Monday, May 9, 2016

പ്രാന്തുതുണ്ടുകളുടെ കൊളാഷ്..........ഗീത മുന്നൂര്‍ക്കോട്

കവിതകള്‍ വായിക്കുക എന്നത് കഥകള്‍ വായിക്കുക പോലെ സുഗമമായ ഒരു അനുഭവമല്ല . അതില്‍ മുങ്ങി നിവരുമ്പോള്‍ നമുക്ക് അനുഭവപ്പെടുക നവ്യമായ ഒരനുഭൂതിയാകും . പരത്തിപ്പറയുന്ന കഥകളുടെ ധാരാളിത്തം ഇല്ലാതെ കുറുക്കിപ്പറയുന്ന കഥകള്‍ ആണ് കവിതകള്‍ എന്നതാകം ഇതിന്റെ പിന്നിലെ രഹസ്യം .
'റോബര്‍ട്ട്സണ്‍' പറയുന്നത് ഇത്തരുണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു . "ചിന്തിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ്‌ കവിതയുടെ കര്‍ത്തവ്യം"
തത്വമസി പുസ്തകശാല പ്രസിദ്ധീകരിച്ച ശ്രീമതി ഗീത മുന്നൂര്‍ക്കോടിന്റെ "പ്രാന്തുതുണ്ടുകളുടെ കൊളാഷ്" എന്ന കവിതാ സമാഹാരം ആണ് ഇന്ന് വായനയുടെ ലോകത്ത് അവതരിപ്പിക്കുന്നത്‌ .
"മഴക്കാലത്തെ കൊളാഷ് പോലെ" എന്ന കവി കുരീപ്പുഴയുടെ ആമുഖക്കുറിപ്പും , സരിത മോഹന്‍ വര്‍മ്മ , ഡോണ മയൂര എന്നിവരുടെ ആസ്വാദന,അവതാരികക്കുറിപ്പുകളും അടങ്ങിയ ഈ കവിതാ സമാഹാരത്തില്‍ 99 കവിതകള്‍ അടങ്ങിയിട്ടുണ്ട് ചെറുതും വലുതുമായി .
പെണ്ണെഴുത്തുകള്‍ എന്നു നാം ചില എഴുത്തുകളെ വിളിക്കാറുണ്ട് കാരണം അവയില്‍ പെണ്മ മാത്രം നിറഞ്ഞു തുളുമ്പുന്നത് കൊണ്ട്. ഇവിടെ ഗീത മുന്നൂറുക്കോടിന്റെ കവിതകള്‍ വായിക്കുമ്പോഴും ആ ഒരു ചിന്ത ആണ് വായനക്കാരനില്‍ ആദ്യം ഉണ്ടാകുക . ഗ്രാമീണതയുടെ വിശുദ്ധിയും , നന്മയും , കുശുമ്പും കുന്നായ്മയും എല്ലാം കവിതകളില്‍ നിറയുന്ന ഭാവങ്ങള്‍ ആകുമ്പോള്‍ ജീവിതങ്ങള്‍ മുന്നില്‍ വന്നു ചിരിച്ചും കരഞ്ഞും അകലുന്നത് വായനക്കാരന് അനുഭവവേദ്യമാകുന്നത് അറിയാന്‍ കഴിയും . പെണ്ണിന്റെ വിവിധ ഭാവങ്ങളെ , ചിന്തകളെ , അസ്വസ്ഥതകളെ , അസ്വാരസ്യങ്ങളെ തികച്ചും സ്വതന്ത്രമായി ഗീത തന്റെ കവിതകളില്‍ വരച്ചിടുന്നു . എല്ലാ കവിതകളും തങ്ങളുടെ ധര്‍മ്മം ശരിയായി നിര്‍വഹിച്ചു എന്ന് പറയാന്‍ കഴിയില്ല എങ്കിലും കവിത്വം ഉള്ള ഒരു മനസ്സും ഭാഷയുടെ ശുദ്ധിയും കവിതകളെ വേറിട്ട്‌ നിര്‍ത്തുന്നുണ്ട് . പ്രണയമായാലും , ജീവിതമായാലും വിരഹവും , വിഷമതകളും ദുരിതകാലങ്ങളും പറയുന്ന അതെ വിരലുകള്‍ തന്നെ പ്രകൃതിയെ വളരെ കരുണയോടെ നോക്കുന്ന കാഴ്ചയും പ്രകൃതിയുടെ ദുരിതത്തില്‍ വിഷമിക്കുന്ന ഒരു മനസ്സും കവിയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് .
കവിതകള്‍ ഒരിക്കലും സ്വയം ഉരുകുന്ന വേദനയാകരുത് . കവിത ഒരു ചാട്ടുളി ആകണം . അത് ചൂണ്ടുവിളക്കും ആകണം . ഒരുകാലത്തേക്ക് മാത്രം ആകരുത് കവിത സംവദിക്കേണ്ടത് . ഓരോ കാലത്തേക്കും വേണ്ടി ആകണം . എഴുത്തില്‍ ആ ഒരു കയ്യടക്കം കവി ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു എന്ന് ചില കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കും .നമ്മുടെ പരിഭവങ്ങളും , നമ്മുടെ ചിന്തകളും കാലത്തിനു വേണ്ടി എങ്ങനെ മാറ്റിയെടുക്കാം എന്നിടത്താണ് കവി വിജയിക്കുന്നത് എന്ന കാര്യം ഇവിടെ ഓരോ എഴുത്തുകാരനും ഓര്‍ത്ത്‌ വയ്ക്കേണ്ടതാണ് എന്ന് കരുതുന്നു .
125 രൂപ മുഖവിലയുള്ള ഈ പുസ്തകം കവിതാസ്വാദകര്‍ക്ക് ഒരു വായനാനുഭവമായിരിക്കും എന്ന് കരുതുന്നു .
ശ്രീമതി ഗീതയുടെ ഈ പുസ്തകത്തിലെ അവസാന കവിത വായനക്കാര്‍ക്ക് മുന്നിലേക്ക് നല്‍കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല .


അര്‍ത്ഥമോശം വന്നു
ചേല ചിന്തകള്‍
നേര്‍ വാക്കുകളായില്ല

വികാരവൈകല്യം കൊണ്ട്
അവ മുഴച്ചു നിന്നു

ഭാവനയുടെ അഭാവത്തില്‍
അവര്‍
വെറും പ്രതിമകളായി .

ആശയശിലകളെറിഞ്ഞു
ആരോ അതില്‍
ജീവന്‍ തുളച്ചു കേറ്റി

ഇതാ കിടപ്പ് കണ്ടില്ലേ
കവിതയെന്നും പറഞ്ഞു
വിഡ്ഢിച്ചിരിയുമായിട്ടു...(അവസ്ഥാന്തരം )

2 comments:

  1. ഗീത മുന്നൂർക്കോടിന്റെ ബ്ലോഗിൽ വരുന്ന കവിതകൾ വായിക്കാറുണ്ട്. പുസ്തകത്തിന് ആശംസകൾ

    ReplyDelete
  2. കവിതാസ്വാദനം നന്നായി
    ആശംസകള്‍

    ReplyDelete