള പൂക്കള്‍ കൊണ്ട് നിറയ്ക്കണം എന്ന് . എനിക്ക് അത് ശ്വസിച്ചു വേണം ഉറങ്ങാന്‍ പിന്നെന്നും . "
പറഞ്ഞു പറഞ്ഞു വരുമ്പോഴേക്കും അവന്റെ മിഴികള്‍ ഈറനണിിഞ്ഞു തുടങ്ങിയിരുന്നു . അവളെ അഭിമുഖീകരിക്കാന്‍ മടിച്ചു അവന്‍ മറ്റെന്തൊക്കെയോ പറഞ്ഞുകൊണ്ട് വിഷയങ്ങള്‍ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു . അവന്‍ അവന്റെ മരണത്തെക്കുറിച്ചും ദുഖങ്ങളെക്കുറിച്ചും മറക്കുകയും അവളുടെ മരണത്തില്‍ ദുഃഖിക്കുകയും ചെയ്തു തുടങ്ങി . അവളെ പെട്ടെന്ന് പറഞ്ഞു വിട്ട് കാൾ കട്ട് ചെയ്തു അവന്‍ ഒരു പേജ് ഓപ്പണ്‍ ചെയ്തു. അതിലേക്കു ഒരു കവിത കുറിച്ചു തുടങ്ങി. മരണത്തിന്റെ മുഖത്തേക്ക് നടന്നു പോയ അവന്റെ കൂട്ടുകാരിയുടെ അവസാന ആശ നിറവേറ്റാന്‍ അവളുടെ ഓര്‍മ്മകളിലേക്ക് ഒരു കവിത...അര്‍ച്ചനപ്പൂക്കള്‍ പോലെ....
--------------------ബിജു ജി നാഥ് വര്‍ക്കല -----------------------