സ്ഥലകാലങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ എഴുത്തുകാരനില്‍ സന്നിവേശിക്കുന്ന തിക്കുമുട്ടലുകള്‍ ആണ് പലപ്പോഴും അവയെ വായനക്കാരന് അരോചകമായി തോന്നിപ്പിക്കുകയോ , അതുമല്ലങ്കില്‍ വായനയിലൂടെ തെറ്റായ ചിന്തകളിലേക്കും , ആശയങ്ങളിലേക്കും പലപ്പോഴും അഭിപ്രായങ്ങളിലേക്കും എത്തിക്കുകയോ ചെയ്യുക . ജീവിച്ചിരിക്കുന്നവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോഴും, നമുക്ക് മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ പറയുമ്പോഴും അത് വായനക്കാരന് അനുഭവവേദ്യം ആകണം എങ്കില്‍ അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ ചിത്രം ഉണ്ടാകുക തന്നെ വേണം .
'സിറാജ് നായര്‍' എന്ന പ്രവാസിയായ എഴുത്തുകാരന്റെ ആദ്യത്തെ നോവല്‍ ആണ് "ഒലിവിന്‍ പൂക്കള്‍" . ഇത് പ്രതിനിധാനം ചെയ്യുന്നത് ഒരു യഥാര്‍ത്ഥ കഥ ആണ് . ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു . ഈ അറിവില്‍ നിന്നുകൊണ്ടാണ് സിറാജ് നായരുടെ ഈ നോവല്‍ വായിച്ചു തുടങ്ങുന്നത് . ഇത് ഒരു ജീവ ചരിതം അല്ലെ അപ്പോള്‍ എങ്ങനെ ഇതിനെ നോവല്‍ എന്ന പേര് വിളിക്കും എന്നൊരു ചിന്ത തുടക്കത്തില്‍ തന്നെ മനസ്സില്‍ വന്നതാണ് . അവതാരികയില്‍ വെള്ളിയോടന്‍ സൈനുദ്ധീന്‍ പറയുന്നത് ഇത് ഒരു മെറ്റ റിയലിസ്ടിക് ഫിക്ഷന്‍ ആണ് എന്നാണു . പക്ഷെ വായന കഴിയുമ്പോള്‍ ആ ഒരു അഭിപ്രായം മാറി നില്‍ക്കുന്ന അനുഭവം ആണ് ഉണ്ടാകുന്നത് .
ജീവ ചരിത്രം നേരിട്ട് എഴുതുകയോ മറ്റൊരാള്‍ പറയുകയോ ചെയ്യുക ആണ് പതിവ് ശൈലി . അതുകൊണ്ട് തന്നെ അവയില്‍ ഞാനും അവനും എന്നൊരു രീതി വേറിട്ട് നില്‍ക്കുക ഉണ്ടാവും . ഇവിടെ ഈ നോവലിലെ കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ ഉള്ളപ്പോഴും ഇത് ഒരു നോവല്‍ പോലെ തന്നെ വായിച്ചു പോകാന്‍ കഴിയുന്ന വിധത്തില്‍ എഴുതാന്‍ കഴിഞ്ഞത് അല്ലെങ്കില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആകാം സിറാജ് നായര്‍ എന്ന എഴുത്തുകാരനെ വേറിട്ടതാക്കുന്നത് . ഒരുപാട് വായനയും എഴുതി പഴക്കവും ഉള്ള ഒരു ശൈലിയില്‍ ആന്‍സിയെയും മനോജിനെയും അവതരിപ്പിക്കുമ്പോള്‍ ഈ നോവലിന്റെ ഒരു പോരായ്മയായി മനസ്സിലാക്കുന്നത് വായനക്കാരനെ മുന്‍വിധികളുമായി വായനയെ സമീപിക്കുന്ന തരത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ ആദ്യ പേജുകളില്‍ വന്നു നല്‍കുന്ന സത്യവാങ്മയങ്ങള്‍ ആണ് . അത് അവസാനപേജുകളില്‍ ആയിരുന്നു എങ്കില്‍ വായനക്കാരന്‍ ഇതൊരു നോവല്‍ പോലെ തന്നെ വായിച്ചു പോകുമായിരുന്നില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഭക്തിയും വിശ്വാസവും കൈമുതലായുള്ള ഒരു കുടുംബം . സന്തോഷങ്ങള്‍ നിറഞ്ഞു നിന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചില ദുരന്തങ്ങള്‍ . വന്‍കുടലിനെ ബാധിച്ച ക്യാന്‍സറിന്റെ ദുരിതവുമായി നാട്ടിലേക്ക് തിരിക്കേണ്ടി വരുന്ന മനോജ് . അയാളുടെ രോഗ വിവരം അയാളെയോ ബന്ധുക്കളെയോ അറിയിക്കാന്‍ കഴിയാതെ ഒറ്റയ്ക്ക് മനസ്സില്‍ അടുക്കി വയ്ക്കേണ്ടി വരുന്ന ആന്‍സി . ഒരു താങ്ങായി മനോജിന്റെ അനുജന്‍ മഞ്ചിത്ത് മാത്രം . അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ . അവരെ ഓരോ വിഷമ ഘട്ടത്തിലും അവര്‍ക്ക് ദൈവവിശ്വാസം നല്‍കുന്ന ആത്മവിശ്വാസവും , ധൈര്യവും . നാലാം സ്റ്റേജിലായിരുന്ന വന്‍കുടലിനെ ബാധിച്ച അര്‍ബുദത്തിനെ തുടര്‍ന്നുള്ള ഓപ്പറേഷന്‍ കഴിഞ്ഞു അയാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് . ആര്‍ സി സി യിലെ കീമോകള്‍ , സുഹൃത്തുക്കള്‍ എല്ലാ ഘട്ടത്തിലും താങ്ങായി നിന്ന പച്ചപ്പുകള്‍ . നഷ്ടമാകാതെ തൊഴില്‍ സൂക്ഷിച്ച സഹപ്രവര്‍ത്തകര്‍ . ഇവയൊക്കെ ചേര്‍ന്ന് ശുഭാപ്തി വിശ്വാസമുള്ള കുറെ മനസ്സുകളുടെ കഥയാണ് ഈ നോവല്‍ . ഒരു നഴ്സ് കൂടിയായ ആന്‍സി മനോജിനെ വളരെ ശ്രദ്ധയോടും കരുതലോടും ശുശ്രൂക്ഷിക്കുകയും ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പിന്തുടരുകയും ചെയ്തതിനാല്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന മനോജിന്റെ മനോബലവും ആന്‍സിയുടെ പിന്തുണയും വളരെ മനോഹരമായി എഴുതുവാന്‍ സിറാജ് നായര്‍ക്ക് കഴിഞ്ഞു.
കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് നൂറു രൂപയാണ് മുഖവില .
അഭിനന്ദങ്ങളോടെ ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment