വായനയില്‍ പലപ്പോഴും കല്ലുകടിയാകുക ആവര്‍ത്തനങ്ങള്‍ വായിക്കപ്പെടുമ്പോള്‍ ആണ് . അത് വായനക്കാരനില്‍ ഒരു തരം അസഹ്യമായ അനുഭവം ആകുകയും വായനയെ തിരഞ്ഞെടുക്കുന്നതില്‍ വിമുഖന്‍ ആകുകയും ചെയ്യുന്നത് കാണാം . ഇതിനു പലപ്പോഴും കാരണമാകുന്നത് പുതുമ ഇല്ലാത്ത എഴുത്തുകളും , എഴുതിയവ തന്നെ വീണ്ടും വീണ്ടും പേരുകള്‍ മാറി ഒരു മാറ്റവും ഇല്ലാതെ വായിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആണ് . പുതിയകാല എഴുത്തുകാരില്‍ വളരെ വലിയ തോതില്‍ ഈ അനുകരണശീലം ഉണ്ടാകുന്നുണ്ട്. ഇതിനു കാരണം എങ്ങനെയും എഴുതുക , പുസ്തകം ആക്കുക എന്നൊരു ചിന്ത മാത്രം ആകുന്നു . ഇതുപോലെ തന്നെയാണ് പ്രവാസ എഴുത്തുകാരും . നാട്ടില്‍ നിന്നും പണ്ടെങ്ങോ കടല്‍ കടക്കുമ്പോള്‍ കണ്ട, പരിചയിച്ച ചില ചിത്രങ്ങള്‍ ഒരിക്കലും അവയെ പുനര്‍ചിന്തനം ചെയ്യാതെ താലോലിച്ചു ഉറങ്ങുകയും , നോസ്ടാല്‍ജിയ എന്നൊരു ഓമനപ്പേരില്‍ അതിനെ ഓര്‍ത്തും എഴുതിയും വായനക്കാരെ മുഷിപ്പിക്കുകയും ചെയ്യുക പതിവ് ആണ് . ഇതില്‍ നിന്നും വ്യത്യസ്തമായ രചനകള്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവ സ്വീകരിക്കപ്പെട്ടിട്ടും ഉണ്ട് . പ്രഗല്‍ഭരും, അറിയപ്പെടാത്തവരും ആയ പലരും ഇങ്ങനെ എഴുതി വായിക്കപ്പെട്ടവര്‍ ആണ് എന്നത് വായനക്കാരുടെ ഒരു പുണ്യമായി കരുതാം .
ഇത്തരം ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് 'വെള്ളിയോടന്‍ സൈനുദ്ധീന്‍' എന്ന എഴുത്തുകാരന്റെ "കടല്‍ മരങ്ങള്‍" എന്ന കഥാ സമാഹാരം വായനക്ക് വേണ്ടി തിരഞ്ഞെടുത്തത് . പ്രവാസ എഴുത്തുകാരന്‍ എന്ന ലേബല്‍ ഒട്ടിച്ചു ചേര്‍ക്കപ്പെട്ട എന്നതിനപ്പുറം പ്രവാസഭൂമികയിലെ എണ്ണം പറഞ്ഞ ഒരു എഴുത്തുകാരന്‍ എന്നറിയുന്നതാകും നല്ലത് എന്ന് തോന്നിപ്പിക്കുന്ന ആഖ്യായനശൈലി ആണ് വെള്ളിയോടന്‍ പ്രയോഗിച്ചിരിക്കുന്നത് . വായനയുടെയും ഭാവനയുടെയും ധൈര്യവും കരുത്തും നിറഞ്ഞ പത്തു കഥകള്‍ കൊണ്ട് സമ്പന്നമായ ഈ എഴുത്തില്‍ ഭാവന എന്നത് ഭംഗി വാക്ക് മാത്രമാണ് . അക്ഷരങ്ങള്‍ പ്രയോഗിച്ച രീതികള്‍ സ്വഗതമായ ഒരു കൂടുമാറ്റം നടത്തിക്കൊണ്ടു അനുഭവത്തിന്റെ തീക്ഷ്ണത തെളിയിക്കുന്ന ഈ കഥകള്‍ ഓരോന്നും പ്രവാസത്തിന്റെ നോവും നൊമ്പരവും ചിന്തകളും ദിനചര്യകളും കാട്ടിത്തരുന്നു . പ്രവാസഭൂമിയില്‍ മൂന്നുതരം ജീവിതങ്ങള്‍ ഉണ്ട് എന്ന് തോന്നുന്നു . ഒന്ന് ദയനീയതയുടെ നേര്‍ക്കാഴ്ചകള്‍ ആയ ജീവിതങ്ങള്‍ , മറ്റൊന്ന് ജീവിക്കുവാന്‍ അത്യാവശ്യം സൌകര്യങ്ങളും വേതനവും ഉള്ളവര്‍ മറ്റൊന്ന് സമ്പന്നതയുടെ മുകളില്‍ സുഖലോലുപരായ ഒരു വിഭാഗം . ഇവിടെ രണ്ടാമത്തെ വിഭാഗത്തെ ആണ് വെള്ളിയോടന്‍ പരിചയപ്പെടുത്തുന്നത് . അവരുടെ ജീവിതത്തില്‍ നിന്നുകൊണ്ട് മദ്ധ്യേഷ്യയുടെ ഭൂപടം വരയ്ക്കുകയാണ് വെള്ളിയോടന്‍ ഈ കഥകളില്‍ . പുകയുന്ന ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നം മുതല്‍ അഫ്ഗാന്‍ മലനിരകളിലെ കൊടും ക്രൂരതയും ചൈന പോലുള്ള മുതലാളിത്ത രാജ്യങ്ങളിലെ കാണാക്കാഴ്ച്ചകളും വെള്ളിയോടന്റെ വരികളിലൂടെ അനാവൃതമാകുന്നു .
കഥകളിലുടനീളം ജീവിതത്തില്‍ പ്രത്യേകിച്ചും ദാമ്പത്യത്തില്‍ പരാജയമായ ഒരു പുരുഷനെ വരച്ചു കാണിക്കുന്ന വെള്ളിയോടന്‍ കഥകളുടെ അപര്യാപ്തത ഒഴിവാക്കി നിര്‍ത്തിയാല്‍ ഓരോ കഥയും ഓരോ അനുഭവങ്ങള്‍ തന്നെയാണ് .
മികച്ച ഭാഷയും വ്യക്തതയുള്ള ദിശാസൂചികകളും സംഭവങ്ങളും കൊണ്ട് കഥകള്‍ ഒരിക്കലും വിസ്മയമോ , അതിഭാവുകത്വമോ നല്‍കാതെ പച്ചയായി നിലനില്‍ക്കുന്നു . സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീയുടെ , മതത്തിന്റെ കാപട്യങ്ങളുടെ , രാഷ്ട്രീയത്തിന്റെ അപചയങ്ങളെ , പരാജയപ്പെട്ടുപോകുന്ന മനുഷ്യരെ , അംഗഭംഗം വരുന്ന ദേശങ്ങളുടെ , വിശ്വാസങ്ങളുടെ , ബന്ധങ്ങളുടെ ഒക്കെ നേര്‍ പടം വരച്ചിടുന്ന വെള്ളിയോടന്‍ കഥകള്‍ വായനക്കാരെ ഒരിക്കലും നിരാശരാക്കില്ല . കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് 75രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല
വെള്ളിയോടനെയും,വെള്ളിയോടന്‍ കഥകളെയും പരിചയപ്പെടുത്തിയത് നന്നായി.
ReplyDeleteആശംസകള്‍
പുസ്തകത്തിന് ആശംസകൾ
ReplyDelete