Saturday, May 7, 2016

അപരാജിതയാണ് നീ


ഇരുട്ടു പുടവ തുന്നുന്ന
തെരുവുകളിലൊന്നിലൂടെ
ഉറച്ച കാൽവയ്പ്പോടെ അവൾ നടന്നു.
സ്വതന്ത്രമായി കൈകൾ വീശി
തലയുയർത്തിപ്പിടിച്ചു
നിർഭയമവൾ നടന്നു.
എച്ചിലിലകൾക്കിടയിൽ മയങ്ങിക്കിടന്ന
ചൊക്ലിപ്പട്ടിയുടെ കണ്ണുകൾ
തിളങ്ങുന്നതും
നാവു നൊട്ടിനുണയുന്നതും
കണ്ടിട്ടും കാണാത്ത മട്ടിൽ
ഞാനുമെൻ ലോകവുമെന്ന പോൽ
ഉറച്ച കാൽവയപ്പോടെ അവൾ നടന്നു.
എതിരെ വന്ന കൺകളിൽ
തറച്ചൊന്നു നോക്കിയും
മുരടനക്കങ്ങൾക്ക് കാറിത്തുപ്പിയും
എങ്ങോട്ടെന്ന ചോദ്യങ്ങൾക്ക്
കാറ്റു കൊള്ളുവാനെന്നുത്തരമേകിയും
നിർഭയയായവൾ നടന്നു.
ഭയമില്ലാത്ത പദചലനവും
തലയെടുത്ത ഭാവവും കണ്ടു
പെണ്ണിവൾ ആരെന്നു മൂക്കിൽ വിരൽ
ചേർത്തു ഭാവം പകർന്നവർ
ഒരു സ്പർശം പോലും ഭയന്നകന്നു
നില്ക്കുമ്പോൾ
പെണ്ണേ , നീയെന്തിനു തല കുനിക്കണം.
ഇതു നിന്റെയും ലോകം
ഇവിടെ നീ ആരുടെ കനവിന്നു
സംരക്ഷണത്തിന്നു കാത്തു നില്ക്കണം.
പൊരുതുക ആയുധം വേണ്ടിടത്ത്
ആയുധവും
സ്നേഹം വേണ്ടിടത്ത് സ്നേഹവും.
നീയപരാജിത...
..... ബിജു ജി നാഥ് വർക്കല ........

No comments:

Post a Comment