Saturday, May 7, 2016

ജേക്കബിന്റെ സ്വര്‍ഗ്ഗം ... സിനിമാ ആസ്വാദനം

വളരെക്കാലത്തിനു ശേഷം ആണ് ഒരു ചിത്രം കാണാന്‍ തീയേറ്ററില്‍ ഇരിക്കുന്നത് . ജേക്കബിന്റെ സ്വര്‍ഗ്ഗം എന്ന ചിത്രം ഒരു മുന്വിധിയും ഇല്ലാതെ ആണ് കാണാന്‍ പുറപ്പെട്ടത്‌ . കാരണം നിവിന്‍പോളി ,രണ്‍ജിപണിക്കര്‍ ഒന്നും എന്റെ ഇഷ്ടനടന്മാര്‍ അല്ല. അതുകൊണ്ട് തന്നെ ചിത്രം എങ്ങനെ ഉള്ളതാണ് എന്ന ആശങ്ക അല്ല ഒരു ചിത്രം കാണുക എന്ന ലക്‌ഷ്യം മാത്രമേ ആ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളൂ . ജേക്കബ് എന്ന മനുഷ്യന്‍ ദുബായ് എന്ന ലോകത്തില്‍ ജീവിച്ച കഥയാണ് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗം . ജേക്കബ് ഭാര്യ ഷേര്‍ളി , നാല് മക്കള്‍ ഇവര്‍ അടങ്ങുന്ന ഒരു സന്തുഷ്ടമായ കുടുംബം കടന്നു പോകുന്ന വിവിധ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം . ശരിക്കും നടന്ന ഒരു സംഭവം ആണ് എന്ന് കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും പറയുകയും ചെയ്യുന്നുണ്ട് . ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന ദുബായ് , അവിടെ കാലിടറി വീഴുന്ന ജന്മങ്ങള്‍ ഒക്കെ നാം ഒരുപാട് കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടും ഉണ്ട് എങ്കിലും അവയൊക്കെ ഇപ്പോഴും ദുരന്തപര്യവസാനിയായ കഥകള്‍ ആയി നമ്മെ നോക്കി നില്‍ക്കുന്നതും വേദനിപ്പിക്കുന്നതും ആണ് കാണുക സ്വാഭാവികമായും . എന്നാല്‍ കഥയില്‍ ഉടനീളം കാഴ്ചക്കാരനില്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കിക്കൊണ്ട് ജീവിതത്തെ നോക്കിക്കാണാന്‍ ഒരുപാട് സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഈ ചിത്രം മികച്ചു നില്‍ക്കുന്നു . ജേക്കബ് തന്റെ വിജയമന്ത്രം ആയി പറയുന്ന വാക്കുണ്ട് . നമുക്ക് പറയാന്‍ ഉള്ളത് എന്ത് തന്നെയായാലും കണ്ണില്‍ നോക്കി ഉറപ്പുള്ള ശബ്ദത്തില്‍ നമുക്കത് പറയാന്‍ കഴിയണം. അതുപോലെ ജേക്കബിന്റെ മകനെ നഗരത്തിലെ ഒരു കോണില്‍ കൊണ്ട് നിര്‍ത്തിയിട്ടു സായ്കുമാര്‍ എന്ന കഥാപാത്രം പറയുന്നുണ്ട് . ജേക്കബിന്റെ മകനെ കരഞ്ഞുകൊണ്ട്‌ എനിക്ക് കാണുന്നത് ഇഷ്ടമല്ല . അതുകൊണ്ട് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞു വഴിയില്‍ ഇറക്കി വിടുന്നത് ഒരു വലിയ പഞ്ച് ആണ് അവനില്‍ നല്‍കുന്നത് . അവിടെ നിന്നാണ് അവന്‍ ജീവിക്കാനും കുടുംബത്തില്‍ വന്നു ചേര്‍ന്ന ദുരന്തങ്ങള്‍ക്ക് പരിഹാരം തേടാനും ഇറങ്ങിത്തിരിക്കുന്നത് . അതുപോലെ ഷേര്‍ളി എന്ന കഥാപാത്രം ശക്തമായ ഒരു സ്ത്രീകഥാപാത്രം തന്നെയാണ് . ഒരുപാട് ബിസിനസ്സുകള്‍ വളര്‍ന്നതും തളര്‍ന്നതും കണ്ടു വളര്‍ന്ന ഒരു അസ്സല്‍ അച്ചായത്തി തന്നെയാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ട് മകനൊപ്പം അവര്‍ ഒരു മഹാമേരു പോലെ നില്‍ക്കുമ്പോള്‍ , ആ കഥാപാത്രത്തിന്റെ ഊര്‍ജ്ജം വളരെ വലിയൊരു പ്രകാശവലയമായി എല്ലാരിലും പടരുന്നത്‌ പോലെ തോന്നിക്കും . പ്രവാസത്തില്‍ എല്ലാപേരെയും വിശ്വസിക്കുന്നവന് എന്നുംകഷ്ടങ്ങളും ,ചതിക്കുന്നവന് എന്നും ഉയര്‍ച്ചയും കണ്ടുവരുന്നത് ഒരുശാപംപോലെ അനുഭവപ്പെടാറുണ്ട് പലപ്പോഴും.ഇവിടെ ജേക്കബിന് പക്ഷെ തന്റെ ബന്ധങ്ങളില്‍ നിന്നും നന്മയും തിന്മയും ഒരുപോലെ ലഭിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട് .
ഈ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ , ആ കുടുംബത്തെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പ്രവാസത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത് കാണുമ്പോള്‍ ഒക്കെ എന്റെ മനസ്സില്‍ ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌ ഞാന്‍ നേരില്‍ പരിചയിച്ചതും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു കുടുംബത്തെയാണ് . ആ കുടുംബത്തിന്റെ സന്തോഷങ്ങളില്‍ ഞാനൊരു ഭാഗം ആകുന്നതു എന്നെ ഇത്രയേറെ സന്തോഷിപ്പിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലാകുന്നത്‌ ഈ ചിത്രത്തിലെ കുടുംബത്തിലേ തമാശകളും സന്ദര്‍ഭങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാനറിയാതെ അവരെ ഓര്‍ത്ത്‌ എന്നത് തന്നെയാണ് . ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പോസിറ്റീവ് ആയി ഒരു ഊര്‍ജ്ജം എനിക്ക് നല്‍കുന്ന ആ സ്നേഹങ്ങളെ ഓര്‍ക്കാതെ ഈ ചിത്രം എന്നില്‍ നിന്നും അകലുന്നില്ല . അതുകൊണ്ട് തന്നെയാകാം ഞാന്‍ തിരികെ വരുമ്പോള്‍ എന്തുകൊണ്ടോ മൌനത്തിന്റെ തോടില്‍ പൊതിഞ്ഞു കെട്ടപ്പെട്ടുപോയിരുന്നു .
തികച്ചും നല്ലൊരു ചിത്രം എന്ന ഉറപ്പോടെ നിങ്ങള്ക്ക് മുന്നില്‍ ഞാന്‍ ഈ ചിത്രത്തെ പരിചയപ്പെടുത്തുന്നു .
-----------------ബിജു ജി നാഥ് വര്‍ക്കല----------------------

No comments:

Post a Comment